രാത്രിയുടെ പുത്രന്‍ പകല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

രാത്രിയില്‍ ജീവിക്കുന്നവര്‍ക്കു് പകല്‍ അത്ഭുതമാണു്; കാഴ്ചയുടെ കലവറയാണു്. പകല്‍ ജീവിക്കുന്നവര്‍ക്കാകട്ടെ രാത്രിയുടെ ജീവിതങ്ങളെ ഒരേ സമയം ഭയവും കൗതുകവുമാണു്.

രാത്രിയില്‍ ജീവിക്കുന്ന ഒരതിഥി ദാ ഇന്നു രാവിലെ വീടിന്റെ പടിഞ്ഞാറേ പറമ്പിന്റെ അറ്റത്തു് പറന്നു വന്നൊരു മരക്കൊമ്പിലിരുന്നു. ഒരു വെള്ളിമൂങ്ങ. Barn owl എന്നാണിവളുടെ ഇംഗ്ലീഷ് പേരു്. (ഇവളാണോ ഇവനാണോ എന്നു് തിട്ടം അറിയില്ല കേട്ടോ, കാണാന്‍ നല്ല ചന്തമുണ്ടായിരുന്നതിനാല്‍ അങ്ങനെ വിളിച്ചു പോയെന്നേയുള്ളൂ.) പറമ്പൊന്നു വൃത്തിയാക്കാമെന്നു കരുതി ഇറങ്ങിയപ്പോഴാണു് പൂത്താങ്കീരികളും കുയിലും കാക്കയും കാക്കത്തമ്പുരാനും മരങ്കൊത്തിയും പരുന്തുമൊക്കെ ഒരുമിച്ചിരുന്നു ചിലയ്ക്കുന്നു. നോക്കുമ്പോഴുണ്ടു് അധികം കാണാത്ത ഒരു പക്ഷി ഒരു മരക്കൊമ്പിലങ്ങനെ ആടിയാടി ഇരിക്കുന്നു. അടുത്തുവന്നു നോക്കിയപ്പോളാണു് കക്ഷി ഒരു വെള്ളിമൂങ്ങയാണെന്നു മനസ്സിലായതു്. പകല്‍നേരത്തു് കാണാത്ത ഈ രാത്രിഞ്ചരനെക്കണ്ടു് മറ്റു പക്ഷികള്‍ കൗതുകം പങ്കുവയ്ക്കുന്നതോ, ഭയത്തോടെ നിലവിളിക്കുന്നതോ അതോ കൂവിയോടിക്കുന്നതോ ആകും, ഭയങ്കരമായൊരു സമരം നടക്കുന്നതുപോലെ ആകെയൊരു ബഹളമയമായ അന്തരീക്ഷമാണു്.

ഈ രാത്രിസഞ്ചാരിയുടെ ദേഹം ബഹുകേമമാണു്. സാമാന്യം നല്ല വലിപ്പം. തവിട്ടുനിറത്തിലെ ചിറകുകളില്‍ ചില ഇരുണ്ട പുള്ളികളുണ്ടു്. തലയും ഉടലും ചന്തത്തില്‍ ഇളക്കിയാണിരുപ്പു്. മുഖമാകട്ടെ ചീട്ടില്‍ കാണുന്ന ആഡ്യന്റേതു പോലെ ശരിയായ ഹൃദയത്തിന്റെ രൂപത്തിലും.  കാര്യം കാണാന്‍ ചന്തമുണ്ടെങ്കിലും പറഞ്ഞു കേട്ടിരിക്കുന്നതു് ഇതിന്റെ ശബ്ദം ഭയങ്കര ബോറാണെന്നാണു്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട തച്ചന്‍കോഴിയുടെ ശബ്ദം കേട്ടു് ചെറുപ്പത്തില്‍ ഭയപ്പെട്ടിരുന്നതു് ഇപ്പോഴുമോര്‍ക്കുന്നു്. പൂ…വ…ഹാാാ…. എന്ന ഭയപ്പെടുത്തുന്ന ഈണത്തോടു കൂടിയ ആ കൂവല്‍ കേട്ടാല്‍ ഏതു ധീരനും ഒരു മാത്ര ഒന്നു ഭയന്നുപോകും. പക്ഷേ വെള്ളിമൂങ്ങയുടെ ശബ്ദത്തിനു് ആ ഗാംഭീര്യം ഒന്നുമില്ല തന്നെ. വെറുതേ ക്രീക്രീക്രീ എന്ന ഒരൊച്ചയാണു് മൂപ്പര്‍ ഉണ്ടാക്കുക. ഈ പാവത്തിനെയാണോ പഹയന്മാര്‍ ആഭിചാരകര്‍മ്മത്തിനുപയോഗിക്കാനായി കടത്തിക്കൊണ്ടു പോകുന്നതന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ആള്‍ ചില്ലറക്കാരനൊന്നുമല്ല, ബ്ലാക്ക് മാര്‍ക്കറ്റില്‍ ലക്ഷങ്ങളാണു് വില. അങ്ങനെ ലക്ഷങ്ങളുടെ വിലയുള്ള ഐറ്റമാണു് മുന്നിലിരിക്കുന്നതെന്നോര്‍ത്തപ്പോള്‍ ഒരു രോമാഞ്ചം തോന്നി.

