റാസ്ബെറി പൈ ഉപയോഗിച്ചു് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം

റാസ്ബെറി പൈ ഒടുവില്‍ സ്വന്തമാക്കിയതിനു കാരണമായതും ലോക്ക് ഡൗണ്‍ തന്നെയാണു്. കുട്ടികളുടെ പഠനം തല്‍ക്കാലം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മാത്രമേ സാധ്യമാകൂ എന്ന അവസ്ഥ വന്നു ഭവിച്ചതോടെയാണു് പൈ വാങ്ങാന്‍ തീരുമാനമെടുത്തതു്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇല്ലാത്ത കുട്ടികള്‍ എന്തു ചെയ്യുമെന്നും കാര്യമായ സാങ്കേതിക പരിജ്ഞാനമില്ലാത്ത മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി എങ്ങനെയൊക്കെ ഈ സൗകര്യങ്ങള്‍ ഒരുക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതുവരെ നമുക്കു ലഭിച്ചിട്ടില്ല. എങ്കിലും ഇനി കുറച്ചു നാള്‍ ഇങ്ങനൊക്കെയേ വിദ്യാഭ്യാസം സാധ്യമാകൂ എന്ന അവസ്ഥ പല മാതാപിതാക്കളേയും ആകെ കുഴക്കിയിരിക്കുകയാണു്. പലരും പഴയ ലാപ്‍ടോപ്പിനും ഡെസ്ക്ടോപ്പിനും പുറകേ ഓടി നടക്കുന്നു. ഈയവസരത്തിലാണു് എങ്ങനെ ഒരു റാസ്ബറി പൈ ഉപയോഗിച്ചു നമുക്കു് വീട്ടിലെ സാധാരണ ടെലിവിഷന്‍ സെറ്റ് ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ടിവി ആക്കി എങ്ങനെ മാറ്റാം എന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയതു്.

റാസ്ബെറി പൈയെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലോ – ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഒരു ബോർഡിൽ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷനാണു് ഇത് വികസിപ്പിച്ചത്. വിദ്യാലയങ്ങളിൽ അടിസ്ഥാന കമ്പ്യൂട്ടർ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിർമ്മിച്ചിരിക്കുന്നത്. എങ്കിലും പലവിധ ഉപയോഗങ്ങളും ഇതു വഴി നമുക്കു ചെയ്യാം. അതിലൊരു ഉപയോഗമാണു് എന്നെ ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ചതും – ഇന്നത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു് വേണ്ടുന്ന പ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉപയോഗം. http://www.raspberrypi.org എന്ന അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൂടുതല്‍ വിശദവിവരങ്ങള്‍ ലഭ്യമാണു്.

ഉദ്ദേശം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ടെലിവിഷന്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതു് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാണു്. പക്ഷേ ഇപ്പോള്‍ ഈ ടെലിവിഷന്‍ വഴിയാണല്ലോ പഠനം – അപ്പോള്‍ എന്തു ചെയ്യും? സെറ്റ് ടോപ്പ് ബോക്സ് ഒക്കെ എവിടെയൊ മാറ്റി വച്ചിരിക്കുകയാണു്, എവിടെയാണോ എന്തോ. കുട്ടികള്‍ക്കു പഠിക്കാന്‍ ഞാന്‍ വര്‍ക്കു ചെയ്യുന്ന എന്റെ സ്വന്തം കമ്പ്യൂട്ടര്‍ കൊടുത്താല്‍ പിന്നെ ഞാനെന്തു ചെയ്യും? എന്റെ കൈയ്യിലാണെങ്കില്‍ ലാപ്‍ടോപ്പുമില്ല. പഴയ ഒരു ലാപ്‍ടോപ്പ് വാങ്ങാന്‍ ആദ്യം ഒന്നു ചിന്തിച്ചു. പിന്നെ ആ വഴി അത്ര ശരിയാവില്ലെന്നു മനസ്സിലാക്കി വേണ്ടെന്നു വയ്ക്കുന്നതിനിടയിലാണു് റാസ്ബെറി പൈ എന്ന ആശയം മനസ്സില്‍ വിരിഞ്ഞതു്. അങ്ങനെ ചെറിയൊരു റിസര്‍ച്ച് നടത്തിയപ്പോള്‍ തന്നെ KDE PLASMA BIGSCREEN എന്ന സ്മാര്‍ട്ട് ടിവി സോഫ്റ്റ്‍വെയറിനെപ്പറ്റി സൂചന കിട്ടിയതു്. അതിന്റെ അടിസ്ഥാന ഡോക്യുമെന്റേഷന്‍ വായിച്ചപ്പോള്‍ത്തന്നെ പ്രത്യേകിച്ചു ടെക്‍സെന്‍സ് ഒന്നുമില്ലാത്ത ആര്‍ക്കു വേണമെങ്കിലും നിര്‍മ്മിച്ചെടുക്കാവുന്ന സംഭവമാണിതെന്നു മനസ്സിലായി. അങ്ങനെ അന്നു വൈകീട്ടു തന്നെ റാസ്ബെറി പൈയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്നു ലഭിച്ച ഓഥറൈസ്ഡ് സ്റ്റോറില്‍ നിന്നും പൈ ഓര്‍ഡര്‍ ചെയ്തു.

ലോക്ക് ഡൗണ്‍ തടസ്സങ്ങളും കടമ്പകളും മറ്റും കഴിഞ്ഞു് ഒമ്പതാം ദിവസം പൈ വീട്ടിലെത്തി. ഞാന്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് ഇതാണു്.

റാസ്ബെറി പൈ

വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ്

 1. റാസ്ബെറി പൈ മോഡല്‍ ബി 4 ജിബി റാം (ഞാന്‍ ഇതു വാങ്ങിയതിന്റെ രണ്ടു നാളുകള്‍ക്കു ശേഷം 8 ജിബി റാമിന്റെ വെര്‍ഷന്‍ കൂടി ഇറങ്ങി. വില അല്‍പ്പം കൂടുതലാണു കേട്ടോ)
 2. ഒഫീഷ്യല്‍ റാസ്ബെറി പൈ കെയ്സ്
 3. സാന്‍ഡിസ്ക് 16 ജിബി മൈക്രോ എസ്.ഡി. കാര്‍ഡ്
 4. ഒഫീഷ്യല്‍ റാസ്ബെറി പൈ പവര്‍ സപ്ലൈ
 5. ഒഫീഷ്യല്‍ റാസ്ബെറി പൈ എച്ച്.ഡി.എം.ഐ കേബിള്‍
 6. ഒരു സാധാരണ കീബോര്‍ഡ്
 7. ഒരു സാധാരണ മൗസ്.

ഇതു് റാസ്ബെറി പൈ മോഡല്‍ ബി 4 ജിബി റാം സ്റ്റാര്‍ട്ടര്‍ കിറ്റ് ആണു്. ഷിപ്പിംഗ് ചാര്‍ജ്ജ് അടക്കം ആകെ 7,568.18 ഉറുപ്പിക ആണു് ചെലവായതു്. വാസ്തവത്തില്‍ ഇതു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണി ഒന്നും തന്നെയില്ല. നേരേ കമ്പ്യൂട്ടറില്‍ ചെന്നു് ഒന്നു രണ്ട് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ടിവിയുമായി ബന്ധിപ്പിക്കുക നേരേ പവര്‍ കൊടുത്തു് ഓണ്‍ ചെയ്യുക. സ്റ്റെപ്പുകള്‍ താഴെ പറയുന്നു.

 1. ഈ ലിങ്കില്‍ നിന്നു് https://excellmedia.dl.sourceforge.net/project/bigscreen/rpi4/beta/mycroft-bigscreen-rpi4-20200326_BETA.img.gz കെഡിഇ പ്ലാസ്മ ബിഗ് സ്ക്രീന്‍ ഡൗണ്‍ലോഡ് ചെയ്യുക.
 2. ഈ ലിങ്കില്‍ നിന്നു് https://www.balena.io/etcher ബലെന എച്ചര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഏതു് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും അനുയോജ്യമായ ഫയല്‍ ഇവിടെ ലഭ്യമാണു്.
 3. ഇനി ഒരു കാര്‍ഡ് റീഡര്‍ ഉപയോഗിച്ചു് മൈക്രോ എസ്.ഡി. കാര്‍ഡ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക
 4. ഇനി ചെയ്യേണ്ടതു് എച്ചര്‍ ലോഞ്ച് ചെയ്യുകയാണു്. ആദ്യം ഡൗണ്‍ലോഡ് ചെയ്ത കെഡിഇ പ്ലാസ്മ ബിഗ് സ്ക്രീന്‍ ഫയല്‍ എച്ചറില്‍ കാണിച്ചു കൊടുക്കുക.
 5. ഫ്ലാഷ് ചെയ്യുക.
 6. കമ്പ്യൂട്ടറിലെ പരിപാടി തീര്‍ന്നു. ഇനി നമുക്കു് റാസ്ബെറി പൈയിലേയ്ക്കു കടക്കാം.
 7. ഇനി കാര്‍ഡ് റീഡറില്‍ നിന്നു് മൈക്രോ എസ്.ഡി. കാര്‍ഡ് ഊരി മാറ്റി അതു് റാസ്ബെറി പൈയുടെ സ്ലോട്ടില്‍ വയ്ക്കക.
 8. കീബോര്‍ഡും മൗസും എച്ച്.ഡി.എം.ഐ കേബിളുമൊക്കെ കണക്ട് ചെയ്തതിനു ശേഷം പവര്‍സപ്ലൈ കൊടുത്തു് സ്വിച്ച് ഓണ്‍ ചെയ്യുക.

ബേസിക് പരിപാടി ഇവിടെ തീര്‍ന്നു. ഇനി ടി.വി. ഒരു കമ്പ്യൂട്ടര്‍ പോലെ ഉപയോഗിച്ചു തുടങ്ങാം. ഇനിയും കുറേ അനന്തമായ സാധ്യതകള്‍ ഈ കുഞ്ഞന്‍ പെട്ടിയിലുണ്ടു്. അവ കണ്ടെത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടിയാല്‍ കുറേയേറെ അത്ഭുതങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും വകയുണ്ടു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് 8848487510 എന്ന നമ്പറില്‍ വിളിച്ചാല്‍ കഴിയുന്നതു പോലെ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് നല്‍കാം.

വിളിച്ചു വരുത്തി ഒരു പണി വാങ്ങിയ കഥ

ലോക്ക് ‍ഡൗണിന്റെ കാലമാണു്. ചില്ലറ പരീക്ഷണങ്ങളൊക്കെ പലരും നടത്തുന്ന കാലം. അത്തരത്തിലൊരു പരീക്ഷണത്തിനിടെ കളസം കീറിയ കഥ പങ്കുവയ്ക്കട്ടെ.

