വിപണി വിഹിതം അല്ലെങ്കിൽ സ്വതന്ത്ര വെബ്‌? ഇതാണ് ചോദ്യം. മോസില്ല എന്തു തെരഞ്ഞെടുത്തു?

firefox_icon

സൽസ്വഭാവിയെന്നു പേരെടുത്ത ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടത് പോലെയായി ഇത്. കോഴക്കേസിൽ ക്രിക്കറ്റ് ടീം നായകൻ പ്രതിക്കൂട്ടിലായത് പോലെ. മോസില്ലയ്ക്ക് ഇതെന്തുപറ്റി എന്ന് സ്വതന്ത്ര ലോകത്തിലെ എല്ലാവരും പരസ്പരം അത്ഭുതപ്പെടുന്നു.

മെയ്‌ 14-നു പുറത്തിറങ്ങിയ മോസില്ലയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ സ്വന്തം ബ്രൌസറിൽ ഡി.ആർ.എം. ഉപയോഗിക്കാൻ തീരുമാനിച്ച വിവരം അവർ പുറത്തുവിട്ടു. (ഇന്റർനെറ്റ്‌ എക്സ്പ്ളോറര്‍ ഡെവലപ്പ്മെന്റ് ടീം ഇത്തവണയും കേക്ക് സമ്മാനിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.)

Netflix, Hulu, Amazon Videoതുടങ്ങിയ ഓണ്‍ലൈൻ ടെലിവിഷൻ / മൂവീ സർവ്വീസുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് മോസില്ല ഇ.എം.ഇ. ഉപയോഗിക്കാൻ തുനിഞ്ഞിരിക്കുന്നതെന്ന് ഔദ്യോഗിക ബ്ളോഗിൽ സൂചിപ്പിച്ചിരിക്കുന്നു. ഇത് ഒന്ന് കൂടി വിശദമാക്കുകയാണെങ്കിൽ, മേൽപ്പറഞ്ഞ ടെലിവിഷൻ / മൂവീ സർവ്വീസുകൾ നൽകുന്ന കമ്പനികൾ തങ്ങൾ നൽകുന്ന കണ്ടന്റിനു മീതെ പരിപൂർണ്ണ നിയന്ത്രണം വേണമെന്ന് ബ്രൌസറുകളോട് ആവശ്യപ്പെടുന്നു, ചോദിക്കേണ്ട താമസം ഐ.ഇ., ക്രോം പോലുള്ള പ്രൊപ്രൈറ്ററി ബ്രൌസറുകൾ അതു നൽകുന്നു, നിയന്ത്രണം നൽകുന്നതിൽ ഇനിയും അമാന്തിച്ചാൽ ഈ സർവ്വീസ് ഉപയോക്താക്കൾ തങ്ങളിൽ നിന്നു വിട്ടുപോയി പ്രൊപ്രൈറ്ററി ബ്രൌസറിൽ ചേക്കേറും. അതുകൊണ്ടാണ് (ഉള്ള യൂസർ ബേസ് നഷ്ടപ്പെടുത്താതിരിക്കാൻ) തങ്ങൾ ഇ.എം.ഇ. നടപ്പാക്കാൻ നിർബന്ധിതരായതെന്നാണ് മോസില്ല പറഞ്ഞു വരുന്നത്. അങ്ങനെ ഈ കണ്ടന്റ് വിതരണക്കാരുടെ പിണിയാളായ അഡോബീ കോർപ്പറേഷനെ കൂട്ടുപിടിച്ചുകൊണ്ട് മോസില്ല സ്വന്തം ബ്രൌസറിലും ഇ.എം.ഇ. ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം ഉപയോക്താവിന്  നൽകുന്നു.

ഇ.എം.ഇ. / സി.ഡി.എം.

ഇ.എം.ഇ. എന്നാൽ എൻക്രിപ്റ്റഡ് മീഡിയ എക്സ്റ്റൻഷൻ. ഇതിനെ സി.ഡി.എം. (കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ) എന്നും പറയും. അതായത് വീഡിയോ കണ്ടന്റുകൾ നല്ല അന്തസ്സായി എൻക്രിപ്റ്റ് ചെയ്തായിരിക്കും പല കണ്ടന്റ് ഭീമൻമാരും തങ്ങളുടെ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഉപയോക്താക്കൾക്ക് ഈ വീഡിയോ കണ്ടന്റ് കാണണം എങ്കിൽ ഇത് ഡിക്രിപ്റ്റ്‌ ചെയ്യണം. അതിനായി അവരുടെ ബ്രൌസറിൽ ഒരു ഇൻ-ബിൽറ്റ്‌ കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ വേണം. കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ ഇല്ലാത്ത പക്ഷം ഉപയോക്താവിന് വീഡിയോ കണ്ടന്റ് കാണുവാൻ സാധ്യമല്ല.

ഡി.ആർ.എമ്മിനെതിരായ അന്താരാഷ്‌ട്ര ദിനം കഴിഞ്ഞു വെറും ഒരാഴ്ച മാത്രം കഴിഞ്ഞ സന്ദർഭത്തിലാണ് ലോകത്തിലെ ആദ്യത്തെ ഓപ്പണ്‍ സോഴ്സ് ബ്രൌസർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മോസില്ല കുത്തക സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയുമായി ചേർന്ന് തങ്ങളുടെ ബ്രൌസറിൽ ഡിജിറ്റൽ നിയന്ത്രണ സംവിധാനം (Digital Restrictions Management – DRM) ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മോസില്ലയുടെ വിവാദ പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ എഫ്.എസ്.എഫ്. ഈ നടപടിയെ അപലപിച്ചു കൊണ്ട് പ്രസ്താവന പുറത്തിറക്കി.

മുൻനിര ഓപ്പണ്‍ സോഴ്സ് കമ്പനികൾ തന്നെ സ്വയം തുരങ്കം വയ്ക്കുന്ന ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ തകരുന്നത് ഓണ്‍ലൈൻ സ്വാതന്ത്ര്യമാണ്. നേരത്തെ ഉബുണ്ടു ആമസോണുമായി ചേർന്ന് ഉപയോക്താവിന്റെ വിവരങ്ങൾ ചോർത്തിയതിനെക്കാളും വലിയ ചീത്തപ്പേരാണ് ഇതുവഴി മോസില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. മറ്റൊരു വഴിയില്ലാത്തതിനാലാണ് ഇങ്ങനൊരു നടപടി എന്ന് മോസില്ല സ്വയം ന്യായീകരിക്കുന്നുണ്ടെങ്കിലും തരം കിട്ടുമ്പോൾ അഡോബിയെ പ്രശംസിക്കാനും അവർ മടിക്കുന്നില്ല.