ഫേസ്ബുക്കിനോട് വിട പറയണം. മനസ്സ് വീണ വായിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ന്നാലും ഒരമാന്തം. നാലഞ്ചു തവണ അവസാനിപ്പിക്കാനൊരുങ്ങിയതാണ്. തൂങ്ങിച്ചാവാന്‍ കുരുക്കുമുറുക്കി ചാടാന്‍ പോകുമ്പോള്‍ ഒടുക്കത്തെ ഒരു വിളി വരില്ലേ – വേണോ വേണ്ടയോ എന്ന്, ദങ്ങനെയുള്ള വൃത്തികെട്ട വിളികള്‍ പലതവണ വന്നപ്പോള്‍ ന്നാപ്പിന്നെപ്പിന്നീടാകാം മരണം എന്നുനിനച്ച് പിന്മാറി. ഒടുക്കം ഒരു വിളിവന്നു അതിനെ തടുക്കാനായില്ല. കുരുക്കുമുറുക്കി ഡെലീറ്റ് അക്കൗണ്ട് ബട്ടണില്‍ ഞെക്കി. അപ്പോഴാണ് മനസ്സിലായത് ഇന്നു വിചാരിച്ചാല്‍ ഇന്നു തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഡെലീറ്റ് ചെയ്യാന്‍ കഴിയില്ല, രണ്ടാഴ്ചയ്ക്കുള്ളില്‍ എപ്പോള്‍ തീരുമാനം മാറ്റുന്നുവോ അപ്പോള്‍ ചുമ്മാ ഒന്നു സൈന്‍-ഇന്‍ ചെയ്താല്‍ മാത്രം മതി എല്ലാ പോസ്റ്റും പഴയപടി തിരിച്ചുകിട്ടി സംഭവം വീണ്ടും പണ്ടേപ്പോലെ തന്നെ ആകും! ശശി വീണ്ടും ശശിയാകും. ലൈഫ് പിന്നെയും ജിംഗാലാലായാകും. ഭൈരവോ നമോസ്തു.
ഉറച്ച തീരുമാനമായിരുന്നു. ഇളകിയില്ല. രണ്ടാഴ്ച ഫേസ്ബുക്കിനേപ്പറ്റി ഓര്‍ത്തതേയില്ല. വീണ്ടും ശശിയായില്ല. ഒക്ടോബര്‍ 18-നു ഞാന്‍ വിജയകരമായി ഫേസ്ബുക്കില്‍ നിന്ന് പുറത്തുകടന്നു. ജയില്‍മോചിതന്റെ ആഹ്താദമായിരുന്നു മനസ്സില്‍. ഓരോ പുതിയ കാഴ്ചകള്‍ കാണുമ്പോഴും അതു പോസ്റ്റാക്കുന്നതിനെപ്പറ്റി ഇനി ചിന്തയില്ല – പകരം കാഴ്ചയുടെ പുതുമയെ കൂടുതല്‍ നിരീക്ഷിക്കാനിനി അവസരം കിട്ടും. പോസ്റ്റുകളേ ഇല്ലാത്തതിനാല്‍ ആരൊക്കെ ലൈക്ക് ചെയ്യുമെന്നതിനെപ്പറ്റി ഇനി ടെന്‍ഷനില്ല. വാട്ട്സാപ്പില്‍ പണ്ടേയില്ല. ഡയസ്പോറയില്‍ പേരിനൊരു അക്കൗണ്ടുണ്ട് – അതില്‍ പക്ഷേ കാര്യമായ കളിയൊന്നുമില്ല. അങ്ങനെ ലോകമേ! ഞാനിതാ പൂര്‍ണ്ണസ്വതന്ത്രനായി ഇതാ നിന്റെ മുന്നില്‍ നില്ക്കുന്നു (എന്നു ലോകത്തോടു് ഉറക്കെ വിളിച്ചുപറയാന്‍ തോന്നി)
ഫേസ്ബുക്കില്ലാത്ത ലോകം കൂടുതല്‍ സുന്ദരമായിത്തോന്നാന്‍ കുറേ കാരണങ്ങളുണ്ട്. മൗസിന്റെ ചക്രത്തില്‍ പിടിച്ച് കറക്കുന്ന ശീലം ഇല്ലാതായി. സ്ക്രോള്‍ ഡൗണ്‍ ചെയ്തു് സമയം കളയുന്ന പരിപാടി പാടെ നിലച്ചു. ഇപ്പോള്‍ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചിലവഴിക്കാന്‍ വളരെയേറെ സമയം ലഭിക്കുന്നു. അനാവശ്യമായ അപ്ഡേഷനുകള്‍ക്കായി ചുമ്മാകളഞ്ഞിരുന്ന വൈദ്യുതി ലാഭിയ്ക്കാന്‍ കഴിഞ്ഞൂ. എല്ലാ നിലയിലും നേട്ടം.