ഡയസ്പോറ

സ്വകാര്യതയെ വിലമതിക്കുന്ന എനിക്കറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർ സോഷ്യൽ മീഡിയകളിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നുണ്ട്. ഫേസ്ബുക്ക്‌, ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാരുടെ കൈവശം ഇരിക്കുന്ന നമ്മുടെ സ്വകാര്യ ഡാറ്റ അവർ എപ്രകാരം ഉപയോഗിക്കുമെന്നതു സംബന്ധിച്ച് നമുക്കാർക്കും യാതൊരു വ്യക്തതയില്ല. സത്യം. പക്ഷെ നമുക്ക് സമൂഹത്തിൽ നിന്ന് എത്ര കാലം ഒളിച്ചിരിക്കാനാവും? സ്വകാര്യത സംരക്ഷിക്കുന്ന – അതിനെ ഏറെ ബഹുമാനിക്കുന്ന സോഷ്യൽ മീഡിയകൾ ഇവിടെ ഉണ്ടോ? ഭാഗ്യവശാൽ ഉണ്ട്.

ഡയസ്പോറ

ഡയസ്പോറ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മയാണ്. വികേന്ദ്രീകൃതം | സ്വതന്ത്രം | സ്വകാര്യം – ഈ മൂന്ന് വാക്കുകൾ കൊണ്ട് ഡയസ്പോറയെ നിർവ്വചിക്കാം. ഇതര സാമൂഹ്യ കൂട്ടായ്മ സൈറ്റുകളിലൂടെ നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവരുടെ ഭീമൻ കേന്ദ്ര സെർവറുകളിൽ സൂക്ഷിക്കുമ്പോൾ ഡയസ്പോറയിൽ നിങ്ങൾ ചേർക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങളുടെ സ്വന്തം സെർവറിൽ പൂർണ്ണ നിയന്ത്രണത്തോടെ സൂക്ഷിക്കാം. ഡയസ്പോറ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു സെർവറിനെ പോഡ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ അനേകം പൊതു പോഡുകൾ ലഭ്യമാണ്. വേണമെങ്കിൽ നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ തന്നെ ഡയസ്പോറയുടെ ഒരു പോഡ് ഹോസ്റ്റ് ചെയ്തു നിങ്ങളുടെ ഡാറ്റയെ പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടു വരാം. സ്വകാര്യതയുടെ അതിർവരമ്പുകൾ ഡയസ്പോറയോളം പരിപാലിക്കുന്ന മറ്റൊരു ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മകളും ഇന്ന് നിലവിലില്ല. നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത പക്ഷം ഡയസ്പോറയിൽ യഥാർത്ഥ വ്യക്തിത്വം പൂർണ്ണമായും മറച്ചു വയ്ക്കാവുന്നതുമാണ്.

ഡയസ്പോറ ലോഗോ.

ഡയസ്പോറ ലോഗോ. ഒരു ചെറിയ ഭൂവിഭാഗത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരൊറ്റ മൂലവംശത്തിൽ പെട്ട ജനാവലി എന്നാണു ഡയസ്പോറ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം.

രണ്ടായിരത്തി പത്തിൽ ന്യൂ യോർക്ക്‌ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ഇല്യ ഴിറ്റൊമിർസ്കി, ഡാൻ ഗ്രിപ്പി, മാക്സ് സാൽസ്ബർഗ്ഗ്, റാഫേൽ സോഫേർ എന്നിവർ ചേർന്നാണ് ഡയസ്പോറ പദ്ധതിയ്ക്ക് തുടക്കമിട്ടത് (ഇവരിൽ ഇല്യ ഴിറ്റൊമിർസ്കി തന്റെ 22 ആമത്തെ വയസിൽ  2011 നവംബർ 12നു ആത്മഹത്യ ചെയ്തു. ഡയസ്പോറ പദ്ധതി ഏൽപ്പിച്ച മാനസിക സമ്മർദ്ദം ആണ് ഇല്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു). കേന്ദ്രീകൃതമായ സാമൂഹ്യ കൂട്ടായ്മാ സൈറ്റുകൾ ഉപയോക്താക്കൾക്കെതിരെ ചാരപ്പണി ചെയ്യുകയും അവരെ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്യുന്നു. ഇതിനൊരു ബദലായിട്ടാണ് വികേന്ദ്രീകൃത സ്വഭാവത്തോടെയുള്ള സാമൂഹ്യ കൂട്ടായ്മാ പദ്ധതി ഈ നാൽവർ സംഘം വിഭാവനം ചെയ്തത്. ഈ സാമൂഹ്യ കൂട്ടായ്മയുടെ അടിസ്ഥാനം സ്വകാര്യതയും. ഇതിനായി വെറും പതിനായിരം ഡോളർ മാത്രം പ്രതീക്ഷിച്ചു നടത്തിയ ക്രൌഡ് ഫണ്ടിംഗിൽ വെറും പന്ത്രണ്ടു ദിവസം കൊണ്ട് പിരിഞ്ഞത് രണ്ടു ലക്ഷം ഡോളർ ആയിരുന്നു. ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന പ്രബുദ്ധ ജനത എത്ര മാത്രം അവരുടെ സ്വകാര്യതയെ പറ്റി അവബോധമുള്ളവരായിരുന്നുവെന്നു ഈ ഫണ്ടിംഗ് വിജയ ചരിത്രം വിളിച്ചോതുന്നു. 2010 നവംബർ മാസത്തോടെ ഡയസ്പോറയുടെ ആദ്യപോഡ് പ്രവർത്തന സജ്ജമായി.

ഉപയോഗ / പ്രവർത്തന രീതികൾ

കുറെയേറെ പോഡുകളുടെ ഓരോ പീർ-ടു-പീർ നെറ്റ്‌വർക്ക് ആണ് ഡയസ്പോറ. സ്വന്തം പോഡ് സജ്ജീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ നിങ്ങൾ അംഗത്വം എടുക്കുക. ഉദാഹരണത്തിന് https://poddery.com എന്ന പൊതു പോഡിൽ ആണ് നിങ്ങൾ അംഗത്വം എടുത്തിരിക്കുന്നതെന്ന് കരുതുക. എന്റെ അക്കൗണ്ട്‌ ഒരു പക്ഷെ https://joindiaspora.com എന്ന പൊതു പോഡിൽ ആയിരിക്കും, അല്ലെങ്കിൽ എന്റെ സ്വന്തം വീപീയെസ്സിൽ ഞാൻ സജ്ജീകരിച്ച സ്വകാര്യ പോഡിലായിരിക്കും. രണ്ടു വ്യത്യസ്ത പോഡുകളിൽ ആണെങ്കിലും നമുക്ക് പരസ്പരം എളുപ്പം ബന്ധപ്പെടാനും കഴിയും. വ്യത്യസ്ത ഡയസ്പോറ പോഡുകൾ കണ്ടെത്താൻ http://podupti.me എന്ന കണ്ണി സന്ദർശിച്ചാൽ മതി. പല പോഡുകളും പല വ്യത്യസ്ത ആശയക്കാർ ഹോസ്റ്റ് ചെയ്തിരിക്കുന്നതാണ്. ഉദാഹരണത്തിന് https://pet-board.com എന്ന ഡയസ്പോറ പോഡ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് മൃഗസ്നേഹികളുടെ ഒരു കൂട്ടായ്മയാണ്.