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, പച്ചത്തെറി പറയുന്നതുപോലാണു് പൂത്താങ്കീരികള്‍ ലക്ഷങ്ങളുടെ വിലയുള്ള ഈ ഐറ്റത്തെ നോക്കി ചിലയ്ക്കുന്നതു്. തെരുവിലൊരു പ്രാന്തനെക്കണ്ടാല്‍ പണ്ടത്തെ സ്കൂള്‍കുട്ടികള്‍ ചുറ്റുംകൂടി അയാളെ വട്ടാക്കുന്നതു പോലൊരു കാഴ്ചയാണു് ഈ പൂത്താങ്കീരികളെക്കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു്. ഇരുത്തം വന്ന അമ്മാവന്മാരെപ്പോലെ അഞ്ചാറു കാക്കകള്‍ കാാാ കാാ എന്നു ശബ്ദം വയ്ക്കുന്നുണ്ടു്. അതിനിടെ രംഗം വീക്ഷിക്കാനെന്നവണ്ണം ഒരു കൃഷ്ണപ്പരുന്തും സംഭവസ്ഥലത്തിനടുത്തു കൂടി വട്ടമിട്ടു പറന്നുപോയി. അതുകൂടാതെ വഴിയേ പോകുന്ന സകലപക്ഷികളും രാത്രിയില്‍നിന്നു വന്ന ഈ സഞ്ചാരിയോടു് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ വന്നു ചിലച്ചുകൊണ്ടുമിരുന്നു. കുയിലും മരങ്കൊത്തിയുമൊക്കെ ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും നമ്മുടെ അതിഥിയ്ക്കു് പക്ഷേ തെല്ലും കൂസലൊന്നുമില്ല. തലയും ഉടലും ഇളക്കിയിളക്കി അങ്ങനെയിരിക്കുകയാണു് കക്ഷി, നുമ്മ ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍.  ദാ വീഡിയോ ഒന്നു കണ്ടു നോക്ക്. മേല്പറഞ്ഞ നടന്മാരെയെല്ലാം ഇതില്‍ ലൈവായി കാണാം.

ഒന്നെന്റെ മൊബൈലിലേയ്ക്കു നോക്കാന്‍ ഞാന്‍ ചില ശബ്ദങ്ങളൊക്കെ കേള്‍പ്പിച്ചു നോക്കി. ഒടുവില്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള മുഖം തിരിച്ചു് അവളെനിക്കൊരു കടാക്ഷം തന്നു. തെല്ലൊന്നു ഭയന്നിട്ടോ എന്തോ, പിന്നെ വിരിവുള്ള ചിറകുകള്‍ വിടര്‍ത്തി അടുത്ത ഒളിസങ്കേതമന്വേഷിച്ചു് പിന്നിലേയ്ക്കവള്‍ പറന്നകന്നു.

മലയാള പ്രസാധനരംഗം സ്വാതന്ത്ര്യസാക്ഷാത്കാരത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍

ജനയുഗം പത്രം പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേയ്ക്കു ചേക്കേറിയ പ്രചോദനാത്മകമായ വാര്‍ത്ത ഈയടുത്താണു് നാമറിഞ്ഞതു്. കുത്തക സോഫ്റ്റ്‍വെയറുകള്‍ പത്രസ്ഥാപനങ്ങളിലും മറ്റും പിഴയിടല്‍ തുടങ്ങുകയും അതു തുടരുകയും ചെയ്തതോടെ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു് ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനവാരം ഒരു ഉച്ചകോടി നടത്തപ്പെടുകയും വിവിധ പത്രങ്ങളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. പരസ്യ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തോ എന്നതു് വ്യക്തമല്ല. കുത്തക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പ്രസാധനരംഗത്തു ചുവടുറപ്പിച്ചതോടെ പത്ര /പരസ്യ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി ചെറുതല്ല. ഇത്തരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടേയും സോഫ്റ്റ്‍വെയറുകളുടേയും വിലയാകട്ടെ കമ്പനികള്‍ അടിക്കടി ഉയർ‍ത്തിക്കൊണ്ടിരിക്കുകയുമാണ്. ആകാശം മുട്ടുന്ന വിലയാണു് ഇപ്പോള്‍ ഈ സോഫ്റ്റ്‍വെയറുകള്‍ക്കു്. ഈ സാഹചര്യം പെട്ടെന്നു തുടങ്ങിയതൊന്നുമല്ല. വളരെ വിദഗ്ദ്ധമായി നമ്മെ ഈ കുത്തകസോഫ്റ്റ്‍വെയര്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ അടിമകളാക്കുകയായിരുന്നു. കേരള മീഡിയ അക്കാദമി നടത്തിയ ഉച്ചകോടിയെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു് പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തുപോയി – അതേപ്പറ്റിയാണു് ഈ പോസ്റ്റ്.

ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പരസ്യ ഏജന്‍സിയില്‍ ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ടായിരുന്നു. ഏതാണ്ടു് നാലോ അഞ്ചോ ആര്‍ട്ട് ഡയറക്ടര്‍മാരും രണ്ടുമൂന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഞാനുള്‍പ്പെടെ മൂന്നു കോപ്പിയെഴുത്തുകാരും പിന്നെ ക്ലയന്റ് സര്‍വീസ് എക്സിക്യൂട്ടീവുമാരും അക്കൗണ്ടന്റുമാരും റിസപ്ഷനിസ്റ്റും ഒക്കെ അടങ്ങിയതായിരുന്നു ഏജന്‍സിയുടെ രൂപഘടന. (മിക്കവാറും എല്ലാ ഇടത്തരം ഏജന്‍സികളുടേയും രൂപഘടന ഇതൊക്കെത്തന്നെയായിരുന്നു.) മേല്‍പ്പറഞ്ഞ ആള്‍ക്കാരോരുത്തര്‍ക്കും ഓരോ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. രസാവഹമായ സംഗതി എന്തെന്നാല്‍, എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റ് വിന്‍ഡോസും, എം.എസ്. ഓഫീസും അഡോബിയുടെ മിക്കവാറും എല്ലാ സോഫ്റ്റ്‍വെയറുകളും (പേജ്മേക്കര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഫ്ലാഷ്, ഡ്രീംവീവര്‍ തുടങ്ങി എല്ലാം) അനുമതിയില്ലാതെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നതാണു്! വിവരസാങ്കേതികവിഷയത്തില്‍ ഒരല്‍പ്പം വിവരമുണ്ടായിരുന്നതിനാല്‍ ഞാന്‍ ചെന്നു് അധികം വൈകാതെ ആവശ്യമില്ലാത്ത സോഫ്റ്റ്‍വെയറുകള്‍ പല കമ്പ്യൂട്ടറുകളില്‍ നിന്നും നീക്കം ചെയ്തു. അനുമതിയില്ലാതെ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ നിയമവശങ്ങളും ആവശ്യമില്ലാതെ അതു് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വരുന്ന മെമ്മറി /സ്റ്റോറേജ് നഷ്ടവും ബന്ധപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം അ‍ഡോബി കോര്‍പ്പറേഷന്റെ ബംഗളൂരു ഓഫീസില്‍ നിന്നു് ഞങ്ങളുടെ ഓഫീസിലേയ്ക്കു് ഒരു കോള്‍ വന്നു. 2007-2009 കാലഘട്ടത്തിലായിരുന്നു അതെന്നാണു് ഓര്‍മ്മ. ഞങ്ങളുടെ കൈവശം അഡോബിയുടെ ലൈസന്‍സ് ഇല്ലെന്നും പല കമ്പ്യൂട്ടറുകളിലും ഫോട്ടോഷോപ്പും ഇന്‍ഡിസൈനും ഒക്കെ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിക്കുന്നുണ്ടെന്നും ആയതിനാല്‍ അവയുടെ യഥാര്‍ത്ഥ പതിപ്പുകള്‍ ഉടന്‍ പണം കൊടുത്തു വാങ്ങണമെന്നുമായിരുന്നു വിളിയുടെ സാരാംശം. കൗശലത്തോടെ തിരികെ ഞങ്ങളും സംസാരിച്ചു, ആകെ ഒന്നു രണ്ടു കമ്പ്യൂട്ടറുകളില്‍ മാത്രമേ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുള്ളു, അതിന്റെ ലൈസന്‍സ് വൈകാതെ വാങ്ങിയേക്കാം എന്നൊക്കെ അനുനയത്തില്‍ മറുപടി പറഞ്ഞും മറ്റും അതങ്ങു നീണ്ടു പോയി. ആ ചര്‍ച്ചയുടെ ചൂടാറും മുമ്പുതന്നെ അടുത്തയാള്‍ അവതരിച്ചു. അഡോബിക്കാര്‍ ഫോണിലാണു് സംസാരിച്ചതെങ്കില്‍ കോറല്‍ കോര്‍പറേഷന്റെ പ്രതിനിധി നേരിട്ടാണു് ഓഫീസിലെത്തിയതു്. അയാള്‍ പക്ഷേ സംസാരിച്ചതു് ഭീഷണിയുടെ സ്വരത്തിലുമായിരുന്നു. ഒടുവില്‍ അഞ്ചു കോറല്‍ഡ്രോ ലൈസന്‍സുകള്‍ അന്നുതന്നെ പണം കൊടുത്തു് വാങ്ങാന്‍ ഏജന്‍സി നിര്‍ബന്ധിതരായി. അതിനു ചെലവായതു് ഉദ്ദേശം ഒന്നര ലക്ഷത്തിലേറെ രൂപയായിരുന്നു.  ഇതു് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയില്‍ മാത്രമായിരുന്നില്ല, കൊച്ചിയിലെ മിക്ക ഏജന്‍സികളിലും ഇതേ കാലയളവില്‍ ഇത്തരം ഭീഷണിസ്വരത്തില്‍ കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ നേരിട്ടും അവരുടെ കങ്കാണിമാരുടെ വിളികള്‍ ഫോണിലൂടെയും എത്തിക്കൊണ്ടിരുന്നു.

കൊച്ചിയില്‍ പരസ്യ ഏജന്‍സികളുടെ രണ്ടു പ്രമുഖ സംഘടനകളുണ്ടായിരുന്നു – കൊച്ചിന്‍ ആഡ് ക്ലബ്ബും (Cochin Ad Club) കെത്രീഏ (Kerala Advertising Agencies Association)യും. ഈ രണ്ടു സംഘടനകളും ഇതേ പ്രശ്നത്തെപ്പറ്റി ഇപ്പോള്‍ മീഡിയ അക്കാദമി തിരുവനന്തപുരത്തുവച്ചു ഉച്ചകോടി നടത്തിയതുപോലെ അന്നു ചില ചെറിയ വട്ടമേശസമ്മേളനങ്ങള്‍ നടത്തിക്കൊണ്ടു് പ്രശ്നത്തിലിടപെട്ടു. അതിലൊന്നില്‍ ഞാനും പങ്കെടുത്തിരുന്നു. ലിനക്സ് ഉപയോഗിക്കുന്ന കാര്യമൊക്കെ പറഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു അതിനെ പിന്തുണയ്ക്കുകയും മറ്റും ചെയ്തതായി ചെറിയൊരോര്‍മ്മയുണ്ടു്. അന്നു സ്ക്രൈബസില്‍ മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കൊന്നും കാര്യമായ പിന്തുണയില്ല. ഓപ്പണ്‍ ഓഫിസിനു പുറമേ ഇങ്ക്സ്കേപ്പും ഗിമ്പും മാത്രമായിരുന്നു ഏജന്‍സികളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍. അതൊക്കെ പരീക്ഷിച്ചു നോക്കണമെന്നും വ്യാപകമായി ഉപയോഗിക്കപ്പെടണമെന്നും ചില ഏജന്‍സി ഉടമകള്‍ വളരെ ഉത്സാഹത്തോടെ സംസാരിച്ചതും ഓര്‍മ്മയുണ്ടു്. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പിന്നെ കേട്ടതു് അഡോബി കമ്പനി ഈ സംഘടനാ പ്രതിനിധികളുമായി സംസാരിച്ചു് ഒരു ധാരണയിലെത്തിയെന്നും അതു പ്രകാരം നേരത്തേ ഭീഷണിപ്പെടുത്തിയതില്‍ നിന്നും വളരെ കുറഞ്ഞ തുക നല്‍കിയാല്‍ സോഫ്റ്റ്‍വെയര്‍ ലൈസന്‍സ് നല്‍കാമെന്നുമൊക്കയുള്ള കാര്യങ്ങളായിരുന്നു. അതോടെ പല ഏജന്‍സികളും പേരിനു് രണ്ടോ മൂന്നോ അഡോബി ക്രിയേറ്റീവ് സ്യൂട്ട് കാശു കൊടുത്തു വാങ്ങുകയും അതിലേറെ കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏജന്‍സികളുടേയും അസോസിയേഷന്റേയുമൊക്കെ വീക്ഷണത്തില്‍ പ്രശ്നം പരിഹരിക്കപ്പെട്ടതു പോലെയായിരുന്നു. അങ്ങനെയൊക്കെ അതങ്ങു തേഞ്ഞുമാഞ്ഞു പോയി. (സോഫ്റ്റ്‍വെയര്‍ പൈറസി സംബന്ധമായ നടപടികള്‍ അതിനു മുമ്പും ഉണ്ടായിട്ടുണ്ടു് – ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില ധനകാര്യസ്ഥാപനങ്ങള്‍, ഓഹരിവിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ അതിനു മുമ്പേ തന്നെ പണി കിട്ടിയവരാണു് – അവര്‍ പക്ഷേ സമാന്തരമാര്‍ഗ്ഗങ്ങളൊന്നുമന്വേഷിക്കാതെ നല്ല കുട്ടികളായി കുത്തകക്കമ്പനികള്‍ പറഞ്ഞ വിലയ്ക്കു് സോഫ്റ്റ്‍വെയറുകള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി എന്നാണറിവു്. )

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഐക്കണുകള്‍

സ്ക്രൈബസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, ലീബ്രേ ഓഫീസ് ഐക്കണുകള്‍

ഒരു പരസ്യ ഏജന്‍‍സി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു് ട്രെയിനിംഗ് നല്‍കുന്നതു് ഒരു വലിയ തലവേദനയായിരിക്കും എന്നതു് സത്യമാണു്. ആര്‍ട്ട് ആണല്ലോ അവരുടെ പണി. ക്രിയേറ്റീവ് ജോലികള്‍ ചെയ്യുന്ന പലര്‍ക്കും അവര്‍ പഠിച്ച ചില സൗകര്യങ്ങള്‍ ഉപേക്ഷിച്ചു വരാന്‍ വളരെയധികം ബുദ്ധിമുട്ടുമായിരിക്കും. ടെക്കികള്‍ക്കു് പുതിയ സോഫ്റ്റ‍്വെയര്‍ അഭ്യസിക്കാന്‍ വേണ്ട സമയത്തേക്കാള്‍ വളരെയേറെ സമയം ക്രിയേറ്റീവ് ജോലിക്കാര്‍ക്കു് ഇതിനു വേണ്ടിവരും. അതിനാല്‍ ഏജന്‍സികള്‍ക്കു് വളരെ സാവധാനം തന്ത്രപരമായ ചില സൂക്ഷ്മനയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യമായ ചെലവൊന്നുമില്ലാതെ സ്വതന്ത്ര സോഫ്റ്റ്‍വെറിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക എന്നതാണു് കരണീയം. അതിനായി ആദ്യമായി വേണ്ടതു് ജോബ് മാര്‍ക്കറ്റില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനു് അനുകൂലമായ ഡിമാന്‍ഡ് ഉണ്ടാക്കുക എന്നതാണു്. ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം ചെലവില്‍ തന്നെ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനുള്ള പരിജ്ഞാനം സ്വന്തമാക്കും.

ഇന്നിപ്പോള്‍ മിക്ക സോഫ്റ്റ്‍വെയറുകളും ക്ലൗഡിലേയ്ക്കു മാറിക്കഴിഞ്ഞു. അവയുടെ ഏറ്റവും പുതിയ വെര്‍ഷനുകള്‍ പണം കൊടുക്കാതെ അനധികൃതമായി ഉപയോഗിക്കാന്‍ (അതായതു് പണ്ടത്തെപ്പോലെ പേരിനു് ഒന്നുരണ്ടു ലൈസന്‍സുകള്‍ വാങ്ങി ബാക്കിയുള്ള കമ്പ്യൂട്ടറുകളില്‍ വ്യാജ പതിപ്പു പ്രവര്‍ത്തിക്കുന്ന രീതി) വളരെ ബുദ്ധിമുട്ടുമാണു്.  ഒരൊറ്റ കമ്പ്യൂട്ടറില്‍ മാത്രം അ‍ഡോബി ക്രിയേറ്റീവ് ക്ലൗഡ് ഉപയോഗിക്കാന്‍ ഇപ്പോള്‍ പ്രതിമാസം കൊടുക്കേണ്ടതു് 4230 ഉറുപ്പികയാണു്. പ്രതിവര്‍ഷം അമ്പതിനായിരത്തില്‍ കുറയാത്ത തുക ഇതിനായി നല്‍കണം. ഒരു നാലോ അഞ്ചോ കമ്പ്യൂട്ടറുകളില്‍ ഇതു് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ എത്ര പണം നല്‍കണമെന്നു് കണക്കു കൂട്ടി നോക്കിക്കോളൂ. ഇതാണു് പലരേയും ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് തിരിയാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക ഘടകം. നൂറുകണക്കിനു കമ്പ്യൂട്ടറുകളുള്ള പത്രസ്ഥാപനങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഈ എല്ലാ കമ്പ്യൂട്ടറുകളിലും ഡിടിപി സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ഉച്ചകോടിയില്‍ ജനയുഗത്തിന്റെ പ്രതിനിധി പറഞ്ഞതു് തങ്ങള്‍ക്കു് പ്രതിവര്‍ഷം ഒരു കോടി രൂപയാണു് ലൈസന്‍സ് ഇനത്തില്‍ ചെലവാക്കേണ്ടി വന്നതു് എന്നാണു്. ജനയുഗത്തിനിതു് ഒരു കോടിയാണെങ്കില്‍ മനോരമയും മാതൃഭൂമിയും എത്ര കോടികളായിരിക്കും ലൈസന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം ചെലവാക്കുക എന്നു് ഊഹിച്ചാല്‍ മതി.

ലൈസന്‍സ് ഇനത്തില്‍ വലിയൊരു കോര്‍പ്പറേറ്റ് കമ്പനിയ്ക്കു് നല്‍കാനായി മാത്രം വെറുതേ ഒഴുക്കി കളയുന്ന പണം ക്രിയാത്മകമായി ചെലവഴിച്ചു കൂടേ എന്ന ചിന്തയായിരിക്കണം ജനയുഗത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവേശനം സാദ്ധ്യമാക്കിയതു്. ആ പണത്തിന്റെ പത്തിലൊരു ഭാഗം പ്രതിവര്‍ഷം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പ് ചെയ്യുന്ന വൊളണ്ടിയര്‍ കമ്പനികള്‍ക്കു് നല്‍കുകയാണെങ്കില്‍ ഇതിനകം നാമാഗ്രഹിക്കുന്ന എത്രയധികം ഫീച്ചറുകള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേനേ.  ആത്യന്തികമായി അതു സമൂഹത്തിനും ഗുണമുണ്ടാക്കുകയും ചെയ്യും. പത്രങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പര്‍ സമൂഹത്തിനു് ഉദാരമായി ഫണ്ട് ചെയ്താല്‍ നിലവിലുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകളേക്കാള്‍ മികച്ച ഫീച്ചറുകളും സുരക്ഷിതത്വവും നല്‍കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ നമുക്കൊരുക്കാന്‍ കഴിയും.

മാധ്യമസ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് മാറുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം.

