രാത്രിയുടെ പുത്രന്‍ പകല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

രാത്രിയില്‍ ജീവിക്കുന്നവര്‍ക്കു് പകല്‍ അത്ഭുതമാണു്; കാഴ്ചയുടെ കലവറയാണു്. പകല്‍ ജീവിക്കുന്നവര്‍ക്കാകട്ടെ രാത്രിയുടെ ജീവിതങ്ങളെ ഒരേ സമയം ഭയവും കൗതുകവുമാണു്.

രാത്രിയില്‍ ജീവിക്കുന്ന ഒരതിഥി ദാ ഇന്നു രാവിലെ വീടിന്റെ പടിഞ്ഞാറേ പറമ്പിന്റെ അറ്റത്തു് പറന്നു വന്നൊരു മരക്കൊമ്പിലിരുന്നു. ഒരു വെള്ളിമൂങ്ങ. Barn owl എന്നാണിവളുടെ ഇംഗ്ലീഷ് പേരു്. (ഇവളാണോ ഇവനാണോ എന്നു് തിട്ടം അറിയില്ല കേട്ടോ, കാണാന്‍ നല്ല ചന്തമുണ്ടായിരുന്നതിനാല്‍ അങ്ങനെ വിളിച്ചു പോയെന്നേയുള്ളൂ.) പറമ്പൊന്നു വൃത്തിയാക്കാമെന്നു കരുതി ഇറങ്ങിയപ്പോഴാണു് പൂത്താങ്കീരികളും കുയിലും കാക്കയും കാക്കത്തമ്പുരാനും മരങ്കൊത്തിയും പരുന്തുമൊക്കെ ഒരുമിച്ചിരുന്നു ചിലയ്ക്കുന്നു. നോക്കുമ്പോഴുണ്ടു് അധികം കാണാത്ത ഒരു പക്ഷി ഒരു മരക്കൊമ്പിലങ്ങനെ ആടിയാടി ഇരിക്കുന്നു. അടുത്തുവന്നു നോക്കിയപ്പോളാണു് കക്ഷി ഒരു വെള്ളിമൂങ്ങയാണെന്നു മനസ്സിലായതു്. പകല്‍നേരത്തു് കാണാത്ത ഈ രാത്രിഞ്ചരനെക്കണ്ടു് മറ്റു പക്ഷികള്‍ കൗതുകം പങ്കുവയ്ക്കുന്നതോ, ഭയത്തോടെ നിലവിളിക്കുന്നതോ അതോ കൂവിയോടിക്കുന്നതോ ആകും, ഭയങ്കരമായൊരു സമരം നടക്കുന്നതുപോലെ ആകെയൊരു ബഹളമയമായ അന്തരീക്ഷമാണു്.

ഈ രാത്രിസഞ്ചാരിയുടെ ദേഹം ബഹുകേമമാണു്. സാമാന്യം നല്ല വലിപ്പം. തവിട്ടുനിറത്തിലെ ചിറകുകളില്‍ ചില ഇരുണ്ട പുള്ളികളുണ്ടു്. തലയും ഉടലും ചന്തത്തില്‍ ഇളക്കിയാണിരുപ്പു്. മുഖമാകട്ടെ ചീട്ടില്‍ കാണുന്ന ആഡ്യന്റേതു പോലെ ശരിയായ ഹൃദയത്തിന്റെ രൂപത്തിലും.  കാര്യം കാണാന്‍ ചന്തമുണ്ടെങ്കിലും പറഞ്ഞു കേട്ടിരിക്കുന്നതു് ഇതിന്റെ ശബ്ദം ഭയങ്കര ബോറാണെന്നാണു്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട തച്ചന്‍കോഴിയുടെ ശബ്ദം കേട്ടു് ചെറുപ്പത്തില്‍ ഭയപ്പെട്ടിരുന്നതു് ഇപ്പോഴുമോര്‍ക്കുന്നു്. പൂ…വ…ഹാാാ…. എന്ന ഭയപ്പെടുത്തുന്ന ഈണത്തോടു കൂടിയ ആ കൂവല്‍ കേട്ടാല്‍ ഏതു ധീരനും ഒരു മാത്ര ഒന്നു ഭയന്നുപോകും. പക്ഷേ വെള്ളിമൂങ്ങയുടെ ശബ്ദത്തിനു് ആ ഗാംഭീര്യം ഒന്നുമില്ല തന്നെ. വെറുതേ ക്രീക്രീക്രീ എന്ന ഒരൊച്ചയാണു് മൂപ്പര്‍ ഉണ്ടാക്കുക. ഈ പാവത്തിനെയാണോ പഹയന്മാര്‍ ആഭിചാരകര്‍മ്മത്തിനുപയോഗിക്കാനായി കടത്തിക്കൊണ്ടു പോകുന്നതന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ആള്‍ ചില്ലറക്കാരനൊന്നുമല്ല, ബ്ലാക്ക് മാര്‍ക്കറ്റില്‍ ലക്ഷങ്ങളാണു് വില. അങ്ങനെ ലക്ഷങ്ങളുടെ വിലയുള്ള ഐറ്റമാണു് മുന്നിലിരിക്കുന്നതെന്നോര്‍ത്തപ്പോള്‍ ഒരു രോമാഞ്ചം തോന്നി.

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, പച്ചത്തെറി പറയുന്നതുപോലാണു് പൂത്താങ്കീരികള്‍ ലക്ഷങ്ങളുടെ വിലയുള്ള ഈ ഐറ്റത്തെ നോക്കി ചിലയ്ക്കുന്നതു്. തെരുവിലൊരു പ്രാന്തനെക്കണ്ടാല്‍ പണ്ടത്തെ സ്കൂള്‍കുട്ടികള്‍ ചുറ്റുംകൂടി അയാളെ വട്ടാക്കുന്നതു പോലൊരു കാഴ്ചയാണു് ഈ പൂത്താങ്കീരികളെക്കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു്. ഇരുത്തം വന്ന അമ്മാവന്മാരെപ്പോലെ അഞ്ചാറു കാക്കകള്‍ കാാാ കാാ എന്നു ശബ്ദം വയ്ക്കുന്നുണ്ടു്. അതിനിടെ രംഗം വീക്ഷിക്കാനെന്നവണ്ണം ഒരു കൃഷ്ണപ്പരുന്തും സംഭവസ്ഥലത്തിനടുത്തു കൂടി വട്ടമിട്ടു പറന്നുപോയി. അതുകൂടാതെ വഴിയേ പോകുന്ന സകലപക്ഷികളും രാത്രിയില്‍നിന്നു വന്ന ഈ സഞ്ചാരിയോടു് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ വന്നു ചിലച്ചുകൊണ്ടുമിരുന്നു. കുയിലും മരങ്കൊത്തിയുമൊക്കെ ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും നമ്മുടെ അതിഥിയ്ക്കു് പക്ഷേ തെല്ലും കൂസലൊന്നുമില്ല. തലയും ഉടലും ഇളക്കിയിളക്കി അങ്ങനെയിരിക്കുകയാണു് കക്ഷി, നുമ്മ ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍.  ദാ വീഡിയോ ഒന്നു കണ്ടു നോക്ക്. മേല്പറഞ്ഞ നടന്മാരെയെല്ലാം ഇതില്‍ ലൈവായി കാണാം.

ഒന്നെന്റെ മൊബൈലിലേയ്ക്കു നോക്കാന്‍ ഞാന്‍ ചില ശബ്ദങ്ങളൊക്കെ കേള്‍പ്പിച്ചു നോക്കി. ഒടുവില്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള മുഖം തിരിച്ചു് അവളെനിക്കൊരു കടാക്ഷം തന്നു. തെല്ലൊന്നു ഭയന്നിട്ടോ എന്തോ, പിന്നെ വിരിവുള്ള ചിറകുകള്‍ വിടര്‍ത്തി അടുത്ത ഒളിസങ്കേതമന്വേഷിച്ചു് പിന്നിലേയ്ക്കവള്‍ പറന്നകന്നു.

മലയാള പ്രസാധനരംഗം സ്വാതന്ത്ര്യസാക്ഷാത്കാരത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍

ജനയുഗം പത്രം പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേയ്ക്കു ചേക്കേറിയ പ്രചോദനാത്മകമായ വാര്‍ത്ത ഈയടുത്താണു് നാമറിഞ്ഞതു്. കുത്തക സോഫ്റ്റ്‍വെയറുകള്‍ പത്രസ്ഥാപനങ്ങളിലും മറ്റും പിഴയിടല്‍ തുടങ്ങുകയും അതു തുടരുകയും ചെയ്തതോടെ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു് ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനവാരം ഒരു ഉച്ചകോടി നടത്തപ്പെടുകയും വിവിധ പത്രങ്ങളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. പരസ്യ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തോ എന്നതു് വ്യക്തമല്ല. കുത്തക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പ്രസാധനരംഗത്തു ചുവടുറപ്പിച്ചതോടെ പത്ര /പരസ്യ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി ചെറുതല്ല. ഇത്തരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടേയും സോഫ്റ്റ്‍വെയറുകളുടേയും വിലയാകട്ടെ കമ്പനികള്‍ അടിക്കടി ഉയർ‍ത്തിക്കൊണ്ടിരിക്കുകയുമാണ്. ആകാശം മുട്ടുന്ന വിലയാണു് ഇപ്പോള്‍ ഈ സോഫ്റ്റ്‍വെയറുകള്‍ക്കു്. ഈ സാഹചര്യം പെട്ടെന്നു തുടങ്ങിയതൊന്നുമല്ല. വളരെ വിദഗ്ദ്ധമായി നമ്മെ ഈ കുത്തകസോഫ്റ്റ്‍വെയര്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ അടിമകളാക്കുകയായിരുന്നു. കേരള മീഡിയ അക്കാദമി നടത്തിയ ഉച്ചകോടിയെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു് പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തുപോയി – അതേപ്പറ്റിയാണു് ഈ പോസ്റ്റ്.

ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പരസ്യ ഏജന്‍സിയില്‍ ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ടായിരുന്നു. ഏതാണ്ടു് നാലോ അഞ്ചോ ആര്‍ട്ട് ഡയറക്ടര്‍മാരും രണ്ടുമൂന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഞാനുള്‍പ്പെടെ മൂന്നു കോപ്പിയെഴുത്തുകാരും പിന്നെ ക്ലയന്റ് സര്‍വീസ് എക്സിക്യൂട്ടീവുമാരും അക്കൗണ്ടന്റുമാരും റിസപ്ഷനിസ്റ്റും ഒക്കെ അടങ്ങിയതായിരുന്നു ഏജന്‍സിയുടെ രൂപഘടന. (മിക്കവാറും എല്ലാ ഇടത്തരം ഏജന്‍സികളുടേയും രൂപഘടന ഇതൊക്കെത്തന്നെയായിരുന്നു.) മേല്‍പ്പറഞ്ഞ ആള്‍ക്കാരോരുത്തര്‍ക്കും ഓരോ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. രസാവഹമായ സംഗതി എന്തെന്നാല്‍, എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റ് വിന്‍ഡോസും, എം.എസ്. ഓഫീസും അഡോബിയുടെ മിക്കവാറും എല്ലാ സോഫ്റ്റ്‍വെയറുകളും (പേജ്മേക്കര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഫ്ലാഷ്, ഡ്രീംവീവര്‍ തുടങ്ങി എല്ലാം) അനുമതിയില്ലാതെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നതാണു്! വിവരസാങ്കേതികവിഷയത്തില്‍ ഒരല്‍പ്പം വിവരമുണ്ടായിരുന്നതിനാല്‍ ഞാന്‍ ചെന്നു് അധികം വൈകാതെ ആവശ്യമില്ലാത്ത സോഫ്റ്റ്‍വെയറുകള്‍ പല കമ്പ്യൂട്ടറുകളില്‍ നിന്നും നീക്കം ചെയ്തു. അനുമതിയില്ലാതെ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ നിയമവശങ്ങളും ആവശ്യമില്ലാതെ അതു് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വരുന്ന മെമ്മറി /സ്റ്റോറേജ് നഷ്ടവും ബന്ധപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം അ‍ഡോബി കോര്‍പ്പറേഷന്റെ ബംഗളൂരു ഓഫീസില്‍ നിന്നു് ഞങ്ങളുടെ ഓഫീസിലേയ്ക്കു് ഒരു കോള്‍ വന്നു. 2007-2009 കാലഘട്ടത്തിലായിരുന്നു അതെന്നാണു് ഓര്‍മ്മ. ഞങ്ങളുടെ കൈവശം അഡോബിയുടെ ലൈസന്‍സ് ഇല്ലെന്നും പല കമ്പ്യൂട്ടറുകളിലും ഫോട്ടോഷോപ്പും ഇന്‍ഡിസൈനും ഒക്കെ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിക്കുന്നുണ്ടെന്നും ആയതിനാല്‍ അവയുടെ യഥാര്‍ത്ഥ പതിപ്പുകള്‍ ഉടന്‍ പണം കൊടുത്തു വാങ്ങണമെന്നുമായിരുന്നു വിളിയുടെ സാരാംശം. കൗശലത്തോടെ തിരികെ ഞങ്ങളും സംസാരിച്ചു, ആകെ ഒന്നു രണ്ടു കമ്പ്യൂട്ടറുകളില്‍ മാത്രമേ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുള്ളു, അതിന്റെ ലൈസന്‍സ് വൈകാതെ വാങ്ങിയേക്കാം എന്നൊക്കെ അനുനയത്തില്‍ മറുപടി പറഞ്ഞും മറ്റും അതങ്ങു നീണ്ടു പോയി. ആ ചര്‍ച്ചയുടെ ചൂടാറും മുമ്പുതന്നെ അടുത്തയാള്‍ അവതരിച്ചു. അഡോബിക്കാര്‍ ഫോണിലാണു് സംസാരിച്ചതെങ്കില്‍ കോറല്‍ കോര്‍പറേഷന്റെ പ്രതിനിധി നേരിട്ടാണു് ഓഫീസിലെത്തിയതു്. അയാള്‍ പക്ഷേ സംസാരിച്ചതു് ഭീഷണിയുടെ സ്വരത്തിലുമായിരുന്നു. ഒടുവില്‍ അഞ്ചു കോറല്‍ഡ്രോ ലൈസന്‍സുകള്‍ അന്നുതന്നെ പണം കൊടുത്തു് വാങ്ങാന്‍ ഏജന്‍സി നിര്‍ബന്ധിതരായി. അതിനു ചെലവായതു് ഉദ്ദേശം ഒന്നര ലക്ഷത്തിലേറെ രൂപയായിരുന്നു.  ഇതു് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയില്‍ മാത്രമായിരുന്നില്ല, കൊച്ചിയിലെ മിക്ക ഏജന്‍സികളിലും ഇതേ കാലയളവില്‍ ഇത്തരം ഭീഷണിസ്വരത്തില്‍ കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ നേരിട്ടും അവരുടെ കങ്കാണിമാരുടെ വിളികള്‍ ഫോണിലൂടെയും എത്തിക്കൊണ്ടിരുന്നു.

കൊച്ചിയില്‍ പരസ്യ ഏജന്‍സികളുടെ രണ്ടു പ്രമുഖ സംഘടനകളുണ്ടായിരുന്നു – കൊച്ചിന്‍ ആഡ് ക്ലബ്ബും (Cochin Ad Club) കെത്രീഏ (Kerala Advertising Agencies Association)യും. ഈ രണ്ടു സംഘടനകളും ഇതേ പ്രശ്നത്തെപ്പറ്റി ഇപ്പോള്‍ മീഡിയ അക്കാദമി തിരുവനന്തപുരത്തുവച്ചു ഉച്ചകോടി നടത്തിയതുപോലെ അന്നു ചില ചെറിയ വട്ടമേശസമ്മേളനങ്ങള്‍ നടത്തിക്കൊണ്ടു് പ്രശ്നത്തിലിടപെട്ടു. അതിലൊന്നില്‍ ഞാനും പങ്കെടുത്തിരുന്നു. ലിനക്സ് ഉപയോഗിക്കുന്ന കാര്യമൊക്കെ പറഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു അതിനെ പിന്തുണയ്ക്കുകയും മറ്റും ചെയ്തതായി ചെറിയൊരോര്‍മ്മയുണ്ടു്. അന്നു സ്ക്രൈബസില്‍ മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കൊന്നും കാര്യമായ പിന്തുണയില്ല. ഓപ്പണ്‍ ഓഫിസിനു പുറമേ ഇങ്ക്സ്കേപ്പും ഗിമ്പും മാത്രമായിരുന്നു ഏജന്‍സികളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍. അതൊക്കെ പരീക്ഷിച്ചു നോക്കണമെന്നും വ്യാപകമായി ഉപയോഗിക്കപ്പെടണമെന്നും ചില ഏജന്‍സി ഉടമകള്‍ വളരെ ഉത്സാഹത്തോടെ സംസാരിച്ചതും ഓര്‍മ്മയുണ്ടു്. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പിന്നെ കേട്ടതു് അഡോബി കമ്പനി ഈ സംഘടനാ പ്രതിനിധികളുമായി സംസാരിച്ചു് ഒരു ധാരണയിലെത്തിയെന്നും അതു പ്രകാരം നേരത്തേ ഭീഷണിപ്പെടുത്തിയതില്‍ നിന്നും വളരെ കുറഞ്ഞ തുക നല്‍കിയാല്‍ സോഫ്റ്റ്‍വെയര്‍ ലൈസന്‍സ് നല്‍കാമെന്നുമൊക്കയുള്ള കാര്യങ്ങളായിരുന്നു. അതോടെ പല ഏജന്‍സികളും പേരിനു് രണ്ടോ മൂന്നോ അഡോബി ക്രിയേറ്റീവ് സ്യൂട്ട് കാശു കൊടുത്തു വാങ്ങുകയും അതിലേറെ കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏജന്‍സികളുടേയും അസോസിയേഷന്റേയുമൊക്കെ വീക്ഷണത്തില്‍ പ്രശ്നം പരിഹരിക്കപ്പെട്ടതു പോലെയായിരുന്നു. അങ്ങനെയൊക്കെ അതങ്ങു തേഞ്ഞുമാഞ്ഞു പോയി. (സോഫ്റ്റ്‍വെയര്‍ പൈറസി സംബന്ധമായ നടപടികള്‍ അതിനു മുമ്പും ഉണ്ടായിട്ടുണ്ടു് – ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില ധനകാര്യസ്ഥാപനങ്ങള്‍, ഓഹരിവിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ അതിനു മുമ്പേ തന്നെ പണി കിട്ടിയവരാണു് – അവര്‍ പക്ഷേ സമാന്തരമാര്‍ഗ്ഗങ്ങളൊന്നുമന്വേഷിക്കാതെ നല്ല കുട്ടികളായി കുത്തകക്കമ്പനികള്‍ പറഞ്ഞ വിലയ്ക്കു് സോഫ്റ്റ്‍വെയറുകള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി എന്നാണറിവു്. )

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഐക്കണുകള്‍

സ്ക്രൈബസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, ലീബ്രേ ഓഫീസ് ഐക്കണുകള്‍

ഒരു പരസ്യ ഏജന്‍‍സി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു് ട്രെയിനിംഗ് നല്‍കുന്നതു് ഒരു വലിയ തലവേദനയായിരിക്കും എന്നതു് സത്യമാണു്. ആര്‍ട്ട് ആണല്ലോ അവരുടെ പണി. ക്രിയേറ്റീവ് ജോലികള്‍ ചെയ്യുന്ന പലര്‍ക്കും അവര്‍ പഠിച്ച ചില സൗകര്യങ്ങള്‍ ഉപേക്ഷിച്ചു വരാന്‍ വളരെയധികം ബുദ്ധിമുട്ടുമായിരിക്കും. ടെക്കികള്‍ക്കു് പുതിയ സോഫ്റ്റ‍്വെയര്‍ അഭ്യസിക്കാന്‍ വേണ്ട സമയത്തേക്കാള്‍ വളരെയേറെ സമയം ക്രിയേറ്റീവ് ജോലിക്കാര്‍ക്കു് ഇതിനു വേണ്ടിവരും. അതിനാല്‍ ഏജന്‍സികള്‍ക്കു് വളരെ സാവധാനം തന്ത്രപരമായ ചില സൂക്ഷ്മനയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യമായ ചെലവൊന്നുമില്ലാതെ സ്വതന്ത്ര സോഫ്റ്റ്‍വെറിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക എന്നതാണു് കരണീയം. അതിനായി ആദ്യമായി വേണ്ടതു് ജോബ് മാര്‍ക്കറ്റില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനു് അനുകൂലമായ ഡിമാന്‍ഡ് ഉണ്ടാക്കുക എന്നതാണു്. ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം ചെലവില്‍ തന്നെ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനുള്ള പരിജ്ഞാനം സ്വന്തമാക്കും.