ഡയസ്പോറയിൽ അംഗത്വം എടുത്തു കഴിഞ്ഞാലുടൻ തന്നെ ഒരു സ്വാഗത സന്ദേശം എത്തും, അതിൽ എങ്ങനെ ഈ നെറ്റ്‌വർക്ക് ഉപയോഗിക്കണം എന്ന വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടാവും. ഈ നിർദ്ദേശങ്ങൾ വായിക്കണമെന്ന് തന്നെയില്ല, പ്രത്യേകിച്ച് ആരും ഒന്നും പറഞ്ഞു തരാതെ തന്നെ, ഒന്ന് കണ്ടാൽ മാത്രം മനസ്സിലാവുന്ന രീതിയിലാണ് ഡയസ്പോറ ദൃശ്യസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യതയെ പറ്റി, നിങ്ങൾക്ക് കൂടുതൽ കരുതൽ ഉണ്ടെങ്കിൽ, നല്ല സാങ്കേതിക പരിചയം ഉണ്ടെങ്കിൽ സ്വന്തം സെർവറിലോ, വീപിഎസിലോ അല്ലെങ്കിൽ സ്വന്തം കംപ്യൂട്ടറിലോ പോലും ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ സ്വന്തം വീപിഎസിൽ എങ്ങനെ ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാമെന്ന് വ്യക്തമായി ഇവിടെ ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. സാങ്കേതിക പരിചയം ഇല്ലാത്തവർക്ക് ഡയസ്പോറ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ അംഗത്വം എടുക്കുക. നിങ്ങളുടെ ഡാറ്റ ഏതു സമയത്തും നിങ്ങൾക്ക് മായ്ച്ചു കളയാനോ എക്സ്പോർട്ട് ചെയ്യാനോ ഏതു പോഡിലും സാധ്യമാണ്.

ഇനിയും ഡയസ്പോറയെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ https://diasporafoundation.org കാണുക. അല്ലെങ്കിൽ ഡയസ്പോറയെ പറ്റി ചുമ്മാ ഒന്ന് ഗൂഗ്ലിയാലും മതിയാകും 🙂

അപ്പോൾ ഡയസ്പോറ ഉപയോഗിച്ച് തുടങ്ങുകയല്ലേ? അവിടെ വച്ച് കാണാം. ദാ ദിദാണ് എന്റെ ഡയസ്പോറ പബ്ലിക്‌ പേജ് : https://joindiaspora.com/u/saintthomas (ഒന്ന് ക്ലിക്കി നോക്കിയാലും 🙂

വാൽക്കഷണം

ഫ്രെണ്ടിക്ക, പമ്പ്‌.ഐ.ഒ, സ്റ്റാറ്റസ്നെറ്റ്, ഗ്നുസോഷ്യൽ, ഫ്രീസോഷ്യൽ, സോഷ്യൽസ്ട്രീമിംഗ് എന്നിങ്ങനെ നിങ്ങളുടെ സ്വന്തം സർവ്വറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സോഷ്യൽ നെറ്റ്വർക്കിംഗ് സോഫ്റ്റ്‌വെയറുകൾ വേറെയുമുണ്ട്. സ്വന്തമായി ഒരു വീപീയെസ് (വിർച്വൽ പ്രൈവറ്റ് സെർവർ) ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ് – നേരെ ഈ സാധനങ്ങൾ ഒക്കെ അതിൽ കൊണ്ടു പോയി ഇൻസ്റ്റാൾ ചെയ്തു സുരക്ഷിതമായി ഉപയോഗിക്കാം.

അനുബന്ധ വായന

 1. http://larjona.wordpress.com/2013/10/07/social-networks-from-my-point-of-view-as-libre-software-user/
 2. http://larjona.wordpress.com/2013/10/07/the-social-networks-that-i-use-or-not-and-why/
 3. http://dr.jones.dk/msg/facebook/
 4. http://ml.wikipedia.org/wiki/%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1_%28%E0%B4%B8%E0%B5%8B%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%86%E0%B4%AF%E0%B5%BC%29

ഭാരതീയ പൈറേറ്റ് പാർട്ടി

പ്രത്യക്ഷജനാധിപത്യം, സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര സാംസ്‌കാരിക വിനിമയം തുടങ്ങിയ മനോഹരമായ ആശയങ്ങളുമായി ഭാരതീയ പൈറേറ്റ് പാർട്ടി ആരംഭിച്ചത് അടുത്ത കാലത്താണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുമ്പോൾ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പറ്റം മനുഷ്യർ ഒന്നിലും പെടാതെ ഒരു മൂലയിൽ മാറി നിൽക്കുന്നു. ഭാരതീയ പൈറേറ്റ് പാർട്ടി അത്തരം നല്ല മനുഷ്യർക്ക്‌ ഒരു തണൽ നൽകുന്നു. 2002 ഏപ്രിൽ 11 നാണു ഭാരതത്തിൽ ഈ പാർട്ടി രൂപീകൃതമായത്. സ്വീഡനിൽ രൂപീകൃതമായ പൈറേറ്റ് പാർട്ടിയേയും അതിന്റെ ആദർശങ്ങളായ വിജ്ഞാന സ്വാതന്ത്ര്യം, സാമൂഹിക സമത്വം, മനുഷ്യാവകാശസംരക്ഷണം, തുറന്ന ഭരണം എന്നിവയേയുമാണ് ഭാരതീയ പൈറേറ്റ് പാർട്ടി മാർഗ്ഗരേഖയാക്കുന്നത്. അഴി­മ­തി­ക്കെ­തി­രെ ­കാര്‍­ട്ടൂണ്‍ വര­ച്ച സ്വ­ത­ന്ത്ര കാര്‍­ട്ടൂ­ണി­സ്റ്റ് അസിം ത്രി­വേ­ദി­യെ ­മും­ബൈ പൊ­ലീ­സ് അറ­സ്റ്റ് ചെ­യ്ത­തിനെതിരേ പൈ­റേ­റ്റ് പാര്‍­ട്ടി ശബ്ദമുയർത്തിയിരുന്നു. രണ്ടായിരത്തി പന്ത്രണ്ടിന്റെ തുടക്കത്തിൽ അണ്ണാ ഹസാരെയും സംഘവും ഡൽഹിയിൽ നടത്തിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഒരു തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നീക്കമായി ഭാരതീയ പൈറേറ്റ് പാർട്ടിയെ കാണാം.

