ഇങ്ക്സ്കേപ്. സ്വതന്ത്രമായി വരയ്ക്കൂ

ഇങ്ക്സ്കേപ്പ് പഠിക്കുവാൻ താല്പ്പര്യമുള്ള തുടക്കക്കാർക്ക് മുന്നിൽ പ്രാഥമികമായി അവതരിപ്പിക്കാൻ വേണ്ടി കുറച്ചു നാൾ മുമ്പ് ഞാൻ തയ്യാറാക്കിയ സ്ലൈഡ്ഷോ ഫയൽ ആണ് ഇത്. കുറച്ചു കാലം എന്റെ ഡാഷ്ബോർഡിൽ ഡ്രാഫ്റ്റ് ആയി ഈ ഫയലുകൾ കിടന്നു. ദാ ഇന്ന് ഈ ലിങ്കിൽ കാണുന്ന പോസ്റ്റ്‌ ആണ് പെട്ടെന്ന് തന്നെ ഡ്രാഫ്റ്റിനെ പോസ്റ്റ്‌ ആക്കാൻ പ്രചോദനം തന്നത്. ഇനിയും കുറെ കാര്യങ്ങൾ ഇതിൽ ചേർക്കാനുണ്ട്. ആർക്കെങ്കിലും ഇതിന്റെ എസ് വീ ജി ഫയൽ വേണമെങ്കിൽ ദയവായി ആവശ്യപ്പെടുക. ആവശ്യാനുസൃതം അയച്ചു തരുന്നതായിരിക്കും.

This slideshow requires JavaScript.

ഫ്ലിക്കർ കളക്ഷൻ ഇവിടെ കാണുക

കോപ്പിറൈറ്റ്. കോപ്പിലെഫ്റ്റ്. കോപ്പിഹാർട്ട്‌.

പകർപ്പവകാശം, പകർപ്പുപേക്ഷ, കോപ്പിറൈറ്റ്, കോപ്പിലെഫ്റ്റ്. കോപ്പിഹാർട്ട്‌ എന്നിങ്ങനെ പല വ്യത്യസ്ത വാക്കുകൾ ചില ഔദ്യാഗിക വെബ്‌സൈറ്റുകളിലും കുറിപ്പുകളിലും ഈയടുത്ത കാലങ്ങളിൽ കൂടുതലായി കാണുന്നു. പകർപ്പവകാശം നിരാകരിച്ചു കൊണ്ട് മനോഹരമായി അതിനെ കളിയാക്കിക്കൊണ്ടുള്ള പദപ്രയോഗങ്ങൾ പലതും വളരെ പെട്ടെന്ന് പ്രചാരം നേടി പലയിടത്തും സ്വീകരിക്കപ്പെടുന്നു. പക്ഷെ യഥാർത്ഥ പകർപ്പുപേക്ഷ എന്നാൽ ചുമ്മാ പകർപ്പവകാശം നിരാകരിക്കൽ മാത്രമല്ല എന്ന തിരിച്ചറിവുള്ളവർ വാസ്തവത്തിൽ ഉത്തരവാദിത്ത രഹിതമായി ഇങ്ങനെ ചെയ്യില്ല. FSF-ന്റെ വെബ്സൈറ്റിൽ അടിയിലായി എന്തുകൊണ്ട് © All rights reserved എന്ന് കുറിച്ചിട്ടിരിക്കുന്നു, All rights reversed എന്നല്ലേ ചേർക്കേണ്ടത് എന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്.

പകർപ്പവകാശം

പകർപ്പവകാശം എന്നാൽ ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു സൃഷ്ടി പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനും ആ വ്യക്തിക്ക് കൃതിയിന്മേൽ സിദ്ധിക്കുന്ന അവകാശം ആണ്‌. പകർപ്പവകാശ നിയമം ഇല്ലാത്ത പക്ഷം ഒരാൾ രചിച്ച ഒരു കൃതി ആർക്കു വേണമെങ്കിലും പകർപ്പെടുത്ത് അവർക്ക് തോന്നിയതു പോലെ വിതരണം ചെയ്തു ലാഭമുണ്ടാക്കാം. ഇങ്ങനെ വരുമ്പോൾ രചയിതാക്കൾക്ക് വരിക വലിയ നഷ്ടമായിരിക്കും. പുതിയ രചനകൾ നടത്താൻ അവർക്ക് പ്രചോദനം നഷ്ടമാകുവാനും ഇതു വഴി സാധ്യതയുണ്ട്. ഇതു മുന്നിൽ കണ്ടു കൊണ്ടാണ് പകർപ്പ് എടുക്കുന്നതിനു ചില നിയമങ്ങൾ നിർമ്മിക്കപ്പെട്ടത്. പക്ഷേ ഒടുവിൽ യാതൊരു ദീർഘവീക്ഷണവുമില്ലാതെ രചയിതാവിന്റെ മാത്രം അവകാശങ്ങൾ മുൻനിർത്തി ഏകപക്ഷീയമായി നിയമങ്ങൾ പരിഷ്കരിക്കപ്പെട്ടപ്പോൾ പകർപ്പവകാശ നിയമം പൊതു സമൂഹത്തോടുള്ള വലിയൊരു അനീതിയായി മാറി. പകർപ്പവകാശം നേടിയവ മറ്റുള്ളവർക്ക് ഉപയോഗിക്കാം. എന്നാൽ ഇവ പകർപ്പവകാശക്കാരന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ പകർത്താനോ, മാറ്റം വരുത്താനോ, പുനർ നിർമാണം നടത്താനോ, പരിഭാഷപ്പെടുത്തുവാനോ പാടില്ല. അറിവിന്റെ കുത്തകവൽക്കരണത്തിനു പകർപ്പവകാശ നിയമം ഒട്ടൊന്നുമല്ല സഹായം നൽകിയത്.

പകർപ്പുപേക്ഷ / കോപ്പിലെഫ്റ്റ്

അറിവിനെ പകർപ്പവകാശ നിയമത്തിന്റെ അതിരുകൾക്കുള്ളിൽ തളച്ചിടുന്നതിനെതിരെ പതിയെ പതിയെ ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരാൻ തുടങ്ങി. പകർപ്പവകാശം എന്നതിനേക്കാൾ പകർപ്പുപേക്ഷയാണ് തങ്ങൾ ഇഷ്ടപ്പെടുന്നത്‌ എന്ന് ചില സ്വതന്ത്ര ചിന്തകർ ഉറക്കെ പറഞ്ഞു. പക്ഷേ പകർപ്പുപേക്ഷ എന്നു പറയുന്നുണ്ടെങ്കിലും അതിനുള്ളിൽ ഒരു പകർപ്പവകാശം ഒളിഞ്ഞു കിടക്കുന്നുണ്ട്. പകർപ്പുപേക്ഷയിൽ പകർപ്പവകാശം അന്തർലീനമത്രെ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പകർപ്പവകാശ നിയമത്തിൽ ചെറിയൊരു ഭേദഗതി വരുത്തിക്കൊണ്ട് അതിനു സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകുകയാണ് പകർപ്പുപേക്ഷ ചെയ്തത്. പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സ്വതന്ത്ര വിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ. വീണ്ടും മറ്റൊരു പ്രകാരം പറഞാൽ ഒരു സൃഷ്ടി അതേ പടി പുനരുപയോഗിക്കുമ്പോൾ / ആ സൃഷ്ടിയെ അടിസ്ഥാനപ്പെടുത്തി പിന്നീട് ഉണ്ടാക്കുന്ന സൃഷ്ടികൾ പ്രസിദ്ധീകരിക്കുമ്പോൾ അതെല്ലാം പകർപ്പുപേക്ഷ വഴി സംരക്ഷിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയോടെ ഒരു സൃഷ്ടിയിൽമേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കുന്ന ഒരു സമ്പ്രദായമാണിത്.

ഒരു സൃഷ്ടിയെ പകർപ്പുപേക്ഷ രീതിയിൽ പൊതുസമൂഹത്തിൽ വിതരണം ചെയ്യാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കി ഒരു ലൈസൻസ് തയ്യാറക്കുകയാണ്. ഈ രീതിയിൽ തയ്യാറാക്കിയ ലൈസൻസ് ഉപഭോക്താവിന് ഒരു സൃഷ്ടിയിന്മേൽ സൃഷ്ടികർത്താവിനുള്ള അതേ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു കൊടുക്കുന്നു. കൂടാതെ പകർപ്പുപേക്ഷ പ്രകാരം ഏതാനു അനുബന്ധ നിബന്ധനകളും ഇതോടൊപ്പം ചേർക്കുന്നു. അനുബന്ധ നിബന്ധനകൾ പകർപ്പുപേക്ഷ പ്രകാരം‌ വിതരണം‌ ചെയ്യപ്പെട്ട ഒരു സൃഷ്ടി ഉപയോഗിച്ചുണ്ടാക്കിയ എല്ലാ ഉപോൽപ്പന്നങ്ങൾക്കും പകർപ്പുപേക്ഷാ നിബന്ധനകൾ ബാധകമാക്കുന്നു.

പക്ഷെ ഒരു പ്രശ്നം ഉള്ളത്, പകർപ്പുപേക്ഷ എന്ന വാക്കിനു ഇപ്പോഴും നിയമസാധുത ഇല്ല എന്നതാണ്. നിങ്ങൾ നിങ്ങളുടെ രചന പ്രസിദ്ധീകരിക്കേണ്ടത് പകർപ്പവകാശ നിയമത്തിനു കീഴിൽ തന്നെയാണ്. പ്രസ്തുത നിയമത്തിൽ ഏതാനും അനുബന്ധ നിയമങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതു മാത്രമാണു പകർപ്പുപേക്ഷയായി പരിഗണിക്കുന്നത്, അല്ലാതെ പകർപ്പുപേക്ഷ എന്ന പേരിൽ ഒരു നിയമം ഇല്ല. കോപ്പിലെഫ്റ്റ് / കോപ്പിഹാർട്ട്‌ എന്ന പേരിൽ ഇപ്പോഴും പല കൃതികളും തങ്ങളുടെ കോപ്പിറൈറ്റ് നോട്ടീസ് വ്യത്യസ്തമായ വിധത്തിൽ ചേർത്തിരിക്കുന്നത് കാണാം. ഇവയെല്ലാം ഒരു പരിധി വരെ അപകടകരമാണ്. ജീയെഫ്ഡീയെൽ / സീസി (ക്രിയെറ്റിവ് കോമണ്‍സ്) തുടങ്ങിയ വിവിധ സ്വതന്ത്ര ലൈസെൻസുകൾ ലഭ്യമായിരിക്കേ വെറും രണ്ടോ മൂന്നോ വരികളിൽ അവ്യക്തമായി പകർപ്പുപേക്ഷ കുറിച്ചിടെണ്ട ആവശ്യം ഉണ്ടോ? fsf തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് ഇപ്രകാരമാണ്:

Copyright © 2004-2013 Free Software Foundation, Inc.
This work is licensed under a Creative Commons Attribution-No Derivative Works 3.0 license (or later version) — Why this license?.

Copyleft symbol

ചിത്രങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ പകർപ്പുപേക്ഷയുടെ സാമൂഹിക പ്രസക്തിയെപ്പറ്റി ക്രിയാത്മകമായി ബോധവല്ക്കരണം നടത്താൻ കോപ്പിലെഫ്റ്റ് സിംബൽ ഉത്തമമാണ്.

കോപ്പിലെഫ്റ്റ് സിംബൽ ഇതുവരെ യൂണികോഡിൽ ചേർത്തിട്ടില്ല. നിയമപരമായി അങ്ങനെയൊരു നിയമം നിലനില്ക്കുന്നില്ല എന്ന നിലപാടാണ് യൂണികോഡ്‌ കണ്‍സോർഷ്യം സ്വീകരിച്ചിരിക്കുന്നത്. സിംബൽ ഇല്ലാത്തതിനാൽ സീ.എസ്.എസ്‌.3 യുടെ ട്രാൻസ്ഫോം പ്രോപ്പർട്ടി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കോപ്പിറൈറ്റ് സിംബൽ തലതിരിച്ചിട്ടാണ് കോപ്പിലെഫ്റ്റ് സിംബൽ പ്രദർശിപ്പിക്കുന്നത്.

<!--[if lte IE 8]><span style="filter: FlipH; -ms-filter: "FlipH"; display: inline-block;">
<![endif]-->
<span style="-moz-transform: scaleX(-1); -o-transform: scaleX(-1); 
-webkit-transform: scaleX(-1); 
transform: scaleX(-1); display: inline-block;">
    ©
</span>
<!--[if lte IE 8]></span><![endif]-->

പക്ഷെ ഇതിന്റെ ഭാഷാശാസ്ത്രപ്രകാരമുള്ള അർത്ഥം © എന്ന് തന്നെയാണ്. ഒരു ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് കോപ്പി ചെയ്തിടുമ്പോൾ ഈ ഫോർമാറ്റിംഗ് എല്ലാം നഷ്ടമാവും എന്ന ദോഷവും ഇതിനുണ്ട്. കോപ്പിലെഫ്റ്റ് എന്ന ആശയത്തിന് നിയമപരമായി നിലനിൽപ്പില്ലാത്തതിനാൽ ഔദ്യോഗികമായി പകർപ്പവകാശനിബന്ധന സൃഷ്ടികളിൽ ചേർക്കുമ്പോൾ കോപ്പിറൈറ്റ് തന്നെ ഉപയോഗിക്കുന്നതായിരിക്കും തീർത്തും അഭികാമ്യം. fsf ചെയ്തിരിക്കുന്നതു പോലെ ഏതു ഫ്രീ ലൈസെൻസ് ആണ് നിങ്ങളുടെ കൃതിയ്ക്ക് നൽകുന്നത് എന്നും വ്യക്തമാക്കിയാൽ കാര്യങ്ങൾ തികച്ചും സുതാര്യമായി.

ഈ സൈറ്റിന്റെ കീഴിൽ കോപ്പിറൈറ്റ് നോട്ടീസ് നൽകിയിരിക്കുന്നത് ഇപ്രകാരമാണ്:

Except where otherwise noted, content on this blog is licensed under a Creative Commons Attribution-ShareAlike 3.0 Unported License.

ലൂയീസ് കൊള്ളാർഡ് എന്ന ഫോട്ടോഗ്രാഫറുടെ വെബ്‌സൈറ്റിന്റെ കോപ്പിറൈറ്റ് നോട്ട് തികച്ചും വ്യത്യസ്തമാണ്‌:

Copyright © Lewis Collard, 2009-2013. Anyone caught copying any of my photographs or text will be considered a mighty good friend of mine.

ഇദ്ദേഹം തന്റെ കൃതിയ്ക്ക് നിയമപരമായ പകർപ്പവകാശം എടുത്തിട്ടുണ്ടെങ്കിലും നിബന്ധനയിൽ പറഞ്ഞിരിക്കുന്നത് ഇതു കോപ്പി ചെയ്യുന്നവർ തന്റെ ഉദാത്ത സുഹൃത്തുക്കൾ ആയി താൻ പരിഗണിക്കും എന്നാണ്. അതു മാത്രമാണ് നിബന്ധന. എഫ്ഡീയെല്ലൊ സീസിയോ തുടങ്ങിയ ലൈസൻസുകൾ ഒന്നും കാണുന്നുമില്ല. കാഴ്ച്ചയിൽ ഹൃദ്യമാണെങ്കിലും ഇവിടെയും അപകടമുണ്ട്. പ്രശ്നം നിങ്ങളുടെ കൃതി മറ്റൊരാൾ തട്ടിയെടുത്തു അത് സ്വന്തമാക്കുന്നതിലാണ്.

കോപ്പിഹാർട്ട്‌

കോപ്പിറൈററ് എന്ന വാക്കിനോട് സാമ്യമുള്ള, എന്നാൽ വിപരീതഅർത്ഥമുള്ള കോപ്പിഹാർട്ട്‌ എന്ന മറ്റൊരു രീതിയുണ്ട്. ♡ ആണ് അതിന്റെ ചിഹ്നം. അവരുടെ സൈറ്റിൽ പറയുന്നത് പ്രകാരം നിങ്ങളുടെ സൃഷ്ടിയുടെ പകർപ്പവകാശ നിബന്ധനയിൽ  © ചിഹ്നത്തിനു പകരം ♡ ചിഹ്നം ഉപയോഗിച്ചാൽ മതിയാകും എന്നാണ്. കോപ്പി ചെയ്യുന്നത് സ്നേഹം നിറഞ്ഞ പ്രവൃത്തിയാണെന്നും അതുകൊണ്ട് കോപ്പി ചെയ്യുന്നതിനെ പ്രോത്സാഹിക്കേണ്ടതാണെന്നും ഒക്കെയാണ് സൈറ്റിൽ പറയുന്നത്. കോപ്പിഹാർട്ട്‌ ക്രിയേറ്റിവ് കോമണ്‍സ് പോലെയോ ജീയെഫ്ഡീയെൽ പോലെയോ നിയമപരമായി നിലനിൽക്കുന്ന ലൈസൻസിംഗ് സമ്പ്രദായം അല്ല എന്നും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ തന്നെ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക.

♡2010 by Author/Artist. Copying is an act of love. Please copy / Copyleft 2013 : All Wrongs Reversed എന്നൊക്കെ പലരും പല വ്യത്യസ്ത രീതിയിൽ കോപ്പിറൈറ്റ് നോട്ടീസ് എഴുതിപ്പിടിപ്പിക്കുന്നുണ്ട്. അവർ ജാഗ്രതൈ. ഇന്നിപ്പോൾ ഏതു തരത്തിലാവും കഴുകന്മാർ നിങ്ങളുടെ കൃതി കൊത്തിയെടുത്ത് അത് അവരുടേതായി മാത്രം മാറ്റുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2013

ലോകം ഇന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ലോകമൊട്ടാകെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ഇന്ന് വിവിധ പരിപാടികളും സംഭവങ്ങളും ആസൂത്രണം ചെയ്യുന്നു. അറിവ് സ്വതന്ത്രമായിരിക്കണം എന്ന വീക്ഷണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന ദർശനം. ഉപയോഗിക്കാനും പഠിച്ചു മനസ്സിലാക്കാനും പകര്‍ത്താനും നവീകരിയ്ക്കാനും പങ്കുവെയ്ക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നത്. 2004 ആഗസ്റ്റ് 28-നാണ് ആദ്യമായി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം സംഘടിപ്പിക്കപ്പെട്ടത്. ഇപ്പോൾ സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ഓരോ വര്‍ഷവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായി ലോകമെങ്ങും ആഘോഷിക്കപ്പെടുന്നത്. “സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ” എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും എസ് എഫ് ഡി തന്നെ നേരിട്ട് നൽകുന്നു.

Software Freedom Day 2013

ഈയാണ്ടിന്റെ മധ്യദശയിൽ എഡ്വെർഡ് സ്നോഡെൻ എന്ന അമേരിക്കക്കാരൻ കെട്ടഴിച്ചുവിട്ട ഭൂതമാണ്‌ എൻ.എസ്.എ. എന്ന യു.എസ്. ചാര സംഘടനയുടെ ഞെട്ടിപ്പിക്കുന്ന പ്രവർത്തന വിവരം. എൻ.എസ്.എ. വിവിധ സോഫ്റ്റ്‌വെയർ കോർപ്പറേഷനുകളുമായി ചേർന്ന് തികച്ചും സാധാരണ വ്യക്തികളുടെ വരെ സ്വകാര്യതയിൽ കടന്നു കയറി അവർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയും വിവിധ സോഫ്റ്റ്‌വെയറുകൾ വഴിയും ചാരപ്രവർത്തനം നടത്തുന്ന ഇക്കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട് ഇന്നത്തെ ഈ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക്. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ നമുക്ക് വായിക്കാൻ കഴിയാത്ത ബൈനറികൾ മാത്രം നൽകുമ്പോൾ അവയിൽ എന്താണ് എഴുതിവച്ചിരിക്കുന്നത് എന്നുള്ള ഒരു വിദൂര ധാരണ പോലും നമുക്ക് ലഭിക്കില്ല. മൈക്രോസോഫ്റ്റ്‌ എന്ന സോഫ്റ്റ്‌വെയർ കോർപ്പറേഷൻ തങ്ങളുടെ വിൻഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ എൻ.എസ്.എ. യ്ക്കു വേണ്ടി ഒളിപ്പിച്ചുവച്ച താക്കോലുകൾ ഇപ്പോൾ നാട്ടിൽ പാട്ടാണ്. കണ്ണി ഇതാ. (ഇനിയും കുറെ കണ്ണികൾ ഉണ്ട്. _NSAKEY എന്ന് ഗൂഗ്ലിയാൽ കിട്ടും) ഇപ്പോൾ കേൾക്കുന്ന ചില വാർത്തകൾ, ബൈനറി ബ്ലോബുകൾ ഉൾപ്പെട്ട കേർണെൽ ഉള്ള ചില ജനപ്രിയ ഗ്നു/ലിനക്സ്‌ ഡിസ്ട്രിബ്യൂഷനുകളിൽ വരെ എൻ.എസ്.എ. യുടെ രഹസ്യ താക്കോലുകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ്, സത്യമാണോ എന്തോ. അതിനാൽ ബൈനറി ബ്ലോബ് രഹിതമായ, കന്യകാത്വം നഷ്ടപ്പെടാത്ത കേർണെൽ ഉള്ള, ഡിസ്ട്രിബ്യൂഷനുകൾ മാത്രമേ ഇനി മുതൽ ഉപയോഗിക്കൂ എന്നതാകട്ടെ ഇത്തവണത്തെ നമ്മുടെ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ.

2004-ൽ ആരംഭിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ഇത് ഒമ്പതാമത്തേതാണ്. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തിനു ആധാരമായ “ഗ്നു”വിന്റെ സഫലമായ മൂന്ന് പതിറ്റാണ്ടുകളുടെ നിറവ് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സെപ്റ്റംബര്‍ 27 മുതൽ 30 വരെ ആഘോഷിക്കപ്പെടുന്നു എന്നതും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്.

കേരളത്തിലും വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകൾ ഇന്ന് വിവിധ പരിപാടികളും സംഭവങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി എ കെ എഫ്), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, എൻ.ഐ.ടി. കോഴിക്കോട് തുടങ്ങിയവർ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

വാല്ക്കഷണം

ശനിയാഴ്ച അവധി ദിനം ആയതിനാൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തിൽ ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കണം എന്ന തീരുമാനം കൊണ്ട് മാത്രം ഇന്ന് ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷനിൽ വച്ച് ഡി.എ.കെ.എഫിന്റെ സംഘാടകത്വത്തിൽ നടന്ന പരിപാടിയിൽ സംബന്ധിച്ചു. കൊച്ചി ഐലഗ് ഇത്തവണ പരിപാടികൾ ഒന്നും സംഘടിപ്പിച്ചില്ല, ആർക്കും സമയം എന്ന ഒരു വസ്തു ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഒരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കാൻ ശ്രമിക്കാമായിരുന്നു എന്ന് വൈകിയ വേളയിൽ മാത്രമാണ് തോന്നിയത്.

ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷനിൽ വച്ച് നടന്ന ചടങ്ങിൽ മലയാളം വിക്കി പ്രവർത്തകനായ ശ്രീ അഖിൽ കൃഷ്ണൻ നയിച്ച ഡയസ്പോറ സെഷൻ ഏതാണ്ട് നല്ല നിലവാരം പുലർത്തി. തുടർന്ന് ശ്രീ ഫുഅദ് നയിച്ച വിക്കി സെഷൻ തുടങ്ങും മുമ്പും അതിനിടയിലും പലരും മുങ്ങാൻ തുടങ്ങി. ഒടുവിൽ ഏതാണ്ട് നാലഞ്ചു പേർ മാത്രം ശേഷിച്ചു. എനിക്കും മറ്റൊരു സ്ഥലത്തു എത്തേണ്ടിയിരുന്നതിനാൽ നാലര ആയപ്പോഴേയ്ക്കും ഞാനും സ്ഥലം വിട്ടു. കഷ്ടിച്ച് ആകെ ഒരു പത്തു പന്ത്രണ്ടു പേർ ചടങ്ങിൽ സംബന്ധിച്ചു, അത്രയും എങ്കിലും പേർ ഉണ്ടായിരുന്നല്ലോ, അത്രയും നന്ന്.

ക്രിപ്റ്റോപാര്‍ട്ടി / Cryptoparty

പ്രത്യേകിച്ച് മെയിലിംഗ് ലിസ്റ്റില്‍ വന്ന അജണ്ട ഒന്നും നോക്കാതെയാണ്‌ ഐലഗ്ഗിലെ പ്രതിമാസ മീറ്റിങ്ങിനു പോയത്. അവിടെ ചെന്നപ്പോള്‍ “ക്രിപ്റ്റോപാര്‍ട്ടി” എന്ന ഒരു ടൈറ്റില്‍ നോട്ടീസ് ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നു. എന്താണാവോ ഈ ക്രിപ്റ്റോപാര്‍ട്ടി എന്ന് അനന്തന്‍ എന്നോട് സ്വകാര്യമായി ചോദിച്ചപ്പോള്‍ വന്നിരിക്കുന്ന മറ്റുള്ളവര്‍ക്കും ക്രിപ്റ്റോപാര്‍ട്ടിയെ പറ്റി കാര്യമായ ധാരണ ഇല്ല എന്ന് മനസ്സിലായി. ജേ ജേക്കബ്‌ സാറും പുതിയൊരു കക്ഷിയുമായി എന്തോ കാര്യമായി മാറിയിരുന്നു സംസാരിക്കുന്നുണ്ട്. മീറ്റിംഗ് തുടങ്ങാന്‍ പതിവിലും താമസം. ഒടുവില്‍ സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലേര്‍ണിംഗ് സെന്റെറി (ന്യൂഡല്‍ഹി) ലെ പ്രശാന്ത്‌ സുഗതന്‍ സാര്‍ മീറ്റിംഗ് ഹാളിലേക്ക് വന്നു. ക്രിപ്റ്റോപാര്‍ട്ടി തുടങ്ങി. എന്താണ് ക്രിപ്റ്റോപാര്‍ട്ടി എന്ന് വിശദീകരിച്ചു.

എന്താണ് ക്രിപ്റ്റോപാര്‍ട്ടി / Cryptoparty?

വിശദമായ ഉത്തരം ദാ ഈ കാണുന്ന ലിങ്കുകള്‍ നിന്നൊക്കെ കിട്ടും.

    1. http://en.wikipedia.org/wiki/CryptoParty
    2. https://cryptoparty.org/wiki/CryptoParty
ക്രിപ്റ്റോപാര്‍ട്ടി

