ഓണ്‍ലൈൻ പ്രൈവസി മോണോമാനിയ

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾ ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയായിരുന്നു കടന്നു പോയത്. ഓണ്‍ലൈൻ പ്രൈവസി എന്ന ആശയത്തിൽ മോണോമാനിയ ബാധിച്ചതു പോലുള്ള ദിവസങ്ങൾ. കുറെയേറെ പുതിയ അറിവുകൾ, പുതിയ വിഹ്വലതകൾ… ആഗോള ഭരണകൂടങ്ങളുടെ ഭീകരമുഖം ഒരു വശത്ത്, ഈ ഭരണകൂടഭീകരതയെ പറ്റി തികച്ചും അജ്ഞരായ നിസ്സഹായരായ പൌരന്മാർ മറുപക്ഷത്ത്. ആശയവിനിമയത്തിനുള്ള നവസാങ്കേതിക വിദ്യകൾ ഭരണകൂടങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നു, അതുപയോഗിച്ചു പൌരന്മാർ നടത്തുന്ന ആശയവിനിമയം ഈ ഭരണകൂടങ്ങൾ തന്നെ മൊത്തമായി ചോർത്തുന്നു, ഇതിനെ ചെറ്റപൊക്കിത്തരം എന്നല്ലാതെ എന്തു വിളിക്കണം? A bloody peeping government. (ഒരു സംഭവം ഓർക്കുന്നു, പണ്ട് നമ്മുടെ നാട്ടിലൊരു ഹോട്ടലുണ്ടായിരുന്നു, പേരൊന്നും അറിയില്ല – പറഞ്ഞു കേട്ട കഥയാണ് : വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കുന്ന നവദമ്പതികൾക്ക് ഈ ആഡംബര ഹോട്ടലിൽ ഏതാണ്ട് സൌജന്യമെന്നോണം മുറി കൊടുക്കും, നിസ്സാര വാടക. നിസ്സാരവിലയ്ക്ക് ഭക്ഷണം. കുറെ പേർ ഈ സൌജന്യം ഉപയോഗപ്പെടുത്തി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവരിൽ പലരുടെയും സെക്സ് ടേപ്പുകൾ വെളിയിൽ വന്നപ്പോൾ മാത്രമാണ് തങ്ങൾ ആ ഹോട്ടൽതാമസത്തിനു നൽകിയ വില എത്രയാണെന്ന് അവർ തിരിച്ചറിഞ്ഞതുതന്നെ.)

ഭരണകൂട ചെറ്റപൊക്കിത്തരങ്ങൾക്കെതിരെയുള്ള മുന്‍കരുതലായാണ് ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഞാൻ കാണുന്നത്. അതുപയോഗിക്കുന്നതിലൂടെ ഇന്റർനെറ്റിന് ഒരു ഇരുമ്പുമറ തീർക്കാം, ഭരണകൂട കങ്കാണികൾ ഒരുക്കുന്ന സർവെയ്ലൻസ് ക്യാമറകളിൽ നിന്ന് സംരക്ഷണം നേടാം. തികച്ചും ആത്മവിശ്വാസത്തോടെ ഇന്റർനെറ്റിൽ എന്തും തിരയാം. വേൾഡ് വൈഡ് വെബ്ബും ഡീപ് വെബ്ബിനകത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന ഡാർക്ക്‌ നെറ്റും അടക്കം എന്തും ബ്രൌസ് ചെയ്യാം. എൻക്രിപ്റ്റ് ചെയ്തു മെയിലുകൾ അയയ്ക്കാം. ആശ്വസിക്കാനുള്ള വക നൽകുന്ന കാര്യങ്ങൾ പലതും ചുറ്റും നടക്കുന്നു. ഈയിടെയായി എൻക്രിപ്ഷൻ എന്ന ആശയത്തിന് വ്യാപകമായ സ്വീകരണം ലഭിക്കുന്നു. പലരും തങ്ങളുടെ പബ്ളിക് കീ പ്രസിദ്ധപ്പെടുത്തുന്നു.

