സച്ചിദാനന്ദന്റെ മരങ്കൊത്തി

പണ്ടെന്നോ വായിച്ച ആശുപത്രി എന്ന സച്ചിദാനന്ദന്റെ കവിതയെ അടിസ്ഥാനപ്പെടുത്തി പണ്ടുമുതലേ മനസ്സിലൂണ്ടായുരുന്നൊരു സ്പൂഫാണിതു്. ആശുപത്രി വായിക്കുവാന്‍ കിളിയുടെ പടത്തിനു മീതെ ക്ലിക്ക് ചെയ്താല്‍ മതി.

നേരം ഇരുട്ടാറായപ്പോള്‍
സച്ചിദാനന്ദന്റെ കഥയിലെ മരങ്കൊത്തി
ക്ഷീണിതനായി കൂടണഞ്ഞു.
പ്രിയതമ അവനെയും കാത്തു്
കൂട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.
പിന്നീടു് അത്താഴമുണ്ണുന്ന വേളയില്‍
അവളാണു് മൗനം ഭേദിച്ചതു്.

ആ മരം കണ്ടെത്തിയോ?

ഒരു ദാര്‍ശനികന്റെ ഗാഭീര്യത്തോടെ
സന്ന്യാസിയുടെ നിര്‍മ്മമതയോടെ
കഥയിലെ മരങ്കൊത്തി പറഞ്ഞുതുടങ്ങി

ഈ കോര്‍പ്പറേറ്റ് കാടുകളില്‍ വളരുന്ന
ഉരുക്കുമരങ്ങള്‍ നമ്മുടെ
ബലഹീനമായ കൊക്കുകള്‍ക്കു്
തൂളയ്ക്കുവാനാവില്ല.
മാത്രമല്ല, അവയൊന്നും
ജലോപരിതലത്തില്‍
പൊങ്ങുതടിപോലെ
കിടക്കുന്നവയുമല്ല.
മുങ്ങാത്ത കപ്പലിനു പറ്റിയ
മരങ്ങളൊന്നും തന്നെ
ഇനി ഒരു കാട്ടിലും
ബാക്കിയുണ്ടാവില്ലെന്നു്
ഞാന്‍ കരുതുന്നു,

എന്നു പറഞ്ഞവസാനിപ്പിച്ചു്
കഥയിലെ മരങ്കൊത്തി
ഉറങ്ങാന്‍ കിടന്നു.

Advertisements

സ്വകാര്യത ഇന്ത്യയിലിനി മൗലികാവകാശം

ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നു് ഭാരതം മോചിതയായിട്ടു് 70 വര്‍ഷം കഴിഞ്ഞു് പിന്നെയും ഒമ്പതു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യയിലെ നൂറുകോടി മുപ്പത്തിരണ്ടു ലക്ഷത്തിലേറെ വരുന്ന പൗരന്മാര്‍ക്കു ആഹ്ലാദമേകി പരമോന്നതനീതിപീഠം സുപ്രധാനമായ ആ വിധി പ്രസ്താവിച്ചതു്. സ്വകാര്യത ഭാരതീയപൗരന്റെ മൗലീകാവകാശമാകുന്നു. അതെ 2017 ആഗസ്റ്റ് 24-ാം തീയതി ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനമാകുന്നു. സ്വകാര്യത മൗലീകാവകാശമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ എതിര്‍ത്തുകൊണ്ടാണു് സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് ചരിത്രപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചതു്.  ഈ വിധിയോടെ സ്വകാര്യത ഇനിമുതല്‍ ഓരോ ഭാരതീയപൗരന്റേയും മൗലീകാവകാശമാകുന്നു.

പൗരന്മാര്‍ക്കു് അവരുടെ സ്വന്തം ശരീരങ്ങളില്‍പോലും ആത്യന്തിക അവകാശം ഇല്ലെന്നു് കേന്ദ്രസര്‍ക്കാര്‍.

Citizens don’t have absolute right over their bodies: Govt. അതായതു് പൗരന്മാര്‍ക്കു് അവരുടെ സ്വന്തം ശരീരങ്ങളില്‍പോലും ആത്യന്തിക അവകാശം ഇല്ലെന്നു് കേന്ദ്രസര്‍ക്കാര്‍.

ഇത്രയും നാള്‍ സ്വകാര്യത എന്നതു് നമുക്കു് മൗലീകാവകാശമായിരുന്നില്ല എന്നോര്‍ക്കുമ്പോള്‍ എത്ര പിന്തിരിപ്പന്‍ വ്യവസ്ഥിതിയിലാണു് ഇത്രകാലം നാം ജീവിച്ചതെന്നു് ഭീതി തോന്നുന്നു. എന്നിട്ടും നമ്മുടെ സര്‍ക്കാര്‍ കോടതിയില്‍ കഠിനമായി വാദിച്ചതു് സ്വകാര്യത മൗലീകാവകാശമല്ലെന്ന കടുത്ത നിലപാടില്‍ത്തന്നെയാണു്. ആധാര്‍ പോലുള്ള നിരീക്ഷണസംവിധാനങ്ങളിലൂടെ, അതു് വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിലൂടെയൊക്കെയുള്ള ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ കുതിരകയറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണു് സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന്റെ ഏകകണ്ഠമായ ചരിത്രപ്രധാനമായ ഈ വിധി.

പശൂവിയന്‍ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ ഫാസിസ്റ്റ് ആശയങ്ങളുമായി മുന്നോട്ടു് പോകുന്ന നമ്മുടെ സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിധിയ്ക്ക് നിര്‍ണ്ണായകമായ പ്രാധാന്യമുണ്ട്.  രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതു് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ ഒരു സാഹചര്യത്തിലൂടെയാണ്. പശുവിനു വേണ്ടി ആംബുലന്‍സ് ഏര്‍പ്പെടുത്തുകയും ദരിദ്ര / ദളിത് മനുഷ്യര്‍ക്കു് ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന, ശിശുമരണങ്ങള്‍ ശ്രദ്ധിക്കുകയേ ചെയ്യാത്ത ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ  പൗരന്റെ സ്വകാര്യത മൗലിക അവകാശം അനുവദിച്ചുതരുന്ന രീതിയിലുള്ള സുപ്രീം കോടതി വിധിയെ അങ്ങേയറ്റം ബഹുമാനത്തോടെയേ കാണാനാകൂ. രാഷ്ട്രത്തേക്കാള്‍ വ്യക്തിയുടെ അധികാരത്തിന് വര്‍ദ്ധന വരുത്തുന്ന ഈ വിധി നവഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ക്കു് ഒരു തിരിച്ചടി നല്‍കുമെന്നു് കരുതാം.

കോര്‍പറേറ്റ് നിരീക്ഷണസംവിധാനങ്ങളായ വാട്സാപ്പ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പൗരന്മാര്‍ കൈമാറുന്ന സ്വകാര്യ വിവരങ്ങൾക്കു് യാതൊരു സ്വകാര്യതയുമില്ലെന്ന സത്യം നാം മുന്നേ അറിഞ്ഞിട്ടുള്ളതാണു്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഫെയ്‌സ്ബുക്കുമായി പങ്കിടുന്നതിൽനിന്നു വാട്‌സാപ്പിനെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു. ഇത്തരം ഉത്തരവുകൾക്ക് കൂടുതൽ ബലം നൽകുന്നതാണ് ഇന്നത്തെ സുപ്രിംകോടതി വിധി. സുപ്രിംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ഈ വിഷയം സജീവചർച്ചയാകും, ആകണം.

പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്സ്റ്റോറില്‍ നിന്നുമൊക്കെ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളും എന്നുവേണ്ട ഇന്റര്‍നെറ്റിലും മൊബൈല്‍ ഫോണിലുമൊക്ക നാം പങ്കുവയ്ക്കുന്ന സ്വകാര്യവിവരങ്ങളുടെ കാര്യത്തിലും ഈ വിധി ബാധകമാകും. ച്ചാല്‍ കമ്പനികള്‍ അവരുടെ സ്വകാര്യതാ നയം പരിഷ്കരിക്കേണ്ടി വരും എന്നര്‍ത്ഥം. പക്ഷേ അതുകൊണ്ടു് ചാര ഏ‍ജന്‍സികള്‍ പണി നിര്‍ത്തി പുണ്യാളന്മാരാകുമെന്നൊന്നും ആരും കരുതേണ്ട. വിന്‍ഡോസ് അധിഷ്ഠിതമായ കമ്പ്യൂട്ടറുകളില്‍ നിന്നും ‍ഡാറ്റ ചോര്‍ത്തിക്കഴിഞ്ഞു് അമേരിക്കന്‍ ചാര ഏജന്‍സിയായ സിഐഎ മാക്‍ ഓഎസ്എക്സിനെയും ഗ്നു/ലിനക്സിനെയുമൊക്കെ ലക്ഷ്യം വച്ചുള്ള ചോര്‍ത്തല്‍ സംവിധാനങ്ങള്‍ രൂപീകരിച്ചുകഴിഞ്ഞു. ഇന്നത്തെ കോടതിവിധി കൊണ്ടു് നാം നേടിയതു് രാഷ്ട്രത്തിനോ കോര്‍പ്പറേറ്റുകള്‍ക്കോ തോന്നിയപോലെ പൗരന്മാരുടെ മൗലികാവകാശമായ സ്വകാര്യതയില്‍ കാരണമില്ലാതെ നേരിട്ടു് ഇടപെടാനാവില്ല എന്ന നേട്ടം മാത്രമാണു്. പക്ഷേ രാഷ്ട്രവും കോര്‍പ്പറേറ്റുകളും രഹസ്യമായി നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതു് തുടരുകയും ചെയ്യും.

ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ

സാമാന്യബുദ്ധി മാത്രമുള്ള ഏതൊരാള്‍ക്കും ചുമ്മാ ഒന്നു പരിശോധിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒന്നാണു് കീചകവധക്കേസ്. കീചകന്‍ കൊല്ലപ്പെട്ടാല്‍ ഒരല്പം ചരിത്രവും പ്രഥമദൃഷ്ട്യാലൂള്ള ചില സാഹചര്യത്തെളിവുകളും മാത്രം പരിശോധിച്ചാല്‍ത്തന്നെ ചോദ്യം ചെയ്യാനായി  പോലീസ് ഭീമനെ അറസ്റ്റ് ചെയ്യും. പക്ഷേ സമുഹത്തിനറിയാം ഭീമനാണു് ഘാതകനെന്നു്. കൊല്ലപ്പെട്ടവന്‍ അതീവനികൃഷ്ടനും നിഷ്ടൂരനുമായതിനാല്‍ ഘാതകനായ ഭീമനെ ധീരനും വീരനുമായി ജനം ആരാധിക്കാന്‍ തുടങ്ങും. അതിനു് സുപ്രീം കോടതി വിധി വരുന്നതു് വരെ ജനം കാത്തുനില്‍ക്കില്ല. ഇതിനൊക്കെ വേണ്ടതു് ഒരു പൊതുബോധത്തിന്റെ സാന്നിദ്ധ്യമാണു്. ഇത്തരം പൊതുബോധമില്ലാത്ത വ്യക്തികള്‍ ധാരാളമുള്ളതിനാല്‍ കേരളത്തില്‍ അക്രമിയായ ദിലീപെന്ന ഗോപാലകൃഷ്ണനെ വാഴ്ത്താന്‍ അടൂര്‍ ഗോപാലകൃഷ്ണനും സക്കറിയ പോലുള്ള ബുദ്ധിജീവികളും പരസ്യമായി നിലപാടെടുക്കുന്നു. അടിയന്തിരാവസ്ഥയിലും പ്രസ്തുതബുദ്ധിജീവികള്‍ ഇതൊക്കെത്തന്നെയല്ലേ പറഞ്ഞും പാ‍ടിയുമൊക്കെ നടന്നതു്?

ഇന്ത്യ ഒരു കോൺസൻ​ട്രേഷൻ ക്യാമ്പായിക്കൊണ്ടിരിക്കുന്നു, ആധാറിലൂടെ

മാധ്യമം ഓണ്‍ലൈനില്‍ വന്ന ലേഖനം കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയി. ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് എന്ന വിഖ്യാതമായ സിനിമ തുടങ്ങുന്നതു് തടവുകാരായ ജൂതരുടെ കണക്കെടുത്തുകൊണ്ടാണു്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേയ്ക്കു് അയയ്ക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ആ കണക്കെടുപ്പു്. ഏതാണ്ടതുപോലെതന്നെയാണു് ഇന്ത്യയില്‍ നമ്മുടെ ഫാസിസ്റ്റ് ഭരണകൂടം നിരപരാധികളും അജ്ഞരുമായ ജനങ്ങള്‍ക്കു മേല്‍ ആധാര്‍ എന്ന നിരീക്ഷണക്യാമറ അടിച്ചേല്‍പ്പിക്കുന്നതു്. ആദ്യം അവര്‍ വിരലടയാളങ്ങള്‍ ശേഖരിച്ചു, നിര്‍ബന്ധമില്ലെന്നു പറഞ്ഞു, സൗകര്യവും താല്‍പര്യവും ഉള്ളവര്‍ മാത്രം എടുത്താല്‍ മതിയെന്നു പറഞ്ഞു. പതിയെപ്പതിയെ എന്തിനും ഏതിനും ആധാറില്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്നായി. ജനത്തിന്റെ സ്വകാര്യത അവര്‍ പൂര്‍ണ്ണമായും വലിച്ചുകീറി. പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ജനത്തിന്റെ സാമ്പത്തികസ്വകാര്യതയും അപകടത്തിലായി. ഇപ്പോഴിതാ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ വരെ ആധാര്‍ അനിവാര്യമായിക്കഴിഞ്ഞിരിക്കുന്നു. പൗരസ്വാതന്ത്ര്യങ്ങളെല്ലാം ഓരോന്നോരോന്നായി നീക്കം ചെയ്തു് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിനാലെന്ന നോവലില്‍ ജോര്‍ജ്ജ് ഓര്‍വെല്‍ വിവരിച്ചിരിക്കുന്നതു പോലെ ഒരു സര്‍വ്വാധിപത്യരാജ്യമായി ഇന്ത്യ അധഃപതിക്കുന്ന കാഴ്ചയ്ക്കു് വൈകാതെ നമുക്കു സാക്ഷ്യം വഹിക്കാം.

മാധ്യമത്തിലെ ലേഖനം ഇവിടെ കോപ്പി ചെയ്യുന്നു.

‘ആധാർ ഇന്ത്യയെ കോൺസൻ​ട്രേഷൻ ക്യാമ്പാക്കുന്നോ?’…

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലുണ്ടായ രൂക്ഷമായ വാദപ്രതിവാദത്തില്‍ ആധാര്‍ ഇന്ത്യയെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാക്കുകയാണെന്ന വാദത്തെ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തു. അതേസമയം ആധാറിെന്‍റ ഭരണഘടനസാധുത ഒമ്പതംഗ ഭരണഘടന ബെഞ്ച് എന്നെന്നേക്കുമായി തീര്‍പ്പ് കല്‍പിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് ജെ. ചെലമേശ്വറിെന്‍റ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് ആധാറിനെ ചൊല്ലി രൂക്ഷമായ വാഗ്വാദം നടന്നത്. സര്‍വാധിപത്യ ഭരണകൂടത്തെ കുറിച്ച്‌ ജോര്‍ജ് ഒാര്‍വെല്‍ എഴുതിയ പുസ്തകം ഒാര്‍മിപ്പിച്ച ഹരജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഏതൊരാളും എന്തും ‘ബിഗ് ബ്രദര്‍ സ്റ്റേറ്റ്’ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. കുട്ടികളോട് വിരലടയാളങ്ങള്‍ നല്‍കി ആധാര്‍കാര്‍ഡ് എടുക്കാന്‍ പറഞ്ഞിരിക്കുന്നു. നമ്മളെല്ലാം ഭരണകൂടത്തിന്റെ കുടിയാന്മാരായിരിക്കുകയാണ്. ഇന്ത്യ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിക്കൊണ്ടിരിക്കുന്നു. ഇത് തെറ്റാണ്. ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ വേണമെന്ന് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നു. നിരീക്ഷകരായ ഭരണകൂടം നമുക്കുമേല്‍ ഇഴഞ്ഞുവരുകയാണ് എന്നും ദിവാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇൗ വാദത്തെ എതിര്‍ത്ത അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്ത്യ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ആകുകയാണെന്ന വാദം അതിശയോക്തിപരവും പാര്‍ലമെന്‍ററി വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തി. ആധാര്‍ രാജ്യെത്ത 35 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് അവകാശപ്പെട്ടു. ആധാറിന് ശേഷം ആളുകള്‍ക്ക് പണവും പ്രയോജനവും ലഭിക്കുന്നുണ്ട്. ഇന്ത്യയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് എന്ന് വിളിച്ചാല്‍ തനിക്ക് യോജിക്കാനാവില്ലെന്നും വേണുഗോപാല്‍ പറഞ്ഞപ്പോള്‍ താന്‍ പ്രസ്താവന ആവര്‍ത്തിക്കുകയാണെന്ന് ദിവാന്‍ വ്യക്തമാക്കി. ഇത് അതിശയോക്തിപരമല്ല. ഇൗ വാക്കു കുറഞ്ഞുപോയെന്നും സര്‍വാധിപത്യം എന്നാണുപയോഗിക്കേണ്ടതെന്നും ദിവാന്‍ തിരിച്ചടിച്ചു.

മാര്‍ച്ച് 8 അന്തര്‍ദ്ദേശീയ വനിതാദിനം.

അങ്ങനെ വീണ്ടുമൊരു അന്തര്‍ദ്ദേശീയ വനിതാദിനം കൂടി കടന്നു പോകുന്നു. ആണ്‍-പെണ്‍ സമത്വം, സ്ത്രീയുടെ സാമൂഹികഔന്നത്യം എന്നിവയൊക്കെയായിരിക്കും എന്നത്തെയും പോലെ ഈ പെണ്‍ദിനത്തിന്റേയും പ്രധാനവിഷയം. സ്ത്രീയെ ശക്തയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരിലേറെയും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ വ്യാപാരികളാണെന്നുള്ളതാണു് കൗതുകകരമായ വസ്തുത. ഇവരൊക്കെത്തന്നെയാണു് സ്ത്രീയെ ഒരൊന്നാന്തരം കച്ചവടച്ചരക്കാക്കി ഇവരുടെ വിപുലമായ ഉല്‍പ്പന്നനിരകളുടെ അടിമകളാക്കി പുരുഷനു് മൊത്തക്കച്ചവടം ചെയ്തുകൊടുക്കുന്നതു്.

പത്രങ്ങളും ചാനലുകളും നയിക്കുന്ന ചര്‍ച്ചകള്‍ സ്പോണ്‍സര്‍ ചെയ്യുന്നതും ഇവരൊക്കെത്തന്നെ. കാണുമ്പോള്‍ തമാശ തോന്നും, സ്ത്രീശാക്തീകരണത്തെപ്പറ്റി ഘോരഘോരം വായിട്ടലയ്ക്കുന്ന സ്ത്രീവാദിസാമൂഹ്യപ്രവര്‍ത്തകയുടെ സംസാരം ബലമായി തടസ്സപ്പെടുത്തിക്കൊണ്ടു് അവതാരകന്‍ ബ്രേക്ക് പ്രഖ്യാപിക്കുന്നു. ഉടന്‍ തന്നെ വരുന്നതു് ഭര്‍ത്താവിന്റെ വസ്ത്രമലക്കിക്കൊണ്ടു് മുറിയിലേയ്ക്കു കടന്നുവരുന്ന ഭാര്യയോടു് അലസമായി “മീനൂ ചായ” എന്നാജ്ഞാപിക്കുന്ന മെയില്‍ ഷോവനിസ്റ്റ് പരസ്യം. തുടര്‍ന്നു വരുന്നൂ, “നിന്റെ കൈയ്യുടെ ജോലി ഇരട്ടിയാക്കിയല്ലോ ഇവന്‍” എന്നു് മരുമകളോടു് പരിതപിക്കുന്ന അമ്മായിയമ്മയുടെ പരസ്യം. “ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല” എന്നു ചിലച്ചുതുടങ്ങി തൊട്ടടുത്ത പരസ്യം. “ഇനി പിന്നിലീരിക്കാന്‍ എന്നെക്കിട്ടില്ല” എന്ന നവയുഗവനിതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണു് അടുത്ത പരസ്യത്തിലെ ഇതിവൃത്തം. ഈ സ്വാതന്ത്ര്യപ്രഖ്യാപനം പക്ഷേ അവളെ വിപണിയുടെ ഇരയാക്കാനുള്ള ഗൂഢാലോചനയാണെന്നൊന്നും അവള്‍ തിരിച്ചറിയുന്നില്ല എന്നു മാത്രം.

അപ്പോള്‍ വാസ്തവത്തിലെന്താണീ വനിതാദിനം? വിപണിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ മാദ്ധ്യമവ്യഭിചാരക്കാര്‍ വിറ്റഴിക്കുന്ന തരംതാണ ഒരുല്പന്നം മാത്രമോ?

ആരു പറഞ്ഞു വൈദികര്‍ മുഴുവന്‍ കുറ്റവാളികളും ബലാല്‍സംഗവീരന്മാരുമാണെന്നു്?

ഈ പോസ്റ്റിനു് ആധാരമായ സണ്‍‍ഡേശാലോമില്‍ വന്ന ലേഖനം [https://sundayshalom.com/?p=12671] പേസ്റ്റ്ബിന്നില്‍ കോപ്പി ചെയ്തിരിക്കുന്നു [http://pastebin.com/5D2Yynqp].

ബഹുമാനപ്പെട്ട കത്തോലിക്കാ തിരുസഭയ്ക്കു്, ആരു പറഞ്ഞു വൈദികര്‍ മുഴുവന്‍ കുറ്റവാളികളും ബലാല്‍സംഗവീരന്മാരുമാണെന്നു്? കൊട്ടിയൂരില്‍ നടന്ന സംഭവത്തിലെ യഥാര്‍ത്ഥപ്രതി ആ വൈദികനല്ല, ആകമാന കത്തോലിക്കാസഭയ്ക്കു കീഴിലൂള്ള ബ്രഹ്മചര്യവ്രതമേറ്റിട്ടുള്ള ഒരു വൈദികരും കൊട്ടിയൂരിലെ വൈദികന്‍ നടത്തിയ പാതകത്തില്‍ പ്രതിസ്ഥാനത്തില്ല. കുറ്റം ചെയ്ത വൈദികനെ മൗനമായി പിന്തുണച്ച, അദ്ദേഹത്തെ വിദേശത്തേയ്ക്കയച്ചു രക്ഷിക്കാന്‍ ശ്രമിച്ച സഭയാണു് ഇവിടെ പ്രതിസ്ഥാനത്തു നില്‍ക്കുന്നതു്. തെറ്റു് ആര്‍ക്കും സംഭവിക്കാം. വൈദികര്‍ക്കും സന്യാസിനികള്‍ക്കും ഒക്കെ തെറ്റു സംഭവിക്കാം, അവരെല്ലാം മനുഷ്യരാണു്. പക്ഷെ സഭ ക്രിസ്തുവിന്റെ മൗതികശരീരമാണു്, സഭയ്ക്കു് തെറ്റു സംഭവിച്ചു കൂടാ. സഭയ്ക്കു് തെറ്റു സംഭവിച്ചാല്‍ എന്താണു് നാം മനസ്സിലാക്കുക, അപ്പോള്‍ ക്രിസ്തുവിന്റെ മൗതികശരീരം എവിടെ പോയി? തെറ്റു സംഭവിച്ചാല്‍ അതിനെ ന്യായീകരിക്കുന്നതിനേക്കാള്‍ എത്രയോ മഹത്തരമാണു് അതു് അംഗീകരിച്ചു് മാപ്പു് ചോദിക്കുക എന്നതു്!

