ശ്രദ്ധയുടെ മരണം നമ്മെ ഓൎമ്മിപ്പിക്കുന്നതു്

ഈ പോസ്റ്റിനു് ആധാരമായിരിക്കുന്നതു് ഒരു ഫേസ്‍ബുക്ക് വിഡിയോ ആണു്. ഇതാണു് ലിങ്ക്. https://fb.watch/l4rMSv42Cg/ എത്രകാലം ഈ വീഡിയോ അവര്‍ ഇവിടെ നിലനിൎത്തും എന്നെനിക്കറിയില്ല. ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ മാത്രമേ ഒരുപക്ഷേ ഈ പോസ്റ്റ് എന്തിനെപ്പറ്റിയാണെന്നു മനസ്സിലാകൂ.

വീഡിയോയുടെ സിനോപ്സിസ്

(വീഡിയോ കാണാന്‍ കഴിയാത്തവൎക്കായി)

മദ്ധ്യകേരളത്തിലെ ഒരു സെല്‍ഫ് ഫിനാന്‍സിംഗ് കോളേജില്‍ പഠിക്കുന്ന ശ്രദ്ധ സതീഷ് എന്ന ഇരുപതുകാരി വിദ്യാര്‍ത്ഥിനി റാഗിംഗിനു സമാനമായ അവിടത്തെ ചിട്ടകളില്‍ മനംമടുത്തു് ആത്മഹത്യ ചെയ്തിരിക്കുന്നു. 14 വര്‍ഷം മുമ്പ് അതേ കോളേജില്‍ പഠിച്ച പൂൎവ്വ വിദ്യാര്‍ത്ഥിയും പ്രമുഖ തിരക്കഥാകൃത്തുമായ ഷാരിസ് മുഹമ്മദ് പ്രസ്തുത വിദ്യാൎത്ഥിനി കടന്നു പോയിരിക്കാനിടയായ സാഹചര്യങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

ദ് ക്യൂ ഇവിടെ ചേര്‍ത്തിരിക്കുന്ന അഭിമുഖത്തില്‍ പറയുന്ന പല കാര്യങ്ങളോടും പൂൎണ്ണ യോജിപ്പുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഷാരിസ് പറയുന്നതിനോടു് എതിൎപ്പുമുണ്ടു്. പക്ഷേ വിഷയത്തിലേയ്ക്കു കടക്കുംമുമ്പു് എന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയതു് ഈ പോസ്റ്റിനു കീഴില്‍ വന്ന കമന്റുകളിലുള്ള കുറ്റകരമായ അരാഷ്ട്രീയ വികാരമാണു്. ഷാരിസ് സമൂഹത്തിനോടു് പറയാനാഗ്രഹിക്കുന്ന ആശയങ്ങളുടെ അന്തഃസത്തയെന്തെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അരാഷ്ടീയ/കുരാഷ്ട്രീയ/മതമൗലിക എതിര്‍വാദങ്ങളും അധിക്ഷേപങ്ങളുമാണു് ഫേസ്‍ബുക്കില്‍ ദ് ക്യൂ ചേൎത്ത പോസ്റ്റിനു കീഴില്‍ ബഹുമാനപ്പെട്ട ബഹുഭൂരിപക്ഷം കമന്റേറ്റര്‍മാരും അശ്ശേഷം നാണമില്ലാതെ നിരത്തിയിരിക്കുന്നതു്. ഈ അഭിമുഖം പോസ്റ്റ് ചെയ്തിരിക്കുന്നതു് ദ് ക്യൂ എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമാണെന്നു പോലും മനസ്സിലാക്കാതെയാണു് ബഹുമാനപ്പെട്ട കമന്റേറ്റര്‍മാര്‍ അവരുടെ വിഷം വമിക്കുന്ന കമന്റുകള്‍ ഷാരിസ് എന്ന വ്യക്തിയ്ക്കെതിരേ തികച്ചും വ്യക്തിപരമെന്നോണം പോസ്റ്റ് ചെയ്തിരിക്കുന്നതുപോലും.

