സമൂഹങ്ങൾ വളരുന്നു. ആശയങ്ങൾ തളരുന്നു.

എല്ലാ സമൂഹങ്ങളിലും ഇത് ബാധകമാണെങ്കിലും ഇവിടെ പറഞ്ഞു വരുന്നത് സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങളെപ്പറ്റിയാണ്. ഈശ്വരനെ നിരാകരിച്ച ബുദ്ധൻ അനുയായികൾക്ക് മറ്റൊരു ഈശ്വരനായത് പോലെ ഒരു വിധിവൈപരീത്യമാണത്. ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ നിന്നു മാറി ഓപ്പണ്‍ സോഴ്സ് വക്താക്കൾ കടന്നു വന്നതങ്ങനെയാണ്. ആശയങ്ങൾ തളരുന്നു. തളർച്ചയുടെ ആലസ്യത്തിൽ തളർന്ന ആശയങ്ങൾക്ക് മീതേ പുതുപുതു സമൂഹങ്ങൾ രൂപം കൊള്ളുന്നു, ഒരുവേള പഴയ സമൂഹങ്ങൾ വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നകലുന്നു. കാലക്രമത്തിൽ അവ അപ്രസക്തമാകാതിരിക്കാൻ സ്വയം പെടാപാടു പെടുന്നു.

ഓപ്പണ്‍ ഡി.ആർ.എം. ഒരു ചൂണ്ടുപലകയാണ് – ആശയങ്ങൾ തളരുന്നതിന്റെ, ആശയങ്ങൾക്ക് അപകടമാംവിധമുള്ള വ്യതിയാനങ്ങൾ വരുന്നതിന്റെ. ലോകമാകമാനം അനേകം സ്വതന്ത്രസോഫ്റ്റ്‌വെയർ സമൂഹങ്ങൾ ഉടലെടുത്തതും വളർന്നതും ചിലതൊക്കെ ഒടുവിൽ തളർന്നു വീണതും ഒക്കെ ഇങ്ങനെ തന്നെയാണ്, എങ്കിലും ഇപ്പോഴുമുണ്ട് പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ. പുത്തൻ ആശയക്കാർ തളർത്താൻ ശ്രമിക്കുമ്പോഴും വിരക്തിയുടെ ചിതൽപ്പുറ്റിലേയ്ക്ക്‌ നടന്നുപോകാതെ അതിജീവനത്തിന്റെ മന്ത്രങ്ങൾ തേടി ശരിയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന സമൂഹങ്ങൾ ഇപ്പോഴുമുണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ ശാന്തമായ ഒരു തടാകം പോലെയായിരുന്നു ഐലഗ്ഗ്-കൊച്ചിൻ. കൊടുങ്കാറ്റു പോലെ ആരും അവിടെ സംസാരിച്ചു കണ്ടിട്ടില്ല. രൂക്ഷമായ വാദപ്രതിവാദങ്ങൾ അവിടെ ഒരിക്കലും നടന്നു കണ്ടിട്ടില്ല. വെറുപ്പിന്റെ ശബ്ദം അവിടെ ഉയർന്നിട്ടില്ല. സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിൽ ആകൃഷ്ടരായ ഒരുപറ്റം ആളുകളുടെ ഒരു തുറന്ന കൂട്ടായ്മ. അവരുടെ ശാന്തമായ യോഗങ്ങൾ. ടെക്കികൾക്കും ഗീക്കുകൾക്കും ഒപ്പം വെറും സാധാരണക്കാരായ ഗ്നു/ലിനക്സ് ഉപയോക്താക്കളും അവിടെ യോഗങ്ങളിൽ പങ്കെടുത്തു. തികച്ചും നിസ്സാരമായ കമ്പ്യൂട്ടർ വിഷയങ്ങൾ മുതൽ അതീവ ഗഹനമായ സാങ്കേതിക പ്രശ്നങ്ങൾ വരെ അവിടെ ചർച്ച ചെയ്യപ്പെട്ടു. എല്ലുറപ്പുള്ള ആശയങ്ങൾ, ക്ഷീണിതമാകാത്ത ആശയങ്ങൾ.

