റാസ്ബെറി പൈ ഉപയോഗിച്ചു് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം

റാസ്ബെറി പൈ ഒടുവില്‍ സ്വന്തമാക്കിയതിനു കാരണമായതും ലോക്ക് ഡൗണ്‍ തന്നെയാണു്. കുട്ടികളുടെ പഠനം തല്‍ക്കാലം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മാത്രമേ സാധ്യമാകൂ എന്ന അവസ്ഥ വന്നു ഭവിച്ചതോടെയാണു് പൈ വാങ്ങാന്‍ തീരുമാനമെടുത്തതു്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇല്ലാത്ത കുട്ടികള്‍ എന്തു ചെയ്യുമെന്നും കാര്യമായ സാങ്കേതിക പരിജ്ഞാനമില്ലാത്ത മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി എങ്ങനെയൊക്കെ ഈ സൗകര്യങ്ങള്‍ ഒരുക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതുവരെ നമുക്കു ലഭിച്ചിട്ടില്ല. എങ്കിലും ഇനി കുറച്ചു നാള്‍ ഇങ്ങനൊക്കെയേ വിദ്യാഭ്യാസം സാധ്യമാകൂ എന്ന അവസ്ഥ പല മാതാപിതാക്കളേയും ആകെ കുഴക്കിയിരിക്കുകയാണു്. പലരും പഴയ ലാപ്‍ടോപ്പിനും ഡെസ്ക്ടോപ്പിനും പുറകേ ഓടി നടക്കുന്നു. ഈയവസരത്തിലാണു് എങ്ങനെ ഒരു റാസ്ബറി പൈ ഉപയോഗിച്ചു നമുക്കു് വീട്ടിലെ സാധാരണ ടെലിവിഷന്‍ സെറ്റ് ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ടിവി ആക്കി എങ്ങനെ മാറ്റാം എന്നു ഞാന്‍ ചിന്തിച്ചു തുടങ്ങിയതു്.

റാസ്ബെറി പൈയെപ്പറ്റി കേട്ടിട്ടുണ്ടാവുമല്ലോ – ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഒരു ബോർഡിൽ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷനാണു് ഇത് വികസിപ്പിച്ചത്. വിദ്യാലയങ്ങളിൽ അടിസ്ഥാന കമ്പ്യൂട്ടർ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിർമ്മിച്ചിരിക്കുന്നത്. എങ്കിലും പലവിധ ഉപയോഗങ്ങളും ഇതു വഴി നമുക്കു ചെയ്യാം. അതിലൊരു ഉപയോഗമാണു് എന്നെ ഇതുപയോഗിക്കാന്‍ പ്രേരിപ്പിച്ചതും – ഇന്നത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു് വേണ്ടുന്ന പ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉപയോഗം. http://www.raspberrypi.org എന്ന അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൂടുതല്‍ വിശദവിവരങ്ങള്‍ ലഭ്യമാണു്.

ഉദ്ദേശം രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ടെലിവിഷന്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതു് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചാണു്. പക്ഷേ ഇപ്പോള്‍ ഈ ടെലിവിഷന്‍ വഴിയാണല്ലോ പഠനം – അപ്പോള്‍ എന്തു ചെയ്യും? സെറ്റ് ടോപ്പ് ബോക്സ് ഒക്കെ എവിടെയൊ മാറ്റി വച്ചിരിക്കുകയാണു്, എവിടെയാണോ എന്തോ. കുട്ടികള്‍ക്കു പഠിക്കാന്‍ ഞാന്‍ വര്‍ക്കു ചെയ്യുന്ന എന്റെ സ്വന്തം കമ്പ്യൂട്ടര്‍ കൊടുത്താല്‍ പിന്നെ ഞാനെന്തു ചെയ്യും? എന്റെ കൈയ്യിലാണെങ്കില്‍ ലാപ്‍ടോപ്പുമില്ല. പഴയ ഒരു ലാപ്‍ടോപ്പ് വാങ്ങാന്‍ ആദ്യം ഒന്നു ചിന്തിച്ചു. പിന്നെ ആ വഴി അത്ര ശരിയാവില്ലെന്നു മനസ്സിലാക്കി വേണ്ടെന്നു വയ്ക്കുന്നതിനിടയിലാണു് റാസ്ബെറി പൈ എന്ന ആശയം മനസ്സില്‍ വിരിഞ്ഞതു്. അങ്ങനെ ചെറിയൊരു റിസര്‍ച്ച് നടത്തിയപ്പോള്‍ തന്നെ KDE PLASMA BIGSCREEN എന്ന സ്മാര്‍ട്ട് ടിവി സോഫ്റ്റ്‍വെയറിനെപ്പറ്റി സൂചന കിട്ടിയതു്. അതിന്റെ അടിസ്ഥാന ഡോക്യുമെന്റേഷന്‍ വായിച്ചപ്പോള്‍ത്തന്നെ പ്രത്യേകിച്ചു ടെക്‍സെന്‍സ് ഒന്നുമില്ലാത്ത ആര്‍ക്കു വേണമെങ്കിലും നിര്‍മ്മിച്ചെടുക്കാവുന്ന സംഭവമാണിതെന്നു മനസ്സിലായി. അങ്ങനെ അന്നു വൈകീട്ടു തന്നെ റാസ്ബെറി പൈയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്നു ലഭിച്ച ഓഥറൈസ്ഡ് സ്റ്റോറില്‍ നിന്നും പൈ ഓര്‍ഡര്‍ ചെയ്തു.