ഒരുതരം “ഫാസിസ്റ്റ് ടോട്ടലിറ്റേറിയന്‍” സമീപനമാണു് അവിടത്തെ വിദ്യാൎത്ഥികളോടു് മാനേജ്മെന്റ് പുലൎത്തുന്നതെന്നാണു് പൊതുവില്‍ കോളേജിനെപ്പറ്റിയുള്ള അഭിപ്രായം. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം വിദ്യാൎത്ഥികളും അസംതൃപ്തരുമാണു്. പ്രസ്തുതകോളേജില്‍ പഠിക്കുന്ന മിക്കവാറും വിദ്യാൎത്ഥികളുടെ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പോസ്റ്റിനു കീഴില്‍ വിഷംതുപ്പുന്ന കമന്റിട്ടവര്‍ക്കും വ്യത്യസ്തമായ അഭിപ്രായമില്ല എന്നു മാത്രമല്ല, മാനേജ്മെന്റിന്റെ ഈ സമീപനം അതുപോലെതന്നെ തുടരണം എന്നുമാണു് അവരുടെ ഇംഗിതവും. ഇതാണു് എന്നെ കൂടുതല്‍ കൂടുതല്‍ ഭയചകിതനാക്കുന്നതു്. ഇവൎക്കൊന്നും വിദ്യാഭ്യാസസമ്പ്രദായം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി അശ്ശേഷം ധാരണയുമില്ല.

മാനേജ്മെന്റിന്റെ ഈ രീതി എത്രയേറെ വിദ്യാൎത്ഥികളെ അടിമബോധത്തിലേയ്ക്കും, നിരാശയിലേയ്ക്കും പരാജയത്തിലേയ്ക്കും ഡിപ്രഷനിലേയ്ക്കും തള്ളിവിട്ടിട്ടുണ്ടാകും എന്നു് ഇക്കൂട്ടര്‍ ചിന്തിക്കുന്നേയുണ്ടാകില്ല. പ്രതികരിക്കാതെ, പ്രതിഷേധിക്കാതെ കംഫര്‍ട്ട് സോണുകളില്‍ ഒതുങ്ങിക്കൂടി ജീവിക്കുന്നവര്‍ക്കു് വ്യക്തിപരമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാനാകും. എന്നാല്‍ അവര്‍ സാമൂഹികപുരോഗതിയ്ക്കോ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനോ ഒന്നും സംഭാവന ചെയ്യാന്‍ കഴിവുള്ളവരായിരിക്കില്ല. അത്തരക്കാരെ കൂടുതലായി ഉല്പാദിപ്പിക്കാനാണു് നമ്മുടെ പരമ്പരാഗത മതങ്ങളും, കക്ഷിരാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും ഒക്കെ ലക്ഷ്യമിടുന്നതു്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയുടെ മരണത്തെപ്പറ്റിയുള്ള വാൎത്തകള്‍ തിരയവേ, മാനേജ്മെന്റിനു വേണ്ടി പാദസേവ ചെയ്യുന്ന ഏതോ ഒരു പെണ്‍കുട്ടി വിളിച്ചു കൂവുന്നതു കേട്ടു, അമല്‍ ജ്യോതിയില്‍ പഠിച്ച കുട്ടികള്‍ പലരും ഇപ്പോള്‍ വിദേശങ്ങളിരുന്നു ധാരാളം പണം സമ്പാദിക്കുന്നവരാണെന്നും അവര്‍ കോളേജിനെപ്പറ്റി അഭിമാനിക്കുന്നുവെന്നും. നമ്മുടെ സമൂഹത്തിന്റെ പുരോഗതിയ്ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ വിദേശത്തു ചെന്നിരുന്നു് പണമുണ്ടാക്കാന്‍ വെമ്പുന്ന ഒരു കൂട്ടത്തിനെയാണു് അമല്‍ ജ്യോതി ഉണ്ടാക്കിയിരിക്കുന്നതെന്നു് എത്ര അഭിമാനത്തോടെയാണു് ആ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതു് – അതിലെ വിരോധാഭാസമെന്തെന്നു് ഇതു പറഞ്ഞ പെണ്‍കുട്ടിയ്ക്കുോ, അമല്‍ ജ്യോതിയുടെ മാനേജ്മെന്റിനോ മനസ്സിലായിട്ടില്ല എന്നതാണു് രസകരം. കാരണം പെണ്‍കുട്ടിയുടെ തീപ്പൊരി പ്രസംഗം മാനേജ്മെന്റ് തന്നെയാണു് പ്രമോട്ട് ചെയ്യുന്നതു്. നമ്മുടെ ഈ സമൂഹത്തിനും അതിന്റെ ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കാന്‍ കഴിയുന്ന കാമ്പുള്ള ഏതു വ്യക്തിയെയാണു് അമല്‍ ജ്യോതി സൃഷ്ടിച്ചിരിക്കുന്നതു്? വിദേശത്തിരുന്നു കോടികള്‍ നിൎമ്മിക്കാന്‍ കഴിവുള്ള കറന്‍സി യന്ത്രങ്ങളെയല്ല, നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്കു നയിക്കാന്‍ കെല്പുള്ള പ്രതിഭകളെയാണു് ഒരു കോളേജി സൃഷ്ടിക്കേണ്ടതു്.

