ഇന്ത്യ ഇലക്ഷൻ 2014

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ചെയ്യാത്ത മോഷണക്കുറ്റത്തിന് ഒരു നിരപരാധിയെ രാജാവിന്റെ ഭടന്മാർ പിടിച്ചു കൊണ്ട് പോയി. ഇല്ലാത്ത തെളിവുകൾ ഹാജരാക്കി ഒടുവിൽ ശിക്ഷ വിധിച്ചു. എന്തു കൊണ്ടോ രാജാവ് അയാൾക്ക്‌ ഒരു ചോയ്സ് നൽകി.

ഒന്നുകിൽ ഒറ്റയിരിപ്പിൽ നൂറ് ഉള്ളി തിന്നുക, അല്ലെങ്കിൽ നൂറ് ചാട്ടവാറടി കൊള്ളുക.

നൂറ് ഉള്ളി തിന്നുതാണ് ഭേദം എന്ന് മനസ്സിൽ വിചാരിച്ചു അയാൾ ആദ്യ ചോയ്സ് എടുത്തു. അയാൾ ഉള്ളി തിന്നാൻ തുടങ്ങി. പത്ത് ഉള്ളി തിന്നപ്പോഴെയ്ക്കും അയാൾ അവശനായി. ഇതിലും ഭേദം അടി കൊള്ളുന്നതാണെന്നു നിനച്ച് അയാൾ അടി തരാൻ ഭടൻമാരോട് ആവശ്യപ്പെട്ടു.

ഉടനെ ഭടന്മാർ വന്നു അയാളെ കെട്ടിയിട്ടു ചാട്ടവാർ കൊണ്ട് അടി തുടങ്ങി. അഞ്ചാറ് അടി കൊണ്ടപ്പോഴെയ്ക്കും അയാൾ വേദന കൊണ്ട് പുളഞ്ഞ് “ഞാൻ ഉള്ളി തിന്നോളാമേ… എന്നെ തല്ലല്ലേ…” എന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. വീണ്ടും ആദ്യം മുതൽ ഉള്ളി തീറ്റ ആരംഭിച്ചു. അടിയുടെ വേദന പെട്ടെന്ന് മറക്കാത്തതിനാൽ ഒരു പതിനഞ്ചെണ്ണം ഒരു കണക്കിന് തിന്നു തീർത്തു, പക്ഷെ ഒടുവിൽ അവശനായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോൾ “ഇനി എന്നെ അടിക്കൂ” എന്ന് പാവത്തിന് വീണ്ടും പറയണ്ടി വന്നു.

കഥ ഇന്നും തീർന്നിട്ടില്ല, ദാ, ഉള്ളി തിന്നു തിന്നു പതം വന്ന് ഒടുവിൽ എന്നെ കെട്ടിയിട്ടു തല്ലൂ എന്ന് പാവം വീണ്ടും നിലവിളി തുടങ്ങിയത് ഇന്നാണ്. കഥ ഈ അടുത്ത കാലത്തൊന്നും തീരില്ല; ഇത് തുടർന്നു കൊണ്ടേയിരിക്കും, എന്നെന്നേയ്ക്കും.

{  ഇലക്ഷൻ ദിവസം സുഹൃത്തായ അവിനാശിനോട് സംസാരിച്ചപ്പോൾ സാന്ദർഭികമായി അദ്ദേഹം പറഞ്ഞതാണീ കഥ  }

വിപണി വിഹിതം അല്ലെങ്കിൽ സ്വതന്ത്ര വെബ്‌? ഇതാണ് ചോദ്യം. മോസില്ല എന്തു തെരഞ്ഞെടുത്തു?

firefox_icon

സൽസ്വഭാവിയെന്നു പേരെടുത്ത ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടത് പോലെയായി ഇത്. കോഴക്കേസിൽ ക്രിക്കറ്റ് ടീം നായകൻ പ്രതിക്കൂട്ടിലായത് പോലെ. മോസില്ലയ്ക്ക് ഇതെന്തുപറ്റി എന്ന് സ്വതന്ത്ര ലോകത്തിലെ എല്ലാവരും പരസ്പരം അത്ഭുതപ്പെടുന്നു.