സംഭവം തുടങ്ങുന്നതു് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നു് സോളമന്‍ എന്ന സുഹൃത്തിന്റെ വിളിയോടെയാണു്. കൊവിഡിന്റെ കാര്യവും അനുബന്ധ ലോക്ക്ഡൗണിന്റെ അനിശ്ചിതാവസ്ഥയും ചില്ലറ തമാശകളും പങ്കുവയ്ക്കുന്നതിനിടയിലാണു് നാട്ടിലെ അവന്റെ വീട്ടില്‍ കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്നം എന്നോടു പറഞ്ഞതു്. അവന്റെ വീട്ടില്‍ കുട്ടികള്‍ സിനിമ കാണാന്‍ ഒരു ലാപ്‍ടോപ്പ് ഉപയോഗിക്കുന്നുണ്ടു്. കൂടെ ഒരു കിടിലന്‍ ബ്ലൂടൂത്ത് സ്പീക്കറുമുണ്ടു്. പക്ഷേ ലാപ്‍ടോപ്പില്‍ നിന്നുള്ള ശബ്ദം എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ബ്ലൂടൂത്ത് സ്പീക്കറിലേയ്ക്കു വരുന്നില്ല. ഒന്നു രണ്ടു വര്‍ഷം മുമ്പു് ഞാന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്ത മഞ്ജാരോ ആണു് അതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. അടുത്തുതന്നെയാണു് സോളമന്റെ വീടു്, ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം, ആ ലാപ്‍ടോപ്പ് എങ്ങനെയെങ്കിലും ഒന്നെന്റെ വീട്ടില്‍ കൊണ്ടെത്തിച്ചുതന്നാല്‍ മതി. അങ്ങനെ പിറ്റേന്നു രാവിലെ തന്നെ ലാപ്‍ടോപ്പ് വീട്ടില്‍ എന്റെ മേശപ്പുറത്തു വന്നു ചേര്‍ന്നു.

ഉടനെ തന്നെ ശരിയാക്കിക്കളയാം എന്ന അമിതമായ ആത്മവിശ്വാസത്തില്‍ പണി തുടങ്ങി. ഒരു വിധം ബ്ലൂടൂത്ത് കണക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും വിഎല്‍സി പ്ലെയറില്‍നിന്നുള്ള ശബ്ദം സ്പീക്കറിലേയ്ക്കെത്തുന്നില്ല. നോക്കിയപ്പോള്‍ വിഎല്‍സി പ്ലെയറൊക്കെ ഔട്ട്ഡേറ്റ‍ഡ് ആണു്. ഉടനെ തന്നെ pacman -Syyu എന്ന കമാന്‍ഡ് ടെര്‍മിനലില്‍ പാസ് ചെയ്തു് സിസ്റ്റം അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി. ഒന്നു രണ്ടു മണിക്കൂര്‍ വേണ്ടിവന്നു ഈ പരിപാടി തീരാന്‍, തീര്‍ന്നു കഴിഞ്ഞപ്പോള്‍ വീണ്ടും വിഎല്‍സി പ്ലെയര്‍ ചെക്ക് ചെയ്തു നോക്കി, നോ രക്ഷ. ഒന്നു രണ്ടുവര്‍ഷം കൂടി അപ്ഡേറ്റ് ചെയ്യുന്നതല്ലേ, എന്നാല്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്യാം എന്നു കരുതി. അതോടെയാണു് പ്രശ്നങ്ങള്‍ തുടങ്ങിയതു്. ദിങ്ങനെ ഒരു എറര്‍ മെസേജാണു് ആകെ കാണിക്കുന്നതു്.

error : file "boot/vmlinuz-4.14-x86_64" not found
error : you need to load the kernel first
press any key to continue

അതായതു് കേണലിനെ കാണാനില്ല. നേരേ എന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്തു. ഗൂഗിളില്‍ ഇതിനൊരു പരിഹാരം തിരഞ്ഞു, തെളിഞ്ഞു. മഞ്ജാരോയുയെ തന്നെ ഒരു ബൂട്ട് ഡിസ്കുണ്ടാക്കണം. അതില്‍ manjaro-chroot ഉപയോഗിച്ചു് കേണലിനെ കാണിച്ചു കൊടുത്താല്‍ പ്രശ്നം പരിഹരിക്കപ്പെടും. ഉടന്‍ മഞ്ജാരോയുടെ ഐഎസ്ഒ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. ഇനി dd കമാന്‍‍ഡ് ഉപയോഗിച്ചു് അതൊരു പെന്‍‍ഡ്രൈവില്‍ ബൂട്ടബിള്‍ ആക്കണം.  ഇവിടെ വച്ചുണ്ടായ ഒരു ചെറിയ അശ്രദ്ധയാണു് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേയ്ക്കു് എന്നെ കൊണ്ടുചെന്നെത്തിച്ചതു്. dd കമാന്‍ഡ് ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണു് – ഒരു നിമിഷം ഞാനതു് തികഞ്ഞ അശ്രദ്ധയോടെ ഉപയോഗിച്ചു.
ls -la /dev/disk/by-id/ |grep usb
sudo dd bs=4M if=/path/to/manjaro.iso of=/dev/sd[drive letter] status=progress oflag=sync

ഡ്രൈവ് ലെറ്ററിന്റെ കാര്യത്തില്‍ എനിക്കു പിഴച്ചു. എന്റെ സ്വന്തം കമ്പ്യൂട്ടറിന്റെ റൂട്ട് ഫയല്‍ സിസ്റ്റത്തിന്റെ ഡ്രൈവ് ലെറ്റര്‍ ആണു് അറിയാതെ ഞാന്‍ ടൈപ്പ് ചെയ്തതു്. അക്കാര്യം ഞാന്‍ അറിയുന്നതു് എല്ലാം കഴിഞ്ഞപ്പോഴാണു്. ഒന്നു രണ്ടു വര്‍ഷം കൊണ്ടു് ബില്‍ഡ് ചെയ്തെടുത്ത എന്റെ പ്രിയപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം ഇതാ വീണുടഞ്ഞ സ്ഫടികപാത്രം പോലെ മോണിറ്ററിനുള്ളില്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ശരിയാക്കാനായി ഇപ്പോള്‍ എന്റെ കൈവശം രണ്ടു കമ്പ്യൂട്ടറുകളുണ്ടു്. ഒന്നു് സോളമന്റേതും മറ്റേതു് എന്റേതും. കൂട്ടുകാരന്റെ കുട്ടികള്‍ ഇതു കിട്ടിയിട്ടു് സിനിമ കാണാന്‍ കാത്തിരിക്കുകയായിരിക്കും, അതിനാല്‍ അതിനു പ്രയോറിറ്റി കൊടുക്കാമെന്നു കരുതി. ലിനക്സ് മിന്റില്‍ ബ്ലൂടൂത്ത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അതില്‍ നേരേ അതു് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ഫിക്സ് ചെയ്തു. വൈകുന്നേരത്തോടെ അതു തിരികെ കൊടുത്തു. ഇനി എന്റെ മഞ്ജാരോയെ എന്തു ചെയ്യും എന്നാലോചിച്ചു, അതിനു മുമ്പ് നഷ്ടങ്ങള്‍ / ഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്നൊരു വിലയിരുത്തല്‍ നടത്തി.

 1. ഫോണ്ട് – കുറേ വര്‍ഷങ്ങള്‍ കൊണ്ടു് മലയാളത്തിലും ഇംഗ്ലീഷിലുമായി അനേകം മികച്ച ഫോണ്ടുകളുടെ ഒരു ശേഖരം ഞാന്‍ ഉണ്ടാക്കി വച്ചിരുന്നു. അതൊക്കെയും ഇല്ലാതായി.
 2. ഹോം ഫോള്‍ഡര്‍ നഷ്ടപ്പെട്ടില്ല. അതു് മറ്റൊരു ഹാര്‍‍ഡ് ഡിസ്കിലായതു് രക്ഷയായി.
 3. /etc/fstab കോണ്‍ഫിഗര്‍ ചെയ്തിരുന്നതെങ്ങനെയെന്നു് എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നില്ല, അതൊക്കെ ഇനി ആദ്യം മുതല്‍ മനസ്സിലാക്കി ചെയ്യണം.

ഇത്രയുമൊക്കെ കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടു് ഒന്നു രണ്ടു ലിനക്സ് വിദഗ്ദ്ധന്മാരുടെ ഉപദേശവും സ്വീകരിച്ചു് പണിയ്ക്കിരുന്നു. ആദ്യത്തെ വെല്ലുവിളി തികച്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഹാര്‍ഡ് ഡിസ്കിലെ എംബിആര്‍ എന്തു ചെയ്തിട്ടും മായുന്നില്ല. ഒടുവില്‍ ജി-പാര്‍ട്ടഡ് ഉപയോഗിച്ചു് അതില്‍ പുതിയൊരു എംഎസ്ഡോസ് പാര്‍ട്ടിഷന്‍ ഉണ്ടാക്കിയപ്പോഴാണു് എംബിആര്‍ മാഞ്ഞതു്. ഒടുവില്‍ മഞ്ജാരോ എക്സ്എഫ്‍സിഇ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അതിനുശേഷം മിറര്‍ലിസ്റ്റ് ഉണ്ടാക്കാനായി ഈ കമാന്‍ഡ് ഉപയോഗിച്ചു.

pacman-mirrors -g

അതിനു ശേഷം pacman -Syyu കൊടുത്തു് അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണു് അടുത്ത പ്രശ്നം. എല്ലാം കഴിയുമ്പോള്‍ ദാ ഇങ്ങനൊരു മെസേജ് വന്നു എറര്‍ അടിച്ചു നില്‍ക്കുന്നു – lsb-release: /etc/lsb-release exists in filesystem (owned by manjaro-release) അതു പരിഹരിക്കാന്‍ ദാ ഇങ്ങനൊക്കെയുള്ള കമാന്‍‍ഡുകള്‍ നല്‍കി

rm -r /etc/pacman.d/gnupg
pacman -Sy gnupg archlinux-keyring manjaro-keyring
pacman-key --init
pacman-key --populate archlinux manjaro
pacman-key --refresh-keys
pacman -Sc
pacman -Syyu

അങ്ങനെ അതും ശരിയായി. ഇനിയുള്ള പ്രശ്നം /etc/fstab ആണു്. അതു് പല പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇപ്രകാരം ആക്കിയിട്ടുണ്ടു്.

/dev/sda3 /home reiserfs defaults 0 2
/dev/sda2 /movies reiserfs user,defaults,noauto 0 2

വല്ലപ്പോഴും മാത്രമാണു് ഇതുപോലുള്ള ഇന്‍സ്റ്റലേഷനുകള്‍ ചെയ്യേണ്ടി വരുന്നതു്, അതോണ്ടുതന്നെ എളുപ്പം ഇതെല്ലാം മറക്കുകയും ചെയ്യും. useradd, userdel തുടങ്ങിയ കമാന്‍‍ഡുകള്‍ തന്നെ എടുത്തു നോക്കൂ, നാം അതു് എളുപ്പം മറന്നുപോകും. കാരണം എല്ലാ ദിവസവും ഒരാള്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ഒന്നുമല്ലല്ലോ അതു്. ചുമ്മാ useradd [username] കൊടുത്താല്‍ ഒരു യൂസറിനെ ഉണ്ടാക്കിത്തരും, അല്ലാതെ യൂസറിന്റെ ഹോം ഡയറക്ടറി ഒന്നും ഉണ്ടാക്കത്തില്ല. അതു ചെയ്യണമെങ്കില്‍ useradd -m [username] എന്നു കൊടുക്കണം.

എല്ലാം കഴിഞ്ഞപ്പോള്‍ തോന്നി ഇടയ്ക്കൊക്കെ ഇത്തരം പണികള്‍ കിട്ടിയില്ലെങ്കില്‍ പലതും മറന്നുപോകുമെന്നു്. ശരിയാണോ എന്തോ!

ഗ്നു/ലിനക്സ് ആണെന്നു കരുതി സുരക്ഷയില്‍ അഹങ്കരിക്കേണ്ട

എയൂആറില്‍ മാല്‍വെയര്‍

ആര്‍ച്ച് യൂസര്‍ റെപ്പോസിറ്ററിയിലാണു് പുതിയ മാല്‍വെയര്‍ കണ്ടെത്തിയിരിക്കുന്നതു്. ചില ഉപയോഗപ്രദമായ സോഫ്റ്റ്‍വെയറുകള്‍ ചിലപ്പോള്‍ ആര്‍ച്ചിന്റെ അംഗീകൃത റെപ്പോസിറ്ററികളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. എയൂആറില്‍ (ആര്‍ച്ച് യൂസര്‍ റെപ്പോസിറ്ററിയില്‍) അതുണ്ടാകുകയും ചെയ്യും. ഉദാഹരണമായി ഡെബിയനില്‍ ഞാന്‍ സ്ഥിരം ഉപയോഗിച്ചു കൊണ്ടിരുന്ന pdftk എന്ന പാക്കേജു് ആര്‍ച്ചിന്റെ പ്രധാന റെപ്പോസിറ്ററിയില്‍ ഉണ്ടായിരുന്നില്ല. അതിനു തത്തുല്യമായ മറ്റൊരു പാക്കേജ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ നേരെ എയൂആറില്‍ നോക്കി. അതാ അവിടെയുണ്ട് ആ പാക്കേജു്. ഒന്നും നോക്കിയില്ല അപ്പോള്‍ത്തന്നെ അതങ്ങു് ഇന്‍സ്റ്റാള്‍ ചെയ്തു. അതുപോലെ തന്നെ ഇങ്ക്സ്കേപ്പില്‍ ചെയ്ത svg ഫയലുകള്‍ ഉപയോഗിച്ചു് അനിമേറ്റഡ് പ്രസന്റേഷന്‍ ചെയ്യാന്‍ കഴിയുന്ന sozi എന്ന പാക്കേജും എയൂആറില്‍ മാത്രമേയുള്ളൂ, ഇത്തരം ഒരുപാടു് പാക്കേജുകള്‍ക്കായി അനേകം ലിനക്സ് ഉപയോക്താക്കള്‍ എയൂആര്‍ പോലുള്ള യൂസര്‍ റെപ്പോസിറ്ററികള്‍ ഉപയോഗപ്പെടുത്തുന്നു.

എയൂആറില്‍ താഴെ പറയുന്ന പാക്കേജൂകളിലാണു് ഇപ്പോള്‍ മാല്‍വെയര്‍ കണ്ടെത്തിയിരിക്കുന്നതു്:

 1. acroread 9.5.5-8
 2. balz 1.20-3
 3. minergate 8.1

xeactor എന്നു നിക്ക്നെയിമുള്ള ട്രസ്റ്റഡ് യൂസര്‍ പ്രിവിലേജ് ഉള്ള ഒരു യൂസറാണു് ഇതില്‍ മാല്‍വെയര്‍ കടത്തിവിട്ടതു്. 2018 ജൂലൈ 8-നു് ഇതു കണ്ടെത്തിയതിനു് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ യൂസറിനെ സസ്പെന്റ് ചെയ്യുകയും പാക്കേജ് പാച്ച് ചെയ്യുകയും ചെയ്തു. ഇതു സൂചിപ്പിക്കുന്നതു് ഡെബിയന്‍ ബാക്ക് പോര്‍ട്ട്സ്, എയൂആര്‍ തുടങ്ങിയ യൂസര്‍ റെപ്പോസിറ്ററികളും തേഡ് പാര്‍ട്ടി റെപ്പോസിറ്ററികളും ഉപയോഗിക്കുന്നതു് അത്ര സുരക്ഷിതമല്ല എന്നതാണു്. അഥവാ ഉപയോഗിക്കണമെങ്കില്‍ത്തന്നെ സൂക്ഷിച്ചു് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. എയൂആറില്‍ മാല്‍വെയര്‍ കടത്തിവിട്ട xeactor എന്ന യൂസര്‍ ശേഖരിച്ച വിവരങ്ങള്‍ മെഷീന്‍ ഐഡി, uname -a എന്ന കമാന്റിന്റെ ഔട്ട്പുട്ട്, പാക്‍മാന്‍ വിവരങ്ങള്‍, systemctl list-units ഔട്ട്പുട്ട് എന്നിവയാണു്. താരതമ്യേന അത്ര മൂല്യമില്ലാത്ത ഈ വിവരങ്ങള്‍ എന്തിനാണിയാള്‍ ശേഖരിച്ചതെന്നു് ഇതുവരെ  സെക്യൂരിറ്റി വിദഗ്ദ്ധന്മാര്‍ക്കുപോലും മനസ്സിലായിട്ടില്ല.

എയൂആറില്‍ ട്രസ്റ്റഡ് യൂസര്‍ പ്രിവിലേജ് ഉള്ള ഒരു ഉപയോക്താവിനു് ഇത്തരമൊരു കുരുത്തക്കേടു് കാണിക്കാമെങ്കില്‍, സ്പൈയിംഗ് ഏജന്‍സികള്‍ക്കു് എന്തൊക്കെ കാണിക്കാന്‍ സാധിക്കില്ല? അതിനാല്‍ ജാഗ്രത പുലര്‍ത്തുക – നമ്മുടെ സുരക്ഷ നമ്മുടെ സ്വന്തം കരങ്ങളിലാണ്, തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന കാലമാണിതെന്നു് ഓര്‍മ്മവയ്ക്കുക.

അവലംബം

https://sensorstechforum.com/arch-linux-aur-repository-found-contain-malware/

അവിശ്വസനീയമായ ചില തെറ്റിദ്ധാരണകള്‍ :-)

ചില തെറ്റിദ്ധാരണകളുണ്ടു്. ചിലരോടു് എത്ര തര്‍ക്കിച്ചാലൂം ചിലപ്പോള്‍ അവ സമ്മതിച്ചുതന്നെന്നിരിക്കില്ല. അവയില്‍ ചിലതു് താഴെ അക്കമിട്ടു കുറിക്കുന്നു. ഇനിയും വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ കമന്റൂ.

 1. ഹാർഡ് ഡിസ്ക് ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിക്കില്ല
 2. എത്ര സൂക്ഷിച്ചു് ഉപയോഗിച്ചാലും എല്ലാ കമ്പ്യൂട്ടറുകളിലും വൈറസ്‌ കയറും
 3. ഹാക്കർ എന്നത് ഒരു നെഗറ്റീവ് വാക്കാണ്‌
 4. ലിനക്സ്‌ സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ല
 5. ഫേസ്ബുക്ക്‌ നമ്മുടെ സുഹൃത്താണ്
 6. ഞാൻ ലിനക്സ്‌ ഉപയോഗിച്ചിട്ടില്ല
 7. ഫ്രീ വെയറും ഫ്രീ സോഫ്റ്റ്‌വെയറും ഒന്നാണ്

ഹാർഡ് ഡിസ്ക് ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിക്കില്ല

വെറും ഒരു ലൈവ് സീഡി മാത്രം ഉപയോഗിച്ച്  വേണമെങ്കിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാം. ഒരു നൂറുകണക്കിന് ലൈവ് ലിനക്സ്‌ ഡിസ്ട്രിബ്യൂഷനുകൾ ഓണ്‍ലൈനിൽ ലഭ്യമാണ്. ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഹാർഡ് ഡിസ്ക് ഊരി മാറ്റി ഒന്ന് നിങ്ങളുടെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു നോക്കൂ.

എല്ലാ കമ്പ്യൂട്ടറുകളിലും വൈറസ്‌ കയറും

കമ്പ്യൂട്ടർ വൈറസ്‌ പ്രധാനമായും ടാർഗെറ്റ് ചെയ്യുന്നത് വിൻഡോസ്‌ കമ്പ്യൂട്ടറുകളെ ആണ്. എത്ര സുരക്ഷിതമായ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലൂം വിന്‍ഡോസില്‍ വൈറസ് കയറിയാല്‍ അത്ഭുതപ്പെടേണ്ട. പക്ഷേ സൂക്ഷിച്ചു് ഉപയോഗിച്ചാല്‍ ലിനക്സ്‌ / മാക് / യൂണിക്സ് സിസ്റ്റങ്ങളെ വൈറസ്‌ ആക്രമണം ബാധിക്കില്ല.

ഹാക്കർ എന്നത് ഒരു നെഗറ്റീവ് വാക്കാണ്‌

കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ നന്നായി അറിയുന്ന ആൾ അഥവാ കമ്പ്യൂട്ടർ വിദഗ്ദ്ധൻ എന്നാണു് ഹാക്കർ എന്ന വാക്കിന്റെ പൊതുവിലുള്ള അർത്ഥം. അല്ലാതെ കമ്പ്യൂട്ടർ ശൃംഖല  തകർക്കുന്ന ആൾ എന്നല്ല.

ലിനക്സ്‌ സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ല

1994 കാലഘട്ടത്തിൽ ലിനക്സ്‌ കേർണെൽ പ്രസിദ്ധീകരിച്ച ആദ്യ നാളുകളിൽ വിദഗ്ദ്ധർക്ക് മാത്രമേ ലിനക്സ്‌ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ, എന്നാൽ ഇന്ന് ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാൻ വിധം ഏറ്റവും യൂസർ ഫ്രണ്ട്ലി ആണ് ലിനക്സ്‌

ഫേസ്ബുക്ക്‌ നമ്മുടെ സുഹൃത്താണ്

ഫേസ്ബുക്ക്‌ നിങ്ങളുടെ സുഹൃത്തല്ല, അതൊരു നിരീക്ഷണക്യാമറയാണ്. അതു നിങ്ങളെ ചതിക്കവം. അതീവ ശ്രദ്ധയോടെ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.

ഞാൻ ലിനക്സ്‌ ഉപയോഗിച്ചിട്ടില്ല

ആയിരക്കണക്കിന് ഇന്റർനെറ്റ്‌ സർവറുകളിൽ ഉപയോഗിക്കുന്നത് ലിനക്സ്‌ അധിഷ്ഠിത പ്രവർത്തക സംവിധാനമാണ്. നിങ്ങൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ സർവറുകളും ഉപയോഗിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ അറിയാതെയാണെങ്കിലും നിങ്ങള്‍ അതുപയോഗിച്ചിട്ടുണ്ടു്. നിങ്ങൾ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ലിനക്സ്‌ ഉപയോഗിക്കുന്നുണ്ട്. കാരണം ആൻഡ്രോയ്ഡിനുള്ളിൽ ലിനക്സ്‌ കേർണെൽ ആണ് ഉള്ളത്.

