ഈസ്റ്റര്‍ തീയതി

എല്ലാ വര്‍ഷവും ഡിസംബര്‍ 25-നാണു് ക്രിസ്മസ്. അതെല്ലാര്‍ക്കുമറിയാം. അതുകൊണ്ടു് ഹോളിഡേ ട്രിപ്പുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ വളരെ എളുപ്പമാണു്. പക്ഷേ ഈസ്റ്റര്‍ തീയതി അങ്ങനല്ല, എല്ലാ വര്‍ഷവും അതു് മാറിക്കൊണ്ടിരിക്കും. പലപ്പോഴും മിക്കവാറും നമ്മില്‍ പലരും ഈസ്റ്റര്‍ തീയതി എന്നാണെന്നറിയുന്നതുതന്നെ അതതു വര്‍ഷത്തെ കലണ്ടറുകള്‍ കയ്യില്‍ക്കിട്ടിക്കഴിയുമ്പോഴായിരിക്കും. രണ്ടു വര്‍ഷം കഴിഞ്ഞുവരുന്ന ഈസ്റ്റര്‍ തിയതി കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടതായി വരും. ഇനി ഈസ്റ്റര്‍ എന്നാണെന്നറിഞ്ഞാല്‍ ഓശാനഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, പുതുഞായര്‍ തുടങ്ങിയ തിയതികളും അറിയാന്‍ കഴിയും. പക്ഷേ എങ്ങനെയാണു് ഈസ്റ്റര്‍ തീയതി കണക്കാക്കുന്നതെന്നറിയേണ്ടേ?

ഈസ്റ്റര്‍ തീയതിയുടെ ചരിത്രം

യഹൂദരുടെ പെസഹാ നീസാന്‍ മാസം ഹീബ്രൂ കലണ്ടര്‍ പ്രകാരം നീസാന്‍ മാസം 14-ാം തീയതിയാണു്. ഉദ്ദേശം സി.ഇ. രണ്ടാം നൂറ്റാണ്ടു മുതല്‍  ഈ തീയതിയെ അധികരിച്ചാണു് മിക്കവാറും ആദിമക്രൈസ്തവസഭ ഈസ്റ്റര്‍ ആചരിച്ചിരുന്നതു്. ഏതു ദിവസമായാലും നീസാന്‍ 14-നു തന്നെ ഈസ്റ്റര്‍ ആചരിക്കുന്ന രീതിയായിരുന്ന ഏഷ്യാമൈനറിലും സിറിയയിലുമുള്ള ക്രൈസ്തവര്‍ സ്വീകരിച്ചിരുന്നതു്. ക്രിസ്തുവിന്റെ അപ്പസ്തോലനായ യോഹന്നാന്റെ പാരമ്പര്യമനുസരിച്ചാണു് അവര്‍ ഈ തിയതി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി തെരഞ്ഞടുത്തതു്. എന്നാല്‍ റോമാക്കാരാകട്ടെ നീസാന്‍ മാസം 14-ാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയായിരുന്നു ഈസ്റ്റര്‍ ആഘോഷിച്ചിരുന്നതു്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പു കൂടി കണക്കിലെടുത്താണു് അത്തരമൊരു തിയതി അവര്‍ തെരഞ്ഞടുക്കുവാന്‍ കാരണം. അങ്ങനെ പലപല വാദഗതികള്‍ മുന്‍നിര്‍ത്തി ഈസ്റ്റര്‍ തീയതിയെപ്പറ്റിയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സഭ എന്നു തുടങ്ങിയോ അന്നുമുതല്‍ക്കേതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ സി.ഇ. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഒന്നാം നിഖ്യ സൂനഹദേോസില്‍ വച്ചാണു് ഈ തര്‍ക്കത്തിനു് താല്‍ക്കാലികമായെങ്കിലും ഒരു പരിഹാരമുണ്ടായതു്. പിന്നീടു് നിഖ്യാ കൗൺസില്‍ തീര്‍പ്പാക്കിയ സമവായം ഏതാണ്ടെല്ലാ ക്രൈസ്തവസഭകളും പിന്‍തുടരുകയായിരുന്നു.

നിഖ്യാ കൗൺസില്‍ തീര്‍പ്പാക്കിയ സമവായം

ഈസ്റ്റര്‍ ഞായറാഴ്ച തന്നെ ആചരിക്കണം. യഹൂദരുടെ ഒരു ആഘോഷവുമായും, അവരുടെ കാലഗണനരീതികളുമായും ഈസ്റ്ററിനെ ബന്ധിപ്പിക്കാതെ തികച്ചും സ്വതന്ത്രമായി ഈസ്റ്റര്‍ തീയതി നിശ്ചയിക്കുക. ഇതായിരുന്നു ഒന്നാം നിഖ്യാ സൂനഹദോസ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കാനെടുത്ത മാനദണ്ഡം. ഇതു പ്രകാരം സൂര്യന്‍ ഭൂമിയ്ക്കുനേരെ മുകളില്‍ വരുന്ന വസന്തവിഷുവ (Vernal Equinox) ത്തിനു ശേഷം വരുന്ന പൗര്‍ണ്ണമിയുടെ പിറ്റേ ഞായറാഴ്ച എന്നു് ഈസ്റ്റര്‍ തീയതി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു.

1582-ല്‍ ഗ്രിഗരി പതിമൂന്നാമന്‍ മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ നടന്ന കലണ്ടര്‍ നവീകരണത്തിനു ശേഷം വീണ്ടും ഈസ്റ്റര്‍ തീയതികളില്‍ പല സഭകളിലും ഭിന്നത വന്നു. റോമന്‍ കത്തോലിക്കാ സഭയെ അംഗീകരിക്കുന്ന സഭകള്‍ ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരം ഈസ്റ്റര്‍ തീയതി കണക്കാക്കിയപ്പോള്‍ പൗരസ്ത്യസഭകള്‍ മിക്കവാറും പഴയ ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണു് ഈസ്റ്റര്‍ തീയതി കണക്കാക്കിയതു്. ഇതു രണ്ടും നിഖ്യാ സൂനഹദോസിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം തന്നെയാണെങ്കിലും കലണ്ടറിന്റെ വ്യത്യാസം നിമിത്തമാണു് തിയതികള്‍ വ്യത്യസ്തമായതു്.

ഈസ്റ്റര്‍ തിയതിയിലെ ഭിന്നത മാറ്റുന്നതിനായി 1997-ല്‍ സിറിയയിലെ ആലപ്പോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ വച്ചു്  വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പുതിയൊരു മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുകയുണ്ടായി. ജറൂസലേമിലെ ധ്രുവരേഖ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു് സൂര്യന്‍ ജറൂസലേമിനുനേരെ മുകളില്‍ വരുന്ന ജ്യോതിശാസ്ത്രപരമായ വസന്തവിഷുവ (Vernal Equinox) ത്തിനു ശേഷം വരുന്ന ജ്യോതിശാസ്ത്രപരമായ പൗര്‍ണ്ണമിയുടെ പിറ്റേ ഞായറാഴ്ച ഈസ്റ്റര്‍ എല്ലാ സഭകള്‍ക്കും ഒരുമിച്ചാഘോഷിക്കാം എന്നായിരുന്നു ഈ മാര്‍ഗ്ഗരേഖ. ഇതിനു സമാനമായ ജ്യോതിശാസ്ത്രപരമായ മറ്റൊരു നിര്‍ദ്ദേശം 1923-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചുനടന്ന പാന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രസിലും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതൊന്നും പക്ഷെ സ്വീകരിക്കപ്പെട്ടില്ല. ആദിമക്രൈസ്തവര്‍ ചെയ്തതുപോലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ലോകം വ്യത്യസ്ത തീയതികളില്‍ത്തന്നെ ആചരിക്കട്ടെ.

ഈസ്റ്റര്‍ തിയതി എങ്ങനെ മുമ്പേ അറിയാം?