ഇന്നിപ്പോള്‍ മിക്ക സോഫ്റ്റ്‍വെയറുകളും ക്ലൗഡിലേയ്ക്കു മാറിക്കഴിഞ്ഞു. അവയുടെ ഏറ്റവും പുതിയ വെര്‍ഷനുകള്‍ പണം കൊടുക്കാതെ അനധികൃതമായി ഉപയോഗിക്കാന്‍ (അതായതു് പണ്ടത്തെപ്പോലെ പേരിനു് ഒന്നുരണ്ടു ലൈസന്‍സുകള്‍ വാങ്ങി ബാക്കിയുള്ള കമ്പ്യൂട്ടറുകളില്‍ വ്യാജ പതിപ്പു പ്രവര്‍ത്തിക്കുന്ന രീതി) വളരെ ബുദ്ധിമുട്ടുമാണു്.  ഒരൊറ്റ കമ്പ്യൂട്ടറില്‍ മാത്രം അ‍ഡോബി ക്രിയേറ്റീവ് ക്ലൗഡ് ഉപയോഗിക്കാന്‍ ഇപ്പോള്‍ പ്രതിമാസം കൊടുക്കേണ്ടതു് 4230 ഉറുപ്പികയാണു്. പ്രതിവര്‍ഷം അമ്പതിനായിരത്തില്‍ കുറയാത്ത തുക ഇതിനായി നല്‍കണം. ഒരു നാലോ അഞ്ചോ കമ്പ്യൂട്ടറുകളില്‍ ഇതു് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ എത്ര പണം നല്‍കണമെന്നു് കണക്കു കൂട്ടി നോക്കിക്കോളൂ. ഇതാണു് പലരേയും ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് തിരിയാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക ഘടകം. നൂറുകണക്കിനു കമ്പ്യൂട്ടറുകളുള്ള പത്രസ്ഥാപനങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഈ എല്ലാ കമ്പ്യൂട്ടറുകളിലും ഡിടിപി സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ഉച്ചകോടിയില്‍ ജനയുഗത്തിന്റെ പ്രതിനിധി പറഞ്ഞതു് തങ്ങള്‍ക്കു് പ്രതിവര്‍ഷം ഒരു കോടി രൂപയാണു് ലൈസന്‍സ് ഇനത്തില്‍ ചെലവാക്കേണ്ടി വന്നതു് എന്നാണു്. ജനയുഗത്തിനിതു് ഒരു കോടിയാണെങ്കില്‍ മനോരമയും മാതൃഭൂമിയും എത്ര കോടികളായിരിക്കും ലൈസന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം ചെലവാക്കുക എന്നു് ഊഹിച്ചാല്‍ മതി.

ലൈസന്‍സ് ഇനത്തില്‍ വലിയൊരു കോര്‍പ്പറേറ്റ് കമ്പനിയ്ക്കു് നല്‍കാനായി മാത്രം വെറുതേ ഒഴുക്കി കളയുന്ന പണം ക്രിയാത്മകമായി ചെലവഴിച്ചു കൂടേ എന്ന ചിന്തയായിരിക്കണം ജനയുഗത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവേശനം സാദ്ധ്യമാക്കിയതു്. ആ പണത്തിന്റെ പത്തിലൊരു ഭാഗം പ്രതിവര്‍ഷം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പ് ചെയ്യുന്ന വൊളണ്ടിയര്‍ കമ്പനികള്‍ക്കു് നല്‍കുകയാണെങ്കില്‍ ഇതിനകം നാമാഗ്രഹിക്കുന്ന എത്രയധികം ഫീച്ചറുകള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേനേ.  ആത്യന്തികമായി അതു സമൂഹത്തിനും ഗുണമുണ്ടാക്കുകയും ചെയ്യും. പത്രങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പര്‍ സമൂഹത്തിനു് ഉദാരമായി ഫണ്ട് ചെയ്താല്‍ നിലവിലുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകളേക്കാള്‍ മികച്ച ഫീച്ചറുകളും സുരക്ഷിതത്വവും നല്‍കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ നമുക്കൊരുക്കാന്‍ കഴിയും.

മാധ്യമസ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് മാറുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം.

  1. ഒരു പ്രിന്റിംഗ് / പബ്ലിഷിംഗ് ഹൗസ് ഗ്നു/ലിനക്സിലേയ്ക്കു മാറുമ്പോള്‍ വരുന്ന പ്രധാന വെല്ലുവിളികളിലൊന്നു് സിഎംവൈകെ കളര്‍ പ്രൊഫൈലാണു്. എല്ലാ ഫങ്ഷണാലിറ്റിയുമുള്ള പ്രിന്റര്‍ ഡ്രൈവറും മറ്റൊരു പ്രധാന പ്രശ്നമാണു്. ഇവയ്ക്കെല്ലാം ശാശ്വതമായ ലിനക്സ് സൊല്യൂഷന്‍ അത്ര എളുപ്പമാണെന്നു കരുതുന്നില്ല. അതിനാല്‍ അത്യാവശ്യം വിന്‍ഡോസ് / മാക്‍ കമ്പ്യൂട്ടറുകളും അതില്‍ അഡോബി സോഫ്റ്റ്‍വെയറുകളും കോറല്‍ പോലുള്ള സോഫ്റ്റ്‍വെയറുകളും ആകാം. മറ്റുള്ള കമ്പ്യൂട്ടറുകളിലെല്ലാം തന്നെ ഏതെങ്കിലും ഒരു ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍സറ്റാള്‍ ചെയ്യുക. ലീബ്രേ ഓഫീസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, സ്ക്രൈബസ് തുടങ്ങിയ ആപ്ലിക്കേഷനുകളും അതില്‍ ഉള്‍പ്പെടുത്തുക
  2. ചെറിയ ഒരു തുക തങ്ങള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വയെറുകളുടെ വികസനത്തിനായി സംഭാവന ചെയ്യുക. ഇതു് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നതിനൊപ്പം തങ്ങള്‍ തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകളുടെ വികസനത്തിനും കാരണമാകും.
  3. പുതിയ ഡിസൈനര്‍മാരെയും ജൂനിയര്‍ ആര്‍ട്ട് ഡയറക്ടര്‍മാരെയും ഇതരജീവനക്കാരെയും തേടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുക. ഇതു് ഈ സോഫ്റ്റ്‍വെയറുകള്‍ക്കുള്ള ഡിമാന്‍ഡ് ജോബ് മാര്‍ക്കറ്റിലുണ്ടാക്കും. അതു് വളരെ വലിയൊരു കാര്യമാണു്.

മികച്ച യൂണികോഡ് ഫോണ്ടുകളുടെ അഭാവം

മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു് വൃത്തിയായി ഉപയോഗിക്കാവുന്ന യൂണികോഡ് ഫോണ്ടുകള്‍ വളരെ കുറവാണു്. എന്നാല്‍ സാങ്കേതികമായി പ്രസക്തമേയല്ലാത്ത ആസ്കി ഫോണ്ടുകളാകട്ടെ, എണ്ണത്തിന്റെ കാര്യത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. പല ഡിസൈനര്‍മാരും ആസ്കി മലയാളം ഫോണ്ടുകളെ കൈവെടിയാത്തതു് ഈ കാരണം കൊണ്ടുമാത്രമാണു്.

പരസ്യ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഡയറക്ടര്‍മാര്‍ മിക്കവരും ഫൈന്‍ ആര്‍ട്ട് പശ്ചാത്തലമുള്ളവരും നല്ല കലാകാരന്മാരുമാണു്. അവരുടെ കൂട്ടായ്മ ഒന്നൊത്തുപിടിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ യൂണികോഡ് ഫോണ്ടുകളുടെ ദാരിദ്ര്യം. അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹം സാങ്കേതിക സഹായം നല്‍കുകയും വേണം. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കൊച്ചിന്‍ ഐലഗ്ഗ്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) ഒക്കെ അടങ്ങിയ എത്രയോ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ നമ്മുടെ കേരളത്തിലങ്ങോളമിങ്ങോളമുണ്ടു്. ഈ സമൂഹങ്ങള്‍ വേണ്ടവിധം സമൂഹത്തിലെ കലാകാരന്മാര്‍ക്കു് പിന്തുണ നല്‍കുമെങ്കില്‍ മലയാളത്തിന്റെ ഫോണ്ട് ക്ഷാമം തീര്‍ന്നുകഴിഞ്ഞു എന്നു് ഉറപ്പിക്കാം.

എന്തായാലും ജനയുഗത്തിന്റെ ഈ നീക്കം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹത്തിനു് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണു്. ഒടുവില്‍ അവര്‍ സ്വപ്നം കണ്ട ആ യുഗം – സ്വതന്ത്രയുഗം – അതു വന്നെത്തുന്നു എന്ന സന്തോഷം – അതു പകരുന്ന ഊര്‍ജ്ജം – അതിന്റെയൊരു ആനന്ദം – അതു് അനിര്‍വ്വചനീയമാണു്.

സ്ക്രൈബസ് – സ്വതന്ത്ര ഇടത്തിലെ ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍

ചില കുതിരകള്‍ പെട്ടെന്നു് ഇണങ്ങില്ല. അപരിചിതര്‍ക്കു് അടുക്കാന്‍ പോലും കഴിയില്ല. പരിചയസമ്പന്നരായ പരിശീലകര്‍ക്കു ചിലപ്പോള്‍ വളരെപ്പെട്ടെന്നു തന്നെ അവയെ മെരുക്കാന്‍ സാധിച്ചേക്കാം. ഭയമൊക്കെ മാറ്റിവച്ചു് അതിന്റെ കുഞ്ചിയിലൊന്നു തലോടി പതിയെ അടുത്തടുത്തു വന്നു് പരിചയം നേടി ഒടുവില്‍ അതിനെ മെരുക്കിയെടുക്കുന്നവരുണ്ടു്, അങ്ങനെ അടുത്തറിഞ്ഞാലറിയാം അതൊരു വെറും കുതിരയല്ല പോര്‍ബലവും വീര്യവുമുള്ള ഒന്നാന്തരമൊരു പടക്കുതിരയാണെന്നു്! സ്ക്രൈബസ് അത്തരമൊരു കുതിരയാണു് പെട്ടെന്നു് ഇണങ്ങാന്‍ കൂട്ടാക്കാത്ത കുതിര. ഇണങ്ങിയാല്‍ പടക്കുതിര!

 

സ്ക്രൈബസ് ഡെസ്ക്‍ടോപ്പ് ഐക്കണ്‍

സ്ക്രൈബസ് ഡെസ്ക്‍ടോപ്പ് ഐക്കണ്‍

2003 ജൂണ്‍ 26-നാണു് സ്ക്രൈബസിന്റെ ജനനം. ആരംഭത്തില്‍ മലയാളം പോലുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു് സ്ക്രൈബസില്‍ വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നതിന്റെ പേരില്‍ ഈയടുത്ത കാലം വരെയും ഞാന്‍ സ്ക്രൈബസ് ഉപയോഗിക്കാന്‍ മെനക്കെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പു് ഒരു മലയാളം പ്രബന്ധം സ്ക്രൈബസില്‍ തുറന്നുനോക്കിയപ്പോളാണു് യൂണികോ‍ഡ് മികച്ചരീതിയില്‍ സ്ക്രൈബസില്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നു മനസ്സിലായതു്. 1.5.5 പതിപ്പാണു് ഞാന്‍ ഉപയോഗിക്കുന്നതു്.

സ്റ്റൈല്‍ മാനേജറാണു് ഡി.ടി.പി. ടൂളുകളുടെ ജീവന്‍ എന്നാണല്ലോ വയ്പ്പ്. ഇതിലെ സ്റ്റൈല്‍ മാനേജറുമായി കുറേ നേരം മല്ലിട്ടതിനെ അധികരിച്ചാണു് ആമുഖത്തില്‍ സൂചിപ്പിച്ച പടക്കതിര അനലോജി എഴുതിയതു്. ഇന്‍ഡിസൈനോടും (അഡോബി കൊന്നു കളഞ്ഞെങ്കിലും) പേജ്‍മേക്കറിനോടും യുദ്ധം ചെയ്താല്‍ ഒരു പക്ഷേ ഈ പടക്കുതിരയ്ക്കു ജയിക്കാനാവില്ലായിരിക്കും. എങ്കിലും ഇഞ്ചോടിഞ്ചു പൊരുതാനുള്ള കരുത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. ടേബിള്‍ ഓഫ് കണ്ടന്റ്സ് ഉണ്ടാക്കുവാന്‍ ഒരല്‍പം വിഷമമാണു്. ഇന്‍ഡിസൈനിലും പേജ്‍മേക്കറിലുമൊക്കെ ഈസിയായി ചെയ്യാന്‍ കഴിയുന്ന അക്കാര്യം സ്ക്രൈബസില്‍ താരതമ്യേന ബുദ്ധിമുട്ടാണു്. എങ്കിലും അങ്ങനൊരു ഫിച്ചര്‍ ഇല്ലാതില്ല. വേണമെങ്കില്‍ മെരുക്കിയെടുക്കാം. (ഇതേപ്പറ്റി ഒരു ഹൗടു പിന്നീടു് എഴുതണം എന്നു വിചാരിക്കുന്നു) ടേബിള്‍ ഓഫ് കണ്ടന്റ് ഒക്കെ കഷ്ടപ്പെട്ടു് ഉണ്ടാക്കിയിട്ടു് പീഡിഎഫ് ആയി എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ടിഒസി ടൈറ്റിലില്‍ നിന്നു് ഡെസ്റ്റിനേഷന്‍ പേജിലേയ്ക്കു് ഹൈപ്പര്‍ ലിങ്ക് വരുന്നില്ല എന്നതു് ശരിക്കും സങ്കടപ്പെടുത്തി.

ഇന്‍‍ഡക്സിങ്ങിന്റെ കാര്യത്തില്‍ ഇതുവരെ എനിക്കൊരു വ്യക്തത ഉണ്ടായിട്ടില്ല, ഇതിലില്ലെങ്കിലും ചിലപ്പോള്‍ ഏതെങ്കിലും തേഡ് പാര്‍ട്ടി ഇന്‍ഡക്സിംഗ് ടൂള്‍ കാണുമായിരിക്കും. സ്റ്റൈലിന്റെ കാര്യത്തില്‍ ഇന്‍ഡിസൈനിനെ അപേക്ഷിച്ചു് (എനിക്കു് പഴയ വെര്‍ഷനുകളിലെ കാര്യമേ അറിയൂ, കുറേക്കാലമായി ഫ്രീടൂളുകള്‍ മാത്രമാണു് ഉപയോഗിക്കുന്നതു്) പാരഗ്രാഫ് സ്റ്റൈലിംഗ് മാത്രമല്ല, ക്യാരക്ടര്‍ സ്റ്റൈലുകളും ഇതിലുണ്ടു്. അതായതു് ഒരു പാരഗ്രാഫിലെ ഒരു വാക്കിനു മാത്രമായി പ്രത്യേക സ്റ്റൈലിംഗ് നല്‍കാം. ഇതും കൂടാതെ ടേബിളിനും അതിലെ സെല്ലിനും ലൈനിനും ഒക്ക പ്രത്യേകമായി സ്റ്റൈലിംഗ് കൊടുക്കാം എന്നും കൂടി കേട്ടാല്‍ എങ്ങനെയിരിക്കും! ഇത്രയുമൊക്കെ ആണെങ്കില്‍ ടി.ഒ.സി.യുടെ കാര്യവും ഇന്‍‍ഡെക്സിംഗിന്റെ കാര്യവുമൊക്കെ അധികം വൈകാതെ ശരിയാകും എന്നാണു് ഞാന്‍ കരുതുന്നതു്.

സിഎംവൈകെ സപ്പോര്‍ട്ട് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോക്താക്കള്‍ക്കു് എന്നും തലവേദനയാണു്. എന്തായാലും ഭാഗ്യത്തിനു് സ്ക്രൈബസില്‍ മികച്ച രീതിയില്‍ സിഎംവൈകെ പിന്തുണയ്ക്കുന്നുണ്ടു് എന്നതു് ശരിക്കും ആശ്വാസം, പ്രത്യേകിച്ചു് ഓഫ്‍സെറ്റ് പ്രിന്റിംഗ് ഒക്കെ ചെയ്യുന്ന ഡിസൈനര്‍മാര്‍ക്കു് അതു് വലിയൊരു ആശ്വാസമാണു്.

അടിവരയിട്ടു പറയേണ്ട മറ്റൊരു ഫിച്ചര്‍ – മറ്റൊരു പ്രൊപ്രൈറ്ററി ടൂളുകളിലും കാണാത്ത ഒരു മഹത്തായ ഫീച്ചര്‍ ഏതായാലും സ്ക്രൈബസിലുണ്ടു് – സ്ക്രൈബസില്‍ ചെയ്ത ഒരു ഫയല്‍ വേണമെങ്കില്‍ ഏതൊരു പ്ലെയിന്‍ ടെക്സ്റ്റ് എഡിറ്ററില്‍ വച്ചും എഡിറ്റ് ചെയ്യാം എന്നതാണതു്. എക്സ്.എം.എല്‍ ഫോര്‍മാറ്റിലാണ് സ്ക്രൈബസ് ഫയലുകള്‍ സൂക്ഷിക്കുന്നതു് എന്നതിനാല്‍ ആപ്ലിക്കേഷനു പുറത്തുവച്ചു് അത്യാവശം ഫയല്‍ എഡിറ്റ് ചെയ്യാന്‍ ഇതൊരു മികച്ച സൗകര്യമാണെന്നു പ്രത്യേകിച്ചു് പറയേണ്ടതില്ലല്ലോ. ഇന്‍ഡിസൈനിലും പേജ്‍മേക്കറിലുമൊക്കെ ആരു റിക്വസ്റ്റ് ചെയ്താലും ഒരുകാലത്തും അവതരിപ്പിക്കാനിടയില്ലാത്ത ഒരു ഫീച്ചറാണിതെന്നും ഓര്‍ക്കുക. ഇന്‍‍ഡക്സിങ്ങ് വേണമെങ്കില്‍ തേഡ് പാര്‍ട്ടി ഇന്‍ഡക്സിംഗ് ടൂള്‍ ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ ഒരുപക്ഷേ സാദ്ധ്യമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞതു് എക്സ്.എം.എല്‍ ഫോര്‍മാറ്റില്‍ ഡാറ്റ സൂക്ഷിക്കുന്നതു കൊണ്ടാണു്.

മലയാളത്തിലെ പ്രമുഖദിനപ്പത്രമായ ജനയുഗം ഈയടുത്ത കാലത്തു് പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് ചേക്കേറിയതു് സന്തോഷകരമായ വാര്‍ത്തയായിരുന്നു. ജനയുഗം തങ്ങളുടെ പ്രധാന ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍ ആയി ഉപയോഗിക്കുന്നതു് സ്ക്രൈബസ് ആണു് എന്നതാണു് ശ്രദ്ധേയം. 2019 ഒക്ടോബറിലാണു് അവര്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അടക്കം എല്ലാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് മാറിയതു്. എനിക്കു തോന്നുന്നു അവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ സാദ്ധ്യതയുള്ളതു് സി.എം.വൈ.കെ. കളര്‍ പ്രൊഫൈലുമായി ബന്ധപ്പെട്ടായിരിക്കും എന്നാണു്. സ്ക്രൈബസ് സി.എം.വൈ.കെ. പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഗിമ്പും ഇങ്ക്സ്കേപ്പും സി.എം.വൈ.കെ. സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതു് വലിയൊരു പ്രശ്നമാണു്. എന്തായാലും വലിയ സ്ഥാപനങ്ങള്‍ കൂടുതലായി സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു ചേക്കേറിയാല്‍ അധികം വൈകാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരിക്കും എന്നു കരുതാം. ജനയുഗത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവേശനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ദാ ഈ ഡയസ്പോറ പോസ്റ്റില്‍ ഇവിടുണ്ടു് – https://poddery.com/posts/4691002

പോരായ്മകള്‍ ഉണ്ടാവും, തീര്‍ച്ച. പക്ഷേ സ്വതന്ത്രമായ ഒരു ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍ ഉപയോഗിക്കുന്നതിന്റെ സുഖം അറിയാനെങ്കിലും സ്ക്രൈബസ് ഉപയോഗിച്ചു നോക്കുക, നിങ്ങളൊരു സ്വാതന്ത്ര്യസ്നേഹിയാണെങ്കില്‍ പ്രത്യേകിച്ചും!