ഫ്രീ വെയറും ഫ്രീ സോഫ്റ്റ്‌വെയറും ഒന്നാണ്

ഫ്രീ വെയറും ഫ്രീ സോഫ്റ്റ്‌വെയറും രണ്ടാണ്. ഫ്രീ വെയർ സോഴ്സ് കോഡ് നൽകാതെ സോഫ്റ്റ്‌വെയർ (ബൈനറി) മാത്രം നിങ്ങൾക്ക് സൗജന്യമായി നൽകുമ്പോൾ ഫ്രീ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് അടക്കം അതു നൽകുന്നു.

ആര്‍ച്ചിന്റെ പുലിമടയിലേയ്ക്കൊരു യാത്ര.

ഏതാണ്ട് ഒരു ദശാബ്ദക്കാലമായി ഡെബിയനുമായുള്ള ദീര്‍ഘകാലബന്ധത്തിന് ഒരല്പവിരമാമിട്ടുകൊണ്ട് ആര്‍ച്ച് ലിനക്സിനെ അടുത്തു പരിചയപ്പെടാന്‍ ഒരു ചെറിയ ശ്രമം നടത്തിനോക്കുകയാണ്. വളരെ പഴയ ഒരു അസ്യൂസ് ബോര്‍ഡില്‍ (M2N68-AM Plus) സെംപ്രോണ്‍ പ്രോസ്സസ്സറില്‍ ( AMD Sempron, version: 15.6.3, 2800MHz, 64 bits, 200MHz) വെറും രണ്ടു ജീബി മെമ്മറി ഉപയോഗിച്ച് ഡെബിയന്‍ ലോഡ് ചെയ്തപ്പോള്‍ വലിഞ്ഞു വലിഞ്ഞു ഒടുക്കം അടിയറവു പറഞ്ഞതോടെ ഇനി ഇതിലും ലൈറ്റ് ആയ ഡിസ്ട്രോകള്‍ ട്രൈ ചെയ്യാമെന്നു കരുതിയതാണ് ആര്‍ച്ചുമായി ഒരു ബന്ധം തുടങ്ങാന്‍ കാരണമായത്. ഉബുണ്ടു കസ്റ്റമൈസ് ചെയ്തെടുത്ത എല്‍. എക്സ്. എല്‍. ഇ യും ക്രഞ്ച്ബാംഗും വരെ അടിയറവു പറഞ്ഞതോടെ ആര്‍ച്ച് ഒന്ന് ട്രൈ ചെയ്യാമെന്നു വയ്ക്കുകയായിരുന്നു. നേരേ ആര്‍ച്ച് ട്രൈ ചെയ്തപ്പോള്‍ പ്രശ്നം നേരിട്ടെങ്കിലും പിന്നെ ആര്‍ച്ച് ബാംഗ് ഇന്സ്റ്റാള്‍ ചെയ്തപ്പോള്‍ വിശ്വസിക്കാനാവാത്ത വിധം സ്റ്റെബിലിറ്റി കണ്ട് ഒന്നു ഞെട്ടി എന്നു വേണം പറയാന്‍.

Arch Linux Wall paper

ആര്‍ച്ച് ലിനക്സ് വാള്‍ പേപ്പര്‍

ലിനക്സ് ഉപയോക്താക്കള്‍ക്ക് സ്ഥിരമമായി പണി തരിക എന്നതാണല്ലോ എന്‍വിഡിയയുടെ ഒരിത്. ഇവിടെയും ആദ്യം അങ്ങനെ തന്നെ സംഭവിച്ചു. അങ്ങനെയാണ് ഡെബിയനും മറ്റും അടിയറവു പറഞ്ഞത്. പക്ഷേ ആര്‍ച്ച് ബാംഗിനു മുന്നില്‍ എന്‍വിഡിയയുടെ ഉമ്മാക്കി നടന്നില്ല. ഇത്ര പഴയ ഹാര്‍ഡ്‍വെയറിലും ഭംഗിയായി ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍ ഇനി ആര്‍ച്ച് മാത്രം ഉപയോഗിച്ചാലെന്താ എന്നൊരു ചിന്തയാണിപ്പോള്‍ മനസ്സില്‍.

ഗ്രബ്ബ് റിക്കവറി

വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ മെയിന്റനന്‍സിന് ഇറങ്ങിപ്പുറപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് കിട്ടുന്ന മുട്ടന്‍പണിയാണ് ഗ്രബ്ബ് റിക്കവറി. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുന്നതോടെ ഗ്നൂ/ലിനക്സിന്റെ പൂമുഖത്തു നിന്നു പടിയിറങ്ങി പിണങ്ങിപ്പുറപ്പെട്ടു മുങ്ങുന്ന ഗ്രബ്ബണ്ണനെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഒരുവിധേന തലകുത്തി മറിഞ്ഞ് മുങ്ങിത്തപ്പി മുടിയ്ക്കു കുത്തിപ്പിടിച്ചെടുക്കുന്ന ഈ കലാപരിപാടി എന്റെ ഓര്‍മ്മയില്‍ ഏതാണ്ട് മൂന്നുനാലുതവണ ചെയ്തിട്ടുണ്ട്. പറഞ്ഞിട്ടെന്തുകാര്യം, വീണ്ടും ഒരൊന്നൊന്നര വര്‍ഷം കഴിയുമ്പോള്‍ അതു വീണ്ടും മറക്കും.

ആക്ച്വലി, സംഗതി വളരെ സിമ്പിളാ. ചില വിദ്വാന്മാര്‍ എന്താ ചെയ്ക എന്ന്വച്ചാല്‍ വീണ്ടും രണ്ടാമതു ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ വരെ അങ്ങട് ഇന്‍സ്റ്റാള്‍ ചെയ്തു കഴിയും, എന്തിനാന്നോ ഗ്രബ്ബിനെ തിരിച്ചു കൊണ്ടുവരാന്‍ മാത്രം. ഇന്റര്‍നെറ്റൊക്കെ ഇത്രേം ചീപ്പാകുന്നതിനും മുമ്പ് ഈയുള്ളവനു തന്നെ ഒരിക്കല്‍ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ദാ ഇന്നലെ ഒരു ചങ്ങായീന്റെ വീട്ടില്‍ ഓന്റെ വിന്‍ഡോസ് പുഴുവരിച്ച് ചക്രശ്വാസം വലിച്ചു കിടക്ക്വാന്ന് പറഞ്ഞപ്പോള്‍ ഒന്നു നോക്കാന്‍ പോയി. ശത്രുവാണെങ്കിലും രോഗശയ്യയിലാണെങ്കില്‍ പോയിക്കാണണം എന്നാണല്ലോ പറയാ, അതോണ്ടാ പോയേ. ചെന്നുനോക്ക്യപ്പോ സംഗതി സത്യാര്‍ന്നു. നെറച്ച് പുഴു. ച്ചാല്‍ വൈറസ്, ബാക്ടീരിയ മുതല്‍ കുതിര വരെ ഇങ്ങനെ പടക്കോപ്പണിഞ്ഞ് നിക്ക്വാ. ഈ ട്രോജന്‍ കുതിരകളേ… പിന്നെ അധികം പണിക്കൊന്നും നിക്കാണ്ട് ആ ചാകാറായ വിന്‍ഡോസിനെ ദയാവധം കല്‍പ്പിച്ചു ഫോര്‍മാറ്റി.

പിന്നെ അവന്റെ കൈവശമുണ്ടായിരുന്ന മീഡിയ ഇട്ട് വിന്‍ഡോസിനെ ഇന്‍സ്റ്റാളി. ശ്ശോ! ഒരു ജാതി മെനകെട്ട പെണ്ണുങ്ങളെ കെട്ടി വീട്ടില്‍ കൊണ്ടുവരണ പോലെയാണെ വിന്‍ഡോസിന്റെ കുരുത്തംകെട്ട ബൂട്ട് ലോഡര്‍. “ഇനി അമ്മായിയമ്മയ്ക്കും നാത്തൂന്മാര്‍ക്കും ഈ വഴി പ്രവേശനമില്ല” എന്ന് ഒരു ബോര്‍ഡാ കെട്ടിത്തൂക്കും ഇവറ്റകള്‍. നമ്മളപ്പോലത്തെ മെയില്‍ ഷോവനിസ്റ്റുകള്‍ അതൊക്കെ സമ്മയ്ച്ച് കൊടുക്കോ? പിന്നെന്താ ചെയ്യാ?

നമ്മള്‍ ശാസ്ത്രീയമായി മുന്നോട്ടു പോകും 🙂 ഹമ്പട!

അവള്‍ടെ ഒടുക്കത്ത അഹങ്കാരം തീര്‍ത്തുകൊടുക്കാന്‍ ആദ്യമായി നമ്മള്‍ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത വിന്‍ഡോസിനെ ഷട്ട് ഡൗണ്‍ ചെയ്ത് ഉറക്കി മലര്‍ത്തിക്കിടത്തും. എന്നിട്ട് ലൈവായിട്ടൊരു ചുള്ളന്‍ ഉബുണ്ടു ചെക്കനെ അങ്ങട് സീഡീ ട്രേയില്‍ ലോഡ് ചെയ്ത് സിസ്റ്റം ബൂട്ട് ചെയ്യും. അത് ഭയങ്കര ഈസ്യാ. എന്നിട്ട് അവള്‍ – ആ മൂധേവി – ആ ബോര്‍ഡ് എവിടെയാ കൊണ്ടുപോയി എഴുതിവച്ചിരിക്കുന്നതെന്ന് ശരിക്കും പരിശോധിക്കും. അതിന് ഹാര്‍ഡ് ഡ്രൈവ് പാര്‍ട്ടീഷനുകള്‍ ഓരോന്നായി മൗണ്ട് ചെയ്തു തന്നെ നോക്കണം. /boot/grub/grub.cfg എന്ന സ്ഥലത്താണ് കക്ഷി Master Boot Record എന്ന് പേരുള്ള ഈ എഴുത്ത് സാധാരണയായി എഴുതിവയ്ക്കാറ്. grub.cfg എവിടെയുണ്ടെന്നു കണ്ടുപിടിച്ചാല്‍ പിന്നെ സംഗതി വളരെ എളുപ്പമാണ്.

ദിങ്ങനെ ഒരു നീളന്‍ കമാന്‍ഡ് അങ്ങട് എഴുന്നുള്ളിക്കുക.

grub-install --boot-directory=/(mountpath)/grub /dev/sda

ഇതില്‍ (mountpath) എന്നെഴുതിയിടത്ത് എവിടെയാണോ ഡ്രൈവ് മൗണ്ട് ചെയ്തത് ആ പാത്ത് കൊടുത്താല്‍ സംഗതി ജോര്‍

എല്ലാം ഓക്കെ ആയാല്‍ ദിങ്ങനെ ഒരു മെസേജ് ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടും.

No errors reported.