Way to ILUG-COCHIN

ഐലഗ്ഗ്-കൊച്ചിനിലേയ്ക്കുള്ള വഴി

നേരിട്ട് ഒരു മീറ്റിംഗിനും ഇതുവരെ കാണാത്ത ചിലർ മെയിലിംഗ് ലിസ്റ്റിലിട്ട ത്രെഡ്ഡുകള്‍ മൂലം ലിസ്റ്റ് ഒന്നടങ്കം ഫ്രീസ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചിൻ-ഐലഗ്ഗിനെ ഫോർക്ക് ചെയ്യുമെന്നു അവർ വെല്ലുവിളിച്ചു. അധികം വൈകാതെ തന്നെ ഗ്രൂപ്പിൽ സ്ഥിരസാന്നിധ്യമായിരുന്ന ചിലരൊക്കെ ചേർന്ന് ഐലഗ് ഫോർക്ക് ചെയ്യുകയും ചെയ്തു. ഇവിടെ കൊച്ചിയിലെ സ്ഥിരം മീറ്റിംഗ് സങ്കേതത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ എന്ന വിശാലമായ വിഷയത്തിൽ അതിന്റെ ദാർശനികപ്രസക്തിയെപ്പറ്റി കഴിഞ്ഞ പതിനാറു വർഷം മുടങ്ങാതെ തുടർച്ചയായി പ്രതിമാസയോഗങ്ങൾ സംഘടിപ്പിച്ച അതിന്റെ പാരമ്പര്യം, ഫോർക്ക് ചെയ്യാൻ മുൻകൈ എടുത്തവരൊക്കെ വിസ്മരിച്ചു. സമൂഹങ്ങൾക്ക് അർഹിക്കുന്നതിലുമേറെ പ്രാധാന്യം നൽകിക്കൊണ്ട് ആശയങ്ങളെ വിസ്മരിക്കുന്നതിന്റെ ഒരു കോപ്പിബുക്ക്‌ ഉദാഹരണമാണിത്.

പുതിയ പുതിയ സ്വതന്ത്രസോഫ്റ്റ്‌വെയർ ഗ്രൂപ്പുകൾ കൂടുതൽ കൂടുതലായി ഉയർന്നു വരുന്നത് നല്ലതാണ് എന്ന കാഴ്ച്ചപ്പടുകാരനാണ് ഞാൻ. ഇവിടെ പുതിയൊരു ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിലവിൽ സജീവമായിരുന്ന ഒരു സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടാണ്. ഇങ്ങനെ സജീവമായ ഒരു സമൂഹത്തിനെ പിളർത്തി പുതിയൊരു സമൂഹം പടുത്തുയർത്തുന്നതിനു മുമ്പ് കൂട്ടായ്മയിലെ മറ്റെല്ലാവരുമായും നേരിട്ടുള്ള ഒരു ചർച്ച (മെയിലിംഗ് ലിസ്റ്റിലൂടെയല്ല) ആവാമായിരുന്നു. പത്തുനൂറു വ്യക്തികൾ അടങ്ങുന്ന ഒരു കൂട്ടായ്മയിലെ മൂന്നോ നാലോ വ്യക്തികൾ ചേർന്ന് മറ്റുള്ളവരുടെ അഭിപ്രായം നേരിട്ടാരായാതെ ദ്രുതഗതിയിൽ ഒരു ഗ്രൂപ്പ് ഫോർക്ക് ചെയ്യുന്നതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? എന്തോ അവ്യക്തമായ ഒരാശയം അതിനുള്ളിൽ ചീഞ്ഞു കിടപ്പുണ്ട്. എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത ചില അടിയൊഴുക്കുകൾ അവിടെ നടക്കുന്നുണ്ട്.

