ഡെബിയനില്‍ കലാപം

സിസ്റ്റംഡി ഉയര്‍ത്തി വിട്ട തീപ്പൊരി ഡെബിയന്‍ സമൂഹത്തിലെ ഒരു പ്രധാനവിഭാഗം ഡവലപ്പര്‍മാര്‍ക്കിടയില്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിച്ചിരിക്കുന്നു. ഏതാനും നാളുകള്‍ക്കു മുമ്പു മാത്രം തുടങ്ങിയ ഈ ആഭ്യന്തര കലഹം ഇപ്പോള്‍ അതിന്റെ പാരമ്യത്തിലാണ് എത്തി നില്‍ക്കുന്നത്. ഇത്രകാലവും ഡെബിയന്‍ പരിപാലിച്ചുപോന്ന ഇനിറ്റ് സിസ്റ്റം – സിസ്‍വിഇനിറ്റ് – ഡെബിയന്റെ അടുത്ത റിലീസായ ജെസിയില്‍ ഉണ്ടാവില്ല, പകരം ഓപ്പണ്‍ സോഴ്സ് സമൂഹത്തിന്റെ ഒന്നടങ്കം പഴി ഏറ്റുവാങ്ങിയ സിസ്റ്റംഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ആയിരിക്കും ജെസി മുതല്‍ ഡെബിയനില്‍ ഉണ്ടാവുക. “ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക” (Do one thing and do it well) എന്ന യൂണിക്സ് സിദ്ധാന്തത്തിന് നേരെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് സിറ്റംഡിയ്ക്കു നേരെയുള്ള പ്രധാന ആരോപണം. ഡവലപ്പര്‍ സമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായത്തെയോ, ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളുടെ ഹിതമോ മാനിക്കാതെ ഡെബിയന്‍ ടെക്‍നിക്കല്‍ കമ്മറ്റി ഏകാധിപത്യപരമായി പെരുമാറുന്നു എന്നും ആരോപണമുണ്ട്. ഡിസ്ട്രോകൾക്കിടയിൽ വമ്പിച്ച സ്വീകാര്യത, പക്ഷേ വളരെ കുറഞ്ഞ ജനപ്രിയത – ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് സിസ്റ്റംഡി.

ചില മേന്മകള്‍

കമ്പ്യൂട്ടർ ബൂട്ട് ചെയ്യാൻ ആവശ്യമായ സമയം കുറക്കാൻ സാധിക്കും എന്നതാണ് സിസ്റ്റംഡിയുടെ മേന്മകളിലൊന്ന്. സിസ്റ്റംഡി ഉണ്ടെങ്കിൽ എളുപ്പം ബൂട്ട് ചെയ്യാൻ പറ്റും എന്നു കരുതി ആരും ദിവസം മുഴുവനും സിസ്റ്റം റീബൂട്ട് ചെയ്തുകൊണ്ടേയിരിക്കാറില്ലല്ലോ എന്നാണ് സിസ്റ്റംഡിയുടെ ഈ മേന്മയെപ്പറ്റി സ്ലാക്ക് വെയർ ഫൗണ്ടർ പാട്രിക് വോൾക്കെർഡിംഗ് പറയുന്നത്. ചിലര്‍ വാദിക്കുന്നത് ഉബുണ്ടുവിന്റെ അപ്പ്സ്റ്റാര്‍ട്ട് സിസ്റ്റംഡിയേക്കാള്‍ എന്തുകൊണ്ടും നല്ലതാണെന്ന്, പക്ഷേ അപ്പ്സ്റ്റാര്‍ട്ടിന്റെ ലീഡ് ഡവലപ്പര്‍ തന്നെ പറയുന്നു സിസ്റ്റംഡി അപ്പ്സ്റ്റാര്‍ട്ടിനേക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന്. മാത്രവുമല്ല 2015-ല്‍ ഇറങ്ങുന്ന ഉബുണ്ടുവിന്റെ അടുത്ത പതിപ്പു മുതല്‍ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ആയിരിക്കും ഉബുണ്ടുവിന്റെ ഡീഫോള്‍ട്ട് ഇനിറ്റ് സിസ്റ്റം എന്ന് കാനോനിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചും കഴിഞ്ഞു.