ലിനക്സ്, യുണിക്സ് സെർവറുകൾക്കായുള്ള യൂട്ടിലിറ്റിയിൽ ബാക്ക്ഡോർ കണ്ടെത്തി

2019-ലെ DEF CON 2019 സുരക്ഷാ സമ്മേളനത്തിനിടെയാണു് വെബ്‌മിൻ എന്ന യുണിക്സ് വെബ് അധിഷ്ഠിത സോഫ്റ്റ്‍വെയറില്‍ 2018 ൽ മനഃപൂർവ്വം പ്ലാന്റ് ചെയ്ത ബാക്ക്ഡോർ ഗവേഷകർ കണ്ടെത്തിയതു്. ഗവേഷകർ പറയുന്നതനുസരിച്ച്, ബഗ് കണ്ടെത്തുന്നതിന് ഒരു വർഷം മുമ്പ് ഈ ജനപ്രിയ യൂട്ടിലിറ്റിയിൽ രഹസ്യ ബാക്ക്ഡോർ ഇംപ്ലാന്റ് ചെയ്തിരുന്നു.

വെബ്‌മിൻ എന്ന യുണിക്സ് വെബ് അധിഷ്ഠിത സോഫ്റ്റ്‍വെയറില്‍ 2018 ൽ മനഃപൂർവ്വം പ്ലാന്റ് ചെയ്ത ബാക്ക്ഡോർ ഗവേഷകർ കണ്ടെത്തി

സ്വതന്ത്ര ലൈസന്‍സിലുള്ള സോഫ്റ്റ്‍വെയറില്‍ ഇത്തരം മലീഷ്യസ് കോഡ് ഉണ്ടെങ്കില്‍ പ്രൊപ്രൈറ്ററി ലൈസന്‍സിലുള്ളവയുടെ കാര്യം എന്തായിരിക്കും എന്നു് ഊഹിക്കാന്‍ പോലും സാധ്യമല്ല.

ബാക്ക്ഡോർ ഉണ്ടെന്നറിയാവുന്ന ആർക്കും റൂട്ട് പെര്‍മിഷനില്‍ സിസ്റ്റം പ്രവർത്തിപ്പിക്കാനുള്ള കഴിവാണു് ഈ ബാക്‍ഡോര്‍ നൽകിക്കൊണ്ടിരുന്നതു്. അതായത് ആക്രമണകാരിക്ക് ടാർഗെറ്റ് ചെയ്‌ത എൻഡ്‌പോയിന്റിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കാനാകും. വെബ്‌മിൻ രചയിതാവ് ജാമി കാമറൂൺ പറയുന്നതു പ്രകാരം വെബ്മിന്‍ 1.890 പതിപ്പിലായിരുന്നു ബാക്‍ഡോറിന്റെ ആരംഭം. തുടര്‍ന്നു വന്ന പതിപ്പുകളായ 1.900, 1.920 എന്നിവയിലും ഇതേ ബാക്ക്‌ഡോർ ഉണ്ടായിരുന്നു. അതായതു് അതുവരെ ഈ കോഡുകള്‍ ഒരു ഡവലപ്പര്‍മാരും കണ്ടെത്തിയില്ല. “ഇവയൊന്നും ആകസ്മികമായ ബഗുകളല്ല – മറിച്ച്, കരുതിക്കൂട്ടി വ്യക്തമായ ലക്ഷ്യത്തോടെയാണു് വെബ്‌മിൻ ബാക്‍ഡോറിന്റെ കോഡ് ഉള്‍പ്പെടുത്തി അവര്‍ പരിഷ്‌ക്കരിച്ചതു്,” കാമറൂൺ അഭിപ്രായപ്പെടുന്നു.

കാമറൂൺ പറയുന്നതനുസരിച്ച്, വെബ്‌മിൻ ഡെവലപ്‌മെന്റ് ബിൽഡ് സെർവർ 2018 ഏപ്രിലിലാണു് കോംപ്രമൈസ് ചെയ്യപ്പെട്ടതു്. password_change.cgi സ്‌ക്രിപ്റ്റിലേക്ക് ഒരു വള്‍നറബിലിറ്റി ചേർക്കുമ്പോൾ ഫയൽ ബാക്ക്ഡേറ്റ് ചെയ്തുകൊണ്ട് അത് ഒരു ഗിറ്റ് ഹബ് ചെക്ക്-ഇൻ” കോഡിലേക്ക് പഴയപടിയാക്കിക്കൊണ്ടു് സൂക്ഷ്മപരിശോധനയിൽ നിന്ന് രക്ഷപ്പെടുന്ന രീതിയാണു് ഇവിടെ ഉപയോഗിക്കപ്പെട്ടതു്. തുടർന്ന് 2018 ജൂലൈയിൽ “password_change.cgi” സ്‌ക്രിപ്റ്റിന്റെ വള്‍നറബിള്‍ പതിപ്പിന് പിന്നിലുള്ള മലീഷ്യസ് ഡെവലപ്പര്‍ ഫയൽ വീണ്ടും അപ്‌ഡേറ്റുചെയ്‌തു. ഇതേ മാറ്റത്തോടുകൂടിത്തന്നെയാണു് വെബ്‌മിൻ 1.900 എന്ന പതിപ്പും പുറത്തിറങ്ങിയതു്. കാലഹരണപ്പെട്ട പാസ്‌വേഡുകൾ പുതുക്കിയാൽ മാത്രമേ ഇത് ബാധിക്കാതിരിക്കുകയുള്ളൂ.

വെബ്‍മിന്‍ ലോഗോ

DEF CON 2019-ല്‍ വച്ചു് ഈ vulnerabilty ഉപയോഗപ്പെടുത്തുന്ന ഒരു ബഗ്ഗ് ഒരു ഗവേഷകൻ പ്രസിദ്ധപ്പെടുത്തിയപ്പോഴാണു് ഈ മലീഷ്യസ്‍ കോഡിനെപ്പറ്റി ലോകമറിഞ്ഞതു്. ഈ ഗവേഷണമാണ് 2018 ജൂലൈയിൽ വീണ്ടും ഇംപ്ലാന്റ് ചെയ്ത മലീഷ്യസ് കോഡിലേക്ക് വെളിച്ചം വീശിയത്. “ഇതിനു പ്രതിവിധിയായി മലീഷ്യസ് കോഡ് നീക്കംചെയ്യുകയും വെബ്‌മിൻ പതിപ്പ് 1.930 എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കുകയും ചെയ്തു,” കാമറൂൺ എഴുതി.

ഇംപ്ലാന്റ് ചെയ്ത മലീഷ്യസ് കോഡിന് പ്രതിവിധിയായി വെബ്‌മിൻ പുതിയ ലഘൂകരണ ശ്രമങ്ങൾ സ്വീകരിക്കുമെന്ന് കാമറൂൺ പറഞ്ഞു. കൂടാതെ ഇതുപോലുള്ള പ്രശ്നങ്ങള്‍ വരുത്തിയേക്കാവുന്ന എന്തെങ്കിലും മലീഷ്യസ് കോഡുകള്‍ വെബ്മിന്‍ കോഡ്ബേസില്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്നു് സൂക്ഷ്മപരിശോധന നടത്തുന്നതിനായി കഴിഞ്ഞ വർഷം നടന്നിട്ടുള്ള എല്ലാ ഗിറ്റ് ഹബ് ചെക്കിനുകളും ഓഡിറ്റുചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നു് അദ്ദേഹം പറഞ്ഞു.

ഹാർട്ട്ബ്ലീഡ്

ഓപ്പൺ സോഴ്സ് ക്രിപ്റ്റോഗ്രാഫി ലൈബ്രറി ആയ ഓപ്പൺ എസ്.എസ്.എല്ലിലെ ഒരു സോഫ്റ്റ്‌വേർ ബഗ് ആണ് ഹാർട്ട്ബ്ലീഡ്. ഈ ബഗ് ദുരുപയോഗം ചെയ്ത് ഒരു ആക്രമണകാരിക്ക് വേണമെങ്കിൽ ഹോസ്റ്റ് കമ്പ്യൂട്ടറിലെ വിവരങ്ങൾ കാണാനും സ്വകാര്യമായതോ, പ്രശ്നകാരിയായതോ ആയ വിവരങ്ങൾ എടുക്കാനും സാധിക്കും. ഈ ബഗ്ഗ് പക്ഷേ മനഃപൂര്‍വ്വം പ്ലാന്റ് ചെയ്യപ്പെട്ടതല്ല, ആരംഭം മുതലേ ഡവലപ്പര്‍മാരുടേയും സുരക്ഷാ ഓഡിറ്റര്‍മാരുടേയും കണ്ണില്‍പെടാതെ പോയ ഒരു സുരക്ഷാ പഴുതു മാത്രമായിരുന്നു ഇതു്. പക്ഷേ, അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയ്ക്ക് ഈ ബഗ്ഗിനെപ്പറ്റി നേരത്തേതന്നെ അറിയാമായിരുന്നു എന്നും, അത് സ്വന്തം നിലയ്ക്ക് മുതലെടുക്കാൻ വേണ്ടി അവരത് സ്വകാര്യമായി വെയ്ക്കുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. വളരെ പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ സുരക്ഷാ ഓപ്പണ്‍ സോഴ്സ്  പ്രൊജക്ടുകളില്‍ ചാര ഏജന്‍സികള്‍ നുഴഞ്ഞുകയറി കോഡുകള്‍ പരിഷ്കരിക്കാനുള്ള സാധ്യതയെപ്പറ്റി ഒരു ക്രിപ്റ്റോപാര്‍ട്ടി മീറ്റിംഗില്‍ വച്ചു് അതില്‍ പങ്കെടുത്ത ഒരംഗം ഉച്ചത്തില്‍ സംസാരിച്ചതു് ഇവിടെ അനുസ്മരിക്കുന്നു. ഇനിയുമെത്രയോ മര്‍മ്മ പ്രധാന സുരക്ഷാ സംവിധാനങ്ങളില്‍ എത്രയോ സുരക്ഷാപഴുതുകള്‍ ഇനിയും കണ്ടെത്തപ്പെടാതെ മറഞ്ഞിരിക്കുന്നു? അധികമൊന്നും പ്രചാരത്തിലില്ലാത്ത അത്രയൊന്നും ആക്ടീവ് ഡവലപ്പ്മെന്റ് നടക്കാത്ത ചില സോഫ്റ്റ്‍വെയറുകളുടെ കാര്യത്തിലും ഇങ്ങനെയുള്ള ഇംപ്ലാന്റഡ് ബഗ്ഗുകള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതിനാല്‍ ഒരൊറ്റ മന്ത്രം മാത്രം ഒന്നും സുരക്ഷിതമാവണമെന്നില്ല. ആ മന്ത്രം ചൊല്ലിക്കൊണ്ടുവേണം എത്ര സുരക്ഷിതമെന്നവകാശപ്പെടുന്ന എന്തും ഉപയോഗിക്കാന്‍ !