ഇതോടെ ഉബുണ്ടു ചെക്കന്റെ മഹനീയമായ പണി നിര്‍ത്താം. ഇനി അവനെ റീബൂട്ട് ചെയ്ത് സീഡീ പുറത്തെടുത്ത് നോര്‍മ്മലായി ഒന്നു ബൂട്ട് ചെയ്തു നോക്കൂ. നാണിച്ചു നാണിച്ചിരിക്കുന്ന ഗ്നൂ/ലിനക്സ് നാത്തൂന്‍മാരെയും അമ്മായിയമ്മയേയും ഗ്രബ്ബണ്ണന്‍ അവിടെ നിരത്തിനിര്‍ത്തിയിരിക്കുന്ന ആ മനോഹര കാഴ്ച്ച ആസ്വദിച്ചു കാണാം. ഇനി ദാ മറ്റവളെ ഡെസ്ക്ടോപ്പിനു മുകളില്‍ കൊണ്ടു കിടത്തണമെങ്കില്‍ chainload ചെയ്യേണ്ടിവരും. അഹങ്കാരത്തിന്റെ ശിക്ഷ. ഡിങ്കാഡിങ്ക! ഡിങ്കടഡിങ്ക!

ഡെബിയനില്‍ കലാപം

സിസ്റ്റംഡി ഉയര്‍ത്തി വിട്ട തീപ്പൊരി ഡെബിയന്‍ സമൂഹത്തിലെ ഒരു പ്രധാനവിഭാഗം ഡവലപ്പര്‍മാര്‍ക്കിടയില്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചിരിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പു മാത്രം തുടങ്ങിയ ഈ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലാണ് എത്തി നില്‍ക്കുന്നത്. ഇത്രകാലവും ഡെബിയന്‍ പരിപാലിച്ചുപോന്ന ഇനിറ്റ് സിസ്റ്റം – സിസ്‍വിഇനിറ്റ് – ഡെബിയന്റെ അടുത്ത റിലീസായ ജെസിയില്‍ ഉണ്ടാവില്ല, പകരം ഓപ്പണ്‍ സോഴ്സ് സമൂഹത്തിന്റെ ഒന്നടങ്കം പഴി ഏറ്റുവാങ്ങിയ സിസ്റ്റംഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ആയിരിക്കും ജെസി മുതല്‍ ഡെബിയനില്‍ ഉണ്ടാവുക. “ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക” (Do one thing and do it well) എന്ന യൂണിക്സ് സിദ്ധാന്തത്തിന് നേരെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സിറ്റംഡിയ്ക്കു നേരെയുള്ള പ്രധാന ആരോപണം. ഡവലപ്പര്‍ സമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായത്തെയോ, ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളുടെ ഹിതമോ മാനിക്കാതെ ഡെബിയന്‍ ടെക്‍നിക്കല്‍ കമ്മറ്റി ഏകാധിപത്യപരമായി പെരുമാറുന്നു എന്നും ആരോപണമുണ്ട്. ഡിസ്ട്രോകൾക്കിടയിൽ വമ്പിച്ച സ്വീകാര്യത, പക്ഷേ വളരെ കുറഞ്ഞ ജനപ്രിയത – ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് സിസ്റ്റംഡി.

ചില മേന്മകള്‍

കമ്പ്യൂട്ടർ ബൂട്ട് ചെയ്യാൻ ആവശ്യമായ സമയം കുറക്കാൻ സാധിക്കും എന്നതാണ് സിസ്റ്റംഡിയുടെ മേന്മകളിലൊന്ന്. സിസ്റ്റംഡി ഉണ്ടെങ്കിൽ എളുപ്പം ബൂട്ട് ചെയ്യാൻ പറ്റും എന്നു കരുതി ആരും ദിവസം മുഴുവനും സിസ്റ്റം റീബൂട്ട് ചെയ്തുകൊണ്ടേയിരിക്കാറില്ലല്ലോ എന്നാണ് സിസ്റ്റംഡിയുടെ ഈ മേന്മയെപ്പറ്റി സ്ലാക്ക് വെയർ ഫൗണ്ടർ പാട്രിക് വോൾക്കെർഡിംഗ് പറയുന്നത്. ചിലര്‍ വാദിക്കുന്നത് ഉബുണ്ടുവിന്റെ അപ്പ്സ്റ്റാര്‍ട്ട് സിസ്റ്റംഡിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണെന്ന്, പക്ഷേ അപ്പ്സ്റ്റാര്‍ട്ടിന്റെ ലീഡ് ഡവലപ്പര്‍ തന്നെ പറയുന്നു സിസ്റ്റംഡി അപ്പ്സ്റ്റാര്‍ട്ടിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന്. മാത്രവുമല്ല 2015-ല്‍ ഇറങ്ങുന്ന ഉബുണ്ടുവിന്റെ അടുത്ത പതിപ്പു മുതല്‍ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ആയിരിക്കും ഉബുണ്ടുവിന്റെ ഡീഫോള്‍ട്ട് ഇനിറ്റ് സിസ്റ്റം എന്ന് കാനോനിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക

എതിര്‍പ്പിനു പിന്നിലെ രാഷ്ട്രീയം

ലിനസ് ടോര്‍വാള്‍ഡ്സ്, എറീക്ക് റെയ്മണ്ട് തുടങ്ങി അനേകം ഓപ്പണ്‍ സോഴ്സ് വക്താക്കള്‍ ഇതിനകം തന്നെ സിസ്റ്റംഡിയ്ക്കെതിരേ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ എനിക്കു മനസ്സിലാകാത്തത് ഇത്രമാത്രം വ്യാപകമായ എതിര്‍പ്പ് ഡവലപ്പര്‍മാരുടെ ഇടയില്‍ നിന്ന് ഏറ്റുവാങ്ങിയ ഒരു ഇനിറ്റ് സിസ്റ്റത്തെ ഡെബിയന്‍, ഫെഡൊറ, ആര്‍ച്ച്, റെഡ്‍ഹാറ്റ്, സ്യൂസേ തുടങ്ങിയ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒക്കെ സ്വാഗതം ചെയ്തതിന്റെ രാഷ്ട്രീയമാണ്; അല്ലെങ്കില്‍ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒന്നടങ്കം സ്വാഗതം ചെയ്ത ഒരു ആപ്ലിക്കേഷനെ ഒരു വിഭാഗം ഡവലപ്പര്‍മാര്‍ സംഘം ചേര്‍ന്ന് ഒതുക്കുവാന്‍ ശ്രമിക്കുന്നതിന്റെ കാരണം. പുറമേ നിന്നുള്ള ഏതെങ്കിലും സമ്മര്‍ദ്ദം ഈ ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ ഉണ്ടായിരുന്നോ? ആകെ ജെന്റൂ മാത്രമാണ് സിസ്റ്റംഡിയെ സ്വീകരിക്കാതിരുന്നത്. ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു കടുംകൈയ്ക്ക് ഡെബിയന്‍ മുതിര്‍ന്നതെന്ന വിശദീകരണം അത്ര സ്വീകാര്യമായി പലര്‍ക്കും തോന്നുന്നില്ല, കാരണം ഇപ്പോഴും ഡെബിയന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ടെക്ക്-സാവി ഗീക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡെസ്ക്ടോപ്പ് വേണ്ടവര്‍ക്കായി ഉബുണ്ടുബും മിന്റും പിന്നെ കുറേയേറെ ഡിസ്ട്രോകള്‍ വേറെയുമുണ്ടല്ലോ. ഫ്രീ സോഫ്റ്റ്‍വെയര്‍ മൂവ്മെന്റിനെതിരെയുള്ള വ്യക്തമായൊരു കരുനീക്കം ഡെബിയന്‍  പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കലാപകാരികള്‍ കുറ്റപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ഒരു നിലപാടുമാറ്റത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

എതിര്‍പ്പുകളുടെ കാരണങ്ങള്‍

സിസ്റ്റംഡിയുടെ പ്രമുഖ ഡവലപ്പര്‍ ആയ ലെന്നാര്‍ട്ട് പോട്ടെറിംഗിനോടും അദ്ദേഹത്തിന്റെ ഡവലപ്പിംഗ് ശൈലിയോടും മിക്കവാറും എല്ലാ ഓപ്പണ്‍ സോഴ്സ് ഡവലപ്പര്‍മാര്‍ക്കും ഉള്ള കടുത്ത അതൃപ്തി ഈ ഇന്റേണല്‍ പൊളിറ്റിക്സിന്റെ ഒരു കാരണമകാം. ഇപ്പോഴും യൂണിക്സ് ദര്‍ശനം അന്ധമായി പിന്തുടരുന്നതും അതിനനുസൃതമായ ശൈലി സ്വീകരിക്കുന്നതും കാലാനുസൃതമല്ല എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ അതൃപ്തിയുടെ കാരണം. സിസ്റ്റംഡിയുടെ ഒരു പ്രശ്നം പരിഹരിക്കാനായി 2014 ഏപ്രില്‍ മാസത്തില്‍, മറ്റൊരു സിസ്റ്റംഡി ഡവലപ്പര്‍ ആയ കേയ് സീവേഴ്സ്, ലിനക്സ് കേര്‍ണലിന്റെ കോഡില്‍ പരിഷ്കരണം നടത്താന്‍ ശ്രമിച്ചത് ലിനസ് ടോര്‍വാള്‍ഡ്സ് നേരിട്ട് തടഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. മറ്റുചില ഡവലപ്പര്‍മാര്‍ സിസ്റ്റംഡിയെത്തന്നെ ഫോര്‍ക്ക് ചെയ്ത് യൂസ്ലെസ്സ്ഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ഉണ്ടാക്കിക്കൊണ്ടാണ് സിസ്റ്റംഡിയ്ക്കെതിരേ പ്രതികരിച്ചത്.

ഡിസ്ട്രിബ്യൂഷനുകള്‍ക്കുള്ളില്‍ കലാപങ്ങള്‍

ഡെബിയൻ മാത്രമല്ല ഫെഡോറയും കലാപബാധിതമാണ്. ഏറ്റവും ആദ്യം സിസ്റ്റംഡിയെ ആഞ്ഞു പുൽകിയ ഡിസ്ട്രിബ്യൂഷൻ എന്ന ഖ്യാതി ഏതായാലും ഫെഡോറയ്ക്കു തന്നെ അവകാശപ്പെട്ടതാണ്. ഫോർക്ക്ഫെഡോറ എന്ന പ്രോജക്റ്റിലൂടെയാണ് ഫെഡോറ ഡവലപ്പർ സമൂഹം ഇതിനെതിരെ പ്രതികരിച്ചത്.  അവരുടെ വെബ് സൈറ്റിൽ ഈ രണ്ടു ഇനിറ്റ് സിസ്റ്റങ്ങളുടേയും ലോഗുകള്‍ തമ്മിലുള്ള വ്യത്യാസം കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. ആര്‍ച്ച് ഉപയോക്താക്കള്‍ക്കിടയിലും സിസ്റ്റംഡിയുടെ കടുത്ത വിമര്‍ശകരുണ്ട്. സിസ്റ്റംഡി കോഡുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത ആര്‍ച്ച്ബാങ്ങിന്റെ പതിപ്പും ലഭ്യമാണ്.