ഒരു കാര്യം ചെയ്യുക, അതു നന്നായി ചെയ്യുക

എതിര്‍പ്പിനു പിന്നിലെ രാഷ്ട്രീയം

ലിനസ് ടോര്‍വാള്‍ഡ്സ്, എറീക്ക് റെയ്മണ്ട് തുടങ്ങി അനേകം ഓപ്പണ്‍ സോഴ്സ് വക്താക്കള്‍ ഇതിനകം തന്നെ സിസ്റ്റംഡിയ്ക്കെതിരേ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. ഇതില്‍ എനിക്കു മനസ്സിലാകാത്തത് ഇത്രമാത്രം വ്യാപകമായ എതിര്‍പ്പ് ഡവലപ്പര്‍മാരുടെ ഇടയില്‍ നിന്ന് ഏറ്റുവാങ്ങിയ ഒരു ഇനിറ്റ് സിസ്റ്റത്തെ ഡെബിയന്‍, ഫെഡൊറ, ആര്‍ച്ച്, റെഡ്‍ഹാറ്റ്, സ്യൂസേ തുടങ്ങിയ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒക്കെ സ്വാഗതം ചെയ്തതിന്റെ രാഷ്ട്രീയമാണ്; അല്ലെങ്കില്‍ പ്രമുഖ ഡിസ്ട്രിബ്യൂഷനുകള്‍ ഒന്നടങ്കം സ്വാഗതം ചെയ്ത ഒരു ആപ്ലിക്കേഷനെ ഒരു വിഭാഗം ഡവലപ്പര്‍മാര്‍ സംഘം ചേര്‍ന്ന് ഒതുക്കുവാന്‍ ശ്രമിക്കുന്നതിന്റെ കാരണം. പുറമേ നിന്നുള്ള ഏതെങ്കിലും സമ്മര്‍ദ്ദം ഈ ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ ഉണ്ടായിരുന്നോ? ആകെ ജെന്റൂ മാത്രമാണ് സിസ്റ്റംഡിയെ സ്വീകരിക്കാതിരുന്നത്. ഡെസ്ക്ടോപ്പ് ഉപയോക്താക്കളെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു കടുംകൈയ്ക്ക് ഡെബിയന്‍ മുതിര്‍ന്നതെന്ന വിശദീകരണം അത്ര സ്വീകാര്യമായി പലര്‍ക്കും തോന്നുന്നില്ല, കാരണം ഇപ്പോഴും ഡെബിയന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ടെക്ക്-സാവി ഗീക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ഡെസ്ക്ടോപ്പ് വേണ്ടവര്‍ക്കായി ഉബുണ്ടുബും മിന്റും പിന്നെ കുറേയേറെ ഡിസ്ട്രോകള്‍ വേറെയുമുണ്ടല്ലോ. ഫ്രീ സോഫ്റ്റ്‍വെയര്‍ മൂവ്മെന്റിനെതിരെയുള്ള വ്യക്തമായൊരു കരുനീക്കം ഡെബിയന്‍  പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കലാപകാരികള്‍ കുറ്റപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ഒരു നിലപാടുമാറ്റത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

