വിളിച്ചു വരുത്തി ഒരു പണി വാങ്ങിയ കഥ

ലോക്ക് ‍ഡൗണിന്റെ കാലമാണു്. ചില്ലറ പരീക്ഷണങ്ങളൊക്കെ പലരും നടത്തുന്ന കാലം. അത്തരത്തിലൊരു പരീക്ഷണത്തിനിടെ കളസം കീറിയ കഥ പങ്കുവയ്ക്കട്ടെ.

സംഭവം തുടങ്ങുന്നതു് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നു് സോളമന്‍ എന്ന സുഹൃത്തിന്റെ വിളിയോടെയാണു്. കൊവിഡിന്റെ കാര്യവും അനുബന്ധ ലോക്ക്ഡൗണിന്റെ അനിശ്ചിതാവസ്ഥയും ചില്ലറ തമാശകളും പങ്കുവയ്ക്കുന്നതിനിടയിലാണു് നാട്ടിലെ അവന്റെ വീട്ടില്‍ കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്നം എന്നോടു പറഞ്ഞതു്. അവന്റെ വീട്ടില്‍ കുട്ടികള്‍ സിനിമ കാണാന്‍ ഒരു ലാപ്‍ടോപ്പ് ഉപയോഗിക്കുന്നുണ്ടു്. കൂടെ ഒരു കിടിലന്‍ ബ്ലൂടൂത്ത് സ്പീക്കറുമുണ്ടു്. പക്ഷേ ലാപ്‍ടോപ്പില്‍ നിന്നുള്ള ശബ്ദം എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ബ്ലൂടൂത്ത് സ്പീക്കറിലേയ്ക്കു വരുന്നില്ല. ഒന്നു രണ്ടു വര്‍ഷം മുമ്പു് ഞാന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്ത മഞ്ജാരോ ആണു് അതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. അടുത്തുതന്നെയാണു് സോളമന്റെ വീടു്, ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം, ആ ലാപ്‍ടോപ്പ് എങ്ങനെയെങ്കിലും ഒന്നെന്റെ വീട്ടില്‍ കൊണ്ടെത്തിച്ചുതന്നാല്‍ മതി. അങ്ങനെ പിറ്റേന്നു രാവിലെ തന്നെ ലാപ്‍ടോപ്പ് വീട്ടില്‍ എന്റെ മേശപ്പുറത്തു വന്നു ചേര്‍ന്നു.

ഉടനെ തന്നെ ശരിയാക്കിക്കളയാം എന്ന അമിതമായ ആത്മവിശ്വാസത്തില്‍ പണി തുടങ്ങി. ഒരു വിധം ബ്ലൂടൂത്ത് കണക്ഷന്‍ എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും വിഎല്‍സി പ്ലെയറില്‍നിന്നുള്ള ശബ്ദം സ്പീക്കറിലേയ്ക്കെത്തുന്നില്ല. നോക്കിയപ്പോള്‍ വിഎല്‍സി പ്ലെയറൊക്കെ ഔട്ട്ഡേറ്റ‍ഡ് ആണു്. ഉടനെ തന്നെ pacman -Syyu എന്ന കമാന്‍ഡ് ടെര്‍മിനലില്‍ പാസ് ചെയ്തു് സിസ്റ്റം അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി. ഒന്നു രണ്ടു മണിക്കൂര്‍ വേണ്ടിവന്നു ഈ പരിപാടി തീരാന്‍, തീര്‍ന്നു കഴിഞ്ഞപ്പോള്‍ വീണ്ടും വിഎല്‍സി പ്ലെയര്‍ ചെക്ക് ചെയ്തു നോക്കി, നോ രക്ഷ. ഒന്നു രണ്ടുവര്‍ഷം കൂടി അപ്ഡേറ്റ് ചെയ്യുന്നതല്ലേ, എന്നാല്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്യാം എന്നു കരുതി. അതോടെയാണു് പ്രശ്നങ്ങള്‍ തുടങ്ങിയതു്. ദിങ്ങനെ ഒരു എറര്‍ മെസേജാണു് ആകെ കാണിക്കുന്നതു്.

error : file "boot/vmlinuz-4.14-x86_64" not found
error : you need to load the kernel first
press any key to continue