ഒരു മോട്ടിവേഷണല്‍ ഹോക്സ്

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചില നിരുപദ്രവമായ നുണകളുണ്ടു്. ഹോക്സ്  (Hoax)എന്നാണു് അവയെ വിളിക്കുക. ഇവയിലെ ഒരു അസാധാരണവകഭേദമാണു് മോട്ടിവേഷനല്‍ ഹോക്സ്. ഇതിനൊരു ഒരുദാഹരണമാണു് താഴെ ചേര്‍ക്കുന്നതു്. സൗത്ത് ആഫ്രിക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ എഴുതിവച്ചിരിക്കുന്ന സന്ദേശം എന്ന നിലയിലാണു് ഇതു് എഴുതപ്പെട്ടിരിക്കുന്നതു്. സത്യമെന്തെന്നാല്‍ ഇതു് ഏതു സര്‍വ്വകലാശാലയാണെന്നോ സൗത്ത് ആഫ്രിക്കയിലെവിടെയാണെന്നോ ഒന്നും ഒരിടത്തും ഒരു പരാമര്‍ശവുമില്ല. പക്ഷേ സന്ദേശം വളരെ അര്‍ത്ഥവത്തായതിനാല്‍ ഇതു് വളരെപ്പെട്ടെന്നു് പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ഇതിന്റെ പരിഭാഷപ്പടുത്തിയ പതിപ്പുകള്‍ പല ഭാഷകളിലും കാണാം. ആശ്വസിക്കാവുന്ന കാര്യമെന്തെന്നാല്‍ വളരെ അര്‍ത്ഥവത്തായ സന്ദേശമാണു് ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നതു് എന്നതാണു്.

മലയാളം പതിപ്പ്

ഒരു രാഷ്ട്രത്തെ തകര്‍ത്തെറിയുവാന്‍ ആറ്റം ബോംബുകളുടേയോ മിസൈലുകളുടേയോ ആവശ്യമില്ല.
അതിനു് ആ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കുകയും പരീക്ഷകളില്‍ കള്ളം ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്താല്‍ മതി.
അതിനു് ആ രാജ്യത്തിന്റെ വിദ്യാഭ്യാസനിലവാരം തകര്‍ക്കുകയും പരീക്ഷകളില്‍ കള്ളം ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്താല്‍ മതിയാകും.
അത്തരം ഡോക്ടര്‍മാരാല്‍ രോഗികള്‍ കൊല്ലപ്പെടുന്നു.
അത്തരം എഞ്ചിനീയര്‍മാരാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നു.
അത്തരം സാമ്പത്തിക വിദഗ്ദ്ധന്മാരാല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്നു.
അത്തരം മതപണ്ഡിതന്മാരാല്‍ മനുഷ്യത്വം മരിച്ചു വീഴുന്നു.
അത്തരം ന്യായാധിപന്മാരാല്‍ നീതി നഷ്ടമാകുന്നു.
വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെന്നാല്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയാണു്

ഇംഗ്ലീഷ് പതിപ്പു്

Collapsing any Nation does not require use of Atomic bombs or the use of Long range missiles.
But it requires lowering the quality of Education and allowing cheating in the exams by the students.
The patient dies in the hands of the doctor who passed his exams through cheating.
And the buildings collapse in the hands of an engineer who passed his exams through cheating.
And the money is lost in the hands of an accountant who passed his exams through cheating.
And humanity dies in the hands of a religious scholar who passed his exams through cheating.
And justice is lost in the hands of a judge who passed his exams through cheating.
And ignorance is rampant in the minds of children who are under the care of a teacher who passed exams through cheating.
The collapse of education is the collapse of the Nation

View at Medium.com

മിക്കവാറും ഇതു് ഏതോ ഒരു വിദ്യാഭ്യാസപണ്ഡിതന്റെ വാക്കുകള്‍ തന്നെയാകണം. പക്ഷേ എത്ര തെരഞ്ഞിട്ടും ഇതിന്റെ സൗത്ത് ആഫ്രിക്കന്‍ ബന്ധം തെളിയിക്കാനുള്ള ലിങ്കുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രളയനിരീക്ഷണങ്ങള്‍

ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരാ

എന്നൊരു കവിവചനമുണ്ടു്. കേരളത്തിന്റെ മാറിയ കാലാവസ്ഥയെക്കുറിച്ചും ഇനി അങ്ങനെതന്നെ പറയേണ്ടിവരുമോയെന്നു് പലരും ആശങ്കപ്പെടുന്നു. ഇടവപ്പാതിയ്ക്കു പകരം കര്‍ക്കടകം പകുതിയില്‍ നമുക്കൊരു പ്രളയപ്പാതി വച്ചാലോ എന്നു വരെ വിഷുഫലക്കാര്‍ ആലോചിച്ചതായി കേള്‍ക്കുന്നു. പ്രളയവും ഉരുള്‍പൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളോടു് കഴിഞ്ഞവര്‍ഷം ശരാശരി മലയാളി കാണിച്ച ഒറ്റക്കെട്ടായ ആ സമീപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണത്തെ പ്രകൃതിദുരന്തവേളയില്‍ മലയാളിയുടെ കാഴ്ചപ്പാടിനു വന്നു ഭവിച്ച മാറ്റങ്ങളാണു് ഇവിടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതു്.

പ്രളയം

ഏതു പ്രളയവും ഏതു ദുരന്തവും അതിജീവിക്കാന്‍ നമുക്കു കഴിയും – ഒന്നിച്ചു നിന്നാല്‍. മതരാഷ്ട്രീയ വേര്‍തിരിവുകളില്‍ ചേരിതിരിഞ്ഞു നിന്നാല്‍ പ്രളയവും ദുരന്തവും നമ്മെ വിഴുങ്ങാന്‍ അധികസമയം വേണ്ട

പലരും നിരീക്ഷിച്ച ഒരു വാസ്തവമുണ്ടു് – ഈ വര്‍ഷത്തെ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും മുന്‍വര്‍ഷമുണ്ടായ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും തമ്മില്‍ കാതലായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നു്. കേരളം ഒറ്റക്കെട്ടായി നിന്നു് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടത്തുന്ന കാഴ്ചയാണു് അന്നു കണ്ടതെങ്കില്‍ ഇക്കുറി കാര്യങ്ങള്‍ അത്രത്തോളം ഒറ്റക്കെട്ടൊന്നുമല്ലായിരുന്നു. പലരും പല കാരണങ്ങള്‍ അതിനായി നിരത്തി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ സ്വരൂപിച്ച സംഭാവനയിലും ഗണ്യമായ പങ്കാളിത്തക്കുറവുണ്ടായതായും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. ദുരന്തത്തിന്റെ സ്വഭാവത്തിലും അതിന്റെ തീവ്രതയിലും അന്തരങ്ങള്‍ കാണാം. ഈ വ്യത്യാസങ്ങള്‍ മൂലമാണോ അതിനെ നേരിട്ട രീതിയില്‍ വന്ന പങ്കാളിത്തക്കുറവിന്റെ കാരണം? അതോ, ഇതൊരു സ്ഥിരം പ്രതിഭാസമായി സാധാരണ മലയാളി കാണാന്‍ തുടങ്ങിയോ?

