രാത്രിയുടെ പുത്രന്‍ പകല്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

രാത്രിയില്‍ ജീവിക്കുന്നവര്‍ക്കു് പകല്‍ അത്ഭുതമാണു്; കാഴ്ചയുടെ കലവറയാണു്. പകല്‍ ജീവിക്കുന്നവര്‍ക്കാകട്ടെ രാത്രിയുടെ ജീവിതങ്ങളെ ഒരേ സമയം ഭയവും കൗതുകവുമാണു്.

രാത്രിയില്‍ ജീവിക്കുന്ന ഒരതിഥി ദാ ഇന്നു രാവിലെ വീടിന്റെ പടിഞ്ഞാറേ പറമ്പിന്റെ അറ്റത്തു് പറന്നു വന്നൊരു മരക്കൊമ്പിലിരുന്നു. ഒരു വെള്ളിമൂങ്ങ. Barn owl എന്നാണിവളുടെ ഇംഗ്ലീഷ് പേരു്. (ഇവളാണോ ഇവനാണോ എന്നു് തിട്ടം അറിയില്ല കേട്ടോ, കാണാന്‍ നല്ല ചന്തമുണ്ടായിരുന്നതിനാല്‍ അങ്ങനെ വിളിച്ചു പോയെന്നേയുള്ളൂ.) പറമ്പൊന്നു വൃത്തിയാക്കാമെന്നു കരുതി ഇറങ്ങിയപ്പോഴാണു് പൂത്താങ്കീരികളും കുയിലും കാക്കയും കാക്കത്തമ്പുരാനും മരങ്കൊത്തിയും പരുന്തുമൊക്കെ ഒരുമിച്ചിരുന്നു ചിലയ്ക്കുന്നു. നോക്കുമ്പോഴുണ്ടു് അധികം കാണാത്ത ഒരു പക്ഷി ഒരു മരക്കൊമ്പിലങ്ങനെ ആടിയാടി ഇരിക്കുന്നു. അടുത്തുവന്നു നോക്കിയപ്പോളാണു് കക്ഷി ഒരു വെള്ളിമൂങ്ങയാണെന്നു മനസ്സിലായതു്. പകല്‍നേരത്തു് കാണാത്ത ഈ രാത്രിഞ്ചരനെക്കണ്ടു് മറ്റു പക്ഷികള്‍ കൗതുകം പങ്കുവയ്ക്കുന്നതോ, ഭയത്തോടെ നിലവിളിക്കുന്നതോ അതോ കൂവിയോടിക്കുന്നതോ ആകും, ഭയങ്കരമായൊരു സമരം നടക്കുന്നതുപോലെ ആകെയൊരു ബഹളമയമായ അന്തരീക്ഷമാണു്.

ഈ രാത്രിസഞ്ചാരിയുടെ ദേഹം ബഹുകേമമാണു്. സാമാന്യം നല്ല വലിപ്പം. തവിട്ടുനിറത്തിലെ ചിറകുകളില്‍ ചില ഇരുണ്ട പുള്ളികളുണ്ടു്. തലയും ഉടലും ചന്തത്തില്‍ ഇളക്കിയാണിരുപ്പു്. മുഖമാകട്ടെ ചീട്ടില്‍ കാണുന്ന ആഡ്യന്റേതു പോലെ ശരിയായ ഹൃദയത്തിന്റെ രൂപത്തിലും.  കാര്യം കാണാന്‍ ചന്തമുണ്ടെങ്കിലും പറഞ്ഞു കേട്ടിരിക്കുന്നതു് ഇതിന്റെ ശബ്ദം ഭയങ്കര ബോറാണെന്നാണു്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട തച്ചന്‍കോഴിയുടെ ശബ്ദം കേട്ടു് ചെറുപ്പത്തില്‍ ഭയപ്പെട്ടിരുന്നതു് ഇപ്പോഴുമോര്‍ക്കുന്നു്. പൂ…വ…ഹാാാ…. എന്ന ഭയപ്പെടുത്തുന്ന ഈണത്തോടു കൂടിയ ആ കൂവല്‍ കേട്ടാല്‍ ഏതു ധീരനും ഒരു മാത്ര ഒന്നു ഭയന്നുപോകും. പക്ഷേ വെള്ളിമൂങ്ങയുടെ ശബ്ദത്തിനു് ആ ഗാംഭീര്യം ഒന്നുമില്ല തന്നെ. വെറുതേ ക്രീക്രീക്രീ എന്ന ഒരൊച്ചയാണു് മൂപ്പര്‍ ഉണ്ടാക്കുക. ഈ പാവത്തിനെയാണോ പഹയന്മാര്‍ ആഭിചാരകര്‍മ്മത്തിനുപയോഗിക്കാനായി കടത്തിക്കൊണ്ടു പോകുന്നതന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ആള്‍ ചില്ലറക്കാരനൊന്നുമല്ല, ബ്ലാക്ക് മാര്‍ക്കറ്റില്‍ ലക്ഷങ്ങളാണു് വില. അങ്ങനെ ലക്ഷങ്ങളുടെ വിലയുള്ള ഐറ്റമാണു് മുന്നിലിരിക്കുന്നതെന്നോര്‍ത്തപ്പോള്‍ ഒരു രോമാഞ്ചം തോന്നി.