ഞാന്‍ ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് കമ്പ്യൂട്ടറില്‍ ഈസ്റ്റര്‍ തീയതി അറിയാന്‍ വളരെ എളുപ്പമാണു് – ഒരു ചെറിയ കമാന്റ് ടെര്‍മിനലില്‍ പാസ് ചെയ്താല്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളിലെയും ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലേയും ഈസ്റ്റര്‍ തീയതികള്‍ അതു പറഞ്ഞുതരും. cal, ncal എന്നീ രണ്ടു കലണ്ടര്‍ പ്രോഗ്രാമുകള്‍ യൂണിക്സ് സമാന കമ്പ്യൂട്ടറുകളിലുണ്ടു്. ഈ പ്രോഗ്രാമുകളില്‍ ഗ്രിഗോറിയന്‍ ജൂലിയന്‍ തീയതികളുടെ സമഗ്രചരിത്രമനുസരിച്ചുള്ള എല്ലാ വിവരങ്ങളൂം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ ഗ്രിഗോറിയന്‍ കാലഗണന സമ്പ്രദായം സ്വീകരിച്ചു, പാശ്ചാത്യ പൗരസ്ത്യസഭകളുടെ ഈസ്റ്റര്‍ തീയതികള്‍ ഏതൊക്കെ തുടങ്ങിയ കൃത്യമായ വിവരങ്ങളെല്ലാം തന്നെ ഇതിലൂടെ അറിയാന്‍ കഴിയും. ഉദാഹരണമായി സി.ഇ. 4012-ലെ കത്തോലിക്കാ ഈസ്റ്റര്‍ തിയതി അറിയാന്‍ ചെറിയൊരു കമാന്റ് നല്‍കിയാല്‍ മതി.

ncal -e 4012

4012-ലെ കത്തോലിക്കാ ഈസ്റ്റര്‍ തീയതി 22 April 4012 ഞായറാഴ്ചയാണെന്നു് ഉടന്‍ ഉത്തരം കിട്ടും.

ഇനി അതേ വര്‍ഷത്തിലെ ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ എന്നാണെന്നറിയാന്‍ കമാന്റില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി

ncal -o 4012

4012-ലെ ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ തീയതി 06 May 4012 ഞായറാഴ്ചയാണെന്നു് കണ്ടെത്താന്‍ അധികം കാത്തിരിക്കേണ്ട.

അതുപോലെ ncal -p എന്ന കമാന്റ് കൊടുത്താല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു എന്നും അറിയാം. അതിന്റെ ഔട്ട്പൂട്ട് ഇവിടെ നല്‍കിയിരിക്കുന്നു.

AL Albania        1912-11-30      IT Italy          1582-10-04
AT Austria        1583-10-05      JP Japan          1918-12-18
AU Australia      1752-09-02      LI Lithuania      1918-02-01
BE Belgium        1582-12-14      LN Latin          9999-05-31
BG Bulgaria       1916-03-18      LU Luxembourg     1582-12-14
CA Canada         1752-09-02      LV Latvia         1918-02-01
CH Switzerland    1655-02-28      NL Netherlands    1582-12-14
CN China          1911-12-18      NO Norway         1700-02-18
CZ Czech Republic 1584-01-06      PL Poland         1582-10-04
DE Germany        1700-02-18      PT Portugal       1582-10-04
DK Denmark        1700-02-18      RO Romania        1919-03-31
ES Spain          1582-10-04      RU Russia         1918-01-31
FI Finland        1753-02-17      SI Slovenia       1919-03-04
FR France         1582-12-09      SE Sweden         1753-02-17
GB United Kingdom 1752-09-02      TR Turkey         1926-12-18
GR Greece         1924-03-09     *US United States  1752-09-02
HU Hungary        1587-10-21      YU Yugoslavia     1919-03-04
IS Iceland        1700-11-16

ഈസ്റ്റര്‍ തീയതി കണ്ടുപിടിക്കാന്‍ ഇത്രയും നല്ല ഒരു മാര്‍ഗ്ഗം നമ്മുടെ സ്വന്തം കമ്പ്യൂട്ടറില്‍ ഉണ്ടു് എന്നു കാണിക്കാന്‍ വേണ്ടിയാണു് ഈ പോസ്റ്റ്. വിശദമായി എല്ലാം അതിന്റെ മാന്‍പേജില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഈ ആപ്ലിക്കേഷനെപ്പറ്റി ഇനി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

