ഫോണിനുള്ളില്‍ ചിറകുള്ള വെള്ളക്കുതിര

രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ അതിലെ പൗരന്മാരുടെമേല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ സര്‍ക്കാരിനെ ആരു ശിക്ഷിക്കും? അതിനു് ജനാധിപത്യത്തില്‍ എന്താണു് വ്യവസ്ഥ? കോടതി/ജുഡീഷ്യറി ഒക്കെയുണ്ടെന്നു പറയുമായിരിക്കും, എന്നാല്‍ ഇവിടെ ഇന്ത്യയില്‍ ഇതെത്രത്തോളം പ്രായോഗികമാകുമെന്നു കണ്ടറിയണം. പാലില്‍ മീനിനെ കണ്ടാല്‍ അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെന്നു കരുതാന്‍ കൂടുതല്‍ തെളിവു വേണ്ട എന്നാണു് പറയാറു്. എങ്കില്‍ ഫോണിനുള്ളില്‍ ചിറകുള്ള വെള്ളക്കുതിരയെ കണ്ടെത്തിയാല്‍ അതു ഭരണകൂടത്തിന്റെ പണിയാണെന്നു സ്ഥാപിക്കാന്‍ പ്രത്യേകിച്ചൊരു തെളിവിന്റെ ആവശ്യമുണ്ടോ?

കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമായ വീക്ഷണകോണുകള്‍ക്കു് ഊന്നല്‍ നല്‍കിക്കൊണ്ടു് പെഗാസസ് എന്ന ചാരസോഫ്റ്റ്‍വെയറിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണു് ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍. അവരുടെ മാദ്ധ്യമധര്‍മ്മം അതിമഹത്തായ രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണു്. ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെ ഏറ്റവും വിലപിടിച്ച വീക്ഷണകോണകമാണു് കക്ഷിരാഷ്ട്രീയ വീക്ഷണം. ആ കോണകം ധരിക്കാന്‍ അവര്‍ എന്നും പരസ്പരം മത്സരിക്കും. വിജയികള്‍ക്കു വീരശൃംഖലയും വീരാളിപ്പട്ടും കിട്ടും.

കക്ഷിരാഷ്ട്രീയം എന്ന സങ്കുചിതവീക്ഷണത്തെ പാടേ തള്ളിക്കൊണ്ടു് പൗരന്റെ അടിസ്ഥാനപരമായ സ്വകാര്യതയെ ബാധിക്കുന്ന ഏറ്റവും അപലപനീയമായ ഭരണകൂടഭീകരതയായി ഈ വിഷയത്തെ നേരിട്ടു സമീപിക്കേണ്ടതിനു പകരം, പ്രതിപക്ഷം എങ്ങനെയാണു് ഈ വിഷയം മുതലെടുക്കുക, ഘടകകക്ഷികളുടെ നിലപാടെന്തു് തുടങ്ങിയ താരതമ്യേന പ്രസക്തി കുറഞ്ഞ വിഷയങ്ങളിലാണു് മാധ്യമങ്ങളുടെ കൊതി നിറഞ്ഞ നോട്ടം. ഇത്തരമൊരു വിഷയത്തെപ്പറ്റി തങ്ങളുടെ സ്വന്തം നിലപാടു വ്യക്തമാക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പല മുന്‍നിരമാദ്ധ്യമങ്ങളും കാര്യമായി ഉള്‍ക്കൊള്ളിച്ചു കണ്ടില്ല.