Regular meeting April 2014

ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗ്

ലിബ്രേ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരുൾപ്പെടെ കുറെയേറെ പുതുമുഖങ്ങൾ 2014 ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിംഗിന് എത്തിയിരുന്നു. ടെക്നിക്കൽ സെഷൻ പലരും അലസമായി കേട്ടിരുന്നു. ബോട്ട്നെറ്റ്സിന്റെ നശീകരണാത്മകമായ ഉപയോഗം മൂലം എങ്ങനെ ഒരു ഗ്നു/ലിനക്സ്‌ സിസ്റ്റം സന്ധി ചെയ്യപ്പെടുന്നു എന്നതായിരുന്നു ജേ ജേക്കബ്ബ് സാര്‍ സെഷനിലൂടെ പറഞ്ഞു വന്നത്. നല്ല കാര്യങ്ങൾക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ബോട്ടുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൈബർ ക്രൈമുകൾക്ക് വേണ്ടിയാണത്രേ. റൂട്ട് ആക്സസ് ഇല്ലാതെ ഗ്നു/ലിനക്സ്‌ സിസ്റ്റങ്ങൾ പൂർണ്ണമായി തകർക്കാൻ സാധ്യമല്ല എന്ന് കരുതിയിരുന്ന എന്റെ വിശ്വാസം ഇതോടെ തകർന്നു.

മെയിലിംഗ് ലിസ്റ്റിലെ തമ്മിലടികൾക്കും വാഗ്വാദങ്ങൾക്കും ശേഷം നടന്ന ഏപ്രിൽ മാസത്തിലെ റെഗുലർ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ചില കാര്യങ്ങൾക്ക് ഒരു സുതാര്യത കൈവന്നു എന്നത് ഏതായാലും ഒരു നല്ല കാര്യമായി തോന്നി. എന്റെ അറിവിൽ ആദ്യമായാണ്‌ അവിടെ രൂക്ഷമായ ഒരു വാദപ്രതിവാദങ്ങൾ ഉയരുന്നത്. ടെക്നിക്കൽ സെഷൻ അലസമായി കേട്ടിരുന്ന ചിലര്‍ പൊടുന്നനെ സംവാദം സാകൂതം ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങി  🙂

കൂട്ടായ്മയിലെ ഇതര വ്യക്തികളുമായി പലപ്പോഴായി നടന്ന അനൗപചാരിക സംഭാഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് ഐലഗ്ഗ്-കൊച്ചിൻ ഒരു മെയിലിംഗ് ലിസ്റ്റ് കൂട്ടായ്മ മാത്രമാണെന്നും ലീബ്രെ ഇന്ത്യ എന്ന ഒരു ട്രസ്റ്റിന്റെ കീഴിലാണ് അതു വരുന്നതെന്നും നേരിയ ഒരു ധാരണ വെറും മൂന്നുനാലു വർഷങ്ങൾക്കു മുമ്പു മാത്രം അവിടെ പോയി തുടങ്ങിയ എനിക്കറിയാമായിരുന്നു. പക്ഷെ വർഷങ്ങൾക്കു മുമ്പേ അവിടെ സ്ഥിരസാന്നിദ്ധ്യമായിരുന്നവരില്‍ ചിലര്‍ക്കു പോലും അതറിയുമായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ആരൊക്കെയാണ് ട്രസ്റ്റ്‌ അംഗങ്ങൾ എന്നോ ട്രസ്റ്റിന്റെ ലക്ഷ്യങ്ങൾ എന്തെന്നോ ഒന്നും എനിക്കും വ്യക്തമായിരുന്നില്ല. ഈ വാഗ്വാദങ്ങളുടെയൊക്കെ അനന്തരഫലമായി ഇത്തരം കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരുവാൻ പോവുകയാണ്. ഐലഗ്ഗ്-കൊച്ചിൻ ഇത്തരം കാര്യങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കാൻ തയ്യാറെടുക്കുന്നു. കൂടാതെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച മോഡറേഷൻ സംഭവപരമ്പരകൾക്ക് വിരാമമിടാൻ മോഡറേഷൻ പോളിസിയും വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. പുതുതായി മെയിലിംഗ്  ലിസ്റ്റിൽ ചേരുന്ന ഓരോ സബ്സ്ക്രൈബർമാർക്കും ഈ പോളിസികൾ ആദ്യ മെയിലിൽ തന്നെ ലഭിക്കും. ഇത്തരം സുതാര്യത ഐലഗ്ഗിനു ലഭിച്ചതിൽ എല്ലാവരും സംതൃപ്തരാണ് എന്ന് ഞാൻ കരുതുന്നു.