മെയ്‌ 14-നു പുറത്തിറങ്ങിയ മോസില്ലയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ സ്വന്തം ബ്രൌസറിൽ ഡി.ആർ.എം. ഉപയോഗിക്കാൻ തീരുമാനിച്ച വിവരം അവർ പുറത്തുവിട്ടു. (ഇന്റർനെറ്റ്‌ എക്സ്പ്ളോറര്‍ ഡെവലപ്പ്മെന്റ് ടീം ഇത്തവണയും കേക്ക് സമ്മാനിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.)

Netflix, Hulu, Amazon Videoതുടങ്ങിയ ഓണ്‍ലൈൻ ടെലിവിഷൻ / മൂവീ സർവ്വീസുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് മോസില്ല ഇ.എം.ഇ. ഉപയോഗിക്കാൻ തുനിഞ്ഞിരിക്കുന്നതെന്ന് ഔദ്യോഗിക ബ്ളോഗിൽ സൂചിപ്പിച്ചിരിക്കുന്നു. ഇത് ഒന്ന് കൂടി വിശദമാക്കുകയാണെങ്കിൽ, മേൽപ്പറഞ്ഞ ടെലിവിഷൻ / മൂവീ സർവ്വീസുകൾ നൽകുന്ന കമ്പനികൾ തങ്ങൾ നൽകുന്ന കണ്ടന്റിനു മീതെ പരിപൂർണ്ണ നിയന്ത്രണം വേണമെന്ന് ബ്രൌസറുകളോട് ആവശ്യപ്പെടുന്നു, ചോദിക്കേണ്ട താമസം ഐ.ഇ., ക്രോം പോലുള്ള പ്രൊപ്രൈറ്ററി ബ്രൌസറുകൾ അതു നൽകുന്നു, നിയന്ത്രണം നൽകുന്നതിൽ ഇനിയും അമാന്തിച്ചാൽ ഈ സർവ്വീസ് ഉപയോക്താക്കൾ തങ്ങളിൽ നിന്നു വിട്ടുപോയി പ്രൊപ്രൈറ്ററി ബ്രൌസറിൽ ചേക്കേറും. അതുകൊണ്ടാണ് (ഉള്ള യൂസർ ബേസ് നഷ്ടപ്പെടുത്താതിരിക്കാൻ) തങ്ങൾ ഇ.എം.ഇ. നടപ്പാക്കാൻ നിർബന്ധിതരായതെന്നാണ് മോസില്ല പറഞ്ഞു വരുന്നത്. അങ്ങനെ ഈ കണ്ടന്റ് വിതരണക്കാരുടെ പിണിയാളായ അഡോബീ കോർപ്പറേഷനെ കൂട്ടുപിടിച്ചുകൊണ്ട് മോസില്ല സ്വന്തം ബ്രൌസറിലും ഇ.എം.ഇ. ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം ഉപയോക്താവിന്  നൽകുന്നു.

ഇ.എം.ഇ. / സി.ഡി.എം.

ഇ.എം.ഇ. എന്നാൽ എൻക്രിപ്റ്റഡ് മീഡിയ എക്സ്റ്റൻഷൻ. ഇതിനെ സി.ഡി.എം. (കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ) എന്നും പറയും. അതായത് വീഡിയോ കണ്ടന്റുകൾ നല്ല അന്തസ്സായി എൻക്രിപ്റ്റ് ചെയ്തായിരിക്കും പല കണ്ടന്റ് ഭീമൻമാരും തങ്ങളുടെ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഉപയോക്താക്കൾക്ക് ഈ വീഡിയോ കണ്ടന്റ് കാണണം എങ്കിൽ ഇത് ഡിക്രിപ്റ്റ്‌ ചെയ്യണം. അതിനായി അവരുടെ ബ്രൌസറിൽ ഒരു ഇൻ-ബിൽറ്റ്‌ കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ വേണം. കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ ഇല്ലാത്ത പക്ഷം ഉപയോക്താവിന് വീഡിയോ കണ്ടന്റ് കാണുവാൻ സാധ്യമല്ല.

