Poorna Extended Inscript Keyboard Lay-out

പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ പ്രിന്റബിള്‍ ലേ-ഔട്ട്

മലയാളഭാഷാസ്നേഹികള്‍ക്കായി സ്വമക ഒരുക്കിയ 2022 ലെ ക്രിസ്തുമസ്സ് സമ്മാനമാണു് പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം കീബോര്‍ഡ് ലേ-ഔട്ടുകള്‍. കുത്തുരേഫം, രൂപ ചിഹ്നം, മലയാളം ഭിന്ന സംഖ്യകള്‍ തുടങ്ങി പുതുതായി യൂണിക്കോഡില്‍ എന്‍കോഡ് ചെയ്യപ്പെട്ട ക്യാരക്‍ടറുകൾ ടൈപ്പ് ചെയ്യാന്‍ നന്നേ പണിപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്നു് മോചനം നല്‍കുകയാണു് പൂൎണ്ണയുടെ ലക്ഷ്യം. എന്നാല്‍ ഇതൊന്നു് ശരിയായി ഉപയോഗിച്ചു നോക്കാന്‍ വേണ്ടി കീബോര്‍ഡ് ലേ-ഔട്ടിന്റെ A3 വലിപ്പത്തിലെങ്കിലുമുള്ള ഒരു പ്രിന്റ് കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി. പക്ഷേ കൂടുതല്‍ വലിപ്പത്തില്‍ ഒരു പ്രിന്റ് എടുക്കാന്‍ .svg/.pdf ഫയല്‍ ഒന്നും ലഭ്യമല്ലായിരുന്നു. അതു കൊണ്ടു് പൂൎണ്ണ ആദ്യമായി ഉപയോഗിച്ചു പരീക്ഷിക്കാന്‍ അങ്ങനൊരു കീബോര്‍ഡ് ലേ-ഔട്ട് തന്നെ ഉണ്ടാക്കി നോക്കി. ഈ ലേ-ഔട്ട് പ്രിന്റ് ചെയ്തു് അടുത്തെവിടെങ്കിലും ഒട്ടിച്ചു വയ്ക്കുകയാണെങ്കില്‍ പൂൎണ്ണ ഉപയോഗിച്ചു പഠിക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. (ഈ പോസ്റ്റിന്റെ ഏറ്റവും താഴെ അവ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ചേൎത്തിട്ടുണ്ടു്.) പഴയ മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നവൎക്കു് പൂൎണ്ണ ഒരു അനുഗ്രഹമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തരം കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കു് ഫണ്ട് ചെയ്യാന്‍ സന്മനസ്സ് കാണിച്ച മൈജി എന്ന റീട്ടെയില്‍ വ്യാപാരികള്‍ക്കു് മനസ്സുകൊണ്ടു് നന്ദി. വാസ്തവത്തില്‍ പൂൎണ്ണ പോലുള്ള കമ്മ്യൂണിറ്റി പ്രൊജക്ടുകളുടെ പ്രാഥമിക ഗുണഭോക്താക്കളായ കേരളത്തിലെ മുന്‍നിര മധ്യനിര പ്രസാധകര്‍ ഒക്കെ കണ്ട ഭാവം നടിക്കാതെ പിന്തിരിഞ്ഞു് നില്ക്കുമ്പോള്‍, പ്രത്യേകിച്ചു് നേരിട്ടുള്ള ഒരു നേട്ടവുമില്ലാത്ത ഒരു റീട്ടെയില്‍ വ്യാപാരി ഫണ്ട് ചെയ്യാന്‍ മുന്നോട്ടു വന്നു എന്നു കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവര്‍ പ്രദര്‍ശിപ്പിച്ച ആ സാമൂഹിക പ്രതിബദ്ധതയ്ക്കു നന്ദി.

പൂൎണ്ണയെപ്പറ്റി എന്തു പറയേണ്ടൂ? ബലേ ഭേഷ്! ഉപയോഗിക്കാന്‍ വളരെ എളുപ്പം. റെമിംഗ്ടണ്‍ കീബോര്‍ഡ് എനിക്കറിയില്ല, ഇന്‍സ്ക്രിപ്റ്റ് മാത്രമേ അറിയൂ, അതോണ്ടു് അതു മാത്രമാണു് ട്രൈ ചെയ്തതു്. വളരെ പെട്ടെന്നു തന്നെ കീകള്‍ ഉപയോഗിക്കാന്‍ പഠിച്ചു.

ഇതില്‍ ഏറ്റവും ഉപയോഗപ്രദമായി എനിക്കു തോന്നിയ കീകള്‍ താഴെ പറയുന്നതാണു്

കുത്തുരേഫം

“ര”യുടെ ചില്ലുരൂപമായ “ര്‍”-നു പകരം പിന്നില്‍ വരുന്ന വ്യഞ്ജനാക്ഷരത്തിനു മുകളില്‍ ൎ ഇങ്ങനെ ഒരു കുത്തു് അഥവാ ഗോപി ചേര്‍ക്കുന്നതിനെയാണു് കുത്തുരേഫം അഥവാ ഗോപിരേഫം എന്നു മലയാളത്തില്‍ പറയുന്നതു്. ഇതു പ്രകാരം കര്‍ത്താവു് എന്നെഴുതുന്നതിനു പകരം കൎത്താവു് എന്നെഴുതിയാല്‍ മതി. മലയാളത്തിന്റെ തനതുലിപിയില്‍ നാം നിത്യേന ഉപയോഗിക്കുന്ന ഒരു ഡയാക്രിട്ടിക്കല്‍ മാര്‍ക്കാണു് കുത്തുരേഫം. നേരത്തേ അതു് വിക്കിപീഡിയയില്‍ പോയി നോക്കി കോപ്പി പേസ്റ്റ് ചെയ്തായിരുന്നു ഉപയോഗിച്ചിരുന്നതു്. ചിലപ്പോള്‍ ഡിസൈനിന്റെ ഭംഗിക്കായി കുത്തുരേഫം തന്നെ വേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരുന്നു. അത്തരത്തില്‍ ഒരു സാഹചര്യം ഇനി വരുമ്പോള്‍ പൂൎണ്ണയുടെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറുകയാണു്.

തിയതി ചിഹ്നം

2022 ഡിസംബര്‍ 12-നു് എന്നെഴുതുന്നതു് ഇന്നു് സാധാരണമാണു്. എന്നാല്‍ തിയതിയെ കുറിക്കാന്‍ മലയാളത്തില്‍ സവിശേഷമായ ഒരു ചിഹ്നം ഉണ്ടായിരുന്നു. ഇന്നും അതു് വാസ്തവത്തില്‍ ഉപയോഗയോഗ്യവും വായനായോഗ്യവുമാണു്. 2022ധനുമാസം 12-൹ എന്നെഴുതിയാലും 12-നു് എന്നു വായിക്കുന്നതില്‍ മലയാളികള്‍ക്കു പ്രശ്നമുണ്ടാകാനിടയില്ല. മുന്‍കാലങ്ങളില്‍ ഈ ൹ മറ്റെവിടെയങ്കിലും പോയി കോപ്പിപേസ്റ്റ് ചെയ്യുകയായിരുന്നു പതിവു്. ഇതോടെ ആ പ്രശ്നത്തിനു പരിഹാരമായി.

മുണ്ടാണി, അരക്കാണി, മാക്കാണി, ഒരുമാ, ഇരുമാ തുടങ്ങിയ ഭിന്ന സംഖ്യകളും മലയാളം അക്കങ്ങളും പഴയ മലയാള രേഖകളുടെ ഡിജിറ്റേസേഷനു മാത്രമേ കൂടുതലും ഉപകരിക്കൂ. അത്തരം ജോലികളും ഇതോടെ കൂടുതല്‍ എളുപ്പമാവുകയാണു്.

പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ പ്രിന്റബിള്‍ ലേ-ഔട്ട് താഴെ ഷെയര്‍ ചെയ്യുന്നു. ഏ-ത്രീ യെക്കാളും വലിപ്പമുള്ള ഏ-ത്രീ എക്സ്പ്രസ് സൈസിലാണു് (പ്രിന്റ് എരിയ 314×480 എം.എം) ഇതു ചെയ്തിരിക്കുന്നതു്.

പൂൎണ്ണയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക. പൂൎണ്ണ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്‍ ചെയ്യുക.