Pirate Party of India

ഭാരതീയ പൈറേറ്റ് പാർട്ടിയുടെ ചിഹ്നം

സ്വതന്ത്ര ചിന്താഗതി ഉള്ള മൂല്യങ്ങളിൽ വിശ്വസിക്കുന്ന നല്ല വ്യക്തികളെ മാത്രമാണ് ഭാരതീയ പൈറേറ്റ് പാർട്ടി സ്വാഗതം ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരും സ്വാതന്ത്ര്യം എന്ന ആശയത്തെ മുറുകെ പിടിക്കുന്നവരും ഭാരതീയ പൈറേറ്റ് പാർട്ടിക്ക് കീഴിൽ അണി ചേരുക.

ജര്‍മ്മനിയില്‍ പൈറേറ്റ് പാര്‍ട്ടിക്ക് 12,000-ത്തിലധികം അംഗങ്ങളുണ്ട്. രാജ്യത്തെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി അത് ഉയര്‍ന്നു കഴിഞ്ഞു. 2007-ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വീഡനില്‍ 7.1 ശതമാനം വോട്ടും ഒരു സീറ്റും പൈറേറ്റ് പാര്‍ട്ടി നേടിയിരുന്നു. പൈറേറ്റ് പാര്‍ട്ടി മധ്യവര്‍ഗത്തിന്റെ പിന്തുണയാര്‍ജിച്ച് ലോകമാകെത്തന്നെ സാന്നിധ്യമറയിക്കുന്നതിന്റെ സൂചനയാണ് ഈ നേട്ടങ്ങൾ.

രണ്ടു വർഷം മുമ്പ് ബര്‍ലിനിൽ നടന്ന പ്രാദേശിക പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജര്‍മന്‍ പൈറേറ്റ് പാര്‍ട്ടി മികച്ച നേട്ടം കൈവരിച്ചു. ഒമ്പത് ശതമാനം വോട്ടുകളോടെ 15 സീറ്റുകൾ ആണ് അവർ  നേടിയത്. ഭരണകക്ഷിയായ ഫ്രീഡെമോക്രാറ്റിക് പാര്‍ട്ടിയെ അപേക്ഷിച്ച് തിളക്കമാര്‍ന്ന വിജയമാണ് വെറും അഞ്ച് വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട പൈറേറ്റ് പാര്‍ട്ടി നേടിയത്. വെറും രണ്ട് ശതമാനം വോട്ടുകള്‍ മാത്രം നേടാനായ എഫ് ഡി പി എല്ലാ സീറ്റുകളിലും പരാജയപ്പെടുകയുമുണ്ടായി. ഏഴു വർഷങ്ങൾക്കു മുമ്പ് യൂറോപ്പിലെ നോര്‍ഡിക് രാഷ്ട്രങ്ങളില്‍ രൂപംകൊണ്ട പൈറേറ്റ് പാര്‍ട്ടി ഇന്ന് 33ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

പ്രബുദ്ധരായ ജർമ്മൻ ജനതയും സ്വീഡിഷ് ജനതയും പൈറേറ്റ് പാർട്ടിയെ ഹൃദയത്തിലേറ്റിയത് പോലെ അത്രയൊന്നും പ്രബുദ്ധത അവകാശപ്പെടാൻ കഴിയാത്ത ഭാരത ജനത എത്രത്തോളം ഈ പാർട്ടിയെ സ്വീകരിക്കും എന്ന് ചെറിയൊരു സംശയവും ഇല്ലാതില്ല.

അവലംബം:

 1. http://www.janayugomonline.com/php/newsDetails.php?nid=1004021
 2. http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%80%E0%B4%AF_%E0%B4%AA%E0%B5%88%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF
 3. http://www.pirateparty.org.in/

മയിലാടുംകുന്നിലേയ്ക്കുള്ള വഴി

മയിലാടുംകുന്നിലെ പോസ്റ്റ്‌ ഓഫീസിലാണ് ജനാർദ്ദനൻ ജോലി ചെയ്യുന്നത്. തീവണ്ടിയിൽ ആണ് അദ്ദേഹം സ്ഥിരമായി ഓഫീസിൽ പോകുന്നത്. മയിലാടുംകുന്നിലെയ്ക്ക്‌ പോകാൻ മുൻകാലങ്ങളിൽ കക്ഷി എന്നും ഇറങ്ങിയിരുന്നത് കുയിൽപാടും മല സ്റ്റേഷനിലായിരുന്നു. എന്നാൽ ഓഫീസിൽ പോകാൻ കുയിൽപാടും മലയിൽ ഇറങ്ങുന്നതിലും എളുപ്പം മുയലോടുംകാട് സ്റ്റേഷനിൽ ഇറങ്ങുന്നതാണെന്ന് ഒരിക്കൽ കക്ഷി കണ്ടെത്തി. വഴി വളരെ എളുപ്പവും സുഗമവും ആയിരുന്നു. പുതിയ വഴി കണ്ടെത്തിയതോടെ ജനാർദ്ദനനു ഓഫീസിൽ പോകാൻ കൂടുതൽ ആവേശമായി. വഴിയിലാകട്ടെ തിരക്ക് തീരെ കുറവാണ്. കുയിൽപാടും മല സ്റ്റേഷനിൽ നിന്ന് ഓഫീസിലേയ്ക്ക് പോകുന്ന ആ പഴയ വഴി വളരെ അപകടം പിടിച്ചത് കൂടിയായിരുന്നു. അവിടെ കള്ളന്മാരുടെ ശല്ല്യം കൂടിക്കൂടി വരുന്ന സമയത്താണ് പുതിയ സുരക്ഷിതമായ വഴി ആശാൻ കണ്ടു പിടിച്ചത്.

Way to Mayilaadumkunnu

പുതിയ വഴിയെ കുറിച്ചും അതിന്റെ സൌകര്യത്തെക്കുറിച്ചും എളുപ്പത്തെക്കുറിച്ചും സഹയാത്രികരായ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ജനാർദ്ദനൻ വിസ്തരിച്ചു പറഞ്ഞു. പക്ഷെ ആർക്കും അത് കേൾക്കാൻ യാതൊരു താല്പ്പര്യവും ഇല്ലാതിരുന്നതു അയാളെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. കള്ളന്മാർ വിളയാടുന്ന ദുർഘടമായ വഴിയിലൂടെ മാത്രം സ്ഥിരമായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപറ്റം യാത്രികർ, എന്തുമാതിരി ആൾക്കാരാണിത്, ആരെങ്കിലും കൊള്ളയടിക്കപ്പെട്ടാൽ പോലും ഒരുത്തനും ഒരു പരാതിയുമില്ല. ഇവിടെ പോലീസില്ലേ പരാതി കൊടുക്കാൻ എന്നൊരു ഭാവം.

