മലയാളത്തില്‍ ഇനിയും വരണം പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍

കാലം കുറേ മുന്നോട്ടു പോയിരിക്കുന്നു. ആശയങ്ങള്‍ക്കു് പരിണാമങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു. നാലു സ്വാതന്ത്ര്യങ്ങളില്‍ അധിഷ്ഠിതമായ സ്വതന്ത്രസോഫ്റ്റ‍്‍വെയര്‍ ദര്‍ശനങ്ങള്‍ക്കും അതിന്റെ പ്രയോഗരീതികള്‍ക്കുമൊക്കെ കാലം വളരെയേറെ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഈ ആശയങ്ങളും ദര്‍ശനങ്ങളും മൂല്യങ്ങളുമൊക്കെ കാലത്തിന്റെ അനിവാര്യമായ പരിണാമത്തിനു വിധേയമാക്കപ്പെടുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ വളരുകയാണോ തളരുകയാണോ, അഥവാ കാലത്തിനനുസരിച്ചു് വെറുതേ കോലം മാറിക്കൊണ്ടിരിക്കുകയാണോ എന്നു കൂടി അന്വേഷിക്കേണ്ടതുണ്ടു്.

Rise of new free software movements

ഫ്രീ സോഫ്റ്റ്‍വെയര്‍ ഒരല്‍പ്പം ചുരുങ്ങിക്കൊണ്ടു് ഓപ്പണ്‍ സോഴ്സ് ആയി, ഇപ്പോള്‍ ഓപ്പണ്‍ സോഴ്സ് വീണ്ടും സങ്കോചം പ്രാപിച്ചു് ഓപ്പണ്‍ കോര്‍ ആയി മാറിയിരിക്കുന്നു. ഫ്രീ സോഫ്റ്റ്‍വെയറില്‍ നിന്നു് ദൂരമേറെ പിന്നിട്ടു് ഓപ്പണ്‍ കോറിലെത്തുമ്പോള്‍ അവിടെ പഴയ മൂല്യങ്ങള്‍ പലതുമില്ല. പഴയ പ്രതാപികളായ കാരണവന്മാരുടെ ചിത്രങ്ങള്‍ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന ക്ഷയിച്ചുപോയ വലിയ തറവാടുകളെയാണു് ഈ മൂല്യത്തകര്‍ച്ചകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നതു്. പേരില്‍ കേള്‍ക്കുന്ന തുറവി കാര്യത്തിലില്ല. അതൊക്കെ നമുക്കു കച്ചവടതന്ത്രങ്ങളും ഗിമ്മിക്കുകളുമൊക്കെയായി തള്ളിക്കളയാം.

ഇതൊക്കെ പറയുമ്പോഴും മൂല്യങ്ങളില്‍ അടിപതറാതെ ഉറച്ചുനിന്നുകൊണ്ടു് ഇപ്പോഴും സധൈര്യം മുന്നോട്ടു പോകുന്ന സ്വാതന്ത്ര്യ സ്നേഹികള്‍ ചിലരെല്ലാം വംശനാശം വന്നു ഭവിക്കാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടു് എന്നതു് തികച്ചും ആശാവഹമാണു്. അവര്‍ക്കെല്ലാം എന്റെ കൂപ്പുകൈ. അവര്‍ ഒഴുക്കിനെതിരെ നീന്തുന്ന അതിസാഹസികരാണു്. കാലം അവരെ മഹനീയമുദ്രകള്‍ ചാര്‍ത്തി ഓര്‍മ്മിക്കുക തന്നെ ചെയ്യും.