അതായതു് കേണലിനെ കാണാനില്ല. നേരേ എന്റെ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്തു. ഗൂഗിളില്‍ ഇതിനൊരു പരിഹാരം തിരഞ്ഞു, തെളിഞ്ഞു. മഞ്ജാരോയുയെ തന്നെ ഒരു ബൂട്ട് ഡിസ്കുണ്ടാക്കണം. അതില്‍ manjaro-chroot ഉപയോഗിച്ചു് കേണലിനെ കാണിച്ചു കൊടുത്താല്‍ പ്രശ്നം പരിഹരിക്കപ്പെടും. ഉടന്‍ മഞ്ജാരോയുടെ ഐഎസ്ഒ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു. ഇനി dd കമാന്‍‍ഡ് ഉപയോഗിച്ചു് അതൊരു പെന്‍‍ഡ്രൈവില്‍ ബൂട്ടബിള്‍ ആക്കണം.  ഇവിടെ വച്ചുണ്ടായ ഒരു ചെറിയ അശ്രദ്ധയാണു് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേയ്ക്കു് എന്നെ കൊണ്ടുചെന്നെത്തിച്ചതു്. dd കമാന്‍ഡ് ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണു് – ഒരു നിമിഷം ഞാനതു് തികഞ്ഞ അശ്രദ്ധയോടെ ഉപയോഗിച്ചു.
ls -la /dev/disk/by-id/ |grep usb
sudo dd bs=4M if=/path/to/manjaro.iso of=/dev/sd[drive letter] status=progress oflag=sync

ഡ്രൈവ് ലെറ്ററിന്റെ കാര്യത്തില്‍ എനിക്കു പിഴച്ചു. എന്റെ സ്വന്തം കമ്പ്യൂട്ടറിന്റെ റൂട്ട് ഫയല്‍ സിസ്റ്റത്തിന്റെ ഡ്രൈവ് ലെറ്റര്‍ ആണു് അറിയാതെ ഞാന്‍ ടൈപ്പ് ചെയ്തതു്. അക്കാര്യം ഞാന്‍ അറിയുന്നതു് എല്ലാം കഴിഞ്ഞപ്പോഴാണു്. ഒന്നു രണ്ടു വര്‍ഷം കൊണ്ടു് ബില്‍ഡ് ചെയ്തെടുത്ത എന്റെ പ്രിയപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം ഇതാ വീണുടഞ്ഞ സ്ഫടികപാത്രം പോലെ മോണിറ്ററിനുള്ളില്‍ തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ശരിയാക്കാനായി ഇപ്പോള്‍ എന്റെ കൈവശം രണ്ടു കമ്പ്യൂട്ടറുകളുണ്ടു്. ഒന്നു് സോളമന്റേതും മറ്റേതു് എന്റേതും. കൂട്ടുകാരന്റെ കുട്ടികള്‍ ഇതു കിട്ടിയിട്ടു് സിനിമ കാണാന്‍ കാത്തിരിക്കുകയായിരിക്കും, അതിനാല്‍ അതിനു പ്രയോറിറ്റി കൊടുക്കാമെന്നു കരുതി. ലിനക്സ് മിന്റില്‍ ബ്ലൂടൂത്ത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അതില്‍ നേരേ അതു് ഇന്‍സ്റ്റാള്‍ ചെയ്തു, അതു ഫിക്സ് ചെയ്തു. വൈകുന്നേരത്തോടെ അതു തിരികെ കൊടുത്തു. ഇനി എന്റെ മഞ്ജാരോയെ എന്തു ചെയ്യും എന്നാലോചിച്ചു, അതിനു മുമ്പ് നഷ്ടങ്ങള്‍ / ഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്നൊരു വിലയിരുത്തല്‍ നടത്തി.

 1. ഫോണ്ട് – കുറേ വര്‍ഷങ്ങള്‍ കൊണ്ടു് മലയാളത്തിലും ഇംഗ്ലീഷിലുമായി അനേകം മികച്ച ഫോണ്ടുകളുടെ ഒരു ശേഖരം ഞാന്‍ ഉണ്ടാക്കി വച്ചിരുന്നു. അതൊക്കെയും ഇല്ലാതായി.
 2. ഹോം ഫോള്‍ഡര്‍ നഷ്ടപ്പെട്ടില്ല. അതു് മറ്റൊരു ഹാര്‍‍ഡ് ഡിസ്കിലായതു് രക്ഷയായി.
 3. /etc/fstab കോണ്‍ഫിഗര്‍ ചെയ്തിരുന്നതെങ്ങനെയെന്നു് എനിക്കു നല്ല നിശ്ചയമുണ്ടായിരുന്നില്ല, അതൊക്കെ ഇനി ആദ്യം മുതല്‍ മനസ്സിലാക്കി ചെയ്യണം.

