ഇന്ത്യ ഇലക്ഷൻ 2014

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ചെയ്യാത്ത മോഷണക്കുറ്റത്തിന് ഒരു നിരപരാധിയെ രാജാവിന്റെ ഭടന്മാർ പിടിച്ചു കൊണ്ട് പോയി. ഇല്ലാത്ത തെളിവുകൾ ഹാജരാക്കി ഒടുവിൽ ശിക്ഷ വിധിച്ചു. എന്തു കൊണ്ടോ രാജാവ് അയാൾക്ക്‌ ഒരു ചോയ്സ് നൽകി.

ഒന്നുകിൽ ഒറ്റയിരിപ്പിൽ നൂറ് ഉള്ളി തിന്നുക, അല്ലെങ്കിൽ നൂറ് ചാട്ടവാറടി കൊള്ളുക.

നൂറ് ഉള്ളി തിന്നുതാണ് ഭേദം എന്ന് മനസ്സിൽ വിചാരിച്ചു അയാൾ ആദ്യ ചോയ്സ് എടുത്തു. അയാൾ ഉള്ളി തിന്നാൻ തുടങ്ങി. പത്ത് ഉള്ളി തിന്നപ്പോഴെയ്ക്കും അയാൾ അവശനായി. ഇതിലും ഭേദം അടി കൊള്ളുന്നതാണെന്നു നിനച്ച് അയാൾ അടി തരാൻ ഭടൻമാരോട് ആവശ്യപ്പെട്ടു.

ഉടനെ ഭടന്മാർ വന്നു അയാളെ കെട്ടിയിട്ടു ചാട്ടവാർ കൊണ്ട് അടി തുടങ്ങി. അഞ്ചാറ് അടി കൊണ്ടപ്പോഴെയ്ക്കും അയാൾ വേദന കൊണ്ട് പുളഞ്ഞ് “ഞാൻ ഉള്ളി തിന്നോളാമേ… എന്നെ തല്ലല്ലേ…” എന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. വീണ്ടും ആദ്യം മുതൽ ഉള്ളി തീറ്റ ആരംഭിച്ചു. അടിയുടെ വേദന പെട്ടെന്ന് മറക്കാത്തതിനാൽ ഒരു പതിനഞ്ചെണ്ണം ഒരു കണക്കിന് തിന്നു തീർത്തു, പക്ഷെ ഒടുവിൽ അവശനായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോൾ “ഇനി എന്നെ അടിക്കൂ” എന്ന് പാവത്തിന് വീണ്ടും പറയണ്ടി വന്നു.

കഥ ഇന്നും തീർന്നിട്ടില്ല, ദാ, ഉള്ളി തിന്നു തിന്നു പതം വന്ന് ഒടുവിൽ എന്നെ കെട്ടിയിട്ടു തല്ലൂ എന്ന് പാവം വീണ്ടും നിലവിളി തുടങ്ങിയത് ഇന്നാണ്. കഥ ഈ അടുത്ത കാലത്തൊന്നും തീരില്ല; ഇത് തുടർന്നു കൊണ്ടേയിരിക്കും, എന്നെന്നേയ്ക്കും.

{  ഇലക്ഷൻ ദിവസം സുഹൃത്തായ അവിനാശിനോട് സംസാരിച്ചപ്പോൾ സാന്ദർഭികമായി അദ്ദേഹം പറഞ്ഞതാണീ കഥ  }