മാനവീയം ടെക്നോളജീസിന്റെ ആദ്യ വാർഷിക യോഗം

മാനവീയം ടെക്നോളജീസിന്റെ ആദ്യ വാർഷിക യോഗം 2013 മാർച്ച്‌ 9 നു നടന്നു. 2012 ഫെബ്രുവരി അവസാനമായിരുന്നു മാനവീയം ആരംഭിച്ചതു. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും ഇതര ഹാര്‍ഡ് വെയറുകളും ഇവയുടെ സമ്പൂര്‍ണ്ണ സേവനങ്ങളും ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനവീയം ടെക്നോളജീസ് ലഭ്യമാക്കുന്നത്. വ്യക്തിഗത ഉപയോക്താക്കള്‍ക്കൊപ്പം സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മികച്ച ഹാര്‍ഡ് വെയര്‍ / സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളും കണ്‍സള്‍ട്ടന്‍സിയും നല്‍കാന്‍ മാനവീയം സജ്ജമാണ്. പിന്നിട്ട വർഷത്തിൽ വ്യക്തിഗത ഉപയോക്താക്കൾക്കുള്ള ലാപ്ടോപ്പുകൾക്ക് പുറമേ കോര്‍പ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ട സെർവർ സൊല്യൂഷനുകൾ തൃപ്തികരമായ വിധത്തിൽ നല്കാനും മാനവീയത്തിനു കഴിഞ്ഞു. വരും വർഷത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനമെടുത്തു യോഗം പിരിഞ്ഞു.

മാത്യു ചാക്കോ, സമീർ മൊഹമ്മദ്‌ താഹിർ, ശ്രീകാന്ത് ഉണ്ണി, ഐ.ബി. മനോജ്‌ പിന്നെ ഈയുള്ളവനും യോഗത്തിൽ സംബന്ധിച്ചു. ഉദ്ദേശം 11 മണിക്ക് തുടങ്ങിയ യോഗം വൈകീട്ട് 6.00 മണിയോടെയാണ് സമാപിച്ചത്.

പേരിനു പിന്നില്‍

ചില പേരുകള്‍ കേട്ടാല്‍ മറക്കാനേ കഴിയില്ല എന്നാല്‍ ചില പേരുകള്‍ ഓര്‍ത്തിരിക്കാനാണ് പ്രയാസം. ചില പേരുകള്‍ കേട്ടാല്‍ ചൊറിച്ചിലാവും വരിക. എന്നാല്‍ മറ്റു ചില പേരുകളുണ്ട് – ആദ്യം കേള്‍ക്കുമ്പോള്‍ ഒന്നും തോന്നില്ല ചിലപ്പോള്‍ ഓര്‍ത്തിരിക്കാം അല്ലെങ്കില്‍ മറന്നേക്കാം. പക്ഷെ ഒരു കൌതുകത്തിന് ആ പേരിന്റെ പിന്നാലെ ഒന്ന് പോയി നോക്കൂ, ചിലപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുക വിചിത്രവും അത്ഭുതകരവുമായ ചരിത്രങ്ങളാവും – അതറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒരു ജന്മം മുഴുവനും ആ പേര് മറക്കില്ല.

ഗ്നു സിസ്റ്റത്തിലെ ചില ഘടകങ്ങളുടെ പേരുകള്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്യാന്‍ പ്രേരണ നല്‍കിയത്. ഗ്നു സിസ്റ്റവുമായി പരിചയപ്പെട്ട ആദ്യകാലങ്ങളില്‍ ഒരു പേരുകളും കാര്യമായി ശ്രദ്ധിച്ചിട്ട് പോലുമില്ലായിരുന്നു – എല്ലാം പുതിയവ. അങ്ങനെ പരിചയം ഒരു സൌഹൃദമായി കഴിഞ്ഞപ്പോള്‍ മാത്രമാണ് വ്യത്യസ്തമായ ഈ പേരുകള്‍ക്ക് പിന്നിലുള്ള ചരിത്രം പരതാന്‍ ഇറങ്ങിയത്‌. “ഗ്നു” എന്ന പേര് ആദ്യമൊക്കെ ചുമ്മാ “നു” എന്ന് മാത്രമായിരുന്നു ഉച്ചരിച്ചത്. “ജി” സൈലന്റ് അല്ല എന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ചു കാലം വേണ്ടി വന്നു.