ഡി.ആർ.എമ്മിനെതിരായ അന്താരാഷ്‌ട്ര ദിനം കഴിഞ്ഞു വെറും ഒരാഴ്ച മാത്രം കഴിഞ്ഞ സന്ദർഭത്തിലാണ് ലോകത്തിലെ ആദ്യത്തെ ഓപ്പണ്‍ സോഴ്സ് ബ്രൌസർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മോസില്ല കുത്തക സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയുമായി ചേർന്ന് തങ്ങളുടെ ബ്രൌസറിൽ ഡിജിറ്റൽ നിയന്ത്രണ സംവിധാനം (Digital Restrictions Management – DRM) ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മോസില്ലയുടെ വിവാദ പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ എഫ്.എസ്.എഫ്. ഈ നടപടിയെ അപലപിച്ചു കൊണ്ട് പ്രസ്താവന പുറത്തിറക്കി.

മുൻനിര ഓപ്പണ്‍ സോഴ്സ് കമ്പനികൾ തന്നെ സ്വയം തുരങ്കം വയ്ക്കുന്ന ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ തകരുന്നത് ഓണ്‍ലൈൻ സ്വാതന്ത്ര്യമാണ്. നേരത്തെ ഉബുണ്ടു ആമസോണുമായി ചേർന്ന് ഉപയോക്താവിന്റെ വിവരങ്ങൾ ചോർത്തിയതിനെക്കാളും വലിയ ചീത്തപ്പേരാണ് ഇതുവഴി മോസില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. മറ്റൊരു വഴിയില്ലാത്തതിനാലാണ് ഇങ്ങനൊരു നടപടി എന്ന് മോസില്ല സ്വയം ന്യായീകരിക്കുന്നുണ്ടെങ്കിലും തരം കിട്ടുമ്പോൾ അഡോബിയെ പ്രശംസിക്കാനും അവർ മടിക്കുന്നില്ല.

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്

ഇതിനെയാണ് പറയുന്നത് “കുളിപ്പിച്ച് കുളിപ്പിച്ച്കൊച്ചിനെ ഇല്ലാതാക്കുക” എന്ന് 🙂 🙂 കോപ്പിറൈറ്റിൽ കയറി കളിച്ചാൽ കോപ്പിലെഫ്റ്റിന്റെ ഡിപ്പന്റൻസി ചെയിൻ പൊട്ടും. ജീപീഎല്ലിന്റെ ശക്തി കുറയും. എങ്കിൽ പിന്നെ ഡിപ്പന്റൻസി ഒഴിവാക്കി കോപ്പിലെഫ്റ്റിനെ റീഎഞ്ചിനീയർ ചെയ്തൂടെ? കോപ്പിലെഫ്റ്റിനു നിയമപരമായി നിലനിൽപ്പില്ല എന്നാണല്ലോ പറയുന്നത്, കോപ്പിലെഫ്റ്റിനു നിയമപരമായ സ്വതന്ത്ര നിലനിൽപ്പ്‌ / സാധുത ഉണ്ടാക്കാൻ ആഗോളതലത്തിൽ എന്തെങ്കിലും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ?

നേരിടം

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല.

സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി കുറക്കുക(5 വര്‍ഷം) തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. പ്രസിദ്ധകരിക്കപ്പെട്ട എല്ലാം 5 വര്‍ഷം കഴിഞ്ഞാല്‍ പൊതു ഉടമസ്ഥതയിലാവും.