പൗരന്റെ സ്വകാര്യതയെപ്പറ്റി 2013 ജൂണ്‍ മാസത്തില്‍ എന്‍.എസ്.എ.കോണ്‍ട്രാക്ടര്‍ ആയിരുന്ന എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട ആഗോള നിരീക്ഷണ വെളിപ്പെടുത്തലുകള്‍ (Global surveillance disclosures) വാഷിംഗ്ടണ്‍ പോസ്റ്റ്, ദ് ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍, ആസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍, ദെര്‍സ്പീഗല്‍, ലെമോന്‍ദ്, ലെസ്പ്രസോ, തുടങ്ങിയ രാജ്യാന്തരമാധ്യമങ്ങള്‍ തുടര്‍ച്ചയായി ഒരു വര്‍ഷം മുഴുവന്‍ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടു് ജനപക്ഷത്തുനിന്നാണു് അവിടത്തെ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതു്; അല്ലാതെ അവിടത്തെ പ്രതിപക്ഷ രാഷ്ടീയ ചേരി എങ്ങനെ ഇത്തരം ഒരു സന്ദര്‍ഭം മുതലെടുക്കും എന്ന വിധത്തിലല്ല. അതില്‍ നിറഞ്ഞുനിന്നിരുന്നതു് ജനങ്ങളോടുള്ള / വായനക്കാരോടുള്ള അവരുടെ പ്രതിബദ്ധതയായിരുന്നു. കാര്യമെന്തൊക്കെ ആയാലും പാശ്ചാത്യമാദ്ധ്യമങ്ങളിലെ ലേഖകരുടെ പ്രതിബദ്ധത ഇപ്പോഴും കാര്യമായി മലീമസമായിട്ടില്ല. ആ വാര്‍ത്തകളെത്തുടര്‍ന്നുള്ള തുടര്‍ അന്വേഷണങ്ങള്‍ നടത്തിയ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്, ലോറ പൊയിട്രാസ് തുടങ്ങിയ ലേഖകര്‍ പിന്നീടു് ലോകപ്രശസ്തരായി.

പെഗാസസ് എന്ന ചാരസോഫ്റ്റ്‍വെയര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ കക്ഷിരാഷ്ട്രീയം എന്ന ഇടുങ്ങിയ വീക്ഷണകോണിലൂടെ കാണാതെ ദേശീയപ്രാധാന്യത്തോടെ ജനപക്ഷത്തുനിന്നു കാണുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ധര്‍മ്മമാണു് ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ ചെയ്യേണ്ടതു്. കാരണം ഇതു് വെറുമൊരു ഫോണ്‍ചോര്‍ത്തല്‍ മാത്രമല്ല, വെറുമൊരു നിരീക്ഷണം മാത്രമല്ല, അതിലൊക്കെ ഉപരി പൗരന്റെ സ്വകാര്യതയില്‍ കടന്നുകയറി അവന്റെ ആശയവിനിമയമാദ്ധ്യമമായ സ്മാര്‍ട്ട്ഫോണിനെ അവനെതിരായ തെളിവായി മാറ്റുക എന്ന അങ്ങേയറ്റം നെറികെട്ട പ്രവൃത്തി കൂടി ഇവിടെ ഭരണകൂടം ചെയ്തിരിക്കുന്നു. തടവറയില്‍ നീതികിട്ടാതെ മരണം വരിച്ച റവ. ഫാ. സ്റ്റാന്‍ സ്വാമിയുടേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും ഫോണുകളില്‍ ഭരണകൂടം രഹസ്യമായി സ്ഥാപിച്ച വ്യാജതെളിവുകളുടെ സാന്നിദ്ധ്യം അന്താരാഷ്ട്ര ഫോറന്‍സിക്‍ ഏജന്‍സിയായ ആര്‍സെനല്‍ കണ്‍സള്‍ട്ടിംഗ് അസന്ദിഗ്ദ്ധമായി തെളിയിച്ചതു് പെഗാസസ് വാര്‍ത്ത ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നതിനും മുമ്പുതന്നെയാണു്. അതായതു് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല ഈ നെറികെട്ട ചാരപ്രവര്‍ത്തനങ്ങള്‍ എന്നര്‍ത്ഥം.