സമൂഹത്തേക്കാൾ പ്രസക്തമാണ് ആശയങ്ങൾ – അതിനൊരിക്കലും തളർച്ച വരാൻ അനുവദിക്കാതെ അതിനെ വളർത്തുക എന്ന കർമ്മമാണ്‌ സമൂഹത്തിനുള്ളത്. വ്യക്തിയല്ല; സമൂഹമാണ്, സമൂഹമല്ല; ആശയമാണ് വലുത് എന്ന തിരിച്ചറിവ് നമുക്കുണ്ടായേ തീരൂ. കാരണം ആശയങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചാല്‍ അത് ഇല്ലാതാക്കുക സമൂഹത്തിന്റെ നന്മയായിരിക്കും.

വാൽക്കഷണം

ഹൈഫന്‍ വെറുമൊരു വരയല്ല

മുമ്പ് കൊച്ചി ഐലഗ്ഗ്, ഐലഗ്ഗ് കൊച്ചി, കൊച്ചിന്‍ ഐലഗ്ഗ് എന്നൊക്കെ പല പേരുകളില്‍ പറഞ്ഞിരുന്നു ഇവിടം. ഗ്നുസ്ളാഷ്ലിനക്സ് എന്നു പറയുന്നതു പോലെ, കഴിഞ്ഞ മീറ്റിംഗില്‍ ഐലഗ്ഹൈഫന്‍കൊച്ചിന്‍ എന്ന് ആരോ എടുത്തു പറയുന്നതു കേട്ടു. “ഞാൻ ചുമ്മാ ഒരു വരയൊന്നുമല്ല, എനിക്കും ഒരു നെലയും വെലയുമൊക്കെ ഒണ്ടെടാ കൂവേ” എന്ന് ഹൈഫന്‍ ആരെയെങ്കിലും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയോ ആവോ.

ഡയസ്പോറ

സ്വകാര്യതയെ വിലമതിക്കുന്ന എനിക്കറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർ സോഷ്യൽ മീഡിയകളിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നുണ്ട്. ഫേസ്ബുക്ക്‌, ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാരുടെ കൈവശം ഇരിക്കുന്ന നമ്മുടെ സ്വകാര്യ ഡാറ്റ അവർ എപ്രകാരം ഉപയോഗിക്കുമെന്നതു സംബന്ധിച്ച് നമുക്കാർക്കും യാതൊരു വ്യക്തതയില്ല. സത്യം. പക്ഷെ നമുക്ക് സമൂഹത്തിൽ നിന്ന് എത്ര കാലം ഒളിച്ചിരിക്കാനാവും? സ്വകാര്യത സംരക്ഷിക്കുന്ന – അതിനെ ഏറെ ബഹുമാനിക്കുന്ന സോഷ്യൽ മീഡിയകൾ ഇവിടെ ഉണ്ടോ? ഭാഗ്യവശാൽ ഉണ്ട്.

