ഗ്നു/ലിനക്‌സിലേയ്‌ക്കുള്ള ചുവടുമാറ്റം

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്‌ അതേവരെ കമ്പ്യൂട്ടറിനെപ്പറ്റി എടുത്തു പറയത്തക്ക ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്റെ കൊച്ചുമുറിയിലേയ്‌ക്ക്‌ ഒരു പെന്റിയം ത്രീ 800 മെഗാ ഹെര്‍ട്ട്‌സ്‌ കമ്പ്യൂട്ടര്‍ കടന്നു വന്നത്‌. വായനയുടെ ലോകത്തു നിന്ന്‌ ഡിജിറ്റല്‍ പ്രപഞ്ചത്തിലേയ്‌ക്കുള്ള സമഗ്രമായൊരു ചുവടു മാറ്റമാവും അതെന്ന്‌ ഒരിയ്‌ക്കലും ഞാന്‍ കരുതിയിരുന്നില്ല. (ആകെ അറിയാവുന്ന ഒരേയൊരു സോഫ്റ്റ്‌വെയര്‍ ആല്‍ഡസ്‌ പേജ്‌മേക്കര്‍ മാത്രമായിരുന്നു. പിന്നെ ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബേസിക് ലാംഗ്വേജ് കുറച്ചു പഠിച്ചിട്ടുണ്ട്. ഇത്രയും ഒഴിച്ചാല്‍ കമ്പ്യൂട്ടറിനെപ്പറ്റി ഞാന്‍ ഒരു ബിഗ്‌ സീറോ ആയിരുന്നു. ആല്‍ഡസ്‌ പേജ്‌മേക്കറും വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഈ കമ്പ്യൂട്ടറില്‍ എങ്ങനെ ഉപയോഗിക്കാമെന്ന്‌ കമ്പ്യൂട്ടര്‍ ഷോപ്പിലെ ആള്‍ക്കാരോട്‌ ഞാന്‍ നിഷ്‌കളങ്കമായി ചോദിച്ചതിന്‌ “”ഇയാള്‍ക്ക്‌ മറ്റെന്തൊക്കെയാണ്‌ വേണ്ടത്‌” എന്ന്‌ പരിഹാസത്തോടെയുള്ള മറുചോദ്യമായിരുന്നു ഉത്തരം. എന്തായാലും കമ്പ്യൂട്ടര്‍ വീട്ടിലെത്തിയപ്പോള്‍ വിന്‍ഡോസ്‌  ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനും ആല്‍ഡസ്‌ പേജ്‌മേക്കറിനും പുറമേ ഞാന്‍ കേട്ടിട്ടു പോലുമില്ലാത്ത മറ്റ്‌ പല പ്രോഗ്രാമുകളും അതിലുണ്ടായിരുന്നു.
മറ്റൊരു ജോലിയും ഇല്ലാത്തതിനാല്‍ ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറില്‍ ആഹാരത്തിനും ഉറക്കത്തിനും വേണ്ട അത്യാവശ്യം അഞ്ചെട്ടു മണിക്കൂറുകള്‍ മാറ്റിവച്ചാല്‍ ബാക്കി 15-18 മണിക്കൂറുകള്‍ മുഴുവനും ഞാന്‍ ആ പീ.ത്രീ-800 കമ്പ്യൂട്ടറിന്റെ മുന്നില്‍ ധ്യാനത്തിലായിരുന്നു. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ന്നെ പല സോഫ്‌റ്റ്‌വെയറുകളും അത്യാവശ്യം ഹാര്‍ഡ്‌വെയറും ഏതാണ്ട്‌ വിദഗ്‌ദ്ധമായിത്തന്നെ കെകാര്യം ചെയ്യാന്‍ വേണ്ടത്ര പരിജ്ഞാനം ആര്‍ജ്ജിക്കാന്‍ ഈ  ധ്യാനം കൊണ്ട്‌ എനിക്കു കഴിഞ്ഞു. വെകാതെ മനസ്സിലായി, ഞാന്‍ ഉപയോഗിക്കുന്ന ആല്‍ഡസ്‌ പേജ്‌മേക്കറും വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഒക്കെ മോഷ്ടിക്കപ്പെട്ട പതിപ്പുകളാണെന്ന്‌. കമ്പ്യൂട്ടര്‍ ഷോപ്പുകാരോട്‌ അതേപ്പറ്റി ചോദിച്ചപ്പോള്‍ “”അതു  പൈറേറ്റഡ്‌ ആണ്‌, അതിനെന്താ കുഴപ്പം, ആരും പിടിക്കാനൊന്നും വരില്ല, മറ്റുള്ളവരും ഇതു തന്നെയല്ലേ ഉപയോഗിക്കുന്നത്‌” എന്നിങ്ങനെയുള്ള മറുപടിയാണ്‌ കിട്ടിയത്‌. പൈറേറ്റഡ്‌ എന്ന വാക്ക് കേട്ടപ്പോള്‍ ടോം സോയറിന്റെ കൊള്ളസംഘം പോലെ അതിസാഹസികമായ എന്തോ ഏര്‍പ്പാട് പോലെ ആണ്  എനിക്ക് തോന്നിയത്.

ആയിടെയാണ്‌ ഗ്നു/ലിനക്‌സ്‌ *1 എന്നൊരു ഒപ്പറേറ്റിംഗ്‌ സിസ്റ്റം ഉണ്ടെന്നും പലവിധ ആവശ്യങ്ങള്‍ക്കുള്ള നിരവധി സൗജന്യ / സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ അതിലടങ്ങിയിട്ടുണ്ടെന്നും ഒക്കെ ഞാന്‍ അറിയുന്നത്‌. എന്നോട്‌ ഇത്‌ ആവേശത്തോടെ സംസാരിച്ച സുഹൃത്തിനും ഗ്നു/ലിനക്‌സിനെപ്പറ്റി*2 കൂടുതല്‍ വിശദമായി ഒന്നും അറിയില്ലായിരുന്നു. ഇന്റര്‍നെറ്റ്‌ സാവധാനം പ്രചാരത്തിലായിക്കൊണ്ടിരുന്ന കാലമായിരുന്ന അത്‌. കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പുസ്‌തകങ്ങള്‍ മാത്രമായിരുന്നു ആശ്രയം. ഒടുവില്‍ ഗ്നു/ലിനക്‌സ്‌ എന്താണെന്ന്‌ നേരിട്ടു പരീക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ ബുക്ക്‌ ഷോപ്പില്‍ ചെന്ന്‌ റെഡ്‌ഹാറ്റ്‌, മാന്‍ഡ്രയ്‌ക്ക്‌ എന്നിങ്ങനെ രണ്ടു ഡിസ്‌ട്രിബ്യൂഷനുകള്‍ പണം കൊടുത്തു വാങ്ങി. എം.പി.ത്രീ. ഫയലുകള്‍ അതില്‍ പ്ലേ ചെയ്യുന്നില്ല എന്നതായിരുന്നു അക്കാലത്തെ എന്റെ പ്രധാന പരാതി. എങ്കിലും അതിന്റെ ഇന്റര്‍ഫേസ്‌ ഡിസെന്‍, ഗ്രബ്‌, ലോഡിംഗ്‌ രീതി അങ്ങനെ പല ഫീച്ചറുകളും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. പല യുണീക്‌സ്‌ കമാന്റുകളും ചെറുതായി പഠിച്ചുതുടങ്ങി. ഫ്രീസോഫ്‌റ്റ്‌വെയര്‍, ഓപ്പണ്‍ സോഴ്‌സ്‌, കോപ്പിലെഫ്‌റ്റ്‌, റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍, ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌, ഇയാന്‍ മര്‍ഡോക്ക്‌ എന്നിങ്ങനെ കുറേ പേരുകളും പദാവലികളും വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചുതുടങ്ങി. ഡിജിറ്റല്‍ ഫ്രീഡം എന്ന ആശയം എന്നെ ഹരം കൊള്ളിച്ചു.

