ഡയസ്പോറ

സ്വകാര്യതയെ വിലമതിക്കുന്ന എനിക്കറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർ സോഷ്യൽ മീഡിയകളിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നുണ്ട്. ഫേസ്ബുക്ക്‌, ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാരുടെ കൈവശം ഇരിക്കുന്ന നമ്മുടെ സ്വകാര്യ ഡാറ്റ അവർ എപ്രകാരം ഉപയോഗിക്കുമെന്നതു സംബന്ധിച്ച് നമുക്കാർക്കും യാതൊരു വ്യക്തതയില്ല. സത്യം. പക്ഷെ നമുക്ക് സമൂഹത്തിൽ നിന്ന് എത്ര കാലം ഒളിച്ചിരിക്കാനാവും? സ്വകാര്യത സംരക്ഷിക്കുന്ന – അതിനെ ഏറെ ബഹുമാനിക്കുന്ന സോഷ്യൽ മീഡിയകൾ ഇവിടെ ഉണ്ടോ? ഭാഗ്യവശാൽ ഉണ്ട്.

ഡയസ്പോറ

ഡയസ്പോറ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മയാണ്. വികേന്ദ്രീകൃതം | സ്വതന്ത്രം | സ്വകാര്യം – ഈ മൂന്ന് വാക്കുകൾ കൊണ്ട് ഡയസ്പോറയെ നിർവ്വചിക്കാം. ഇതര സാമൂഹ്യ കൂട്ടായ്മ സൈറ്റുകളിലൂടെ നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവരുടെ ഭീമൻ കേന്ദ്ര സെർവറുകളിൽ സൂക്ഷിക്കുമ്പോൾ ഡയസ്പോറയിൽ നിങ്ങൾ ചേർക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങളുടെ സ്വന്തം സെർവറിൽ പൂർണ്ണ നിയന്ത്രണത്തോടെ സൂക്ഷിക്കാം. ഡയസ്പോറ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു സെർവറിനെ പോഡ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ അനേകം പൊതു പോഡുകൾ ലഭ്യമാണ്. വേണമെങ്കിൽ നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ തന്നെ ഡയസ്പോറയുടെ ഒരു പോഡ് ഹോസ്റ്റ് ചെയ്തു നിങ്ങളുടെ ഡാറ്റയെ പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടു വരാം. സ്വകാര്യതയുടെ അതിർവരമ്പുകൾ ഡയസ്പോറയോളം പരിപാലിക്കുന്ന മറ്റൊരു ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മകളും ഇന്ന് നിലവിലില്ല. നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത പക്ഷം ഡയസ്പോറയിൽ യഥാർത്ഥ വ്യക്തിത്വം പൂർണ്ണമായും മറച്ചു വയ്ക്കാവുന്നതുമാണ്.

ഡയസ്പോറ ലോഗോ.

ഡയസ്പോറ ലോഗോ. ഒരു ചെറിയ ഭൂവിഭാഗത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരൊറ്റ മൂലവംശത്തിൽ പെട്ട ജനാവലി എന്നാണു ഡയസ്പോറ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം.

രണ്ടായിരത്തി പത്തിൽ ന്യൂ യോർക്ക്‌ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ഇല്യ ഴിറ്റൊമിർസ്കി, ഡാൻ ഗ്രിപ്പി, മാക്സ് സാൽസ്ബർഗ്ഗ്, റാഫേൽ സോഫേർ എന്നിവർ ചേർന്നാണ് ഡയസ്പോറ പദ്ധതിയ്ക്ക് തുടക്കമിട്ടത് (ഇവരിൽ ഇല്യ ഴിറ്റൊമിർസ്കി തന്റെ 22 ആമത്തെ വയസിൽ  2011 നവംബർ 12നു ആത്മഹത്യ ചെയ്തു. ഡയസ്പോറ പദ്ധതി ഏൽപ്പിച്ച മാനസിക സമ്മർദ്ദം ആണ് ഇല്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു). കേന്ദ്രീകൃതമായ സാമൂഹ്യ കൂട്ടായ്മാ സൈറ്റുകൾ ഉപയോക്താക്കൾക്കെതിരെ ചാരപ്പണി ചെയ്യുകയും അവരെ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്യുന്നു. ഇതിനൊരു ബദലായിട്ടാണ് വികേന്ദ്രീകൃത സ്വഭാവത്തോടെയുള്ള സാമൂഹ്യ കൂട്ടായ്മാ പദ്ധതി ഈ നാൽവർ സംഘം വിഭാവനം ചെയ്തത്. ഈ സാമൂഹ്യ കൂട്ടായ്മയുടെ അടിസ്ഥാനം സ്വകാര്യതയും. ഇതിനായി വെറും പതിനായിരം ഡോളർ മാത്രം പ്രതീക്ഷിച്ചു നടത്തിയ ക്രൌഡ് ഫണ്ടിംഗിൽ വെറും പന്ത്രണ്ടു ദിവസം കൊണ്ട് പിരിഞ്ഞത് രണ്ടു ലക്ഷം ഡോളർ ആയിരുന്നു. ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന പ്രബുദ്ധ ജനത എത്ര മാത്രം അവരുടെ സ്വകാര്യതയെ പറ്റി അവബോധമുള്ളവരായിരുന്നുവെന്നു ഈ ഫണ്ടിംഗ് വിജയ ചരിത്രം വിളിച്ചോതുന്നു. 2010 നവംബർ മാസത്തോടെ ഡയസ്പോറയുടെ ആദ്യപോഡ് പ്രവർത്തന സജ്ജമായി.

