സമൂഹങ്ങൾ വളരുന്നു. ആശയങ്ങൾ തളരുന്നു.

എല്ലാ സമൂഹങ്ങളിലും ഇത് ബാധകമാണെങ്കിലും ഇവിടെ പറഞ്ഞു വരുന്നത് സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങളെപ്പറ്റിയാണ്. ഈശ്വരനെ നിരാകരിച്ച ബുദ്ധൻ അനുയായികൾക്ക് മറ്റൊരു ഈശ്വരനായത് പോലെ ഒരു വിധിവൈപരീത്യമാണത്. ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ നിന്നു മാറി ഓപ്പണ്‍ സോഴ്സ് വക്താക്കൾ കടന്നു വന്നതങ്ങനെയാണ്. ആശയങ്ങൾ തളരുന്നു. തളർച്ചയുടെ ആലസ്യത്തിൽ തളർന്ന ആശയങ്ങൾക്ക് മീതേ പുതുപുതു സമൂഹങ്ങൾ രൂപം കൊള്ളുന്നു, ഒരുവേള പഴയ സമൂഹങ്ങൾ വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നകലുന്നു. കാലക്രമത്തിൽ അവ അപ്രസക്തമാകാതിരിക്കാൻ സ്വയം പെടാപാടു പെടുന്നു.

ഓപ്പണ്‍ ഡി.ആർ.എം. ഒരു ചൂണ്ടുപലകയാണ് – ആശയങ്ങൾ തളരുന്നതിന്റെ, ആശയങ്ങൾക്ക് അപകടമാംവിധമുള്ള വ്യതിയാനങ്ങൾ വരുന്നതിന്റെ. ലോകമാകമാനം അനേകം സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങൾ ഉടലെടുത്തതും വളർന്നതും ചിലതൊക്കെ ഒടുവിൽ തളർന്നു വീണതും ഒക്കെ ഇങ്ങനെ തന്നെയാണ്, എങ്കിലും ഇപ്പോഴുമുണ്ട് പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ. പുത്തൻ ആശയക്കാർ തളർത്താൻ ശ്രമിക്കുമ്പോഴും വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നുപോകാതെ അതിജീവനത്തിന്റെ മന്ത്രങ്ങൾ തേടി ശരിയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ ശാന്തമായ ഒരു തടാകം പോലെയായിരുന്നു ഐലഗ്ഗ്-കൊച്ചിൻ. കൊടുങ്കാറ്റു പോലെ ആരും അവിടെ സംസാരിച്ചു കണ്ടിട്ടില്ല. രൂക്ഷമായ വാദപ്രതിവാദങ്ങൾ അവിടെ ഒരിക്കലും നടന്നു കണ്ടിട്ടില്ല. വെറുപ്പിന്റെ ശബ്ദം അവിടെ ഉയർന്നിട്ടില്ല. സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിൽ ആകൃഷ്ടരായ ഒരുപറ്റം ആളുകളുടെ ഒരു തുറന്ന കൂട്ടായ്മ. അവരുടെ ശാന്തമായ യോഗങ്ങൾ. ടെക്കികൾക്കും ഗീക്കുകൾക്കും ഒപ്പം വെറും സാധാരണക്കാരായ ഗ്നു/ലിനക്സ് ഉപയോക്താക്കളും അവിടെ യോഗങ്ങളിൽ പങ്കെടുത്തു. തികച്ചും നിസ്സാരമായ കമ്പ്യൂട്ടർ വിഷയങ്ങൾ മുതൽ അതീവ ഗഹനമായ സാങ്കേതിക പ്രശ്നങ്ങൾ വരെ അവിടെ ചർച്ച ചെയ്യപ്പെട്ടു. എല്ലുറപ്പുള്ള ആശയങ്ങൾ, ക്ഷീണിതമാകാത്ത ആശയങ്ങൾ.