കുയിൽപാടും മലയിൽ നിന്ന് മയിലാടുംകുന്നിലെയ്ക്കുള്ള വഴി ബി.ഒ.ടി, അടിസ്ഥാനത്തിൽ അമോരി റോഡ്‌വേയ്സ് കമ്പനി പണിതതായിരുന്നു. ആദ്യകാലങ്ങളിൽ കാൽനട യാത്രക്കാരിൽ നിന്ന് ടോൾ പിരിച്ചിരുന്നില്ല. അല്ലാ, ലോകത്തെവിടെയും കേട്ടിട്ടുണ്ടോ, കാൽനട യാത്രികരിൽ നിന്ന് ടോൾ പിരിക്കുന്ന ഇടപാടിനെ പറ്റി, പക്ഷെ ഇവിടെ കാൽനട യാത്രികരിൽ നിന്നു വരെ ടോൾ പിരിവും തുടങ്ങി, ജനാർദ്ദനൻ ന്യായമായും വിചാരിച്ചു, തന്റെ കൂട്ടുകാർ ഈ അന്യായത്തിൽ പ്രതിഷേധിച്ചു താൻ പറഞ്ഞ പുതിയ വഴിയിലൂടെ യാത്ര തുടങ്ങുമെന്ന്. പുതിയ വഴിയെ കുറിച്ചും അതിന്റെ സൌകര്യത്തെക്കുറിച്ചും എളുപ്പത്തെക്കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും ലാഭത്തെ കുറിച്ചുമൊക്കെ സഹയാത്രികരായ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും സവിസ്തരം ജനാർദ്ദനൻ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു. അയാൾക്ക്‌ അത്ഭുതപ്പെടാനും സഹതപിക്കാനും മാത്രമായിരുന്നു പിന്നെയും യോഗം. തന്റെ കൂട്ടുകാർ വീണ്ടും ടോൾ കൊടുത്തു മാന്യന്മാരായി പഴയ ദുർഘട വഴിയിലൂടെയുള്ള യാത്ര തുടർന്നു. വേണ്ട സമയത്ത് അറ്റകുറ്റപ്പണി നടത്താത്ത, കള്ളന്മാരുള്ള, സുരക്ഷിതത്ത്വം തീരെയില്ലാത്ത ഈ വഴിയിലൂടെ ആർക്ക് തോന്നും ഇങ്ങനെ ടോൾ കൊടുത്തു യാത്ര ചെയ്യാൻ? അങ്ങനെ വലിയ വാഹനങ്ങൾ മുതൽ ചെറിയ വാഹനങ്ങൾ വരെ ഒന്നൊന്നായി പഴയ വഴി ഉപേക്ഷിച്ചു, സുരക്ഷിതവും സുശക്തവും സുഗമവും യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യുന്നതുമായ പുതിയ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങി. എന്നിട്ടും തന്റെ കൂട്ടുകാർ മാത്രം എന്താണിങ്ങനെ? അവർക്കാർക്കും അവരുടെ സുരക്ഷയെ പറ്റി ഒരാശങ്കയുമില്ലേ? ഒരു പക്ഷെ ശീലമായിരിക്കും ഇവരുടെ പ്രശ്നം. ഹോ, എന്തുമാതിരിയുള്ള ഒരു ശീലമാണിത്, അയാൾ അത്ഭുതം കൂറി.

കുയിൽപാടും മലയിൽ നിന്ന് മയിലാടുംകുന്നിലെയ്ക്കുള്ള വഴിയെപ്പറ്റി അധികം വൈകാതെ മറ്റൊരാക്ഷേപവും ഉയർന്നു വന്നു, അതിലൂടെ യാത്ര ചെയ്യുന്ന കാൽനട / വാഹന യാത്രികർ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും രഹസ്യമായി അമോരി റോഡ്‌വേയ്സ് കമ്പനി റെക്കോർഡ്‌ ചെയ്യുന്നു എന്നതായിരുന്നു പുതിയ വാർത്ത. എന്നാലെങ്കിലും തന്റെ കൂട്ടുകാർ ഈ അന്യായത്തിൽ പ്രതിഷേധിച്ചു താൻ ചൂണ്ടിക്കാണിച്ച പുതിയ വഴിയിലൂടെ യാത്ര തുടങ്ങുമെന്ന് അയാൾ വീണ്ടും വെറുതേ പ്രതീക്ഷിച്ചു.
(വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം എന്ന സിനിമാഗാനം അപ്പോൾ ഏതോ ടീവി ചാനലിലൂടെ ഒഴുകിവന്നു) ഈ പുതിയ വാർത്തയുടെ അടിസ്ഥാനത്തിൽ പുതിയ വഴിയെ കുറിച്ച് അതിന്റെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിൽ സഹയാത്രികരായ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ജനാർദ്ദനൻ പിന്നെയും പറഞ്ഞു. ആരും കേട്ടില്ല, എങ്കിലും ഇത്തവണ അയാൾക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല, അവർ പിന്നെയും പഴയ വഴിയിലൂടെ തന്നെ യാത്ര തുടരുന്നത് കണ്ടപ്പോൾ.

പുതിയ വഴിയിൽ അയാൾക്ക് പുതിയ സുഹൃത്തുക്കൾ ഏറെയുണ്ടെങ്കിലും ഇപ്പോഴും ജനാർദ്ദനൻ പ്രതീക്ഷിക്കുന്നു തന്റെ പഴയ സഹയാത്രികർ പുതിയ വഴിയിലൂടെ യാത്രാപഥം മാറ്റുമെന്ന്.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2013

ലോകം ഇന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ലോകമൊട്ടാകെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ഇന്ന് വിവിധ പരിപാടികളും സംഭവങ്ങളും ആസൂത്രണം ചെയ്യുന്നു. അറിവ് സ്വതന്ത്രമായിരിക്കണം എന്ന വീക്ഷണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന ദർശനം. ഉപയോഗിക്കാനും പഠിച്ചു മനസ്സിലാക്കാനും പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നത്. 2004 ആഗസ്റ്റ് 28-നാണ് ആദ്യമായി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം സംഘടിപ്പിക്കപ്പെട്ടത്. ഇപ്പോൾ സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഓരോ വര്‍ഷവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി ലോകമെങ്ങും ആഘോഷിക്കപ്പെടുന്നത്. “സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ” എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും എസ് എഫ് ഡി തന്നെ നേരിട്ട് നൽകുന്നു.

Software Freedom Day 2013

ഈയാണ്ടിന്റെ മധ്യദശയിൽ എഡ്വെർഡ് സ്നോഡെൻ എന്ന അമേരിക്കക്കാരൻ കെട്ടഴിച്ചുവിട്ട ഭൂതമാണ്‌ എൻ.എസ്.എ. എന്ന യു.എസ്. ചാര സംഘടനയുടെ ഞെട്ടിപ്പിക്കുന്ന പ്രവർത്തന വിവരം. എൻ.എസ്.എ. വിവിധ സോഫ്റ്റ്‌വെയർ കോർപ്പറേഷനുകളുമായി ചേർന്ന് തികച്ചും സാധാരണ വ്യക്തികളുടെ വരെ സ്വകാര്യതയിൽ കടന്നു കയറി അവർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയും വിവിധ സോഫ്റ്റ്‌വെയറുകൾ വഴിയും ചാരപ്രവർത്തനം നടത്തുന്ന ഇക്കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ ഈ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ നമുക്ക് വായിക്കാൻ കഴിയാത്ത ബൈനറികൾ മാത്രം നൽകുമ്പോൾ അവയിൽ എന്താണ് എഴുതിവച്ചിരിക്കുന്നത് എന്നുള്ള ഒരു വിദൂര ധാരണ പോലും നമുക്ക് ലഭിക്കില്ല. മൈക്രോസോഫ്റ്റ്‌ എന്ന സോഫ്റ്റ്‌വെയർ കോർപ്പറേഷൻ തങ്ങളുടെ വിൻഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എൻ.എസ്.എ. യ്ക്കു വേണ്ടി ഒളിപ്പിച്ചുവച്ച താക്കോലുകൾ ഇപ്പോൾ നാട്ടിൽ പാട്ടാണ്. കണ്ണി ഇതാ. (ഇനിയും കുറെ കണ്ണികൾ ഉണ്ട്. _NSAKEY എന്ന് ഗൂഗ്ലിയാൽ കിട്ടും) ഇപ്പോൾ കേൾക്കുന്ന ചില വാർത്തകൾ, ബൈനറി ബ്ലോബുകൾ ഉൾപ്പെട്ട കേർണെൽ ഉള്ള ചില ജനപ്രിയ ഗ്നു/ലിനക്സ്‌ ഡിസ്ട്രിബ്യൂഷനുകളിൽ വരെ എൻ.എസ്.എ. യുടെ രഹസ്യ താക്കോലുകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ്, സത്യമാണോ എന്തോ. അതിനാൽ ബൈനറി ബ്ലോബ് രഹിതമായ, കന്യകാത്വം നഷ്ടപ്പെടാത്ത കേർണെൽ ഉള്ള, ഡിസ്ട്രിബ്യൂഷനുകൾ മാത്രമേ ഇനി മുതൽ ഉപയോഗിക്കൂ എന്നതാകട്ടെ ഇത്തവണത്തെ നമ്മുടെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ.

2004-ൽ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ഇത് ഒമ്പതാമത്തേതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിനു ആധാരമായ “ഗ്നു”വിന്റെ സഫലമായ മൂന്ന് പതിറ്റാണ്ടുകളുടെ നിറവ് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സെപ്റ്റംബര്‍ 27 മുതൽ 30 വരെ ആഘോഷിക്കപ്പെടുന്നു എന്നതും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.

കേരളത്തിലും വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ ഇന്ന് വിവിധ പരിപാടികളും സംഭവങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി എ കെ എഫ്), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, എൻ.ഐ.ടി. കോഴിക്കോട് തുടങ്ങിയവർ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

വാല്ക്കഷണം

ശനിയാഴ്ച അവധി ദിനം ആയതിനാൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തിൽ ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കണം എന്ന തീരുമാനം കൊണ്ട് മാത്രം ഇന്ന് ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷനിൽ വച്ച് ഡി.എ.കെ.എഫിന്റെ സംഘാടകത്വത്തിൽ നടന്ന പരിപാടിയിൽ സംബന്ധിച്ചു. കൊച്ചി ഐലഗ് ഇത്തവണ പരിപാടികൾ ഒന്നും സംഘടിപ്പിച്ചില്ല, ആർക്കും സമയം എന്ന ഒരു വസ്തു ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഒരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കാൻ ശ്രമിക്കാമായിരുന്നു എന്ന് വൈകിയ വേളയിൽ മാത്രമാണ് തോന്നിയത്.

ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷനിൽ വച്ച് നടന്ന ചടങ്ങിൽ മലയാളം വിക്കി പ്രവർത്തകനായ ശ്രീ അഖിൽ കൃഷ്ണൻ നയിച്ച ഡയസ്പോറ സെഷൻ ഏതാണ്ട് നല്ല നിലവാരം പുലർത്തി. തുടർന്ന് ശ്രീ ഫുഅദ് നയിച്ച വിക്കി സെഷൻ തുടങ്ങും മുമ്പും അതിനിടയിലും പലരും മുങ്ങാൻ തുടങ്ങി. ഒടുവിൽ ഏതാണ്ട് നാലഞ്ചു പേർ മാത്രം ശേഷിച്ചു. എനിക്കും മറ്റൊരു സ്ഥലത്തു എത്തേണ്ടിയിരുന്നതിനാൽ നാലര ആയപ്പോഴേയ്ക്കും ഞാനും സ്ഥലം വിട്ടു. കഷ്ടിച്ച് ആകെ ഒരു പത്തു പന്ത്രണ്ടു പേർ ചടങ്ങിൽ സംബന്ധിച്ചു, അത്രയും എങ്കിലും പേർ ഉണ്ടായിരുന്നല്ലോ, അത്രയും നന്ന്.

ഫ്രീലോകത്തിലേക്ക് സുസ്വാഗതം.

ഫ്രീലോകം അഥവാ സ്വതന്ത്ര ലോകം. ഫ്രീ എന്ന ഇംഗ്ലിഷ് വാക്ക് ഫ്രീ സോഫ്റ്റ്‌വെയർ സമൂഹത്തെ ഒട്ടൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. ഫ്രീ എന്ന ഇംഗ്ലീഷ് വാക്കിന്റെ ഇന്ത്യൻ പകരക്കാരനായ “സ്വതന്ത്രം” എന്ന വാക്കിനെ ഉപേക്ഷിച്ചു എന്തുകൊണ്ട് ഫ്രീലോകം എന്ന സങ്കരനാമം തെരഞ്ഞെടുത്തു? സ്വതന്ത്രം എന്ന് നീട്ടിവലിച്ചു എഴുതാതെ കുറുക്കി എഴുതാൻ ഒരു ഉപായം എന്ന രീതിയിലല്ല; ബോധപൂർവ്വം ഫ്രീ എന്ന ഇംഗ്ലീഷ് വാക്കിന്റെ ശരിയായ അർഥം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാൻ തന്നെയാണ് ഫ്രീലോകം എന്ന പേര് ഈ ബ്ലോഗിന് നല്കിയിരിക്കുന്നത്. ഫ്രീ എന്നാൽ സ്വതന്ത്രം എന്ന് തന്നെയാണ് മൂലാർത്ഥം, സൌജന്യം എന്ന അർഥം പില്ക്കാലത്ത് വന്നു ഭവിച്ചതാണ്. വന്നു ഭവിച്ച അർത്ഥങ്ങൾ വാക്കിനെ കാർന്നു തിന്നു നശിപ്പിച്ച ചരിത്രങ്ങൾ പല ഭാഷകളിലും ഉണ്ടായിട്ടുണ്ട്. അതിനാല്‍ “ഫ്രീ”യുടെ “സ്വാതന്ത്ര്യം” നമുക്ക് വീണ്ടെടുക്കേണ്ടേ? എത്ര കാലം നമ്മുടെ “ഫ്രീ” “സൗജന്യ”ത്തിന്റെ കഠോരമായ തടവറയിൽ നരകിക്കണം? അതിൽ നിന്നൊരു മോചനം സാധ്യമാകണമെങ്കിൽ എപ്പോഴും ഫ്രീ എന്ന ഇംഗ്ലീഷ് വാക്ക് സ്വതന്ത്രം എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കുക. സൌജന്യം എന്ന വാക്കിനു “ഗ്രാറ്റിസ്” എന്നും ഉപയോഗിക്കുക. ഫ്രീലോകത്തിലേക്ക് സുസ്വാഗതം.

ഡിസ്ക് പാർട്ടീഷനിംഗ്

എന്താണ് ഡിസ്ക് പാർട്ടീഷൻ?

തികച്ചും വീട്ടാവശ്യങ്ങൾക്ക് വേണ്ടി മാത്രം കമ്പ്യൂട്ടറിൽ ഗ്നു/ലിനക്സ്‌ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എപ്രകാരം ഡിസ്ക് പാർട്ടീഷൻ ചെയ്യണം എന്നതിനെപ്പറ്റി ഒരു ചെറിയ മാർഗ്ഗ നിർദ്ദേശം ഇവിടെ എഴുതിയുണ്ടാക്കുകയാണ്.

ചില കുറിപ്പുകൾ

വളരെ ഉയർന്ന വ്യാപ്തിയുള്ള ഡിസ്ക് ഡിസ്ക് ഡ്രൈവുകൾ വിപണിയിലെത്തിയപ്പോൾ മുതലാണ് ഇവ ഫോർമാറ്റ് ചെയ്ത് ഒറ്റയ്ക്ക് ഒരു വലിയ സ്പേസ് ആയി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഉയർന്നു വന്നത്. ഇത്തരം ഉയർന്ന വ്യാപ്തിയുള്ള ഡ്രൈവുകൾ ലഭ്യമാക്കുന്ന കൂടുതല്‍ സ്ഥലം എപ്രകാരം മാനേജ് ചെയ്യും എന്നതിലെ അവ്യക്തതയായിരുന്നു പ്രശ്നങ്ങൾ ഉയർന്നു വരാനുള്ള കാരണം. കൂടുതല്‍ വലിപ്പമുളള വലിയ ഡ്രൈവുകളെ ബഹുഭൂരിപക്ഷം ഫയല്‍ സിസ്റ്റങ്ങള്‍ക്കും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും പിന്തുണയ്ക്കുവാന്‍ സാധിച്ചുവെങ്കിലും ചുരുക്കം ചിലതിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. വലിയൊരു ഡിസ്കിനെ ചെറിയ പാർട്ടീഷനുകള്‍ ആയി വേർതിരിക്കുക എന്നതാണ് ഈ പ്രശ്നത്തിനുളള ഏക പരിഹാരം. ഓരോ പാർട്ടീഷനും വെവ്വേറെ ഡിസ്ക് എന്നവണ്ണം ലഭ്യമാക്കി കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

സാധാരണ ഗ്നു/ലിനക്സ്‌ ഉപയോക്താക്കൾക്ക് മിക്കവാറും അവ്യക്തമായ ധാരണ മാത്രമുള്ള ഒരു മേഖലയാണ് ഡിസ്ക് പാർട്ടീഷനിംഗ്. ഇൻസ്റ്റലേഷന്റെ ഈ ഘട്ടമെത്തുമ്പോൾ മിക്കവരും വഴി മുട്ടി നില്ക്കുകയാണ് പതിവ്. ഇതിനു കാരണം ലിനക്സിന്റെ ഫയൽ സിസ്റ്റവുമായുള്ള പരിചയക്കുറവാണ്. ഓരോ വ്യക്തികളും കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് അവരവരുടെ ആവശ്യമനുസരിച്ചാണ്. രാമന്റെ ആവശ്യമായിരിക്കില്ല ഭാസിയുടെ ആവശ്യം. അബ്ദുള്ളയുടെ ആവശ്യം മറ്റൊന്നായിരിക്കാം. ജോണ്‍ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് നെറ്റ് ബ്രൌസ് ചെയ്യാൻ വേണ്ടി മാത്രമാണ് എങ്കിൽ സീതയുടെ ഉപയോഗം ഗ്രാഫിക് ഡിസൈനിംഗ് ആയിരിക്കാം. നാരായണൻ പ്രോഗ്രാമറും ജനാർദ്ദനൻ വീഡിയോ എഡിറ്ററുമാണ് – ഓരോരുത്തരുടേയും ആവശ്യം തികച്ചും വിഭിന്നമാണ്. വിഭിന്നമായ ഇത്തരം ആവശ്യങ്ങൾക്കനുസൃതമായി ഹാർഡ് ഡിസ്ക് പാർട്ടീഷനിംഗും വ്യത്യസ്തമായിരിക്കും.

ഹാർഡ് ഡിസ്കിനെ വിർച്വൽ ആയി വിഭജിച്ചു പല പാർട്ടീഷനുകൾ ഉണ്ടാക്കാൻ പല സോഫ്റ്റ്‌വെയറുകളും നിർമ്മിക്കപ്പെട്ടു. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് fdisk. fdisk ഉപയോഗിച്ച് ഹാർഡ് ഡിസ്കിനെ പ്രൈമറി / എക്സ്റ്റന്റഡ് / ലോജിക്കൽ പാർട്ടീഷനുകൾ ആയി വിഭജിക്കാം.