അടിച്ചമൎത്തി പഠിപ്പിച്ചു് കോടികളും അയുതങ്ങളും കൊയ്യുന്ന വെറും കറന്‍സി യന്ത്രങ്ങളെ ഉണ്ടാക്കാനാണോ നിങ്ങള്‍ മക്കളെ പഠിപ്പിക്കുന്നതു്? അതു ഭാവിയുടെ മഹത്തായ നേതാക്കളാക്കാനോ? നമ്മുടെ കുട്ടികളെ പ്രതീക്ഷാനിൎഭരമായ ഒരു മനോഹര ഭാവികാലത്തിന്റെ സൃഷ്ടാക്കളായിക്കണ്ടു്, അടിമത്തമില്ലാത്ത, അസമത്വമില്ലാത്ത, അനീതി തെല്ലുമേയില്ലാത്ത ആ കാലത്തിന്റെ പ്രവാചകരായിക്കണ്ടു് അവൎക്കാവശ്യമായ പിന്തുണ നിര്‍ലോപം നല്‍കുന്ന തുറവിയുള്ള സൎവ്വകലാശാലകളിലയയ്ക്കൂ. അവര്‍ ഏറ്റെടുക്കട്ടെ ഭാവിയുടെ മഹത്തായ നേതൃത്വം.

അവിടെ ഒരു വെട്ടവും വെളിച്ചവുമുള്ള അന്തരീക്ഷമൊരുക്കാന്‍ ഞങ്ങളും ശ്രമിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഇന്നൊരു ജീവന്‍ വേണ്ടിവന്നു നമുക്കു വീണ്ടും അതേപ്പറ്റി സംസാരിക്കാന്‍.

— ഷാരിസ് മുഹമ്മദ്r

ഷാരിസ് ആവൎത്തിച്ചാവൎത്തിച്ചു പറയുന്നതു പോലെ ഇവിടെ കക്ഷിരാഷ്ടീയക്കാരുടെ വിദ്യാൎത്ഥി സംഘടനകളെ ഈ പ്രശ്നമേറ്റെടുക്കാന്‍ അനുവദിക്കരുതു്. അവിടെയാണു് ഷാരിസിനോടു് എനിക്കുള്ള വിയോജിപ്പു്. രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും കടലും കടലാടിയും പോലാണു്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഈ കൊച്ചുകേരളത്തിലുള്ള പലൎക്കും രാഷ്ട്രീയമെന്തെന്നറിയില്ല, അവൎക്കറിയുന്നതു് കക്ഷിരാഷ്ട്രീയം മാത്രമാണു്. “ഓരോ മാതിരി ചായംമുക്കിയ കീറത്തുണിയുടെ രാഷ്ട്രീയം” എന്നു പണ്ടു കവി പാടിയതുപോലെ. വിദ്യാൎത്ഥിസംഘടനകളുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ വേണ്ടതു് വിദ്യാൎത്ഥികള്‍ക്കുവേണ്ടി വിദ്യാൎത്ഥികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാൎത്ഥികളുടെ സ്വതന്ത്രയൂണിയന്‍ ആയിരിക്കണം അവര്‍ക്കുവേണ്ടി ശബ്ദമുയൎത്തേണ്ടതു്. അവൎക്കു വേണ്ടതു് യാഥാൎത്ഥ്യങ്ങളിലൂന്നിയുള്ള പുരോഗമനാത്മകമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാകണം; അല്ലാതെ നിലവിലുള്ള ജീൎണ്ണിച്ച കക്ഷിരാഷ്ട്രീയക്കാരുടെ സങ്കുചിത വീക്ഷണങ്ങളാകരുതു്. അതുകൊണ്ടുതന്നെ ഷാരിസ് പറയുന്ന പാഴ്‌വിദ്യാൎത്ഥി സംഘടനകളെയൊന്നും ഒരു കലാലയത്തിന്റേയും പടിചവിട്ടാനനുവദിക്കരുതു്. വിദ്യാൎത്ഥികള്‍ക്കു രാഷ്ട്രീയം വേണം – പ്രബുദ്ധമായ രാഷ്ട്രീയം. പക്ഷേ കക്ഷിരാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി അവര്‍ അധഃപതിക്കരുതു്.