ഇത്രയുമൊക്കെ കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടു് ഒന്നു രണ്ടു ലിനക്സ് വിദഗ്ദ്ധന്മാരുടെ ഉപദേശവും സ്വീകരിച്ചു് പണിയ്ക്കിരുന്നു. ആദ്യത്തെ വെല്ലുവിളി തികച്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഹാര്‍ഡ് ഡിസ്കിലെ എംബിആര്‍ എന്തു ചെയ്തിട്ടും മായുന്നില്ല. ഒടുവില്‍ ജി-പാര്‍ട്ടഡ് ഉപയോഗിച്ചു് അതില്‍ പുതിയൊരു എംഎസ്ഡോസ് പാര്‍ട്ടിഷന്‍ ഉണ്ടാക്കിയപ്പോഴാണു് എംബിആര്‍ മാഞ്ഞതു്. ഒടുവില്‍ മഞ്ജാരോ എക്സ്എഫ്‍സിഇ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അതിനുശേഷം മിറര്‍ലിസ്റ്റ് ഉണ്ടാക്കാനായി ഈ കമാന്‍ഡ് ഉപയോഗിച്ചു.

pacman-mirrors -g

അതിനു ശേഷം pacman -Syyu കൊടുത്തു് അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണു് അടുത്ത പ്രശ്നം. എല്ലാം കഴിയുമ്പോള്‍ ദാ ഇങ്ങനൊരു മെസേജ് വന്നു എറര്‍ അടിച്ചു നില്‍ക്കുന്നു – lsb-release: /etc/lsb-release exists in filesystem (owned by manjaro-release) അതു പരിഹരിക്കാന്‍ ദാ ഇങ്ങനൊക്കെയുള്ള കമാന്‍‍ഡുകള്‍ നല്‍കി

rm -r /etc/pacman.d/gnupg
pacman -Sy gnupg archlinux-keyring manjaro-keyring
pacman-key --init
pacman-key --populate archlinux manjaro
pacman-key --refresh-keys
pacman -Sc
pacman -Syyu

അങ്ങനെ അതും ശരിയായി. ഇനിയുള്ള പ്രശ്നം /etc/fstab ആണു്. അതു് പല പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ഇപ്രകാരം ആക്കിയിട്ടുണ്ടു്.

/dev/sda3 /home reiserfs defaults 0 2
/dev/sda2 /movies reiserfs user,defaults,noauto 0 2

വല്ലപ്പോഴും മാത്രമാണു് ഇതുപോലുള്ള ഇന്‍സ്റ്റലേഷനുകള്‍ ചെയ്യേണ്ടി വരുന്നതു്, അതോണ്ടുതന്നെ എളുപ്പം ഇതെല്ലാം മറക്കുകയും ചെയ്യും. useradd, userdel തുടങ്ങിയ കമാന്‍‍ഡുകള്‍ തന്നെ എടുത്തു നോക്കൂ, നാം അതു് എളുപ്പം മറന്നുപോകും. കാരണം എല്ലാ ദിവസവും ഒരാള്‍ ഉപയോഗിക്കുന്ന കമാന്‍ഡ് ഒന്നുമല്ലല്ലോ അതു്. ചുമ്മാ useradd [username] കൊടുത്താല്‍ ഒരു യൂസറിനെ ഉണ്ടാക്കിത്തരും, അല്ലാതെ യൂസറിന്റെ ഹോം ഡയറക്ടറി ഒന്നും ഉണ്ടാക്കത്തില്ല. അതു ചെയ്യണമെങ്കില്‍ useradd -m [username] എന്നു കൊടുക്കണം.

എല്ലാം കഴിഞ്ഞപ്പോള്‍ തോന്നി ഇടയ്ക്കൊക്കെ ഇത്തരം പണികള്‍ കിട്ടിയില്ലെങ്കില്‍ പലതും മറന്നുപോകുമെന്നു്. ശരിയാണോ എന്തോ!

ഈസ്റ്റര്‍ തീയതി

എല്ലാ വര്‍ഷവും ഡിസംബര്‍ 25-നാണു് ക്രിസ്മസ്. അതെല്ലാര്‍ക്കുമറിയാം. അതുകൊണ്ടു് ഹോളിഡേ ട്രിപ്പുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ വളരെ എളുപ്പമാണു്. പക്ഷേ ഈസ്റ്റര്‍ തീയതി അങ്ങനല്ല, എല്ലാ വര്‍ഷവും അതു് മാറിക്കൊണ്ടിരിക്കും. പലപ്പോഴും മിക്കവാറും നമ്മില്‍ പലരും ഈസ്റ്റര്‍ തീയതി എന്നാണെന്നറിയുന്നതുതന്നെ അതതു വര്‍ഷത്തെ കലണ്ടറുകള്‍ കയ്യില്‍ക്കിട്ടിക്കഴിയുമ്പോഴായിരിക്കും. രണ്ടു വര്‍ഷം കഴിഞ്ഞുവരുന്ന ഈസ്റ്റര്‍ തിയതി കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടതായി വരും. ഇനി ഈസ്റ്റര്‍ എന്നാണെന്നറിഞ്ഞാല്‍ ഓശാനഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, പുതുഞായര്‍ തുടങ്ങിയ തിയതികളും അറിയാന്‍ കഴിയും. പക്ഷേ എങ്ങനെയാണു് ഈസ്റ്റര്‍ തീയതി കണക്കാക്കുന്നതെന്നറിയേണ്ടേ?