ഞാന്‍ ഈ മാറ്റങ്ങളെ പൊതുവായി അംഗീകരിക്കുന്നു. എന്നാല്‍ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി തിരഞ്ഞെടുത്ത പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ മോശമായി ബാധിക്കുന്നതാണ്. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ദ്രോഹിക്കണമെന്ന് കരുതി മനഃപ്പൂര്‍വ്വം അവര്‍ അങ്ങനെ ചെയ്തു എന്നല്ല പറയുന്നത്. പക്ഷേ ദോഷമാണുണ്ടായത്.

ഗ്നു ജനറല്‍ പബ്ലിക്ക് അനുമതിയും മറ്റ് പകര്‍പ്പുപേക്ഷാ ലൈസന്‍സുകളും പകര്‍പ്പവകാശം ഉപയോഗിച്ചാണ് അതിന്റെ ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്നത്. എല്ലാവര്‍ക്കും മാറ്റം വരുത്തിയ സൃഷ്ടികള്‍ ജി.പി.എല്‍ അനുസരിച്ച് പ്രസിദ്ധീകരിക്കാനാവും, അതേ ലൈസന്‍സ് പ്രകാരമാകണമെന്ന ഒരു നിബന്ധനമാത്രമേയുള്ളു. മാറ്റം വരുത്താതെയും ഈ അനുമതി പ്രകാരം സൃഷ്ടികളുടെ വിതരണം നടത്താനാവും. എല്ലാ വിതരണത്തിലും സോഫ്റ്റ്‌വെയറിന്റെ സോഴ്സ് കോഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കണം എന്നത് നിര്‍ബന്ധമാണ്.

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടിയുടെ പ്ലാറ്റ്ഫോം എങ്ങനെയാണ് പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ സ്വതന്ത്രസോഫ്റ്റ്‌വെയറിനെ ബാധിക്കുക ? അതിന്റെ സോഴ്സ് കോഡ് പൊതു ഡൊമൈനിലേക്ക് പോകുന്നു…

View original post 435 more words

സമൂഹങ്ങൾ വളരുന്നു. ആശയങ്ങൾ തളരുന്നു.

എല്ലാ സമൂഹങ്ങളിലും ഇത് ബാധകമാണെങ്കിലും ഇവിടെ പറഞ്ഞു വരുന്നത് സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങളെപ്പറ്റിയാണ്. ഈശ്വരനെ നിരാകരിച്ച ബുദ്ധൻ അനുയായികൾക്ക് മറ്റൊരു ഈശ്വരനായത് പോലെ ഒരു വിധിവൈപരീത്യമാണത്. ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ നിന്നു മാറി ഓപ്പണ്‍ സോഴ്സ് വക്താക്കൾ കടന്നു വന്നതങ്ങനെയാണ്. ആശയങ്ങൾ തളരുന്നു. തളർച്ചയുടെ ആലസ്യത്തിൽ തളർന്ന ആശയങ്ങൾക്ക് മീതേ പുതുപുതു സമൂഹങ്ങൾ രൂപം കൊള്ളുന്നു, ഒരുവേള പഴയ സമൂഹങ്ങൾ വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നകലുന്നു. കാലക്രമത്തിൽ അവ അപ്രസക്തമാകാതിരിക്കാൻ സ്വയം പെടാപാടു പെടുന്നു.