ഉപയോഗ / പ്രവർത്തന രീതികൾ

കുറെയേറെ പോഡുകളുടെ ഓരോ പീർ-ടു-പീർ നെറ്റ്‌വർക്ക് ആണ് ഡയസ്പോറ. സ്വന്തം പോഡ് സജ്ജീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ നിങ്ങൾ അംഗത്വം എടുക്കുക. ഉദാഹരണത്തിന് https://poddery.com എന്ന പൊതു പോഡിൽ ആണ് നിങ്ങൾ അംഗത്വം എടുത്തിരിക്കുന്നതെന്ന് കരുതുക. എന്റെ അക്കൗണ്ട്‌ ഒരു പക്ഷെ https://joindiaspora.com എന്ന പൊതു പോഡിൽ ആയിരിക്കും, അല്ലെങ്കിൽ എന്റെ സ്വന്തം വീപീയെസ്സിൽ ഞാൻ സജ്ജീകരിച്ച സ്വകാര്യ പോഡിലായിരിക്കും. രണ്ടു വ്യത്യസ്ത പോഡുകളിൽ ആണെങ്കിലും നമുക്ക് പരസ്പരം എളുപ്പം ബന്ധപ്പെടാനും കഴിയും. വ്യത്യസ്ത ഡയസ്പോറ പോഡുകൾ കണ്ടെത്താൻ http://podupti.me എന്ന കണ്ണി സന്ദർശിച്ചാൽ മതി. പല പോഡുകളും പല വ്യത്യസ്ത ആശയക്കാർ ഹോസ്റ്റ് ചെയ്തിരിക്കുന്നതാണ്. ഉദാഹരണത്തിന് https://pet-board.com എന്ന ഡയസ്പോറ പോഡ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് മൃഗസ്നേഹികളുടെ ഒരു കൂട്ടായ്മയാണ്.

ഡയസ്പോറയിൽ അംഗത്വം എടുത്തു കഴിഞ്ഞാലുടൻ തന്നെ ഒരു സ്വാഗത സന്ദേശം എത്തും, അതിൽ എങ്ങനെ ഈ നെറ്റ്‌വർക്ക് ഉപയോഗിക്കണം എന്ന വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടാവും. ഈ നിർദ്ദേശങ്ങൾ വായിക്കണമെന്ന് തന്നെയില്ല, പ്രത്യേകിച്ച് ആരും ഒന്നും പറഞ്ഞു തരാതെ തന്നെ, ഒന്ന് കണ്ടാൽ മാത്രം മനസ്സിലാവുന്ന രീതിയിലാണ് ഡയസ്പോറ ദൃശ്യസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യതയെ പറ്റി, നിങ്ങൾക്ക് കൂടുതൽ കരുതൽ ഉണ്ടെങ്കിൽ, നല്ല സാങ്കേതിക പരിചയം ഉണ്ടെങ്കിൽ സ്വന്തം സെർവറിലോ, വീപിഎസിലോ അല്ലെങ്കിൽ സ്വന്തം കംപ്യൂട്ടറിലോ പോലും ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ സ്വന്തം വീപിഎസിൽ എങ്ങനെ ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാമെന്ന് വ്യക്തമായി ഇവിടെ ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. സാങ്കേതിക പരിചയം ഇല്ലാത്തവർക്ക് ഡയസ്പോറ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ അംഗത്വം എടുക്കുക. നിങ്ങളുടെ ഡാറ്റ ഏതു സമയത്തും നിങ്ങൾക്ക് മായ്ച്ചു കളയാനോ എക്സ്പോർട്ട് ചെയ്യാനോ ഏതു പോഡിലും സാധ്യമാണ്.

ഇനിയും ഡയസ്പോറയെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ https://diasporafoundation.org കാണുക. അല്ലെങ്കിൽ ഡയസ്പോറയെ പറ്റി ചുമ്മാ ഒന്ന് ഗൂഗ്ലിയാലും മതിയാകും 🙂

അപ്പോൾ ഡയസ്പോറ ഉപയോഗിച്ച് തുടങ്ങുകയല്ലേ? അവിടെ വച്ച് കാണാം. ദാ ദിദാണ് എന്റെ ഡയസ്പോറ പബ്ലിക്‌ പേജ് : https://joindiaspora.com/u/saintthomas (ഒന്ന് ക്ലിക്കി നോക്കിയാലും 🙂

വാൽക്കഷണം

ഫ്രെണ്ടിക്ക, പമ്പ്‌.ഐ.ഒ, സ്റ്റാറ്റസ്നെറ്റ്, ഗ്നുസോഷ്യൽ, ഫ്രീസോഷ്യൽ, സോഷ്യൽസ്ട്രീമിംഗ് എന്നിങ്ങനെ നിങ്ങളുടെ സ്വന്തം സർവ്വറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സോഷ്യൽ നെറ്റ്വർക്കിംഗ് സോഫ്റ്റ്‌വെയറുകൾ വേറെയുമുണ്ട്. സ്വന്തമായി ഒരു വീപീയെസ് (വിർച്വൽ പ്രൈവറ്റ് സെർവർ) ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ് – നേരെ ഈ സാധനങ്ങൾ ഒക്കെ അതിൽ കൊണ്ടു പോയി ഇൻസ്റ്റാൾ ചെയ്തു സുരക്ഷിതമായി ഉപയോഗിക്കാം.

അനുബന്ധ വായന

  1. http://larjona.wordpress.com/2013/10/07/social-networks-from-my-point-of-view-as-libre-software-user/
  2. http://larjona.wordpress.com/2013/10/07/the-social-networks-that-i-use-or-not-and-why/
  3. http://dr.jones.dk/msg/facebook/
  4. http://ml.wikipedia.org/wiki/%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1_%28%E0%B4%B8%E0%B5%8B%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%86%E0%B4%AF%E0%B5%BC%29

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )