സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി

ഒരു ചെറിയ പരീക്ഷണം. അത്ര മാത്രം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന സങ്കല്‍പ്പത്തെ പറ്റി മലയാളത്തില്‍ കുറെ ഏറെ എഴുതണം എന്ന് നാളുകളായി വിചാരിക്കുന്നു. ഒരു പക്ഷെ മലയാള ഭാഷയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംബന്ധമായ കുറെ ഏറെ ബ്ലോഗുകളും ഇതര വെബ്‌ സൈറ്റുകളും ഉണ്ടാകാം. ഇവിടെ ഞാന്‍ എഴുതുന്നത്‌ ഒരു സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താവ് എന്ന നിലയില്‍ ഉള്ള എന്റെ അനുഭവക്കുറിപ്പുകളും ചില സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാനുള്ള ആമുഖക്കുറിപ്പുകളുമാണ്. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന സങ്കല്‍പ്പത്തെയും ലളിതമായ അതിന്റെ ദര്‍ശനത്തെയും പറ്റി സാധാരണക്കാരന് കൂടി മനസ്സിലാകുന്നത്ര ലളിതമായി എഴുതുവാനാണ് എന്റെ ഈ എളിയ ഉദ്യമം.

ആര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാനും പ്രവര്‍ത്തനരീതി പഠിക്കാനും ഇഷ്ടാനുസരണമുള്ള മാറ്റങ്ങള്‍ വരുത്താനും മാറ്റം വരുത്തിയതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ എത്ര വേണമെങ്കിലും എടുത്ത് വിതരണം ചെയ്യുവാനും ഏതൊരു ഉപയോക്താവിനും അനുമതി നല്‍കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് വിളിക്കുന്നത്‌. ഒട്ടു മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സാധാരണയായി സൌജന്യമായി ലഭ്യമാണ്. സീഡി, ഡിവിഡി തുടങ്ങിയ മാധ്യമങ്ങളുടെ വില മാത്രമേ പലപ്പോഴും ഉപയോക്താവ് നല്‍കേണ്ടി വരാറുള്ളൂ. മാത്രമല്ല ആവശ്യമുള്ളവര്‍ക്കെല്ലാം സോഫ്റ്റ്‌ വെയറിന്റെ സോഴ്സ് കോഡ് പൊതു സഞ്ചയത്തില്‍ നിന്ന് ലഭ്യവുമായിരിക്കും. മിക്കവാറും എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഗ്നു ജീപിഎല്‍ അനുമതി പത്രം അനുസരിച്ച് ലൈസന്‍സ് ചെയ്തതായിരിക്കും.

സാധാരണക്കാരന്റെ ഉപയോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഓഫീസ് ഉപയോഗങ്ങള്ക്കും വീട്ടുപയോഗങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ വിട്ടു എന്തുകൊണ്ട് പലരും കുത്തക സോഫ്റ്റ്‌വെയറുകള്‍ “മോഷ്ടിച്ച്” അഥവാ പൈറേറ്റ് ചെയ്തു ഉപയോഗിക്കുന്നു? തെറ്റിദ്ധാരണയും അജ്ഞതയും ആണ് അതിന്റെ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല ആന്റി-വൈറസ്‌ സോഫ്റ്റ്‌വെയര്‍ ഉണ്ടോ എന്ന് എന്നോട് ചോദിക്കുന്ന പലരോടും ഗ്നു/ലിനക്സ്‌ ഉപയോഗിച്ച് കൂടെ എന്ന് തിരിച്ചു ചോദിക്കുമ്പോൾ , “ഓ അതൊക്കെ വലിയ പാടല്ലേ, നമുക്കിതൊക്കെ മതി” എന്ന ഒഴുക്കന്‍ മറുപടി ആണ് പലരില്‍ നിന്നും തിരിച്ചു കിട്ടുന്നത്. കമ്പ്യൂട്ടര്‍ ഇതുവരെ ശരിക്കും ഉപയോഗിക്കാന്‍ പോലും അറിയാത്ത എന്റെ ചില സുഹൃത്തുക്കള്‍ എന്റെ ഉപദേശ പ്രകാരം ഗ്നു/ലിനക്സ്‌ ഉപയോഗിക്കുന്നുണ്ട്. മിക്കവര്‍ക്കും കാര്യമായ ഒരു പരാതിയും ഇല്ല; പരാതി മറ്റുള്ളവര്‍ക്കാണ് : “നിനക്ക് മര്യാദക്ക് വിന്‍ഡോസ് ഉപയോഗിച്ച് കൂടെ, ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ഈ കുന്ത്രാണ്ടം ഉപയോഗിച്ചാല്‍ എന്തെങ്കിലും ഒരു ഇഷ്യൂ വന്നാല്‍ നീ വിഷമിച്ചു പോകുകയേ ഉള്ളൂ” എന്ന് തുടങ്ങി ഭയപ്പെടുത്തലുകള്‍ നീണ്ടു പോകുന്നു. “ജിമ്പില്‍ സീഎംവൈകെ സപ്പോര്‍ട്ട് ചെയ്യില്ല, അതോണ്ടാ ഇപ്പോഴും എനിക്ക് ഫോട്ടോഷോപ്പ് തന്നെ ഉപയോഗിക്കേണ്ടി വരുന്നത്. ഇങ്ക്സ്കെപ്പില്‍ ഇല്ലുസ്ട്രേട്ടറിന്റെ  അത്രയും ടൂളുകള്‍ ഉണ്ടോ, അത്രയും മികച്ചതാണോ” എന്നൊക്കെ ചോദിക്കുമ്പോൾ എന്ത് ഉത്തരം പറയും? ഈ പറയുന്ന മിക്കവാറും ആളുകളെല്ലാം മേല്പ്പറഞ്ഞ സോഫ്റ്റ്‌വെയർ ഒക്കെ ഉപയോഗിക്കുന്നത് പൈറേറ്റ് ചെയ്തിട്ടായിരിക്കും, എന്നിട്ടാ ഇക്കണ്ട വാചകം ഒക്കെ അടിക്കുന്നത്.