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, പച്ചത്തെറി പറയുന്നതുപോലാണു് പൂത്താങ്കീരികള്‍ ലക്ഷങ്ങളുടെ വിലയുള്ള ഈ ഐറ്റത്തെ നോക്കി ചിലയ്ക്കുന്നതു്. തെരുവിലൊരു പ്രാന്തനെക്കണ്ടാല്‍ പണ്ടത്തെ സ്കൂള്‍കുട്ടികള്‍ ചുറ്റുംകൂടി അയാളെ വട്ടാക്കുന്നതു പോലൊരു കാഴ്ചയാണു് ഈ പൂത്താങ്കീരികളെക്കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു്. ഇരുത്തം വന്ന അമ്മാവന്മാരെപ്പോലെ അഞ്ചാറു കാക്കകള്‍ കാാാ കാാ എന്നു ശബ്ദം വയ്ക്കുന്നുണ്ടു്. അതിനിടെ രംഗം വീക്ഷിക്കാനെന്നവണ്ണം ഒരു കൃഷ്ണപ്പരുന്തും സംഭവസ്ഥലത്തിനടുത്തു കൂടി വട്ടമിട്ടു പറന്നുപോയി. അതുകൂടാതെ വഴിയേ പോകുന്ന സകലപക്ഷികളും രാത്രിയില്‍നിന്നു വന്ന ഈ സഞ്ചാരിയോടു് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ വന്നു ചിലച്ചുകൊണ്ടുമിരുന്നു. കുയിലും മരങ്കൊത്തിയുമൊക്കെ ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും നമ്മുടെ അതിഥിയ്ക്കു് പക്ഷേ തെല്ലും കൂസലൊന്നുമില്ല. തലയും ഉടലും ഇളക്കിയിളക്കി അങ്ങനെയിരിക്കുകയാണു് കക്ഷി, നുമ്മ ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍.  ദാ വീഡിയോ ഒന്നു കണ്ടു നോക്ക്. മേല്പറഞ്ഞ നടന്മാരെയെല്ലാം ഇതില്‍ ലൈവായി കാണാം.

ഒന്നെന്റെ മൊബൈലിലേയ്ക്കു നോക്കാന്‍ ഞാന്‍ ചില ശബ്ദങ്ങളൊക്കെ കേള്‍പ്പിച്ചു നോക്കി. ഒടുവില്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള മുഖം തിരിച്ചു് അവളെനിക്കൊരു കടാക്ഷം തന്നു. തെല്ലൊന്നു ഭയന്നിട്ടോ എന്തോ, പിന്നെ വിരിവുള്ള ചിറകുകള്‍ വിടര്‍ത്തി അടുത്ത ഒളിസങ്കേതമന്വേഷിച്ചു് പിന്നിലേയ്ക്കവള്‍ പറന്നകന്നു.

മഴക്കാലം പകുതിയായപ്പോള്‍ വീട്ടില്‍ വിരുന്നു താമസിക്കാന്‍ വന്ന അതിഥികള്‍

മഴക്കാലം പകുതിയായപ്പോളാണു് അവരെത്തിയതു്. കുറേക്കൂടി മുമ്പേ വരാമായിരുന്നു അവര്‍ക്കു്. അരുമകളായ രണ്ടു് ഇണത്തേന്‍കിളികള്‍. ജൂലൈ ആദ്യവാരം ഒരു ദിവസം അവര്‍ വീട്ടിലെ തൊടിയില്‍ വന്നിരുന്നു കസര്‍ത്തു കാണിക്കുമ്പോള്‍ അതു കൂടുതൂക്കാന്‍ സ്ഥലം തേടിയുള്ള വരവാണെന്നു കരുതിയില്ല. ദാ, ഇന്നലെ നോക്കുമ്പോഴുണ്ടു് കൂടിന്റെ പണി പകുതിയായിരിക്കണു. കാണാന്‍ നല്ല ചന്തമാണു്, കെട്ടിയോള്‍ കുരുവി നേരം വെളുക്കുമ്പോള്‍ മുതല്‍ തുടങ്ങും കൂടുപണി. കെട്ടിയോന്‍ ഇടയ്ക്കു വല്ലപ്പോഴും വന്നൊന്നു നോക്കിയിട്ടു പോകും. (നുമ്മടെയൊക്കെ പോലെ തന്നെ!) ചിലപ്പോ രണ്ടും കൂടി ഒന്നിച്ചു വന്നു കൂടു നോക്കും, ച്വീ ച്വീ എന്നൊക്കെ എന്തൊക്കെയോ ചിലച്ചിട്ടു് അല്പനേരം കാറ്റുചവിട്ടി നിന്നു് അങ്ങനെ തന്നെ പറന്നു പോകും.

കൂടു കണ്ടാല്‍ ചിരി വരും, കുറെ കരിയിലകള്‍ തോരണം തൂക്കിയിട്ട പോലെ കൂടിന്റെ അടിഭാഗത്തുണ്ടു്. പെട്ടെന്നു നോക്കിയാല്‍ കുറേ കരിയിലകള്‍ തൂങ്ങിക്കിടക്കുകയാണെന്നേ തോന്നൂ. ഞങ്ങള്‍ തൊട്ടടുത്തു നിന്നാല്‍ പോലൂം ഒരു പേടിയുമില്ല അതുങ്ങള്‍ക്കു്.

മരിയയും ജോണും കുരുവികള്‍ക്കു പേരു വരെ ഇട്ടു. പിടയ്ക്കു് അമ്മുക്കിളി, പൂവനു് അപ്പുക്കിളി. കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ ഇനി എന്തു പേരിടണമെന്ന ഗവേഷണത്തിലാണു് ഇരുവരും.