ഡെബിയൻ ഫോർക്ക്

പഴയ സിസ്‍വിഇനിറ്റ് ഡീഫോള്‍ട്ട് ആയി നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റംഡി പുതിയ റിലീസില്‍ ഉള്‍ക്കൊള്ളിക്കുക അല്ലെങ്കില്‍ സിസ്റ്റംഡി പൂര്‍ണ്ണമായും പിന്‍വലികുക – ഇതിലേതെങ്കിലും ഒന്നു ചെയ്തില്ലെങ്കില്‍ ഡെബിയന്‍ ഫോര്‍ക്ക് ചെയ്യാനാണ് ഒരു വിഭാഗം ഡവലപ്പര്‍മാരുടെ തീരുമാനം. ഒക്ടോബര്‍ 16-നു ഇയാന്‍ ജാക്ക്സണ്‍ അവതരിപ്പിച്ച ഭേദഗതിയിന്മേല്‍ (ഇനിറ്റ് സിസ്റ്റം കപ്ലിംഗ്) ഇനിയും വോട്ടിംഗ് നടന്നിട്ടില്ല. വോട്ടിംഗില്‍ ഇരുകൂട്ടര്‍ക്കും സമ്മതമായ ഫലം വന്നാല്‍ ഫോര്‍ക്ക് ഇല്ലാതെ ഡെബിയന്‍ ഒന്നായി മുന്നോട്ടു പോകും.

ചില അനുകൂല പ്രതികരണങ്ങള്‍

2014 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഉബുണ്ടുവിന്റെ 15.04 വെര്‍ഷന്‍ മുതല്‍ തങ്ങളുടെ സ്വന്തം ഇനിറ്റ് സിസ്റ്റം ആയ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ഉപയോഗിക്കാനാണ് തീരുമാനം. ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലും സിസ്റ്റംഡിയെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് കേട്ടത്. കിസ്സ് (KISS – Keep It Simple, Stupid) തത്വം അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ബൂട്ടിംഗിലും ഷട്ട്ഡൗണിലും പ്രകടമായ വേഗതയാണ് സിസ്റ്റംഡി പ്രകടമാക്കുന്നതെന്നാണ് ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലെ പൊതുവികാരം. വേഗതയില്‍ മാത്രം പ്രാധാന്യമൂന്നിയ ക്രഞ്ച്ബാംഗ് ഡിസ്ട്രിബ്യൂഷനിലെ അംഗങ്ങള്‍ക്ക് അങ്ങനെയേ പറയാനാകൂ.

ശ്രദ്ധേയമായ മറ്റ് ആരോപണങ്ങള്‍

ഡെബിയന്‍ പോലുള്ള ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ പോലുള്ള സീക്രട്ട് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസ്സാഞ്ജ് 2014 ഏപ്രിലില്‍  ജര്‍മ്മനിയില്‍ വച്ചു നടന്ന വേള്‍ഡ് ഹോസ്റ്റിംഗ് ഡേയ്സ് ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ പ്രസ്താവിച്ചിരുന്നു.  (തൊട്ടുപിന്നാലെ വിക്കിലീക്ക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വാര്‍ത്ത ഔദ്യോഗികമായിത്തന്നെ നിഷേധിച്ചത് ഡെബിയന്‍ ഉപയോക്താക്കളെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്) അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഹാര്‍ട്ട് ബ്ലീഡ് ബഗ്ഗ് മറകള്‍ നീക്കി പുറത്തുവന്നതും എസ്. എസ്. എച്ചിലെ ബഗ്ഗും മാത്രമല്ല സിസ്റ്റംഡി പോലുള്ള സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഡിസ്ട്രിബ്യൂഷനുകളില്‍ ഉള്‍പ്പെടുത്താന്‍ ഡിസ്ട്രോകള്‍ പ്രദര്‍ശിപ്പിച്ച അമിതോത്സാഹം കൂടിയാണ്. ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ റെഡ്‍ഹാറ്റിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിലും ലേഖകകന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  കേള്‍ക്കുമ്പോള്‍ ഒരു കോണ്‍സ്പിറസി തിയറിയുടെ ധ്വനി ഉയരുന്നുണ്ടോ എന്നൊരു സംശയം. പക്ഷേ സ്നോഡന്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയും ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല, ഉവ്വോ 😭 ആവോ? എന്തരോ എന്തോ 😈 😈 😈

അവലംബം

 1. http://debianfork.org/
 2. http://en.wikipedia.org/wiki/Systemd
 3. http://boycottsystemd.org/
 4. https://www.debian.org/vote/2014/vote_003#amendmentproposera
 5. http://freedesktop.org/wiki/Software/systemd/
 6. ലിനക്സ് കുറിപ്പുകൾ
 7. http://forkfedora.org/

സ്വകാര്യത പണയം വച്ച് ഇന്റർനെറ്റ്‌ ഉപയോഗിക്കേണ്ടതുണ്ടോ?

ചെറിയൊരു മിനിക്കഥ.

പകലും രാവും മുഴുവൻ നീണ്ട കഠിനമായ പണിയായിരുന്നു. അതിസാഹസികമായി സംഘടിപ്പിച്ച രഹസ്യരേഖകൾ അവലോകനം ചെയ്ത് നാൽപ്പതു പേജുള്ള നെടുങ്കൻ റിപ്പോർട്ട് ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോഴേയ്ക്കും നേരം പുലരാറായി. ന്യൂ ഓർലിയൻസിലെ സുഹൃത്തിന് അത് അതീവ രഹസ്യവിഭാഗത്തിൽപെടുന്ന ഇമെയിൽ സന്ദേശമായി, പഴുതുകൾ അടച്ച ക്രിപ്റ്റോഗ്രാഫിക് പൂട്ടിട്ട് പൂട്ടിക്കൊണ്ട് അയച്ചുകൊടുത്തു. ജോലി ഏൽപ്പിച്ച മാനസിക സമ്മർദ്ദം അകറ്റാൻ രണ്ടുമൂന്ന് കവിൾ തണുത്ത വോഡ്ക ഒറ്റ വീർപ്പിനു തന്നെ അകത്താക്കി. ഇനി തണുത്ത വെള്ളത്തിൽ ഒന്ന് കുളിക്കണം. തികഞ്ഞ ശ്രദ്ധയോടെ കമ്പ്യൂട്ടർ ഷട്ട് ഡൌണ്‍ ചെയ്തു എന്ന് വീണ്ടും ഉറപ്പുവരുത്തിക്കൊണ്ട് അവൾ സ്നാനമുറിയിൽ കയറി. സ്വന്തം വീടിന്റെ സ്വകാര്യതയിൽ, കിടപ്പുമുറിയോട് ചേർന്ന ആഡംബര സ്നാനമുറിയിൽ തണുത്ത ജലം പ്രവഹിക്കുന്ന ഷവറിനു കീഴിൽ പരിപൂർണ്ണ നഗ്നയായി ശാന്തയായി അവൾ കുളിക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു തോന്നൽ, ഒരു വെളിപാട് – താൻ നിൽക്കുന്നത് വലിയൊരു ആംഫിതിയ്യേറ്ററിന്റെ നടുത്തളത്തിലെ പോഡിയത്തിലാണോ എന്ന്. പോഡിയത്തിൽ സെറ്റ് ചെയ്ത സ്നാനമുറിയുടെ ചുവരുകൾ വെറും ലോലമായ സ്ഫടികപാളികൾ മാത്രം. ആണും പെണ്ണുമായി ചുറ്റിലും അനേകമനേകം വ്യക്തികൾ നാടകം കാണുന്നതു പോലെ തന്നെ നോക്കി, തന്റെ നഗ്നതയിൽ കണ്ണുനട്ട് അവിടിരിക്കുന്നു. ഒരു നിമിഷം. അവരെല്ലാം കണ്ടു കഴിഞ്ഞു. ആരും കാണുന്നില്ല എന്ന പൂർണ്ണവിശ്വാസത്തോടെ സ്നാനമുറിയിൽ ചെയ്ത ഓരോ അംഗചലനവും അവരുടെ ക്യാമറകളിൽ പതിഞ്ഞു കഴിഞ്ഞു.

ചെറിയൊരു ടവൽ കൊണ്ട് ദേഹം മറച്ച് അവൾ അവിടെ തളർന്നിരുന്നു.


ഓണ്‍ലൈന്‍ പ്രൈവസിയെപ്പറ്റി അല്‍പ്പമെങ്കിലും അവബോധമുള്ള ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ടിപ്പിക്കൽ വിഹ്വലസ്വപ്നമാണിത്. അവർക്കറിയാം സ്വകാര്യത എന്നത് ഒരു മരീചിക പോലാണെന്ന്. ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നതൊക്കെ ഉള്ളതല്ല എന്ന് അവർക്ക് നന്നായറിയാം.

ഓണ്‍ലൈൻ പ്രൈവസി എന്നത് വളരെ ഗഹനമായ ഒരു വിഷയമാണ്. ഇന്നത്തെ ലോകത്തിൽ ഒരൽപം ശ്രദ്ധ മാറിയാൽ നിങ്ങളുടെ പ്രൈവസി അപകടത്തിലാവും. നിങ്ങൾ ടാർഗറ്റ് ചെയ്യപ്പെട്ടേക്കും. ടെക്ക്നോളജിയിൽ താൽപ്പര്യമുള്ള ഗീക്കുകൾക്ക് ഇത് അറിയാവുന്ന കാര്യമാണ്, എങ്കിലും സാധാരണ ഇന്റർനെറ്റ്‌, മൊബൈൽ ഫോണ്‍ ഉപയോക്താക്കൾ കരുതുന്നത് തങ്ങൾ സുരക്ഷിതരാണ്‌ എന്നാണ്.

നമ്മുടെ കമ്പ്യൂട്ടർ നമുക്കെതിരേ ചാരപ്പണി ചെയ്യുന്നു. മറ്റാരും കാണില്ല എന്ന് കരുതി നാമയയ്ക്കുന്ന സന്ദേശങ്ങൾ നാമറിയാത്ത എത്രയോ മനുഷ്യരും യന്ത്രങ്ങളും വായിക്കുന്നു. അതൊക്കെ ആർക്കൊക്കെ പങ്കുവയ്ക്കപ്പെടുന്നു? നമുക്ക് സൗജന്യ ഇമെയിൽ സേവനങ്ങൾ തരുന്നവർ തന്നെ നമ്മുടെ സന്ദേശങ്ങൾ ചോർത്തി വായിക്കുന്നു. നാമയച്ച സന്ദേശങ്ങൾ നമുക്കൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയാത്ത വിധം അവരുടെ സർവ്വറുകളിൽ സൂക്ഷിക്കപ്പെടുന്നു.