സ്നോഡന്‍ അഴിച്ചു വിട്ട ഭൂതം ഭീതി പരത്താന്‍ തുടങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു. പല പ്രമുഖപോര്‍ട്ടലുകളിലും ബ്ളോഗുകളിലും ഒക്കെ 2014 ജൂണ്‍ 5 മുതല്‍ പോസ്റ്റുകളുടെ കുത്തൊഴുക്കാണ്. അതിനു കാരണവുമുണ്ട് – ഇന്റര്‍നെറ്റിനോടുള്ള നമ്മുടെ അടിമത്തം ഓരോ വര്‍ഷം ചെല്ലുന്തോറും പതിന്മടങ്ങ് കണ്ട് വര്‍ദ്ധിച്ചു വരികയാണ്. ഒന്നു രണ്ടു കൊല്ലം മുമ്പുവരെ ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ് കമ്പ്യൂട്ടറുകളില്‍ മാത്രമേ ഇന്റര്‍നെറ്റ് ലഭിച്ചിരുന്നുള്ളൂ. അന്നുണ്ടായിരുന്നതിന്റെ നാലിരട്ടി ഉപയോക്താക്കളാണ് ഇന്ന് സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ അഭിരമിക്കുന്നത്.

കൂടുതല്‍ കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ ആഗോള ചാരസംഘടനകള്‍ക്ക് പണി എളുപ്പമായിത്തുടങ്ങി. ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മകള്‍ സജീവമായതോടെ, അതില്‍ അഭിരമിക്കുന്നവരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ ചാരസംഘടനകള്‍ ആനന്ദലഹരിയില്‍ മുഴുകിയെന്നു വേണം പറയാൻ. ലോകം മുഴുവൻ ശൃംഖലകളുള്ള നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം അവിടെ നിന്നാണ്.

200 ബില്ല്യണ്‍ ഇ-മെയിലുകളാണ് പ്രതിദിനം ലോകമൊട്ടാകെ അയയ്ക്കപ്പെടുന്നത്. സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഏറ്റവുമധികം പ്രായോഗികമായ ടൂള്‍ ആണെങ്കിലും ഇമെയില്‍ സന്ദേശങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സ്വകാര്യതയുടെ കാര്യത്തില്‍ സന്ധി ചെയ്യപ്പെട്ടേക്കാം. ഇന്റര്‍സെപ്ഷൻ, ഐഡന്റിറ്റി തെഫ്റ്റ്, മോണിറ്ററിംഗ് തുടങ്ങിയ നടപടികള്‍ക്ക് നാമയയ്ക്കുന്ന മെയലുകള്‍ വിധേയമായേക്കാം. അയയ്ക്കപ്പെടുന്ന മെയിലുകളില്‍ ഏതാണ്ട് മിക്കവാറും തന്നെ ആവര്‍ത്തിച്ചുള്ള യന്ത്രവായനകള്‍ക്കും ഒരുപക്ഷേ മനുഷ്യവായനകള്‍ക്കും ശേഷമാകും ഉദ്ദിഷ്ടവ്യക്തിയ്ക്ക് ലഭിക്കുക.

ഇമെയില്‍ അയയ്ക്കാൻ വെബ്ബ് മെയിലിന് പകരം ഇമെയില്‍ ക്ളയന്റ് ഉപയോഗിക്കുക (കഴിയുമെങ്കില്‍ സ്വതന്ത്ര ആപ്ളിക്കേഷൻ ആയ തണ്ടര്‍ബേഡ് / അല്ലെങ്കില്‍ ക്ലോവ്സ് ഉപയോഗിക്കുക), അതില്‍ നിന്നയയ്ക്കുന്ന എല്ലാ മെയിലുകളും എൻക്രിപ്റ്റ് ചെയ്തു് അയയ്ക്കുക, ടോര്‍ ബ്രൗസറിലൂടെ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുക – ഇത്രയും കാര്യങ്ങള്‍ മാത്രം ചെയ്താല്‍ പകുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ടെയില്‍സ് പോലെയുള്ള അതീവ സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുകയാണെങ്കില്‍ ബാക്കി പകുതി കൂടി പരിഹരിക്കാം.

സ്നോഡന്റെ വെളിപ്പെടുത്തലുകളുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്റര്‍നെറ്റ് ഡിഫൻസ് ലീഗ് നടത്തിയ ആഗോള കാംപെയിനിന്റെ ചുവടുപിടിച്ച് ഗൂഗിള്‍ വരെ തങ്ങളുടെ ഇ-മെയില്‍ സര്‍വ്വീസില്‍ എൻക്രിപ്ഷൻ സംവിധാനങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇന്റര്‍നെറ്റ് സുരക്ഷയെപ്പറ്റി വളരെമുമ്പേതന്നെ പ്രതിബദ്ധത തെളിയിച്ചിട്ടുള്ള വേഡ്പ്രസ്സ് ആകട്ടെ ഈ വര്‍ഷം മദ്ധ്യത്തോടെ തങ്ങളുടെ എല്ലാ സബ്ബ്ഡൊമൈനുകളിലൂം എസ്.എസ്.എല്‍. ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതൊക്കെയാണെങ്കിലും 100% സുരക്ഷിതത്വം ഒരു സേവനങ്ങളും ഉറപ്പു നല്‍കുന്നില്ല. ഗൂഗിള്‍ പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങളെ വിശ്വസിക്കുന്നതിലും അപകടമുണ്ട്. ഇ-മെയില്‍ എൻക്രിപ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പീ.ജീ.പി., ഗ്നൂപീജി കീറിംഗുകളെ പോലും ക്വാണ്ടം സൂപ്പര്‍ കമ്പ്യുട്ടറുകള്‍ ഉപയോഗിച്ച് തകര്‍ക്കാൻ സാദ്ധ്യമാണെന്ന് കരുതപ്പെടുന്നു.

വിപണി വിഹിതം അല്ലെങ്കിൽ സ്വതന്ത്ര വെബ്‌? ഇതാണ് ചോദ്യം. മോസില്ല എന്തു തെരഞ്ഞെടുത്തു?

firefox_icon

സൽസ്വഭാവിയെന്നു പേരെടുത്ത ഉദ്യോഗസ്ഥൻ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടത് പോലെയായി ഇത്. കോഴക്കേസിൽ ക്രിക്കറ്റ് ടീം നായകൻ പ്രതിക്കൂട്ടിലായത് പോലെ. മോസില്ലയ്ക്ക് ഇതെന്തുപറ്റി എന്ന് സ്വതന്ത്ര ലോകത്തിലെ എല്ലാവരും പരസ്പരം അത്ഭുതപ്പെടുന്നു.

മെയ്‌ 14-നു പുറത്തിറങ്ങിയ മോസില്ലയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ സ്വന്തം ബ്രൌസറിൽ ഡി.ആർ.എം. ഉപയോഗിക്കാൻ തീരുമാനിച്ച വിവരം അവർ പുറത്തുവിട്ടു. (ഇന്റർനെറ്റ്‌ എക്സ്പ്ളോറര്‍ ഡെവലപ്പ്മെന്റ് ടീം ഇത്തവണയും കേക്ക് സമ്മാനിച്ചോ എന്ന് ഇതുവരെ അറിവായിട്ടില്ല.)

