അണ്ണനും ചെല്ലപയലും: സ്വതന്ത്രസോഫ്റ്റ്‌ വെയറിനെ പറ്റി ഒരു നര്‍മ്മസംവാദം

കൊര്‍ച്ച് നേരായ് യെവന്‍ ക്വലിപ്പുകള് ത്വടങ്ങീട്ട്, ഡേയ് യെന്തരെടെയ് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള് ?

ഒന്നടങ്ങിയിരി അണ്ണേയ്.. പറഞ്ഞുതരാം അണ്ണേയ്. സ്വതന്ത്ര സോഫ്റ്റ്‌ വെയറുകളും ചങ്ങലക്കിട്ട സോഫ്റ്റ്‌ വെയറുകളും തമ്മില്‍ വ്യത്യാസം ക്വറേണ്ട്. അയ്ന് മുമ്പ് അണ്ണനോട് ചെല ചീള് ചോദ്യങ്ങള് ചോയ്ക്കട്ടെ?

വേഗം ചോയരടെയ്.

അണ്ണന്റെ വീട്ടീ കമ്പ്യൂട്ടറെണ്ടാ?

ഒണ്ടെങ്ങി?

ലാപ്‌ ടോപ്പാ ടെസ്ക്ടോപ്പാ

യെന്തര്?

മേശെ വക്കണതാ മടീ വക്കണതാ?

മേശെ വക്കണത്.

യതില് ഓയെസ് യെന്തര്?

യേത്? ഓയെസാ? അതെന്തര്?

അണ്ണേ, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ എമണ്ടന്‍ അക്ഷരത്തില് എന്താ ആദ്യം കാണണെ?

ഡേയ് അപ്പീ, വിന്‍ഡോസ് എന്നാ എന്തോ എപ്പളും കാണാറൂണ്ടെഡേയ്. നല്ല ഇരുട്ട് ബേക്ക്ഗ്രൌണ്ടില് വെള്ള നെറത്തില് ചെമല മഞ്ഞ കൊടികളൊക്കെ വച്ച് ഒരു മോട പേര്.

അണ്ണേയ് അണ്ണന്റെ വിന്ഡോസിന് ലൈസന്‍സ് ഒണ്ടോ അണ്ണേയ്

ലൈസന്‍സാ… എനിക്കാ… പോടെയ് പന്ന പയലേ. #@*&^ എനിക്കെന്ത് ല്വൈസന്‍സ്

അതൊക്കെ പോട്ടെ അണ്ണേയ് , ശാസ്തംഗലം കവലക്കെ രണ്ടു മാങ്ങാക്കച്ചോടക്കാര്‍ മാങ്ങ വിക്കണ്. ഒരുത്തന്റ കയ്യില്‍ പുഴു പൊളക്കണ ചീഞ്ഞ മാങ്ങ. ലവന്‍ വിക്കണത്‌ കിലോ നൂറു രൂപയ്ക്കു. മറ്റവന്റെ കയ്യീ നല്ല പൊളപ്പന്‍ ഫ്രഷ്‌ നാടന്‍ മാങ്ങ. ലവന്‍ വിക്കണത്‌ ഫ്രീ ആയി. ഇഷ്ടവോണ്ടെങ്കി ഇഷ്ടവോള്ള കാശ് കൊടുത്തേച്ച് പോ. അണ്ണന്‍ യാരുടെന്നു വേടിക്കും?

ഡേയ്, ഫ്രഷ്‌ മാങ്ങ വിക്കണവന് പ്രാന്താ? ഞാന്‍ ലവന്റ കായ്യീന്നെ വാങ്ങൂ.

അണ്ണാ, ഞാനും ലവന്റ കയ്യീന്നെ വാങ്ങൂ. തലയില്‍ മൂള ഒള്ള പയലുകളൊക്കെ ലവന്റെന്നെ വാങ്ങൂ. കാര്യം ശരിയാ, ലവന് പ്രാന്ത് തന്നെ. മഞ്ഞ പ്രാന്ത്. പഷ്ഷേ നല്ല സാധനം നാട്ടാര്‍ക്ക് ന്യായ വെലയ്ക്ക് കൊടുക്കണം എന്നോള്ള നല്ല വിചാരം കൊണ്ടോള്ള പ്രാന്താ. പിന്ന ആ മറ്റേ മോടക്കും പ്രാന്ത് തന്നെ അല്ല്? ചീഞ്ഞു പുഴുത്ത സാധനം നാട്ടാരെ പറ്റിച്ചു ഒയിരെ വെലയില്‍ വിക്കണതും പ്രാന്ത് തന്നെ അല്ല്? ഇനി കണ്ണും പൂട്ടി ആ പാഴിന്റ കയ്യീന്ന് ഏതെങ്കിലും മാക്രികള് സാധനം വാങ്ങി വീട്ടീ കൊണ്ട് പോയാ, യവര് അത് തിന്ന്വോ അണ്ണേയ് ?

ഡേയ്, അപ്പീ, നീ കളിയാക്കുവാണെഡേയ്? സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ കാര്യം പറഞ്ഞു തരാം എന്ന് പറഞ്ഞിട്ട് മാങ്ങാക്കച്ചോഡാണോഡേയ് പറെണേ?

കുറുക്കി പറയാം അണ്ണേയ്. അണ്ണന്‍ ക്ഷമീ. ഈ ചീഞ്ഞ മാങ്ങ ആണ് അണ്ണന്റെ കമ്പ്യൂട്ടറില്‍ ഒള്ള വിന്‍ഡോസ്. മൊത്തം വൈറസ്‌. മുടിഞ്ഞ വെല. ഒരു പയലിനെയും കാണിക്കാത്ത സോഴ്സ് കോഡ്. പിന്ന ആ ഫ്രഷ്‌ മാങ്ങയാണ് ഗ്നു/ലിനക്സ്‌ അധിഷ്ടിതമായ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍. ഒരു വൈറസും ഇല്ല. ബാക്ടീരിയയും ഇല്ല. പുഴും ഇല്ലൈ. ഇഷ്ടവോണ്ടെങ്കി സംഭാവന കൊടുക്കാം. അത്ര തന്നെ.