ഈ ബ്ലോഗില്‍ വളരെ മുമ്പു തന്നെ സ്വകാര്യതയേയും സൈബര്‍ സുരക്ഷിതത്വത്തെപ്പറ്റിയും അനേകം പോസ്റ്റുകള്‍ ഞാന്‍ പങ്കുവച്ചിട്ടുണ്ടു്. സ്മാര്‍ട്ട് ഫോണ്‍‍ ഇല്ലാതെ പരിഷ്കൃതലോകത്തില്‍ ഇന്നു് ജീവിതം സാദ്ധ്യമല്ല. പക്ഷേ അതുപയോഗിച്ചാലോ ജീവിതം തന്നെ കോഞ്ഞാട്ടയായേക്കാം എന്നതാണു് സ്ഥിതി. പെഗാസസ് പോലുള്ള സ്പൈവെയറുകള്‍ നമ്മുടെ ഫോണിലുണ്ടോ എന്നു് തിരിച്ചറിയാന്‍ പോലും വളരെ ദുഷ്കരമാണു്. സാധാരണ ആന്റി വൈറസുകളൊന്നും അതിനെ തിരിച്ചറിയില്ല. ആന്‍ഡ്രോയ്ഡിന്റേയും ആപ്പിള്‍ ഐഒഎസിന്റേയുമൊക്കെ കെര്‍ണലില്‍ത്തന്നെയുള്ള പിഴവുകള്‍ ഉപയോഗിച്ചാണു് പെഗാസസ് പോലുള്ള ചാരസോഫ്റ്റ്‍വെയറുകള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ അതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാമെന്നല്ലാതെ അതു നീക്കം ചെയ്യുക എന്നതു് തികച്ചും ശ്രമകരമാണു്. അഥവാപ്രായോഗികമായി അസാദ്ധ്യം തന്നെയാണു്. Mobile Verification Toolkit എന്ന പേരില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ മൊസില്ല പബ്ലിക്‍ ലൈസന്‍സ് പ്രകാരമുള്ള ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ഈ സ്പൈവെയറിന്റെ സാന്നിദ്ധ്യം തിരിച്ചറിയാം. എങ്ങനെ അതു തിരിച്ചറിയാം എന്നു് ദാ താഴെകാണുന്ന വീഡിയോയില്‍ വിവരിച്ചിട്ടുണ്ടു്.

ആര്‍ച്ച് ലിനക്സില്‍ ഉള്ള കമാന്‍ഡ് ലൈന്‍ ടെര്‍മിനലിലാണു് ഇവിടെ എംവിടി ഉപയോഗിച്ചിരിക്കുന്നതു്. എങ്കിലും അതത്ര സിംപിള്‍ ആയി ചെയ്യാവുന്ന കാര്യമല്ല, കുറച്ചധികം സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കേ അതു കണ്ടുപിടിക്കാന്‍ കഴിയൂ. നിങ്ങള്‍ക്കതിനുള്ള സാങ്കേതികപരിജ്ഞാനമില്ല എങ്കില്‍ വിദഗ്ദ്ധരോടു് ചോദിക്കാം. ഞാന്‍ നേരിട്ടറിയുന്ന ഏതാനും വിദഗ്ദ്ധര്‍ അതു് ടെസ്റ്റ് ചെയ്തിട്ടുണ്ടു്. അവരെ സംബന്ധിച്ചിടത്തോളം അതു് വളരെ എളുപ്പമുളഅള കാര്യവുമാണു്.

ഇതൊക്കെ അല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും എന്നു ചോദിക്കുന്നവരോടു് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ അപകടത്തിലാണെന്നു് എപ്പോഴും കരുതുക.ആശയവിനിമയത്തിനായി ആവശ്യമുള്ള മിനിമം സംവിധാനമുള്ള ഫോണ്‍ മാത്രം ഉപയോഗിക്കുക. കമ്പ്യൂട്ടറില്‍ ടെയില്‍സ് ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രം പ്രവര്‍ത്തിപ്പിക്കുക.മെസേജിംഗിനു് സിഗ്നല്‍ മാത്രം ഉപയോഗിക്കുക, ടെലിഗ്രാം ഉപയോഗിക്കുമ്പോള്‍ അതിലെ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക.മൊബൈല്‍ ഫോണില്‍ എന്തൊക്കെ ചെയ്താലും പെഗാസസിന്റെ ജനുസ്സിലുള്ള ചാരസോഫ്റ്റ്‍വെയറുകള്‍ നിലനില്ക്കുന്നിടത്തോളം ഫോണ്‍ അവരുടെ നിയന്ത്രണത്തിലായിരിക്കും. അതോണ്ടു് മൊബൈലിലുള്ള കളികള്‍ തത്കാലം നിര്‍ത്തുന്നതായിരിക്കും നിരീക്ഷണത്തിനു സാധ്യതയുള്ള ആക്ടിവിസ്റ്റുകളും രാഷ്ട്രീയനേതാക്കളും ചെയ്യേണ്ടതു്.

ഇതുവരെ കേരളത്തിലുള്ള നേതാക്കളുടെ മൊബൈലുകളില്‍ ഈ പറക്കുംകുതിരയുടെ സാന്നിദ്ധ്യം ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ല എങ്കില്‍പ്പോലും പെഗാസസ് സാന്നിദ്ധ്യം തിരിച്ചറിയാന്‍ എങ്ങനെ സാധിക്കുമെന്നു് പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ടു്.

ആപ്പിള്‍, ഗൂഗിള്‍, ഫേസ്‍ബുക്ക് തുടങ്ങിയ ടെക്‍ഭീമന്മാര്‍ ആഗോള നിരീക്ഷണ സംവിധാനങ്ങള്‍ക്കു് അനവധി പിന്‍വാതിലുകള്‍ തുറന്നുകൊടുത്തിട്ടുണ്ടു്. ആപ്പിളിന്റേതു മുഴുവന്‍ ക്ലോസ്ഡ് സോഴ്സ് സോഫ്റ്റ്‍വെയറുകളായതിനാല്‍ അതൊന്നും തന്നെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയുകയില്ല.ഇത്തരം പിന്‍വാതിലുകള്‍ ചൂഷണം ചെയ്യാന്‍ അതിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന ആര്‍ക്കും കഴിയും. അതായതു് എന്‍.എസ്.ഏ.യ്ക്കു വേണ്ടിയോ എന്‍.എസ്.ഒ.യ്ക്കു വേണ്ടിയോ നിര്‍മ്മിച്ച പിന്‍വാതില്‍ വേണമെങ്കില്‍ മറ്റൊരു രാജ്യത്തിന്റെ ചാരശൃംഖലയ്ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

കടുംവെട്ട്

ഏറെ കിഴക്കോട്ടു പോയാല്‍ പടിഞ്ഞാട്ടെത്തും എന്നൊരു ചൊല്ല് നമ്മുടെ മലയാളത്തിലുണ്ടു്. അതുപോലെ കൂടുതല്‍ പുരോഗമിച്ചു പുരോഗമിച്ചു് നാം ശിലായുഗത്തിലെത്തുന്ന കാഴ്ചയായിരിക്കും വൈകാതെ കാണേണ്ടിവരിക. ആളുകള്‍ നോക്കിയ 6610 ഒക്കെ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.

