ഓണ്‍ലൈൻ പ്രൈവസി മോണോമാനിയ

ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾ ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെയായിരുന്നു കടന്നു പോയത്. ഓണ്‍ലൈൻ പ്രൈവസി എന്ന ആശയത്തിൽ മോണോമാനിയ ബാധിച്ചതു പോലുള്ള ദിവസങ്ങൾ. കുറെയേറെ പുതിയ അറിവുകൾ, പുതിയ വിഹ്വലതകൾ… ആഗോള ഭരണകൂടങ്ങളുടെ ഭീകരമുഖം ഒരു വശത്ത്, ഈ ഭരണകൂടഭീകരതയെ പറ്റി തികച്ചും അജ്ഞരായ നിസ്സഹായരായ പൌരന്മാർ മറുപക്ഷത്ത്. ആശയവിനിമയത്തിനുള്ള നവസാങ്കേതിക വിദ്യകൾ ഭരണകൂടങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നു, അതുപയോഗിച്ചു പൌരന്മാർ നടത്തുന്ന ആശയവിനിമയം ഈ ഭരണകൂടങ്ങൾ തന്നെ മൊത്തമായി ചോർത്തുന്നു, ഇതിനെ ചെറ്റപൊക്കിത്തരം എന്നല്ലാതെ എന്തു വിളിക്കണം? A bloody peeping government. (ഒരു സംഭവം ഓർക്കുന്നു, പണ്ട് നമ്മുടെ നാട്ടിലൊരു ഹോട്ടലുണ്ടായിരുന്നു, പേരൊന്നും അറിയില്ല – പറഞ്ഞു കേട്ട കഥയാണ് : വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കുന്ന നവദമ്പതികൾക്ക് ഈ ആഡംബര ഹോട്ടലിൽ ഏതാണ്ട് സൌജന്യമെന്നോണം മുറി കൊടുക്കും, നിസ്സാര വാടക. നിസ്സാരവിലയ്ക്ക് ഭക്ഷണം. കുറെ പേർ ഈ സൌജന്യം ഉപയോഗപ്പെടുത്തി. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവരിൽ പലരുടെയും സെക്സ് ടേപ്പുകൾ വെളിയിൽ വന്നപ്പോൾ മാത്രമാണ് തങ്ങൾ ആ ഹോട്ടൽതാമസത്തിനു നൽകിയ വില എത്രയാണെന്ന് അവർ തിരിച്ചറിഞ്ഞതുതന്നെ.)

ഭരണകൂട ചെറ്റപൊക്കിത്തരങ്ങൾക്കെതിരെയുള്ള മുന്‍കരുതലായാണ് ടെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഞാൻ കാണുന്നത്. അതുപയോഗിക്കുന്നതിലൂടെ ഇന്റർനെറ്റിന് ഒരു ഇരുമ്പുമറ തീർക്കാം, ഭരണകൂട കങ്കാണികൾ ഒരുക്കുന്ന സർവെയ്ലൻസ് ക്യാമറകളിൽ നിന്ന് സംരക്ഷണം നേടാം. തികച്ചും ആത്മവിശ്വാസത്തോടെ ഇന്റർനെറ്റിൽ എന്തും തിരയാം. വേൾഡ് വൈഡ് വെബ്ബും ഡീപ് വെബ്ബിനകത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന ഡാർക്ക്‌ നെറ്റും അടക്കം എന്തും ബ്രൌസ് ചെയ്യാം. എൻക്രിപ്റ്റ് ചെയ്തു മെയിലുകൾ അയയ്ക്കാം. ആശ്വസിക്കാനുള്ള വക നൽകുന്ന കാര്യങ്ങൾ പലതും ചുറ്റും നടക്കുന്നു. ഈയിടെയായി എൻക്രിപ്ഷൻ എന്ന ആശയത്തിന് വ്യാപകമായ സ്വീകരണം ലഭിക്കുന്നു. പലരും തങ്ങളുടെ പബ്ളിക് കീ പ്രസിദ്ധപ്പെടുത്തുന്നു.

സ്നോഡന്‍ അഴിച്ചു വിട്ട ഭൂതം ഭീതി പരത്താന്‍ തുടങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷമാണെന്നു തോന്നുന്നു. പല പ്രമുഖപോര്‍ട്ടലുകളിലും ബ്ളോഗുകളിലും ഒക്കെ 2014 ജൂണ്‍ 5 മുതല്‍ പോസ്റ്റുകളുടെ കുത്തൊഴുക്കാണ്. അതിനു കാരണവുമുണ്ട് – ഇന്റര്‍നെറ്റിനോടുള്ള നമ്മുടെ അടിമത്തം ഓരോ വര്‍ഷം ചെല്ലുന്തോറും പതിന്മടങ്ങ് കണ്ട് വര്‍ദ്ധിച്ചു വരികയാണ്. ഒന്നു രണ്ടു കൊല്ലം മുമ്പുവരെ ഡെസ്ക്ടോപ്പ് / ലാപ്ടോപ്പ് കമ്പ്യൂട്ടറുകളില്‍ മാത്രമേ ഇന്റര്‍നെറ്റ് ലഭിച്ചിരുന്നുള്ളൂ. അന്നുണ്ടായിരുന്നതിന്റെ നാലിരട്ടി ഉപയോക്താക്കളാണ് ഇന്ന് സ്മാര്‍ട്ട്ഫോണുകളില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ അഭിരമിക്കുന്നത്.