  1. ഒരു പ്രിന്റിംഗ് / പബ്ലിഷിംഗ് ഹൗസ് ഗ്നു/ലിനക്സിലേയ്ക്കു മാറുമ്പോള്‍ വരുന്ന പ്രധാന വെല്ലുവിളികളിലൊന്നു് സിഎംവൈകെ കളര്‍ പ്രൊഫൈലാണു്. എല്ലാ ഫങ്ഷണാലിറ്റിയുമുള്ള പ്രിന്റര്‍ ഡ്രൈവറും മറ്റൊരു പ്രധാന പ്രശ്നമാണു്. ഇവയ്ക്കെല്ലാം ശാശ്വതമായ ലിനക്സ് സൊല്യൂഷന്‍ അത്ര എളുപ്പമാണെന്നു കരുതുന്നില്ല. അതിനാല്‍ അത്യാവശ്യം വിന്‍ഡോസ് / മാക്‍ കമ്പ്യൂട്ടറുകളും അതില്‍ അഡോബി സോഫ്റ്റ്‍വെയറുകളും കോറല്‍ പോലുള്ള സോഫ്റ്റ്‍വെയറുകളും ആകാം. മറ്റുള്ള കമ്പ്യൂട്ടറുകളിലെല്ലാം തന്നെ ഏതെങ്കിലും ഒരു ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍സറ്റാള്‍ ചെയ്യുക. ലീബ്രേ ഓഫീസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, സ്ക്രൈബസ് തുടങ്ങിയ ആപ്ലിക്കേഷനുകളും അതില്‍ ഉള്‍പ്പെടുത്തുക
  2. ചെറിയ ഒരു തുക തങ്ങള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വയെറുകളുടെ വികസനത്തിനായി സംഭാവന ചെയ്യുക. ഇതു് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നതിനൊപ്പം തങ്ങള്‍ തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകളുടെ വികസനത്തിനും കാരണമാകും.
  3. പുതിയ ഡിസൈനര്‍മാരെയും ജൂനിയര്‍ ആര്‍ട്ട് ഡയറക്ടര്‍മാരെയും ഇതരജീവനക്കാരെയും തേടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുക. ഇതു് ഈ സോഫ്റ്റ്‍വെയറുകള്‍ക്കുള്ള ഡിമാന്‍ഡ് ജോബ് മാര്‍ക്കറ്റിലുണ്ടാക്കും. അതു് വളരെ വലിയൊരു കാര്യമാണു്.

മികച്ച യൂണികോഡ് ഫോണ്ടുകളുടെ അഭാവം

മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു് വൃത്തിയായി ഉപയോഗിക്കാവുന്ന യൂണികോഡ് ഫോണ്ടുകള്‍ വളരെ കുറവാണു്. എന്നാല്‍ സാങ്കേതികമായി പ്രസക്തമേയല്ലാത്ത ആസ്കി ഫോണ്ടുകളാകട്ടെ, എണ്ണത്തിന്റെ കാര്യത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. പല ഡിസൈനര്‍മാരും ആസ്കി മലയാളം ഫോണ്ടുകളെ കൈവെടിയാത്തതു് ഈ കാരണം കൊണ്ടുമാത്രമാണു്.

പരസ്യ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഡയറക്ടര്‍മാര്‍ മിക്കവരും ഫൈന്‍ ആര്‍ട്ട് പശ്ചാത്തലമുള്ളവരും നല്ല കലാകാരന്മാരുമാണു്. അവരുടെ കൂട്ടായ്മ ഒന്നൊത്തുപിടിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ യൂണികോഡ് ഫോണ്ടുകളുടെ ദാരിദ്ര്യം. അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹം സാങ്കേതിക സഹായം നല്‍കുകയും വേണം. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കൊച്ചിന്‍ ഐലഗ്ഗ്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) ഒക്കെ അടങ്ങിയ എത്രയോ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ നമ്മുടെ കേരളത്തിലങ്ങോളമിങ്ങോളമുണ്ടു്. ഈ സമൂഹങ്ങള്‍ വേണ്ടവിധം സമൂഹത്തിലെ കലാകാരന്മാര്‍ക്കു് പിന്തുണ നല്‍കുമെങ്കില്‍ മലയാളത്തിന്റെ ഫോണ്ട് ക്ഷാമം തീര്‍ന്നുകഴിഞ്ഞു എന്നു് ഉറപ്പിക്കാം.

എന്തായാലും ജനയുഗത്തിന്റെ ഈ നീക്കം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹത്തിനു് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണു്. ഒടുവില്‍ അവര്‍ സ്വപ്നം കണ്ട ആ യുഗം – സ്വതന്ത്രയുഗം – അതു വന്നെത്തുന്നു എന്ന സന്തോഷം – അതു പകരുന്ന ഊര്‍ജ്ജം – അതിന്റെയൊരു ആനന്ദം – അതു് അനിര്‍വ്വചനീയമാണു്.

സ്ക്രൈബസ് – സ്വതന്ത്ര ഇടത്തിലെ ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍

ചില കുതിരകള്‍ പെട്ടെന്നു് ഇണങ്ങില്ല. അപരിചിതര്‍ക്കു് അടുക്കാന്‍ പോലും കഴിയില്ല. പരിചയസമ്പന്നരായ പരിശീലകര്‍ക്കു ചിലപ്പോള്‍ വളരെപ്പെട്ടെന്നു തന്നെ അവയെ മെരുക്കാന്‍ സാധിച്ചേക്കാം. ഭയമൊക്കെ മാറ്റിവച്ചു് അതിന്റെ കുഞ്ചിയിലൊന്നു തലോടി പതിയെ അടുത്തടുത്തു വന്നു് പരിചയം നേടി ഒടുവില്‍ അതിനെ മെരുക്കിയെടുക്കുന്നവരുണ്ടു്, അങ്ങനെ അടുത്തറിഞ്ഞാലറിയാം അതൊരു വെറും കുതിരയല്ല പോര്‍ബലവും വീര്യവുമുള്ള ഒന്നാന്തരമൊരു പടക്കുതിരയാണെന്നു്! സ്ക്രൈബസ് അത്തരമൊരു കുതിരയാണു് പെട്ടെന്നു് ഇണങ്ങാന്‍ കൂട്ടാക്കാത്ത കുതിര. ഇണങ്ങിയാല്‍ പടക്കുതിര!