കറൻസി സൂക്ഷിക്കുന്ന സേഫുകൾ ഇരട്ടപ്പൂട്ടിട്ടു പൂട്ടിയാലും നമുക്ക് സമാധാനമില്ല. വീടു പൂട്ടി ദൂരയാത്ര പോകുമ്പോൾ നാലു തവണയെങ്കിലും നോക്കും ശരിക്കും ലോക്ക് വീണിട്ടുണ്ടോ എന്ന്. പക്ഷേ ഒരു ഇലക്ട്രോണിക് ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ നമുക്കാർക്കും തന്നെ യാതൊരു സുരക്ഷിതത്വചിന്തയുമില്ല. സുഹൃത്തിന് ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഒരു സ്വകാര്യ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുമ്പോൾ ഒന്നും നാം മറ്റൊന്നും ആലോചിക്കാറില്ല. ക്രെഡിറ്റ്‌ കാർഡ്‌ / നെറ്റ് ബാങ്കിംഗ് പാസ്‌വേഡുകൾ  ഒക്കെ പലരും സൂക്ഷിക്കുന്നത് തങ്ങളുടെ ഇമെയിൽ ഇൻബോക്സിന്റെ അല്ലെങ്കിൽ ക്ളൌഡ് സ്പേസിന്റെ ഒക്കെ അകത്താണ്. ഇന്റർനെറ്റിൽ ഒരിടം എന്നത് തികച്ചും സുരക്ഷിതമായാണ് മിക്ക സാധാരണക്കാരും കരുതുന്നത്. മറ്റാരും ഒന്നും കാണുന്നില്ല എന്ന് അവർ ധരിച്ചു വശായിരിക്കുന്നു.

ഒരു സാധാരണ ഇന്റർനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ പിന്നിൽ നടക്കുന്ന ഇടപാടുകൾ വളരെ സങ്കീർണ്ണമാണ്. നിരവധി ഗേറ്റ് വേകൾ, നൂറുകണക്കിന് സർവ്വറുകൾ, ഒന്നിലേറെ ഐ.എസ്.പികൾ ഇവയൊക്കെ ഉൾപ്പെട്ടതാണ് ഒരൊറ്റ ഇന്റർനെറ്റ്‌ കമ്മ്യൂണിക്കേഷൻ. ഒരാൾ ഒരു വെബ്സൈറ്റ് നോക്കുമ്പോൾ അതിന്റെ പിന്നിൽ സർവറുകൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും അയാൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുമായും ഒക്കെ നിരവധി തവണ ബന്ധപ്പെടുന്നുണ്ട്. ഈ കമ്മ്യൂണിക്കേഷനുകൾക്ക് നടുവിൽ നിങ്ങളുടെ സന്ദേശം ഹൈജാക്ക് ചെയ്യാൻ ഒരു രഹസ്യാന്വേഷണ ഏജൻസിക്കോ അല്ലെങ്കിൽ ഒരു അറ്റാക്കർക്കോ നിഷ്‌പ്രയാസം സാധിക്കും.

നിങ്ങൾ എവിടെ നിന്ന് ഇന്റർനെറ്റിൽ പ്രവേശിച്ചു എന്നറിയാൻ ഒരു ബുദ്ധിമുട്ടുമില്ല – നിങ്ങളുടെ ഐ.എസ്.പി. നിങ്ങൾക്ക് ലീസ് നൽകിയ ഐ.പി. അഡ്രസ്‌ കണ്ടെത്തിയാൽ മാത്രം മതി, ഭൂമിശാസ്ത്രപരമായ നിങ്ങളുടെ സ്ഥലം കിറുകൃത്യമായി ഗണിച്ചെടുക്കാൻ സാധിക്കും. അത് കണ്ടെത്താൻ അധികം വൈദഗ്ധ്യം പോലും ആവശ്യമില്ല. ഒരു മുൻകരുതലുമെടുക്കാതെ അയയ്ക്കപ്പെട്ട സംശയാസ്പദമായ ഒരു സന്ദേശം ഒരു രഹസ്യാന്വേഷണ ഏജൻസിയ്ക്ക് ചോർന്നു കിട്ടിയാൽ നിമിഷങ്ങൾ അധികമൊന്നും വേണ്ട അതിന്റെ ഉറവിടം കണ്ടെത്താൻ. ഇക്കാര്യങ്ങളെപ്പറ്റിയൊന്നും കാര്യമായ അവബോധമില്ലാതെ അതീവ രഹസ്യ സ്വഭാവമുള്ള ഒരു സന്ദേശം ഒരാൾ ഇന്റർനെറ്റ്‌ മുഖേന കൈമാറാൻ ശ്രമിച്ചാൽ നിമിഷങ്ങൾക്കകം അയാൾ ടാർഗറ്റ് ചെയ്യപ്പെടും എന്നതാണ് ഇന്നത്തെ സ്ഥിതി.

ഏതാണ്ട് ഒരു വർഷം മുമ്പ്, 2013 ജൂണ്‍ രണ്ടാം വാരത്തോടെ ലോകം ഞെട്ടലോടെ ശ്രവിച്ച സ്നോഡൻ വെളിപ്പെടുത്തലുകൾ ഒന്ന് മനസ്സിരുത്തി വായിച്ചാൽ മാത്രം മതി എത്രമാത്രം അപകടകരമാണ് നമ്മുടെ സൈബർ ജീവിതം എന്ന് വ്യക്തമായി തിരിച്ചറിയാൻ. അമേരിക്കയുടെ നേതൃത്വത്തിൽ പടുത്തുയർത്തിയ ഗ്ളോബൽ സർവെയ്ലൻസ് പ്രോഗ്രാം എന്ന സ്പൈ പ്രോഗ്രാം വഴി ഒരു ഡസനിലേറെ രാജ്യങ്ങളിലെ ശതകോടിക്കണക്കിന് പൌരന്മാരുടെ സ്വകാര്യ വിവരങ്ങളാണ് അവർ സ്വന്തമാക്കിയത്. ഇന്റർനെറ്റിലൂടെയും ഫോണിലൂടെയും ഈ പൌരന്മാർ നടത്തിയ ആശയവിനിമയങ്ങളിൽ നിന്നാണ് അവർ ഈ വിവരങ്ങൾ ചോർത്തിയെടുത്തത്.

ലോകമെമ്പാടും അനേകം സ്പൈ പ്രോഗ്രാമുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സ്നോഡന്റെ വെളിപ്പെടുത്തലുകളിൽ നിന്ന് തെളിയുന്നത് പ്രധാനമായും മൂന്ന് സ്പൈ പ്രോഗ്രാമുകളുടെ സാന്നിധ്യമാണ്.

 1. എക്സ്കീസ്കോർ – ഇന്റർനാഷണൽ സർവെയ്ലൻസ് ടൂൾ. പ്രധാനമായും ഇമെയിൽ, ഫോണ്‍ സന്ദേശങ്ങൾ, വെബ്‌ ചാറ്റുകൾ തുടങ്ങിയവയിൽ നിന്നുള്ള മെറ്റാഡാറ്റ വിവരണങ്ങൾ ചോർത്തുന്നു.
 2. ടെമ്പോറ – ബ്രിട്ടന്റെ സർവെയ്ലൻസ് ടൂൾ. ഇന്റെർനെറ്റിന്റെ ബാക്ക്ബോണ്‍ ആയ ഫൈബർ ഒപ്റ്റിക് കേബിളിൽ നിന്ന് വിവരങ്ങൾ നേരിട്ട് ചോർത്തുന്നു.
 3. പ്രിസം – എൻ.എസ്.എയുടെ സർവെയ്ലൻസ് ടൂൾ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, എഓഎൽ, ഫേസ്ബുക്ക്‌, ആപ്പിൾ, ട്വിറ്റെർ തുടങ്ങിയ യു.എസ്. സേവനദാതാക്കളുടെ സെർവറിൽ നിന്ന് നേരിട്ട് ഡാറ്റ ചോർത്തുന്നു.

ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെയും നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെയും മുൻഉദ്യോഗസ്ഥനായിരുന്ന സ്നോഡൻ എങ്ങനെ ഈ വിവരങ്ങൾ ഇത്രയും സുരക്ഷിതമായി ബ്രിട്ടനിലെയും യു.എസ്സിലെയും പത്രപ്രവർത്തകർക്ക് കൈമാറി? സ്നോഡൻ പത്രപ്രവർത്തകരുമായി ഇമെയിൽ സന്ദേശങ്ങൾ കൈമാറിയിരുന്നോ? എങ്കിൽ എങ്ങനെ ആ സന്ദേശങ്ങൾ മേൽപ്പറഞ്ഞ ചാര സോഫ്റ്റ്‌വെയറുകൾ മണത്തറിഞ്ഞില്ല?

ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം

പത്രപ്രവർത്തകരായ ലോറ പൊയട്രാസ്, ഗ്ളെൻ ഗ്രീൻവാൾദ് എന്നിവരുമായി ജീപീജി പൂട്ടിട്ട ഇമെയിൽ വഴിയാണ് എഡ്വേർഡ് സ്നോഡൻ ആദ്യമായി ബന്ധപ്പെട്ടത്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ വെളിപ്പെടുത്തൽ അങ്ങനെ ലോകം കണ്ട ഏറ്റവും വലിയ പത്രവാർത്തകളിൽ ഒന്നായി മാറി. ഇതോടൊപ്പം മറ്റൊരു ടൂൾ കൂടി ലോകശ്രദ്ധ ആകർഷിച്ചു – അതിന്റെ പേരാണ് ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം. നേരത്തെ പറഞ്ഞ ചാരസോഫ്റ്റ്‌വെയറുകളുടെയൊന്നും കണ്ണിൽ പെടാതെ എഡ്വേർഡ് സ്നോഡനുമായി ആശയവിനിമയം നടത്താൻ ഈ പത്രപ്രവർത്തകരെ സഹായിച്ചത് ടെയിൽസ് എന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. സ്നോഡൻ തന്നെയാണ് അവരോട് ടെയിൽസ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതും. ഓണ്‍ലൈൻ പ്രൈവസിയുടെ കാര്യത്തിൽ ഏതെങ്കിലും സോഫ്റ്റ്‌വെയറോ  അല്ലെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റമോ വിശ്വസനീയമായിട്ടുണ്ടെങ്കിൽ അത് ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമായിരിക്കും. എങ്കിലും ഇത് അവസാനവാക്കല്ല എന്ന് ഒരു ഡിസ്ക്ളൈമർ കൂടി ഉൾപ്പെടുത്താൻ അവർ മറന്നിട്ടില്ല.

ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്പ്ളാഷ് സ്ക്രീൻ

ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം സ്പ്ളാഷ് സ്ക്രീൻ

ഒരു പക്ഷെ എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ ആധാരമാക്കി പ്രശസ്ത ഡയറക്ടർ ഒലിവർ സ്റ്റോണ്‍ സംവിധാനം ചെയ്യുന്ന The Snowden Files: The Inside Story of the World’s Most Want Man എന്ന ചിത്രത്തിൽ ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ പത്രപ്രവർത്തകർ  സ്നോഡനുമായി ആശയവിനിമയം നടത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തുമായിരിക്കും! 2014 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങുന്ന “Classified: The Edward Snowden Story” എന്ന ഫീച്ചർ ഫിലിമിലും ടെയിൽസിനെ പറ്റിയുള്ള പരാമർശങ്ങൾ കണ്ടേക്കാം.

ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു ഓൾ-ഇൻ-വണ്‍ സെക്യോർ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ്. ടോർ വെബ്‌ ബ്രൌസർ, ജീപീജീ ഇമെയിൽ, ഒടീആർ ചാറ്റ്, എൻക്രിപ്റ്റഡ് സ്റ്റോറേജ് അങ്ങനെ ഓണ്‍ലൈൻ പ്രൈവസിയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ പ്രോഗ്രാമുകളും ഉൾക്കൊള്ളിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ടെയിൽസ്. ഏതൊരു സാധാരണക്കാരനും നിഷ്‌പ്രയാസം ഉപയോഗിക്കാൻ കഴിയുന്ന ഇന്റർഫേസ്. പ്രത്യേകിച്ച് ഒരു തരത്തിലുള്ള കോണ്‍ഫിഗറേഷനും ഉപയോക്താവ് ചെയ്യേണ്ടതില്ല. നിയമപരമായി നിങ്ങൾക്ക് അവകാശപ്പെടാവുന്ന അനോണിമിറ്റി (legal anonymity) ടെയിൽസ് നിങ്ങൾക്ക് ആവും വിധം നൽകുന്നു. ടെയിൽസിന്റെ ഏറ്റവും മികച്ച പ്രത്യേകതകളിൽ ഒന്ന് അത് ഉപയോക്താവിന്റെ ഹാർഡ് ഡിസ്കിനെ സ്പർശിക്കുന്നില്ല എന്നതാണ്. ഒരു യു.എസ്.ബി. സ്റ്റിക്കിലൊ ഒരു ഡീവിഡി യിലോ ടെയിൽസ് സൂക്ഷിക്കാം, അതിൽ നിന്നു തന്നെ ലോഡ് ചെയ്യാം. സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു കഴിയുമ്പോൾ യാതൊരുവിധ ലോഗുകളും അതിൽ ഉണ്ടാവുകയുമില്ല. ഏറ്റവും മികച്ച ഐടി ഫോറൻസിക് വിദഗ്ദ്ധനു പോലും ഒരുവിധ ട്രെയ്സുകളും അതിൽ നിന്ന് ലഭിക്കില്ല.

“ഗൂഗിൾ, ഫേസ്ബുക്ക്‌, യാഹൂ തുടങ്ങിയ ഇന്നത്തെ ഇന്റർനെറ്റ്‌ ഭീമൻമാരും രഹസ്യാന്വേഷണ ഏജൻസികളും ഒക്കെ നമ്മുടെ ഓണ്‍ലൈൻ ജീവിതം ആര്‍ക്കും കാണാന്‍ കഴിയും വിധം
സുതാര്യമാകണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്തിനാണെന്നോ? അവരുടെയൊക്കെ സ്വന്തം കാര്യങ്ങൾ കൂടുതല്‍ എളുപ്പമാകാൻ വേണ്ടി മാത്രം.”
– ടെയിൽസ് ഡെവലപ്പ്മെന്റ് ടീം.

കഴിഞ്ഞ നാലഞ്ചു കൊല്ലം മുമ്പ് തുടങ്ങിയതാണ്‌ ടെയിൽസ് പ്രൊജക്റ്റ്‌. ആരംഭത്തിൽ അമ്നീഷ്യ എന്നായിരുന്നു പ്രൊജക്റ്റിനു നൽകിയ പേര്. നേരത്തേ ഉണ്ടായിരുന്ന ഇൻകോഗ്നിറ്റോ എന്ന മറ്റൊരു പ്രോജക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്നീഷ്യ ഡെവലപ്പ് ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ അമ്നീഷ്യയും ഇൻകോഗ്നിറ്റോയും മെർജ് ചെയ്യപ്പെട്ടു. അങ്ങനെ The Amnesic Incognito Live System എന്ന് സിസ്റ്റം നാമകരണം ചെയ്തു, ഇതിന്റെ ചുരുക്കരൂപമാണ് ടെയിൽസ്. ഇപ്പോൾ ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മാത്രമേ ടെയിൽസ് ഉപയോഗിക്കാൻ കഴിയൂ, വൈകാതെ മൊബൈലിൽ ഉപയോഗിക്കാൻ കഴിയുന്ന വെർഷൻ കൂടി ഇപ്പോൾ ഡെവലപ്പ് ചെയ്യുന്നുണ്ട്.

ടെയിൽസിലെ ഡീഫോൾട്ട് ഇന്റർനെറ്റ്‌ ബ്രൌസർ “ടോർ ബ്രൌസർ” ആണ്. ടോർ ബ്രൌസറിലൂടെ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഐപി അഡ്രസ്‌ ഒരു സ്പൈയിംഗ് ഏജൻസിയ്ക്ക് നേരിട്ട് ലഭിക്കില്ല. കൃത്യമായ ഇടവേളകളിൽ ഐപി അഡ്രസ്‌ മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് സ്വയം കാണാൻ കഴിയും. ടെയില്‍സിലെ ടോർബ്രൌസർ വാസ്തവത്തിൽ മോസില്ല ഫയർഫോക്സിന്റെ ഫോർക്ക് ആയ ഐസ് വീസലില്‍ ടോര്‍ നെറ്റ്വര്‍ക്ക് സംയോജിപ്പിച്ച പതിപ്പാണ്. ഗ്നുപീജീ സപ്പോർട്ട് ഉള്ള ക്ളോവ്സ്‌ മെയിൽ ആണ് ഡീഫോൾട്ട് ഇമെയിൽ ക്ളയന്റ്. രേഖകൾ എഡിറ്റ്‌ ചെയ്യാൻ ഓപ്പണ്‍ ഓഫീസ്, സ്ക്രൈബസ് എന്നീ എഡിറ്ററുകൾ ഉണ്ട്. ഇമേജുകൾ എഡിറ്റ്‌ ചെയ്യാൻ ഗിമ്പും, വെക്ടർ ഗ്രാഫിക്സിന് ഇങ്ക്സ്കേപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്ളെയിൻ ടെക്സ്റ്റ്‌ എൻക്രിപ്റ്റ് ചെയ്യാൻ ഓപ്പണ്‍ പീജീപി ആപ്പ്ലെറ്റ് ടെയിൽസിൽ ലഭ്യമാണ്.

ഏതെങ്കിലും പൊതുസ്ഥലങ്ങളിൽ ഇരുന്നു കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാതെ ടെയിൽസ് ഉപയോഗിക്കണമെങ്കിൽ അതിനും മാർഗ്ഗമുണ്ട്. ടെയിൽസിലെ രസകരമായ ഒരു വേലത്തരമാണത് – വിൻഡോസ് കാമോഫ്ളാഷ് എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ പുറത്തു നിന്നൊരാൾ നോക്കിയാൽ നിങ്ങൾ ഉപയോഗിക്കുന്നത് ഒരു വിൻഡോസ്‌ എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റം ആയേ തോന്നൂ.

ടെയിൽസിൽ ഓപ്പണ്‍ ഓഫീസ് സ്യൂട്ടും ഗിമ്പും ഇങ്ക്സ്കേപ്പും ഒക്കെ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് നമ്മുടെ സ്ഥിര ഉപയോഗത്തിന് അനുയോജ്യമാണ് എന്ന് പറയാനാവില്ല. ടോർ നെറ്റ്‌വർക്കിലൂടെ ബ്രൌസ് ചെയ്യുന്നത് വളരെ അധികം സമയമെടുക്കുന്ന പരിപാടിയാണ്. ഒരാളുടെ തികച്ചും സാധാരണ ഉപയോഗങ്ങൾക്ക് ഡെബിയൻ, ഉബുണ്ടു പോലുള്ള സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. പക്ഷേ എപ്പോഴും ടെയിൽസ് കൈവശം കരുതുക, എപ്പോഴാണ് അനോണിമസ് ആയി നിങ്ങൾക്ക് ഇന്റർനെറ്റ്‌ ഉപയോഗിക്കേണ്ട ആവശ്യം വരുന്നതെന്ന് പറയാൻ കഴിയില്ലല്ലോ.

ക്രിപ്റ്റോപാർട്ടി

ഓണ്‍ലൈൻ പ്രൈവസിയെ പറ്റി തികച്ചും അജ്ഞരായ സാധാരണ ജനങ്ങൾക്ക്‌ അവബോധം നൽകുവാൻ വേണ്ടി ആഗോള തലത്തിൽ നടക്കുന്ന കാമ്പയിൻ ആണ് ക്രിപ്റ്റോപാർട്ടി. പാസ്വേഡുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ എന്ന ലളിതമായ വിഷയങ്ങൾ മുതൽ ടോർ നെറ്റ്‌വർക്ക്സ്, പീജീപി, ജീപീജി തുടങ്ങിയ എൻക്രിപ്ഷനുകൾ, ഓ.ടി.ആർ (Off The Record) ചാറ്റ് സർവ്വീസുകൾ തുടങ്ങിയ സെക്യൂരിറ്റി വിഷയങ്ങൾ വരെ ക്രിപ്റ്റോപാർട്ടികളിൽ സെഷനുകൾ എടുക്കുന്നു. ഒരിക്കൽ പോലും എൻക്രിപ്ഷൻ ടൂളുകൾ ഉപയോഗിക്കാത്ത സാധാരണക്കാർക്കാണ് ക്രിപ്റ്റോപാർട്ടികളിൽ പ്രഥമപരിഗണന നൽകപ്പെടുന്നത്.

വാൽക്കഷണം

എഡ്വേർഡ് സ്നോഡൻ ഉപയോഗിച്ചിരുന്ന ഇമെയിൽ സർവീസ് ലാവബിറ്റ്.കോം ആയിരുന്നു. cincinnatus@lavabit.com എന്നായിരുന്നു അദ്ദേഹത്തിന്റെ ഇമെയിൽ വിലാസം. ഇന്ന് ലാവബിറ്റിന്റെ ഹോം പേജിൽ നമുക്ക് കാണാൻ കഴിയുന്നത്‌ ഒന്ന് രണ്ടു പോസ്റ്റുകൾ മാത്രം. സ്നോഡൻ വെളിപ്പെടുത്തലുകൾ പുറത്തു വന്ന ശേഷം ഏതാണ്ട് രണ്ടു മാസങ്ങൾക്കു ശേഷം ലാവബിറ്റ് യു.എസ്. ഫെഡറൽ ഗവണ്മെന്റ് കരിനിയമങ്ങൾ ചുമത്തി തകർത്തു തരിപ്പണമാക്കി. ലാവബിറ്റ്  ഇന്ന് സുരക്ഷിത ഇമെയിൽ സർവീസ് നൽകുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസമാണ് ലോകത്തിലെ മികച്ച ഓപ്പണ്‍ സോഴ്സ് എൻക്രിപ്ഷൻ ടൂൾ എന്ന് കേൾവി കേട്ട ട്രൂക്രിപ്റ്റ് സ്വയം വൾനറബിലിറ്റി ആരോപിച്ച് സർവീസ് അവസാനിപ്പിച്ചത്. നാളെ ഒരു ദിവസം ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ഈ ഗതി വരുമോ?

അവലംബം

 1. https://tails.boum.org/index.en.html
 2. http://www.wired.com/2014/04/tails/
 3. https://pressfreedomfoundation.org/blog/2014/04/help-support-little-known-privacy-tool-has-been-critical-journalists-reporting-nsa
 4. https://www.newschallenge.org/challenge/2014/submissions/improve-tails-to-limit-the-impact-of-security-flaws-isolate-critical-applications-and-provide-same-day-security-updates
 5. http://en.wikipedia.org/wiki/Laura_Poitras
 6. http://www.forbes.com/sites/runasandvik/2014/05/27/that-one-time-i-threw-a-cryptoparty-with-edward-snowden