യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യൂ ഈസിയായി

യൂട്യൂബില്‍ നിന്നുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതു് ശ്രമകരമായ ഒരു പണിയായിരുന്നു ഈയടുത്ത കാലം വരെയുമെനിയ്ക്കു്. ആദ്യം ഏതെങ്കിലും തേഡ് പാര്‍ട്ടി സൈറ്റുകളില്‍ ചെന്നു് (ഉദാ :— keepvid.com / savefromnet.com) യൂട്യൂബ് വീഡീയോയുടെ ലിങ്ക് നല്‍കി അതിന്റെ ലിങ്ക് കിട്ടിക്കഴിഞ്ഞശേഷം ഡൗണ്‍ലോഡ് ചെയ്തു് — അങ്ങനെ കുറേ സ്റ്റെപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്ലേലിസ്റ്റ് ഒന്നടങ്കം ഡൗണ്‍ലോഡ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ ആകെ വിഷമിച്ചുപോകുമായിരുന്നു. കീപ്‍വിഡിന്റെ പ്രോ വെര്‍ഷന്‍ ഉപയോഗിച്ചു മാത്രമേ പ്ലേലിസ്റ്റ് ഒന്നടങ്കം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയു. അതിനു് പണം കൊടുക്കണം. തികച്ചും സൗജന്യമായി അതിലും എളുപ്പത്തില്‍ ഇതു ചെയ്യാന്‍ വഴിയുള്ളപ്പോള്‍ പിന്നെയെന്തിനു് പണം മുടക്കണം?

പറഞ്ഞുവരുന്നതു്  youtube-dl എന്ന ചെറിയൊരു കമാന്റ് ലൈന്‍ പ്രോഗ്രാമിനെപ്പറ്റിയാണു്. ഗ്നൂ/ലിനക്സില്‍ ഉപയോഗിക്കാന്‍ തികച്ചും ഈസിയായ കമാന്റ് ലൈന്‍ പ്രോഗ്രാമാണു് ഇതു്. കമാന്റ് ലൈന്‍ അത്ര പരിചയമില്ലാത്ത തുടക്കക്കാര്‍ക്കു് കമാന്റ് ലൈനിന്റെ സുഖം തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണിതെന്നു പറയാം.

പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുവാനായി ദാ ഈ കമാന്റ് കൊടുക്കാം.
sudo apt-get install youtube-dl
ഇപ്പോള്‍ ഇന്‍സ്റ്റലേഷന്‍ നടന്നോളും.
ആര്‍ച്ച് ഉപയോക്താക്കള്‍ ഈ കമാന്റ് നല്‍കുക
sudo pacman -S youtube-dl
ഇനി നിങ്ങള്‍ക്കൊരു വീഡിയോ അങ്ങനെതന്നെ യൂട്യൂബില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഈ കമാന്റ് കൊടുക്കാം.
youtube-dl https://youtu.be/DW5jfjN-5RIഇതില്‍ യൂട്യൂബ് ലിങ്കിന്റെ സ്ഥാനത്തു് നിങ്ങള്‍ക്കാവശ്യമുള്ള ലിങ്ക് നല്‍കാം.
ഇനി നിങ്ങള്‍ക്കാവശ്യം ഒരു യൂട്യൂബ് പ്ലേലിസ്റ്റിലൂള്ള സകല വീഡിയോകളും mp3 ആയി കണ്‍വര്‍ട്ട് ചെയ്തു് ഒറ്റയടിക്കു് കിട്ടണമെങ്കിലോ, ദാ വഴി ഇതാണു് —
youtube-dl --extract-audio --audio-format mp3 -o "%(title)s.%(ext)s" https://www.youtube.com/playlist?list=PL_rXc1ssylNdm6ywGuUoFDceN7RokajID
അപ്പോള്‍ മിക്കവാറും ഒരു പ്രശ്നം സംഭവിച്ചിരിക്കും. പ്ലേലിസ്റ്റിലെ ചില വീഡിയോ ഫയലുകള്‍ കോപ്പിറൈറ്റ് ലംഘനത്തിന്റെ പേരിലോ മറ്റു നിയമപ്രശ്നങ്ങളാലോ യൂട്യൂബ് തന്നെ ഡെലീറ്റ് ചെയ്തിട്ടുണ്ടാകും, ഇപ്രകാരമുള്ള വീഡിയോകള്‍ കിട്ടാതാവുമ്പോള്‍ കമാന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ക്രിപ്റ്റ് സ്വയം ടെര്‍മിനേറ്റ് ആകും. ഇതു മറികടക്കാന്‍ ചുമ്മാ ഒരു -i പാസ് ചെയ്താല്‍ മതി. അപ്പോള്‍ കമാന്റ് ഇങ്ങനെ
youtube-dl -i --extract-audio --audio-format mp3 -o "%(title)s.%(ext)s" https://www.youtube.com/playlist?list=PL_rXc1ssylNdm6ywGuUoFDceN7RokajID
ഏതു ഫോള്‍ഡറില്‍ നിന്നുകൊണ്ടാണോ ഇതു ചെയ്യുന്നത് ആ ഫോള്‍ഡറിന്റെ റൂട്ടില്‍ ഫയലുകള്‍ ‍ഡൗണ്‍ലോഡ് ആയിക്കോളും.
യെപ്പടി?

ഇയാന്‍, വേദനയോടെ വിട!

Farewell! Iam Murdock

ഗിറ്റില്‍ ഉണക്കാനിട്ട കോഡുകളുടെ
ശീലകളില്‍ നിന്നിനിയും
നനവു് തോര്‍ന്നിട്ടില്ല.
നികത്താന്‍ കഴിയാത്ത നിശ്ശൂന്യത
നിവര്‍ത്തിയിട്ടുകൊണ്ടാണ്
അയാള്‍ കളമൊഴിഞ്ഞതു്.

ഡെബിയനിലെ വര്‍ത്തുളമുദ്രയ്ക്കിടയില്‍
എവിടെയോ ഇപ്പോഴും ഇയാന്റെ
പുഞ്ചിരി പ്രകാശിക്കുന്നുണ്ട്.
ആ നിറപുഞ്ചിരിയില്‍
സ്വാതന്ത്ര്യത്തിന്റെ പടക്കുതിരകള്‍
കടിഞ്ഞാണിന്റെ ബന്ധനമില്ലാതെ
കുതിച്ചുപായുന്നുണ്ടു്.

ഡെബിയനിലെ ഇയാന്‍.
ഈയലുകള്‍ക്കു് ചിറകുവച്ചപ്പോള്‍
പ്രകാശത്തിന്റെ സൂര്യനിലേയ്ക്കു്
സ്വയം പറന്നുയര്‍ന്നവന്‍.
വ്യവസ്ഥിതിയോടു കലഹിച്ചു്
സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍
ഒരു ജീവിതം തന്നെ അര്‍പ്പിച്ചവന്‍.