ഓപ്പണ്‍ ഡി.ആർ.എം. ഒരു ചൂണ്ടുപലകയാണ് – ആശയങ്ങൾ തളരുന്നതിന്റെ, ആശയങ്ങൾക്ക് അപകടമാംവിധമുള്ള വ്യതിയാനങ്ങൾ വരുന്നതിന്റെ. ലോകമാകമാനം അനേകം സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങൾ ഉടലെടുത്തതും വളർന്നതും ചിലതൊക്കെ ഒടുവിൽ തളർന്നു വീണതും ഒക്കെ ഇങ്ങനെ തന്നെയാണ്, എങ്കിലും ഇപ്പോഴുമുണ്ട് പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ. പുത്തൻ ആശയക്കാർ തളർത്താൻ ശ്രമിക്കുമ്പോഴും വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നുപോകാതെ അതിജീവനത്തിന്റെ മന്ത്രങ്ങൾ തേടി ശരിയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ ശാന്തമായ ഒരു തടാകം പോലെയായിരുന്നു ഐലഗ്ഗ്-കൊച്ചിൻ. കൊടുങ്കാറ്റു പോലെ ആരും അവിടെ സംസാരിച്ചു കണ്ടിട്ടില്ല. രൂക്ഷമായ വാദപ്രതിവാദങ്ങൾ അവിടെ ഒരിക്കലും നടന്നു കണ്ടിട്ടില്ല. വെറുപ്പിന്റെ ശബ്ദം അവിടെ ഉയർന്നിട്ടില്ല. സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിൽ ആകൃഷ്ടരായ ഒരുപറ്റം ആളുകളുടെ ഒരു തുറന്ന കൂട്ടായ്മ. അവരുടെ ശാന്തമായ യോഗങ്ങൾ. ടെക്കികൾക്കും ഗീക്കുകൾക്കും ഒപ്പം വെറും സാധാരണക്കാരായ ഗ്നു/ലിനക്സ് ഉപയോക്താക്കളും അവിടെ യോഗങ്ങളിൽ പങ്കെടുത്തു. തികച്ചും നിസ്സാരമായ കമ്പ്യൂട്ടർ വിഷയങ്ങൾ മുതൽ അതീവ ഗഹനമായ സാങ്കേതിക പ്രശ്നങ്ങൾ വരെ അവിടെ ചർച്ച ചെയ്യപ്പെട്ടു. എല്ലുറപ്പുള്ള ആശയങ്ങൾ, ക്ഷീണിതമാകാത്ത ആശയങ്ങൾ.

Way to ILUG-COCHIN

ഐലഗ്ഗ്-കൊച്ചിനിലേയ്ക്കുള്ള വഴി

നേരിട്ട് ഒരു മീറ്റിംഗിനും ഇതുവരെ കാണാത്ത ചിലർ മെയിലിംഗ് ലിസ്റ്റിലിട്ട ത്രെഡ്ഡുകള്‍ മൂലം ലിസ്റ്റ് ഒന്നടങ്കം ഫ്രീസ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചിൻ-ഐലഗ്ഗിനെ ഫോർക്ക് ചെയ്യുമെന്നു അവർ വെല്ലുവിളിച്ചു. അധികം വൈകാതെ തന്നെ ഗ്രൂപ്പിൽ സ്ഥിരസാന്നിധ്യമായിരുന്ന ചിലരൊക്കെ ചേർന്ന് ഐലഗ് ഫോർക്ക് ചെയ്യുകയും ചെയ്തു. ഇവിടെ കൊച്ചിയിലെ സ്ഥിരം മീറ്റിംഗ് സങ്കേതത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ എന്ന വിശാലമായ വിഷയത്തിൽ അതിന്റെ ദാർശനികപ്രസക്തിയെപ്പറ്റി കഴിഞ്ഞ പതിനാറു വർഷം മുടങ്ങാതെ തുടർച്ചയായി പ്രതിമാസയോഗങ്ങൾ സംഘടിപ്പിച്ച അതിന്റെ പാരമ്പര്യം, ഫോർക്ക് ചെയ്യാൻ മുൻകൈ എടുത്തവരൊക്കെ വിസ്മരിച്ചു. സമൂഹങ്ങൾക്ക് അർഹിക്കുന്നതിലുമേറെ പ്രാധാന്യം നൽകിക്കൊണ്ട് ആശയങ്ങളെ വിസ്മരിക്കുന്നതിന്റെ ഒരു കോപ്പിബുക്ക്‌ ഉദാഹരണമാണിത്.