എതിര്‍പ്പുകളുടെ കാരണങ്ങള്‍

സിസ്റ്റംഡിയുടെ പ്രമുഖ ഡവലപ്പര്‍ ആയ ലെന്നാര്‍ട്ട് പോട്ടെറിംഗിനോടും അദ്ദേഹത്തിന്റെ ഡവലപ്പിംഗ് ശൈലിയോടും മിക്കവാറും എല്ലാ ഓപ്പണ്‍ സോഴ്സ് ഡവലപ്പര്‍മാര്‍ക്കും ഉള്ള കടുത്ത അതൃപ്തി ഈ ഇന്റേണല്‍ പൊളിറ്റിക്സിന്റെ ഒരു കാരണമകാം. ഇപ്പോഴും യൂണിക്സ് ദര്‍ശനം അന്ധമായി പിന്തുടരുന്നതും അതിനനുസൃതമായ ശൈലി സ്വീകരിക്കുന്നതും കാലാനുസൃതമല്ല എന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ അതൃപ്തിയുടെ കാരണം. സിസ്റ്റംഡിയുടെ ഒരു പ്രശ്നം പരിഹരിക്കാനായി 2014 ഏപ്രില്‍ മാസത്തില്‍, മറ്റൊരു സിസ്റ്റംഡി ഡവലപ്പര്‍ ആയ കേയ് സീവേഴ്സ്, ലിനക്സ് കേര്‍ണലിന്റെ കോഡില്‍ പരിഷ്കരണം നടത്താന്‍ ശ്രമിച്ചത് ലിനസ് ടോര്‍വാള്‍ഡ്സ് നേരിട്ട് തടഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. മറ്റുചില ഡവലപ്പര്‍മാര്‍ സിസ്റ്റംഡിയെത്തന്നെ ഫോര്‍ക്ക് ചെയ്ത് യൂസ്ലെസ്സ്ഡി എന്ന പുതിയ ഇനിറ്റ് സിസ്റ്റം ഉണ്ടാക്കിക്കൊണ്ടാണ് സിസ്റ്റംഡിയ്ക്കെതിരേ പ്രതികരിച്ചത്.

ഡിസ്ട്രിബ്യൂഷനുകള്‍ക്കുള്ളില്‍ കലാപങ്ങള്‍

ഡെബിയൻ മാത്രമല്ല ഫെഡോറയും കലാപബാധിതമാണ്. ഏറ്റവും ആദ്യം സിസ്റ്റംഡിയെ ആഞ്ഞു പുൽകിയ ഡിസ്ട്രിബ്യൂഷൻ എന്ന ഖ്യാതി ഏതായാലും ഫെഡോറയ്ക്കു തന്നെ അവകാശപ്പെട്ടതാണ്. ഫോർക്ക്ഫെഡോറ എന്ന പ്രോജക്റ്റിലൂടെയാണ് ഫെഡോറ ഡവലപ്പർ സമൂഹം ഇതിനെതിരെ പ്രതികരിച്ചത്.  അവരുടെ വെബ് സൈറ്റിൽ ഈ രണ്ടു ഇനിറ്റ് സിസ്റ്റങ്ങളുടേയും ലോഗുകള്‍ തമ്മിലുള്ള വ്യത്യാസം കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. ആര്‍ച്ച് ഉപയോക്താക്കള്‍ക്കിടയിലും സിസ്റ്റംഡിയുടെ കടുത്ത വിമര്‍ശകരുണ്ട്. സിസ്റ്റംഡി കോഡുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത ആര്‍ച്ച്ബാങ്ങിന്റെ പതിപ്പും ലഭ്യമാണ്.

ഡെബിയൻ ഫോർക്ക്

പഴയ സിസ്‍വിഇനിറ്റ് ഡീഫോള്‍ട്ട് ആയി നിലനിര്‍ത്തിക്കൊണ്ട് സിസ്റ്റംഡി പുതിയ റിലീസില്‍ ഉള്‍ക്കൊള്ളിക്കുക അല്ലെങ്കില്‍ സിസ്റ്റംഡി പൂര്‍ണ്ണമായും പിന്‍വലികുക – ഇതിലേതെങ്കിലും ഒന്നു ചെയ്തില്ലെങ്കില്‍ ഡെബിയന്‍ ഫോര്‍ക്ക് ചെയ്യാനാണ് ഒരു വിഭാഗം ഡവലപ്പര്‍മാരുടെ തീരുമാനം. ഒക്ടോബര്‍ 16-നു ഇയാന്‍ ജാക്ക്സണ്‍ അവതരിപ്പിച്ച ഭേദഗതിയിന്മേല്‍ (ഇനിറ്റ് സിസ്റ്റം കപ്ലിംഗ്) ഇനിയും വോട്ടിംഗ് നടന്നിട്ടില്ല. വോട്ടിംഗില്‍ ഇരുകൂട്ടര്‍ക്കും സമ്മതമായ ഫലം വന്നാല്‍ ഫോര്‍ക്ക് ഇല്ലാതെ ഡെബിയന്‍ ഒന്നായി മുന്നോട്ടു പോകും.