Netflix, Hulu, Amazon Videoതുടങ്ങിയ ഓണ്‍ലൈൻ ടെലിവിഷൻ / മൂവീ സർവ്വീസുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് മോസില്ല ഇ.എം.ഇ. ഉപയോഗിക്കാൻ തുനിഞ്ഞിരിക്കുന്നതെന്ന് ഔദ്യോഗിക ബ്ളോഗിൽ സൂചിപ്പിച്ചിരിക്കുന്നു. ഇത് ഒന്ന് കൂടി വിശദമാക്കുകയാണെങ്കിൽ, മേൽപ്പറഞ്ഞ ടെലിവിഷൻ / മൂവീ സർവ്വീസുകൾ നൽകുന്ന കമ്പനികൾ തങ്ങൾ നൽകുന്ന കണ്ടന്റിനു മീതെ പരിപൂർണ്ണ നിയന്ത്രണം വേണമെന്ന് ബ്രൌസറുകളോട് ആവശ്യപ്പെടുന്നു, ചോദിക്കേണ്ട താമസം ഐ.ഇ., ക്രോം പോലുള്ള പ്രൊപ്രൈറ്ററി ബ്രൌസറുകൾ അതു നൽകുന്നു, നിയന്ത്രണം നൽകുന്നതിൽ ഇനിയും അമാന്തിച്ചാൽ ഈ സർവ്വീസ് ഉപയോക്താക്കൾ തങ്ങളിൽ നിന്നു വിട്ടുപോയി പ്രൊപ്രൈറ്ററി ബ്രൌസറിൽ ചേക്കേറും. അതുകൊണ്ടാണ് (ഉള്ള യൂസർ ബേസ് നഷ്ടപ്പെടുത്താതിരിക്കാൻ) തങ്ങൾ ഇ.എം.ഇ. നടപ്പാക്കാൻ നിർബന്ധിതരായതെന്നാണ് മോസില്ല പറഞ്ഞു വരുന്നത്. അങ്ങനെ ഈ കണ്ടന്റ് വിതരണക്കാരുടെ പിണിയാളായ അഡോബീ കോർപ്പറേഷനെ കൂട്ടുപിടിച്ചുകൊണ്ട് മോസില്ല സ്വന്തം ബ്രൌസറിലും ഇ.എം.ഇ. ഇൻസ്റ്റോൾ ചെയ്യാനുള്ള അവസരം ഉപയോക്താവിന്  നൽകുന്നു.

ഇ.എം.ഇ. / സി.ഡി.എം.

ഇ.എം.ഇ. എന്നാൽ എൻക്രിപ്റ്റഡ് മീഡിയ എക്സ്റ്റൻഷൻ. ഇതിനെ സി.ഡി.എം. (കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ) എന്നും പറയും. അതായത് വീഡിയോ കണ്ടന്റുകൾ നല്ല അന്തസ്സായി എൻക്രിപ്റ്റ് ചെയ്തായിരിക്കും പല കണ്ടന്റ് ഭീമൻമാരും തങ്ങളുടെ വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഉപയോക്താക്കൾക്ക് ഈ വീഡിയോ കണ്ടന്റ് കാണണം എങ്കിൽ ഇത് ഡിക്രിപ്റ്റ്‌ ചെയ്യണം. അതിനായി അവരുടെ ബ്രൌസറിൽ ഒരു ഇൻ-ബിൽറ്റ്‌ കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ വേണം. കണ്ടന്റ് ഡിക്രിപ്ഷൻ മോഡ്യൂൾ ഇല്ലാത്ത പക്ഷം ഉപയോക്താവിന് വീഡിയോ കണ്ടന്റ് കാണുവാൻ സാധ്യമല്ല.

ഡി.ആർ.എമ്മിനെതിരായ അന്താരാഷ്‌ട്ര ദിനം കഴിഞ്ഞു വെറും ഒരാഴ്ച മാത്രം കഴിഞ്ഞ സന്ദർഭത്തിലാണ് ലോകത്തിലെ ആദ്യത്തെ ഓപ്പണ്‍ സോഴ്സ് ബ്രൌസർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മോസില്ല കുത്തക സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിയുമായി ചേർന്ന് തങ്ങളുടെ ബ്രൌസറിൽ ഡിജിറ്റൽ നിയന്ത്രണ സംവിധാനം (Digital Restrictions Management – DRM) ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മോസില്ലയുടെ വിവാദ പ്രഖ്യാപനം കഴിഞ്ഞയുടൻ തന്നെ എഫ്.എസ്.എഫ്. ഈ നടപടിയെ അപലപിച്ചു കൊണ്ട് പ്രസ്താവന പുറത്തിറക്കി.

മുൻനിര ഓപ്പണ്‍ സോഴ്സ് കമ്പനികൾ തന്നെ സ്വയം തുരങ്കം വയ്ക്കുന്ന ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ തകരുന്നത് ഓണ്‍ലൈൻ സ്വാതന്ത്ര്യമാണ്. നേരത്തെ ഉബുണ്ടു ആമസോണുമായി ചേർന്ന് ഉപയോക്താവിന്റെ വിവരങ്ങൾ ചോർത്തിയതിനെക്കാളും വലിയ ചീത്തപ്പേരാണ് ഇതുവഴി മോസില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. മറ്റൊരു വഴിയില്ലാത്തതിനാലാണ് ഇങ്ങനൊരു നടപടി എന്ന് മോസില്ല സ്വയം ന്യായീകരിക്കുന്നുണ്ടെങ്കിലും തരം കിട്ടുമ്പോൾ അഡോബിയെ പ്രശംസിക്കാനും അവർ മടിക്കുന്നില്ല.

എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

Completely agree with the post. ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുക / മൊബൈൽ ഫോണ്‍, പേജർ, ലാൻഡ്‌ ലൈൻ ടെലിഫോണ്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. കഴിയുമെങ്കിൽ കമ്പ്യൂട്ടർ പോലും ഉപയോഗിക്കാതിരിക്കുക. നമുക്ക് ആ പഴയ സമാധാന പൂർണ്ണമായ പൌരാണിക സംസ്കൃതിയിലേക്ക് തിരിച്ചു പോകാം. ഓരോ സാങ്കേതിക വിദ്യയും / വികസനത്തിലേക്കുള്ള ഓരോ ചുവടു വയ്പ്പും നമ്മുടെ ജീവിതത്തിന്റെ സ്വച്ഛതയും സമാധാനവും നശിപ്പിക്കുന്നു. Go back to stone age. I think John Zerzan is right.

നേരിടം

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു.

ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് – അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ ജയിലിലടച്ചു, അസാഞ്ജിന്റെ ചേരക്കായി വെറളിപിടിച്ചോടുന്നു.

John C. Kiriakou, Jeffery Sterling, Thomas Drake, Stephen Jin-Woo Kim, Shamai K. Leibowitz തുടങ്ങി എത്ര പേര് ലോക മാധ്യമ ശ്രദ്ധ നേടാതെ ഒബാമ സര്‍ക്കാരിന്റെ പീഡനം സഹിക്കുന്നു. ഇതുവരെയുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരേക്കാള്‍ കൂടുതലാളുകളെ 5-6 വര്‍ഷം കൊണ്ട് Mr.Change ചാരപ്രവര്‍ത്തി ആരോപിച്ച് കുറ്റവാളികളാക്കിയിട്ടുണ്ട്.

ഇവര്‍ പുറത്തുകൊണ്ടുവന്ന കാര്യങ്ങളൊന്നും പുതിയ കാര്യങ്ങളല്ല. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വളരെ മുമ്പ് തന്നെ അമേരിക്കയുടെ ഇടപെടല്‍, നിയമവിരുദ്ധ പരിശോധന, ആളില്ലാ വിമാനയുദ്ധം തുടങ്ങി പല കാര്യങ്ങളേക്കുറിച്ചും ധാരാളം ധൈഷണികര്‍ മുന്നറീപ്പ് നല്കിയിട്ടുണ്ട്. “അമേരിക്കയില്‍ പട്ടാള അട്ടിമറി നടക്കില്ല. കാരണം – അവിടെ അമേരിക്കന്‍ എംബസിയില്ല.” അമേരിക്കന്‍ എംബസിയുടെ ഇടപെടലുകളെക്കുറിച്ച് ലാറ്റിനമേരിക്കയില്‍ പ്രസിദ്ധമായ ഒരു ചൊല്ലാണത്.

ഇന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും നിരീക്ഷിക്കുന്നവെന്നുള്ള കാര്യം വളരെ മുമ്പ് തന്നെ അറിയാവുന്നകാര്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്റ്റാള്‍മാനും ഇക്കാര്യം…

View original post 289 more words