പ്രൈമറി / ലോജിക്കൽ / എക്സ്റ്റന്റഡ് പാർട്ടീഷനുകൾ തമ്മിലുള്ള വ്യത്യാസം

 1. ഒരു ലോജിക്കല്‍ ഡ്രൈവ് മാത്രം അടങ്ങുന്ന ഒരു ഹാര്‍ഡ് ഡ്രൈവു് ആണു് പ്രൈമറി പാര്‍ട്ടീഷന്‍. ഒരു പാര്‍ട്ടീഷന്‍ ടേബിളില്‍ മൂന്ന് പ്രൈമറി പാര്‍ട്ടീഷനില്‍ കൂടുതല്‍ നല്‍കുവാന്‍ സാധ്യമല്ല.
 2.  നാലു പാർ‍ട്ടീഷനുകളിൽ കൂടുതൽ വേണ്ടി വരുമ്പോൾ മൂന്നു പ്രൈമറി പാർട്ടീഷനുകൾക്ക് പുറമേ ഒരു എക്സ്റ്റെന്‍ഡഡ് പാര്‍ട്ടീഷന്‍ കൂടി ഉണ്ടാക്കി അതിനെ വീണ്ടും ലോജിക്കൽ പാർട്ടീഷനുകൾ ആയി വിഭജിച്ച്‌ കൂടുതൽ പാർട്ടീഷനുകൾ ഉണ്ടാക്കാം. എത്ര ലോജിക്കല്‍ പാർട്ടീഷനുകള്‍ ഉണ്ടാക്കാം എന്നതിന് ഒരു വ്യക്തമായ ഉത്തരമില്ല, എന്നിരുന്നാലും, ലിനക്സ്‌ സിസ്റ്റത്തിൽ പാർട്ടീഷനുകള്‍ ലഭ്യമാക്കുന്ന പ്രത്യേകരീതിയുടെ അടിസ്ഥാനത്തിൽ ഒരു ഡിസ്ക് ഡ്രൈവിൽ 12 ലോജിക്കല്‍ പാർട്ടീഷനുകളില്‍ കൂടുതല്‍ പാടില്ല.

ഏതൊക്കെ പാർട്ടീഷൻ വേണം?

വലിയ ഒരു ഡിസ്ക് (വണ്‍ റ്റീബി എന്ന് തന്നെ കരുതിക്കോളൂ) ഒരൊറ്റ പാർട്ടീഷൻ ആയി നിങ്ങൾക്ക് ഗ്നു/ലിനക്സ്‌ ഇൻസ്റ്റോൾ ചെയ്യാം. പക്ഷെ വ്യത്യസ്ത പാർട്ടീഷനുകൾ ഉണ്ടാക്കി അതിലേയ്ക്ക് ഇൻസ്റ്റോൾ ചെയ്യുന്നതാണ് അഭികാമ്യം. നിങ്ങളുടെ ഡിസ്കിലുള്ള സ്ഥലം എങ്ങനെ ലഭ്യമാക്കേണമെന്നു തീരുമാനിക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നതിനുള്ള ചില സൂചനകൾ മാത്രമാണിത്.

ഒരു ലിനക്സ്‌ സിസ്റ്റത്തിൽ വേണ്ട അടിസ്ഥാന പാർട്ടീഷനുകൾ

ക്രമ നമ്പർ പാർട്ടീഷൻ നാമം വിശദീകരണം
1 / / (അല്ലെങ്കില്‍ റൂട്ട്) പാര്‍ട്ടീഷനാണു് ഡയറക്ടറി ശൈലിയില്‍ ഏറ്റവും മുകളിലുള്ളതു്. സിസ്റ്റം അഡ്മിനിസ്ട്രേഷനുള്ള അക്കൌണ്ടിന്റെ ഹോം ഡയറക്ടറി ആണ് /root ഡയറക്ടറി /root (ഇത് “സ്ലാഷ്-റൂട്ട്” എന്നും അറിയപ്പെടുന്നു).
2 /usr സിസ്റ്റത്തിലുള്ള മിക്ക സോഫ്റ്റ്‌വെയറുകളും /usr ഡയറക്ടറിയില്‍ സൂക്ഷിക്കപ്പെടുന്നു. സ്വതവേയുള്ള സോഫ്റ്റ്‌വെയര്‍ സെറ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, ഏറ്റവും കുറഞ്ഞതു് 4 GB എങ്കിലും സ്ഥലം നല്‍കേണ്ടതാണു്
3 /home ഹോം പാർട്ടീഷനിലാണ് യൂസറുടെ ഫയലുകൾ എല്ലാം സേവ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗത്തെ മുൻനിർത്തി ഹോം പാർട്ടീഷന് എത്ര വലുപ്പം നല്കണമെന്ന് സ്വയം തീരുമാനിക്കുക. എത്ര മാത്രം ഡിസ്ക് സ്പേസ് നാം ഉപയോഗിക്കും എന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെങ്കിൽ കഴിയുന്നത്ര വലിയ സൈസിൽ ഹോം പാർട്ടീഷൻ ഉണ്ടാക്കുക.
/home പാര്‍ട്ടീഷന്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതു് നന്നായിരിക്കും. കാരണം അതിൽ സെന്‍സിറ്റീവ് ഡേറ്റ ഉണ്ടായിരിക്കും. ഇങ്ങനെ ചെയ്യുന്നതു്, ആധികാരികത ഇല്ലാത്ത ഉപയോക്താക്കളെ, അവര്‍ക്കു് സ്റ്റോറേജ് ഡിവൈസിലേക്കു് പ്രവേശനമുണ്ടെങ്കിലും, പാര്‍ട്ടീഷനുകളിലുള്ള ഡേറ്റാ ലഭ്യമാക്കുന്നതില്‍ നിന്നും തടയുന്നു.
4 /var താൽക്കാലികമായി ഡൌണ്‍ലോഡ് ചെയ്യുന്ന പാക്കേജ് പരിഷ്കരണങ്ങളൊക്കെ ഇവിടെയാണ് സൂക്ഷിക്കുന്നത്. /var ഡയറക്ടറി അടങ്ങുന്ന പാര്‍ട്ടീഷനില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ബാക്കിയുള്ളവ സൂക്ഷിക്കുവാനുള്ള സ്ഥലം ലഭ്യമെന്നു് ഉറപ്പ് വരുത്തുക.
5 /boot നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഓരോ കേര്‍ണലിനും /boot പാര്‍ട്ടീഷനില്‍ കുറഞ്ഞതു് 10 MB എങ്കിലും ആവശ്യമുണ്ടു്. നിങ്ങള്‍ ഇനിയും കേര്‍ണലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് വരെ /boot പാര്‍ട്ടീഷന്റെ സ്വതവേയുള്ള 250 MB വ്യാപ്തി മതിയാവും.
6 swap ഒരു swap പാര്‍ട്ടീഷന്‍ (കുറഞ്ഞത് 256 MB) —- വിര്‍ച്ച്വല്‍ മെമ്മറി പിന്തുണയ്ക്കുന്നതിനായി സ്വാപ്പ് പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കുന്നു. അതായതു്, പ്രക്രിയകള്‍ നടക്കുമ്പോള്‍ RAM-ല്‍ ഡേറ്റാ സൂക്ഷിക്കുവാന്‍ ആവശ്യമുളള സ്ഥലം ലഭ്യമല്ലെങ്കില്‍, ഡേറ്റാ swap പാര്‍ട്ടീഷനിലേക്കു് എഴുതപ്പെടുന്നു.

