ആധാര്‍ മുഖാന്തിരം ജനങ്ങളുടെ കള്ളയൊപ്പിടാന്‍ കോര്‍പ്പറേറ്റുകളുടെ മത്സരം

1984* യാഥാര്‍ത്ഥ്യമാകുന്നതു് ഇന്ത്യയിലാണു്. ഇവിടെ പൊതുജനം പൊതുവഴിയിലൂടെ ഇപ്പോള്‍ നടക്കുന്നതു് നഗ്നരായാണു് – ആ സത്യം അവര്‍ പക്ഷേ തിരിച്ചറിയുന്നില്ലെന്നു മാത്രം. അവരുടെ നഗ്നത വിറ്റു പണമാക്കുന്നതൊന്നും ആരും ഈയടുത്ത കാലത്തൊന്നും അറിയാന്‍ പോകുന്നുമില്ല. ഇനി അറിഞ്ഞാല്‍ത്തന്നെ ഇതൊക്കെ യെന്തു് എന്ന മനോഭാവമാണു് പലര്‍ക്കും. ബാങ്കില്‍ അക്കൗണ്ടു് തുടങ്ങണമെങ്കിലും അതു് നിലനിര്‍ത്തണമെങ്കിലും വേണം ആധാര്‍. പാന്‍ കാര്‍ഡിനൊപ്പവും ആധാര്‍ ലിങ്ക് ചെയ്യണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ആധാറുമായി ലിങ്ക് ചെയ്യണം.


സ്വകാര്യത പൂര്‍ണ്ണമായി നഷ്ടപ്പെട്ടു് തുണിയില്ലാത്തവിധം ജനമങ്ങനെ തെരുവിലൂടെ നടക്കുകയാണു്. സ്വന്തം ശരീരം വരെ ആധാറുമായി ലിങ്ക് ചെയ്യുന്ന കാലം അങ്ങ് അതിവിദൂരമൊന്നുമല്ല. സ്വന്തം ശരീരത്തില്‍ വരെ പൗരനു് പരമമായ അധികാരമില്ല എന്നു് ആധാര്‍ സംബന്ധമായ വ്യവഹാരത്തിനിടെ കോടതിയില്‍ വാദിച്ച സര്‍ക്കാരാണു് അധികാരത്തിലിരിക്കുന്നതെന്നതു് പ്രത്യക്ഷത്തില്‍ അസംബന്ധമെന്നു തോന്നാവുന്ന ഈ വാദത്തിനു് ബലം പകരുന്നുമുണ്ടു്.


newspaper
│കൂടുതല്‍ അറിയാന്‍ ഈ വാര്‍ത്താശകലം നോക്കുക│

ഇങ്ങനെ ആധാറുമായി സര്‍വ്വത്ര കാര്യങ്ങളും ലിങ്ക് ചെയ്യുന്ന പാവപ്പെട്ടവര്‍ക്കു് ഇപ്പോള്‍ കിട്ടുന്നതു് അസ്ഥാനത്തുള്ള അടിയാണു്. തള്ളവിരല്‍ കൊണ്ടു് ഒപ്പു ചാര്‍ത്തുകയാണു് ജനമായ ജനം മുഴുവന്‍ — ഏതോ രേഖയില്‍. എന്തൊക്കെയാണു് അവിടെ നമ്മള്‍ ഒപ്പിടുന്നതെന്നു് ആരും അറിയുന്നുമില്ല. ആ രേഖ കമ്പ്യൂട്ടറിന്റെ മോണിറ്ററിലോ അല്ലെങ്കില്‍ പ്രിന്റ് എടുത്തോ നാം വായിച്ചിരിക്കേണ്ടതാണു്. ആരും അതൊന്നും പറഞ്ഞുതരുന്നുമില്ല, അതൊന്നും നാമൊട്ടറിയുന്നതു പോലുമില്ല. പലരും അവരറിയുകപോലും ചെയ്യാത്ത സര്‍വ്വീസുകള്‍ സബ്സ്ക്രൈബ് ചെയ്യേണ്ടിവരുന്നു. മൊബൈല്‍ കമ്പനികളുടെ പേമെന്റ് ബാങ്കുകളില്‍ അക്കൗണ്ടുകള്‍‍ മുതല്‍ ഉപഭോക്താവിന്റെ കാശുപിടുങ്ങുന്ന ഒട്ടനവധി തട്ടിപ്പുസര്‍വ്വീസുകള്‍ വരെ ആധാര്‍ ലിങ്കിംഗിന്റെ മറവില്‍ അവര്‍ ആളുകളുടെ തലയില്‍ കെട്ടിവച്ചു. എല്ലാം കഴിഞ്ഞു് വീട്ടിലെത്തിക്കഴിയുമ്പോഴാകും ക്ണീം ക്ണീം എന്നൊരു മണിയൊച്ചയോടെ ഒരേസ്സെമ്മെസ് വന്നു കയറുന്നതു് — അവന്റമ്മെടെ ഡാഷ് ഡാഷ് സര്‍വ്വീസ് ഈസ് ആക്ടിവേറ്റഡ് വിത്ത് യുവര്‍ മൊബൈല്‍ കണക്ഷന്‍ — പ്ലിംഗ് എന്നു അണ്ണാക്കില്‍ വിരലും തള്ളിക്കേറ്റി നോക്കിനില്‍ക്കാനേ നമുക്കൊക്കെ കഴിയു. അത്രന്നെ. പാവപ്പെട്ടവന്റെ കാശടിച്ചുമാറ്റുന്ന നാണമില്ലാത്ത ഈ കോര്‍പ്പറേറ്റുകളോടൊക്കെ ആര്‍ക്കു് എതിര്‍ത്തുനില്‍ക്കാന്‍ പറ്റും? പോരാത്തതിനു് നമ്മുടെ സ്വന്തം സര്‍ക്കാര്‍ പോലും അവര്‍ക്കൊപ്പമാണു്  — അല്ല, അവര്‍ക്കൊക്കെ വേണ്ടിയാണല്ലോ ഈ ആധാര്‍ യജ്ഞം സര്‍ക്കാര്‍ നടപ്പാക്കുന്നതു തന്നെ.