 

സ്ക്രൈബസ് ഡെസ്ക്‍ടോപ്പ് ഐക്കണ്‍

സ്ക്രൈബസ് ഡെസ്ക്‍ടോപ്പ് ഐക്കണ്‍

2003 ജൂണ്‍ 26-നാണു് സ്ക്രൈബസിന്റെ ജനനം. ആരംഭത്തില്‍ മലയാളം പോലുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു് സ്ക്രൈബസില്‍ വേണ്ടത്ര പിന്തുണ ഇല്ലാതിരുന്നതിന്റെ പേരില്‍ ഈയടുത്ത കാലം വരെയും ഞാന്‍ സ്ക്രൈബസ് ഉപയോഗിക്കാന്‍ മെനക്കെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പു് ഒരു മലയാളം പ്രബന്ധം സ്ക്രൈബസില്‍ തുറന്നുനോക്കിയപ്പോളാണു് യൂണികോ‍ഡ് മികച്ചരീതിയില്‍ സ്ക്രൈബസില്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നു മനസ്സിലായതു്. 1.5.5 പതിപ്പാണു് ഞാന്‍ ഉപയോഗിക്കുന്നതു്.

സ്റ്റൈല്‍ മാനേജറാണു് ഡി.ടി.പി. ടൂളുകളുടെ ജീവന്‍ എന്നാണല്ലോ വയ്പ്പ്. ഇതിലെ സ്റ്റൈല്‍ മാനേജറുമായി കുറേ നേരം മല്ലിട്ടതിനെ അധികരിച്ചാണു് ആമുഖത്തില്‍ സൂചിപ്പിച്ച പടക്കതിര അനലോജി എഴുതിയതു്. ഇന്‍ഡിസൈനോടും (അഡോബി കൊന്നു കളഞ്ഞെങ്കിലും) പേജ്‍മേക്കറിനോടും യുദ്ധം ചെയ്താല്‍ ഒരു പക്ഷേ ഈ പടക്കുതിരയ്ക്കു ജയിക്കാനാവില്ലായിരിക്കും. എങ്കിലും ഇഞ്ചോടിഞ്ചു പൊരുതാനുള്ള കരുത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. ടേബിള്‍ ഓഫ് കണ്ടന്റ്സ് ഉണ്ടാക്കുവാന്‍ ഒരല്‍പം വിഷമമാണു്. ഇന്‍ഡിസൈനിലും പേജ്‍മേക്കറിലുമൊക്കെ ഈസിയായി ചെയ്യാന്‍ കഴിയുന്ന അക്കാര്യം സ്ക്രൈബസില്‍ താരതമ്യേന ബുദ്ധിമുട്ടാണു്. എങ്കിലും അങ്ങനൊരു ഫിച്ചര്‍ ഇല്ലാതില്ല. വേണമെങ്കില്‍ മെരുക്കിയെടുക്കാം. (ഇതേപ്പറ്റി ഒരു ഹൗടു പിന്നീടു് എഴുതണം എന്നു വിചാരിക്കുന്നു) ടേബിള്‍ ഓഫ് കണ്ടന്റ് ഒക്കെ കഷ്ടപ്പെട്ടു് ഉണ്ടാക്കിയിട്ടു് പീഡിഎഫ് ആയി എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ടിഒസി ടൈറ്റിലില്‍ നിന്നു് ഡെസ്റ്റിനേഷന്‍ പേജിലേയ്ക്കു് ഹൈപ്പര്‍ ലിങ്ക് വരുന്നില്ല എന്നതു് ശരിക്കും സങ്കടപ്പെടുത്തി.

ഇന്‍‍ഡക്സിങ്ങിന്റെ കാര്യത്തില്‍ ഇതുവരെ എനിക്കൊരു വ്യക്തത ഉണ്ടായിട്ടില്ല, ഇതിലില്ലെങ്കിലും ചിലപ്പോള്‍ ഏതെങ്കിലും തേഡ് പാര്‍ട്ടി ഇന്‍ഡക്സിംഗ് ടൂള്‍ കാണുമായിരിക്കും. സ്റ്റൈലിന്റെ കാര്യത്തില്‍ ഇന്‍ഡിസൈനിനെ അപേക്ഷിച്ചു് (എനിക്കു് പഴയ വെര്‍ഷനുകളിലെ കാര്യമേ അറിയൂ, കുറേക്കാലമായി ഫ്രീടൂളുകള്‍ മാത്രമാണു് ഉപയോഗിക്കുന്നതു്) പാരഗ്രാഫ് സ്റ്റൈലിംഗ് മാത്രമല്ല, ക്യാരക്ടര്‍ സ്റ്റൈലുകളും ഇതിലുണ്ടു്. അതായതു് ഒരു പാരഗ്രാഫിലെ ഒരു വാക്കിനു മാത്രമായി പ്രത്യേക സ്റ്റൈലിംഗ് നല്‍കാം. ഇതും കൂടാതെ ടേബിളിനും അതിലെ സെല്ലിനും ലൈനിനും ഒക്ക പ്രത്യേകമായി സ്റ്റൈലിംഗ് കൊടുക്കാം എന്നും കൂടി കേട്ടാല്‍ എങ്ങനെയിരിക്കും! ഇത്രയുമൊക്കെ ആണെങ്കില്‍ ടി.ഒ.സി.യുടെ കാര്യവും ഇന്‍‍ഡെക്സിംഗിന്റെ കാര്യവുമൊക്കെ അധികം വൈകാതെ ശരിയാകും എന്നാണു് ഞാന്‍ കരുതുന്നതു്.