ഉത്തമമായ പാര്‍ട്ടീഷനിങ് രീതി എന്ന രേഖയിൽ റെഡ് ഹാറ്റ്‌ ലിനക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത് പ്രകാരം താഴെ പറയുന്ന രീതിയിൽ പാർട്ടീഷൻ ചെയ്യുന്നതാണ് ഉത്തമം

 1. ഒരു swap പാര്‍ട്ടീഷന്‍
 2. ഒരു /boot പാര്‍ട്ടീഷന്‍
 3. ഒരു / പാര്‍ട്ടീഷന്‍
 4. ഒരു home പാര്‍ട്ടീഷന്‍

മേൽപ്പറഞ്ഞ പാർട്ടീഷനുകളിൽ നിന്ന് /boot പാർട്ടീഷൻ ഒഴിവാക്കാം, പകരം /var, /usr എന്നീ പാർട്ടീഷനുകൾ ചേർക്കാം. (ഇത് കൂടാതെ നിങ്ങളുടെ സൌകര്യാർത്ഥം ഇഷ്ടമുള്ള ഒരു പേരിൽ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായുള്ള പാർട്ടീഷനും നിർമ്മിക്കാവുന്നതാണ്. ഉദാഹരണത്തിന് ഞാൻ ഡെബിയൻ ഇൻസ്റ്റോൾ ചെയ്യുമ്പോൾ dbnrepo എന്നോ മറ്റോ ഉള്ള ഒരു പേരിൽ ഒരു പാർട്ടീഷൻ ഉണ്ടാക്കി അതിലാണ് ഡെബിയൻ സീഡികൾ മുഴുവനും കോപ്പി ചെയ്തു വയ്ക്കുന്നത്.)
500 ജീബിയോ അതിനു മുകളിലോ (ചിലപ്പോൾ 1, 2 റ്റീബി വരെയൊക്കെ പോകും. വരും കാലങ്ങളിൽ റ്റീബി മാറി പീബിയും ഈബിയും ഒക്കെ ആയേക്കാം) ഒക്കെയുള്ള ഡിസ്ക് ഡ്രൈവുകളാണ് ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത്.

ഒരു 1 റ്റീബി ഹാർഡ് ഡിസ്ക് മുഴുവനായയോ ഭാഗികമായോ എങ്ങനെ ഗ്നു/ലിനക്സിനു വേണ്ടി പാർട്ടീഷൻ ചെയ്യാമെന്ന് ചെറിയൊരു രൂപരേഖ ഇവിടെ നൽകുന്നു:

ക്രമ നമ്പർ പാർട്ടീഷൻ നാമം വിശദീകരണം
1 / (root) 15 ജീബി
2 /usr 30 ജീബി
3 /var 30 ജീബി
4 swap 4 ജീബി
5 /home ബാക്കിയുള്ള സ്പേസ് മുഴുവനും / അല്ലെങ്കിൽ ആവശ്യമായത്ര സ്ഥലം. ബാക്കി സ്ഥലം ഉണ്ടെങ്കിൽ അത് അണ്‍പാർട്ടീഷൻഡ് സ്പേസ് ആയി നീക്കിയിടുക.

പ്രധാനപ്പെട്ട ഒരു കാര്യം

നിങ്ങൾ ഡിസ്ക് പാർട്ടീഷൻ ചെയ്യുമ്പോൾ പിന്നീട് ഓർത്തിരിക്കത്തക്കവിധം അത് വ്യക്തമായി എവിടെയെങ്കിലും കുറിച്ച് വയ്ക്കുക. നിർണ്ണായകമായ ഒരു ഘട്ടത്തിൽ അത് നിങ്ങളെ സഹായിക്കും, തീർച്ച. കഴിയുമെങ്കിൽ അതിന്റെ ഒരു സ്ക്രീൻ ഷോട്ടോ ക്യാമറ ഷോട്ടോ തന്നെ എടുത്തു വയ്ക്കുക.

അവലംബം:

 1. https://access.redhat.com/site/documentation/ml-IN/Red_Hat_Enterprise_Linux/6/html/Installation_Guide/s2-diskpartrecommend-x86.html
 2. https://access.redhat.com/site/documentation/ml-IN/Red_Hat_Enterprise_Linux/6/html/Installation_Guide/s2-diskpartrecommend-x86.html
 3. http://entubuntu.blogspot.in/2012_05_01_archive.html

വാൽക്കഷണം

ഇന്നലെയാണ് ഞാൻ ഡെബിയൻ വീസി ഇൻസ്റ്റോൾ ചെയ്തത്. മേൽപ്പറഞ്ഞ പ്രകാരം തന്നെ പാർട്ടീഷൻ ചെയ്തു. കൂടാതെ ഡെബിയൻ വീസിയുടെ റിപ്പോ ഡീവിഡികൾ കോപ്പി ചെയ്യാൻ വേണ്ടി മാത്രം wrepo (ച്ചാൽ, വീസി റിപ്പോസിറ്ററി എന്ന അർത്ഥത്തിൽ) എന്ന ഒരു അധിക പാർട്ടീഷൻ കൂടി ഇൻസ്റ്റോൾ സമയത്ത് തന്നെ നിർമ്മിച്ചു. (ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ ഇങ്ങനെ ഒരു പാർട്ടീഷൻ നിർമ്മിച്ചാൽ അത് സ്വമേധയാ തന്നെ ഈ പാർട്ടീഷനെ മൌണ്ട് ചെയ്തോളും, അല്ലെങ്കിൽ പിന്നെ നമ്മൾ പോയി മാനുവൽ ആയി മൌണ്ട് ചെയ്യേണ്ടി വരും)

പിന്നീട് wrepo പാർട്ടീഷനിൽ disk01 മുതൽ disk10 വരെയുള്ള പത്തു ഫോൾഡറുകൾ ഉണ്ടാക്കി

ഡീവിഡി ഡ്രൈവിൽ മീഡിയ ഇട്ട ശേഷം cp -Rf * /wrepo/disk01 എന്ന കമാൻഡ് നല്കി കോപ്പി ചെയ്തു. അപ്രകാരം പത്തു ഡീവിഡികളും wrepoയിലെ അതതു ഫോൾഡറുകളിലേയ്ക്ക് കോപ്പി ചെയ്തു. അതിനു ശേഷം /etc/apt ഫോൾഡറിലെ sources.lst എന്ന ഫയൽ എഡിറ്റ്‌ ചെയ്തു. സീഡിയുമായി ബന്ധപ്പെട്ട എല്ലാ ലൈനുകളും # ചേർത്ത് കമന്റ്‌ ചെയ്ത ശേഷം deb file:/wrepo/disk01/ ./ എന്ന ലൈനുകൾ കൂട്ടി ചേർത്തു. (sources.lst ഫയൽ കാണുവാൻ ഈ ലിങ്കിൽ ക്ലിക്കുക)

ഡെബിയൻ പ്രവർത്തക സംവിധാനത്തിന്റെ നിലവിലെ സ്ഥിരതയുള്ള പതിപ്പായ വീസിയുടെ സന്നിവേശന(ഇൻസ്റ്റാളേഷൻ)ത്തിന്റെ ഓരോ ഘട്ടങ്ങളും ചിത്രങ്ങൾ സഹിതം മനസ്സിലാക്കുവാൻ ഇവിടെ അമർത്തുക