ക്രിപ്റ്റോപാര്‍ട്ടി

അധികം കാലമൊന്നും ആയിട്ടില്ല, ഈ കഴിഞ്ഞ വര്‍ഷം  ഓസ്ട്രേലിയയില്‍ ആണ് ആഷര്‍ വോള്‍ഫ് എന്ന ഓണ്‍ലൈന്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചത്. ടോര്‍ പ്രൊജക്റ്റ്‌ എങ്ങനെ ഉപയോഗിക്കാം, പീജീപീ (പ്രെറ്റി  ഗുഡ് പ്രൈവസി), ജീപീജീ (ഗ്നുപീജീ -ഗ്നു പ്രൈവസി ഗാർഡ്‌) തുടങ്ങിയ ഡാറ്റ എന്‍ക്രിപ്ഷന്‍ മാർഗ്ഗങ്ങൾ ഇമെയിലുകളില്‍ എങ്ങനെ ഉപയോഗിക്കാം എന്നൊക്കെ സാധാരണക്കാര്‍ക്കു മുമ്പില്‍ (ഗ്നു/ലിനക്സ്‌ ഗീക്കുകള്‍ക്ക് മാത്രമല്ല, എല്ലാ സാദാ ജനത്തിനു മുമ്പിലും) അവതരിപ്പിക്കുകയാണ് ക്രിപ്റ്റോപാര്‍ട്ടിയുടെ ലക്‌ഷ്യം. ഫേസ്ബുക്കില്‍ എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം, എന്തൊക്കെ അപ്ഡേറ്റ് ചെയ്യരുത് തുടങ്ങിയ തികച്ചും ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ഇത്തരം പാര്‍ട്ടികളില്‍ ചര്‍ച്ചാവിഷയം ആകാം എന്നും പ്രശാന്ത്‌ പറഞ്ഞു. അനോണിമസ് ആകാന്‍ നിയമപരമായി ഓരോരുത്തര്‍ക്കും അവകാശം ഉണ്ട്. പക്ഷെ ഒരാളുടെ അറിവില്ലായ്മ മൂലം അയാള്‍ക്ക് ആ അവകാശം ലഭിക്കുന്നില്ല; പക്ഷെ തങ്ങള്‍ തിരിച്ചറിയപ്പെടാം എന്ന് അയാള്‍ തിരിച്ചറിയുന്നുമില്ല. തന്നെ ആരും തിരിച്ചറിയുന്നില്ല എന്ന തെറ്റായ വിശ്വാസം മൂലം പലരും അവര്‍ അറിയാതെ ട്രാക്ക് ചെയ്യപ്പെടുന്നു. ഇവിടെയാണ്‌ ക്രിപ്റ്റോപാര്‍ട്ടി നിങ്ങളുടെ അവകാശങ്ങളെ പറ്റി നിങ്ങള്‍ക്ക് അവബോധം നല്‍കുന്നത്. ഉദാഹരണത്തിന് രണ്ടു വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു ഇമെയില്‍ വിനിമയത്തിനിടയില്‍ നിന്ന് വേണമെങ്കില്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് ഡാറ്റ ചോര്‍ത്താം. പക്ഷെ അത് എന്‍ക്രിപ്റ്റഡ് ആണെങ്കില്‍ അതു ചോർത്തുന്നത്‌ എളുപ്പമാവില്ല. അനോണിമസ് ആയിരിക്കാന്‍ നിങ്ങള്‍ക്ക് നിയമപരമായി അവകാശം ഉണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അല്ല; ന്യായമായ അവകാശങ്ങള്‍ മാത്രമാണ് ഇവിടെ പ്രസ്താവിക്കപ്പെടുന്നത്. തങ്ങളുടെ അധികാര പരിപാലനത്തിനായി പല സര്‍ക്കാരുകളും പൌരന്മാരുടെ വാര്‍ത്താവിനിമയ രേഖകള്‍ ചോര്‍ത്തുന്നത്‌ ഇന്ന് ലോകത്തില്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു.

എന്തായാലും ടോര്‍ പ്രൊജെക്ടിനെ പറ്റിയും ഇ മെയില്‍ എന്‍ക്രിപ്ഷനെ പറ്റിയും ഒക്കെ വിവരം തന്ന ക്രിപ്റ്റോപാര്‍ട്ടി എല്ലാവര്‍ക്കും വളരെ ആസ്വാദ്യമായി എന്ന കാര്യത്തില്‍  സംശയമില്ല.