ഇനി ഈ ഓഡിയോ ഒന്നു കേട്ടുനോക്കൂ

│ഓഡിയോ കേള്‍ക്കാന്‍ ചുമ്മാ ഒന്നു ക്ലിക്കിയാല്‍ മാത്രം മതി│

ഓഡിയോയില്‍ ഫോണ്‍ വിളിക്കുന്ന ഈ ചങ്ങാതി ചെയ്തതു പോലെ പാവം കസ്റ്റമര്‍ കെയറിലിരിക്കുന്ന തൊഴിലാളിയെ വിളിച്ചു വിരട്ടിയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല. ഒരുപക്ഷേ അയാള്‍ക്കും അതറിയാമായിരിക്കും. അയാള്‍ക്കു് ഒടുവില്‍ എന്തു മറുപടി കിട്ടിയെന്നുമറിയില്ല. ഇതിവിടെ പേസ്റ്റിയതു് പക്ഷേ ജനം ഈ കള്ളക്കളികള്‍ പതിയെ തിരിച്ചറിയാന്‍ തുടങ്ങിയെന്നു കാണിക്കാന്‍ വേണ്ടിയാണു്. എങ്ങനെയാണു് ഈ ബിഗ്ബ്രദര്‍ സ്റ്റേറ്റ് † പൗരന്മാരെ സദാസമയവും  നിരീക്ഷണവലയത്തിനുള്ളിലാക്കുന്നതെന്നു് ഇനി നമുക്കു് നേരിട്ടുകാണാം.

ജിയോ എടുക്കുന്നവര്‍ ആരുമറിയാതെ അവരുടെ ജിയോമണിയുടെ കസ്റ്റമര്‍ ആകുന്നു. എയര്‍ടെല്‍ എടുക്കുന്നവര്‍ തങ്ങളറിയാതെ എയര്‍ടെല്‍ പേമെന്റ് ബാങ്കിലെ ഇടപാടുകാരാവുന്നു. ഏറ്റവും വലിയ കഷ്ടമെന്താണെന്നു വച്ചാല്‍ ആധാറുമായി ലിങ്ക് ചെയ്ത അവസാനത്തെ ബാങ്കിലേയ്കാണു് നമ്മുടെ എല്‍പിജിയുടെയും മറ്റും സബ്സിഡി ചെന്നു ചേരുന്നതു്. ഉത്തമബോധ്യത്തോടെ ആധാറുമായി ബന്ധിപ്പിച്ച സ്വന്തം ബാങ്കില്‍ പണമെത്താതെവരുമ്പോള്‍ മാത്രമേ ഈ തട്ടിപ്പിന്റെ കഥ പാവം ഉപഭോക്താവു് അറിയുകയുള്ളൂ. ചിലരാകട്ടെ ഒരുകാലത്തും അതറിയണമെന്നുമില്ല.

എന്തിനും ഏതിനും ഇന്ത്യയില്‍ ആധാര്‍ ലിങ്കിംഗ്. ഒടുവില്‍ പൊതുജനം വഴിയാധാരമാകുമോ?