ഇനി ഇത്തരം “ഫാസിസ്റ്റ് ടോട്ടലിറ്റേറിയന്‍” മാനേജ്മെന്റ് ശൈലി തന്നെ അമല്‍ ജ്യോതി കോളേജില്‍ തുടരണം എന്നു പറയുന്നവരോടു് – യൂറോപ്പിലേയും അമേരിക്കയിലേയും എണ്ണം പറഞ്ഞ കോളേജുകളിലും സൎവ്വകലാശാലകളിലും നിങ്ങള്‍ പോയി നോക്കു – അവിടത്തെ വിദ്യാൎത്ഥികള്‍ അനുഭവിക്കുന്ന അളവില്ലാത്ത സ്വാതന്ത്ര്യവും അവിടത്തെ മനോഹരമായ പഠനാന്തരീക്ഷവും ഒക്കെ എങ്ങനെയാണെന്നു്. അവിടെ വിദ്യാൎത്ഥികളെ ജയിലില്‍ ഇട്ടതുപോലെയാണോ പഠിപ്പിക്കുന്നതെന്നു്. അവിടത്തെ ഹോസ്റ്റലുകളില്‍ വിദ്യാൎത്ഥികളുടെ ഫോണുകള്‍ റെയ്ഡ് ചെയ്തു് കോണ്‍ഫിസ്കേറ്റ് ചെയ്യുന്ന വാര്‍ഡന്മാരുണ്ടോന്നു്. അപ്പോള്‍ ഇവന്മാര്‍ ഒരു ടിപ്പിക്കല്‍ മറുചോദ്യം ചോദിക്കും – ന്നാപ്പിന്നെ നെനക്കൊക്കെ അവിടെപ്പോയി പഠിക്കരുതാൎന്നോ? ന്നു്. അതിനുള്ള ഉത്തരവും കൂടി നല്‍കിയിട്ടു് ഈ പോസ്റ്റ് അവസാനിപ്പിക്കാം. ആശിച്ച കോളേജില്‍ത്തന്നെ എല്ലാ വിദ്യാൎത്ഥികള്‍ക്കും അഡ്മിഷന്‍ കിട്ടണമെന്നില്ല. പല വിദ്യാൎത്ഥികളും ഗതികേടുകൊണ്ടാണു് ചില കോളേജുകളി‍ല്‍ പഠിക്കുവാന്‍ നിൎബന്ധിതരാകുന്നതു്. ഇനി അഥവാ ആശിച്ച കോളേജില്‍ത്തന്നെ എല്ലാവൎക്കും അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ ഇത്തരം ജീൎണ്ണിച്ച കോളേജില്‍ പഠിക്കാന്‍ ഒരു പട്ടിയും പോകില്ലാൎന്നു. അത്രന്നെ.

ഓടിക്കാന്‍ അറിയാത്തവന്റെ കയ്യിലെ വണ്ടി തകരാറിലായാല്‍.

2016-ലാണു് ഞാന്‍ സ്വന്തമായി ഒരു കാര്‍ വാങ്ങുന്നതു്. നാലു ചക്രവാഹനം ഓടിക്കാനുള്ള ലൈസന്‍സ് എടുക്കുന്നതു് അതിനും ഏതാണ്ടു് പത്തുവൎഷങ്ങള്‍ക്കും മുമ്പാണു്. കാര്‍ വാങ്ങുന്നതിനു മുമ്പു് ഇരുചക്രവാഹനം പോലും ഞാന്‍ ഓടിച്ചിട്ടില്ല. ഓട്ടോമോട്ടീവ് മേഖല എനിക്കു തികച്ചും അപരിചിതമായിരുന്നു. ആരെങ്കിലും ആ ഒരു ടോപ്പിക്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ പതിയെ ഉള്‍വലിയും, അതായിരുന്നു എന്റെ രീതി. എന്തായാലും കാറു വാങ്ങി അധികം വൈകാതെ വലിയ കുഴപ്പമില്ലാതെ ഡ്രൈവിംഗ് എനിക്കു വഴങ്ങി.

ആദ്യ കാലഘട്ടങ്ങളില്‍ എല്ലാവരുടേയും പോലെ കയറ്റത്തില്‍ വച്ചു നിൎത്തേണ്ടിവരുന്നതു് എന്റെ പേടിസ്വപ്നമായിരുന്നു. ചിലപ്പോള്‍ എഞ്ചിന്‍ ഓഫായി പോകും. അപ്പോള്‍ ഏ.സി. ഓഫാക്കി, വൈപ്പര്‍ ഓഫാക്കി, ഹെഡ് ലൈറ്റ് ഉണ്ടെങ്കില്‍ അതും ഓഫാക്കി ഇഗ്നീഷന്‍ കൊടുത്തു് മുപ്പത്തിമുക്കോടി ദൈവങ്ങളേയും മനസ്സില്‍ വിളിച്ചു് ധ്യാനിച്ചു് പതുക്കെ ബ്രേക്കില്‍ നിന്നു കാലെടുത്തു് പതുക്കെ ക്ലച്ച് ഉയര്‍ത്തി ആക്സിലേറ്ററില്‍ കാലമൎത്തി വിയര്‍ത്തു കുളിച്ചു് ചിലപ്പോള്‍ രക്ഷപ്പെട്ടു അല്ലെങ്കില്‍ പെട്ടു. ചിലപ്പോള്‍ ഈ പ്രക്രിയ നാലോ അഞ്ചോ തവണ ആവര്‍ത്തിച്ചു കൊണ്ടു് പിന്നില്‍ വരുന്നവന്റെ നെഞ്ചിടിപ്പു കൂട്ടി അവന്റെ മൗനമായ തെറിവിളികള്‍ മനസ്സില്‍ അറിഞ്ഞു്, ഓരോ തവണയും എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ഞാന്‍ കരുതിയിരുന്നതു് എല്ലാ ഡ്രൈവര്‍മാരും ഇത്തരത്തില്‍ത്തന്നെയാണു് വണ്ടി ഓടിക്കുന്നതെന്നും അവര്‍ പരിശീലനത്തിലൂടെ ഇതെല്ലാം സ്വായത്തമാക്കിയതാണെന്നുമൊക്കയായിരുന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ അടുത്ത ഒരു സുഹൃത്തു് അവന്റെ വണ്ടി വര്‍ക്ക്ഷോപ്പിലായതിനാല്‍ അത്യാവശ്യമായി എന്റെ കാര്‍ കൊണ്ടുപോയി. വാഹനങ്ങളെപ്പറ്റി വളരെ അറിവുള്ള ഒരു വിദഗ്ദ്ധ ഡ്രൈവറാകുന്നു അവന്‍. വൈകുന്നേരം തിരിച്ചു തരാന്‍ വന്നപ്പോള്‍ നന്ദി പറയുന്നതിനു പകരം നീരസത്തോടയുള്ള ഒരു ഉപദേശമാണു് അവന്‍ എനിക്കു തന്നതു്.

“ഡാ, മോനേ നിന്റെ വണ്ടി കംപ്ലെയന്റാ. ആക്സിലേറ്ററില്‍ കാല്‍ വച്ചിട്ടു് വണ്ടി നീങ്ങുന്നില്ല. കയറ്റത്തിലാണെങ്കില്‍ ഒരു രക്ഷയുമില്ല”

വണ്ടിക്കു തകരാറുണ്ടെന്നു് ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല. പുത്തന്‍ വണ്ടിയല്ലേ, വാങ്ങിയിട്ടു് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. പലരോടും ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ വിചാരിച്ചതും എന്റെ ഡ്രൈവിംഗിലുള്ള എന്റെ പരിചയക്കുറവു കാരണമായിരിക്കും എന്നാണു്. ഞാനും വിചാരിച്ചതു് അങ്ങനെ തന്നെയാണു്. അങ്ങനെ ഒടുവില്‍ ഞാന്‍ ഒരു കണക്കിനു് വണ്ടി സര്‍വ്വീസ് സെന്ററില്‍ എത്തിച്ചു. അവര്‍ സാധനം ഓടിച്ചു പരിശോധിച്ച ശേഷം തകരാര്‍ സ്ഥിരീകരിച്ചു. മൂന്നു ദിവസം വേണ്ടിവന്നു അവര്‍ക്കു് ആ തകരാര്‍ പരിഹരിക്കാന്‍. ആക്സിലേറ്റര്‍ പെഡലിലെ സെന്‍സറിന്റെ തകരാര്‍ ആയിരുന്നത്രേ. വാറന്റിയിലായിരുന്നതിനാല്‍ പത്തു പൈസ ചെലവില്ലാതെ കേടായ സെന്‍സര്‍ മാറ്റി അവര്‍ പുതിയതു വച്ചു തന്നു.

ഹാ! ഇപ്പോള്‍ എന്തു സുഖം? കൊടുംകയറ്റത്തില്‍ രണ്ടമൂന്നു തവണ ഞാന്‍ വണ്ടിയൊന്നു നിൎത്തി സ്റ്റാര്‍ട്ടു ചെയ്തു നോക്കി. ഒരു കുഴപ്പവുമില്ല. വണ്ടി പുല്ലു പോലെ കയറ്റം കയറുന്നു. അപ്പോള്‍ ഞാനോര്‍ത്തു, ഓടിക്കാന്‍ ശരിക്കറിയാത്തവന്റെ കയ്യിലെ വണ്ടി തകരാറിലായാല്‍ അവന്‍ കരുതും അതു തന്റെ കുഴപ്പമാണെന്നു്. എല്ലാവരും ഇങ്ങനെയൊക്കെയായിരിക്കും ഡ്രൈവ് ചെയ്യുന്നതെന്നു തന്നെ അവന്‍ കരുതും. കുഴപ്പം വണ്ടിക്കാണെന്നു് ഭാഗ്യത്തിനു് ഞാന്‍ തിരിച്ചറിഞ്ഞു, തക്കസമയത്തു് ഒരു സുഹൃത്തു് വന്നു് അതോടിച്ചു നോക്കിയതിനാല്‍.

പക്ഷേ എന്റെ വണ്ടിയും നമ്മുടെ നാട്ടിലെ കാര്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഓൎത്തപ്പോള്‍ ഞാന്‍ സമാധാനിച്ചു – എന്റെ നാട്ടിലെ എല്ലാവരും എന്നെപ്പോലെയോ എന്നേക്കാള്‍ വലിയവരോ ആയ മണ്ടന്മാരല്ലേ. ലോകത്തുള്ള എല്ലാ രാജ്യങ്ങളേയും ഓരോ വണ്ടികളായി സങ്കല്പിച്ചു നോക്കൂ. നമ്മുടെ നാടിനെയും അതുപോലുള്ള ഒരു വണ്ടിയായി സങ്കല്പിച്ചു നോക്കൂ. സെന്‍സറിനും എഞ്ചിനും സകലമാന ഭാഗങ്ങള്‍ക്കും തകരാറുള്ള ഈ ഒരു വണ്ടി ഓടിച്ചുകൊണ്ടു് എത്ര തലമുറകളായി നാം കഴിയുന്നു.