വൈറസ് ബാധയേല്‍ക്കാത്ത കമ്പ്യൂട്ടറുകളുമായി മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: വൈറസ് ബാധയില്‍ നിന്ന് പരിപൂര്‍ണ്ണമുക്തി വാഗ്ദാനം ചെയ്യുന്ന ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്ന മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും ഇതര ഹാര്‍ഡ് വെയറുകളും ഇവയുടെ സമ്പൂര്‍ണ്ണ സേവനങ്ങളും ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനവീയം ടെക്നോളജീസ് ലഭ്യമാക്കുന്നത്. ഉബുണ്ടു സാക്ഷ്യപ്പെടുത്തിയ ഡെല്‍ കമ്പനിയുടെ ലാപ്‌ ടോപ്‌ മോഡലുകള്‍ ആണ് മാനവീയം തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്‌. മികച്ച വില്‍പ്പനാനന്തര സേവനവും സപ്പോര്‍ട്ടും ട്രെയിനിങ്ങും മാനവീയം ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നു. വ്യക്തിഗത ഉപയോക്താക്കള്‍ക്കൊപ്പം സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മികച്ച ഹാര്‍ഡ് വെയര്‍ / സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളും കണ്‍സള്‍ട്ടന്‍സിയും നല്‍കാന്‍ മാനവീയം സജ്ജമാണ്.
സാധാരണ കമ്പ്യൂട്ടറുകളില്‍ ആന്റി വൈറസ് സോഫ്റ്റ്‌ വെയറുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന കനത്ത വിലയും അവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്ന അധിക ലോഡും ഒക്കെ കണക്കാക്കുമ്പോള്‍ ഉപയോക്താവിന് വരുന്ന നഷ്ടം വളരെ വലുതാണ്‌. വൈറസ് ബാധയെ ഒരു കാലത്തും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു വിധ ആന്റി വൈറസ് പ്രോഗ്രാമുകളും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകള്‍ എന്നെന്നും വൈറസ് വിമുക്തവുമായിരിക്കും. ഇതുമൂലം ഇടയ്ക്കിടെയുള്ള ഫോര്‍മാറ്റിങ്ങും ഡാറ്റാ നഷ്ടവും ഒക്കെ പൂര്‍ണമായും ഒഴിവാക്കാം. മാത്രമല്ല സാധാരണ കമ്പ്യൂട്ടറുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ സൌജന്യമായി ലഭിയ്കൂ, ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ആന്റി വൈറസ് പ്രോഗാമുകളുമൊക്കെ നിയമാനുസൃതം ഉപയോഗിക്കണമെങ്കില്‍ ലൈസന്‍സ് ഫീസ്‌ ഇനത്തില്‍ പ്രതിവര്‍ഷം വന്‍തുക ചെലവഴിക്കേണ്ടതായും വരും. അതേസമയം മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകളില്‍ ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ഉള്‍പ്പെടെ ഏതാണ്ട് മുപ്പതിനായിരത്തിലധികം വരുന്ന സൌജന്യ / സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ആവശ്യാനുസരണം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഉപയോക്താവിന് ലഭിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.manaveeyam.in /ഫോണ്‍ : +91-9995717112 ( സമീര്‍ ) / +91-9847446918  (മനോജ്‌ ) / +91-8086733733 (മാത്യൂ) / +91-9895181906 (ശ്രീകാന്ത് ) / +91-7736780769 (തോമസ്‌ )
ഉബുണ്ടു
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനോനിക്കല്‍ കമ്പനിയാണ് ഉബുണ്ടുവിന്റെ സ്രഷ്ടാക്കള്‍ ലോകമാകമാനം പന്ത്രണ്ട് ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഉബുണ്ടു ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉബുണ്ടു ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളും പല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉബുണ്ടു അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ പല സ്വകാര്യ / മാനേജ്മെന്റ് എഞ്ചിനിയറിംഗ് കോളെജുകളും ഉബുണ്ടുവിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നു.
ഡെല്‍
കമ്പ്യൂട്ടര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമുള്ള ഡെല്‍ കമ്പനിയ്ക്ക് ലോകമൊട്ടാകെ ഒരു ലക്ഷത്തില്‍ പരം ജീവനക്കാരുണ്ട്. 1984 -ല്‍ അമേരിക്കയില്‍ ആണ് ഡെല്‍ കമ്പനി ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ ശക്തമായ ഒരു ഉപഭോക്തൃശൃംഖല കെട്ടിപ്പടുക്കുവാന്‍ ഡെല്ലിന് കഴിഞ്ഞിട്ടുണ്ട്. ബിസിനസ്‌ മോഡല്‍ ആയ വോസ്ട്രോ, സാധാരണ വീട്ടുപയോഗങ്ങള്‍ക്കുള്ള മോഡലുകളായ ഇന്സ്പിറോണ്‍, സെര്‍വര്‍ മോഡലുകളായ പവര്‍ എഡ്ജ്, പവര്‍ വോള്‍ട്ട് തുടങ്ങി വളരെ വിപുലമായ ഒരു ഉല്‍പ്പന്ന ശ്രേണി തന്നെ ഡെല്ലിനുണ്ട്.

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ കൊച്ചിന്‍ ഐലഗ്ഗില്‍

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ ഒരു മതാചാര്യനാണ്. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം എന്ന മതമാണ്‌ അയാള്‍ സ്ഥാപിച്ചത്. അയാളുടെ ദര്‍ശനങ്ങള്‍ ലോകം ആദ്യം കൌതുകത്തോടെ നിരീക്ഷിച്ചു. പിന്നെ അത്ഭുതത്തോടെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നോക്കിക്കണ്ടു. ‘ഗ്നു’വിനു പതിയെ ജീവന്‍ വച്ച് തുടങ്ങിയപ്പോള്‍ സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യവാദികളുടെ ആരാധനാമൂര്‍ത്തിയായി അയാള്‍ മാറി. ഒരു അവധൂതനെ പോലെ കൊച്ചിന്‍ ഐലഗ്ഗില്‍ അയാള്‍ എത്തിയത് രണ്ടു ദിവസം മുമ്പ് ഒരു സായാഹ്നത്തിലാണ്. ഐലഗ്ഗിലെ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ കൂട്ടായ്മ റിച്ചാര്‍ഡ്‌ സ്ററാൾമാനെ ഊഷ്മളമായി വരവേറ്റു. “എനിക്ക് വേണ്ടി ആരും എഴുന്നെല്‍ക്കരുതേ, സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം എഴുന്നെല്‍ക്കുവിന്‍” എന്ന പതിവ് വരികളോടെ അദ്ദേഹം ഫ്രീ സോഫ്റ്റ്‌ വെയറിന്റെ ദര്‍ശനം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു തീര്‍ത്തു.പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് യൂനിക്സില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിന്റെ പശ്ചാത്തലം മുതല്‍ സോപ്പ / പിപ്പ നിയമങ്ങളുടെ അന്തരാഴങ്ങള്‍ വരെ തികച്ചും ലളിതവും സ്ഫുടവുമായ ഭാഷയില്‍ അദ്ദേഹം വിശദീകരിച്ചപ്പോള്‍ സദസ്സ് തികഞ്ഞ ബഹുമാനത്തോടെ അവ ശ്രവിച്ചു.

