മെറ്റാ ഡാറ്റ അനോണിമൈസേഷൻ ടൂൾ കിറ്റ്

കഴിഞ്ഞ ദിവസമാണ് മെറ്റാ ഡാറ്റ അനോണിമൈസേഷൻ ടൂൾ കിറ്റ് എന്ന ഈ കുഞ്ഞൻ ടൂൾ ഉപയോഗിക്കേണ്ട ആവശ്യം വന്നത്. അപ്പോൾ മാത്രമാണ് മെറ്റാഡാറ്റ അനോണിമൈസേഷന്റെ ആവശ്യകത ശരിക്കും ബോധ്യമായതും. ഞാൻ നിർമ്മിച്ച ഒരു ഫയലിൽ ഞാനറിയാതെ എന്നെപറ്റി കുനുകുനാന്നു പലതും ഒക്കെ എഴുതി വയ്ക്കുന്നുണ്ട്‌. നല്ല കാര്യമാണ്, സാധാരണ ഘട്ടങ്ങളിൽ അത് കുറെയേറെ പ്രയോജനപ്രദവുമാണ്. പക്ഷെ അനോണിമസ് ആയി ഒരു ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം സൂക്ഷിച്ചില്ലെങ്കിൽ ലവന്റെ കാര്യം പോക്കാണ്.

ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഒരു ഫോട്ടോ എടുക്കുമ്പോഴും സ്കാനർ ഉപയോഗിച്ച് ഒരു ഇമേജ് സ്കാൻ ചെയ്യുമ്പോഴും, ഗിമ്പ് ഉപയോഗിച്ച് ഒരു ഇമേജ് എഡിറ്റ്‌ ചെയ്യുമ്പോഴും ഒക്കെ അതതു ഫയലുകളിൽ ഒരു മെറ്റാഡാറ്റ സ്വയം ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഡിജിറ്റൽ ക്യാമറയിൽ സേവ് ചെയ്യുന്ന ജെപെഗ് ഫയലുകളിൽ രേഖപ്പെടുത്തുന്ന മെറ്റാഡാറ്റയിൽ (ഇതിനെ എക്സിഫ് ഡാറ്റ എന്നാണു വിളിക്കുന്നത്‌) സാധാരണയായി ദാ, ഇത്രയും ഡീറ്റെയിൽസ് ഉണ്ടായിരിക്കും.

Manufacturer | Model name | Orientation (rotation) | Software | Date and Time | YCbCr Positioning | Compression | x-Resolution | y-Resolution | Resolution Unit | Exposure Time | FNumber | ExposureProgram | Exif Version | Date and Time (original) | Date and Time (digitized) | ComponentsConfiguration | Compressed Bits per Pixel | Exposure Bias | MaxApertureValue | Metering Mode | Flash | Focal Length | MakerNote | FlashPixVersion | Color Space | PixelXDimension | PixelYDimension | File | Source | InteroperabilityIndex | InteroperabilityVersion

MAT

മെറ്റാ ഡാറ്റ അനോണിമൈസേഷൻ ടൂൾ കിറ്റ്

ഈ മെറ്റാ ഡാറ്റ ഒരു പക്ഷെ അനോണിമിറ്റിയെ നിശ്ശേഷം തകർത്തു തരിപ്പണമാക്കി നമ്മുടെ തലയും കൊണ്ട് പോയേക്കാം. ഡിജിറ്റൽ ക്യാമറയിലെ എക്സിഫ് ഡാറ്റയെ പ്പറ്റി സാധാരണ ഉപയോക്താക്കൾ ഒട്ടും ബോധവാന്മാരല്ല, ഓഫീസ് പാക്കെജുകളിലെ മെറ്റാഡാറ്റയെപ്പറ്റി അത്ര പോലും മിക്കവർക്കും അറിയില്ല.

ഫയലുകളിൽ തനിയെ വളർന്ന ഈ മെറ്റാഡാറ്റയെ വടിച്ചു കളയാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട സേഫ്റ്റി റേസർ ആണ് മെറ്റാ ഡാറ്റ അനോണിമൈസേഷൻ ടൂൾ കിറ്റ്. ടോർ പ്രൊജക്റ്റിന് കീഴിൽ 2011-ലെ ഗൂഗിൾ സമ്മർ ഓഫ് കോഡിൽ ചെയ്ത പ്രൊജക്റ്റ്‌ ആയിരുന്നു മെറ്റാ ഡാറ്റ അനോണിമൈസേഷൻ ടൂൾ കിറ്റ്. ജേപീഈജീ, പീയെൻജി, ഓഡീടി, ഡോക്എക്സ്, എംപീഈജി തുടങ്ങിയ ഒട്ടനവധി ഫയൽ ഫോർമാറ്റുകളിലെ മെറ്റാഡാറ്റ ഈ ടൂൾ ഉപയോഗിച്ച് ഒറ്റയടിക്ക് വടിച്ചു കളയാം. ഉപയോഗിക്കാൻ ഒരു വൈദഗ്ധ്യവും വേണ്ട, ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധം സിമ്പിൾ ആണ് ഇതിന്റെ സമ്പർക്കമുഖം (interface). ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മെറ്റാ ഡാറ്റ അനോണിമൈസേഷൻ (മാറ്റ്) ടൂൾ കിറ്റ് ഡീഫോൾട്ട് ആയി ഉണ്ട്. ഡെബിയൻ റിപ്പോസിറ്ററിയിലും മാറ്റ് ടൂൾ കിറ്റ്ഉൾപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