ഏറെ പടിഞ്ഞാട്ടു പോയാല്‍

2018 നവംബര്‍ മൂന്നാം തീയതിയിലെ മനോരമയില്‍ കണ്ട വാചകമേള എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച മുരളി ഗോപിയുടെ ഉദ്ധരണി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്നു കൈയ്യടിക്കാന്‍ തോന്നി – അത്രയ്ക്കും ഉദാത്തമായ ഉദാഹരണമാണു് അദ്ദേഹം നല്‍കിയതു്.

സനാതനധര്‍മ്മവും കമ്മ്യൂണിസവും തമ്മിലെന്തു ബന്ധം

നമ്മള്‍ ഇപ്പോള്‍ കാണുന്ന ഇടതുപക്ഷം എന്നാല്‍ സീപീയെം തന്നെ – പേരെടുത്തു പറഞ്ഞില്ല എന്നേയുള്ളൂ. സനാതനധര്‍മ്മം ഒരു ഇടതുപക്ഷ ചിന്താഗതിയാണെങ്കില്‍ ഹിന്ദുത്വം വെറുമൊരു വലതുപക്ഷഫാസിസം മാത്രമാണു്. അതേസമയം കമ്മ്യൂണിസമോ? അതൊരു ഒരു മനോഹരമായ ഇടതുപക്ഷ ആശയമാണെങ്കില്‍ നമ്മുടെ സീപീയെം അതിതീവ്രവലതുപക്ഷഫാസിസമത്രേ. അതായതു് സനാതനധര്‍മ്മവും ഹിന്ദുത്വവും തമ്മിലുള്ളതിനേക്കാള്‍ അകലമേറെയാണു് കമ്മ്യൂണിസത്തിനും സീപീയെമ്മിനും തമ്മിലെന്നു് സാരം. മുപ്പതുകളില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വേരോടിത്തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ പക്ഷേ അങ്ങനെയായിരുന്നില്ല എന്നാണു് ചരിത്രം രേഖപ്പെടുത്തുന്നതു്. മനുഷ്യസ്നേഹികളായ ഒരുകൂട്ടം നല്ലമനുഷ്യര്‍ പടുത്തുയര്‍ത്തി ചോരയും വിയര്‍പ്പുമൊഴുക്കി വളര്‍ത്തിയെടുത്ത ഈ പാര്‍ട്ടി എങ്ങനെ ഇപ്പോള്‍ കാണുന്നതുപോലുള്ള ഒരു സെപ്റ്റിക്‍ അഴുക്കുചാലില്‍ കഴുത്തറ്റം ആഴ്ന്നിറങ്ങി എന്നതു് ഇന്നും ഹൃദയത്തിനുള്ളില്‍ കനിവു കാത്തുസൂക്ഷിക്കുന്ന യഥാര്‍ത്ഥ ഇടതുപക്ഷആശയക്കാരെ നോവിപ്പിക്കുന്നുണ്ടു്. ഏറെ പടിഞ്ഞാട്ടു പോയി കിഴക്കറ്റമെത്തിയ പാര്‍ട്ടിയാണതു്.

ഇടതുപക്ഷ/തീവ്ര ഇടതുപക്ഷ ആശയം മറയാക്കി പ്രവര്‍ത്തിക്കുന്ന ഇതരഇടതുപക്ഷപാര്‍ട്ടികളും അത്ര മെച്ചമൊന്നുമല്ല, സീപീഐ പണ്ടേ വലതുപക്ഷത്തേയ്ക്കു കൂറുമാറിയ പാര്‍ട്ടിയായതിനാല്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല, മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് എന്നും റെഡ്ഫ്ലാഗ്/റെഡ്സ്റ്റാര്‍ എന്നൊക്കെ ബ്രാന്‍ഡ്നെയിമിട്ടു് നടന്നിട്ടൊന്നും കാര്യമില്ല – ചുവപ്പിനുള്ളില്‍ കാവിയും സ്വസ്തികയുമൊക്കെ തരം പോലെ കൂട്ടിക്കലര്‍ത്തിയാണു് അവരും അശ്വമേധത്തിനിറങ്ങിയിരിക്കുന്നതു്.

ട്രമ്പും മോദിയും തുടങ്ങി ലോകത്തെല്ലായിടത്തും ഫാസിസ്റ്റുകള്‍ വിദ്വേഷരാഷ്ട്രീയം കളിക്കുന്ന കാലത്താണു് സീപീയെമ്മിന്റെ പിണറായി കേരളത്തില്‍ അധികാരത്തിലെത്തിയതെന്നതു് തികച്ചും കൗതുകകരവുമാണു്.

 

Advertisements