ചരിത്രത്തില്‍ സംഭവിച്ച മൂല്യത്തകര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ, ഇനി നമുക്കു വേണ്ടതു് ഈ പുതിയ കാലഘട്ടത്തിനനുസൃതമായ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങളാണു്. ഇന്നത്തെ നമ്മുടെ വിവരസാങ്കേതിക സമൂഹം കാര്യങ്ങളെ നോക്കിക്കാണുന്നതു് വൈകാരികവും വൈചാരികവുമൊക്കെയെന്നതിനേക്കാള്‍ പ്രായോഗികത എന്ന തലത്തിലൂന്നിക്കൊണ്ടാണു്. അവരെ സംബന്ധിച്ചിടത്തോളും മൂല്യങ്ങള്‍ക്കു് ഏറെയൊന്നും പ്രസക്തിയില്ല, കാര്യങ്ങള്‍ നടക്കണം, അതിനേതു വഴി സ്വീകരിച്ചാലും പ്രശ്നമില്ല എന്നു കരുതുന്നവരാണു് തീരുമാനങ്ങള്‍ എടുക്കുന്നവരില്‍ ഇന്നു് ഏറിയ പങ്കും. കേരള രാഷ്ട്രീയത്തിനെ നാം ഇപ്പോള്‍ കടന്നുപോകുന്ന ഈ കോവിഡ് ലോക്‍ഡൗണ്‍ കാലഘട്ടത്തിലും പിടിച്ചു കുലുക്കിയ സ്പ്രിംഗ്ലര്‍ വിവാദവും അതിനെത്തുടര്‍ന്നുള്ള സംഭവപരമ്പരകളും ഇതോടൊപ്പം കൂട്ടിവായിക്കുക.

ഒരു പ്രത്യേകപ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തേണ്ടി വരുമ്പോള്‍ ആ പരിഹാരം നാട്ടിലെ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നോ അതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവോ ഒന്നും നോക്കാതെ ഏറ്റവും ഏഴുപ്പത്തില്‍ ലഭിക്കുന്ന പരിഹാരമേതോ അതു തെരഞ്ഞെടുക്കുന്നവരാണു് മിക്കവാറും എവിടേയും കണ്ടുവരുന്നതു്. പൊതു സമൂഹത്തിലും ഇങ്ങനെ സംഭവിക്കുന്നതു് എന്തുകൊണ്ടാണു്? സമൂഹവുമായി സചേതനമായി ഇടപെടാന്‍ കഴിവുള്ള പ്രസ്ഥാനങ്ങളുടെ അഭാവമാണു് ഇതിനുള്ള പ്രധാനകാരണമെന്നു് ഞാന്‍ വിശ്വസിക്കുന്നു. പൊതുസമൂഹം സാങ്കേതികവിദഗ്ദ്ധരല്ല; സാങ്കേതികവൈദഗ്ദ്ധ്യമുള്ള സമൂഹങ്ങളാണു് അവരെ അതിനു് പ്രാപ്തരാക്കേണ്ടതു്. (നിര്‍ഭാഗ്യകരമായി അത്തരം സമൂഹങ്ങള്‍ അധികമൊന്നുമില്ലാത്തതിന്റെ പേരില്‍ മാത്രമാണു് സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും ആധാര്‍ പോലൊരു ദുരന്തം ഇന്ത്യയിലെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞതു്.)

തൊണ്ണൂറുകളുടെ അവസാനത്തോടെ കേരളത്തില്‍ നിരവധി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പടുത്തുയര്‍ത്തിയ ഫ്രീ സോഫ്റ്റ്‍വെയര്‍ ആശയസംഹിതകളെ ആഞ്ഞുപുല്‍കിക്കൊണ്ടാണു് ആ സമൂഹങ്ങള്‍ കേരളത്തിലെ സാങ്കേതിക രംഗത്തു് ജൈവികമായ ഇടപെടലുകള്‍ നടത്തിയതു്. വിപ്ലവാത്മകമായ പല പ്രവര്‍ത്തനങ്ങളും നടത്തിയ ആ സമൂഹങ്ങളില്‍ ചുരുക്കം ചിലവയൊഴിച്ചുനിര്‍ത്തിയാല്‍ മിക്കതും ഒന്നു രണ്ടു ദശാബ്ദങ്ങള്‍ക്കിപ്പുറം ഇന്നു് നിഷ്ക്രിയാവസ്ഥയിലാണു്.

എന്തുകൊണ്ടിതു സംഭവിച്ചു?