ഗ്നൂ/ലിനക്‌സിലേയ്‌ക്ക്‌ ചുവടുമാറിയതു മുതല്‍ ഒരു സ്വതന്ത്രതാബോധം എനിക്കു കെവന്നു. “”ഇത്‌ എന്റെ സ്വന്തമെന്നതുപോലെ എല്ലാവരുടേയും സ്വന്തമാണ്‌” എന്ന ഗ്നു സമത്വദര്‍ശനം എന്നെ കൂടുതല്‍ ക്രിയേറ്റീവ്‌ ആകാന്‍ സഹായിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, ചിലര്‍ ഗ്നു/ലിനക്‌സിനെ സമീപിക്കുന്നത്‌ ആന്റി പെറസി സ്‌ക്വാഡ്‌ വന്നു വിരട്ടിക്കഴിയുമ്പോള്‍ അവരോടുള്ള പ്രതികാരബുദ്ധി നിമിത്തവും മറ്റുമൊക്കെയാണ്‌. അല്ലെങ്കില്‍ അത് സൌജന്യം ആണ് എന്ന കാരണം കൊണ്ടാണ്. (എല്ലാവരും അല്ല കേട്ടോ, എനിക്കറിയാവുന്ന ചിലര്‍ മാത്രം. എങ്കിലും അവരോടും എനിക്ക് ബഹുമാനമുണ്ട്, പതിയെ അവര്‍ സ്വാതന്ത്ര്യത്തിന്റെ മഹത്വം മനസ്സിലാക്കും എന്നത് കൊണ്ട്!) വാസ്‌തവത്തില്‍ ഗ്നുവിന്റെ സ്വതന്ത്ര ദര്‍ശനം മനസ്സിലാക്കി അതിനെ നെഞ്ചോടു ചേര്‍ക്കുന്നവരോടാണ്‌ എനിക്ക്‌ ഏറെ ബഹുമാനം. ആ ദര്‍ശനം ഉള്‍ക്കൊണ്ടാല്‍, തീര്‍ച്ച, ആരായാലും അതിനെ സാവധാനം സ്‌നേഹിച്ചു തുടങ്ങും. ലോകമാകമാനമുള്ള പ്രതിഭാശാലികളായ  പ്രോഗ്രാമര്‍മാര്‍ തങ്ങളുടെ സഹജീവികള്‍ക്കായി അവരുടെ സ്വാതന്ത്ര്യത്തിനും നന്മയ്‌ക്കുമായി എഴുതുന്ന പ്രോഗ്രാമുകളാണ്‌ ഗ്നു/ലിനക്‌സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അത്‌ ഉപയോഗിക്കുമ്പോള്‍ എവിടെയോ മറഞ്ഞുകിടക്കുന്ന നമ്മുടെ സാമൂഹ്യബോധം, സ്വാതന്ത്ര്യബോധം ഒക്കെ ഉണരും; ഉണരണം. അതാണ്‌ യഥാര്‍ത്ഥ ഗ്നു ദര്‍ശനം.
വൈറസ്‌ വിമുക്തം, സൗജന്യം, കൂടുതല്‍ സുരക്ഷിതത്വം എന്നിങ്ങനെ ഒരു നൂറുകൂട്ടം മേന്മകള്‍ ഗ്നു/ലിനക്‌സിനെപ്പറ്റി പറയാനുണ്ടെങ്കിലും അത്‌ ഉയര്‍ത്തുന്ന സാമൂഹ്യ വീക്ഷണവും സ്വാതന്ത്ര്യ ബോധവുമാണ്‌ നാം ഏറ്റവുമധികം മാനിക്കേണ്ടതും നെഞ്ചോടു ചേര്‍ത്തുപിടിക്കേണ്ടതും. അറിവ്‌ പങ്കുവയ്‌ക്കാനുള്ളതാണെന്ന മഹനീയ ദര്‍ശനം ഗ്നു/ലിനക്‌സിന്റെ / സ്വതന്ത്ര  സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിലൂടെ നമ്മില്‍ താനേ വളര്‍ന്നുകൊള്ളും. അറിവിനെ മൂടിവച്ചുകൊണ്ട്‌ അതിനെ വെറുമൊരു വില്‍പ്പനച്ചരക്കായി മാറ്റുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ മനോഭാവം പോലും അത്തരത്തില്‍ വികലമായേക്കാം.