ഡയസ്പോറ

ഡയസ്പോറ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മയാണ്. വികേന്ദ്രീകൃതം | സ്വതന്ത്രം | സ്വകാര്യം – ഈ മൂന്ന് വാക്കുകൾ കൊണ്ട് ഡയസ്പോറയെ നിർവ്വചിക്കാം. ഇതര സാമൂഹ്യ കൂട്ടായ്മ സൈറ്റുകളിലൂടെ നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവരുടെ ഭീമൻ കേന്ദ്ര സെർവറുകളിൽ സൂക്ഷിക്കുമ്പോൾ ഡയസ്പോറയിൽ നിങ്ങൾ ചേർക്കുന്ന ഉള്ളടക്കങ്ങൾ നിങ്ങളുടെ സ്വന്തം സെർവറിൽ പൂർണ്ണ നിയന്ത്രണത്തോടെ സൂക്ഷിക്കാം. ഡയസ്പോറ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു സെർവറിനെ പോഡ് എന്ന് വിളിക്കുന്നു. ഇത്തരത്തിൽ അനേകം പൊതു പോഡുകൾ ലഭ്യമാണ്. വേണമെങ്കിൽ നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിൽ തന്നെ ഡയസ്പോറയുടെ ഒരു പോഡ് ഹോസ്റ്റ് ചെയ്തു നിങ്ങളുടെ ഡാറ്റയെ പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടു വരാം. സ്വകാര്യതയുടെ അതിർവരമ്പുകൾ ഡയസ്പോറയോളം പരിപാലിക്കുന്ന മറ്റൊരു ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മകളും ഇന്ന് നിലവിലില്ല. നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത പക്ഷം ഡയസ്പോറയിൽ യഥാർത്ഥ വ്യക്തിത്വം പൂർണ്ണമായും മറച്ചു വയ്ക്കാവുന്നതുമാണ്.

ഡയസ്പോറ ലോഗോ.

ഡയസ്പോറ ലോഗോ. ഒരു ചെറിയ ഭൂവിഭാഗത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരൊറ്റ മൂലവംശത്തിൽ പെട്ട ജനാവലി എന്നാണു ഡയസ്പോറ എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം.

രണ്ടായിരത്തി പത്തിൽ ന്യൂ യോർക്ക്‌ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ഇല്യ ഴിറ്റൊമിർസ്കി, ഡാൻ ഗ്രിപ്പി, മാക്സ് സാൽസ്ബർഗ്ഗ്, റാഫേൽ സോഫേർ എന്നിവർ ചേർന്നാണ് ഡയസ്പോറ പദ്ധതിയ്ക്ക് തുടക്കമിട്ടത് (ഇവരിൽ ഇല്യ ഴിറ്റൊമിർസ്കി തന്റെ 22 ആമത്തെ വയസിൽ  2011 നവംബർ 12നു ആത്മഹത്യ ചെയ്തു. ഡയസ്പോറ പദ്ധതി ഏൽപ്പിച്ച മാനസിക സമ്മർദ്ദം ആണ് ഇല്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു). കേന്ദ്രീകൃതമായ സാമൂഹ്യ കൂട്ടായ്മാ സൈറ്റുകൾ ഉപയോക്താക്കൾക്കെതിരെ ചാരപ്പണി ചെയ്യുകയും അവരെ നിരീക്ഷണ വലയത്തിലാക്കുകയും ചെയ്യുന്നു. ഇതിനൊരു ബദലായിട്ടാണ് വികേന്ദ്രീകൃത സ്വഭാവത്തോടെയുള്ള സാമൂഹ്യ കൂട്ടായ്മാ പദ്ധതി ഈ നാൽവർ സംഘം വിഭാവനം ചെയ്തത്. ഈ സാമൂഹ്യ കൂട്ടായ്മയുടെ അടിസ്ഥാനം സ്വകാര്യതയും. ഇതിനായി വെറും പതിനായിരം ഡോളർ മാത്രം പ്രതീക്ഷിച്ചു നടത്തിയ ക്രൌഡ് ഫണ്ടിംഗിൽ വെറും പന്ത്രണ്ടു ദിവസം കൊണ്ട് പിരിഞ്ഞത് രണ്ടു ലക്ഷം ഡോളർ ആയിരുന്നു. ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന പ്രബുദ്ധ ജനത എത്ര മാത്രം അവരുടെ സ്വകാര്യതയെ പറ്റി അവബോധമുള്ളവരായിരുന്നുവെന്നു ഈ ഫണ്ടിംഗ് വിജയ ചരിത്രം വിളിച്ചോതുന്നു. 2010 നവംബർ മാസത്തോടെ ഡയസ്പോറയുടെ ആദ്യപോഡ് പ്രവർത്തന സജ്ജമായി.