ബാഷ്

ഗ്നു പ്രൊജെക്ടിനു വേണ്ടി ബ്രയാന്‍ ഫോക്സ് എഴുതിയുണ്ടാക്കിയ യൂനിക്സ് ഷെല്‍ ആണ് ബാഷ്. മുന്‍ഗാമിയായ ബോണ്‍ ഷെല്ലിനു പകരമായാണ് ബാഷ് എഴുതപ്പെട്ടത്. ബാഷ് – കേള്‍ക്കാന്‍ സുഖമുള്ള പേര് -അതില്‍ കവിഞ്ഞു മറ്റൊന്നും തന്നെ തോന്നിയിരുന്നില്ല. തൊഴിക്കുക, അടിക്കുക, പാര്‍ട്ടി നടത്തുക തുടങ്ങിയ അര്‍ത്ഥങ്ങളുമായി എന്ത് ബന്ധം എന്ന് അന്വേഷിച്ചപ്പോള്‍ മാത്രമാണ് ബാഷ് എന്നത് ഒരു അക്രൊനിം  ആണ് എന്ന വസ്തുത അറിയാന്‍ കഴിഞ്ഞത്. ബാഷ് എന്നാല്‍ ബോണ്‍ എഗൈന്‍ ഷെല്‍ – പുനര്‍ജനിച്ച ഷെല്‍ or  വീണ്ടും ജനിച്ച ഷെല്‍ – കൊള്ളാം. ഈ ബോണ്‍ എഗൈന്‍ ഷെല്ലിലെ ബോണ്‍ എന്നത് ഇംഗ്ലീഷ് ഭാഷയിലെ BORN അല്ല BOURNE ആണ് എന്ന് മനസ്സിലാക്കാന്‍ പിന്നെയും കുറെ നാളുകള്‍ കൂടി വേണ്ടി വന്നു. ഈ BOURNE ആകട്ടെ, സ്റ്റീഫന്‍ ആര്‍ ബോണ്‍ എന്ന ഇംഗ്ലീഷുകാരന്റെ പേരിന്റെ ഭാഗമാണെന്നും. BOURNE ഷെല്ലിനെ അധികരിച്ച് അതിനു പകരം നില്‍ക്കാന്‍ എഴുതപ്പെട്ട ഈ പ്രോഗ്രാമിന് പേര് കൊടുത്ത വ്യക്തി തീര്‍ച്ചയായും ഒരു കവി തന്നെ, സംശയമില്ല. എത്ര ഭംഗിയായി അര്‍ഥം ധ്വനിപ്പിക്കാന്‍ അതിനു കഴിയുന്നു? കെന്‍ തോംസണ്‍ എഴുതിയ THOMSON ഷെല്ലിനെ അധികരിച്ചാണ് സ്റ്റീഫന്‍ ബോണ്‍, ബോണ്‍ ഷെല്‍ എഴുതിയത്. THOMSON ഷെല്‍ ,  BOURNE ഷെല്‍ – ഈ രണ്ടു പേരുകളും തികച്ചും സാധാരണമായ പേരുകള്‍ തന്നെ, പക്ഷെ ബാഷ് അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വിരാജിക്കുന്നു.

സാംബ

യൂനിക്സ് / യൂനിക്സ് സമാന സിസ്റ്റങ്ങളില്‍ നിന്ന് വിന്‍ഡോസ് / മാക് ഐഓഎസ്  തുടങ്ങിയ ഇതര സിസ്ടങ്ങളിലേക്ക് ഫയലുകളും പ്രിന്റുകളും ഷെയര്‍ ചെയ്യാന്‍ സാധ്യമാക്കുന്ന പ്രോടോകോള്‍ ആണ് സാംബ. മിക്കവാറും ഗ്നു/ലിനക്സില്‍ അടക്കം എല്ലാ യൂനിക്സ് സമാന സിസ്റ്റങ്ങളിലും സാംബ ഉണ്ടായിരിക്കും. കേള്‍ക്കുമ്പോള്‍ തികച്ചും ഇമ്പം തോന്നുന്ന പേരാണ് സാംബ. ബ്രസീലിയന്‍ നൃത്തത്തിന്റെ താളം മനസ്സില്‍ വരുന്നോ? സാംബ സെര്‍വറിന് ഈ പേര് എങ്ങനെ കിട്ടി? സാംബ എഴുതിയുണ്ടാക്കിയത് ആസ്ത്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ അന്ദ്ര്യൂ ട്രിഡ്ഗെല്‍ ആണ്. സാംബയുടെ ആദ്യ പേര്  “a Unix file server for Dos Pathworks” എന്നായിരുന്നു. പിന്നീട് വെര്‍ഷന്‍ 1.5 ആയപ്പോള്‍ പേര് പിന്നെയും പരിഷ്കരിച്ചു “smbserver” എന്നാക്കി. പക്ഷ Syntax എന്ന ഒരു കമ്പനി വളരെ മുമ്പേ തന്നെ “smbserver” എന്ന പേര് ട്രേഡ് മാര്‍ക്ക്‌ ചെയ്തിരുന്നത് അന്ദ്ര്യൂ ട്രിഡ്ഗെല്ലിനു വിനയായി. പേരിലെ smb എന്ന അക്ഷരങ്ങള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അത് കൊണ്ട് എസ്, എം, ബി ഈ ഇംഗ്ലീഷ് അക്ഷരങ്ങള്‍ അതെ ക്രമത്തില്‍ വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ അദ്ദേഹം കണ്ടെത്തി. നാളുകളുടെ ശ്രമഫലമായിട്ടൊന്നുമല്ല, ലളിതമായ ഒരു കമ്പ്യൂട്ടര്‍ തിരച്ചില്‍ കൊണ്ടാണ് അദ്ദേഹം ഈ പേര് തെരഞ്ഞെടുത്തത്. യൂനിക്സ് സമാന സിസ്റ്റങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഗ്രെപ്  എന്ന യൂട്ടിലിട്ടി ഉപയോഗിച്ചാണ് അദ്ദേഹം ഇത് സാധിച്ചത്. ഗ്നു/ലിനക്സ്‌ കമാന്‍ഡ് കണ്‍സോളില്‍ താഴെ കൊടുത്തിരിക്കുന്ന കമാന്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ഈ റിസള്‍ട്ട്‌ ലഭിക്കും

grep -i '^s.*m.*b' /usr/share/dict/words

ഗ്രെപ്പേ “s” എന്ന ലെറ്ററിൽ തുടങ്ങുന്ന പിന്നിൽ “m”,”b” എന്നീ ലെറ്ററുകൾ ക്രമമായി വരുന്ന വാക്കുകൾ /usr/share/dict/words എന്ന ഫയലിൽ നിന്ന് കണ്ടു പിടിയ്ക്കൂ എന്നാണു ഈ കമാന്റിന്റെ അർഥം

ഓര്‍ത്തു നോക്കൂ, എസ്.എം.ബി. എന്നതിനേക്കാള്‍ എത്രയോ കാവ്യാത്മകായ പേരാണ് സാംബ എന്ന്.