അവലംബം

https://pypi.org/project/mvt/

https://en.wikipedia.org/wiki/Pegasus_(spyware)

https://www.theguardian.com/world/2021/jul/18/revealed-leak-uncovers-global-abuse-of-cyber-surveillance-weapon-nso-group-pegasus

ജീവിക്കുന്ന ഒരു ഭാഷയെ കൊല്ലാന്‍ നാം ശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ട ഒരു ഭാഷയെ ജീവിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു

ചെറോക്കീ ഭാഷ. അമേരിക്കന്‍ ഐക്യനാടുകളിലെ ഐക്യനാടുകളിലെ തെക്കു കിഴക്കൻ മേഖലയിൽ അധിവസിക്കുന്ന (ജോർജ്ജിയ, ടെന്നസീ, വടക്കൻ കരോലിന, തെക്കൻ കരോലിന) തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാര്‍ സംസാരിക്കുന്ന ഭാഷയാണു് ചെറോക്കി ഭാഷ. ഇന്ന് യു.എസ്. ഭരണഘടന അംഗീകരിച്ച 3 ചെറോക്കി വർഗ്ഗങ്ങൾ നിലവിലുണ്ട്. വടക്കൻ കരോലിനയിലെ “ചെറോക്കീ ഇന്ത്യൻസ് ഈസ്റ്റേൺ ബാൻഡ്”, ഒക്ലാഹോമയിലെ “ചെറോക്കീ നേഷൻ”, ചെറോക്കീ ഇന്ത്യൻസിൻറെ “കീറ്റൂവാഹ് ബാൻഡ്” എന്നിവയാണീ മൂന്ന് വർഗ്ഗങ്ങൾ.

ഒരു കാലത്തു് ചെറോക്കി ഭാഷ സംസാരിക്കുന്നവരെ ഫെഡറല്‍ ഭരണഘടന അനുസരിച്ചു് ശിക്ഷാവിധികള്‍ക്കിരയാക്കിയിരുന്നു. ഇന്നു് ഭാഷകളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും പരിഷ്കൃതമായ ബോധമുള്ള അമേരിക്കന്‍ ജനത ഈ ഭാഷയെ പരിപോഷിപ്പിക്കാനാണു് ശ്രമിക്കുന്നതു്.

എന്നാല്‍ അതേ സമയം പൊതുവില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചു് ഇന്ത്യയില്‍ ഇത്തരം പൊതുബോധം ഇതുവരെ ഉണ്ടായിട്ടില്ല. ഭാഷ എന്നാല്‍ സംസ്കാരം. സംസ്കാരം എന്നാല്‍ ഭാഷ. ഭാഷയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സംസ്കാരത്തിന്റെ അക്ഷയഖനി കണ്ടെത്താന്‍ ഇനിയും നമുക്കു് കഴിഞ്ഞിട്ടില്ല. സ്വന്തം ഭാഷയിലൂടെയുള്ള നിലവാരമുള്ള വിദ്യാഭ്യാസം ഇനിയും കിട്ടാക്കനിയായ ഒരു ആധുനിക സമൂഹമായി നാം തുടരുന്നു.

English is not enough. ഇംഗ്ലീഷ് മാത്രം പോരാ എന്നു ചിന്തിക്കുന്ന വളരെയധികം ആളുകള്‍ ഇവിടുണ്ടു്. നമുക്കു് വേണം ഫ്രഞ്ചും സ്പാനിഷും ചൈനീസും തമിഴും ഹിന്ദിയും ഉറൂദുവും ഒക്കെ നമുക്കു വേണം. പക്ഷേ ശാസ്ത്രഗണിതവിഷയങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ നമുക്കു് നമ്മുടെ മാതൃഭാഷ മതി. അന്യഭാഷകള്‍ നാം അവരെ പഠിപ്പിക്കണം. പക്ഷേ അന്യഭാഷയിലൂടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ നോക്കരുതു്. അതു് ഭാഷയെ കൊല്ലുന്നതിനു സമാനമാണു്. ചെറോക്കിയിലെ റെഡ് ഇന്ത്യന്‍ ഗോത്രങ്ങളുടെ വകതിരിവുപോലൂം ഇക്കാര്യത്തില്‍ നാം പുലര്‍ത്തുന്നില്ല എന്നതു് നിര്‍ഭാഗ്യകരമാണു്.