ഡിസ്ക് പാര്ടീഷനിംഗ് എന്നത് ഒരു കലയാണ്. ഓരോ പാര്‍ടീഷനുകളും എന്തൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് വ്യക്തമായ ധാരണ ഉള്ളവര്‍ക്കെ കൃത്യമായും ശാസ്ത്രീയമായും പാര്ടീഷന് ചെയ്യാന്‍ കഴിയുകയുള്ളൂ. ആ കഴിവ് നിങ്ങള്‍ക്കും ആര്‍ജ്ജിക്കാം. Home എന്തിനുള്ളതാണ്? swap ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയാണ്? root നു എത്ര വലുപ്പം വേണം? തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഒരു ഗ്നു/ലിനക്സ് സിസ്റ്റം കൃത്യമായി / ഫലപ്രദമായി ഭാഗം തിരിക്കാന്‍ കഴിയൂ.
നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ 500 GB സ്പേസ് ഉണ്ടെന്നു കരുതുക. RAM 3 ജീബിയും. ഡെബിയന്‍ / ഉബുണ്ടു / മിന്റ് / ക്രഞ്ച് ബാംഗ് തുടങ്ങിയ ഡിസ്ട്രിബ്യൂഷനുകള്‍ ആണ് നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ഈ നാല് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മിന്റ് ആണ് നിങ്ങളുടെ ഡീഫോള്‍ട്ട് ഓ.എസ്. ഇതിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ പാര്ടീഷന് ചെയ്യണം / ഏതു ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം? ഏതൊക്കെ പാര്ടീഷനുകള് കോമണ്‍ ആക്കണം?
TIP : പാര്ടീഷന് ചെയ്യാന്‍ ഏറ്റവും ഉത്തമം ഒരല്പം പഴയ ഡെബിയന്‍ ബൂട്ട് സീഡി തന്നെയാണ്. Lenny അല്ലെങ്കില്‍ Sarge
SWAP
ഇത് എല്ലാ ഡിസ്ട്രിബ്യൂഷനുകള്‍ക്കും കോമണ്‍ ആയി ഉപയോഗിക്കാം. സാധാരണ ഗതിയില്‍ എത്ര ജീബി റാം ഉണ്ടോ അതിന്റെ ഇരട്ടി ജീബി ആണ് സ്വാപ്പിനു നല്‍കുക. നിങ്ങള്‍ക്ക് മൂന്നു ജീബി റാം ഉള്ളതിനാല്‍ സ്വാപ് ആറു ജീബി നല്‍കുക.
കുറിപ്പ് : വിര്‍ച്ച്വല്‍ മെമ്മറി പിന്തുണയ്ക്കുന്നതിനായിട്ടാണ് swap പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ RAM-ല്‍ ഡേറ്റാ സൂക്ഷിക്കുവാന്‍ ആവശ്യമുളള സ്ഥലം ലഭ്യമല്ലെങ്കില്‍ ഡേറ്റാ swap പാര്‍ട്ടീഷനിലേക്കു് എഴുതപ്പെടുന്നു. പക്ഷെ 32 ബിറ്റ് ഓ.എസ്. ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിനു അഡ്രസ് ചെയ്യാന്‍ കഴിയുന്ന RAM-നും വിര്‍ച്വല്‍ മെമ്മറിയ്ക്കും പരിമിതിയുണ്ട്. 32 ബിറ്റ് ഓ.എസുകള്‍ക്ക് പരമാവധി 3 ജീബി RAM വരെ മാത്രമേ ഉപയോഗിക്കാനാവൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ swap പാര്‍ട്ടീഷനുകള്‍ക്ക് പ്രസക്തിയില്ല. എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ RAM=SWAP എന്ന കണക്കില്‍ RAM-നു തുല്യമായ അളവില്‍ SWAP സ്പേസ് നല്കുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. മറിച്ച് 64 ബിറ്റ് ഓ.എസ്. ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ swap പാര്‍ട്ടീഷനുകള്‍ പ്രസക്തമാണ്.
HOME
ഇത് ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് എല്ലാ ഡിസ്ട്രിബ്യൂഷനുകള്‍ക്കും കോമണ്‍ ആയോ അല്ലാതെയോ ഉപയോഗിക്കാം. കോമണ്‍ ആയി ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ഓരോ ഡിസ്ട്രിബ്യൂഷനിലും ഒരേ യൂസര്‍ നെയിം വരാന്‍ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഡെബിയനില്‍ tom എന്ന യൂസര്‍ ഉണ്ടെങ്കില്‍ tom എന്ന അതേ പേരില്‍ മിന്റില്‍ ഒരു യൂസറെ സൃഷ്ടിക്കരുത് എന്നതാണ്. അങ്ങനെ ചെയ്താല്‍ home ഡയറക്ടറിയില്‍ ആദ്യം സൃഷ്ടിക്കപ്പെട്ട യൂസറിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടു പോകും എന്നതാണ്. ചുരുക്കത്തില്‍ ഡാറ്റ ലോസ് സംഭവിക്കും എന്ന് സാരം. ഹോമിനു നമുക്ക് ഒരു 300 ജീബി വീതിച്ചു നല്‍കാം. കോമണ്‍ ആയി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ മറ്റൊന്നും ചെയ്യേണ്ടതില്ല. ഈ ഒരൊറ്റ extended partition അങ്ങനെ തന്നെ ഓരോ ഡിസ്ട്രോകള്ക്കും നമുക്ക് ഉപയോഗിക്കാം. അതല്ല ഓരോ ഡിസ്ട്രോകള്ക്കും സ്വതന്ത്രമായ ഹോം തന്നെ വേണം എന്നുള്ളവര്‍ ഈ പാര്ടീഷന് നാല് ലോജിക്കല്‍ പാര്ടീഷനുകള് ആയി പിന്നെയും വിഭജിക്കണം. ഈ ഓരോ പാര്‍ടീഷനുകളുടെയും പേരുകള്‍ വ്യക്തമായി മനസ്സിലാകത്തക്കവണ്ണം ഒരു കടലാസ്സില്‍ നിര്‍ബന്ധമായും കുറിച്ച് വയ്ക്കുകയും ചെയ്യണം. പിന്നീട് ഇന്സ്റ്റലേഷന് സമയത്ത് ഈ കുറിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി വേണം ഓരോ ലോജിക്കല്‍ പാര്ടീഷനുകളിലേക്കും ഹോം കാണിച്ചു കൊടുക്കാന്‍
ROOT
ബാക്കിയുള്ള സ്പേസ് നമുക്ക് റൂട്ടിന് നല്‍കാം. ഇനി ബാക്കിയുള്ളത് ഏതാണ്ട് 190 ചില്ലറ ജീബി സ്പേസ് ആണ്. ഇതിനെ 40 വീതം ജീബി ഉള്ള ലോജിക്കല്‍ പാര്ടീഷനുകളായി പിന്നെയും വിഭജിക്കുക. ഈ ഓരോ പാര്‍ടീഷനുകളുടെയും പേരുകളും വ്യക്തമായി മനസ്സിലാകത്തക്കവണ്ണം ഒരു കടലാസ്സില്‍ നിര്‍ബന്ധമായും കുറിച്ച് വയ്ക്കുകയും ചെയ്യണം. പിന്നീട് ഇന്സ്റ്റലേഷന് സമയത്ത് ഈ കുറിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി വേണം ഓരോ ലോജിക്കല്‍ പാര്ടീഷനുകളിലേക്കും റൂട്ട് കാണിച്ചു കൊടുക്കാന്‍. ശരിക്കും റൂട്ടിന് ഒരു 20-30 ജീബി സ്പേസ് ധാരാളം മതി. എന്നിരിക്കിലും മറ്റു മൂന്ന് ഡിസ്ട്രിബ്യൂഷനുകള്‍ക്കും 40 വച്ചും മിന്റിനു ശേഷിക്കുന്ന സ്പേസും നല്‍കുക.
പാര്‍ട്ടീഷനിംഗ് കഴിഞ്ഞാലുടന്‍ താഴെ പറയുന്ന കമാന്‍ഡ് നല്കി എല്ലാ പാര്‍ടീഷനുകളുടെയും ലിസ്റ്റ് എടുക്കുക.
cfdisk -Ps /dev/hda > destinationFileName
ഈ കമാന്‍ഡ് എക്സിക്യൂട്ട് ചെയ്തു കഴിയുമ്പോള്‍ പാര്ട്ടീഷന് ടേബിള്‍ നിങ്ങള്‍ക്കു ലിസ്റ്റ് ആയി ഒരു ഫയലില്‍ ലഭിക്കുന്നു. ഈ ഫയല്‍ / ലിസ്റ്റ് നിങ്ങള്‍ക്കു വ്യക്തമായി മനസ്സിലാവും വിധം എഡിറ്റ് ചെയ്തോ എഴുതിയോ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ ഡോക്യുമെന്റ് ഒരിക്കലും നഷ്ടപ്പെടുത്തുകയും അരുത്.
എന്താണ് ഇത്തരത്തില്‍ പാര്ട്ടീഷന് ചെയ്തത് കൊണ്ടുള്ള ഗുണം?
ഒരു ഡിസ്ട്രിബ്യൂഷന്റെ പുതിയ പതിപ്പുകള്‍ വരുമ്പോള്‍ ഡിസ്ക് / പാര്ട്ടീഷന് ഫോര്‍മാറ്റ് ചെയ്തു വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി ഒഴിവാക്കാം. ഡേറ്റ ലോസ് പൂര്‍ണ്ണമായും ഇല്ലാതാക്കാം. പക്ഷെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം എന്ന് മാത്രം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടുപോകും.
ബാദ്ധ്യതാ നിരാകരണം
ഇവിടെ പ്രസ്താവിച്ച കാര്യങ്ങള്‍ ഞാന്‍ സ്വയം പരീക്ഷിച്ചതും ഈ രംഗത്തെ വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ചും രേഖപ്പെടുത്തിയിരിക്കുന്നതാണ്. എന്നിരിക്കിലും ഇത് സ്വയം പരീക്ഷിക്കുന്നത് ഒരാള്‍ അയാളുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണം. മറിച്ചുള്ള പരീക്ഷണങ്ങളുടെ അനന്തരഫലങ്ങള്‍ക്കു ലേഖകന്‍ യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.