ഇയാന്‍, വേദനയോടെ വിട!

ക്രഞ്ച്ബാംഗ് വിട പറയുന്നു :-(

ആ കറുകറുത്ത പശ്ചാത്തലത്തില്‍ ഒരല്‍പ്പമിരുണ്ട അക്ഷരങ്ങളില്‍ നിറഞ്ഞുനിന്ന ആ വശ്യമനോഹരമായ മേശപ്പുറം ഇനിയില്ല. ക്രഞ്ച്ബാംഗ് വിട പറയുന്നു #! സ്വിച്ചിട്ടാല്‍ തെളിയുന്ന വൈദ്യുതദീപം പോലെയായിരുന്നു ക്രഞ്ച്ബാംഗ്, ആ ബൂട്ടിംഗ് സ്പീഡും ഷട്ട് ഡൗണ്‍ സ്പീഡും ഒക്കെ എന്നെ ശരിക്കും അ മ്പരപ്പിച്ചിട്ടുണ്ട് എന്നും.
.

അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിനു പിന്നിൽ സിസ്റ്റംഡിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമായിരിക്കുമോ എന്ന് ക്രഞ്ച്ബാംഗ് ഡവലപ്പ്മെന്റ് അവസാനിപ്പിക്കുന്നു എന്നു കേട്ടപ്പോള്‍ത്തന്നെ തോന്നിയതാണ്. ഇങ്ങനൊരു ബ്ലോഗ് പോസ്റ്റിലൂടെ ലീഡ് ഡവലപ്പര്‍ ആയ കോറിനോമിനല്‍ (ഫിലിപ്പ് ന്യൂബറോ) തന്നെ പ്രസ്താവിക്കുമ്പോള്‍ കൂടുതലൊന്നും പറയാനില്ല.

ഗ്നൂ/ലിനക്സ് എക്കോസിസ്റ്റം ഇന്ന് ഏറെ പക്വതയോടെ വികസനത്തിലേയ്ക്കു കുതിച്ചു കൊണ്ടിരിക്കുന്നതാണ് ക്രഞ്ച്ബാംഗിന്റെ ഡെവലപ്പ്മെന്റ് അവസാനിപ്പിക്കുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ വികസനം തീർച്ചയായും നല്ല കാര്യമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വികസനം മുന്നോട്ടു കുതിക്കുമ്പോൾ ചില കാര്യങ്ങൾ അപ്രസക്തമാകുന്നു, ക്രഞ്ച്ബാംഗ് ഇപ്രകാരം അപ്രസക്തമായെന്നും അതുകൊണ്ടു തന്നെ വഴിയിൽ ഉപേക്ഷിക്കുന്നു എന്നും അദ്ദേഹം ദുഃഖത്തോടെ കൂട്ടിച്ചേർക്കുന്നു.

ശരിയാണ്, ഗ്നൂ/ലിനക്സ് വളരെയേറെ പുരോഗമിച്ചു, ഇന്ന് ഗീക്കുകള്‍ മാത്രമല്ല, തികച്ചും സാധാരണക്കാരായ ഉപയോക്താക്കള്‍ക്കു വരെ ഉപയോഗിക്കാന്‍ പാകത്തില്‍ അത് പക്വതയാര്‍ജ്ജിച്ചു. വേഗതയ്ക്കു പുറമേ എന്നെ ഏറ്റവുമധികം ക്രഞ്ച്ബാംഗിലേയ്ക്ക് ആകര്‍ഷിച്ചത് അതിന്റെ ഇന്റര്‍ഫേസിന്റെ അഭൗമമായ സൗന്ദര്യം കൂടിയാകണം. പ്രൗഢമായ അതിന്റെ തമോസൌന്ദര്യത്തിലൂടെ ക്രഞ്ച്ബാംഗ് വിടർത്തുന്നത് കറുപ്പിന്റെ എഴഴകാണ്.

ക്രഞ്ച്ബാംഗ് ദുഃഖത്തോടെ വിട 😦

ഗ്രബ്ബ് റിക്കവറി

വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ മെയിന്റനന്‍സിന് ഇറങ്ങിപ്പുറപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് കിട്ടുന്ന മുട്ടന്‍പണിയാണ് ഗ്രബ്ബ് റിക്കവറി. വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുന്നതോടെ ഗ്നൂ/ലിനക്സിന്റെ പൂമുഖത്തു നിന്നു പടിയിറങ്ങി പിണങ്ങിപ്പുറപ്പെട്ടു മുങ്ങുന്ന ഗ്രബ്ബണ്ണനെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഒരുവിധേന തലകുത്തി മറിഞ്ഞ് മുങ്ങിത്തപ്പി മുടിയ്ക്കു കുത്തിപ്പിടിച്ചെടുക്കുന്ന ഈ കലാപരിപാടി എന്റെ ഓര്‍മ്മയില്‍ ഏതാണ്ട് മൂന്നുനാലുതവണ ചെയ്തിട്ടുണ്ട്. പറഞ്ഞിട്ടെന്തുകാര്യം, വീണ്ടും ഒരൊന്നൊന്നര വര്‍ഷം കഴിയുമ്പോള്‍ അതു വീണ്ടും മറക്കും.

ആക്ച്വലി, സംഗതി വളരെ സിമ്പിളാ. ചില വിദ്വാന്മാര്‍ എന്താ ചെയ്ക എന്ന്വച്ചാല്‍ വീണ്ടും രണ്ടാമതു ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ വരെ അങ്ങട് ഇന്‍സ്റ്റാള്‍ ചെയ്തു കഴിയും, എന്തിനാന്നോ ഗ്രബ്ബിനെ തിരിച്ചു കൊണ്ടുവരാന്‍ മാത്രം. ഇന്റര്‍നെറ്റൊക്കെ ഇത്രേം ചീപ്പാകുന്നതിനും മുമ്പ് ഈയുള്ളവനു തന്നെ ഒരിക്കല്‍ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ദാ ഇന്നലെ ഒരു ചങ്ങായീന്റെ വീട്ടില്‍ ഓന്റെ വിന്‍ഡോസ് പുഴുവരിച്ച് ചക്രശ്വാസം വലിച്ചു കിടക്ക്വാന്ന് പറഞ്ഞപ്പോള്‍ ഒന്നു നോക്കാന്‍ പോയി. ശത്രുവാണെങ്കിലും രോഗശയ്യയിലാണെങ്കില്‍ പോയിക്കാണണം എന്നാണല്ലോ പറയാ, അതോണ്ടാ പോയേ. ചെന്നുനോക്ക്യപ്പോ സംഗതി സത്യാര്‍ന്നു. നെറച്ച് പുഴു. ച്ചാല്‍ വൈറസ്, ബാക്ടീരിയ മുതല്‍ കുതിര വരെ ഇങ്ങനെ പടക്കോപ്പണിഞ്ഞ് നിക്ക്വാ. ഈ ട്രോജന്‍ കുതിരകളേ… പിന്നെ അധികം പണിക്കൊന്നും നിക്കാണ്ട് ആ ചാകാറായ വിന്‍ഡോസിനെ ദയാവധം കല്‍പ്പിച്ചു ഫോര്‍മാറ്റി.