കൂടുതല്‍ കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ ആഗോള ചാരസംഘടനകള്‍ക്ക് പണി എളുപ്പമായിത്തുടങ്ങി. ഓണ്‍ലൈൻ സാമൂഹ്യ കൂട്ടായ്മകള്‍ സജീവമായതോടെ, അതില്‍ അഭിരമിക്കുന്നവരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ ചാരസംഘടനകള്‍ ആനന്ദലഹരിയില്‍ മുഴുകിയെന്നു വേണം പറയാൻ. ലോകം മുഴുവൻ ശൃംഖലകളുള്ള നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം അവിടെ നിന്നാണ്.

200 ബില്ല്യണ്‍ ഇ-മെയിലുകളാണ് പ്രതിദിനം ലോകമൊട്ടാകെ അയയ്ക്കപ്പെടുന്നത്. സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഏറ്റവുമധികം പ്രായോഗികമായ ടൂള്‍ ആണെങ്കിലും ഇമെയില്‍ സന്ദേശങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സ്വകാര്യതയുടെ കാര്യത്തില്‍ സന്ധി ചെയ്യപ്പെട്ടേക്കാം. ഇന്റര്‍സെപ്ഷൻ, ഐഡന്റിറ്റി തെഫ്റ്റ്, മോണിറ്ററിംഗ് തുടങ്ങിയ നടപടികള്‍ക്ക് നാമയയ്ക്കുന്ന മെയലുകള്‍ വിധേയമായേക്കാം. അയയ്ക്കപ്പെടുന്ന മെയിലുകളില്‍ ഏതാണ്ട് മിക്കവാറും തന്നെ ആവര്‍ത്തിച്ചുള്ള യന്ത്രവായനകള്‍ക്കും ഒരുപക്ഷേ മനുഷ്യവായനകള്‍ക്കും ശേഷമാകും ഉദ്ദിഷ്ടവ്യക്തിയ്ക്ക് ലഭിക്കുക.

ഇമെയില്‍ അയയ്ക്കാൻ വെബ്ബ് മെയിലിന് പകരം ഇമെയില്‍ ക്ളയന്റ് ഉപയോഗിക്കുക (കഴിയുമെങ്കില്‍ സ്വതന്ത്ര ആപ്ളിക്കേഷൻ ആയ തണ്ടര്‍ബേഡ് / അല്ലെങ്കില്‍ ക്ലോവ്സ് ഉപയോഗിക്കുക), അതില്‍ നിന്നയയ്ക്കുന്ന എല്ലാ മെയിലുകളും എൻക്രിപ്റ്റ് ചെയ്തു് അയയ്ക്കുക, ടോര്‍ ബ്രൗസറിലൂടെ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുക – ഇത്രയും കാര്യങ്ങള്‍ മാത്രം ചെയ്താല്‍ പകുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ടെയില്‍സ് പോലെയുള്ള അതീവ സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുകയാണെങ്കില്‍ ബാക്കി പകുതി കൂടി പരിഹരിക്കാം.

സ്നോഡന്റെ വെളിപ്പെടുത്തലുകളുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്റര്‍നെറ്റ് ഡിഫൻസ് ലീഗ് നടത്തിയ ആഗോള കാംപെയിനിന്റെ ചുവടുപിടിച്ച് ഗൂഗിള്‍ വരെ തങ്ങളുടെ ഇ-മെയില്‍ സര്‍വ്വീസില്‍ എൻക്രിപ്ഷൻ സംവിധാനങ്ങള്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇന്റര്‍നെറ്റ് സുരക്ഷയെപ്പറ്റി വളരെമുമ്പേതന്നെ പ്രതിബദ്ധത തെളിയിച്ചിട്ടുള്ള വേഡ്പ്രസ്സ് ആകട്ടെ ഈ വര്‍ഷം മദ്ധ്യത്തോടെ തങ്ങളുടെ എല്ലാ സബ്ബ്ഡൊമൈനുകളിലൂം എസ്.എസ്.എല്‍. ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതൊക്കെയാണെങ്കിലും 100% സുരക്ഷിതത്വം ഒരു സേവനങ്ങളും ഉറപ്പു നല്‍കുന്നില്ല. ഗൂഗിള്‍ പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങളെ വിശ്വസിക്കുന്നതിലും അപകടമുണ്ട്. ഇ-മെയില്‍ എൻക്രിപ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പീ.ജീ.പി., ഗ്നൂപീജി കീറിംഗുകളെ പോലും ക്വാണ്ടം സൂപ്പര്‍ കമ്പ്യുട്ടറുകള്‍ ഉപയോഗിച്ച് തകര്‍ക്കാൻ സാദ്ധ്യമാണെന്ന് കരുതപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