പിന്നീടു് ലേഖനത്തില്‍ നിന്നു് വെട്ടിമാറ്റപ്പെട്ട ഖണ്ഡിക വായിച്ചപ്പോള്‍ അറപ്പാണു് തോന്നിയതു്.

ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?. ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്നും എന്തുകൊണ്ട് നീ അറിഞ്ഞില്ലേ? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്. താന്‍ ആരാണെന്നും, ജീവിതം എന്തിനാണെന്നും അദ്ദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വ്വമോ, അല്ലാതെയോ മറന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ?

വെറും 15 വയസ്സു മാത്രമുള്ള കുഞ്ഞിനോടു് 45 വയസ്സുള്ള ക്രിമിനല്‍ മനസ്സുമായി കാമവെറിയോടെ തന്നെ സമീപിക്കുന്ന വൈദികനെ ഉപദേശിക്കണം പോലും.. എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബയേയും വേണമെങ്കില്‍ ഇപ്രകാരം “ദാവീദ് ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? മോളെ നിനക്കും തെറ്റുപറ്റി” എന്നൊക്ക പറഞ്ഞു് തിരുത്താമായിരുന്നു. പക്ഷേ നാഥാന്‍ പ്രവാചകന്‍ അതീവഹൃദ്യമായ ഉപമയുമായി വന്നു് ആ മനുഷ്യന്‍ നീ തന്നെ എന്നാക്രോശിക്കുകയാണുണ്ടായതെന്നു് വേദപുസ്തകത്തില്‍ നാം വായിച്ചിട്ടുണ്ടു്.

മറിയക്കുട്ടി കൊലക്കേസ് മുതല്‍ തുടങ്ങുന്നു കേരളത്തില്‍ വൈദികരുടെ കുറ്റവാസനകള്‍. 24 വര്‍ഷമായി തുടരുന്ന അഭയ കേസിലും എന്താണു് സത്യമെന്നറിയാന്‍ വിശ്വാസസമൂഹത്തിനും അവകാശമുണ്ടു്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട വൈദികന്‍ ഫാ. എഡ്വിന്‍ ഫിഗറസ് അങ്ങനെ പോകുന്നു ലിസ്റ്റ്. പക്ഷേ, കുറ്റവാളികളായ ഈ വൈദികരെ സഭാകോടതി മുമ്പാകെയും നിയമത്തിനും മുന്നില്‍ കൊണ്ടു വരാതെ മറ്റു വൈദികര്‍ക്കു പോലും മാനഹാനി വരുത്തുന്ന വിധം എന്തുകൊണ്ടു് സഭ പെരുമാറുന്നു. നിയമങ്ങളുടെ തലനാരിഴ കീറി സഭാനേതൃത്വത്തിനു് ഇതിനൊക്കെ തക്കമറുപടി പറയാന്‍ കഴിയുമെന്നറിയാം. ആ മനുഷ്യന്‍ നീ തന്നെ എന്നു് കര്‍ത്താവിന്റെ അരുളപ്പാടുമായി ഒരു പ്രവാചകനും വരാത്തിടത്തോളം തിരുസഭയ്ക്കു് എന്തുമാകാം!

ഫേസ്ബൂക്ക് എങ്ങനെ നിങ്ങളെ ഉപയോഗിക്കുന്നു?

ചുമ്മാ കണ്ടുനോക്കൂ. ഒരു മാട്രിക്സ് സ്പൂഫ് ടെലിവിഷന്‍ എപ്പിസോഡ് ആണിതു്. എങ്ങനെ ഫേസ്ബൂക്ക് നിങ്ങളെ ഉപയോഗിക്കുന്നു എന്നു ഒരല്‍പ്പം തമാശ കലര്‍ത്തി പറയുന്നു എന്നേയുള്ളൂ. പറയുന്നതു പക്ഷേ മൂഴുവന്‍ വെള്ളം ചേര്‍ക്കാത്ത സത്യമാണു്.