പിന്നെ അവന്റെ കൈവശമുണ്ടായിരുന്ന മീഡിയ ഇട്ട് വിന്‍ഡോസിനെ ഇന്‍സ്റ്റാളി. ശ്ശോ! ഒരു ജാതി മെനകെട്ട പെണ്ണുങ്ങളെ കെട്ടി വീട്ടില്‍ കൊണ്ടുവരണ പോലെയാണെ വിന്‍ഡോസിന്റെ കുരുത്തംകെട്ട ബൂട്ട് ലോഡര്‍. “ഇനി അമ്മായിയമ്മയ്ക്കും നാത്തൂന്മാര്‍ക്കും ഈ വഴി പ്രവേശനമില്ല” എന്ന് ഒരു ബോര്‍ഡാ കെട്ടിത്തൂക്കും ഇവറ്റകള്‍. നമ്മളപ്പോലത്തെ മെയില്‍ ഷോവനിസ്റ്റുകള്‍ അതൊക്കെ സമ്മയ്ച്ച് കൊടുക്കോ? പിന്നെന്താ ചെയ്യാ?

നമ്മള്‍ ശാസ്ത്രീയമായി മുന്നോട്ടു പോകും 🙂 ഹമ്പട!

അവള്‍ടെ ഒടുക്കത്ത അഹങ്കാരം തീര്‍ത്തുകൊടുക്കാന്‍ ആദ്യമായി നമ്മള്‍ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത വിന്‍ഡോസിനെ ഷട്ട് ഡൗണ്‍ ചെയ്ത് ഉറക്കി മലര്‍ത്തിക്കിടത്തും. എന്നിട്ട് ലൈവായിട്ടൊരു ചുള്ളന്‍ ഉബുണ്ടു ചെക്കനെ അങ്ങട് സീഡീ ട്രേയില്‍ ലോഡ് ചെയ്ത് സിസ്റ്റം ബൂട്ട് ചെയ്യും. അത് ഭയങ്കര ഈസ്യാ. എന്നിട്ട് അവള്‍ – ആ മൂധേവി – ആ ബോര്‍ഡ് എവിടെയാ കൊണ്ടുപോയി എഴുതിവച്ചിരിക്കുന്നതെന്ന് ശരിക്കും പരിശോധിക്കും. അതിന് ഹാര്‍ഡ് ഡ്രൈവ് പാര്‍ട്ടീഷനുകള്‍ ഓരോന്നായി മൗണ്ട് ചെയ്തു തന്നെ നോക്കണം. /boot/grub/grub.cfg എന്ന സ്ഥലത്താണ് കക്ഷി Master Boot Record എന്ന് പേരുള്ള ഈ എഴുത്ത് സാധാരണയായി എഴുതിവയ്ക്കാറ്. grub.cfg എവിടെയുണ്ടെന്നു കണ്ടുപിടിച്ചാല്‍ പിന്നെ സംഗതി വളരെ എളുപ്പമാണ്.

ദിങ്ങനെ ഒരു നീളന്‍ കമാന്‍ഡ് അങ്ങട് എഴുന്നുള്ളിക്കുക.

grub-install --boot-directory=/(mountpath)/grub /dev/sda

ഇതില്‍ (mountpath) എന്നെഴുതിയിടത്ത് എവിടെയാണോ ഡ്രൈവ് മൗണ്ട് ചെയ്തത് ആ പാത്ത് കൊടുത്താല്‍ സംഗതി ജോര്‍

എല്ലാം ഓക്കെ ആയാല്‍ ദിങ്ങനെ ഒരു മെസേജ് ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടും.

No errors reported.

ഇതോടെ ഉബുണ്ടു ചെക്കന്റെ മഹനീയമായ പണി നിര്‍ത്താം. ഇനി അവനെ റീബൂട്ട് ചെയ്ത് സീഡീ പുറത്തെടുത്ത് നോര്‍മ്മലായി ഒന്നു ബൂട്ട് ചെയ്തു നോക്കൂ. നാണിച്ചു നാണിച്ചിരിക്കുന്ന ഗ്നൂ/ലിനക്സ് നാത്തൂന്‍മാരെയും അമ്മായിയമ്മയേയും ഗ്രബ്ബണ്ണന്‍ അവിടെ നിരത്തിനിര്‍ത്തിയിരിക്കുന്ന ആ മനോഹര കാഴ്ച്ച ആസ്വദിച്ചു കാണാം. ഇനി ദാ മറ്റവളെ ഡെസ്ക്ടോപ്പിനു മുകളില്‍ കൊണ്ടു കിടത്തണമെങ്കില്‍ chainload ചെയ്യേണ്ടിവരും. അഹങ്കാരത്തിന്റെ ശിക്ഷ. ഡിങ്കാഡിങ്ക! ഡിങ്കടഡിങ്ക!

ഡെബിയനില്‍ കലാപം

സിസ്റ്റംഡി ഉയര്‍ത്തി വിട്ട തീപ്പൊരി ഡെബിയന്‍ സമൂഹത്തിലെ ഒരു പ്രധാനവിഭാഗം ഡവലപ്പര്‍മാര്‍ക്കിടയില്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചിരിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പു മാത്രം തുടങ്ങിയ ഈ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലാണ് എത്തി നില്‍ക്കുന്നത്. ഇത്രകാലവും ഡെബിയന്‍ പരിപാലിച്ചുപോന്ന ഇനിറ്റ് സിസ്റ്റം – സിസ്‍വിഇനിറ്റ് – ഡെബിയന്റെ അടുത്ത റിലീസായ ജെസിയില്‍ ഉണ്ടാവില്ല, പകരം ഓപ്പണ്‍ സോഴ്സ് സമൂഹത്തിന്റെ ഒന്നടങ്കം പഴി ഏറ്റുവാങ്ങിയ സിസ്റ്റംഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ആയിരിക്കും ജെസി മുതല്‍ ഡെബിയനില്‍ ഉണ്ടാവുക. “ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക” (Do one thing and do it well) എന്ന യൂണിക്സ് സിദ്ധാന്തത്തിന് നേരെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സിറ്റംഡിയ്ക്കു നേരെയുള്ള പ്രധാന ആരോപണം. ഡവലപ്പര്‍ സമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായത്തെയോ, ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളുടെ ഹിതമോ മാനിക്കാതെ ഡെബിയന്‍ ടെക്‍നിക്കല്‍ കമ്മറ്റി ഏകാധിപത്യപരമായി പെരുമാറുന്നു എന്നും ആരോപണമുണ്ട്. ഡിസ്ട്രോകൾക്കിടയിൽ വമ്പിച്ച സ്വീകാര്യത, പക്ഷേ വളരെ കുറഞ്ഞ ജനപ്രിയത – ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് സിസ്റ്റംഡി.

ചില മേന്മകള്‍

കമ്പ്യൂട്ടർ ബൂട്ട് ചെയ്യാൻ ആവശ്യമായ സമയം കുറക്കാൻ സാധിക്കും എന്നതാണ് സിസ്റ്റംഡിയുടെ മേന്മകളിലൊന്ന്. സിസ്റ്റംഡി ഉണ്ടെങ്കിൽ എളുപ്പം ബൂട്ട് ചെയ്യാൻ പറ്റും എന്നു കരുതി ആരും ദിവസം മുഴുവനും സിസ്റ്റം റീബൂട്ട് ചെയ്തുകൊണ്ടേയിരിക്കാറില്ലല്ലോ എന്നാണ് സിസ്റ്റംഡിയുടെ ഈ മേന്മയെപ്പറ്റി സ്ലാക്ക് വെയർ ഫൗണ്ടർ പാട്രിക് വോൾക്കെർഡിംഗ് പറയുന്നത്. ചിലര്‍ വാദിക്കുന്നത് ഉബുണ്ടുവിന്റെ അപ്പ്സ്റ്റാര്‍ട്ട് സിസ്റ്റംഡിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണെന്ന്, പക്ഷേ അപ്പ്സ്റ്റാര്‍ട്ടിന്റെ ലീഡ് ഡവലപ്പര്‍ തന്നെ പറയുന്നു സിസ്റ്റംഡി അപ്പ്സ്റ്റാര്‍ട്ടിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന്. മാത്രവുമല്ല 2015-ല്‍ ഇറങ്ങുന്ന ഉബുണ്ടുവിന്റെ അടുത്ത പതിപ്പു മുതല്‍ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ആയിരിക്കും ഉബുണ്ടുവിന്റെ ഡീഫോള്‍ട്ട് ഇനിറ്റ് സിസ്റ്റം എന്ന് കാനോനിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക

എതിര്‍പ്പിനു പിന്നിലെ രാഷ്ട്രീയം

ലിനസ് ടോര്‍വാള്‍ഡ്സ്, എറീക്ക് റെയ്മണ്ട് തുടങ്ങി അനേകം ഓപ്പണ്‍ സോഴ്സ് വക്താക്കള്‍ ഇതിനകം തന്നെ സിസ്റ്റംഡിയ്ക്കെതിരേ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ എനിക്കു മനസ്സിലാകാത്തത് ഇത്രമാത്രം വ്യാപകമായ എതിര്‍പ്പ് ഡവലപ്പര്‍മാരുടെ ഇടയില്‍ നിന്ന് ഏറ്റുവാങ്ങിയ ഒരു ഇനിറ്റ് സിസ്റ്റത്തെ ഡെബിയന്‍, ഫെഡൊറ, ആര്‍ച്ച്, റെഡ്‍ഹാറ്റ്, സ്യൂസേ തുടങ്ങിയ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒക്കെ സ്വാഗതം ചെയ്തതിന്റെ രാഷ്ട്രീയമാണ്; അല്ലെങ്കില്‍ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒന്നടങ്കം സ്വാഗതം ചെയ്ത ഒരു ആപ്ലിക്കേഷനെ ഒരു വിഭാഗം ഡവലപ്പര്‍മാര്‍ സംഘം ചേര്‍ന്ന് ഒതുക്കുവാന്‍ ശ്രമിക്കുന്നതിന്റെ കാരണം. പുറമേ നിന്നുള്ള ഏതെങ്കിലും സമ്മര്‍ദ്ദം ഈ ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ ഉണ്ടായിരുന്നോ? ആകെ ജെന്റൂ മാത്രമാണ് സിസ്റ്റംഡിയെ സ്വീകരിക്കാതിരുന്നത്. ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു കടുംകൈയ്ക്ക് ഡെബിയന്‍ മുതിര്‍ന്നതെന്ന വിശദീകരണം അത്ര സ്വീകാര്യമായി പലര്‍ക്കും തോന്നുന്നില്ല, കാരണം ഇപ്പോഴും ഡെബിയന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ടെക്ക്-സാവി ഗീക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡെസ്ക്ടോപ്പ് വേണ്ടവര്‍ക്കായി ഉബുണ്ടുബും മിന്റും പിന്നെ കുറേയേറെ ഡിസ്ട്രോകള്‍ വേറെയുമുണ്ടല്ലോ. ഫ്രീ സോഫ്റ്റ്‍വെയര്‍ മൂവ്മെന്റിനെതിരെയുള്ള വ്യക്തമായൊരു കരുനീക്കം ഡെബിയന്‍  പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കലാപകാരികള്‍ കുറ്റപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ഒരു നിലപാടുമാറ്റത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

എതിര്‍പ്പുകളുടെ കാരണങ്ങള്‍

സിസ്റ്റംഡിയുടെ പ്രമുഖ ഡവലപ്പര്‍ ആയ ലെന്നാര്‍ട്ട് പോട്ടെറിംഗിനോടും അദ്ദേഹത്തിന്റെ ഡവലപ്പിംഗ് ശൈലിയോടും മിക്കവാറും എല്ലാ ഓപ്പണ്‍ സോഴ്സ് ഡവലപ്പര്‍മാര്‍ക്കും ഉള്ള കടുത്ത അതൃപ്തി ഈ ഇന്റേണല്‍ പൊളിറ്റിക്സിന്റെ ഒരു കാരണമകാം. ഇപ്പോഴും യൂണിക്സ് ദര്‍ശനം അന്ധമായി പിന്തുടരുന്നതും അതിനനുസൃതമായ ശൈലി സ്വീകരിക്കുന്നതും കാലാനുസൃതമല്ല എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ അതൃപ്തിയുടെ കാരണം. സിസ്റ്റംഡിയുടെ ഒരു പ്രശ്നം പരിഹരിക്കാനായി 2014 ഏപ്രില്‍ മാസത്തില്‍, മറ്റൊരു സിസ്റ്റംഡി ഡവലപ്പര്‍ ആയ കേയ് സീവേഴ്സ്, ലിനക്സ് കേര്‍ണലിന്റെ കോഡില്‍ പരിഷ്കരണം നടത്താന്‍ ശ്രമിച്ചത് ലിനസ് ടോര്‍വാള്‍ഡ്സ് നേരിട്ട് തടഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. മറ്റുചില ഡവലപ്പര്‍മാര്‍ സിസ്റ്റംഡിയെത്തന്നെ ഫോര്‍ക്ക് ചെയ്ത് യൂസ്ലെസ്സ്ഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ഉണ്ടാക്കിക്കൊണ്ടാണ് സിസ്റ്റംഡിയ്ക്കെതിരേ പ്രതികരിച്ചത്.

ഡിസ്ട്രിബ്യൂഷനുകള്‍ക്കുള്ളില്‍ കലാപങ്ങള്‍

ഡെബിയൻ മാത്രമല്ല ഫെഡോറയും കലാപബാധിതമാണ്. ഏറ്റവും ആദ്യം സിസ്റ്റംഡിയെ ആഞ്ഞു പുൽകിയ ഡിസ്ട്രിബ്യൂഷൻ എന്ന ഖ്യാതി ഏതായാലും ഫെഡോറയ്ക്കു തന്നെ അവകാശപ്പെട്ടതാണ്. ഫോർക്ക്ഫെഡോറ എന്ന പ്രോജക്റ്റിലൂടെയാണ് ഫെഡോറ ഡവലപ്പർ സമൂഹം ഇതിനെതിരെ പ്രതികരിച്ചത്.  അവരുടെ വെബ് സൈറ്റിൽ ഈ രണ്ടു ഇനിറ്റ് സിസ്റ്റങ്ങളുടേയും ലോഗുകള്‍ തമ്മിലുള്ള വ്യത്യാസം കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. ആര്‍ച്ച് ഉപയോക്താക്കള്‍ക്കിടയിലും സിസ്റ്റംഡിയുടെ കടുത്ത വിമര്‍ശകരുണ്ട്. സിസ്റ്റംഡി കോഡുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത ആര്‍ച്ച്ബാങ്ങിന്റെ പതിപ്പും ലഭ്യമാണ്.

ഡെബിയൻ ഫോർക്ക്

പഴയ സിസ്‍വിഇനിറ്റ് ഡീഫോള്‍ട്ട് ആയി നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റംഡി പുതിയ റിലീസില്‍ ഉള്‍ക്കൊള്ളിക്കുക അല്ലെങ്കില്‍ സിസ്റ്റംഡി പൂര്‍ണ്ണമായും പിന്‍വലികുക – ഇതിലേതെങ്കിലും ഒന്നു ചെയ്തില്ലെങ്കില്‍ ഡെബിയന്‍ ഫോര്‍ക്ക് ചെയ്യാനാണ് ഒരു വിഭാഗം ഡവലപ്പര്‍മാരുടെ തീരുമാനം. ഒക്ടോബര്‍ 16-നു ഇയാന്‍ ജാക്ക്സണ്‍ അവതരിപ്പിച്ച ഭേദഗതിയിന്മേല്‍ (ഇനിറ്റ് സിസ്റ്റം കപ്ലിംഗ്) ഇനിയും വോട്ടിംഗ് നടന്നിട്ടില്ല. വോട്ടിംഗില്‍ ഇരുകൂട്ടര്‍ക്കും സമ്മതമായ ഫലം വന്നാല്‍ ഫോര്‍ക്ക് ഇല്ലാതെ ഡെബിയന്‍ ഒന്നായി മുന്നോട്ടു പോകും.

ചില അനുകൂല പ്രതികരണങ്ങള്‍

2014 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഉബുണ്ടുവിന്റെ 15.04 വെര്‍ഷന്‍ മുതല്‍ തങ്ങളുടെ സ്വന്തം ഇനിറ്റ് സിസ്റ്റം ആയ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ഉപയോഗിക്കാനാണ് തീരുമാനം. ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലും സിസ്റ്റംഡിയെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് കേട്ടത്. കിസ്സ് (KISS – Keep It Simple, Stupid) തത്വം അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ബൂട്ടിംഗിലും ഷട്ട്ഡൗണിലും പ്രകടമായ വേഗതയാണ് സിസ്റ്റംഡി പ്രകടമാക്കുന്നതെന്നാണ് ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലെ പൊതുവികാരം. വേഗതയില്‍ മാത്രം പ്രാധാന്യമൂന്നിയ ക്രഞ്ച്ബാംഗ് ഡിസ്ട്രിബ്യൂഷനിലെ അംഗങ്ങള്‍ക്ക് അങ്ങനെയേ പറയാനാകൂ.

ശ്രദ്ധേയമായ മറ്റ് ആരോപണങ്ങള്‍

ഡെബിയന്‍ പോലുള്ള ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ പോലുള്ള സീക്രട്ട് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസ്സാഞ്ജ് 2014 ഏപ്രിലില്‍  ജര്‍മ്മനിയില്‍ വച്ചു നടന്ന വേള്‍ഡ് ഹോസ്റ്റിംഗ് ഡേയ്സ് ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ പ്രസ്താവിച്ചിരുന്നു.  (തൊട്ടുപിന്നാലെ വിക്കിലീക്ക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വാര്‍ത്ത ഔദ്യോഗികമായിത്തന്നെ നിഷേധിച്ചത് ഡെബിയന്‍ ഉപയോക്താക്കളെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്) അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഹാര്‍ട്ട് ബ്ലീഡ് ബഗ്ഗ് മറകള്‍ നീക്കി പുറത്തുവന്നതും എസ്. എസ്. എച്ചിലെ ബഗ്ഗും മാത്രമല്ല സിസ്റ്റംഡി പോലുള്ള സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഡിസ്ട്രിബ്യൂഷനുകളില്‍ ഉള്‍പ്പെടുത്താന്‍ ഡിസ്ട്രോകള്‍ പ്രദര്‍ശിപ്പിച്ച അമിതോത്സാഹം കൂടിയാണ്. ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ റെഡ്‍ഹാറ്റിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിലും ലേഖകകന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  കേള്‍ക്കുമ്പോള്‍ ഒരു കോണ്‍സ്പിറസി തിയറിയുടെ ധ്വനി ഉയരുന്നുണ്ടോ എന്നൊരു സംശയം. പക്ഷേ സ്നോഡന്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയും ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല, ഉവ്വോ 😭 ആവോ? എന്തരോ എന്തോ 😈 😈 😈

അവലംബം

 1. http://debianfork.org/
 2. http://en.wikipedia.org/wiki/Systemd
 3. http://boycottsystemd.org/
 4. https://www.debian.org/vote/2014/vote_003#amendmentproposera
 5. http://freedesktop.org/wiki/Software/systemd/
 6. ലിനക്സ് കുറിപ്പുകൾ
 7. http://forkfedora.org/

ഡിസ്ക് പാർട്ടീഷനിംഗ്

എന്താണ് ഡിസ്ക് പാർട്ടീഷൻ?

തികച്ചും വീട്ടാവശ്യങ്ങൾക്ക് വേണ്ടി മാത്രം കമ്പ്യൂട്ടറിൽ ഗ്നു/ലിനക്സ്‌ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എപ്രകാരം ഡിസ്ക് പാർട്ടീഷൻ ചെയ്യണം എന്നതിനെപ്പറ്റി ഒരു ചെറിയ മാർഗ്ഗ നിർദ്ദേശം ഇവിടെ എഴുതിയുണ്ടാക്കുകയാണ്.

ചില കുറിപ്പുകൾ

വളരെ ഉയർന്ന വ്യാപ്തിയുള്ള ഡിസ്ക് ഡിസ്ക് ഡ്രൈവുകൾ വിപണിയിലെത്തിയപ്പോൾ മുതലാണ് ഇവ ഫോർമാറ്റ് ചെയ്ത് ഒറ്റയ്ക്ക് ഒരു വലിയ സ്പേസ് ആയി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഉയർന്നു വന്നത്. ഇത്തരം ഉയർന്ന വ്യാപ്തിയുള്ള ഡ്രൈവുകൾ ലഭ്യമാക്കുന്ന കൂടുതല്‍ സ്ഥലം എപ്രകാരം മാനേജ് ചെയ്യും എന്നതിലെ അവ്യക്തതയായിരുന്നു പ്രശ്നങ്ങൾ ഉയർന്നു വരാനുള്ള കാരണം. കൂടുതല്‍ വലിപ്പമുളള വലിയ ഡ്രൈവുകളെ ബഹുഭൂരിപക്ഷം ഫയല്‍ സിസ്റ്റങ്ങള്‍ക്കും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും പിന്തുണയ്ക്കുവാന്‍ സാധിച്ചുവെങ്കിലും ചുരുക്കം ചിലതിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. വലിയൊരു ഡിസ്കിനെ ചെറിയ പാർട്ടീഷനുകള്‍ ആയി വേർതിരിക്കുക എന്നതാണ് ഈ പ്രശ്നത്തിനുളള ഏക പരിഹാരം. ഓരോ പാർട്ടീഷനും വെവ്വേറെ ഡിസ്ക് എന്നവണ്ണം ലഭ്യമാക്കി കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

സാധാരണ ഗ്നു/ലിനക്സ്‌ ഉപയോക്താക്കൾക്ക് മിക്കവാറും അവ്യക്തമായ ധാരണ മാത്രമുള്ള ഒരു മേഖലയാണ് ഡിസ്ക് പാർട്ടീഷനിംഗ്. ഇൻസ്റ്റലേഷന്റെ ഈ ഘട്ടമെത്തുമ്പോൾ മിക്കവരും വഴി മുട്ടി നില്ക്കുകയാണ് പതിവ്. ഇതിനു കാരണം ലിനക്സിന്റെ ഫയൽ സിസ്റ്റവുമായുള്ള പരിചയക്കുറവാണ്. ഓരോ വ്യക്തികളും കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് അവരവരുടെ ആവശ്യമനുസരിച്ചാണ്. രാമന്റെ ആവശ്യമായിരിക്കില്ല ഭാസിയുടെ ആവശ്യം. അബ്ദുള്ളയുടെ ആവശ്യം മറ്റൊന്നായിരിക്കാം. ജോണ്‍ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് നെറ്റ് ബ്രൌസ് ചെയ്യാൻ വേണ്ടി മാത്രമാണ് എങ്കിൽ സീതയുടെ ഉപയോഗം ഗ്രാഫിക് ഡിസൈനിംഗ് ആയിരിക്കാം. നാരായണൻ പ്രോഗ്രാമറും ജനാർദ്ദനൻ വീഡിയോ എഡിറ്ററുമാണ് – ഓരോരുത്തരുടേയും ആവശ്യം തികച്ചും വിഭിന്നമാണ്. വിഭിന്നമായ ഇത്തരം ആവശ്യങ്ങൾക്കനുസൃതമായി ഹാർഡ് ഡിസ്ക് പാർട്ടീഷനിംഗും വ്യത്യസ്തമായിരിക്കും.

ഹാർഡ് ഡിസ്കിനെ വിർച്വൽ ആയി വിഭജിച്ചു പല പാർട്ടീഷനുകൾ ഉണ്ടാക്കാൻ പല സോഫ്റ്റ്‌വെയറുകളും നിർമ്മിക്കപ്പെട്ടു. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് fdisk. fdisk ഉപയോഗിച്ച് ഹാർഡ് ഡിസ്കിനെ പ്രൈമറി / എക്സ്റ്റന്റഡ് / ലോജിക്കൽ പാർട്ടീഷനുകൾ ആയി വിഭജിക്കാം.

പ്രൈമറി / ലോജിക്കൽ / എക്സ്റ്റന്റഡ് പാർട്ടീഷനുകൾ തമ്മിലുള്ള വ്യത്യാസം

 1. ഒരു ലോജിക്കല്‍ ഡ്രൈവ് മാത്രം അടങ്ങുന്ന ഒരു ഹാര്‍ഡ് ഡ്രൈവു് ആണു് പ്രൈമറി പാര്‍ട്ടീഷന്‍. ഒരു പാര്‍ട്ടീഷന്‍ ടേബിളില്‍ മൂന്ന് പ്രൈമറി പാര്‍ട്ടീഷനില്‍ കൂടുതല്‍ നല്‍കുവാന്‍ സാധ്യമല്ല.
 2.  നാലു പാർ‍ട്ടീഷനുകളിൽ കൂടുതൽ വേണ്ടി വരുമ്പോൾ മൂന്നു പ്രൈമറി പാർട്ടീഷനുകൾക്ക് പുറമേ ഒരു എക്സ്റ്റെന്‍ഡഡ് പാര്‍ട്ടീഷന്‍ കൂടി ഉണ്ടാക്കി അതിനെ വീണ്ടും ലോജിക്കൽ പാർട്ടീഷനുകൾ ആയി വിഭജിച്ച്‌ കൂടുതൽ പാർട്ടീഷനുകൾ ഉണ്ടാക്കാം. എത്ര ലോജിക്കല്‍ പാർട്ടീഷനുകള്‍ ഉണ്ടാക്കാം എന്നതിന് ഒരു വ്യക്തമായ ഉത്തരമില്ല, എന്നിരുന്നാലും, ലിനക്സ്‌ സിസ്റ്റത്തിൽ പാർട്ടീഷനുകള്‍ ലഭ്യമാക്കുന്ന പ്രത്യേകരീതിയുടെ അടിസ്ഥാനത്തിൽ ഒരു ഡിസ്ക് ഡ്രൈവിൽ 12 ലോജിക്കല്‍ പാർട്ടീഷനുകളില്‍ കൂടുതല്‍ പാടില്ല.

ഏതൊക്കെ പാർട്ടീഷൻ വേണം?

വലിയ ഒരു ഡിസ്ക് (വണ്‍ റ്റീബി എന്ന് തന്നെ കരുതിക്കോളൂ) ഒരൊറ്റ പാർട്ടീഷൻ ആയി നിങ്ങൾക്ക് ഗ്നു/ലിനക്സ്‌ ഇൻസ്റ്റോൾ ചെയ്യാം. പക്ഷെ വ്യത്യസ്ത പാർട്ടീഷനുകൾ ഉണ്ടാക്കി അതിലേയ്ക്ക് ഇൻസ്റ്റോൾ ചെയ്യുന്നതാണ് അഭികാമ്യം. നിങ്ങളുടെ ഡിസ്കിലുള്ള സ്ഥലം എങ്ങനെ ലഭ്യമാക്കേണമെന്നു തീരുമാനിക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നതിനുള്ള ചില സൂചനകൾ മാത്രമാണിത്.

ഒരു ലിനക്സ്‌ സിസ്റ്റത്തിൽ വേണ്ട അടിസ്ഥാന പാർട്ടീഷനുകൾ

ക്രമ നമ്പർ പാർട്ടീഷൻ നാമം വിശദീകരണം
1 / / (അല്ലെങ്കില്‍ റൂട്ട്) പാര്‍ട്ടീഷനാണു് ഡയറക്ടറി ശൈലിയില്‍ ഏറ്റവും മുകളിലുള്ളതു്. സിസ്റ്റം അഡ്മിനിസ്ട്രേഷനുള്ള അക്കൌണ്ടിന്റെ ഹോം ഡയറക്ടറി ആണ് /root ഡയറക്ടറി /root (ഇത് “സ്ലാഷ്-റൂട്ട്” എന്നും അറിയപ്പെടുന്നു).
2 /usr സിസ്റ്റത്തിലുള്ള മിക്ക സോഫ്റ്റ്‌വെയറുകളും /usr ഡയറക്ടറിയില്‍ സൂക്ഷിക്കപ്പെടുന്നു. സ്വതവേയുള്ള സോഫ്റ്റ്‌വെയര്‍ സെറ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, ഏറ്റവും കുറഞ്ഞതു് 4 GB എങ്കിലും സ്ഥലം നല്‍കേണ്ടതാണു്
3 /home ഹോം പാർട്ടീഷനിലാണ് യൂസറുടെ ഫയലുകൾ എല്ലാം സേവ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗത്തെ മുൻനിർത്തി ഹോം പാർട്ടീഷന് എത്ര വലുപ്പം നല്കണമെന്ന് സ്വയം തീരുമാനിക്കുക. എത്ര മാത്രം ഡിസ്ക് സ്പേസ് നാം ഉപയോഗിക്കും എന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെങ്കിൽ കഴിയുന്നത്ര വലിയ സൈസിൽ ഹോം പാർട്ടീഷൻ ഉണ്ടാക്കുക.
/home പാര്‍ട്ടീഷന്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതു് നന്നായിരിക്കും. കാരണം അതിൽ സെന്‍സിറ്റീവ് ഡേറ്റ ഉണ്ടായിരിക്കും. ഇങ്ങനെ ചെയ്യുന്നതു്, ആധികാരികത ഇല്ലാത്ത ഉപയോക്താക്കളെ, അവര്‍ക്കു് സ്റ്റോറേജ് ഡിവൈസിലേക്കു് പ്രവേശനമുണ്ടെങ്കിലും, പാര്‍ട്ടീഷനുകളിലുള്ള ഡേറ്റാ ലഭ്യമാക്കുന്നതില്‍ നിന്നും തടയുന്നു.
4 /var താൽക്കാലികമായി ഡൌണ്‍ലോഡ് ചെയ്യുന്ന പാക്കേജ് പരിഷ്കരണങ്ങളൊക്കെ ഇവിടെയാണ് സൂക്ഷിക്കുന്നത്. /var ഡയറക്ടറി അടങ്ങുന്ന പാര്‍ട്ടീഷനില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ബാക്കിയുള്ളവ സൂക്ഷിക്കുവാനുള്ള സ്ഥലം ലഭ്യമെന്നു് ഉറപ്പ് വരുത്തുക.
5 /boot നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഓരോ കേര്‍ണലിനും /boot പാര്‍ട്ടീഷനില്‍ കുറഞ്ഞതു് 10 MB എങ്കിലും ആവശ്യമുണ്ടു്. നിങ്ങള്‍ ഇനിയും കേര്‍ണലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതു് വരെ /boot പാര്‍ട്ടീഷന്റെ സ്വതവേയുള്ള 250 MB വ്യാപ്തി മതിയാവും.
6 swap ഒരു swap പാര്‍ട്ടീഷന്‍ (കുറഞ്ഞത് 256 MB) —- വിര്‍ച്ച്വല്‍ മെമ്മറി പിന്തുണയ്ക്കുന്നതിനായി സ്വാപ്പ് പാര്‍ട്ടീഷനുകള്‍ ഉപയോഗിക്കുന്നു. അതായതു്, പ്രക്രിയകള്‍ നടക്കുമ്പോള്‍ RAM-ല്‍ ഡേറ്റാ സൂക്ഷിക്കുവാന്‍ ആവശ്യമുളള സ്ഥലം ലഭ്യമല്ലെങ്കില്‍, ഡേറ്റാ swap പാര്‍ട്ടീഷനിലേക്കു് എഴുതപ്പെടുന്നു.

ഉത്തമമായ പാര്‍ട്ടീഷനിങ് രീതി എന്ന രേഖയിൽ റെഡ് ഹാറ്റ്‌ ലിനക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത് പ്രകാരം താഴെ പറയുന്ന രീതിയിൽ പാർട്ടീഷൻ ചെയ്യുന്നതാണ് ഉത്തമം

 1. ഒരു swap പാര്‍ട്ടീഷന്‍
 2. ഒരു /boot പാര്‍ട്ടീഷന്‍
 3. ഒരു / പാര്‍ട്ടീഷന്‍
 4. ഒരു home പാര്‍ട്ടീഷന്‍

മേൽപ്പറഞ്ഞ പാർട്ടീഷനുകളിൽ നിന്ന് /boot പാർട്ടീഷൻ ഒഴിവാക്കാം, പകരം /var, /usr എന്നീ പാർട്ടീഷനുകൾ ചേർക്കാം. (ഇത് കൂടാതെ നിങ്ങളുടെ സൌകര്യാർത്ഥം ഇഷ്ടമുള്ള ഒരു പേരിൽ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കായുള്ള പാർട്ടീഷനും നിർമ്മിക്കാവുന്നതാണ്. ഉദാഹരണത്തിന് ഞാൻ ഡെബിയൻ ഇൻസ്റ്റോൾ ചെയ്യുമ്പോൾ dbnrepo എന്നോ മറ്റോ ഉള്ള ഒരു പേരിൽ ഒരു പാർട്ടീഷൻ ഉണ്ടാക്കി അതിലാണ് ഡെബിയൻ സീഡികൾ മുഴുവനും കോപ്പി ചെയ്തു വയ്ക്കുന്നത്.)
500 ജീബിയോ അതിനു മുകളിലോ (ചിലപ്പോൾ 1, 2 റ്റീബി വരെയൊക്കെ പോകും. വരും കാലങ്ങളിൽ റ്റീബി മാറി പീബിയും ഈബിയും ഒക്കെ ആയേക്കാം) ഒക്കെയുള്ള ഡിസ്ക് ഡ്രൈവുകളാണ് ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത്.

ഒരു 1 റ്റീബി ഹാർഡ് ഡിസ്ക് മുഴുവനായയോ ഭാഗികമായോ എങ്ങനെ ഗ്നു/ലിനക്സിനു വേണ്ടി പാർട്ടീഷൻ ചെയ്യാമെന്ന് ചെറിയൊരു രൂപരേഖ ഇവിടെ നൽകുന്നു:

ക്രമ നമ്പർ പാർട്ടീഷൻ നാമം വിശദീകരണം
1 / (root) 15 ജീബി
2 /usr 30 ജീബി
3 /var 30 ജീബി
4 swap 4 ജീബി
5 /home ബാക്കിയുള്ള സ്പേസ് മുഴുവനും / അല്ലെങ്കിൽ ആവശ്യമായത്ര സ്ഥലം. ബാക്കി സ്ഥലം ഉണ്ടെങ്കിൽ അത് അണ്‍പാർട്ടീഷൻഡ് സ്പേസ് ആയി നീക്കിയിടുക.

പ്രധാനപ്പെട്ട ഒരു കാര്യം

നിങ്ങൾ ഡിസ്ക് പാർട്ടീഷൻ ചെയ്യുമ്പോൾ പിന്നീട് ഓർത്തിരിക്കത്തക്കവിധം അത് വ്യക്തമായി എവിടെയെങ്കിലും കുറിച്ച് വയ്ക്കുക. നിർണ്ണായകമായ ഒരു ഘട്ടത്തിൽ അത് നിങ്ങളെ സഹായിക്കും, തീർച്ച. കഴിയുമെങ്കിൽ അതിന്റെ ഒരു സ്ക്രീൻ ഷോട്ടോ ക്യാമറ ഷോട്ടോ തന്നെ എടുത്തു വയ്ക്കുക.

അവലംബം:

 1. https://access.redhat.com/site/documentation/ml-IN/Red_Hat_Enterprise_Linux/6/html/Installation_Guide/s2-diskpartrecommend-x86.html
 2. https://access.redhat.com/site/documentation/ml-IN/Red_Hat_Enterprise_Linux/6/html/Installation_Guide/s2-diskpartrecommend-x86.html
 3. http://entubuntu.blogspot.in/2012_05_01_archive.html

വാൽക്കഷണം

ഇന്നലെയാണ് ഞാൻ ഡെബിയൻ വീസി ഇൻസ്റ്റോൾ ചെയ്തത്. മേൽപ്പറഞ്ഞ പ്രകാരം തന്നെ പാർട്ടീഷൻ ചെയ്തു. കൂടാതെ ഡെബിയൻ വീസിയുടെ റിപ്പോ ഡീവിഡികൾ കോപ്പി ചെയ്യാൻ വേണ്ടി മാത്രം wrepo (ച്ചാൽ, വീസി റിപ്പോസിറ്ററി എന്ന അർത്ഥത്തിൽ) എന്ന ഒരു അധിക പാർട്ടീഷൻ കൂടി ഇൻസ്റ്റോൾ സമയത്ത് തന്നെ നിർമ്മിച്ചു. (ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് തന്നെ ഇങ്ങനെ ഒരു പാർട്ടീഷൻ നിർമ്മിച്ചാൽ അത് സ്വമേധയാ തന്നെ ഈ പാർട്ടീഷനെ മൌണ്ട് ചെയ്തോളും, അല്ലെങ്കിൽ പിന്നെ നമ്മൾ പോയി മാനുവൽ ആയി മൌണ്ട് ചെയ്യേണ്ടി വരും)

പിന്നീട് wrepo പാർട്ടീഷനിൽ disk01 മുതൽ disk10 വരെയുള്ള പത്തു ഫോൾഡറുകൾ ഉണ്ടാക്കി

ഡീവിഡി ഡ്രൈവിൽ മീഡിയ ഇട്ട ശേഷം cp -Rf * /wrepo/disk01 എന്ന കമാൻഡ് നല്കി കോപ്പി ചെയ്തു. അപ്രകാരം പത്തു ഡീവിഡികളും wrepoയിലെ അതതു ഫോൾഡറുകളിലേയ്ക്ക് കോപ്പി ചെയ്തു. അതിനു ശേഷം /etc/apt ഫോൾഡറിലെ sources.lst എന്ന ഫയൽ എഡിറ്റ്‌ ചെയ്തു. സീഡിയുമായി ബന്ധപ്പെട്ട എല്ലാ ലൈനുകളും # ചേർത്ത് കമന്റ്‌ ചെയ്ത ശേഷം deb file:/wrepo/disk01/ ./ എന്ന ലൈനുകൾ കൂട്ടി ചേർത്തു. (sources.lst ഫയൽ കാണുവാൻ ഈ ലിങ്കിൽ ക്ലിക്കുക)

ഡെബിയൻ പ്രവർത്തക സംവിധാനത്തിന്റെ നിലവിലെ സ്ഥിരതയുള്ള പതിപ്പായ വീസിയുടെ സന്നിവേശന(ഇൻസ്റ്റാളേഷൻ)ത്തിന്റെ ഓരോ ഘട്ടങ്ങളും ചിത്രങ്ങൾ സഹിതം മനസ്സിലാക്കുവാൻ ഇവിടെ അമർത്തുക