പുതിയ പുതിയ സ്വതന്ത്രസോഫ്റ്റ്‌വെയർ ഗ്രൂപ്പുകൾ കൂടുതൽ കൂടുതലായി ഉയർന്നു വരുന്നത് നല്ലതാണ് എന്ന കാഴ്ച്ചപ്പടുകാരനാണ് ഞാൻ. ഇവിടെ പുതിയൊരു ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിലവിൽ സജീവമായിരുന്ന ഒരു സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടാണ്. ഇങ്ങനെ സജീവമായ ഒരു സമൂഹത്തിനെ പിളർത്തി പുതിയൊരു സമൂഹം പടുത്തുയർത്തുന്നതിനു മുമ്പ് കൂട്ടായ്മയിലെ മറ്റെല്ലാവരുമായും നേരിട്ടുള്ള ഒരു ചർച്ച (മെയിലിംഗ് ലിസ്റ്റിലൂടെയല്ല) ആവാമായിരുന്നു. പത്തുനൂറു വ്യക്തികൾ അടങ്ങുന്ന ഒരു കൂട്ടായ്മയിലെ മൂന്നോ നാലോ വ്യക്തികൾ ചേർന്ന് മറ്റുള്ളവരുടെ അഭിപ്രായം നേരിട്ടാരായാതെ ദ്രുതഗതിയിൽ ഒരു ഗ്രൂപ്പ് ഫോർക്ക് ചെയ്യുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? എന്തോ അവ്യക്തമായ ഒരാശയം അതിനുള്ളിൽ ചീഞ്ഞു കിടപ്പുണ്ട്. എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത ചില അടിയൊഴുക്കുകൾ അവിടെ നടക്കുന്നുണ്ട്.

Regular meeting April 2014

ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗ്

ലിബ്രേ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരുൾപ്പെടെ കുറെയേറെ പുതുമുഖങ്ങൾ 2014 ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗിന് എത്തിയിരുന്നു. ടെക്നിക്കൽ സെഷൻ പലരും അലസമായി കേട്ടിരുന്നു. ബോട്ട്നെറ്റ്സിന്റെ നശീകരണാത്മകമായ ഉപയോഗം മൂലം എങ്ങനെ ഒരു ഗ്നു/ലിനക്സ്‌ സിസ്റ്റം സന്ധി ചെയ്യപ്പെടുന്നു എന്നതായിരുന്നു ജേ ജേക്കബ്ബ് സാര്‍ സെഷനിലൂടെ പറഞ്ഞു വന്നത്. നല്ല കാര്യങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ബോട്ടുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൈബർ ക്രൈമുകൾക്ക് വേണ്ടിയാണത്രേ. റൂട്ട് ആക്സസ് ഇല്ലാതെ ഗ്നു/ലിനക്സ്‌ സിസ്റ്റങ്ങൾ പൂർണ്ണമായി തകർക്കാൻ സാധ്യമല്ല എന്ന് കരുതിയിരുന്ന എന്റെ വിശ്വാസം ഇതോടെ തകർന്നു.

മെയിലിംഗ് ലിസ്റ്റിലെ തമ്മിലടികൾക്കും വാഗ്വാദങ്ങൾക്കും ശേഷം നടന്ന ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ചില കാര്യങ്ങൾക്ക് ഒരു സുതാര്യത കൈവന്നു എന്നത് ഏതായാലും ഒരു നല്ല കാര്യമായി തോന്നി. എന്റെ അറിവിൽ ആദ്യമായാണ്‌ അവിടെ രൂക്ഷമായ ഒരു വാദപ്രതിവാദങ്ങൾ ഉയരുന്നത്. ടെക്നിക്കൽ സെഷൻ അലസമായി കേട്ടിരുന്ന ചിലര്‍ പൊടുന്നനെ സംവാദം സാകൂതം ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങി  🙂