Way to ILUG-COCHIN

ഐലഗ്ഗ്-കൊച്ചിനിലേയ്ക്കുള്ള വഴി

നേരിട്ട് ഒരു മീറ്റിംഗിനും ഇതുവരെ കാണാത്ത ചിലർ മെയിലിംഗ് ലിസ്റ്റിലിട്ട ത്രെഡ്ഡുകള്‍ മൂലം ലിസ്റ്റ് ഒന്നടങ്കം ഫ്രീസ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചിൻ-ഐലഗ്ഗിനെ ഫോർക്ക് ചെയ്യുമെന്നു അവർ വെല്ലുവിളിച്ചു. അധികം വൈകാതെ തന്നെ ഗ്രൂപ്പിൽ സ്ഥിരസാന്നിധ്യമായിരുന്ന ചിലരൊക്കെ ചേർന്ന് ഐലഗ് ഫോർക്ക് ചെയ്യുകയും ചെയ്തു. ഇവിടെ കൊച്ചിയിലെ സ്ഥിരം മീറ്റിംഗ് സങ്കേതത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ എന്ന വിശാലമായ വിഷയത്തിൽ അതിന്റെ ദാർശനികപ്രസക്തിയെപ്പറ്റി കഴിഞ്ഞ പതിനാറു വർഷം മുടങ്ങാതെ തുടർച്ചയായി പ്രതിമാസയോഗങ്ങൾ സംഘടിപ്പിച്ച അതിന്റെ പാരമ്പര്യം, ഫോർക്ക് ചെയ്യാൻ മുൻകൈ എടുത്തവരൊക്കെ വിസ്മരിച്ചു. സമൂഹങ്ങൾക്ക് അർഹിക്കുന്നതിലുമേറെ പ്രാധാന്യം നൽകിക്കൊണ്ട് ആശയങ്ങളെ വിസ്മരിക്കുന്നതിന്റെ ഒരു കോപ്പിബുക്ക്‌ ഉദാഹരണമാണിത്.

പുതിയ പുതിയ സ്വതന്ത്രസോഫ്റ്റ്‌വെയർ ഗ്രൂപ്പുകൾ കൂടുതൽ കൂടുതലായി ഉയർന്നു വരുന്നത് നല്ലതാണ് എന്ന കാഴ്ച്ചപ്പടുകാരനാണ് ഞാൻ. ഇവിടെ പുതിയൊരു ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിലവിൽ സജീവമായിരുന്ന ഒരു സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടാണ്. ഇങ്ങനെ സജീവമായ ഒരു സമൂഹത്തിനെ പിളർത്തി പുതിയൊരു സമൂഹം പടുത്തുയർത്തുന്നതിനു മുമ്പ് കൂട്ടായ്മയിലെ മറ്റെല്ലാവരുമായും നേരിട്ടുള്ള ഒരു ചർച്ച (മെയിലിംഗ് ലിസ്റ്റിലൂടെയല്ല) ആവാമായിരുന്നു. പത്തുനൂറു വ്യക്തികൾ അടങ്ങുന്ന ഒരു കൂട്ടായ്മയിലെ മൂന്നോ നാലോ വ്യക്തികൾ ചേർന്ന് മറ്റുള്ളവരുടെ അഭിപ്രായം നേരിട്ടാരായാതെ ദ്രുതഗതിയിൽ ഒരു ഗ്രൂപ്പ് ഫോർക്ക് ചെയ്യുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? എന്തോ അവ്യക്തമായ ഒരാശയം അതിനുള്ളിൽ ചീഞ്ഞു കിടപ്പുണ്ട്. എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത ചില അടിയൊഴുക്കുകൾ അവിടെ നടക്കുന്നുണ്ട്.

Regular meeting April 2014

ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗ്

ലിബ്രേ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരുൾപ്പെടെ കുറെയേറെ പുതുമുഖങ്ങൾ 2014 ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗിന് എത്തിയിരുന്നു. ടെക്നിക്കൽ സെഷൻ പലരും അലസമായി കേട്ടിരുന്നു. ബോട്ട്നെറ്റ്സിന്റെ നശീകരണാത്മകമായ ഉപയോഗം മൂലം എങ്ങനെ ഒരു ഗ്നു/ലിനക്സ്‌ സിസ്റ്റം സന്ധി ചെയ്യപ്പെടുന്നു എന്നതായിരുന്നു ജേ ജേക്കബ്ബ് സാര്‍ സെഷനിലൂടെ പറഞ്ഞു വന്നത്. നല്ല കാര്യങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ബോട്ടുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൈബർ ക്രൈമുകൾക്ക് വേണ്ടിയാണത്രേ. റൂട്ട് ആക്സസ് ഇല്ലാതെ ഗ്നു/ലിനക്സ്‌ സിസ്റ്റങ്ങൾ പൂർണ്ണമായി തകർക്കാൻ സാധ്യമല്ല എന്ന് കരുതിയിരുന്ന എന്റെ വിശ്വാസം ഇതോടെ തകർന്നു.

