രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
വി. മത്തായി 6:24
ബൈബിളില്‍ അങ്ങനെ പലതുമൊക്കെ എഴുതിവച്ചിട്ടുണ്ടു്. 70 സി.ഇ. യിലോ മറ്റോ എഴുതപ്പെട്ട ഒരു ഗ്രന്ഥമാണു് വി. മത്തായിയുടെ സുവിശേഷം. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാന്‍ ഒരു പക്ഷേ കഴിയുമായിരുന്നില്ല. എന്നാലിന്നു് കേരളത്തിലെ ക്രൈസ്തവസഭകളുടെ കാര്യം എടുത്താല്‍ ദൈവപുത്രനായ ക്രിസ്തുവിന്റെ പേരു പറഞ്ഞു് മാമോനെ ആരാധിക്കുന്ന നികൃഷ്ടസഭയായി ക്രൈസ്തവസഭകളൊന്നാകെ മാറിയിരിക്കുന്നു. എറണാകുളം – അങ്കമാലി മേജര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും ആഗോള സിറോ മലബാര്‍ സഭയുടെ തലവനുമായ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ സ്വത്തുക്കള്‍ വിറ്റു് പണം മറിച്ചുകൊണ്ടാണു് മാമോന് ആരാധനാ പ്രസ്ഥാനത്തിനു് തുടക്കമിട്ടതു്. ഈ തുടക്കം ഗംഭീരമായിരുന്നുവെന്നു പറയാതെവയ്യ.

ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരി
ആത്മീയമായ നേട്ടങ്ങളേക്കാള്‍ ഏതു വിധേനയും ഭൗതികമായ നേട്ടങ്ങള്‍ക്കു് പ്രാധാന്യം നല്കാന് സഭാനേതൃത്വം വിശ്വാസികള്‍ക്കു് ഇതുവഴി മാതൃകകള്‍ നല്‍കിക്കഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭയില്‍ (സഭാതര്‍ക്കത്തിലെ മെത്രാന്കക്ഷികള്) പെട്ട ചില അതിഭൗതികവാദികളായ വൈദികരാണു് ഒരു വിശ്വാസിയുടെ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്നു് പറഞ്ഞു് ഭീഷണിപ്പെടുത്തി 3 വര്‍ഷക്കാലം അവരുമായി ബലാല്സംഗത്തിനു് തുല്യമാകുന്ന രീതിയിലുള്ള അവിഹിതലൈംഗികബന്ധത്തില് ഏര്പ്പെട്ടുകൊണ്ടിരുന്നതു്. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരാണു് മാമോന്റെ ആ ധീരപടയാളികള്. (പ്രസ്തുതവിഷയത്തില്‍ സഭാനേതൃത്വം നടത്തുന്ന അന്വേഷണം തുടങ്ങിയിട്ടു കുറേക്കാലമായി, പക്ഷേ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ലത്രേ. പക്ഷേ ലോക്കല്‍ പോലീസിനു് തെളിവുകള്‍ ലഭിക്കുകയും ഇവരില്‍ പെട്ട ഒരു വൈദികന് ചോദ്യം ചെയ്യലിനായി അഴിക്കുള്ളിലാകുകയും ചെയ്തു.) തൊട്ടുപിന്നാലെ വന്നു ജലന്ധര്‍ രൂപതയുടെ മെത്രാന് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ വര്‍ഷങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗികബന്ധമുള്‍പ്പെടെയുള്ള ലൈംഗികകേളികള്‍ നിര്‍ബന്ധിപ്പിച്ചു ചെയ്യിപ്പിച്ചിരുന്നതായി കന്യാസ്ത്രീ തന്നെ മൊഴി നല്കിയതു്. (മെത്രാനു് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ നല്ല പിടിയായതിനാല്‍ ഇതുവരെ മുന്‍കൂര്‍ ജാമ്യഹര്‍ജി പോലും നല്‍കിയിട്ടില്ല)

ജലന്ധര്‍ രൂപതാധിപനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ഇനി ഓഷോ രജനീഷ് പണ്ടു പറഞ്ഞ ഒരു ഫലിതം ഇവിടെ കുറിക്കട്ടെ.
ദരിദ്രയായിരുന്ന സാറയുമായി സമ്പന്നനും കുലീനനുമായ യോഹന്നാന്റെ മകന് ജോസഫ് പ്രണയത്തിലായി. ഇരുവീട്ടുകാരുടേയും കടുത്ത എതിര്‍പ്പുകളെല്ലാം അതിജീവിച്ചു് ഒടുവില്‍ അവര്‍ക്കു് തമ്മില്‍ വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചു. പക്ഷേ വിവാഹത്തിന്റെ തലേന്നു സംഭവിച്ച ഒരപകടത്തില്‍ ജോസഫ് മരിച്ചു. ആ ആഘാതം സഹിയാതെ വൈകാതെ സാറയും മരിച്ചു. ഈ യുവമിഥുനങ്ങള്‍ ഒടുവില്‍ സ്വര്‍ഗ്ഗത്തില്‍ വച്ചു വീണ്ടും കണ്ടുമുട്ടി. പ്രണയം വീണ്ടും പൂത്തുതളിര്‍ത്തു. അവിടെയാരും അവരെ എതിര്‍ക്കാനുണ്ടായിരുന്നില്ല. ഒരു ദിവസം സായാഹ്നത്തില്‍ അവര്‍ ഉദ്യാനത്തിലൂടെ ഉലാത്തുന്ന സാക്ഷാല്‍ ദൈവത്തെ കണ്ടു. അദ്ദേഹത്തോടു് അവര്‍ ഭൂമിയില്‍ വച്ചു് തങ്ങള്‍ എത്രത്തോളം പ്രണയബദ്ധരായിരുന്നുവെന്നും വിവാഹത്തലേന്നു് തനിക്കു സംഭവിച്ച അപകടമരണത്തെപ്പറ്റിയുമൊക്കെ ആമുഖമായി പറഞ്ഞതിനുശേഷം തങ്ങളുടെ യഥാര്ത്ഥഇംഗിതം അറിയിച്ചു. “ഭൂമിയില്‍ വച്ചു നടക്കാതെ പോയ തങ്ങളുടെ വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു് നടത്തിത്തരണം.”
നീണ്ട ദീക്ഷ ഉഴിഞ്ഞു ദൈവം പറഞ്ഞു – “ആലോചിക്കാം.”
ദിവസങ്ങള്‍ ഏറെക്കഴിഞ്ഞു നമ്മുടെ യുവമിഥുനങ്ങള്‍ കാത്തിരിപ്പുതുടര്‍ന്നു. ദൈവത്തിനെയാണെങ്കില് ഒരിടത്തും കാണുന്നുമില്ല, തിരക്കായിരിക്കും എന്നവര്‍ സമാധാനിച്ചു. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കോടിക്കണക്കിനു പേരുടേയും മരിച്ചു സ്വര്‍ഗ്ഗത്തിലെത്തിയ അനേകം പേരുടേയും ചുമതലയുള്ള ആളല്ലേ, തിരക്കു കാണും എന്നവര്‍ സമാധാനിച്ചു. പക്ഷേ പിന്നീടു് അവരെ കാണുമ്പോഴെല്ലാം ദൈവം ഒഴിഞ്ഞുമാറുന്നതായി അവര്‍ക്കു തോന്നിത്തുടങ്ങി. തോന്നല്‍ ശരിയാണെന്നു അവര്‍ക്കു് ഒടുവില്‍ ബോധ്യമായി. ഒടുവില്‍ ഒരു ദിവസം ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിനു കഴിയുംമുമ്പ് അവര്‍ അടുത്തുചെന്നു ചോദിച്ചു – “അങ്ങു് ഇതുവരെ ഒരുത്തരം തന്നില്ലല്ലോ.” മന്ദസ്മിതത്തോടെ ദൈവം മൊഴിഞ്ഞു, “കുഞ്ഞുങ്ങളേ, ഭൂമിയില്‍ വച്ചു് നിങ്ങള്‍ക്കു് വിവാഹം കൂദാശ ചെയ്യുന്നതിനു് സാധാരണ ഒരു വൈദികന് മാത്രം മതിയായിരുന്നു. പക്ഷേ ഇവിടെ സ്വര്‍ഗ്ഗത്തിലെ നിയമമനുസരിച്ചു് ഇവിടെ ഒരു വിവാഹം കൂദാശ ചെയ്യുവാന്‍ ചുരുങ്ങിയതു് ഒരു മെത്രാനെങ്കിലും വേണം. പക്ഷേ ഇന്നുവരെ അങ്ങനെയൊരാള്‍ ഇവിടെ വന്നെത്തിയിട്ടില്ല. അങ്ങനെയൊരു മെത്രാന് ഇവിടെ വന്നെത്തുമ്പോള്‍ മാത്രമേ നിങ്ങളുടെ വിവാഹം ഇവിടെവച്ചു നടത്താന്‍ കഴിയൂ.”
സമീപകാല സംഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ മേല്പറഞ്ഞ സ്വര്‍ഗ്ഗീയ യുവമിഥുനങ്ങളുടെ ആശ ഒരുകാലത്തും സഫലമാവില്ല എന്നു കരുതാം, അല്ലേ.
ക്രൈസ്തവസഭയ്ക്കുള്ളിലെ മാമോന് ആരാധനയുടെ തെളിവുകളാണു് ഇന്നു കാണുന്ന ഈ വാര്‍ത്തകള്‍ക്കു പിന്നില്‍ നിഴലിക്കുന്നതു്. ഒരുപക്ഷേ, ഇതിലും ഭേദമായിരിക്കും ആന്റണ്‍ ലവായേ സ്ഥാപിച്ച ചര്‍ച്ച് ഓഫ് സേറ്റന്‍ അഥവാ ചെകുത്താന്റെ സഭ. അവര്‍ ചുരുങ്ങിയതു് തങ്ങള്‍ ആരാധിക്കുന്നതു് ചെകുത്താനെയാണെന്നു തുറന്നുപറയുകയെങ്കിലും ചെയ്യുന്നുണ്ടു്. ഇവിടെയാകട്ടെ ക്രിസ്തുവിന്റെ പേരു പറഞ്ഞാണു് നരകാധിപനായ ലൂസിഫറെയും സമ്പത്തിന്റെ ദേവതയായ മാമോനെയും ഇവര്‍ ആരാധിക്കുന്നതു്. ക്രൈസ്തവസഭയിലെ പാവം വിശ്വാസസമൂഹവും നേതാക്കള്‍ ചെയ്യുന്നതിനനുസൃതമായി ഇതേ മാമോന് ആരാധന തങ്ങളുടെ ദേവാലയങ്ങളില്‍ അനുഷ്ഠിച്ചു വരുന്നു. വിഭവസമൃദ്ധമായ ഊട്ടുസദ്യകള്‍. ആര്‍ഭാടപൂര്‍ണ്ണമായ പെരുന്നാളുകള്‍, സാധുജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ അഭാവം, ആശുപത്രിക്കച്ചവടം, വിദ്യാഭ്യാസക്കച്ചവടം, തൊട്ടതിനും പിടിച്ചതിനും പിരിവുകള്‍, കോടിക്കണക്കിനു രൂപ സ്വരൂപിച്ചു് ആഡംബരപ്പള്ളി പണിയല്‍, വര്‍ഗ്ഗീയത വളര്‍ത്തല്‍ അങ്ങനെയങ്ങനെ പോകുന്നു ക്രൈസ്തവസമൂഹം നടത്തുന്ന മാമോന് ആരാധനകളുടെ ചിത്രഗീതം. രണ്ടാം ലോകമഹായുദ്ധകാലത്തു് ഹിറ്റ്ലറിന്റെ കൈയ്യില്‍ നിന്നു കനത്ത കാശുവാങ്ങി അയാള്‍ നടത്തിയ ജൂതഉന്മൂലനങ്ങള്ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതിരുന്ന ചരിത്രമുള്ള കത്തോലിക്കാസഭയുടെ ഉന്നതകേന്ദ്രങ്ങളില്‍ നിന്നും ഇതിനെതിരേ എന്തു നടപടി പ്രതീക്ഷിക്കാം? അറിയില്ല.
അവലംബം
മേല്പറഞ്ഞ പോസ്റ്റിനാധാരമായ വാര്‍ത്തകള്‍ പേസ്റ്റ്ബിന്‍ നോട്ടായി ഇവിടെ കൊടുത്തിരിക്കുന്നു.