ലോക്ക് ഡൗണ്‍ തടസ്സങ്ങളും കടമ്പകളും മറ്റും കഴിഞ്ഞു് ഒമ്പതാം ദിവസം പൈ വീട്ടിലെത്തി. ഞാന്‍ വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് ഇതാണു്.

റാസ്ബെറി പൈ

വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ്

 1. റാസ്ബെറി പൈ മോഡല്‍ ബി 4 ജിബി റാം (ഞാന്‍ ഇതു വാങ്ങിയതിന്റെ രണ്ടു നാളുകള്‍ക്കു ശേഷം 8 ജിബി റാമിന്റെ വെര്‍ഷന്‍ കൂടി ഇറങ്ങി. വില അല്‍പ്പം കൂടുതലാണു കേട്ടോ)
 2. ഒഫീഷ്യല്‍ റാസ്ബെറി പൈ കെയ്സ്
 3. സാന്‍ഡിസ്ക് 16 ജിബി മൈക്രോ എസ്.ഡി. കാര്‍ഡ്
 4. ഒഫീഷ്യല്‍ റാസ്ബെറി പൈ പവര്‍ സപ്ലൈ
 5. ഒഫീഷ്യല്‍ റാസ്ബെറി പൈ എച്ച്.ഡി.എം.ഐ കേബിള്‍
 6. ഒരു സാധാരണ കീബോര്‍ഡ്
 7. ഒരു സാധാരണ മൗസ്.

ഇതു് റാസ്ബെറി പൈ മോഡല്‍ ബി 4 ജിബി റാം സ്റ്റാര്‍ട്ടര്‍ കിറ്റ് ആണു്. ഷിപ്പിംഗ് ചാര്‍ജ്ജ് അടക്കം ആകെ 7,568.18 ഉറുപ്പിക ആണു് ചെലവായതു്. വാസ്തവത്തില്‍ ഇതു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണി ഒന്നും തന്നെയില്ല. നേരേ കമ്പ്യൂട്ടറില്‍ ചെന്നു് ഒന്നു രണ്ട് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക ടിവിയുമായി ബന്ധിപ്പിക്കുക നേരേ പവര്‍ കൊടുത്തു് ഓണ്‍ ചെയ്യുക. സ്റ്റെപ്പുകള്‍ താഴെ പറയുന്നു.

 1. ഈ ലിങ്കില്‍ നിന്നു് https://excellmedia.dl.sourceforge.net/project/bigscreen/rpi4/beta/mycroft-bigscreen-rpi4-20200326_BETA.img.gz കെഡിഇ പ്ലാസ്മ ബിഗ് സ്ക്രീന്‍ ഡൗണ്‍ലോഡ് ചെയ്യുക.
 2. ഈ ലിങ്കില്‍ നിന്നു് https://www.balena.io/etcher ബലെന എച്ചര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഏതു് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും അനുയോജ്യമായ ഫയല്‍ ഇവിടെ ലഭ്യമാണു്.
 3. ഇനി ഒരു കാര്‍ഡ് റീഡര്‍ ഉപയോഗിച്ചു് മൈക്രോ എസ്.ഡി. കാര്‍ഡ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക
 4. ഇനി ചെയ്യേണ്ടതു് എച്ചര്‍ ലോഞ്ച് ചെയ്യുകയാണു്. ആദ്യം ഡൗണ്‍ലോഡ് ചെയ്ത കെഡിഇ പ്ലാസ്മ ബിഗ് സ്ക്രീന്‍ ഫയല്‍ എച്ചറില്‍ കാണിച്ചു കൊടുക്കുക.
 5. ഫ്ലാഷ് ചെയ്യുക.
 6. കമ്പ്യൂട്ടറിലെ പരിപാടി തീര്‍ന്നു. ഇനി നമുക്കു് റാസ്ബെറി പൈയിലേയ്ക്കു കടക്കാം.
 7. ഇനി കാര്‍ഡ് റീഡറില്‍ നിന്നു് മൈക്രോ എസ്.ഡി. കാര്‍ഡ് ഊരി മാറ്റി അതു് റാസ്ബെറി പൈയുടെ സ്ലോട്ടില്‍ വയ്ക്കക.
 8. കീബോര്‍ഡും മൗസും എച്ച്.ഡി.എം.ഐ കേബിളുമൊക്കെ കണക്ട് ചെയ്തതിനു ശേഷം പവര്‍സപ്ലൈ കൊടുത്തു് സ്വിച്ച് ഓണ്‍ ചെയ്യുക.

ബേസിക് പരിപാടി ഇവിടെ തീര്‍ന്നു. ഇനി ടി.വി. ഒരു കമ്പ്യൂട്ടര്‍ പോലെ ഉപയോഗിച്ചു തുടങ്ങാം. ഇനിയും കുറേ അനന്തമായ സാധ്യതകള്‍ ഈ കുഞ്ഞന്‍ പെട്ടിയിലുണ്ടു്. അവ കണ്ടെത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടിയാല്‍ കുറേയേറെ അത്ഭുതങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും വകയുണ്ടു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് 8848487510 എന്ന നമ്പറില്‍ വിളിച്ചാല്‍ കഴിയുന്നതു പോലെ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് നല്‍കാം.

ഒരു മോട്ടിവേഷണല്‍ ഹോക്സ്

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചില നിരുപദ്രവമായ നുണകളുണ്ടു്. ഹോക്സ്  (Hoax)എന്നാണു് അവയെ വിളിക്കുക. ഇവയിലെ ഒരു അസാധാരണവകഭേദമാണു് മോട്ടിവേഷനല്‍ ഹോക്സ്. ഇതിനൊരു ഒരുദാഹരണമാണു് താഴെ ചേര്‍ക്കുന്നതു്. സൗത്ത് ആഫ്രിക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ എഴുതിവച്ചിരിക്കുന്ന സന്ദേശം എന്ന നിലയിലാണു് ഇതു് എഴുതപ്പെട്ടിരിക്കുന്നതു്. സത്യമെന്തെന്നാല്‍ ഇതു് ഏതു സര്‍വ്വകലാശാലയാണെന്നോ സൗത്ത് ആഫ്രിക്കയിലെവിടെയാണെന്നോ ഒന്നും ഒരിടത്തും ഒരു പരാമര്‍ശവുമില്ല. പക്ഷേ സന്ദേശം വളരെ അര്‍ത്ഥവത്തായതിനാല്‍ ഇതു് വളരെപ്പെട്ടെന്നു് പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ഇതിന്റെ പരിഭാഷപ്പടുത്തിയ പതിപ്പുകള്‍ പല ഭാഷകളിലും കാണാം. ആശ്വസിക്കാവുന്ന കാര്യമെന്തെന്നാല്‍ വളരെ അര്‍ത്ഥവത്തായ സന്ദേശമാണു് ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നതു് എന്നതാണു്.

മലയാളം പതിപ്പ്

ഒരു രാഷ്ട്രത്തെ തകര്‍ത്തെറിയുവാന്‍ ആറ്റം ബോംബുകളുടേയോ മിസൈലുകളുടേയോ ആവശ്യമില്ല.
അതിനു് ആ രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കുകയും പരീക്ഷകളില്‍ കള്ളം ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്താല്‍ മതി.
അതിനു് ആ രാജ്യത്തിന്റെ വിദ്യാഭ്യാസനിലവാരം തകര്‍ക്കുകയും പരീക്ഷകളില്‍ കള്ളം ചെയ്യുവാന്‍ അനുവദിക്കുകയും ചെയ്താല്‍ മതിയാകും.
അത്തരം ഡോക്ടര്‍മാരാല്‍ രോഗികള്‍ കൊല്ലപ്പെടുന്നു.
അത്തരം എഞ്ചിനീയര്‍മാരാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നു.
അത്തരം സാമ്പത്തിക വിദഗ്ദ്ധന്മാരാല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്നു.
അത്തരം മതപണ്ഡിതന്മാരാല്‍ മനുഷ്യത്വം മരിച്ചു വീഴുന്നു.
അത്തരം ന്യായാധിപന്മാരാല്‍ നീതി നഷ്ടമാകുന്നു.
വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയെന്നാല്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയാണു്

ഇംഗ്ലീഷ് പതിപ്പു്

Collapsing any Nation does not require use of Atomic bombs or the use of Long range missiles.
But it requires lowering the quality of Education and allowing cheating in the exams by the students.
The patient dies in the hands of the doctor who passed his exams through cheating.
And the buildings collapse in the hands of an engineer who passed his exams through cheating.
And the money is lost in the hands of an accountant who passed his exams through cheating.
And humanity dies in the hands of a religious scholar who passed his exams through cheating.
And justice is lost in the hands of a judge who passed his exams through cheating.
And ignorance is rampant in the minds of children who are under the care of a teacher who passed exams through cheating.
The collapse of education is the collapse of the Nation

View at Medium.com

മിക്കവാറും ഇതു് ഏതോ ഒരു വിദ്യാഭ്യാസപണ്ഡിതന്റെ വാക്കുകള്‍ തന്നെയാകണം. പക്ഷേ എത്ര തെരഞ്ഞിട്ടും ഇതിന്റെ സൗത്ത് ആഫ്രിക്കന്‍ ബന്ധം തെളിയിക്കാനുള്ള ലിങ്കുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.