ഭാരിച്ച വിലകൊടുത്തോ, അതല്ലെങ്കില്‍ മോഷ്ടിച്ചോ നാം ഉപയോഗിക്കുന്ന പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകളേക്കാള്‍ പലപ്പോഴും അനേകമടങ്ങ്‌ മികവാര്‍ന്നതായിരിക്കാം സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍. അതുകൊണ്ടാണ്‌ മൊസില്ല, നെറ്റ്‌സ്‌കേപ്പ്‌ തുടങ്ങിയ സ്വതന്ത്ര ബ്രൗസറുകളും അപ്പാച്ചേ പോലുള്ള വെബ്‌ സര്‍വ്വറുകളും, മൈഎസ്‌ക്യൂഎല്‍ തുടങ്ങിയ ഡാറ്റാബേസ്‌ സോഫ്‌റ്റ്‌വെയറുകളും ഇന്നും അജയ്യമായി തുടരുന്നത്‌. ദിനം പ്രതി അത്തരം സ്വതന്ത്ര സംരംഭങ്ങള്‍ക്ക്‌ ഉപയോക്താക്കള്‍ കൂടുകയാണ്. ലിനക്‌സ്‌ ഗസറ്റിന്റെ പഴയൊരു പതിപ്പില്‍ വായിച്ചതോര്‍ക്കുന്നു, തൊണ്ണൂറുകളുടെ അവസാനത്തോടെ നെറ്റ്‌സ്‌കേപ്പ്‌ അതിന്റെ സോഴ്‌സ്‌കോഡ്‌ പുറത്തു വിട്ട്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ത്തന്നെ ഒരു പറ്റം ഓസ്‌ട്രലിയന്‍ ഹാക്കര്‍മാര്‍ അതിന്റെ സെക്യൂരിറ്റി സംവിധാനം വളരെ ഉയര്‍ന്ന തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്‌ കോഡ്‌ പരിഷ്‌കരിച്ചു എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളുടെ കരുത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലൊന്നാണ്‌ ഇത്‌. ഒരു പ്രോഗ്രാമര്‍ വികസിപ്പിച്ചെടുത്ത ഒരു സോഫ്‌റ്റ്‌വെയറിന്റെ സോഴ്‌സ്‌കോഡ്‌ പുറത്തു വിടുമ്പോള്‍ അതില്‍ തല്‍പ്പരരായ ഇതര പ്രോഗ്രാമര്‍മാരുടെ കൂട്ടായ്‌മ അതിന്റെ പോരായ്‌കകള്‍ കണ്ടെത്തി അതിനെ പരിഷ്‌കരിച്ചു മികവുറ്റതാക്കുന്ന പൊതുരീതിയാണ്‌  ഫ്രീ/ഓപ്പണ്‍ സോഴ്‌സ്‌ കമ്മ്യൂണിറ്റി അവലംബിക്കുന്നത്‌.

പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ ഒരു സാമൂഹ്യ ബദല്‍

ഗ്നു/ലിനക്‌സ്‌ എന്ന സാമൂഹ്യ, സ്വതന്ത്ര ബദല്‍ എന്ന ഒന്ന്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ ഐ.ടി. രംഗത്തിന്റെ അവസ്ഥ എത്രമാത്രം ഭീകരമാകുമായിരുന്നു! (അങ്ങനെയല്ലായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നു എന്ന മട്ടിലുള്ള ഒരു വെറും സാധാരണ പ്രയോഗമായി ഇതിനെ കാണരുത്‌.) പലപ്പോഴും പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വരെ ഓപ്പണ്‍ സോഴ്‌സ്‌ കോഡുകള്‍ അവലംബിച്ച്‌ തങ്ങളുടെ കോഡിനെ പരിഷ്‌കരിക്കുന്നത്‌ ഇന്ന്‌ സര്‍വ്വ സാധാരണമാണ്‌. അങ്ങനെ നോക്കുമ്പോള്‍ പല പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയര്‍ പ്രൊഡക്ടുകളുടേയും ഇന്നു കാണുന്ന മികവിന്‌ ഒരു വലിയ പരിധി വരെ ഫ്രീ/ഓപ്പണ്‍ സോഴ്‌സ്‌ സമൂഹത്തിന്റെ സംഭാവനയും ചെറുതല്ല. കിസ്‌ പ്രിന്‍സിപ്പിള്‍ (Keep it simple, Stupid!) സോഫ്‌റ്റ്‌വെയറുകളില്‍ വ്യാപകമായി കൊണ്ടു വരപ്പെട്ടതിനു പിന്നിലും ഒരു ഫ്രീ/ഓപ്പണ്‍ സോഴ്‌സ്‌ സ്വാധീനം കാണാം. പല പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകളിലും പകര്‍പ്പവകാശ സംരക്ഷണത്തിനും, ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനും മറ്റുമൊക്കെയായി ഒട്ടേറെ കോഡുകള്‍ എഴുതപ്പെട്ടിരിക്കും. കമ്പ്യൂട്ടറിന്റെ വിലയേറിയ മെമ്മറി റിസോഴ്‌സുകള്‍ നമ്മെ സ്വയം നിയന്ത്രിക്കാന്‍ വേണ്ടി നാം തന്നെ ഉപയോഗിക്കുന്നത്‌ എത്ര മാത്രം ബുദ്ധിശൂന്യമായിരിക്കും! (പ്രൊപ്രൈറ്ററി ഓഫീസ്‌ പാക്കേജുകളും ഓപ്പണ്‍ ഓഫീസ്‌ പാക്കേജുകളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുന്നത്‌ നന്നായിരിക്കും. രണ്ടിന്റേയും ഇന്‍സ്റ്റലേഷന്‍ ഫയലുകള്‍ തമ്മില്‍ വലിപ്പത്തിലുള്ള വ്യത്യാസം ഇന്‍സ്റ്റാള്‍ ചെയ്‌തതിനു ശേഷം വരുന്ന ഫയല്‍ സെസിലുള്ള വ്യത്യാസം, സിസ്റ്റം ലോഡ്‌ തുടങ്ങിയവ സ്വയം പരിശോധിച്ചു ബോധ്യപ്പെടുക.) ഇത്തരത്തില്‍ ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന അധിക കോഡിംഗ്‌ ഒരിക്കലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളില്‍ ഉണ്ടാവുകയുമില്ല.
സാമ്പത്തികമായ വശമാണ്‌ അടുത്തത്‌. സോഫ്‌റ്റ്‌വെയര്‍ പെറസി വ്യാപകമായതോടെ അതിനെ നിയന്ത്രിക്കാന്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയര്‍ കമ്പനികള്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വെണ്ടര്‍മാരുമായി കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഹാര്‍ഡ്‌വെയര്‍ വെണ്ടര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ വില്‍ക്കുമ്പോള്‍ അത്‌ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഓപ്പറേറ്റിംഗ്‌ സിസ്റ്റമോ സോഫ്‌റ്റ്‌വെയറോ നിര്‍ബന്ധമായും കൊടുത്തിരിക്കണം എന്നത്‌ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട തത്വമായിതീര്‍ന്നു. ഒരു പ്രത്യേക പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയര്‍ കമ്പനികള്‍ ഇറക്കുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റം മാത്രമേ തങ്ങള്‍ക്കു നല്‍കാന്‍ കഴിയൂ എന്നും അതിന്റെ വില ഉപഭോക്താവു നല്‍കണം എന്നുമൊക്കെ ചില ഹാര്‍ഡ്‌വെയര്‍ വെണ്ടര്‍മാര്‍ അവകാശപ്പെടാനും ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനുമൊക്കെ തുടങ്ങി. പ്രമുഖ പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്‌റ്റ്‌ ചില കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളുമായി ഉണ്ടാക്കിയ അത്തരമൊരു ഉടമ്പടി ചില ഫ്രഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയില്‍ ചോദ്യം ചെയ്‌ത്‌ അനുകൂല വിധി സമ്പാദിച്ചത്‌ സമീപകാല ചരിത്രം. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഹാര്‍ഡ്‌വെയറിനൊപ്പം നല്‍കാവൂ എന്നായിരുന്നു മൈക്രോസോഫ്‌റ്റും ഹാര്‍ഡ്‌വെയര്‍ വെണ്ടറുമായുള്ള ഉടമ്പടി.