മെയിലിംഗ് ലിസ്റ്റിലെ തമ്മിലടികൾക്കും വാഗ്വാദങ്ങൾക്കും ശേഷം നടന്ന ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ചില കാര്യങ്ങൾക്ക് ഒരു സുതാര്യത കൈവന്നു എന്നത് ഏതായാലും ഒരു നല്ല കാര്യമായി തോന്നി. എന്റെ അറിവിൽ ആദ്യമായാണ്‌ അവിടെ രൂക്ഷമായ ഒരു വാദപ്രതിവാദങ്ങൾ ഉയരുന്നത്. ടെക്നിക്കൽ സെഷൻ അലസമായി കേട്ടിരുന്ന ചിലര്‍ പൊടുന്നനെ സംവാദം സാകൂതം ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങി  🙂

കൂട്ടായ്മയിലെ ഇതര വ്യക്തികളുമായി പലപ്പോഴായി നടന്ന അനൗപചാരിക സംഭാഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് ഐലഗ്ഗ്-കൊച്ചിൻ ഒരു മെയിലിംഗ് ലിസ്റ്റ് കൂട്ടായ്മ മാത്രമാണെന്നും ലീബ്രെ ഇന്ത്യ എന്ന ഒരു ട്രസ്റ്റിന്റെ കീഴിലാണ് അതു വരുന്നതെന്നും നേരിയ ഒരു ധാരണ വെറും മൂന്നുനാലു വർഷങ്ങൾക്കു മുമ്പു മാത്രം അവിടെ പോയി തുടങ്ങിയ എനിക്കറിയാമായിരുന്നു. പക്ഷെ വർഷങ്ങൾക്കു മുമ്പേ അവിടെ സ്ഥിരസാന്നിദ്ധ്യമായിരുന്നവരില്‍ ചിലര്‍ക്കു പോലും അതറിയുമായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ആരൊക്കെയാണ് ട്രസ്റ്റ്‌ അംഗങ്ങൾ എന്നോ ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ എന്തെന്നോ ഒന്നും എനിക്കും വ്യക്തമായിരുന്നില്ല. ഈ വാഗ്വാദങ്ങളുടെയൊക്കെ അനന്തരഫലമായി ഇത്തരം കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരുവാൻ പോവുകയാണ്. ഐലഗ്ഗ്-കൊച്ചിൻ ഇത്തരം കാര്യങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കാൻ തയ്യാറെടുക്കുന്നു. കൂടാതെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച മോഡറേഷൻ സംഭവപരമ്പരകൾക്ക് വിരാമമിടാൻ മോഡറേഷൻ പോളിസിയും വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. പുതുതായി മെയിലിംഗ്  ലിസ്റ്റിൽ ചേരുന്ന ഓരോ സബ്സ്ക്രൈബർമാർക്കും ഈ പോളിസികൾ ആദ്യ മെയിലിൽ തന്നെ ലഭിക്കും. ഇത്തരം സുതാര്യത ഐലഗ്ഗിനു ലഭിച്ചതിൽ എല്ലാവരും സംതൃപ്തരാണ് എന്ന് ഞാൻ കരുതുന്നു.

സമൂഹത്തേക്കാൾ പ്രസക്തമാണ് ആശയങ്ങൾ – അതിനൊരിക്കലും തളർച്ച വരാൻ അനുവദിക്കാതെ അതിനെ വളർത്തുക എന്ന കർമ്മമാണ്‌ സമൂഹത്തിനുള്ളത്. വ്യക്തിയല്ല; സമൂഹമാണ്, സമൂഹമല്ല; ആശയമാണ് വലുത് എന്ന തിരിച്ചറിവ് നമുക്കുണ്ടായേ തീരൂ. കാരണം ആശയങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചാല്‍ അത് ഇല്ലാതാക്കുക സമൂഹത്തിന്റെ നന്മയായിരിക്കും.

വാൽക്കഷണം

ഹൈഫന്‍ വെറുമൊരു വരയല്ല

മുമ്പ് കൊച്ചി ഐലഗ്ഗ്, ഐലഗ്ഗ് കൊച്ചി, കൊച്ചിന്‍ ഐലഗ്ഗ് എന്നൊക്കെ പല പേരുകളില്‍ പറഞ്ഞിരുന്നു ഇവിടം. ഗ്നുസ്ളാഷ്ലിനക്സ് എന്നു പറയുന്നതു പോലെ, കഴിഞ്ഞ മീറ്റിംഗില്‍ ഐലഗ്ഹൈഫന്‍കൊച്ചിന്‍ എന്ന് ആരോ എടുത്തു പറയുന്നതു കേട്ടു. “ഞാൻ ചുമ്മാ ഒരു വരയൊന്നുമല്ല, എനിക്കും ഒരു നെലയും വെലയുമൊക്കെ ഒണ്ടെടാ കൂവേ” എന്ന് ഹൈഫന്‍ ആരെയെങ്കിലും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയോ ആവോ.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )