വിളിച്ചു വരുത്തി ഒരു പണി വാങ്ങിയ കഥ

ലോക്ക് ‍ഡൗണിന്റെ കാലമാണു്. ചില്ലറ പരീക്ഷണങ്ങളൊക്കെ പലരും നടത്തുന്ന കാലം. അത്തരത്തിലൊരു പരീക്ഷണത്തിനിടെ കളസം കീറിയ കഥ പങ്കുവയ്ക്കട്ടെ.

സംഭവം തുടങ്ങുന്നതു് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നു് സോളമന്‍ എന്ന സുഹൃത്തിന്റെ വിളിയോടെയാണു്. കൊവിഡിന്റെ കാര്യവും അനുബന്ധ ലോക്ക്ഡൗണിന്റെ അനിശ്ചിതാവസ്ഥയും ചില്ലറ തമാശകളും പങ്കുവയ്ക്കുന്നതിനിടയിലാണു് നാട്ടിലെ അവന്റെ വീട്ടില്‍ കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്നം എന്നോടു പറഞ്ഞതു്. അവന്റെ വീട്ടില്‍ കുട്ടികള്‍ സിനിമ കാണാന്‍ ഒരു ലാപ്‍ടോപ്പ് ഉപയോഗിക്കുന്നുണ്ടു്. കൂടെ ഒരു കിടിലന്‍ ബ്ലൂടൂത്ത് സ്പീക്കറുമുണ്ടു്. പക്ഷേ ലാപ്‍ടോപ്പില്‍ നിന്നുള്ള ശബ്ദം എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ബ്ലൂടൂത്ത് സ്പീക്കറിലേയ്ക്കു വരുന്നില്ല. ഒന്നു രണ്ടു വര്‍ഷം മുമ്പു് ഞാന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്ത മഞ്ജാരോ ആണു് അതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. അടുത്തുതന്നെയാണു് സോളമന്റെ വീടു്, ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം, ആ ലാപ്‍ടോപ്പ് എങ്ങനെയെങ്കിലും ഒന്നെന്റെ വീട്ടില്‍ കൊണ്ടെത്തിച്ചുതന്നാല്‍ മതി. അങ്ങനെ പിറ്റേന്നു രാവിലെ തന്നെ ലാപ്‍ടോപ്പ് വീട്ടില്‍ എന്റെ മേശപ്പുറത്തു വന്നു ചേര്‍ന്നു.

ഉടനെ തന്നെ ശരിയാക്കിക്കളയാം എന്ന അമിതമായ ആത്മവിശ്വാസത്തില്‍ പണി തുടങ്ങി. ഒരു വിധം ബ്ലൂടൂത്ത് കണക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും വിഎല്‍സി പ്ലെയറില്‍നിന്നുള്ള ശബ്ദം സ്പീക്കറിലേയ്ക്കെത്തുന്നില്ല. നോക്കിയപ്പോള്‍ വിഎല്‍സി പ്ലെയറൊക്കെ ഔട്ട്ഡേറ്റ‍ഡ് ആണു്. ഉടനെ തന്നെ pacman -Syyu എന്ന കമാന്‍ഡ് ടെര്‍മിനലില്‍ പാസ് ചെയ്തു് സിസ്റ്റം അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി. ഒന്നു രണ്ടു മണിക്കൂര്‍ വേണ്ടിവന്നു ഈ പരിപാടി തീരാന്‍, തീര്‍ന്നു കഴിഞ്ഞപ്പോള്‍ വീണ്ടും വിഎല്‍സി പ്ലെയര്‍ ചെക്ക് ചെയ്തു നോക്കി, നോ രക്ഷ. ഒന്നു രണ്ടുവര്‍ഷം കൂടി അപ്ഡേറ്റ് ചെയ്യുന്നതല്ലേ, എന്നാല്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്യാം എന്നു കരുതി. അതോടെയാണു് പ്രശ്നങ്ങള്‍ തുടങ്ങിയതു്. ദിങ്ങനെ ഒരു എറര്‍ മെസേജാണു് ആകെ കാണിക്കുന്നതു്.

error : file "boot/vmlinuz-4.14-x86_64" not found
error : you need to load the kernel first
press any key to continue

അതായതു് കേണലിനെ കാണാനില്ല. നേരേ എന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്തു. ഗൂഗിളില്‍ ഇതിനൊരു പരിഹാരം തിരഞ്ഞു, തെളിഞ്ഞു. മഞ്ജാരോയുയെ തന്നെ ഒരു ബൂട്ട് ഡിസ്കുണ്ടാക്കണം. അതില്‍ manjaro-chroot ഉപയോഗിച്ചു് കേണലിനെ കാണിച്ചു കൊടുത്താല്‍ പ്രശ്നം പരിഹരിക്കപ്പെടും. ഉടന്‍ മഞ്ജാരോയുടെ ഐഎസ്ഒ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. ഇനി dd കമാന്‍‍ഡ് ഉപയോഗിച്ചു് അതൊരു പെന്‍‍ഡ്രൈവില്‍ ബൂട്ടബിള്‍ ആക്കണം.  ഇവിടെ വച്ചുണ്ടായ ഒരു ചെറിയ അശ്രദ്ധയാണു് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേയ്ക്കു് എന്നെ കൊണ്ടുചെന്നെത്തിച്ചതു്. dd കമാന്‍ഡ് ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണു് – ഒരു നിമിഷം ഞാനതു് തികഞ്ഞ അശ്രദ്ധയോടെ ഉപയോഗിച്ചു.
ls -la /dev/disk/by-id/ |grep usb
sudo dd bs=4M if=/path/to/manjaro.iso of=/dev/sd[drive letter] status=progress oflag=sync

ഡ്രൈവ് ലെറ്ററിന്റെ കാര്യത്തില്‍ എനിക്കു പിഴച്ചു. എന്റെ സ്വന്തം കമ്പ്യൂട്ടറിന്റെ റൂട്ട് ഫയല്‍ സിസ്റ്റത്തിന്റെ ഡ്രൈവ് ലെറ്റര്‍ ആണു് അറിയാതെ ഞാന്‍ ടൈപ്പ് ചെയ്തതു്. അക്കാര്യം ഞാന്‍ അറിയുന്നതു് എല്ലാം കഴിഞ്ഞപ്പോഴാണു്. ഒന്നു രണ്ടു വര്‍ഷം കൊണ്ടു് ബില്‍ഡ് ചെയ്തെടുത്ത എന്റെ പ്രിയപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം ഇതാ വീണുടഞ്ഞ സ്ഫടികപാത്രം പോലെ മോണിറ്ററിനുള്ളില്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ശരിയാക്കാനായി ഇപ്പോള്‍ എന്റെ കൈവശം രണ്ടു കമ്പ്യൂട്ടറുകളുണ്ടു്. ഒന്നു് സോളമന്റേതും മറ്റേതു് എന്റേതും. കൂട്ടുകാരന്റെ കുട്ടികള്‍ ഇതു കിട്ടിയിട്ടു് സിനിമ കാണാന്‍ കാത്തിരിക്കുകയായിരിക്കും, അതിനാല്‍ അതിനു പ്രയോറിറ്റി കൊടുക്കാമെന്നു കരുതി. ലിനക്സ് മിന്റില്‍ ബ്ലൂടൂത്ത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അതില്‍ നേരേ അതു് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ഫിക്സ് ചെയ്തു. വൈകുന്നേരത്തോടെ അതു തിരികെ കൊടുത്തു. ഇനി എന്റെ മഞ്ജാരോയെ എന്തു ചെയ്യും എന്നാലോചിച്ചു, അതിനു മുമ്പ് നഷ്ടങ്ങള്‍ / ഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്നൊരു വിലയിരുത്തല്‍ നടത്തി.

  1. ഫോണ്ട് – കുറേ വര്‍ഷങ്ങള്‍ കൊണ്ടു് മലയാളത്തിലും ഇംഗ്ലീഷിലുമായി അനേകം മികച്ച ഫോണ്ടുകളുടെ ഒരു ശേഖരം ഞാന്‍ ഉണ്ടാക്കി വച്ചിരുന്നു. അതൊക്കെയും ഇല്ലാതായി.
  2. ഹോം ഫോള്‍ഡര്‍ നഷ്ടപ്പെട്ടില്ല. അതു് മറ്റൊരു ഹാര്‍‍ഡ് ഡിസ്കിലായതു് രക്ഷയായി.
  3. /etc/fstab കോണ്‍ഫിഗര്‍ ചെയ്തിരുന്നതെങ്ങനെയെന്നു് എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നില്ല, അതൊക്കെ ഇനി ആദ്യം മുതല്‍ മനസ്സിലാക്കി ചെയ്യണം.

ഇത്രയുമൊക്കെ കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടു് ഒന്നു രണ്ടു ലിനക്സ് വിദഗ്ദ്ധന്മാരുടെ ഉപദേശവും സ്വീകരിച്ചു് പണിയ്ക്കിരുന്നു. ആദ്യത്തെ വെല്ലുവിളി തികച്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഹാര്‍ഡ് ഡിസ്കിലെ എംബിആര്‍ എന്തു ചെയ്തിട്ടും മായുന്നില്ല. ഒടുവില്‍ ജി-പാര്‍ട്ടഡ് ഉപയോഗിച്ചു് അതില്‍ പുതിയൊരു എംഎസ്ഡോസ് പാര്‍ട്ടിഷന്‍ ഉണ്ടാക്കിയപ്പോഴാണു് എംബിആര്‍ മാഞ്ഞതു്. ഒടുവില്‍ മഞ്ജാരോ എക്സ്എഫ്‍സിഇ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അതിനുശേഷം മിറര്‍ലിസ്റ്റ് ഉണ്ടാക്കാനായി ഈ കമാന്‍ഡ് ഉപയോഗിച്ചു.

pacman-mirrors -g

അതിനു ശേഷം pacman -Syyu കൊടുത്തു് അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണു് അടുത്ത പ്രശ്നം. എല്ലാം കഴിയുമ്പോള്‍ ദാ ഇങ്ങനൊരു മെസേജ് വന്നു എറര്‍ അടിച്ചു നില്‍ക്കുന്നു – lsb-release: /etc/lsb-release exists in filesystem (owned by manjaro-release) അതു പരിഹരിക്കാന്‍ ദാ ഇങ്ങനൊക്കെയുള്ള കമാന്‍‍ഡുകള്‍ നല്‍കി

rm -r /etc/pacman.d/gnupg
pacman -Sy gnupg archlinux-keyring manjaro-keyring
pacman-key --init
pacman-key --populate archlinux manjaro
pacman-key --refresh-keys
pacman -Sc
pacman -Syyu

അങ്ങനെ അതും ശരിയായി. ഇനിയുള്ള പ്രശ്നം /etc/fstab ആണു്. അതു് പല പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇപ്രകാരം ആക്കിയിട്ടുണ്ടു്.

/dev/sda3 /home reiserfs defaults 0 2
/dev/sda2 /movies reiserfs user,defaults,noauto 0 2

വല്ലപ്പോഴും മാത്രമാണു് ഇതുപോലുള്ള ഇന്‍സ്റ്റലേഷനുകള്‍ ചെയ്യേണ്ടി വരുന്നതു്, അതോണ്ടുതന്നെ എളുപ്പം ഇതെല്ലാം മറക്കുകയും ചെയ്യും. useradd, userdel തുടങ്ങിയ കമാന്‍‍ഡുകള്‍ തന്നെ എടുത്തു നോക്കൂ, നാം അതു് എളുപ്പം മറന്നുപോകും. കാരണം എല്ലാ ദിവസവും ഒരാള്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ഒന്നുമല്ലല്ലോ അതു്. ചുമ്മാ useradd [username] കൊടുത്താല്‍ ഒരു യൂസറിനെ ഉണ്ടാക്കിത്തരും, അല്ലാതെ യൂസറിന്റെ ഹോം ഡയറക്ടറി ഒന്നും ഉണ്ടാക്കത്തില്ല. അതു ചെയ്യണമെങ്കില്‍ useradd -m [username] എന്നു കൊടുക്കണം.

എല്ലാം കഴിഞ്ഞപ്പോള്‍ തോന്നി ഇടയ്ക്കൊക്കെ ഇത്തരം പണികള്‍ കിട്ടിയില്ലെങ്കില്‍ പലതും മറന്നുപോകുമെന്നു്. ശരിയാണോ എന്തോ!

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എങ്ങനെ ഗ്നു/ലിനക്സ്‌ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂഷനുകള്‍ സിസ്റ്റമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ചെയ്യാം?

ഡിസ്ക് പാര്‍ടീഷനിംഗ് എന്നത് ഒരു കലയാണ്‌. ഓരോ പാര്‍ടീഷനുകളും എന്തൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് വ്യക്തമായ ധാരണ ഉള്ളവര്‍ക്കെ കൃത്യമായും ശാസ്ത്രീയമായും പാര്‍ടീഷന്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ആ കഴിവ് നിങ്ങള്‍ക്കും ആര്‍ജ്ജിക്കാം. Home എന്തിനുള്ളതാണ്? swap ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയാണ്? root നു എത്ര വലുപ്പം വേണം? തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഒരു ഗ്നു/ലിനക്സ്‌ സിസ്റ്റം കൃത്യമായി / ഫലപ്രദമായി ഭാഗം തിരിക്കാന്‍ കഴിയൂ.

നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ 500 GB സ്പേസ് ഉണ്ടെന്നു കരുതുക. RAM 3 ജീബിയും. ഡെബിയന്‍  / ഉബുണ്ടു / മിന്റ്  / ക്രഞ്ച്‌ ബാംഗ് തുടങ്ങിയ ഡിസ്ട്രിബ്യൂഷനുകള്‍ ആണ് നിങ്ങള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ഈ നാല്  ഓപ്പറേറ്റിംഗ്  സിസ്റ്റങ്ങളില്‍ മിന്റ് ആണ് നിങ്ങളുടെ ഡീഫോള്‍ട്ട് ഓ.എസ്. ഇതിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ പാര്‍ടീഷന്‍ ചെയ്യണം / ഏതു ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം? ഏതൊക്കെ പാര്‍ടീഷനുകള്‍ കോമണ്‍ ആക്കണം?

TIP : പാര്‍ടീഷന്‍ ചെയ്യാന്‍ ഏറ്റവും ഉത്തമം ഒരല്‍പം പഴയ ഡെബിയന്‍ ബൂട്ട് സീഡി തന്നെയാണ്. Lenny അല്ലെങ്കില്‍ Sarge

SWAP

ഇത് എല്ലാ ഡിസ്ട്രിബ്യൂഷനുകള്‍ക്കും കോമണ്‍ ആയി ഉപയോഗിക്കാം. സാധാരണ ഗതിയില്‍ എത്ര ജീബി റാം ഉണ്ടോ അതിന്റെ ഇരട്ടി ജീബി ആണ് സ്വാപ്പിനു നല്‍കുക. നിങ്ങള്‍ക്ക്  മൂന്നു ജീബി റാം ഉള്ളതിനാല്‍ സ്വാപ് ആറു ജീബി നല്‍കുക.