Advertisements

ജേര്‍ണലിസം ജയിലിലടയ്ക്കപ്പെട്ടു

ജേര്‍ണലിസം ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. സത്യം വിളിച്ചുകൂവാനുള്ള പൗരന്റെ സ്വാതന്ത്ര്യം അവസാനിച്ചിരിക്കുന്നു. ലോകത്തു് അവശേഷിച്ച സത്യസന്ധനായ അവസാനപത്രപ്രവര്‍ത്തകന്‍ – ജൂലിയന്‍ അസാന്‍ജിന്റെ അറസ്റ്റോടെ ഇനി കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലാത്ത സ്ഥിതിയിലേയ്ക്കു് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണു്. വിവരസാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ, സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരത്തോടെ നാം എത്തിപ്പെട്ടു നില്ക്കുന്ന വാസ്തവാനന്തര ലോകവ്യവസ്ഥിതിയില്‍ അസാന്‍ജിനു് നേരിടേണ്ടിവന്ന ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നതാണെന്നു വരുത്തിത്തീര്‍ക്കുവാനും ലോകം അതു വിശ്വസിക്കാനുമാണു് കൂടുതല്‍ സാദ്ധ്യത.

എന്താണു് അസാഞ്ജ് ചെയ്ത കുറ്റം? അമേരിക്ക ഉള്‍പ്പെട്ട, അനവധി കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെട്ട നിരവധി നിയമലംഘനകങ്ങളുടെ അസ്സല്‍ പ്രമാണങ്ങള്‍ തന്റെ ഓണ്‍ലൈന്‍മാധ്യമത്തിലൂടെ അദ്ദേഹം ലോകത്തിനു പങ്കുവച്ചു. ബ്രാഡ്‍ലി മാനിംഗ് (ഇപ്പോള്‍ ചെല്‍സിയ മാനിംഗ്), എഡ്വേര്‍ഡ് സ്നോഡന്‍ തുടങ്ങിയ വിസില്‍ ബ്ലോവര്‍മാര്‍ക്കു് തങ്ങള്‍ കണ്ടെത്തിയ സത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സഹായകമായതു് അസാന്‍ജിന്റെ വിക്കിലീക്സ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമമായിരുന്നു. അതായതു് സമൂഹം തെരഞ്ഞടുത്തു് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ നടത്തിയ നിയമലംഘനങ്ങള്‍ അസ്സല്‍ പ്രമാണങ്ങളുടെ ആധികാരികതയോടെ സമൂഹത്തിനു് മനസ്സിലാകുമാറു് റിപ്പോര്‍ട്ട് ചെയ്യുകയും അപ്രകാരം ചെയ്യാന്‍ കഴിയുന്ന മറ്റുള്ളവര്‍ക്കു് അതിനുള്ള സൗകര്യം ഒരുക്കിനല്‍കി എന്നതൊക്കയാണു് അസാന്‍ജ് ചെയ്ത കുറ്റകൃത്യങ്ങള്‍. ഫയങ്കരം തന്നെ, അല്ലേ?

എഡ്വേര്‍ഡ് സ്നോ‍ഡന്‍ ഒരിക്കല്‍ പ്രസ്താവിച്ച ഈ വാക്കുകള്‍ കേള്‍ക്കൂ

താന്‍ ദൃക്‍സാക്ഷിയായ കുറ്റം വിളിച്ചുപറയുന്നതു് ഒരു കുറ്റമായി പരിഗണിക്കപ്പെടുകയാണെങ്കില്‍ സംശയിക്കേണ്ട, നിങ്ങള്‍ ഭരിക്കപ്പെടുന്നതു് കുറ്റവാളികളാലാണു്

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട കൊടുംകുറ്റവാളികളാലാണു് ലോകം ഇന്നു ഭരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു്. അതായതു് ജനാധിപത്യം കാലഹരണപ്പെട്ടിരിക്കുന്നു, നമുക്കുവേണ്ടതു് ഇനി പുതിയൊരു ലോകക്രമമാണു്. അതിനായി നമുക്കു കാത്തിരിക്കാം.