ചില അനുകൂല പ്രതികരണങ്ങള്‍

2014 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ഉബുണ്ടുവിന്റെ 15.04 വെര്‍ഷന്‍ മുതല്‍ തങ്ങളുടെ സ്വന്തം ഇനിറ്റ് സിസ്റ്റം ആയ അപ്പ്സ്റ്റാര്‍ട്ടിനു പകരം സിസ്റ്റംഡി ഉപയോഗിക്കാനാണ് തീരുമാനം. ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലും സിസ്റ്റംഡിയെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് കേട്ടത്. കിസ്സ് (KISS – Keep It Simple, Stupid) തത്വം അനുസരിച്ച് നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ബൂട്ടിംഗിലും ഷട്ട്ഡൗണിലും പ്രകടമായ വേഗതയാണ് സിസ്റ്റംഡി പ്രകടമാക്കുന്നതെന്നാണ് ക്രഞ്ച്ബാംഗ് യൂസര്‍ ഫോറത്തിലെ പൊതുവികാരം. വേഗതയില്‍ മാത്രം പ്രാധാന്യമൂന്നിയ ക്രഞ്ച്ബാംഗ് ഡിസ്ട്രിബ്യൂഷനിലെ അംഗങ്ങള്‍ക്ക് അങ്ങനെയേ പറയാനാകൂ.

ശ്രദ്ധേയമായ മറ്റ് ആരോപണങ്ങള്‍

ഡെബിയന്‍ പോലുള്ള ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ പോലുള്ള സീക്രട്ട് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസ്സാഞ്ജ് 2014 ഏപ്രിലില്‍  ജര്‍മ്മനിയില്‍ വച്ചു നടന്ന വേള്‍ഡ് ഹോസ്റ്റിംഗ് ഡേയ്സ് ഗ്ളോബല്‍ കോണ്‍ഫ്രന്‍സില്‍ പ്രസ്താവിച്ചിരുന്നു.  (തൊട്ടുപിന്നാലെ വിക്കിലീക്ക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വാര്‍ത്ത ഔദ്യോഗികമായിത്തന്നെ നിഷേധിച്ചത് ഡെബിയന്‍ ഉപയോക്താക്കളെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചത്) അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഹാര്‍ട്ട് ബ്ലീഡ് ബഗ്ഗ് മറകള്‍ നീക്കി പുറത്തുവന്നതും എസ്. എസ്. എച്ചിലെ ബഗ്ഗും മാത്രമല്ല സിസ്റ്റംഡി പോലുള്ള സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഡിസ്ട്രിബ്യൂഷനുകളില്‍ ഉള്‍പ്പെടുത്താന്‍ ഡിസ്ട്രോകള്‍ പ്രദര്‍ശിപ്പിച്ച അമിതോത്സാഹം കൂടിയാണ്. ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍ക്കുമേല്‍ റെഡ്‍ഹാറ്റിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതിലും ലേഖകകന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.  കേള്‍ക്കുമ്പോള്‍ ഒരു കോണ്‍സ്പിറസി തിയറിയുടെ ധ്വനി ഉയരുന്നുണ്ടോ എന്നൊരു സംശയം. പക്ഷേ സ്നോഡന്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയും ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല, ഉവ്വോ 😭 ആവോ? എന്തരോ എന്തോ 😈 😈 😈

അവലംബം

  1. http://debianfork.org/
  2. http://en.wikipedia.org/wiki/Systemd
  3. http://boycottsystemd.org/
  4. https://www.debian.org/vote/2014/vote_003#amendmentproposera
  5. http://freedesktop.org/wiki/Software/systemd/
  6. ലിനക്സ് കുറിപ്പുകൾ
  7. http://forkfedora.org/