സിഎംവൈകെ സപ്പോര്‍ട്ട് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോക്താക്കള്‍ക്കു് എന്നും തലവേദനയാണു്. എന്തായാലും ഭാഗ്യത്തിനു് സ്ക്രൈബസില്‍ മികച്ച രീതിയില്‍ സിഎംവൈകെ പിന്തുണയ്ക്കുന്നുണ്ടു് എന്നതു് ശരിക്കും ആശ്വാസം, പ്രത്യേകിച്ചു് ഓഫ്‍സെറ്റ് പ്രിന്റിംഗ് ഒക്കെ ചെയ്യുന്ന ഡിസൈനര്‍മാര്‍ക്കു് അതു് വലിയൊരു ആശ്വാസമാണു്.

അടിവരയിട്ടു പറയേണ്ട മറ്റൊരു ഫിച്ചര്‍ – മറ്റൊരു പ്രൊപ്രൈറ്ററി ടൂളുകളിലും കാണാത്ത ഒരു മഹത്തായ ഫീച്ചര്‍ ഏതായാലും സ്ക്രൈബസിലുണ്ടു് – സ്ക്രൈബസില്‍ ചെയ്ത ഒരു ഫയല്‍ വേണമെങ്കില്‍ ഏതൊരു പ്ലെയിന്‍ ടെക്സ്റ്റ് എഡിറ്ററില്‍ വച്ചും എഡിറ്റ് ചെയ്യാം എന്നതാണതു്. എക്സ്.എം.എല്‍ ഫോര്‍മാറ്റിലാണ് സ്ക്രൈബസ് ഫയലുകള്‍ സൂക്ഷിക്കുന്നതു് എന്നതിനാല്‍ ആപ്ലിക്കേഷനു പുറത്തുവച്ചു് അത്യാവശം ഫയല്‍ എഡിറ്റ് ചെയ്യാന്‍ ഇതൊരു മികച്ച സൗകര്യമാണെന്നു പ്രത്യേകിച്ചു് പറയേണ്ടതില്ലല്ലോ. ഇന്‍ഡിസൈനിലും പേജ്‍മേക്കറിലുമൊക്കെ ആരു റിക്വസ്റ്റ് ചെയ്താലും ഒരുകാലത്തും അവതരിപ്പിക്കാനിടയില്ലാത്ത ഒരു ഫീച്ചറാണിതെന്നും ഓര്‍ക്കുക. ഇന്‍‍ഡക്സിങ്ങ് വേണമെങ്കില്‍ തേഡ് പാര്‍ട്ടി ഇന്‍ഡക്സിംഗ് ടൂള്‍ ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ ഒരുപക്ഷേ സാദ്ധ്യമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞതു് എക്സ്.എം.എല്‍ ഫോര്‍മാറ്റില്‍ ഡാറ്റ സൂക്ഷിക്കുന്നതു കൊണ്ടാണു്.

മലയാളത്തിലെ പ്രമുഖദിനപ്പത്രമായ ജനയുഗം ഈയടുത്ത കാലത്തു് പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് ചേക്കേറിയതു് സന്തോഷകരമായ വാര്‍ത്തയായിരുന്നു. ജനയുഗം തങ്ങളുടെ പ്രധാന ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍ ആയി ഉപയോഗിക്കുന്നതു് സ്ക്രൈബസ് ആണു് എന്നതാണു് ശ്രദ്ധേയം. 2019 ഒക്ടോബറിലാണു് അവര്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അടക്കം എല്ലാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് മാറിയതു്. എനിക്കു തോന്നുന്നു അവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ സാദ്ധ്യതയുള്ളതു് സി.എം.വൈ.കെ. കളര്‍ പ്രൊഫൈലുമായി ബന്ധപ്പെട്ടായിരിക്കും എന്നാണു്. സ്ക്രൈബസ് സി.എം.വൈ.കെ. പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഗിമ്പും ഇങ്ക്സ്കേപ്പും സി.എം.വൈ.കെ. സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതു് വലിയൊരു പ്രശ്നമാണു്. എന്തായാലും വലിയ സ്ഥാപനങ്ങള്‍ കൂടുതലായി സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു ചേക്കേറിയാല്‍ അധികം വൈകാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരിക്കും എന്നു കരുതാം. ജനയുഗത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവേശനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ദാ ഈ ഡയസ്പോറ പോസ്റ്റില്‍ ഇവിടുണ്ടു് – https://poddery.com/posts/4691002

പോരായ്മകള്‍ ഉണ്ടാവും, തീര്‍ച്ച. പക്ഷേ സ്വതന്ത്രമായ ഒരു ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് ടൂള്‍ ഉപയോഗിക്കുന്നതിന്റെ സുഖം അറിയാനെങ്കിലും സ്ക്രൈബസ് ഉപയോഗിച്ചു നോക്കുക, നിങ്ങളൊരു സ്വാതന്ത്ര്യസ്നേഹിയാണെങ്കില്‍ പ്രത്യേകിച്ചും!