ഒരു സെക്യൂരിറ്റി ചിന്ത: പെര്‍മനെന്റ് ഡിലീറ്റ് ചെയ്ത ഫയല്‍ എങ്ങനെ റിക്കവറബിള്‍ അല്ലാതാക്കി മാറ്റാം?

ഡിജിറ്റല്‍ ഫോട്ടോ/വീഡിയോ ക്യാമറകളുടെ വരവോടെ ആവശ്യത്തിനും അനാവശ്യത്തിനും ഫോട്ടോ/വീഡിയോ എടുത്തു കൂട്ടുന്ന ഒരു സ്വഭാവം നമുക്ക് വന്നു കൂടി. മൊബൈല്‍ ക്യാമറ വിപ്ലവം വന്നതോടെ ഈ സ്വഭാവം സര്‍വ്വ അതിരുകളും ലംഘിക്കാന്‍ തുടങ്ങി. ഡിജിറ്റല്‍ / മൊബൈല്‍ ക്യാമറകള്‍ കൊണ്ട് നഗ്ന ചിത്രങ്ങള്‍ എടുത്തു എമ്മെമ്മെസ്സിലൂടെയും ഈമെയിലിലൂടെയും അയച്ചു കൊടുത്തുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ തുടങ്ങി. മിക്കവാറും ഇതിന്റെ ഇരകള്‍ പലരും നിരപരാധികളാണ് എന്നതാണ് സത്യം. ഇത്തരം മെറ്റീരിയലുകളുടെ സോഴ്സ് തേടി പോകുമ്പോഴാണ് ചില ദുഃഖ സത്യങ്ങള്‍ മനസ്സിലാവുന്നത്.

ഒരു സംഭവ കഥ ഇതാ.

നല്ല രീതിയില്‍ പ്രണയിച്ചു കൊണ്ടിരുന്ന ചെറുക്കനും പെണ്ണും. (നമുക്കവരെ ടിന്റു മോന്‍ എന്നും ടുട്ടു മോള്‍ എന്നും തല്‍ക്കാലം വിളിക്കാം) ഇവരുടെ വിവാഹം വരെ നിശ്ചയിച്ചതാണ്. വിവാഹത്തിന് മുമ്പ് ഒന്നോ രണ്ടോ ദിവസം ഒരുമിച്ചു താമസിച്ച സമയത്ത്  (ഇപ്പോഴൊക്കെ അത് പതിവാണല്ലോ!) ചുമ്മാ രസത്തിനു ടുട്ടുമോളുടെ ഒരു ടോപ്‌ലെസ്സ് ചിത്രം ടിന്റു മോന്‍ എടുത്തു. അവള്‍ എതിര്‍ത്തതുമില്ല. ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡിസ്കില്‍ ചുമ്മാ സേവ് ചെയ്ത ശേഷം അന്നേരം തന്നെ അത് ഷിഫ്റ്റ്‌ അടിച്ചു പെര്‍മനെന്റ് ഡിലീറ്റ് ചെയ്തത് ടുട്ടുമോള്‍ തന്നെയാണ്. ഒന്ന് രണ്ടു മാസത്തിനു ശേഷം ലാപ്‌ടോപ്പിന്റെ ഡിസ്പ്ലേ തകരാറിലായപ്പോള്‍ നന്നാക്കാന്‍ സര്‍വീസ് സെന്റെറില്‍ കൊടുത്തതും അവള്‍ തന്നെ. പറഞ്ഞതിലും നേരത്തെ ഡിസ്പ്ലേ ഒക്കെ ശരിയായി ലാപ്‌ടോപ്‌ കയ്യില്‍ കിട്ടുകയും ചെയ്തു. പിന്നെ എങ്ങനെയാണ് ഒന്ന് രണ്ടാഴ്ച്ചകള്‍ക്ക് ശേഷം അന്നെടുത്ത ആ ചിത്രങ്ങള്‍ കോളേജില്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് ആദ്യമൊന്നും ടുട്ടുമോള്‍ക്കു തീരെ മനസ്സിലായില്ല. പിന്നെയാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായതും സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തതും സര്‍വീസ് സെന്ററിലെ ചെറുപ്പക്കാരനായ എഞ്ചിനീയര്‍ അറസ്റ്റില്‍ ആയതും ഒക്കെ. ആര് അറസ്റ്റില്‍ ആയാലും പോകാനുള്ള മാനം ഏതായാലും പോയി.

ഇനി ഇത് എങ്ങനെ സംഭവിച്ചു എന്ന് നമുക്ക് പരിശോധിക്കാം.

ഒരു ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യുമ്പോള്‍ ആ ഫയലിനെപ്പറ്റിയുള്ള നേരിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ( അഥവാ ഫയല്‍ ഐക്കണ്‍ മുതലായ വിവരങ്ങള്‍ ) മാത്രമേ വാസ്തവത്തില്‍ അപ്രത്യക്ഷമാകുന്നുള്ളൂ; ഫയല്‍ പൂര്‍ണ്ണമായും മാഞ്ഞു പോകുവാന്‍ പിന്നെയും കുറെ നടപടി ക്രമങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ ഇഷ്ടം പോലെ സ്പേസ് ബാക്കിയുണ്ടെങ്കില്‍ ചിലപ്പോള്‍ ആ ഫയല്‍ മാഞ്ഞു പോകാന്‍ ഒരു പക്ഷെ മാസങ്ങള്‍ തന്നെ എടുത്തേക്കാം – വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കിലോ ഫയല്‍ മാഞ്ഞു പോകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം!

കഥയുടെ ബാക്കി കൂടി പറയാം. ഏതായാലും ടിന്റു മോനും ടുട്ടുമോളും ആത്മഹത്യ ചെയ്യാനൊന്നും പോയില്ല. വെറുമൊരു ടോപ്‌ലെസ്സ് ചിത്രത്തിന്റെ കേസ് അല്ലെ. ബോളിവുഡ്ഡിലും ഹോളിവുഡ്ഡിലും ഒക്കെ എത്രയെത്ര നടിമാര്‍ നെഞ്ചുവിരിച്ചു തുണിയുരിയുന്നു!? അതുകൊണ്ട് ഇരുവരുടെയും മാതാപിതാക്കള്‍ അവരെ ഉടന്‍ തന്നെ കെട്ടിച്ചു കൊടുത്തു. ഇപ്പോള്‍ അവര്‍ സുഖമായി നമ്മുടെ നാട്ടിന്‍പുറത്തു തന്നെ ജീവിക്കുന്നു.

ഇനി ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് നോക്കാം.

ഒരല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ സിമ്പിള്‍ ആയി ഒഴിവാക്കാമായിരുന്ന ഒരു പ്രശ്നമാണ് ഇവര്‍ ഇവിടെ വലിയൊരു ബ്രഹ്മാണ്ഢന്‍ പ്രശ്നമായി മാറ്റിയത്. ഒരു ചിത്രം നിങ്ങള്‍ സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ എടുത്തു എന്നിരിക്കട്ടെ. അത് മറ്റാര്‍ക്കും റിക്കവര്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനാകും. ഈ പരിപാടിയ്ക്ക് വലിയ സാങ്കേതിക പരിജ്ഞാനം ഒന്നും വേണ്ട. അതിനായി ചെയ്യേണ്ട സംഗതി ഇത്രയേ ഉള്ളൂ.

  1. നിങ്ങള്‍ എടുത്ത ചിത്രം ( ഫയല്‍ ) ഏതെങ്കിലും ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറില്‍ ഓപ്പണ്‍ ചെയ്യുക.
  2. ഇറേസര്‍ ഉപയോഗിച്ച് അത് മുഴുവന്‍ മായ്ച്ചു കളയുക. (വേണമെങ്കില്‍ വല്ല കാക്കയുടെയോ പൂച്ചയുടെയോ പട്ടിയുടെയോ ചിത്രം അതിനു പകരം വയ്ക്കുകയുമാവാം.)
  3. അതിനു ശേഷം സേവ് ചെയ്യുക.
  4. (ഒരു അധിക സെക്യൂരിറ്റി എന്ന നിലയില്‍ വേണമെങ്കില്‍ ഫയല്‍ റീനെയിം ചെയ്യാം. റീനെയിം  ചെയ്യുമ്പോള്‍ ഫയല്‍ എക്സ്റ്റെന്‍ഷന്‍ കൂടി മാറ്റി കളയണം. ഉദാ:- mypic.jpg  എന്നത് eagle.flv എന്നോ മറ്റോ ആക്കുക)
  5. അതിനു ശേഷം പെര്‍മനെന്റ് ഡിലീറ്റ് ചെയ്യുക.
  6. ആ ഫയല്‍ ആരെങ്കിലും റിക്കവര്‍ ചെയ്‌താല്‍ പോലും ചുമ്മാ ഒരു ബ്ലാങ്ക് ഇമേജ്  അല്ലെങ്കില്‍ വല്ല കാക്കയുടെയോ പൂച്ചയുടെയോ പട്ടിയുടെയോ ചിത്രം മാത്രമാകും ലഭിക്കുക.

ഇനി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട ഫയല്‍ ഒരു ഡോക്യുമെന്റ് ആണെങ്കിലോ. ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ പോലുള്ള ഒരു ഡോക്യുമെന്റ് എഡിറ്റര്‍ ഉപയോഗിച്ച് എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തതിനു ശേഷം ഫയല്‍ റീനെയിം ചെയ്യുക, ഫയല്‍ ഡിലീറ്റ് ചെയ്യുക. ദാറ്റ്സ് ഓള്‍ .

ഇനി ഡിലീറ്റ് ചെയ്യേണ്ട ഫയല്‍ വീഡിയോ ഫയല്‍ ആണെങ്കിലോ? നേരത്തെ പറഞ്ഞത് പോലെ വീഡിയോ എഡിറ്റര്‍ ഉപയോഗിച്ച് ഫയലിനുള്ളിലെ ഡാറ്റ മുഴുവനും ഡിലീറ്റ് ചെയ്യുക, ഫയല്‍ റീനെയിം ചെയ്യുക. ഫയല്‍ ഡിലീറ്റ് ചെയ്യുക. പക്ഷെ എത്ര പേരുടെ കയ്യില്‍ വീഡിയോ എഡിറ്റര്‍ കാണും? എഡിറ്റ്‌ ചെയ്യേണ്ട വീഡിയോ ഫയല്‍ വലിയ സൈസ് ഉള്ളതാണെങ്കില്‍ നല്ല മെമ്മറി ഉള്ള സിസ്റ്റം തന്നെ വേണ്ടി വരും. ഇതൊക്കെ എല്ലാവരുടെയും കയ്യില്‍ ഉണ്ടാകണമെന്നില്ല. അപ്പോള്‍ എന്താണ് പരിഹാരം? അതിനുമുണ്ട് പരിഹാരം. ഗ്നു/ലിനക്സില്‍ ഉള്ള ചെറിയൊരു കമാന്‍ഡ് ഉപയോഗിച്ച് ഫയലിനുള്ളിലെ ഡാറ്റ മായ്ച്ചു കളയാം.

കമാന്‍ഡ് ഇതാ

shred -v -n 25 -u -z /tmp/test.mp4

കമാന്‍ഡിന്റെ വിശദീകരണം: /tmp/test.mp4എന്ന ഫയലിനെ 25 തവണ ഓവര്‍റൈറ്റ് ചെയ്ത് ട്രങ്കേറ്റ് ചെയ്ത ശേഷം പൂജ്യങ്ങള്‍ കൊണ്ട് വീണ്ടും അവസാനമായി ഓവര്‍റൈറ്റ് ചെയ്ത് ഡിലീറ്റ് ചെയ്യുക.

  1. -v  വെര്‍ബോസ് അഥവാ ക്രിയകള്‍ സ്ക്രീനില്‍ കാണിക്കുവാന്‍ വേണ്ടിയുള്ള കമാന്‍ഡ്
  2. -n  എത്ര തവണ ഓവര്‍റൈറ്റ് ചെയ്യണമെന്നു
  3. -u  ഓവര്‍റൈറ്റ് ചെയ്ത ശേഷം റിമൂവ് ചെയ്യും മുമ്പ് ട്രങ്കേറ്റ്  ചെയ്യാന്‍ വേണ്ടിയുള്ള കമാന്‍ഡ്
  4. -z  അവസാനമായി പൂജ്യങ്ങള്‍ കൊണ്ട് വീണ്ടും ഓവര്‍റൈറ്റ് ചെയ്യാന്‍ വേണ്ടിയുള്ള കമാന്‍ഡ്

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗ്നു/ലിനക്സ്‌ ഇല്ലെങ്കില്‍ അതിനും പരിഹാരമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് ഏതെങ്കിലും ഗ്നു/ലിനക്സ്‌ ഡിസ്ട്രിബ്യൂഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഒരു പെന്‍ഡ്രൈവില്‍ ബൂട്ടബിള്‍ ആയി സേവ് ചെയ്തെടുക്കുക. ഇത് എങ്ങനെ ചെയ്യും എന്നറിയാന്‍ ഇവിടെ നോക്കുക

Advertisements