2018-ലെ പ്രളയവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും

2018-ല്‍ നിനച്ചിരിക്കാതെ വന്നു് എല്ലാം കൊണ്ടുപോയ പ്രളയം കേരളത്തിനെ സംബന്ധിച്ചു് ഒരു പുതിയ ദുരന്തമായിരുന്നു. അടുത്തകാലത്തു് ഇതിനു മുമ്പുണ്ടായ പ്രളയങ്ങളിലൊന്നും അന്നത്തെ പ്രളയത്തിന്റെയത്ര പ്രഹരശേഷിയുണ്ടായിരുന്നില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും അന്നു് പ്രളയം നാശം വിതച്ചു. ഏതാനും ദിവസത്തോളം താഴാന്‍ കൂട്ടാക്കാതെ നിന്ന പ്രളയജലം മഴയുടെ ശക്തി കുറഞ്ഞുതുടങ്ങിയതോടെയാണു് സാവധാനം ഇറങ്ങിത്തുടങ്ങിയതു്. പ്രളയജലമിറങ്ങുന്നതിനു മുമ്പുതന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതിനാല്‍ മരണസംഖ്യ ഗണ്യമായിക്കുറയ്ക്കുവാന്‍ നമുക്കു സാധിക്കുകയും ചെയ്തു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകര്‍ സജ്ജരായി മുന്നോട്ടു വന്നു, ഉദാരമായ സംഭാവനകള്‍ നാനാഭാഗങ്ങളില്‍ നിന്നും പ്രവഹിച്ചു. ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി സമൂഹവും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ കേരളത്തെ കൈയ്യയച്ചു സഹായിച്ചു. ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടം സംഭവിച്ചവര്‍ക്കും സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കാന്‍ ഈ തുക ധാരാളം മതിയായിരുന്നു. കൃത്യമായ ഏകോപനത്തോടെ നടത്തിയിരുന്നെങ്കില്‍ അവരുടെ നഷ്ടങ്ങള്‍ പണ്ടേ നികന്നു പോകുമായിരുന്നു. എന്നാല്‍ സംഭവിച്ചതു് മറിച്ചാണു്. അര്‍ഹിക്കുന്നവര്‍ക്കു് ലഭിക്കാതെയും പോയി അനര്‍ഹരായവര്‍ ഇതില്‍ കൈയ്യിട്ടു വാരുകയും ചെയ്തു എന്നതാണു് സത്യം. ദുരിതാശ്വാസത്തിനായി തുക കണ്ടെത്തുന്നതിനു സ്വീകരിച്ച രീതികളും അതു വിതരണം ചെയ്തതിനു കൈക്കൊണ്ട രീതികളും ഒരേ പോലെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇതെല്ലാം സാധാരണജനം നിസ്സഹായരായി നോക്കി നിന്നു.

അന്നത്തെ പ്രളയത്തെ കേരളത്തിന്റെ പൊതുമനഃസാക്ഷി ഒറ്റക്കെട്ടായിട്ടാണു് നേരിട്ടതു്. അവിടെ പാര്‍ട്ടി വ്യത്യാസങ്ങള്‍ പ്രകടമായിരുന്നില്ല. മതജാതിവര്‍ണ്ണഗോത്രലിംഗഭേദങ്ങളില്ലാതെ എല്ലാ മനുഷ്യരും ദുരിതനിവാരണപ്രക്രിയയില്‍, പുതിയ കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതരായി. കേരളത്തിലെ മത്സ്യബന്ധനതൊഴിലാളികള്‍ മറ്റേതൊരു സര്‍ക്കാര്‍ ഏജന്‍സിയേക്കാളും സ്തുത്യര്‍ഹമായ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളാണു് കാഴ്ചവച്ചതു്. ഇവരെല്ലാവരും പ്രതിഫലേച്ഛയില്ലാതെയാണു് പ്രവര്‍ത്തിച്ചതെന്നതാണു് ഏറെ ശ്രദ്ധേയം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സും മറ്റും തങ്ങളുടെ സേവനങ്ങള്‍ക്കു പ്രതിഫലം ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായി. പക്ഷേ നമ്മുടെ സ്വന്തം മത്സ്യബന്ധനസേനയ്ക്കു സര്‍ക്കാര്‍ സ്വമനസ്സാലെ പ്രഖ്യാപിച്ച പ്രതിഫലം പോലും അവര്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല എന്നതു് അവരുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

2019-ലെ പ്രളയവും ഉരുള്‍പൊട്ടലും

2019-ലെ പ്രളയവും പ്രകൃതിദൂരന്തവും കേരളത്തിലെ സാധാരണജനങ്ങള്‍ വീണ്ടും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ രണ്ടാം വര്‍ഷവും നിനച്ചിരിക്കാതെ വീണ്ടും പ്രളയദിനങ്ങളെത്തി. ഇക്കുറി പക്ഷേ കഴിഞ്ഞ തവണ കൊടുംനാശം സംഭവിച്ച സ്ഥലങ്ങളില്‍ പലയിടത്തും ജലനിരപ്പുയര്‍ന്നില്ല. മറിച്ചു് കഴിഞ്ഞവര്‍ഷം കാര്യമായി പ്രശ്നങ്ങളില്ലാതിരുന്ന സ്ഥലങ്ങളിലാണു് ദുരന്തങ്ങള്‍ സംഹാരതാണ്ഡവമാടിയതു്. അഥവാ ചില സ്ഥലങ്ങളില്‍ മാത്രമായി ദുരന്തങ്ങള്‍ കേന്ദ്രീകരിച്ചു. നിലമ്പൂരിന്റെ കാര്യമെടുക്കാം  — കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മാര്‍ക്ക് ചെയ്തതിലും ഏറെ ഉയരത്തിലാണു് ഇക്കുറി അവിടെ ജലമുയര്‍ന്നതു്. പല വീടുകളും അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലായി. എന്നാല്‍ മുന്‍വര്‍ഷം വെള്ളത്തില്‍ മുങ്ങിപ്പോയ ചെങ്ങന്നൂര്‍, റാന്നി പാണ്ടനാട് തുടങ്ങിയ സ്ഥലങ്ങളിലൊന്നും തന്നെ ഇക്കുറി ജലം കയറിയതേയില്ല.

ഇക്കുറിയും അനേകം സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കുചേരാന്‍ വന്നെത്തി എന്നതു സത്യമാണു്. പക്ഷേ അവിടെ കൊടിയടയാളങ്ങളും മറ്റും ചില കല്ലുകടികള്‍ സൃഷ്ടിച്ചു.

ശ്രദ്ധാകേന്ദ്രങ്ങള്‍

ജൈസൽ കെ. പി. എന്ന താനൂർക്കാരനായ മത്സ്യ തൊഴിലാളിയാണ് 2018ലെ പ്രളയകാലത്തു് സോഷ്യൽ മീഡിയ ഏറ്റെടുത്ത താരം. ദേശിയ മാധ്യമങ്ങളിൽ വരെ ജൈസലിനെ വാഴ്ത്തി വാർത്ത വന്നു. വേങ്ങര മുതലമാട് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ സുരക്ഷാ ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടിയ ഏതാനും ചില സ്ത്രീകള്‍ക്കു് ചവിട്ടിക്കയറാനായി തന്റെ മുതുക് കുനിച്ചുവച്ചുകൊണ്ടാണു് ജൈസല്‍ സഹായിച്ചതു്. ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച ഈ ചിത്രങ്ങള്‍ ജൈസലിനെ പ്രളയദുരിതനിവാരണപ്രവര്‍ത്തനങ്ങളിലെ ഹീറോ ആക്കി. 2019-ലെ പ്രളയത്തില്‍ ആദ്യം ഹീറോ ആയതു് ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്കു് സംഭാവന നല്‍കുന്നതില്‍ പിശുക്കു കാണിക്കാതിരുന്ന നൗഷാദ് എന്ന തെരുവു കച്ചവടക്കാരനാണു്. നൗഷാദ് ഹീറോ ആയാണു് രംഗപ്രവേശം ചെയ്തതെങ്കില്‍ ഈ ദുരന്തകാലത്തു് ആന്റി ഹീറോ ആയാണു് ഓമനക്കുട്ടന്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ രംഗപ്രവേശം ചെയ്യുന്നതു്. മതജാതിവര്‍ണ്ണഭേദങ്ങളും സംഘടനാപാര്‍ട്ടിവ്യത്യാസങ്ങളും ഈ ദുരിതനിവാരണപ്രവര്‍ത്തനങ്ങളുടെ വീര്യം കെടുത്തിയതിന്റെ പ്രകടമായ ഉദാഹരണം കൂടിയായിരുന്നു ഓമനക്കുട്ടന്‍ എന്ന ദരിദ്രനായ പാര്‍ട്ടിപ്രവര്‍ത്തകന്‍ പൊതുജനമദ്ധ്യത്തില്‍ ആദ്യം അപമാനിക്കപ്പെട്ടതു്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പിൽ അനധികൃതപണപ്പിരിവ് നടത്തിയെന്ന പരാതിയാണു് വീഡിയോ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതു്. ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കായുള്ള അരിയും സാധനങ്ങളും മാവേലി സ്റ്റോറില്‍ വന്നിരുന്നുവെങ്കിലും യാത്രാ ചെലവിനായി റവന്യു വകുപ്പ് തുക അനുവദിച്ചിരുന്നില്ല. ഇത്രയും കാലമായിട്ടും സാധാരണ ഗതിയില്‍ ക്യാമ്പ് തുടങ്ങുമ്പോഴും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് പണം റവന്യു വകുപ്പില്‍ നിന്ന് ലഭിച്ചിരുന്നില്ല. അവശ്യസാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കാനായി ചിലവായ 70 രൂപ മാത്രമാണ് ഓമനക്കുട്ടന്‍ ക്യാമ്പിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തിരുന്നത്. ഓട്ടോക്കൂലി നല്‍കാന്‍ വേണ്ടിവന്ന ആ 70 രൂപ പലരില്‍ നിന്നും പിരിക്കുന്ന ദൃശ്യങ്ങള്‍ എതിര്‍ രാഷ്ട്രീയചേരിയിലുള്ള ശത്രുക്കള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു എന്നു പറയപ്പെടുന്നു. അയാളുള്‍പ്പെടെയുള്ള ചെറിയ സമൂഹത്തിന്റെ നിതാന്തജാഗ്രത മൂലമാണു് വലിയൊരു ദുരന്തമാകാമായിരുന്ന ഓമനക്കുട്ടന്റെ ജീവിതത്തെ കാര്യമായ തട്ടുകേടുകളില്ലാതെ രക്ഷപെടുത്തിയെടുത്തതു്.

ഈ പ്രളയകാലത്തിന്റെ ഐക്കണ്‍ അതുകൊണ്ടുതന്നെ ഓമനക്കുട്ടനാണെന്നു നിസ്സംശയം പറയാം, പ്രളയകാലത്തിലും രാഷ്ട്രീയവൈരം തീര്‍ക്കാന്‍ നുണപ്രചരണങ്ങള്‍ കൊണ്ടു സാധിക്കും എന്ന് ഓമനക്കുട്ടന്‍ സംഭവം നമ്മെ പഠിപ്പിക്കുന്നു. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹത്തിന്റെ ജാഗ്രതയ്ക്കു കഴിയും എന്നും അതേ സംഭവം നമ്മോടു പറയുന്നു.

പിടിപ്പുകേടുകള്‍

കഴിഞ്ഞ പ്രളയകാലത്തു് പ്രളയദുരിതാശ്വാസത്തിനായി ലോകം മുഴുവനില്‍ നിന്നും സര്‍ക്കാരിനു ലഭിച്ച ഫണ്ടുകള്‍ പ്രളയാനന്തരം അര്‍ഹതപ്പെട്ടവരിലേയ്ക്കു് എത്തിക്കുന്നതില്‍ കാണിച്ച ജാഗ്രതക്കുറവാണു് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു് ഇക്കുറി ഏറ്റവും വലിയ തിരിച്ചടിയായതു്. 2019-ലെ പ്രളയകാലത്തിനു തൊട്ടുമുമ്പു് ഇതു സംബന്ധമായ അനേകം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും വര്‍ത്തമാനപ്പത്രങ്ങളിലും സജീവമായിരുന്നു. ഈ ചര്‍ച്ചകളിലൊന്നിലും തന്നെ വിശ്വസനീയമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ഭരിക്കുന്ന സര്‍ക്കാരിനു കഴിയാതിരുന്നതും ദുരിതാശ്വാസ ഫണ്ടു് നേരെ ചൊവ്വെയല്ല ചിലവഴിക്കപ്പെട്ടതു് എന്ന ചിന്ത ജനമനസ്സില്‍ രൂഢമൂലമായതും അവരുടെ ആത്മവിശ്വാസം തകര്‍ത്തു. എന്നിരിക്കിലും ഇത്തവണത്തെ ദുരിതകാലത്തും സംഭാവനകള്‍ നല്‍കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പലരും മുന്നോട്ടു വന്നെങ്കിലും അതു് കഴിഞ്ഞ വര്‍ഷം ഉണ്ടായ അതേ ഔത്സുക്യത്തോടെ ആയിരുന്നില്ല എന്നതു് പരക്കെ നിരീക്ഷിക്കപ്പെട്ടിട്ടുള്ള കാര്യമാണു്.

ഇനിയെന്തു്?

കേരളത്തിലെ കാലാവസ്ഥ മണ്‍സൂണിനെ ആശ്രയിച്ചാണു് നിലകൊള്ളുന്നതു്. ആഗോളതാപനത്തിന്റേയും തലതിരിഞ്ഞ വികസനത്തിന്റേയും പരിണിതഫലമായി മണ്‍സൂണിന്റെ സ്വഭാവം തന്നെ മാറിയതുകൊണ്ടാണു് അതിതീവ്രമഴ എന്ന പ്രതിഭാസം സംജാതമായതെന്നാണു് പരിസ്ഥിതി കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നതു്. ഇവര്‍ തരുന്ന മുന്നറിയിപ്പു പ്രകാരം ഇനി വരുന്ന മണ്‍സൂണ്‍ കാലഘട്ടങ്ങളും ഇതുപോലെ തന്നെ ദുരന്തസ്വഭാവമുള്ളതായിരിക്കാനാണു് സാദ്ധ്യത. പ്ര‍കൃതി ചൂഷണത്തിനു് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. കൃത്യമായ ഏകോപനത്തോടെ സുരക്ഷാമുന്‍കരുതലുകളും ദുരിതനിവാരണപ്രവര്‍ത്തനങ്ങളും നഷ്ടപരിഹാരങ്ങളും യഥാസമയം നല്കിക്കൊണ്ടു് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന ആത്മവിശ്വാസം ജനങ്ങളിലെത്തിക്കട്ടെ, എങ്കില്‍ മാത്രമേ കേരളത്തിലെ പ്രബുദ്ധജനത ഒരൊറ്റ മനസ്സോടെ ഇത്തരം ഏതൊരു ദുര്‍ഘടാവസ്ഥയേയും നേരിടാന്‍ സജ്ജമാകൂ.

ഇതാ ഉള്ളില്‍ നിന്നും സ്വയം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണു് ഒരു നാഗരികത.

അധികൃതരുടെ അനുമതിയോടെയും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന അസംഖ്യം പാറമടകളും ചെങ്കല്‍ ക്വാറികളും പശ്ചിമഘട്ടത്തില്‍ വിവിധസ്ഥലങ്ങളിലായി ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടു്. അവയെപ്പറ്റി ഇപ്പോഴും ഇടവിട്ടിടവിട്ടു് ഒറ്റപ്പെട്ടതും സംഘടിതവുമായ പ്രതിഷേധങ്ങളും ഉയര്‍ന്നുകേള്‍ക്കാറുമുണ്ടു്. ഇവയെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരളത്തിലെ രാഷ്ട്രീയ,മത,സാസ്കാരിക നേതൃത്വങ്ങളിലുള്ളവര്‍ ആദ്യമേതന്നെ തള്ളിക്കളഞ്ഞി‍ട്ടുള്ളതുമാണു്. കേരളത്തിലുണ്ടായ പ്രളയം ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇവയെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമുക്കു ചില കാര്യങ്ങള്‍ മനസ്സിലാകും. അവയെ അക്കമിട്ടുനിരത്തുകയാണിവിടെ.

  1. കരിങ്കല്ലും ചെങ്കല്ലും വീടു്/കെട്ടിടനിര്‍മ്മാണത്തിന്റെ അവിഭാജ്യഘടകങ്ങളാണു്. ഇവയില്ലാതെ നിര്‍മ്മാണം സാധ്യമല്ല.
  2. കരിങ്കല്ലും ചെങ്കല്ലും വീടു്/കെട്ടിടനിര്‍മ്മാണത്തിന്റെ അവിഭാജ്യഘടകങ്ങളായതിനാല്‍ത്തന്നെ എത്രവലിയ പ്രളയമോ ഉരുള്‍പൊട്ടലോ പ്രകൃതിദുരന്തമോ സംഭവിച്ചാലും ഇവയുടെ ഖനനം മുടക്കംകൂടാതെ തുടരണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
  3. ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്വാറികള്‍ നിമിത്തം പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടു് എന്നതിനു് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരാം.
  4. സി.ഇ. 1924-ലെ പ്രളയവും സി.ഇ. 1300-ലെ മഹാപ്രളയവും ഉണ്ടായതു് ഇത്തരം പാരിസ്ഥിതികമായ ആഘാതം കൊണ്ടൊന്നുമല്ലല്ലോ?
  5. സ്വന്തം വീടിരിക്കുന്ന സ്ഥലത്തു് ദുരന്തമുണ്ടായിക്കഴിഞ്ഞാല്‍ ഉറ്റവരും ഉടയവരും അതില്‍പ്പെട്ടാല്‍ മാത്രം മേല്‍പ്പറഞ്ഞ നാലു കാര്യങ്ങളും സൗകര്യം പോലെ നിഷേധിക്കാവുന്നതാണു്, ചുരുങ്ങിയ പക്ഷം നിശ്ശബ്ദതയെങ്കിലും പുലര്‍ത്താവുന്നതാണു്.

കൂടുതലൊന്നും എഴുതുന്നില്ല. ഉത്തരവാദിത്വം എന്നൊന്നില്ലാത്ത ഒരു സമൂഹമാണിതു്. ഇവിടെ ആരുവന്നാലും ഒന്നും ശരിയാവില്ല. ഒരു പാറമടയും പ്രവര്‍ത്തനം നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ല. വിഭവങ്ങള്‍ വിനിയോഗിക്കുന്നതിലെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കില്ല. അഴിമതിയും ആര്‍ത്തിയും പൂണ്ട രാഷ്ട്രീയ ഉദ്യോഗസ്ഥ പിശാചുക്കള്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി അഴിഞ്ഞാടുന്നതു് തുടരുകതന്നെ ചെയ്യും. ഞാനും നിങ്ങളുമടക്കം ഇതൊന്നും നമ്മുടെ കാര്യമല്ലെന്നു പറഞ്ഞു് മാറിനില്‍ക്കുന്നതും അവസാനിപ്പിക്കില്ല. പശ്ചിമഘട്ടം പൂര്‍ണ്ണമായും പാറക്കഷണങ്ങളായി പൊടിച്ചെടുത്തു് ഇവിടെ അതിമനോഹരങ്ങളായ അനേകം കെട്ടിടങ്ങളും എഞ്ജിനീയറിംഗ് മഹാത്ഭുതങ്ങളായ അനേകം പാലാരിവട്ടം മോഡല്‍ പാലങ്ങളും കൊണ്ടു് നിറയും. അപ്പോള്‍ നമുക്കു് ശാന്തിയും സമാധാനവും കൈവരും. വില്‍ ‍ഡ്യൂറന്റിന്റെ ആ പ്രസിദ്ധമായ വാക്യം കൂടി പറഞ്ഞുകൊണ്ടു് വിടവാങ്ങട്ടെ,

A great civilisation is not conquered from without until it has destroyed itself from within ⇌ ഉള്ളില്‍ നിന്നും സ്വയം തകര്‍ക്കപ്പെടാതെ ഒരു വലിയ നാഗരികത പുറമേനിന്ന് കീഴടക്കപ്പെടില്ല.

ഭാരതം അതിന്റെ ഭൂപ്രകൃതിയും രാഷ്ട്രീയസ്വത്വവും സാംസ്കാരിക,മാനുഷികസത്തയുമെല്ലാം പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യപ്പെട്ടു് ഉള്ളില്‍ നിന്നും സ്വയം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണു്. അതിന്റെ പ്രതിഫലനമാണു് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ പ്രകൃതിപ്രക്ഷോഭങ്ങളും ദുരന്തങ്ങളും. ചിന്തകള്‍ക്കു് തെളിച്ചവും ഹൃദയത്തിനു് തുറവിയുമില്ലാത്ത ഇവിടം ഇങ്ങനൊക്കെ അങ്ങനെ നശിക്കുകയേ ഉള്ളൂ. അതങ്ങനെ തന്നാകട്ടെ.

പ്രളയത്തെത്തുടര്‍ന്നു് പാറമടകള്‍ക്കെതിരേ എഴുതിയ ഫേസ്ബുക്ക് കുറിപ്പിനു കിട്ടിയ തെറിവിളി

പ്രളയത്തെത്തുടര്‍ന്നു് പാറമടകള്‍ക്കെതിരേ എഴുതിയ ഫേസ്ബുക്ക് കുറിപ്പിനു കിട്ടിയ തെറിവിളി