എന്തു കാര്യത്തിനും ഇന്ത്യയില്‍ ആധാര്‍ ലിങ്കിംഗ്. അതു് ഉയര്‍ത്തുന്ന സംശയങ്ങള്‍

ലോകമേ ഇനി പറയൂ, എങ്ങനുണ്ടു് ഞങ്ങള്‍ ഇന്ത്യാക്കാര്‍ കണ്ടുപിടിച്ച ഈ ആധാര്‍? എങ്ങനുണ്ടു് സദാനേരവും ഞങ്ങളെ പൊന്നുപോലെ നോക്കുന്ന / നിരീക്ഷിക്കുന്ന സര്‍ക്കാര്‍?

ആധാര്‍ ഇന്ത്യയിലെ പാവപ്പെട്ട ജനതയുടെ ആഹാരം നിഷേധിക്കുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 28-നു് ആധാറുമായി ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിച്ചതോടെ ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയില്‍ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ചു. ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ഭക്ഷണം സ്‌കൂളില്‍ നിന്നും ലഭിച്ചിരുന്നില്ല. സ്വന്തമായി ഭൂമിയോ ജോലിയോ ഇല്ലാത്ത ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു. പക്ഷെ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന ഒരൊറ്റ കാരണത്താല്‍ മാത്രമാണു് റേഷന്‍ കാര്‍ഡ് അധികൃതര്‍ നിഷേധിച്ചതു്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. ഇന്ത്യയിലെ പ്രധാനവാര്‍ത്താ ചാനലുകളിലൊന്നിലും വാര്‍ത്ത വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതൊന്നും പക്ഷേ
റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്ന നടപടികളില്‍ യാതൊരു പുനര്‍വിചിന്തനത്തിനും കാരണമാകുന്നില്ല എന്നതാണ് ദുഃഖകരം. പകരം സര്‍ക്കാര്‍ ബഹുദൂരം അതിശീഘ്രം എന്ന നിലയില്‍ ആധാര്‍ – റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ യജ്ഞവുമായി മുന്നോട്ടു പോവുകയാണ്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരെ നവംബറോടെ റേഷന്‍ വിതരണ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് ലത്തേഹാര്‍ ജില്ലയിലെ സപ്ലൈ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇടതുമുന്നണി ഭരിക്കുന്ന സാക്ഷര കേരളത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഈ ഫാസിസ്റ്റ് തീരുമാനത്തിനു കൊടി പിടിക്കുന്ന കാര്യങ്ങളാണു് കാണാന്‍ കഴിയുന്നതു്. ഇന്നത്തെ (2017 നവംബര്‍ 18) മാതൃഭൂമി പത്രത്തിലെ ഈ പരസ്യം കാണൂ.

എവിടെപ്പോയി ഇടതുപക്ഷത്തിന്റെ ഇടതു ചിന്തകള്‍? ഇടതുപക്ഷം ചീഞ്ഞാല്‍ തീവ്ര വലതുപക്ഷമാകും എന്നതു് സത്യമാണു്

ആധാറിനെതിരേ പ്രതികരിക്കുവാന്‍ ആഗ്രഹിക്കുന്നോ?

ആധാര്‍ എന്ന ഭ്രാന്തു് അവസാനിപ്പിക്കൂ സര്‍ക്കാരേ. ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ. പ്രിയജനങ്ങളേ, നിങ്ങളില്‍ കഴിവുള്ളവര്‍ rethinkaadhaar.in/take-action എന്ന വെബ്സൈറ്റില്‍ പോയി നിങ്ങളുെ പ്രതിഷേധം അറിയിച്ചു് വോട്ടു ചെയ്യൂ — ആധാര്‍ വേണ്ടെന്നു് ലോകത്തോടു വിളിച്ചു പറയൂ.

വാല്‍ക്കഷണം

ഇതൊക്കെ എഴുതിക്കഴിഞ്ഞപ്പോഴാണു് എയര്‍ടെല്ലിന്റെ കാര്യത്തില്‍ സംഭവം സത്യമാണെന്നും ആധാറിന്റെ പിന്നിലുള്ള ഉഡായിക്കമ്പനി എയര്‍ടെല്ലിനൊരു ഭീഷണിസന്ദേശം ഇതിനകം അയച്ചുംകഴിഞ്ഞു എന്നൊക്ക മനസ്സിലാക്കുന്നതു്.  paste-document32 ഈ പേസ്റ്റ്ബിന്‍ ഡോക്യുമെന്റ് ഒന്നു നോക്കിക്കോളൂ.


* ജോര്‍ജജ് ഓര്‍വെല്ലിന്റെ വിഖ്യാതമായ ഒരു നോവല്‍. സര്‍ക്കാരിന്റെ സര്‍വ്വാധിപത്യമാണു് ഇതിവൃത്തം.
† ജോര്‍ജജ് ഓര്‍വെല്ലിന്റെ 1984 എന്ന നോവലിലെ കഥാപാത്രമാണു് ബിഗ് ബ്രദര്‍ (വല്യേട്ടന്‍)

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