ഗിമ്പ്  / GIMP

GIMP എന്നെഴുതിയാല്‍ എങ്ങനെ ഉച്ചരിക്കണം? ജിമ്പ് എന്നോ ഗിമ്പ് എന്നോ? ഗ്നു ഇമേജ് മാനിപ്പുലേഷന്‍ പ്രോഗ്രാം എന്നാണല്ലോ GIMPന്റെ വിശദീകരണം. അങ്ങനെ വരുമ്പോള്‍ ഗ്നുവിന്റെ ആദ്യത്തെ “ഗ” തന്നെ വച്ച് വേണ്ടേ പറയാന്‍ ? എങ്കിലും പണ്ടേ പറഞ്ഞു ശീലിച്ചു പോയ ജിമ്പ് എന്ന് തന്നെയാണ് ഇപ്പോഴും ഞാന്‍ പറയുന്നത്. മുടന്തന്‍ / വികലാംഗന്‍ / കുബുദ്ധി എന്നൊക്കെ ആണ്  “ഗിമ്പ് ” എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം. കുറച്ചുകൂടി നല്ല അര്‍ത്ഥമുള്ള ഒരു അക്രോനിം തെരഞ്ഞെടുക്കാമായിരുന്നു, അല്ലേ ?

ക്രിപ്റ്റോപാര്‍ട്ടി / Cryptoparty

പ്രത്യേകിച്ച് മെയിലിംഗ് ലിസ്റ്റില്‍ വന്ന അജണ്ട ഒന്നും നോക്കാതെയാണ്‌ ഐലഗ്ഗിലെ പ്രതിമാസ മീറ്റിങ്ങിനു പോയത്. അവിടെ ചെന്നപ്പോള്‍ “ക്രിപ്റ്റോപാര്‍ട്ടി” എന്ന ഒരു ടൈറ്റില്‍ നോട്ടീസ് ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നു. എന്താണാവോ ഈ ക്രിപ്റ്റോപാര്‍ട്ടി എന്ന് അനന്തന്‍ എന്നോട് സ്വകാര്യമായി ചോദിച്ചപ്പോള്‍ വന്നിരിക്കുന്ന മറ്റുള്ളവര്‍ക്കും ക്രിപ്റ്റോപാര്‍ട്ടിയെ പറ്റി കാര്യമായ ധാരണ ഇല്ല എന്ന് മനസ്സിലായി. ജേ ജേക്കബ്‌ സാറും പുതിയൊരു കക്ഷിയുമായി എന്തോ കാര്യമായി മാറിയിരുന്നു സംസാരിക്കുന്നുണ്ട്. മീറ്റിംഗ് തുടങ്ങാന്‍ പതിവിലും താമസം. ഒടുവില്‍ സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലേര്‍ണിംഗ് സെന്റെറി (ന്യൂഡല്‍ഹി) ലെ പ്രശാന്ത്‌ സുഗതന്‍ സാര്‍ മീറ്റിംഗ് ഹാളിലേക്ക് വന്നു. ക്രിപ്റ്റോപാര്‍ട്ടി തുടങ്ങി. എന്താണ് ക്രിപ്റ്റോപാര്‍ട്ടി എന്ന് വിശദീകരിച്ചു.

എന്താണ് ക്രിപ്റ്റോപാര്‍ട്ടി / Cryptoparty?

വിശദമായ ഉത്തരം ദാ ഈ കാണുന്ന ലിങ്കുകള്‍ നിന്നൊക്കെ കിട്ടും.

    1. http://en.wikipedia.org/wiki/CryptoParty
    2. https://cryptoparty.org/wiki/CryptoParty
ക്രിപ്റ്റോപാര്‍ട്ടി