തൊണ്ണൂറുകളില്‍ ഈ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ക്കു നേതൃത്വം നല്‍കിയവരില്‍ പലരും ആശയങ്ങളെ ഒരേസമയം വൈകാരികമായും അതേസമയം ദീര്‍ഘവീക്ഷണത്തോടെയും സമീപിച്ചുകൊണ്ടു് തീരുമാനങ്ങളെടുക്കുന്നവരായിരുന്നു. ചിലര്‍ പറയാറുള്ളതു പോലെ അവര്‍ സ്വാതന്ത്ര്യത്തിന്റെ അടിമകളായിരുന്നു – സ്വാതന്ത്ര്യത്തിന്റെ ചങ്ങല കൊണ്ടു ബന്ധിക്കപ്പെട്ടവര്‍. സ്വാതന്ത്ര്യം എന്ന ആശയത്തെ അവര്‍ അത്രമേല്‍ ആരാധിച്ചിരുന്നു എന്നതാണു് സത്യം. അവര്‍ നിരന്തരം വ്യവസ്ഥിതിയോടു കലഹിച്ചുകൊണ്ടു് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു. പൊതു സമൂഹത്തിനുവേണ്ടി നിലകൊണ്ടുകൊണ്ടു് സര്‍ക്കാര്‍/ഭരണതലങ്ങളില്‍ നടത്തിയ ഇടപെടലുകളില്‍ പലതും ഫലം കാണുകയും ചെയ്കു. എന്നാലിന്നു് അന്നു നേതൃത്വത്തിലിരുന്നവരില്‍ പലരും കളമൊഴിഞ്ഞു. സ്വാതന്ത്ര്യം എന്ന ആശയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നു് പഴയപോലെ സ്വീകരിക്കപ്പെടുന്നില്ല. കാരണം നമുക്കിന്നു് കൂടുതല്‍ സൗകര്യങ്ങളുണ്ടു്, തൊണ്ണൂറുകളില്‍ സ്വപ്നം പോലും കാണാനാവാതിരുന്ന സാങ്കേതിക വിദ്യകള്‍ നാം ആര്‍ജ്ജിച്ചു കഴിഞ്ഞു. എന്തിനും ഏതിനും അനവധി ചോയ്സുകള്‍ നമുക്കുണ്ടു്. അനവധി കുന്തങ്ങളില്‍ ഏതു് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം (dillemma) മാത്രമേ പ്രശ്നമാവാറുള്ളൂ. കൈകളിലും കാലുകളിലും ചങ്ങലകളുണ്ടെങ്കിലും ഇത്തരം സൗകര്യങ്ങളും ചോയ്സുകളും നമ്മെ സ്വാതന്ത്ര്യമില്ലായ്മ ഓര്‍മ്മപ്പെടുത്താതായി. പുതിയ തലമുറയിലെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അനുഗാമികളും ഈ വിധ പ്രശ്നങ്ങളില്‍ നിന്നൊന്നും ഏറെയൊന്നും മുക്തരായിരുന്നില്ല. അതിനാല്‍ത്തന്നെ കാലക്രമത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ പതിയെ അപ്രസക്തമായിത്തുടങ്ങി.

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനം ഒരു ആക്ടിവിസമാണു്. എല്ലാ ആക്ടിവിസങ്ങളേയും പോലെ തന്നെ വളണ്ടിയറിംഗ് ആണു് ഇവിടെയും പ്രധാനം. മുന്നിട്ടിറങ്ങുക പോരാടുക എന്നതാണു് മുദ്രാവാക്യം. അങ്ങനെ പോരാട്ടവീര്യവുമായി മുന്നോട്ടുപോയ സമൂഹങ്ങളില്‍ പലതും വേണ്ട രീതിയില്‍ മുന്നോട്ടുപോയി പൊതു സമൂഹത്തിനു വേണ്ടിയുള്ള സാങ്കേതികവിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി. വെറുതേ ആശയപ്രചരണം മാത്രം നടത്തിക്കൊണ്ടു് പ്രത്യയശാസ്ത്രങ്ങളില്‍ അള്ളിപ്പിടിച്ചു തൂങ്ങിക്കിടന്നവയെല്ലാം തനിയേ അപ്രസക്തങ്ങളായി മാറി.

വിവരസാങ്കേതികത എന്നതു് കാല്‍ നൂറ്റാണ്ടുമുമ്പ് അത്രയധികമൊന്നും നമ്മുടെ കേരളീയ സമൂഹത്തെ നേരിട്ടു ബാധിക്കുന്നതായിരുന്നില്ല. എന്നാല്‍ ഇന്നു് കാര്യങ്ങള്‍ മാറി. ദൈനംദിനം നാം നേരിടുന്ന സാങ്കേതികവിഷയങ്ങള്‍ക്കു് മുമ്പെന്നതിനേക്കാള്‍ കൂടുതല്‍ ഇന്നു് പ്രസക്തിയുണ്ടു്. സമൂഹം അതിനെ തികച്ചും ഗൗരവത്തോടെയാണു് സ്വീകരിക്കുന്നതു്. നാമിന്നു് വിവര സാങ്കേതിക സമൂഹമായിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആശയങ്ങളിലൂന്നിയ സമൂഹങ്ങള്‍ക്കു് എക്കാലത്തേക്കാളും വലിയ പ്രസക്തി ഉണ്ടായിരിക്കുന്ന ഇന്നു് കേരളത്തില്‍ ഇത്തരം എത്ര സമൂഹങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു? വിരലിലെണ്ണിത്തുടങ്ങിയാല്‍ ഒന്നോ രണ്ടോ ഏറിയാല്‍ മൂന്നോ വിരലുകളേ നിവര്‍ത്തേണ്ടി വരികയുള്ളൂ. മറിച്ചു് അസ്തമിച്ചുപോയ സ്വ.സോ. സമൂഹങ്ങളുടേയും സംഘടനകളുടേയും കണക്കെടുത്താല്‍ ഇരു കൈകളിലേയും വിരലുകള്‍ മതിയാവുകയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആവശ്യം വന്ന വേളയില്‍ ഇവിടെ വേണ്ടത്ര കൂട്ടായ്മകളില്ല. ഇതര ഭാഷാ കമ്പ്യൂട്ടിംഗ് കുറേ മുന്നോട്ടു പോയപ്പോഴും മലയാളം പിന്നോക്കം നിന്ന കാലഘട്ടത്തില്‍ ഭാഷാ കമ്പ്യൂട്ടിംഗിനു് കാര്യമായി പിന്തുണ നല്‍കിക്കൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‍വെയറിലധിഷ്ഠിതമായ ഒരു സമൂഹം കേരളത്തില്‍ ഉദയം ചെയ്തിരുന്നു. അവര്‍ ഇപ്പോഴും പ്രവര്‍ത്തനനിരതരുമാണു്. അവരുടെ പ്രവര്‍ത്തനം ശരിയായ ദിശയിലുമാണു്. എന്നാല്‍ ഭാഷാ കമ്പ്യൂട്ടിംഗില്‍ മാത്രം ഒതുങ്ങുന്നതല്ല സാങ്കേതികത. പ്രവര്‍ത്തന നിരതരായ ഒന്നോ രണ്ടോ സമൂഹങ്ങളോ സംഘടനകളോ മാത്രം ഇവിടെ മതിയാവുകയുമില്ല. ആശയങ്ങളും ദര്‍ശനങ്ങളും നെഞ്ചിലേറ്റിയ അനേകം സ്വ.സോ. പ്രവര്‍ത്തകര്‍ ഇവിടെ അണിനിരക്കണം. പൊതുസമൂഹത്തിനു വേണ്ടി ഭരണകൂടതലങ്ങളില്‍ ഇടപെടണം. സാങ്കേതികസംവിധാനങ്ങളില്‍ സുതാര്യത പുനഃസ്ഥാപിക്കപ്പെടണം. പൊതുസമൂഹത്തിനവകാശപ്പെട്ട സ്വകാര്യത സംരക്ഷിക്കപ്പെടണം. അതിനായി പുതിയ അനേകം സമൂഹങ്ങള്‍ ഇവിടെ ഉദയം ചെയ്യണം.

സ്വ.സോ. സമൂഹങ്ങള്‍ എങ്ങനെയാണു് ഇല്ലാതാവുന്നതു്? അതിനുള്ള ചില കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു

വ്യക്തമായ രൂപരേഖയുടെ അഭാവം

ചില സമൂഹങ്ങള്‍ രൂപീകൃതമാകുന്നതു് ഏതാനും ചില വളണ്ടിയര്‍മാരുടെ പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ ഫലമായാണു്. കാര്യമായ ചര്‍ച്ചകളും വ്യക്തമായ ലക്ഷ്യങ്ങളുമില്ലാതെ അവ പെട്ടെന്നൊന്നു വളര്‍ന്നുപൊങ്ങി അധികം വൈകാതെ അസ്തമിച്ചു പോകുന്നു.