ഉപയോഗ / പ്രവർത്തന രീതികൾ

കുറെയേറെ പോഡുകളുടെ ഓരോ പീർ-ടു-പീർ നെറ്റ്‌വർക്ക് ആണ് ഡയസ്പോറ. സ്വന്തം പോഡ് സജ്ജീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ നിങ്ങൾ അംഗത്വം എടുക്കുക. ഉദാഹരണത്തിന് https://poddery.com എന്ന പൊതു പോഡിൽ ആണ് നിങ്ങൾ അംഗത്വം എടുത്തിരിക്കുന്നതെന്ന് കരുതുക. എന്റെ അക്കൗണ്ട്‌ ഒരു പക്ഷെ https://joindiaspora.com എന്ന പൊതു പോഡിൽ ആയിരിക്കും, അല്ലെങ്കിൽ എന്റെ സ്വന്തം വീപീയെസ്സിൽ ഞാൻ സജ്ജീകരിച്ച സ്വകാര്യ പോഡിലായിരിക്കും. രണ്ടു വ്യത്യസ്ത പോഡുകളിൽ ആണെങ്കിലും നമുക്ക് പരസ്പരം എളുപ്പം ബന്ധപ്പെടാനും കഴിയും. വ്യത്യസ്ത ഡയസ്പോറ പോഡുകൾ കണ്ടെത്താൻ http://podupti.me എന്ന കണ്ണി സന്ദർശിച്ചാൽ മതി. പല പോഡുകളും പല വ്യത്യസ്ത ആശയക്കാർ ഹോസ്റ്റ് ചെയ്തിരിക്കുന്നതാണ്. ഉദാഹരണത്തിന് https://pet-board.com എന്ന ഡയസ്പോറ പോഡ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് മൃഗസ്നേഹികളുടെ ഒരു കൂട്ടായ്മയാണ്.

ഡയസ്പോറയിൽ അംഗത്വം എടുത്തു കഴിഞ്ഞാലുടൻ തന്നെ ഒരു സ്വാഗത സന്ദേശം എത്തും, അതിൽ എങ്ങനെ ഈ നെറ്റ്‌വർക്ക് ഉപയോഗിക്കണം എന്ന വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടാവും. ഈ നിർദ്ദേശങ്ങൾ വായിക്കണമെന്ന് തന്നെയില്ല, പ്രത്യേകിച്ച് ആരും ഒന്നും പറഞ്ഞു തരാതെ തന്നെ, ഒന്ന് കണ്ടാൽ മാത്രം മനസ്സിലാവുന്ന രീതിയിലാണ് ഡയസ്പോറ ദൃശ്യസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യതയെ പറ്റി, നിങ്ങൾക്ക് കൂടുതൽ കരുതൽ ഉണ്ടെങ്കിൽ, നല്ല സാങ്കേതിക പരിചയം ഉണ്ടെങ്കിൽ സ്വന്തം സെർവറിലോ, വീപിഎസിലോ അല്ലെങ്കിൽ സ്വന്തം കംപ്യൂട്ടറിലോ പോലും ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ സ്വന്തം വീപിഎസിൽ എങ്ങനെ ഡയസ്പോറ ഇൻസ്റ്റാൾ ചെയ്യാമെന്ന് വ്യക്തമായി ഇവിടെ ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. സാങ്കേതിക പരിചയം ഇല്ലാത്തവർക്ക് ഡയസ്പോറ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു പൊതു പോഡിൽ അംഗത്വം എടുക്കുക. നിങ്ങളുടെ ഡാറ്റ ഏതു സമയത്തും നിങ്ങൾക്ക് മായ്ച്ചു കളയാനോ എക്സ്പോർട്ട് ചെയ്യാനോ ഏതു പോഡിലും സാധ്യമാണ്.