ഈ നാട്ടിലുള്ള മരമണ്ടന്മാരെല്ലാം കരുതുന്നതു് ലോകത്തെ മറ്റു രാ‍ജ്യങ്ങളിലെ ജനങ്ങളെല്ലാം ഇതു പോലെ തന്നെ നരകിച്ചാണു് കഴിയുന്നതെന്നാണു്. നമ്മുടെ നാട്ടിലെന്നതു പോലെ തന്നെ തൊഴിലില്ലാതെ, ഉള്ള തൊഴിലിനു കാര്യമായ കൂലി കിട്ടാതെ, ഒരസുഖം വന്നാല്‍ സാമ്പത്തികമായി പാപ്പരാകുന്ന, സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കേണ്ടി വരുന്ന, എല്ലാവൎക്കും മാന്യമായ വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാതെ, മികച്ച വിദ്യാഭ്യാസം ലഭിക്കാതെ ഒക്കെ ജീവിക്കുന്നവരാണു് ലോകത്തിലെ മറ്റെല്ലാ ജനാധിപത്യ രാജ്യങ്ങളിലെ പ്രജകളും എന്നു് നമ്മുടെ നാട്ടിലെ മണ്ടന്മാരില്‍ ബഹുഭൂരിപക്ഷവും ചിന്തിക്കുന്നു. എന്നാല്‍ വാസ്തവം മറിച്ചാണു്.

മറ്റു പല ജനാധിപത്യരാജ്യങ്ങളും നവസാങ്കേതികവിദ്യയില്‍ നന്നായി ഓടുന്ന മികച്ച ആഡംബര വണ്ടികളെപ്പോലാണു്. അവൎക്കു മികച്ച വിദ്യാഭ്യാസം തികച്ചും സൌജന്യമായി ലഭിക്കുന്നു. അവിടെ ഏതു തൊഴിലിനും മാന്യതയുണ്ടു്. ഏതു തരം തൊഴില്‍ ചെയ്യുന്നവൎക്കും തൊഴില്‍ ചെയ്യാന്‍ അന്തസ്സുള്ള സാഹചര്യം അവര്‍ ഒരുക്കുന്നു. അവൎക്കു് ഇന്‍ഷുറന്‍സ് പരിരക്ഷ ചെറുപ്പം മുതല്‍ മരണം വരെ ഉണ്ടു്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയാലും ഹൃദയ ശസ്ത്രക്രിയ ആയാലും അവിടെ പെരുവഴിയില്‍ ആളുകള്‍ ചികിത്സാ സഹായത്തിനായി ഫ്ലക്സ് അടിച്ചു തൂക്കാറില്ല. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇതാണു് സ്ഥിതി. മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ അവര്‍ അനുഭവിക്കുന്നു. അവര്‍ സഞ്ചരിക്കുന്നതു് ആഡംബരകാറുകള്‍ പോലുള്ള രാജ്യങ്ങളിലാണു്.

പിന്നെ ദോഷം പറയരുതല്ലോ മിക്കവാറും ആഫ്രിക്കന്‍ രാജ്യങ്ങളും നമ്മുടെ വണ്ടി പോലെത്തന്നെയാണു് – പൊളിഞ്ഞ പാളീസ് വണ്ടി. നമ്മുടെ ഈ രാജ്യം എന്ന വണ്ടി കംപ്ലെയ്ന്റാണു്. ആക്സിലേറ്ററിനും ക്ലച്ചിനും ബ്രേക്കിനും സ്റ്റിയറിംഗിനും ഗിയറിനും എഞ്ചിനും ടയറിനും ബോഡിയ്ക്കം എല്ലാം കംപ്ലെയ്ന്റാണു്. അതു പഴയ ടെക്നോളജിയിലാണു് പ്രവൎത്തിക്കുന്നതു്. അതു നന്നാക്കാന്‍ ഉടന്‍ സര്‍വ്വീസ് സെന്ററില്‍ കൊടുക്കണം. അല്ലെങ്കില്‍ നമ്മുടെ എല്ലാവരുടെ കാര്യവും പോക്കാണു് എന്നതില്‍ സംശയം വേണ്ട.