കൂട്ടായ്മയിലെ ഇതര വ്യക്തികളുമായി പലപ്പോഴായി നടന്ന അനൗപചാരിക സംഭാഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് ഐലഗ്ഗ്-കൊച്ചിൻ ഒരു മെയിലിംഗ് ലിസ്റ്റ് കൂട്ടായ്മ മാത്രമാണെന്നും ലീബ്രെ ഇന്ത്യ എന്ന ഒരു ട്രസ്റ്റിന്റെ കീഴിലാണ് അതു വരുന്നതെന്നും നേരിയ ഒരു ധാരണ വെറും മൂന്നുനാലു വർഷങ്ങൾക്കു മുമ്പു മാത്രം അവിടെ പോയി തുടങ്ങിയ എനിക്കറിയാമായിരുന്നു. പക്ഷെ വർഷങ്ങൾക്കു മുമ്പേ അവിടെ സ്ഥിരസാന്നിദ്ധ്യമായിരുന്നവരില്‍ ചിലര്‍ക്കു പോലും അതറിയുമായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ആരൊക്കെയാണ് ട്രസ്റ്റ്‌ അംഗങ്ങൾ എന്നോ ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ എന്തെന്നോ ഒന്നും എനിക്കും വ്യക്തമായിരുന്നില്ല. ഈ വാഗ്വാദങ്ങളുടെയൊക്കെ അനന്തരഫലമായി ഇത്തരം കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരുവാൻ പോവുകയാണ്. ഐലഗ്ഗ്-കൊച്ചിൻ ഇത്തരം കാര്യങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കാൻ തയ്യാറെടുക്കുന്നു. കൂടാതെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച മോഡറേഷൻ സംഭവപരമ്പരകൾക്ക് വിരാമമിടാൻ മോഡറേഷൻ പോളിസിയും വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. പുതുതായി മെയിലിംഗ്  ലിസ്റ്റിൽ ചേരുന്ന ഓരോ സബ്സ്ക്രൈബർമാർക്കും ഈ പോളിസികൾ ആദ്യ മെയിലിൽ തന്നെ ലഭിക്കും. ഇത്തരം സുതാര്യത ഐലഗ്ഗിനു ലഭിച്ചതിൽ എല്ലാവരും സംതൃപ്തരാണ് എന്ന് ഞാൻ കരുതുന്നു.

സമൂഹത്തേക്കാൾ പ്രസക്തമാണ് ആശയങ്ങൾ – അതിനൊരിക്കലും തളർച്ച വരാൻ അനുവദിക്കാതെ അതിനെ വളർത്തുക എന്ന കർമ്മമാണ്‌ സമൂഹത്തിനുള്ളത്. വ്യക്തിയല്ല; സമൂഹമാണ്, സമൂഹമല്ല; ആശയമാണ് വലുത് എന്ന തിരിച്ചറിവ് നമുക്കുണ്ടായേ തീരൂ. കാരണം ആശയങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചാല്‍ അത് ഇല്ലാതാക്കുക സമൂഹത്തിന്റെ നന്മയായിരിക്കും.

വാൽക്കഷണം

ഹൈഫന്‍ വെറുമൊരു വരയല്ല

മുമ്പ് കൊച്ചി ഐലഗ്ഗ്, ഐലഗ്ഗ് കൊച്ചി, കൊച്ചിന്‍ ഐലഗ്ഗ് എന്നൊക്കെ പല പേരുകളില്‍ പറഞ്ഞിരുന്നു ഇവിടം. ഗ്നുസ്ളാഷ്ലിനക്സ് എന്നു പറയുന്നതു പോലെ, കഴിഞ്ഞ മീറ്റിംഗില്‍ ഐലഗ്ഹൈഫന്‍കൊച്ചിന്‍ എന്ന് ആരോ എടുത്തു പറയുന്നതു കേട്ടു. “ഞാൻ ചുമ്മാ ഒരു വരയൊന്നുമല്ല, എനിക്കും ഒരു നെലയും വെലയുമൊക്കെ ഒണ്ടെടാ കൂവേ” എന്ന് ഹൈഫന്‍ ആരെയെങ്കിലും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയോ ആവോ.