ഇനിയും ഡയസ്പോറയെപ്പറ്റി കൂടുതൽ അറിയണമെങ്കിൽ https://diasporafoundation.org കാണുക. അല്ലെങ്കിൽ ഡയസ്പോറയെ പറ്റി ചുമ്മാ ഒന്ന് ഗൂഗ്ലിയാലും മതിയാകും 🙂

അപ്പോൾ ഡയസ്പോറ ഉപയോഗിച്ച് തുടങ്ങുകയല്ലേ? അവിടെ വച്ച് കാണാം. ദാ ദിദാണ് എന്റെ ഡയസ്പോറ പബ്ലിക്‌ പേജ് : https://joindiaspora.com/u/saintthomas (ഒന്ന് ക്ലിക്കി നോക്കിയാലും 🙂

വാൽക്കഷണം

ഫ്രെണ്ടിക്ക, പമ്പ്‌.ഐ.ഒ, സ്റ്റാറ്റസ്നെറ്റ്, ഗ്നുസോഷ്യൽ, ഫ്രീസോഷ്യൽ, സോഷ്യൽസ്ട്രീമിംഗ് എന്നിങ്ങനെ നിങ്ങളുടെ സ്വന്തം സർവ്വറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സോഷ്യൽ നെറ്റ്വർക്കിംഗ് സോഫ്റ്റ്‌വെയറുകൾ വേറെയുമുണ്ട്. സ്വന്തമായി ഒരു വീപീയെസ് (വിർച്വൽ പ്രൈവറ്റ് സെർവർ) ഒക്കെ ഉള്ളവർക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ് – നേരെ ഈ സാധനങ്ങൾ ഒക്കെ അതിൽ കൊണ്ടു പോയി ഇൻസ്റ്റാൾ ചെയ്തു സുരക്ഷിതമായി ഉപയോഗിക്കാം.

അനുബന്ധ വായന

  1. http://larjona.wordpress.com/2013/10/07/social-networks-from-my-point-of-view-as-libre-software-user/
  2. http://larjona.wordpress.com/2013/10/07/the-social-networks-that-i-use-or-not-and-why/
  3. http://dr.jones.dk/msg/facebook/
  4. http://ml.wikipedia.org/wiki/%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1_%28%E0%B4%B8%E0%B5%8B%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%86%E0%B4%AF%E0%B5%BC%29

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ കൊച്ചിന്‍ ഐലഗ്ഗില്‍

റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ ഒരു മതാചാര്യനാണ്. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം എന്ന മതമാണ്‌ അയാള്‍ സ്ഥാപിച്ചത്. അയാളുടെ ദര്‍ശനങ്ങള്‍ ലോകം ആദ്യം കൌതുകത്തോടെ നിരീക്ഷിച്ചു. പിന്നെ അത്ഭുതത്തോടെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നോക്കിക്കണ്ടു. ‘ഗ്നു’വിനു പതിയെ ജീവന്‍ വച്ച് തുടങ്ങിയപ്പോള്‍ സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യവാദികളുടെ ആരാധനാമൂര്‍ത്തിയായി അയാള്‍ മാറി. ഒരു അവധൂതനെ പോലെ കൊച്ചിന്‍ ഐലഗ്ഗില്‍ അയാള്‍ എത്തിയത് രണ്ടു ദിവസം മുമ്പ് ഒരു സായാഹ്നത്തിലാണ്. ഐലഗ്ഗിലെ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ കൂട്ടായ്മ റിച്ചാര്‍ഡ്‌ സ്ററാൾമാനെ ഊഷ്മളമായി വരവേറ്റു. “എനിക്ക് വേണ്ടി ആരും എഴുന്നെല്‍ക്കരുതേ, സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം എഴുന്നെല്‍ക്കുവിന്‍” എന്ന പതിവ് വരികളോടെ അദ്ദേഹം ഫ്രീ സോഫ്റ്റ്‌ വെയറിന്റെ ദര്‍ശനം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു തീര്‍ത്തു.പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് യൂനിക്സില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിന്റെ പശ്ചാത്തലം മുതല്‍ സോപ്പ / പിപ്പ നിയമങ്ങളുടെ അന്തരാഴങ്ങള്‍ വരെ തികച്ചും ലളിതവും സ്ഫുടവുമായ ഭാഷയില്‍ അദ്ദേഹം വിശദീകരിച്ചപ്പോള്‍ സദസ്സ് തികഞ്ഞ ബഹുമാനത്തോടെ അവ ശ്രവിച്ചു.

“ഒരു കാരണത്ത് അടിക്കുന്നവനെ മറു കാരണം കൂടി കാണിച്ചു കൊടുക്കുവിന്‍” എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ്തുവിന്റെ അനുയായികളെല്ലാം അത് പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ? നോണ്‍-ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് പാപമാണെന്നു സ്ററാൾമാന്‍ പറയുമ്പോഴും ഞാനടക്കം എത്രയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകര്‍ അറിഞ്ഞും അറിയാതെയും തലയില്‍ മുണ്ടിട്ടും ഒക്കെ ഈ ‘അടിമവെയറുകള്‍’ ഇന്നും ഉപയോഗിക്കുന്നു. ഫേസ് ബുക്ക്‌ സുഹൃതല്ല; അതൊരു സര്‍വെയ്ലന്‍സ് സംവിധാനമാണെന്നും, നിങ്ങളെ നിങ്ങള്‍ പോലും അറിയാതെ അത് ചതിക്കുമെന്നും ഒക്കെ അദ്ദേഹം മുന്നറിയിപ്പ് തരുമ്പോഴും “സായിപ്പേ, അത് ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു” എന്ന് ഉള്ളാലെ എത്ര പേര്‍ പറഞ്ഞു കാണും. റിച്ചാര്‍ഡ്‌ സ്ററാൾമാന് അങ്ങനെയൊക്കെ പറയാം. അങ്ങനെയേ പറയാനാകൂ. കാരണം അദ്ദേഹം മതാചാര്യനാണ് ; മതസ്ഥാപകനാണ് – സെന്റ്‌ ഇഗ്നൂഷിയസ് ഓഫ് ഇമാക്സ്‌. ഫ്രീ ഡിസ്ട്രിബ്യൂഷന്‍സ് അല്ലാതെ ഉള്ള ഒരു ഗ്നു/ലിനക്സ്‌ വിതരണങ്ങളെയും അദ്ദേഹം പിന്തുണക്കുന്നില്ല. എന്റെ പൊന്നു സായിപ്പേ, കുനുകുനാ എന്ന് എഴുതി വച്ചിരിക്കുന്ന ഈ ലൈസന്‍സ് ഒക്കെ വായിച്ചു നോക്കിയിട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എങ്ങനെയാ പറ്റുക, ഏതാ ഫ്രീ, ഏതാ നോണ്‍-ഫ്രീ?

പക്ഷെ എന്തൊക്കെ ആണെങ്കിലും റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആരാധകരുടെ ഒരു കള്‍ട്ട് ഫിഗര്‍ ആണ്. കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ ലെനിനേയും ചെ ഗുവേരയെയും കൊണ്ട് നടന്നത് പോലെ, എഴുപതുകളിലെ മലയാള യുവത്വം ജോണ്‍ അബ്രഹാമിനെ കൊണ്ട് നടന്നത് പോലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രതാ വാദികളുടെ ദൈവമായി റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ വിരാജിക്കുന്നു. സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യം എന്നത് തീരെ അറിയാത്തവര്‍ക്ക് റിച്ചാര്‍ഡ്‌ സ്ററാൾമാന്‍ എന്ന വ്യക്തി ഒരു കിറുക്കന്‍ സായിപ്പ് മാത്രമാണ്. പക്ഷെ ഈ സായിപ്പിന്റെ സുന്ദരമായ ഈ കിറുക്കാണ് അറുബോറിംഗ് ആകാമായിരുന്ന കമ്പ്യൂട്ടര്‍ രംഗത്തെ ഇത്രമേല്‍ കാവ്യാത്മകമാക്കാന്‍ സഹായിച്ചതെന്നാണ് എന്റെ വിശ്വാസം.