“ഒരു കാരണത്ത് അടിക്കുന്നവനെ മറു കാരണം കൂടി കാണിച്ചു കൊടുക്കുവിന്‍” എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ അനുയായികളെല്ലാം അത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ? നോണ്‍-ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് പാപമാണെന്നു സ്ററാൾമാന്‍ പറയുമ്പോഴും ഞാനടക്കം എത്രയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകര്‍ അറിഞ്ഞും അറിയാതെയും തലയില്‍ മുണ്ടിട്ടും ഒക്കെ ഈ ‘അടിമവെയറുകള്‍’ ഇന്നും ഉപയോഗിക്കുന്നു. ഫേസ് ബുക്ക്‌ സുഹൃതല്ല; അതൊരു സര്‍വെയ്ലന്‍സ് സംവിധാനമാണെന്നും, നിങ്ങളെ നിങ്ങള്‍ പോലും അറിയാതെ അത് ചതിക്കുമെന്നും ഒക്കെ അദ്ദേഹം മുന്നറിയിപ്പ് തരുമ്പോഴും “സായിപ്പേ, അത് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു” എന്ന് ഉള്ളാലെ എത്ര പേര്‍ പറഞ്ഞു കാണും. റിച്ചാര്‍ഡ്‌ സ്ററാൾമാന് അങ്ങനെയൊക്കെ പറയാം. അങ്ങനെയേ പറയാനാകൂ. കാരണം അദ്ദേഹം മതാചാര്യനാണ് ; മതസ്ഥാപകനാണ് – സെന്റ്‌ ഇഗ്നൂഷിയസ് ഓഫ് ഇമാക്സ്‌. ഫ്രീ ഡിസ്ട്രിബ്യൂഷന്‍സ് അല്ലാതെ ഉള്ള ഒരു ഗ്നു/ലിനക്സ്‌ വിതരണങ്ങളെയും അദ്ദേഹം പിന്തുണക്കുന്നില്ല. എന്റെ പൊന്നു സായിപ്പേ, കുനുകുനാ എന്ന് എഴുതി വച്ചിരിക്കുന്ന ഈ ലൈസന്‍സ് ഒക്കെ വായിച്ചു നോക്കിയിട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എങ്ങനെയാ പറ്റുക, ഏതാ ഫ്രീ, ഏതാ നോണ്‍-ഫ്രീ?

പക്ഷെ എന്തൊക്കെ ആണെങ്കിലും റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകരുടെ ഒരു കള്‍ട്ട് ഫിഗര്‍ ആണ്. കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ ലെനിനേയും ചെ ഗുവേരയെയും കൊണ്ട് നടന്നത് പോലെ, എഴുപതുകളിലെ മലയാള യുവത്വം ജോണ്‍ അബ്രഹാമിനെ കൊണ്ട് നടന്നത് പോലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രതാ വാദികളുടെ ദൈവമായി റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ വിരാജിക്കുന്നു. സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യം എന്നത് തീരെ അറിയാത്തവര്‍ക്ക് റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ എന്ന വ്യക്തി ഒരു കിറുക്കന്‍ സായിപ്പ് മാത്രമാണ്. പക്ഷെ ഈ സായിപ്പിന്റെ സുന്ദരമായ ഈ കിറുക്കാണ് അറുബോറിംഗ് ആകാമായിരുന്ന കമ്പ്യൂട്ടര്‍ രംഗത്തെ ഇത്രമേല്‍ കാവ്യാത്മകമാക്കാന്‍ സഹായിച്ചതെന്നാണ് എന്റെ വിശ്വാസം.

കെമൈമണി: സ്വതന്ത്ര അക്കൗണ്ടിംഗ്‌ സോഫ്‌റ്റ്‌വെയര്‍

പ്രതിവര്‍ഷം അഞ്ചാറു ലക്ഷം രൂപ ശമ്പളം. വീട്ടില്‍ ആകെയുള്ളത്‌ ഒരേയൊരു ഭാര്യയും രണ്ടു കുട്ടികളും. പക്ഷേ കിട്ടുന്ന പണവും വരുമാനവും എങ്ങോട്ട്‌ പോകുന്നു എന്നൊരു പിടിയും കിട്ടുന്നല്ലെന്ന പരാതിയാണ്‌ ഗൃഹനാഥനും ഗൃഹനാഥയ്‌ക്കുമുള്ളത്‌. മദ്യപാനമോ പുകവലിയോ ചൂതാട്ടമോ ഉള്‍പ്പെടെ ദുഃശീലങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതെങ്കിലും പറയാമായിരുന്നു. അത്യാവശ്യം സമ്പാദ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പറയത്തക്ക സമ്പാദ്യങ്ങളൊന്നുമില്ലെന്ന്‌ ശ്രീമതി പറയുന്നു. പിന്നെങ്ങനെ പണം പോകുന്നു? കീശ ചോരുന്ന വഴികള്‍ എങ്ങനെ അറിയാനാണ്‌.! പണം ലഭിക്കുന്നതും ചെലവഴിക്കുന്നതും രേഖപ്പെടുത്തി വയ്‌ക്കുന്ന പതിവില്ലെങ്കില്‍ എങ്ങനെ വരുന്നു പോകുന്നു എന്ന്‌ പിന്നീട്‌ ഓര്‍ക്കുവാന്‍ വിഷമമാകും. സാധാരണ ഓര്‍മ്മശക്തി മാത്രമുള്ള ഒരു വ്യക്തി താരതമ്യേന ഒരു വലിയ തുകയുടെ ഒരു ഇടപാട്‌ ബാങ്കു വഴി നടത്തിക്കഴിഞ്ഞ്‌ നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം സ്‌റ്റേറ്റ്‌മെന്റ്‌ ലഭിക്കുമ്പോള്‍ എന്തിനു വേണ്ടിയാണ്‌ ഈ ഇടപാട്‌ നടത്തിയതെന്ന്‌ ആലോചിച്ചു കണ്ടുപിടിക്കാന്‍ ശരിക്കും പ്രയാസപ്പെടും; കൃത്യമായി ഈ ഇടപാടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി വച്ചിട്ടില്ലെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ പല ഗൃഹനാഥന്മാരും ചെലവുകള്‍ എഴുതി സൂക്ഷിക്കാന്‍ ആരംഭിക്കുമെങ്കിലും ഇടയ്‌ക്കുവച്ച്‌ അതുപേക്ഷിക്കുകയാണ്‌ പതിവ്‌.
Continue Reading