ഈസ്റ്റര്‍ തീയതിയുടെ ചരിത്രം

യഹൂദരുടെ പെസഹാ നീസാന്‍ മാസം ഹീബ്രൂ കലണ്ടര്‍ പ്രകാരം നീസാന്‍ മാസം 14-ാം തീയതിയാണു്. ഉദ്ദേശം സി.ഇ. രണ്ടാം നൂറ്റാണ്ടു മുതല്‍  ഈ തീയതിയെ അധികരിച്ചാണു് മിക്കവാറും ആദിമക്രൈസ്തവസഭ ഈസ്റ്റര്‍ ആചരിച്ചിരുന്നതു്. ഏതു ദിവസമായാലും നീസാന്‍ 14-നു തന്നെ ഈസ്റ്റര്‍ ആചരിക്കുന്ന രീതിയായിരുന്ന ഏഷ്യാമൈനറിലും സിറിയയിലുമുള്ള ക്രൈസ്തവര്‍ സ്വീകരിച്ചിരുന്നതു്. ക്രിസ്തുവിന്റെ അപ്പസ്തോലനായ യോഹന്നാന്റെ പാരമ്പര്യമനുസരിച്ചാണു് അവര്‍ ഈ തിയതി ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി തെരഞ്ഞടുത്തതു്. എന്നാല്‍ റോമാക്കാരാകട്ടെ നീസാന്‍ മാസം 14-ാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയായിരുന്നു ഈസ്റ്റര്‍ ആഘോഷിച്ചിരുന്നതു്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പു കൂടി കണക്കിലെടുത്താണു് അത്തരമൊരു തിയതി അവര്‍ തെരഞ്ഞടുക്കുവാന്‍ കാരണം. അങ്ങനെ പലപല വാദഗതികള്‍ മുന്‍നിര്‍ത്തി ഈസ്റ്റര്‍ തീയതിയെപ്പറ്റിയുള്ള തര്‍ക്കങ്ങളും ഭിന്നതകളും സഭ എന്നു തുടങ്ങിയോ അന്നുമുതല്‍ക്കേതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ സി.ഇ. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഒന്നാം നിഖ്യ സൂനഹദേോസില്‍ വച്ചാണു് ഈ തര്‍ക്കത്തിനു് താല്‍ക്കാലികമായെങ്കിലും ഒരു പരിഹാരമുണ്ടായതു്. പിന്നീടു് നിഖ്യാ കൗൺസില്‍ തീര്‍പ്പാക്കിയ സമവായം ഏതാണ്ടെല്ലാ ക്രൈസ്തവസഭകളും പിന്‍തുടരുകയായിരുന്നു.

നിഖ്യാ കൗൺസില്‍ തീര്‍പ്പാക്കിയ സമവായം

ഈസ്റ്റര്‍ ഞായറാഴ്ച തന്നെ ആചരിക്കണം. യഹൂദരുടെ ഒരു ആഘോഷവുമായും, അവരുടെ കാലഗണനരീതികളുമായും ഈസ്റ്ററിനെ ബന്ധിപ്പിക്കാതെ തികച്ചും സ്വതന്ത്രമായി ഈസ്റ്റര്‍ തീയതി നിശ്ചയിക്കുക. ഇതായിരുന്നു ഒന്നാം നിഖ്യാ സൂനഹദോസ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കാനെടുത്ത മാനദണ്ഡം. ഇതു പ്രകാരം സൂര്യന്‍ ഭൂമിയ്ക്കുനേരെ മുകളില്‍ വരുന്ന വസന്തവിഷുവ (Vernal Equinox) ത്തിനു ശേഷം വരുന്ന പൗര്‍ണ്ണമിയുടെ പിറ്റേ ഞായറാഴ്ച എന്നു് ഈസ്റ്റര്‍ തീയതി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു.