ക്രിപ്റ്റോപാര്‍ട്ടി

അധികം കാലമൊന്നും ആയിട്ടില്ല, ഈ കഴിഞ്ഞ വര്‍ഷം  ഓസ്ട്രേലിയയില്‍ ആണ് ആഷര്‍ വോള്‍ഫ് എന്ന ഓണ്‍ലൈന്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചത്. ടോര്‍ പ്രൊജക്റ്റ്‌ എങ്ങനെ ഉപയോഗിക്കാം, പീജീപീ (പ്രെറ്റി  ഗുഡ് പ്രൈവസി), ജീപീജീ (ഗ്നുപീജീ -ഗ്നു പ്രൈവസി ഗാർഡ്‌) തുടങ്ങിയ ഡാറ്റ എന്‍ക്രിപ്ഷന്‍ മാർഗ്ഗങ്ങൾ ഇമെയിലുകളില്‍ എങ്ങനെ ഉപയോഗിക്കാം എന്നൊക്കെ സാധാരണക്കാര്‍ക്കു മുമ്പില്‍ (ഗ്നു/ലിനക്സ്‌ ഗീക്കുകള്‍ക്ക് മാത്രമല്ല, എല്ലാ സാദാ ജനത്തിനു മുമ്പിലും) അവതരിപ്പിക്കുകയാണ് ക്രിപ്റ്റോപാര്‍ട്ടിയുടെ ലക്‌ഷ്യം. ഫേസ്ബുക്കില്‍ എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം, എന്തൊക്കെ അപ്ഡേറ്റ് ചെയ്യരുത് തുടങ്ങിയ തികച്ചും ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ഇത്തരം പാര്‍ട്ടികളില്‍ ചര്‍ച്ചാവിഷയം ആകാം എന്നും പ്രശാന്ത്‌ പറഞ്ഞു. അനോണിമസ് ആകാന്‍ നിയമപരമായി ഓരോരുത്തര്‍ക്കും അവകാശം ഉണ്ട്. പക്ഷെ ഒരാളുടെ അറിവില്ലായ്മ മൂലം അയാള്‍ക്ക് ആ അവകാശം ലഭിക്കുന്നില്ല; പക്ഷെ തങ്ങള്‍ തിരിച്ചറിയപ്പെടാം എന്ന് അയാള്‍ തിരിച്ചറിയുന്നുമില്ല. തന്നെ ആരും തിരിച്ചറിയുന്നില്ല എന്ന തെറ്റായ വിശ്വാസം മൂലം പലരും അവര്‍ അറിയാതെ ട്രാക്ക് ചെയ്യപ്പെടുന്നു. ഇവിടെയാണ്‌ ക്രിപ്റ്റോപാര്‍ട്ടി നിങ്ങളുടെ അവകാശങ്ങളെ പറ്റി നിങ്ങള്‍ക്ക് അവബോധം നല്‍കുന്നത്. ഉദാഹരണത്തിന് രണ്ടു വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു ഇമെയില്‍ വിനിമയത്തിനിടയില്‍ നിന്ന് വേണമെങ്കില്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് ഡാറ്റ ചോര്‍ത്താം. പക്ഷെ അത് എന്‍ക്രിപ്റ്റഡ് ആണെങ്കില്‍ അതു ചോർത്തുന്നത്‌ എളുപ്പമാവില്ല. അനോണിമസ് ആയിരിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായി അവകാശം ഉണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അല്ല; ന്യായമായ അവകാശങ്ങള്‍ മാത്രമാണ് ഇവിടെ പ്രസ്താവിക്കപ്പെടുന്നത്. തങ്ങളുടെ അധികാര പരിപാലനത്തിനായി പല സര്‍ക്കാരുകളും പൌരന്മാരുടെ വാര്‍ത്താവിനിമയ രേഖകള്‍ ചോര്‍ത്തുന്നത്‌ ഇന്ന് ലോകത്തില്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു.

എന്തായാലും ടോര്‍ പ്രൊജെക്ടിനെ പറ്റിയും ഇ മെയില്‍ എന്‍ക്രിപ്ഷനെ പറ്റിയും ഒക്കെ വിവരം തന്ന ക്രിപ്റ്റോപാര്‍ട്ടി എല്ലാവര്‍ക്കും വളരെ ആസ്വാദ്യമായി എന്ന കാര്യത്തില്‍  സംശയമില്ല.