നിയതമായ സംഘടനാരൂപം ഇല്ലാത്ത അവസ്ഥ

നിയമപരമായി നിലനില്‍പ്പുള്ള നിയതമായ ഒരു സംഘടനാരൂപം പോലും ഒരു പക്ഷേ ഇവയ്ക്കൊന്നും ഉണ്ടാകണമെന്നുമില്ല. നമ്മുടെയൊക്കെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍ക്കു പോലും അവയുടെ സ്വന്തം പേരില്‍ ഒരു ബാങ്ക് അക്കൗണ്ടെങ്കിലും കാണും. ഒരു വാര്‍ഷിക പൊതുയോഗവും ഒക്കെ അവര്‍ എങ്ങനെയെങ്കിലും തട്ടിക്കൂട്ടി നടത്തുകയും ചെയ്യും. എന്നാല്‍ സ്വ.സോ. സമൂഹങ്ങളി‍ല്‍ പലതിനും ഇങ്ങനെയൊരു ഘടന അധികം കണ്ടിട്ടില്ല. പല അംഗങ്ങള്‍ക്കും അത്തരമൊരു ഘടനാരൂപം പരിപാലിക്കുന്നതില്‍ സമയവും താല്‍പര്യവുമില്ല. ഇങ്ങനെ വ്യക്തമായ സംഘടനാരൂപം ഇല്ലാത്തതിനാല്‍ത്തന്നെ സ്വയം അപ്രത്യക്ഷമാകാനും അപ്രസക്തമാകാനും വളരെ എളുപ്പവുമാണു്.

ജനാധിപത്യപരമായ ഘടനയില്ലായ്മ

വ്യക്തമായ സംഘടനാരൂപമുള്ള ചില സമൂഹങ്ങളുടെ അകത്തളങ്ങളില്‍ നിഗൂഢതകള്‍ക്കാണു് പ്രാമുഖ്യം. ആരാണു് പ്രസിഡണ്ടെന്നോ സെക്രട്ടറിയെന്നോ പോലും അംഗങ്ങള്‍ക്കു് ഒരുപക്ഷേ അറിയണമെന്നില്ല. സാധാരണക്കാര്‍ക്കു് അംഗത്വം പോലും അനുവദിക്കാത്ത ചില സമൂഹങ്ങളും നിലവിലുണ്ടു്. ആരെങ്കിലും ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഇത്തരം സമൂഹങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടാന്‍ തുടങ്ങും. എഫ്.എസ്.യു.ജി.കള്‍, ജി.എല്‍.യു.ജി.കള്‍, ലീബ്രേ യൂസര്‍ ഗ്രൂപ്പുകള്‍ – അങ്ങനെ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ട്രസ്റ്റുകളായും സൊസൈറ്റികളായും പ്രത്യേക സംഘടനാരൂപമില്ലാതെയും മറ്റും അനേകം സമൂഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അവയില്‍ പലതും ഇന്നില്ല. ചിലതു് നാമമാത്രമായി ഇന്നും ജീവനോടുണ്ടു്.

കാല്‍ നൂറ്റാണ്ടു മുമ്പു് അവതരിപ്പിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആശയസംഹിതകളില്‍ കാലാകാലങ്ങളില്‍ പലരും പലപല അളവുകളില്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു നേര്‍പ്പിച്ച് മൂലകൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത ലായനികളായാണു് വിപണിയില്‍ ഇന്നു വിറ്റഴിച്ചു കൊണ്ടിരിക്കുന്നതു്. ജാഗ്രതയുള്ള സമൂഹങ്ങള്‍ ഇല്ലാതാകുകയും നേതൃനിരയിലുള്ളവര്‍ ശിശിരകാലനിദ്രയില്‍ കഴിയുകയും ചെയ്യുമ്പോള്‍ ഇനിയും നമുക്കു് പുതിയ രുചികളില്‍ പുതിയ പുതിയ ലായനികള്‍ പ്രതീക്ഷിക്കാം.

Photo by Johannes Plenio from Pexels