കുമാരനാശാന്റെ വരികള്‍ ഓര്‍മ്മ വരുന്നു:

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം

ബ്രേവ് ഹാര്‍ട്ട്‌ എന്ന ഹോളിവൂഡ്‌ സിനിമയില്‍ നായക കഥാപാത്രം അണികളോട് ചെയ്യുന്ന ഒരു പ്രസംഗമുണ്ട്: ഒരു പടയാളി ചോദിക്കുന്നു:

Fight against that? No, we will run, and we will live.

(ഞങ്ങള്‍ അവരോടു യുദ്ധം ചെയ്യാനോ?! ഇല്ല. ഇല്ലേയില്ല. ഞങ്ങള്‍ പിന്തിരിഞ്ഞോടും, അങ്ങനെ ഞങ്ങള്‍ ജീവിക്കും)

അതിനു വില്ല്യം വാലസ് എന്ന നായക കഥാപാത്രം പറയുന്ന മറുപടി ഇതാ:

Aye, fight and you may die, run and you’ll live.  At least a while. And dying in your beds many years from now, would you be willing to trade all the days from this day to that for one chance, just one chance to come back here and tell our enemies that they may take our lives, but they’ll never take our freedom?!

(യുദ്ധം ചെയ്താല്‍ നിങ്ങള്‍ മരിച്ചേക്കാം. തിരിച്ചോടിയാല്‍ ഒരു പക്ഷെ ജീവിച്ചേക്കാം. പക്ഷെ എത്ര കാലം? കുറച്ചു കാലം. അല്ലെങ്കില്‍ കുറെ കാലം. കാലങ്ങള്‍ക്ക് ശേഷം നിങ്ങളുടെ കിടപ്പറയില്‍ കിടന്നു മരിക്കുന്ന അത്രയും ദിവസങ്ങള്‍ ഈയൊരു നിമിഷത്തിനു വേണ്ടി പണയം വച്ചുകൊണ്ട്  മഹത്തായ ഒരു കാര്യത്തിന് വേണ്ടി തിരിച്ചു വരൂ. എന്നിട്ട് നിങ്ങളുടെ ശത്രുക്കളോടു പറയൂ: “നിങ്ങൾക്ക് ഞങ്ങളുടെ ജീവന്‍ എടുക്കാം. പക്ഷെ നിങ്ങൾക്ക് ഞങ്ങള്‍ തരുകയില്ല, ഒരിക്കലും ഞങ്ങളുടെ സ്വാതന്ത്ര്യം.”)

വില്ല്യം വാലസിന്റെ ആവേശഭരിതമായ ഈ ആഹ്വാനം കേട്ടപ്പോള്‍ പിന്തിരിഞ്ഞോടാൻ തുടങ്ങിയ എല്ലാ പടയാളികളും തിരിച്ചു വന്ന് ആവേശത്തോടെ യുദ്ധം ചെയ്തു വിജയം വരിക്കുന്നുണ്ട് സിനിമയിൽ. മഹത്തായ ദര്‍ശനങ്ങള്‍ ആരെയും ആവേശഭരിതരാക്കും. ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദര്‍ശനങ്ങളുടെ അര്‍ഥം മനസ്സ് കൊണ്ട് വായിച്ചെടുക്കുന്ന ഒരാള്‍ തീര്‍ച്ചയായും അതിന്റെ ആരാധികയാകും എന്ന കാര്യത്തില്‍ സംശയമില്ല. സ്വാതന്ത്ര്യം അമൃതമാണ്, അത് തന്നെയാണ് ജീവിതവും. മൃതിയെക്കാള്‍ ഭയാനകമായ പാരതന്ത്ര്യത്തെ ആരാധിക്കുന്നവരായി ഭൂമുഖത്ത് ആരെങ്കിലും ഉണ്ടാവുമോ? ഉണ്ടായേക്കാം, പാരതന്ത്ര്യത്തെ തിരിച്ചറിയാതെ, അതാണ്‌ സ്വര്‍ഗ്ഗം എന്ന മട്ടില്‍ അന്ധരായി ജീവിക്കുന്നവര്‍ ഉണ്ടായേക്കാം. അവര്‍ അറിയുക, പൊന്നു കൊണ്ട് നിര്‍മ്മിച്ചതാണെങ്കിലും സ്വാദിഷ്ടമായ ഭോജ്യങ്ങള്‍ ലഭിക്കുമെങ്കിലും തടവറ തടവറ അല്ലാതാവില്ലല്ലോ. ദുര്‍ഘടങ്ങള്‍ ഏറെ ഉണ്ടാവാമെങ്കിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനോളം വരുമോ അടിമത്തത്തിന്റെ വീര്‍പ്പുമുട്ടല്‍ ?

അതുകൊണ്ട് മഹത്തായ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്ന സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ സത്യം തിരിച്ചറിയുക. കണ്ണുകളില്‍ നിന്നും ഹൃദയത്തില്‍ നിന്നും അന്ധതയുടെ മൂടുപടം വലിച്ചെറിയുക. അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുക. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നുകരാന്‍ ഓടിയണയുക.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )