ഗ്നു/ലിനക്‌സിലേയ്‌ക്കുള്ള ചുവടുമാറ്റം

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്‌ അതേവരെ കമ്പ്യൂട്ടറിനെപ്പറ്റി എടുത്തു പറയത്തക്ക ഗ്രാഹ്യമൊന്നും ഇല്ലാതിരുന്ന എന്റെ കൊച്ചുമുറിയിലേയ്‌ക്ക്‌ ഒരു പെന്റിയം ത്രീ 800 മെഗാ ഹെര്‍ട്ട്‌സ്‌ കമ്പ്യൂട്ടര്‍ കടന്നു വന്നത്‌. വായനയുടെ ലോകത്തു നിന്ന്‌ ഡിജിറ്റല്‍ പ്രപഞ്ചത്തിലേയ്‌ക്കുള്ള സമഗ്രമായൊരു ചുവടു മാറ്റമാവും അതെന്ന്‌ ഒരിയ്‌ക്കലും ഞാന്‍ കരുതിയിരുന്നില്ല. (ആകെ അറിയാവുന്ന ഒരേയൊരു സോഫ്റ്റ്‌വെയര്‍ ആല്‍ഡസ്‌ പേജ്‌മേക്കര്‍ മാത്രമായിരുന്നു. പിന്നെ ഹൈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ബേസിക് ലാംഗ്വേജ് കുറച്ചു പഠിച്ചിട്ടുണ്ട്. ഇത്രയും ഒഴിച്ചാല്‍ കമ്പ്യൂട്ടറിനെപ്പറ്റി ഞാന്‍ ഒരു ബിഗ്‌ സീറോ ആയിരുന്നു. ആല്‍ഡസ്‌ പേജ്‌മേക്കറും വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഈ കമ്പ്യൂട്ടറില്‍ എങ്ങനെ ഉപയോഗിക്കാമെന്ന്‌ കമ്പ്യൂട്ടര്‍ ഷോപ്പിലെ ആള്‍ക്കാരോട്‌ ഞാന്‍ നിഷ്‌കളങ്കമായി ചോദിച്ചതിന്‌ “”ഇയാള്‍ക്ക്‌ മറ്റെന്തൊക്കെയാണ്‌ വേണ്ടത്‌” എന്ന്‌ പരിഹാസത്തോടെയുള്ള മറുചോദ്യമായിരുന്നു ഉത്തരം. എന്തായാലും കമ്പ്യൂട്ടര്‍ വീട്ടിലെത്തിയപ്പോള്‍ വിന്‍ഡോസ്‌  ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനും ആല്‍ഡസ്‌ പേജ്‌മേക്കറിനും പുറമേ ഞാന്‍ കേട്ടിട്ടു പോലുമില്ലാത്ത മറ്റ്‌ പല പ്രോഗ്രാമുകളും അതിലുണ്ടായിരുന്നു.
മറ്റൊരു ജോലിയും ഇല്ലാത്തതിനാല്‍ ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറില്‍ ആഹാരത്തിനും ഉറക്കത്തിനും വേണ്ട അത്യാവശ്യം അഞ്ചെട്ടു മണിക്കൂറുകള്‍ മാറ്റിവച്ചാല്‍ ബാക്കി 15-18 മണിക്കൂറുകള്‍ മുഴുവനും ഞാന്‍ ആ പീ.ത്രീ-800 കമ്പ്യൂട്ടറിന്റെ മുന്നില്‍ ധ്യാനത്തിലായിരുന്നു. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ന്നെ പല സോഫ്‌റ്റ്‌വെയറുകളും അത്യാവശ്യം ഹാര്‍ഡ്‌വെയറും ഏതാണ്ട്‌ വിദഗ്‌ദ്ധമായിത്തന്നെ കെകാര്യം ചെയ്യാന്‍ വേണ്ടത്ര പരിജ്ഞാനം ആര്‍ജ്ജിക്കാന്‍ ഈ  ധ്യാനം കൊണ്ട്‌ എനിക്കു കഴിഞ്ഞു. വെകാതെ മനസ്സിലായി, ഞാന്‍ ഉപയോഗിക്കുന്ന ആല്‍ഡസ്‌ പേജ്‌മേക്കറും വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഒക്കെ മോഷ്ടിക്കപ്പെട്ട പതിപ്പുകളാണെന്ന്‌. കമ്പ്യൂട്ടര്‍ ഷോപ്പുകാരോട്‌ അതേപ്പറ്റി ചോദിച്ചപ്പോള്‍ “”അതു  പൈറേറ്റഡ്‌ ആണ്‌, അതിനെന്താ കുഴപ്പം, ആരും പിടിക്കാനൊന്നും വരില്ല, മറ്റുള്ളവരും ഇതു തന്നെയല്ലേ ഉപയോഗിക്കുന്നത്‌” എന്നിങ്ങനെയുള്ള മറുപടിയാണ്‌ കിട്ടിയത്‌. പൈറേറ്റഡ്‌ എന്ന വാക്ക് കേട്ടപ്പോള്‍ ടോം സോയറിന്റെ കൊള്ളസംഘം പോലെ അതിസാഹസികമായ എന്തോ ഏര്‍പ്പാട് പോലെ ആണ്  എനിക്ക് തോന്നിയത്.
Continue Reading