കുറിപ്പ് : വിര്‍ച്ച്വല്‍ മെമ്മറി പിന്തുണയ്ക്കുന്നതിനായിട്ടാണ് swap പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ RAM-ല്‍ ഡേറ്റാ സൂക്ഷിക്കുവാന്‍ ആവശ്യമുളള സ്ഥലം ലഭ്യമല്ലെങ്കില്‍ ഡേറ്റാ swap പാര്‍ട്ടീഷനിലേക്കു് എഴുതപ്പെടുന്നു. പക്ഷെ 32 ബിറ്റ് ഓ.എസ്. ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിനു അഡ്രസ്‌ ചെയ്യാന്‍ കഴിയുന്ന RAM-നും  വിര്‍ച്വല്‍ മെമ്മറിയ്ക്കും പരിമിതിയുണ്ട്. 32 ബിറ്റ് ഓ.എസുകള്‍ക്ക് പരമാവധി 3 ജീബി RAM വരെ മാത്രമേ ഉപയോഗിക്കാനാവൂ. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ swap പാര്‍ട്ടീഷനുകള്‍ക്ക് പ്രസക്തിയില്ല. എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ RAM=SWAP എന്ന കണക്കില്‍ RAM-നു തുല്യമായ അളവില്‍ SWAP സ്പേസ് നല്‍കുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. മറിച്ച് 64 ബിറ്റ് ഓ.എസ്. ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ swap പാര്‍ട്ടീഷനുകള്‍ പ്രസക്തമാണ്.

HOME

ഇത് ഉപയോക്താവിന്റെ സൗകര്യം അനുസരിച്ച് എല്ലാ ഡിസ്ട്രിബ്യൂഷനുകള്‍ക്കും കോമണ്‍ ആയോ അല്ലാതെയോ ഉപയോഗിക്കാം. കോമണ്‍ ആയി ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ഓരോ ഡിസ്ട്രിബ്യൂഷനിലും ഒരേ യൂസര്‍ നെയിം വരാന്‍ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഡെബിയനില്‍ tom എന്ന യൂസര്‍ ഉണ്ടെങ്കില്‍ tom എന്ന അതേ പേരില്‍ മിന്റില്‍ ഒരു യൂസറെ സൃഷ്ടിക്കരുത് എന്നതാണ്. അങ്ങനെ ചെയ്‌താല്‍ home ഡയറക്ടറിയില്‍ ആദ്യം സൃഷ്ടിക്കപ്പെട്ട യൂസറിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടു പോകും എന്നതാണ്. ചുരുക്കത്തില്‍ ഡാറ്റ ലോസ് സംഭവിക്കും എന്ന് സാരം.  ഹോമിനു നമുക്ക് ഒരു 300 ജീബി വീതിച്ചു നല്‍കാം. കോമണ്‍ ആയി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ മറ്റൊന്നും ചെയ്യേണ്ടതില്ല. ഈ ഒരൊറ്റ extended partition അങ്ങനെ തന്നെ ഓരോ ഡിസ്ട്രോകള്‍ക്കും നമുക്ക് ഉപയോഗിക്കാം. അതല്ല ഓരോ ഡിസ്ട്രോകള്‍ക്കും സ്വതന്ത്രമായ ഹോം തന്നെ വേണം എന്നുള്ളവര്‍ ഈ പാര്‍ടീഷന്‍ നാല് ലോജിക്കല്‍ പാര്‍ടീഷനുകള്‍ ആയി പിന്നെയും വിഭജിക്കണം. ഈ ഓരോ പാര്‍ടീഷനുകളുടെയും പേരുകള്‍ വ്യക്തമായി മനസ്സിലാകത്തക്കവണ്ണം ഒരു കടലാസ്സില്‍ നിര്‍ബന്ധമായും കുറിച്ച് വയ്ക്കുകയും ചെയ്യണം. പിന്നീട് ഇന്‍സ്റ്റലേഷന്‍ സമയത്ത് ഈ കുറിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി വേണം ഓരോ ലോജിക്കല്‍ പാര്‍ടീഷനുകളിലേക്കും ഹോം കാണിച്ചു കൊടുക്കാന്‍

ROOT

ബാക്കിയുള്ള സ്പേസ് നമുക്ക് റൂട്ടിന് നല്‍കാം. ഇനി ബാക്കിയുള്ളത് ഏതാണ്ട് 190 ചില്ലറ ജീബി സ്പേസ് ആണ്. ഇതിനെ 40 വീതം ജീബി ഉള്ള ലോജിക്കല്‍ പാര്‍ടീഷനുകളായി പിന്നെയും വിഭജിക്കുക. ഈ ഓരോ പാര്‍ടീഷനുകളുടെയും പേരുകളും വ്യക്തമായി മനസ്സിലാകത്തക്കവണ്ണം ഒരു കടലാസ്സില്‍ നിര്‍ബന്ധമായും കുറിച്ച് വയ്ക്കുകയും ചെയ്യണം. പിന്നീട് ഇന്‍സ്റ്റലേഷന്‍ സമയത്ത് ഈ കുറിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി വേണം ഓരോ ലോജിക്കല്‍ പാര്‍ടീഷനുകളിലേക്കും റൂട്ട് കാണിച്ചു കൊടുക്കാന്‍. ശരിക്കും റൂട്ടിന് ഒരു 20-30 ജീബി സ്പേസ് ധാരാളം മതി. എന്നിരിക്കിലും മറ്റു മൂന്ന് ഡിസ്ട്രിബ്യൂഷനുകള്‍ക്കും 40 വച്ചും മിന്റിനു ശേഷിക്കുന്ന സ്പേസും നല്‍കുക.

പാര്‍ട്ടീഷനിംഗ് കഴിഞ്ഞാലുടന്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കി എല്ലാ പാര്‍ടീഷനുകളുടെയും ലിസ്റ്റ് എടുക്കുക.

cfdisk -Ps /dev/hda > destinationFileName

ഈ കമാന്‍ഡ് എക്സിക്യൂട്ട് ചെയ്തു കഴിയുമ്പോള്‍ പാര്‍ട്ടീഷന്‍ ടേബിള്‍ നിങ്ങള്‍ക്കു ലിസ്റ്റ് ആയി ഒരു ഫയലില്‍ ലഭിക്കുന്നു. ഈ ഫയല്‍ / ലിസ്റ്റ് നിങ്ങള്‍ക്കു വ്യക്തമായി മനസ്സിലാവും വിധം എഡിറ്റ്‌ ചെയ്തോ എഴുതിയോ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ ഡോക്യുമെന്റ് ഒരിക്കലും നഷ്ടപ്പെടുത്തുകയും അരുത്.

എന്താണ് ഇത്തരത്തില്‍ പാര്‍ട്ടീഷന്‍ ചെയ്തത് കൊണ്ടുള്ള ഗുണം?

ഒരു ഡിസ്ട്രിബ്യൂഷന്റെ  പുതിയ പതിപ്പുകള്‍ വരുമ്പോള്‍ ഡിസ്ക് / പാര്‍ട്ടീഷന്‍ ഫോര്‍മാറ്റ് ചെയ്തു വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി ഒഴിവാക്കാം. ഡേറ്റ ലോസ് പൂര്‍ണ്ണമായും ഇല്ലാതാക്കാം. പക്ഷെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം എന്ന് മാത്രം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടുപോകും.

ബാദ്ധ്യതാ നിരാകരണം

ഇവിടെ പ്രസ്താവിച്ച കാര്യങ്ങള്‍ ഞാന്‍ സ്വയം പരീക്ഷിച്ചതും ഈ രംഗത്തെ വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ചും രേഖപ്പെടുത്തിയിരിക്കുന്നതാണ്. എന്നിരിക്കിലും ഇത് സ്വയം പരീക്ഷിക്കുന്നത് ഒരാള്‍ അയാളുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കണം. മറിച്ചുള്ള പരീക്ഷണങ്ങളുടെ അനന്തരഫലങ്ങള്‍ക്കു ലേഖകന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.