1582-ല്‍ ഗ്രിഗരി പതിമൂന്നാമന്‍ മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ നടന്ന കലണ്ടര്‍ നവീകരണത്തിനു ശേഷം വീണ്ടും ഈസ്റ്റര്‍ തീയതികളില്‍ പല സഭകളിലും ഭിന്നത വന്നു. റോമന്‍ കത്തോലിക്കാ സഭയെ അംഗീകരിക്കുന്ന സഭകള്‍ ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരം ഈസ്റ്റര്‍ തീയതി കണക്കാക്കിയപ്പോള്‍ പൗരസ്ത്യസഭകള്‍ മിക്കവാറും പഴയ ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണു് ഈസ്റ്റര്‍ തീയതി കണക്കാക്കിയതു്. ഇതു രണ്ടും നിഖ്യാ സൂനഹദോസിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം തന്നെയാണെങ്കിലും കലണ്ടറിന്റെ വ്യത്യാസം നിമിത്തമാണു് തിയതികള്‍ വ്യത്യസ്തമായതു്.

ഈസ്റ്റര്‍ തിയതിയിലെ ഭിന്നത മാറ്റുന്നതിനായി 1997-ല്‍ സിറിയയിലെ ആലപ്പോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ വച്ചു്  വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പുതിയൊരു മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിക്കുകയുണ്ടായി. ജറൂസലേമിലെ ധ്രുവരേഖ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു് സൂര്യന്‍ ജറൂസലേമിനുനേരെ മുകളില്‍ വരുന്ന ജ്യോതിശാസ്ത്രപരമായ വസന്തവിഷുവ (Vernal Equinox) ത്തിനു ശേഷം വരുന്ന ജ്യോതിശാസ്ത്രപരമായ പൗര്‍ണ്ണമിയുടെ പിറ്റേ ഞായറാഴ്ച ഈസ്റ്റര്‍ എല്ലാ സഭകള്‍ക്കും ഒരുമിച്ചാഘോഷിക്കാം എന്നായിരുന്നു ഈ മാര്‍ഗ്ഗരേഖ. ഇതിനു സമാനമായ ജ്യോതിശാസ്ത്രപരമായ മറ്റൊരു നിര്‍ദ്ദേശം 1923-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചുനടന്ന പാന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രസിലും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതൊന്നും പക്ഷെ സ്വീകരിക്കപ്പെട്ടില്ല. ആദിമക്രൈസ്തവര്‍ ചെയ്തതുപോലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ലോകം വ്യത്യസ്ത തീയതികളില്‍ത്തന്നെ ആചരിക്കട്ടെ.

ഈസ്റ്റര്‍ തിയതി എങ്ങനെ മുമ്പേ അറിയാം?

ഞാന്‍ ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് കമ്പ്യൂട്ടറില്‍ ഈസ്റ്റര്‍ തീയതി അറിയാന്‍ വളരെ എളുപ്പമാണു് – ഒരു ചെറിയ കമാന്റ് ടെര്‍മിനലില്‍ പാസ് ചെയ്താല്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളിലെയും ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലേയും ഈസ്റ്റര്‍ തീയതികള്‍ അതു പറഞ്ഞുതരും. cal, ncal എന്നീ രണ്ടു കലണ്ടര്‍ പ്രോഗ്രാമുകള്‍ യൂണിക്സ് സമാന കമ്പ്യൂട്ടറുകളിലുണ്ടു്. ഈ പ്രോഗ്രാമുകളില്‍ ഗ്രിഗോറിയന്‍ ജൂലിയന്‍ തീയതികളുടെ സമഗ്രചരിത്രമനുസരിച്ചുള്ള എല്ലാ വിവരങ്ങളൂം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ ഗ്രിഗോറിയന്‍ കാലഗണന സമ്പ്രദായം സ്വീകരിച്ചു, പാശ്ചാത്യ പൗരസ്ത്യസഭകളുടെ ഈസ്റ്റര്‍ തീയതികള്‍ ഏതൊക്കെ തുടങ്ങിയ കൃത്യമായ വിവരങ്ങളെല്ലാം തന്നെ ഇതിലൂടെ അറിയാന്‍ കഴിയും. ഉദാഹരണമായി സി.ഇ. 4012-ലെ കത്തോലിക്കാ ഈസ്റ്റര്‍ തിയതി അറിയാന്‍ ചെറിയൊരു കമാന്റ് നല്‍കിയാല്‍ മതി.

ncal -e 4012

4012-ലെ കത്തോലിക്കാ ഈസ്റ്റര്‍ തീയതി 22 April 4012 ഞായറാഴ്ചയാണെന്നു് ഉടന്‍ ഉത്തരം കിട്ടും.

ഇനി അതേ വര്‍ഷത്തിലെ ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ എന്നാണെന്നറിയാന്‍ കമാന്റില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി

ncal -o 4012

4012-ലെ ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ തീയതി 06 May 4012 ഞായറാഴ്ചയാണെന്നു് കണ്ടെത്താന്‍ അധികം കാത്തിരിക്കേണ്ട.

അതുപോലെ ncal -p എന്ന കമാന്റ് കൊടുത്താല്‍ ഏതൊക്കെ രാജ്യങ്ങള്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു എന്നും അറിയാം. അതിന്റെ ഔട്ട്പൂട്ട് ഇവിടെ നല്‍കിയിരിക്കുന്നു.

AL Albania    1912-11-30   IT Italy     1582-10-04
AT Austria    1583-10-05   JP Japan     1918-12-18
AU Australia   1752-09-02   LI Lithuania   1918-02-01
BE Belgium    1582-12-14   LN Latin     9999-05-31
BG Bulgaria    1916-03-18   LU Luxembourg   1582-12-14
CA Canada     1752-09-02   LV Latvia     1918-02-01
CH Switzerland  1655-02-28   NL Netherlands  1582-12-14
CN China     1911-12-18   NO Norway     1700-02-18
CZ Czech Republic 1584-01-06   PL Poland     1582-10-04
DE Germany    1700-02-18   PT Portugal    1582-10-04
DK Denmark    1700-02-18   RO Romania    1919-03-31
ES Spain     1582-10-04   RU Russia     1918-01-31
FI Finland    1753-02-17   SI Slovenia    1919-03-04
FR France     1582-12-09   SE Sweden     1753-02-17
GB United Kingdom 1752-09-02   TR Turkey     1926-12-18
GR Greece     1924-03-09   *US United States 1752-09-02
HU Hungary    1587-10-21   YU Yugoslavia   1919-03-04
IS Iceland    1700-11-16

ഈസ്റ്റര്‍ തീയതി കണ്ടുപിടിക്കാന്‍ ഇത്രയും നല്ല ഒരു മാര്‍ഗ്ഗം നമ്മുടെ സ്വന്തം കമ്പ്യൂട്ടറില്‍ ഉണ്ടു് എന്നു കാണിക്കാന്‍ വേണ്ടിയാണു് ഈ പോസ്റ്റ്. വിശദമായി എല്ലാം അതിന്റെ മാന്‍പേജില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഈ ആപ്ലിക്കേഷനെപ്പറ്റി ഇനി കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

വൈറസ് ബാധയേല്‍ക്കാത്ത കമ്പ്യൂട്ടറുകളുമായി മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: വൈറസ് ബാധയില്‍ നിന്ന് പരിപൂര്‍ണ്ണമുക്തി വാഗ്ദാനം ചെയ്യുന്ന ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുന്ന മാനവീയം ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും ഇതര ഹാര്‍ഡ് വെയറുകളും ഇവയുടെ സമ്പൂര്‍ണ്ണ സേവനങ്ങളും ആണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനവീയം ടെക്നോളജീസ് ലഭ്യമാക്കുന്നത്. ഉബുണ്ടു സാക്ഷ്യപ്പെടുത്തിയ ഡെല്‍ കമ്പനിയുടെ ലാപ്‌ ടോപ്‌ മോഡലുകള്‍ ആണ് മാനവീയം തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്‌. മികച്ച വില്‍പ്പനാനന്തര സേവനവും സപ്പോര്‍ട്ടും ട്രെയിനിങ്ങും മാനവീയം ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നു. വ്യക്തിഗത ഉപയോക്താക്കള്‍ക്കൊപ്പം സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മികച്ച ഹാര്‍ഡ് വെയര്‍ / സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളും കണ്‍സള്‍ട്ടന്‍സിയും നല്‍കാന്‍ മാനവീയം സജ്ജമാണ്.
സാധാരണ കമ്പ്യൂട്ടറുകളില്‍ ആന്റി വൈറസ് സോഫ്റ്റ്‌ വെയറുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന കനത്ത വിലയും അവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ വരുന്ന അധിക ലോഡും ഒക്കെ കണക്കാക്കുമ്പോള്‍ ഉപയോക്താവിന് വരുന്ന നഷ്ടം വളരെ വലുതാണ്‌. വൈറസ് ബാധയെ ഒരു കാലത്തും ഭയക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു വിധ ആന്റി വൈറസ് പ്രോഗ്രാമുകളും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകള്‍ എന്നെന്നും വൈറസ് വിമുക്തവുമായിരിക്കും. ഇതുമൂലം ഇടയ്ക്കിടെയുള്ള ഫോര്‍മാറ്റിങ്ങും ഡാറ്റാ നഷ്ടവും ഒക്കെ പൂര്‍ണമായും ഒഴിവാക്കാം. മാത്രമല്ല സാധാരണ കമ്പ്യൂട്ടറുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ സൌജന്യമായി ലഭിയ്കൂ, ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ആന്റി വൈറസ് പ്രോഗാമുകളുമൊക്കെ നിയമാനുസൃതം ഉപയോഗിക്കണമെങ്കില്‍ ലൈസന്‍സ് ഫീസ്‌ ഇനത്തില്‍ പ്രതിവര്‍ഷം വന്‍തുക ചെലവഴിക്കേണ്ടതായും വരും. അതേസമയം മാനവീയം ലഭ്യമാക്കുന്ന കമ്പ്യൂട്ടറുകളില്‍ ഓഫീസ് സ്യൂട്ടും ഗ്രാഫിക് പ്രോഗ്രാമുകളും ഉള്‍പ്പെടെ ഏതാണ്ട് മുപ്പതിനായിരത്തിലധികം വരുന്ന സൌജന്യ / സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ആവശ്യാനുസരണം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഉപയോക്താവിന് ലഭിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.manaveeyam.in /ഫോണ്‍ : +91-9995717112 ( സമീര്‍ ) / +91-9847446918  (മനോജ്‌ ) / +91-8086733733 (മാത്യൂ) / +91-9895181906 (ശ്രീകാന്ത് ) / +91-7736780769 (തോമസ്‌ )
ഉബുണ്ടു
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാനോനിക്കല്‍ കമ്പനിയാണ് ഉബുണ്ടുവിന്റെ സ്രഷ്ടാക്കള്‍ ലോകമാകമാനം പന്ത്രണ്ട് ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കള്‍ ഉബുണ്ടു ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉബുണ്ടു ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളും പല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉബുണ്ടു അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ പല സ്വകാര്യ / മാനേജ്മെന്റ് എഞ്ചിനിയറിംഗ് കോളെജുകളും ഉബുണ്ടുവിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുന്നു.
ഡെല്‍
കമ്പ്യൂട്ടര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമുള്ള ഡെല്‍ കമ്പനിയ്ക്ക് ലോകമൊട്ടാകെ ഒരു ലക്ഷത്തില്‍ പരം ജീവനക്കാരുണ്ട്. 1984 -ല്‍ അമേരിക്കയില്‍ ആണ് ഡെല്‍ കമ്പനി ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ ശക്തമായ ഒരു ഉപഭോക്തൃശൃംഖല കെട്ടിപ്പടുക്കുവാന്‍ ഡെല്ലിന് കഴിഞ്ഞിട്ടുണ്ട്. ബിസിനസ്‌ മോഡല്‍ ആയ വോസ്ട്രോ, സാധാരണ വീട്ടുപയോഗങ്ങള്‍ക്കുള്ള മോഡലുകളായ ഇന്സ്പിറോണ്‍, സെര്‍വര്‍ മോഡലുകളായ പവര്‍ എഡ്ജ്, പവര്‍ വോള്‍ട്ട് തുടങ്ങി വളരെ വിപുലമായ ഒരു ഉല്‍പ്പന്ന ശ്രേണി തന്നെ ഡെല്ലിനുണ്ട്.

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ കൊച്ചിന്‍ ഐലഗ്ഗില്‍

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ ഒരു മതാചാര്യനാണ്. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം എന്ന മതമാണ്‌ അയാള്‍ സ്ഥാപിച്ചത്. അയാളുടെ ദര്‍ശനങ്ങള്‍ ലോകം ആദ്യം കൌതുകത്തോടെ നിരീക്ഷിച്ചു. പിന്നെ അത്ഭുതത്തോടെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നോക്കിക്കണ്ടു. ‘ഗ്നു’വിനു പതിയെ ജീവന്‍ വച്ച് തുടങ്ങിയപ്പോള്‍ സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യവാദികളുടെ ആരാധനാമൂര്‍ത്തിയായി അയാള്‍ മാറി. ഒരു അവധൂതനെ പോലെ കൊച്ചിന്‍ ഐലഗ്ഗില്‍ അയാള്‍ എത്തിയത് രണ്ടു ദിവസം മുമ്പ് ഒരു സായാഹ്നത്തിലാണ്. ഐലഗ്ഗിലെ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ കൂട്ടായ്മ റിച്ചാര്‍ഡ്‌ സ്ററാൾമാനെ ഊഷ്മളമായി വരവേറ്റു. “എനിക്ക് വേണ്ടി ആരും എഴുന്നെല്‍ക്കരുതേ, സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം എഴുന്നെല്‍ക്കുവിന്‍” എന്ന പതിവ് വരികളോടെ അദ്ദേഹം ഫ്രീ സോഫ്റ്റ്‌ വെയറിന്റെ ദര്‍ശനം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു തീര്‍ത്തു.പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് യൂനിക്സില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിന്റെ പശ്ചാത്തലം മുതല്‍ സോപ്പ / പിപ്പ നിയമങ്ങളുടെ അന്തരാഴങ്ങള്‍ വരെ തികച്ചും ലളിതവും സ്ഫുടവുമായ ഭാഷയില്‍ അദ്ദേഹം വിശദീകരിച്ചപ്പോള്‍ സദസ്സ് തികഞ്ഞ ബഹുമാനത്തോടെ അവ ശ്രവിച്ചു.

“ഒരു കാരണത്ത് അടിക്കുന്നവനെ മറു കാരണം കൂടി കാണിച്ചു കൊടുക്കുവിന്‍” എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ അനുയായികളെല്ലാം അത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ? നോണ്‍-ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് പാപമാണെന്നു സ്ററാൾമാന്‍ പറയുമ്പോഴും ഞാനടക്കം എത്രയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകര്‍ അറിഞ്ഞും അറിയാതെയും തലയില്‍ മുണ്ടിട്ടും ഒക്കെ ഈ ‘അടിമവെയറുകള്‍’ ഇന്നും ഉപയോഗിക്കുന്നു. ഫേസ് ബുക്ക്‌ സുഹൃതല്ല; അതൊരു സര്‍വെയ്ലന്‍സ് സംവിധാനമാണെന്നും, നിങ്ങളെ നിങ്ങള്‍ പോലും അറിയാതെ അത് ചതിക്കുമെന്നും ഒക്കെ അദ്ദേഹം മുന്നറിയിപ്പ് തരുമ്പോഴും “സായിപ്പേ, അത് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു” എന്ന് ഉള്ളാലെ എത്ര പേര്‍ പറഞ്ഞു കാണും. റിച്ചാര്‍ഡ്‌ സ്ററാൾമാന് അങ്ങനെയൊക്കെ പറയാം. അങ്ങനെയേ പറയാനാകൂ. കാരണം അദ്ദേഹം മതാചാര്യനാണ് ; മതസ്ഥാപകനാണ് – സെന്റ്‌ ഇഗ്നൂഷിയസ് ഓഫ് ഇമാക്സ്‌. ഫ്രീ ഡിസ്ട്രിബ്യൂഷന്‍സ് അല്ലാതെ ഉള്ള ഒരു ഗ്നു/ലിനക്സ്‌ വിതരണങ്ങളെയും അദ്ദേഹം പിന്തുണക്കുന്നില്ല. എന്റെ പൊന്നു സായിപ്പേ, കുനുകുനാ എന്ന് എഴുതി വച്ചിരിക്കുന്ന ഈ ലൈസന്‍സ് ഒക്കെ വായിച്ചു നോക്കിയിട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എങ്ങനെയാ പറ്റുക, ഏതാ ഫ്രീ, ഏതാ നോണ്‍-ഫ്രീ?

പക്ഷെ എന്തൊക്കെ ആണെങ്കിലും റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകരുടെ ഒരു കള്‍ട്ട് ഫിഗര്‍ ആണ്. കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ ലെനിനേയും ചെ ഗുവേരയെയും കൊണ്ട് നടന്നത് പോലെ, എഴുപതുകളിലെ മലയാള യുവത്വം ജോണ്‍ അബ്രഹാമിനെ കൊണ്ട് നടന്നത് പോലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രതാ വാദികളുടെ ദൈവമായി റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ വിരാജിക്കുന്നു. സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യം എന്നത് തീരെ അറിയാത്തവര്‍ക്ക് റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ എന്ന വ്യക്തി ഒരു കിറുക്കന്‍ സായിപ്പ് മാത്രമാണ്. പക്ഷെ ഈ സായിപ്പിന്റെ സുന്ദരമായ ഈ കിറുക്കാണ് അറുബോറിംഗ് ആകാമായിരുന്ന കമ്പ്യൂട്ടര്‍ രംഗത്തെ ഇത്രമേല്‍ കാവ്യാത്മകമാക്കാന്‍ സഹായിച്ചതെന്നാണ് എന്റെ വിശ്വാസം.