ഇത്തരം കമ്പനികള്‍ ഇറക്കുന്ന സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വിലമൂലം സാധാരണക്കാരന്‌ അവ അപ്രാപ്യമായിത്തീര്‍ന്നു. അല്ലെങ്കില്‍ ഭാരിച്ച വില കൊടുത്തു ഉപയോഗിക്കാന്‍ അവന്‍ നിര്‍ബന്ധിതനായി. പക്ഷേ സാമൂഹ്യപ്രതിബദ്ധതയുള്ള ചില കമ്പനികളെങ്കിലും ഗ്നു/ലിനക്‌സ്‌ പോലുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഹാര്‍ഡ്‌വെയറിനൊപ്പം നാമമാത്രമായ ഇന്‍സ്റ്റലേഷന്‍ ഫീ മാത്രം നല്‍കി ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ തയ്യാറായി. കുത്തക സോഫ്‌റ്റ്‌വെയര്‍ കമ്പനികളുടെ വിപണി അധീശത്വങ്ങള്‍ക്ക്‌ തടയിടാന്‍ ഒരു പരിധി വരെ കാരണമായത്‌ ഇത്തരം നീക്കങ്ങള്‍ സാധ്യമാക്കിയ ഫ്രീ/ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌റ്റ്‌വെയര്‍ കമ്മ്യൂണിറ്റി ആണെന്ന്‌ സമ്മതിക്കാതെ തരമില്ല. കാരണം ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം പ്രഖ്യാപിക്കുന്നത്‌ മായം ചേര്‍ക്കാത്ത സമ്പൂര്‍ണ്ണ സോഫ്‌റ്റ്‌വെയര്‍ സോഷ്യലിസമാണ്‌;കറ തീര്‍ന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യമാണ്.

അടിക്കുറിപ്പ്

  1. സൌജന്യം എന്ന അര്‍ത്ഥത്തിലാണ് ആദ്യമായി ഞാന്‍ ഗ്നു/ലിനക്സിനെ മനസ്സിലാക്കിയത്, പിന്നീടാണ് സ്വതന്ത്രം എന്ന അര്‍ഥം തിരിച്ചറിഞ്ഞത്.
  2. ലിനക്സ്‌ എന്ന് മാത്രമാണ് മേല്‍പ്പറഞ്ഞ ആള്‍ എന്നോട് പറഞ്ഞതും! വെറുതെ ഗ്നു എന്ന് പറയുന്നത് ശരിയല്ല എന്ന റിച്ചാര്‍ഡ്‌ സ്ടാള്‍മാന്റെ സ്നേഹപൂര്‍വ്വമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ഇപ്പോള്‍ ഗ്നു എന്ന്  കൂട്ടി ചേര്‍ക്കുന്നത്.

2 thoughts on “ഗ്നു/ലിനക്‌സിലേയ്‌ക്കുള്ള ചുവടുമാറ്റം

  1. Thanks, I got little knowledge about this. I expect more from you.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )